കവിത: തേവര്

(എന്റെ തേവര്,
ഒരു പരിചമുട്ടുകളിയാശാനാണ്….
അല്ലാത്തപ്പോൾ,, ഒരു തൂമ്പയുടെയോ
കലപ്പയുടെയോ അറ്റത്താണ്…
അതുമല്ലാത്തപ്പോൾ ഒരു ചൂണ്ടയുടെ
ഇങ്ങേത്തലക്കലിരപ്പാണ്….
സർവോപരി എന്റെ
തേവരൊരു മനുഷ്യനാണ്!!)

ഊത്ത വാരാൻ
തോട്ടിനു കുറുകെ
വില്ലുവല കുത്തിപ്പിടിച്ച്
ജപിച്ചു നിന്ന
തേവരു കുഞ്ഞാപ്പൂന്റെ
വലകുലുക്കി
ഒരു വലിയ വാള പെടപെടച്ചു.

മുഴുത്ത തെറിയൊന്നലക്കി
വാളയെ കരക്കെറിഞ്ഞു…
വല കുലുക്കിനോക്കി..
എഴകളെണ്ണി നോക്കി..
പൊട്ടിയ കണ്ണികള് നോക്കി..

ഇളിച്ചു കാട്ടി പായുന്ന,
ചെറുമീനുകളെനോക്കി
വീണ്ടും മുട്ടൻ തെറി..

നടുക്കണ്ടം
അവറാൻ മൊതലാളീടെ
ബ്ലേഡ് വീണു മുറിഞ്ഞു.
പലിശയിലത്രേം കുറഞ്ഞു…
ആശ്വാസായി..

സുഗന്ധമസാലക്കൂട്ടിൽ
വേവുന്ന വാളക്കൂട്ടാന്റ
ചൂടുമണം വലിച്ചു കേറ്റി
തേവരു മെല്ലെ നടന്നകന്നു..

വാൽക്കഷണം
വൈദ്യന്റെ വീട്ടി
നേർച്ചയിട്ടു…

വാല്, മുരണ്ടു മൂരിപൊക്കിയ
കണ്ടൻപൂച്ചയ്ക്കെറിഞ്ഞുകൊടുത്തു.

തുറിച്ച കണ്ണും
നിലച്ച ചെകിളയും
കുനിഞ്ഞ തലയുമായി
അടുക്കള വഴി ഷാപ്പിലേക്ക്..

വെപ്പുകാരി കത്രീനേടെ
അടുക്കിലൊന്നു തൊട്ടു
ഒന്നു വലിച്ചു …
മുഖമടച്ചു കിട്ടി, ഒരാട്ട്…..
അതുവാങ്ങി
ഉടു മുണ്ടു പൊക്കി
വരയിട്ട നിക്കറിന്റെ
തുളയുളള പോക്കറ്റിലിട്ടു
ഒക്കെയും, ഒരു മിന്നായം പോലെ കഴിഞ്ഞു.

വാളയുടെ നിര്യാണം,
മാംസവിഭജനം,
തല, ഉടല്, വാല്….
പങ്കു വയ്ക്കല്
തല്ക്കാലം ഇവിടെത്തീരതെ…
പനങ്കള്ളിൽ മുങ്ങിയ
പുളിയിട്ട മീൻ കഷണങ്ങൾ
തൊണ്ടയിലൂടെ അരിച്ചിറങ്ങി
തേവരുടെവയറ്റില് നുരഞ്ഞു പൊന്തി
വക്കുടഞ്ഞ ഗീതങ്ങളായി..
മാംസം വചനമായി
തികട്ടിപ്പുറത്തേക്ക് വിടർന്നു

മുറുക്കാൻ വീണു ചോപ്പായ
ഉപഷാപ്പിന്റെ മുറ്റത്തെ പൂഴിയിൽ
തേവരു വിരിഞ്ഞു…
തലയിൽ കെട്ടിയ തോർത്തഴിഞ്ഞ്
അരയിൽ വീണു മുറുകി..
അഞ്ജലീഹസ്തനായി
പള്ളിക്കുരിശിള്ള ദിക്കിലേക്കു
തിരിഞ്ഞു നിന്ന്
വഴുവഴാന്ന് ചൊല്ലിത്തുടങ്ങി.

“…. പുകഴ്പെറ്റോരറുമറ്റൂരിൽ
വാഴുന്ന ഗീവറുഗീസേ..
പാൽവർണ്ണ കുതിരയിലേറീ
പോരിന്നായ് പോകും സമയേ…” 1

ചിരന്തന സ്മരണകൾ തെകട്ടി
അരുളപ്പാടിൻ പാടത്തെ, കളശേഖരങ്ങൾ
പഴയ, പള്ളിപ്പെരുനാൾ കോലാഹലത്തിന്
പകരം നില്ക്കും സാക്ഷി…
കടും നീലയാകാശം, നിറഞ്ഞു
പെയ്തിറങ്ങുന്ന പൂർണ്ണിമ സാക്ഷി,
നക്ഷത്ര രാശികൾ സാക്ഷി
ഈ, തെരുവൊരു തട്ടകം..
മഹാനായ തേവര്, തൊടങ്ങി.

“… സോദരന്റെ കാന്തയേ
കൈക്കലാക്കി ഹേറോദേസ്
മേതിനീശനെന്നുകേട്ട്
എത്തിയങ്ങു യോഹന്നാൻ…” 2

മേലേപ്പറമ്പിലേ ശവക്കോട്ടയിൽ
ആത്മാക്കൾ കുരിശിന്റെ മേളിൽ കേറി
ഏന്തി വലിഞ്ഞു നോക്കി…..

ആ രാത്രി,
അവസാനിക്കും മുമ്പെപ്പൊഴോ
വചനം മാംസമായി…
കട്ടിലിന്മേല് ചുരുണ്ടു..

തലയും വാലും ഉടലുമൊന്നായി…
മത്സ്യം പുനരവതരിച്ചു…
വാള വളർന്നു വളർന്നൊരു
നീലത്തിമിംഗലമായി..

“… യോനായാക്കപ്പലിന്നടിത്തട്ടിൽ
കിട-ന്നുറങ്ങുന്നകണ്ടാ
കപ്പിത്താൻ കോപിച്ചു…
നശിപ്പാതിരിപ്പാൻ,
ഈശനെ വിളിപ്പാൻ..
അപ്പോളാ കപ്പലിൽ
തകിടം മറി തികിടം മറി,
കപ്പലിലിരുന്നവർക്കെല്ലാം
സംഭ്രമമുണ്ടായേ….
തത്തിന്താം…”3

ഞെട്ടിയുണർന്ന, തേവരുകുഞ്ഞാപ്പൂ
കട്ടിലീന്നു തറയിലേക്കു
മലർന്നടിച്ചു വീണു….

അയാൾ,
കാലത്തേയും ദേശത്തേയും
കല്പലകകളിൽ നിറഞ്ഞ കല്പനകളേയും
വിഭജനത്തിന്റെ വേദനകളേയും
സ്വാതന്ത്ര്യത്തിന്റെ
ഭാരിച്ച രാഷ്ട്രീയത്തേയും
തൃണവൽഗണിച്ചുകൊണ്ട്
അടുത്ത പ്രഭാതത്തിലേക്ക്
പുനരുദ്ധരിക്കപ്പട്ടു.

1,2,3 പരിച മുട്ടു കളി പാട്ടുകളിൽ നിന്ന്

Like this:
Share this:
About Author

വായനക്കാരുടെ അഭിപ്രായങ്ങൾ അവരുടേത് മാത്രമാണ്; Readers Trend-ന്റെ നിലപാടല്ല. വിദ്വേഷം, അധിക്ഷേപം, അശ്ലീലം, സ്പർധ വളർത്തുന്ന പ്രതികരണങ്ങൾ എന്നിവ ഒഴിവാക്കുക.

0 0 votes
Article Rating
0 Comments

Recently added