റിഫൻസ്റ്റാളിനെപ്പോലെ സിനിമാരംഗത്ത് ഇത്രയധികം വിവാദങ്ങളും ദീർഘായുസ്സും കിട്ടിയ മറ്റൊരു പ്രതിഭയില്ല. സിനിമയുടെ ചരിത്രത്തിൽ അനിതരസാധാരണമായ വിവാദങ്ങളുണ്ടാക്കിയ ചലച്ചിത്രകാരിയായിട്ടാണ് റീഫൻസ്റ്റാൾ അറിയപ്പെടുന്നതെങ്കിലും ചലച്ചിത്രസംവിധാന കലയിൽ അവർ പുലർത്തിയ മികവ് അതുല്യമായിരുന്നു. നൂറ്റിയൊന്നു വർഷം ജീവിച്ചിരുന്നശേഷം 2003-ലായിരുന്നു ലെനി റിഫൻസ്റ്റാളിന്റെ മരണം. ചലച്ചിത്രകലാരംഗത്ത് ഇത്രയധികംകാലം ജീവിച്ചിരുന്നവർ അത്യപൂർവ്വം. ജീവിച്ചിരുന്ന കാലമത്രയും ചലച്ചിത്രകലയിലെ വിവാദ നായികയായിത്തന്നെ അവർ നിലകൊണ്ടു. ‘നാസി പിൻ അപ് ഗേൾ’, ‘ഫാളൻ ഏഞ്ചൽ ഓഫ് തേർഡ് റിഷ്’ എന്നൊക്കെ വിശേഷിപ്പിക്കപ്പെട്ടിരുന്ന ലെനിയുടെ വിവാദസമീപനങ്ങൾ 1934-ൽ അവർ നിർമ്മിച്ച ട്രയംഫ് ഓഫ് ദി വിൽ എന്ന ചിത്രത്തിൽ പ്രകടമാണ്. അഡോൾഫ് ഹിറ്റ്‌ലറുടെ പ്രചരാണാർത്ഥം നിർമ്മിച്ച സിനിമയായിരുന്നുവെങ്കിലും അത് ലെനിയുടെ പ്രതിഭ എടുത്തുകാട്ടുന്ന ചിത്രമാണ്. അതേസമയംതന്നെ ഹിറ്റ്‌ലറെപ്പോലെ, പൈശാചികസ്വഭാവം വെച്ചുപുലർത്തിയിരുന്ന ഒരു വ്യക്തിയുമായി ഇടപഴകുന്നതിനുവേണ്ടി തന്റെ ശേഷി മുഴുവൻ ഉപയോഗിച്ചവളെന്ന അപഖ്യാതിയും ലെനിയെ ചുറ്റിപ്പറ്റിനിന്നു.
1902 ആഗസ്റ്റ് ഇരുപത്തിരണ്ടിന് ബെർലിനിലാണ് ഹെലൻ ബെർത്താ അമാലി എന്ന ലെനി റിഫൻ സ്റ്റാളിന്റെ ജനനം. ലെനിയുടെ അമ്മ ഒരു അഭിനേത്രിയാകാനുള്ള മോഹം മനസ്സിലടക്കിപ്പിടിച്ചു ജീവിച്ചു. നല്ലൊരു ബിസിനസ്സുകാരനും കടുത്ത അച്ചടക്കവാദിയുമായിരുന്ന ലെനിയുടെ പിതാവിന്റെ കാർക്കശ്യങ്ങൾക്ക് വിധേയയായതിനാൽ ആ അമ്മയ്ക്കു തന്റെ മോഹങ്ങൾ പുറത്തെടുക്കാൻ കഴിഞ്ഞില്ല. റീഫൻ സ്റ്റാളിന്റെ ഉരുക്കുമുഷ്ടി ലെനിയുടെ നൃത്തനാട്യമോഹങ്ങൾക്കും വിലങ്ങുതീർത്തു. പക്ഷേ, പതിനാറാമത്തെ വയസ്സിൽ ലെനി രഹസ്യമായി ഗ്രാം യ്‌റ്റെർ ഡാൻസിങ് സ്‌കൂളിൽ പരിശീലനത്തിനു പോയി. ഇവിടെവെച്ചാണ് അഭിനയത്തിലും നൃത്തത്തിലുമുള്ള തന്റെ അസാമാന്യമായ ശേഷി ലെനി തിരിച്ചറിയുന്നത്.
അഞ്ചുവർഷത്തെ കഠിനാധ്വാനത്തിനുശേഷമാണ് ലെനിക്കു തന്റെ കഴിവു പുറമെ പ്രകടിപ്പിക്കുന്നതിനായി പിതാവിന്റെ സമ്മതം ലഭിച്ചത്. ഈ പ്രകടനത്തോടൊപ്പം ലെനിയുടെ പ്രണയബന്ധവും മൊട്ടിട്ടു. ഓട്ടോ ഫ്രോയിറ്റ് സിം എന്ന പ്രശസ്തനായ ടെന്നീസ് താരമായിരുന്നു ലെനിയുടെ കാമുകൻ. ഒരുപക്ഷേ ലെനിയുടെ ജീവിതത്തിലെ ഉന്നതശീർഷരായ കാമുകന്മാരിൽ (കാമുകപരമ്പരയിൽ) ആദ്യത്തെ ആളായിരുന്നു ഓട്ടോ. 1923 ഒക്‌ടോബറിൽ നടന്ന ലെനിയുടെ അരങ്ങേറ്റപരിപാടിയുടെ ചെലവു മുഴുവനും വഹിച്ചത് ഇൻസ് ബ്രുക്കിൽനിന്നുള്ള ബിസിനസ്സുകാരൻ ഹാരി സോക്കൽ ആണ്. ഹാരി സോക്കൽ പിന്നീടങ്ങോട്ട് ലെനിയുടെ ഏറ്റവും പ്രധാനപ്പെട്ട പിൻബലമായിത്തീർന്നു. യുദ്ധാന്തര ജർമ്മനിയിൽ അതിന് ആകെ വന്ന ചെലവ് ഒരു ഡോളർ മാത്രമായിരുന്നു. ആ വേദിയിൽ ലെനി റീഫൻ സ്റ്റാൾ പത്ത് സോളോ ഡാൻസുകൾ സ്വയം സംവിധാനം ചെയ്ത് അവതരിപ്പിച്ചു. വസ്ത്രാലങ്കാരവും വേദിയുടെ സംവിധാനവും ലെനിയുടെ പ്രതിഭയുടെ പ്രതിഫലനമായിരുന്നു. ആ ഒരൊറ്റ പ്രദർശനത്തിലൂടെ ലെനി കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലെ സംസാരവിഷയമായി. ജർമ്മനിയിലും ചെക്കോസ്ലൊവാക്യയിലും സ്വിറ്റ്‌സർലണ്ടിലും സന്ദർശനം നടത്തിയ ലെനിയുടെ കാൽമുട്ടിന് അതിനിടയിൽ പരിക്കുപറ്റി. അതിന്റെ ചികിത്സയ്ക്കായി ഡോക്ടറുടെ അടുത്തേക്കു പോകുവാനായി തീവണ്ടി കാത്തുനിൽക്കുമ്പോഴാണ് ലെനി മൗണ്ടൻസ് ഓഫ് ഡെസ്റ്റിനി എന്ന സിനിമയുടെ പോസ്റ്റർ കാണുന്നത്. ആ ശീർഷകം ലെനിയുടെ ജീവിതത്തിന്റെ വഴിത്തിരിവായിത്തീർന്നു.
റെയിൽവേ സ്റ്റേഷനിൽനിന്നും ആ സിനിമ പ്രദർശിപ്പിക്കുന്ന തീയേറ്ററിലേക്കാണ് ലെനി റിഫൻസ്റ്റാൾ ഓടിക്കയറിയത്. നിഗ്ഗദായി മല കയറുന്നതിന്റെ പ്രക്രിയയായിരുന്നു ആ ചലച്ചിത്രം. ഒരാഴ്ച തുടർച്ചയായി എല്ലാ രാത്രിയിലും അവൾ ആ സിനിമ കണ്ടു. ഒരു മാസത്തിനുശേഷം ലെനി ആ സിനിമയുടെ സംവിധായകനെ നേരിൽ കണ്ടു. ഡോക്ടർ ആർനോൾഡ് ഫാങ്കിനോടൊപ്പം ആ സിനിമയിൽ പ്രധാന വേഷം കൈയാളിയിരുന്ന ലൂയിറ് ട്രെങ്കറേയും അവൾ നേരിൽ കണ്ടുമുട്ടി. ലെനിയുടെ നിരന്തരമായ കത്തുകളെത്തുടർന്നായിരുന്നു ആ കണ്ടുമുട്ടൽ. ഫ്രാങ്ക് ഉടൻതന്നെ ലെനിക്ക് അഭിനയിക്കാൻ പറ്റിയ വേഷമടങ്ങുന്ന ഒരു സിനിമയുടെ തിരക്കഥ തയ്യാറാക്കി. ദി ഹോളി മൗണ്ടൻ എന്നായിരുന്നു ആ ചിത്രത്തിന്റെ പേര്. 1925-ൽ ഡോക്ടർ ഫാങ്കും ട്രെങ്കറും ലെനിയും ചേർന്ന് ആ സിനിമയുടെ ചിത്രീകരണത്തിനായി ലണ്ടനിലേക്കു തിരിച്ചു. അപ്പോഴും ലെനിയുടെ കാൽമുട്ടിലെ ശസ്ത്രക്രിയയും തുടർന്നുള്ള വിശ്രമവും പൂർത്തിയായിരുന്നു. ലെനി റീഫൻ സ്റ്റാൾ ആ സിനിമയിലെ പർവതാരോഹണം സ്വയം ഏറ്റെടുത്തു. അതേസമയം ലെനിയുടെ സൗന്ദര്യത്തിൽ മതിമറന്ന് അവളെ പ്രാപിക്കുവാനായി പരസ്പരം പൊരുതി. അതിനിടയ്ക്കു ലെനിക്കു ഷൂട്ടിങ്ങിലും എഡിറ്റിങ്ങിലും താൽപ്പര്യം തോന്നി. ഇതോടെ ലെനി പ്രശസ്ത ഛായാഗ്രഹകനായിരുന്ന ഷിർബർഗിനു ശിഷ്യപ്പെടുകയും അദ്ദേഹവുമായി കടുത്ത പ്രണയത്തിലേർപ്പെടുകയും ചെയ്തു.
ഹോളിമൗണ്ടനും അതിനുശേഷം 1929-ൽ ഫാങ്കുമായി സഹകരിച്ചുകൊണ്ടു നിർമ്മിച്ച ‘ദി വൈറ്റ് ഹെൽ ഓഫ് പീസ് പാലു’വും വൻവിജയമായിരുന്നു. ഈ സിനിമയുടെ വിജയത്തോടെ റിഫൻസ്റ്റാൾ വെയ്‌വർ ബർലിനിലെ പ്രമുഖവ്യക്തികളുമായി അടുപ്പത്തിലായി. ബെർലിനിൽ ലെനിയെ ഏറ്റവും കൂടുതൽ ആകർഷിച്ചവരിലൊരാൾ സംവിധായകനായ ജോസഫ് വോൺ സ്റ്റേൺ ബർഗ് ആയിരുന്നു. മറിലിൻ ഡിട്രിച്ചിനോടൊത്ത് ‘ദി ബ്ലൂ ഏയ്ഞ്ചൽ’ എന്ന ചിത്രത്തിന്റെ ജോലിയിലായിരുന്നു സ്റ്റേൺബർഗ് അപ്പോൾ. ഈ സമയംതന്നെയാണ് റീഫെൻ സ്റ്റാൾ തന്റെ ആദ്യസിനിമയായ ദി ബ്ലൂ ലൈറ്റ് എന്ന ചിത്രത്തിന്റെ പ്രാഥമികാലോചനകൾ നടത്തുന്നത്. ഒരു പർവതത്തെക്കുറിച്ചുള്ള മതിഭ്രമകഥതന്നെയായിരുന്നു ആ സിനിമ. ആ സിനിമയുടെ കഥയും തിരക്കഥയും സംവിധാനവും നിർവ്വഹിച്ചുവെന്നതിനു പുറമെ അതിൽ ഒരു വേഷവും റിഫെൻസ്റ്റാൾ ചെയ്യുകയുണ്ടായി. ദി ബ്ലൂ ലൈറ്റ് എന്ന ചിത്രത്തിലൂടെ റിഫെൻസ്റ്റാൾ ലോകമെങ്ങും അറിയപ്പെട്ടു. 1932-ൽ ഈ ചിത്രത്തിന്റെ പ്രഥമപ്രദർശനവുമായി ബന്ധപ്പെട്ട് ജർമ്മനിയിലുടനീളം സഞ്ചരിച്ച റിഫൻസ്റ്റാൾ അപ്പോഴാണ് ആദ്യമായി ഹിറ്റ്‌ലറുടെ പേരു കേൾക്കുന്നത്. 1932 ഫ്രെബ്രുവരിയിൽ ഹിറ്റ്‌ലർ ജർമ്മനിയുടെ ചാൻസലർ സ്ഥാനത്തേക്കു മത്സരിച്ചപ്പോൾ ലെനി ഹിറ്റ്‌ലറുടെ റാലിയിൽ പങ്കെടുത്തു. ജീവിതത്തിൽ ലെനിയെ വളരെ സ്വാധീനിച്ച വ്യക്തിയുമായുള്ള സംഗമമായിരുന്നു അത്.
റിഫെൻസ്റ്റാൾ ജൂതന്മാരുമായി നല്ല ബന്ധം പുലർത്തി. നാസികളുടെ വംശീയസിദ്ധാന്തങ്ങളോട് യാതൊരു താല്പര്യവും പുലർത്തിയില്ല. യുദ്ധാനന്തരം ‘നോൺ നാസി’യെന്ന് മുദ്രകുത്തപ്പെട്ടു. എങ്കിലും തന്റെ ജൂതസുഹൃത്തായിരുന്ന മാൻഫ്രെഡ് ജോർജ്ജിനോട് താൻ ഹിറ്റ്‌ലറുടെ കഴിവു കണ്ട് ‘അന്തംവിട്ടുപോയി’ എന്നു പറഞ്ഞിരുന്നു. ആദ്യത്തെ റാലി കഴിഞ്ഞപ്പോൾ അവർ ഹിറ്റ്‌ലർക്കൊരു കത്തെഴുതി. 1932 മെയ് മാസത്തിൽ ഹിറ്റ്‌ലറെ നേരിൽ കാണുന്നതിനുള്ള ഹേതു ആ കത്തായിരുന്നു. നർത്തകി, നടി, സംവിധായിക എന്നീ നിലകളിൽ ലെനിയോടു വൻ ആരാധന പുലർത്തിയിരുന്ന ഹിറ്റ്‌ലർ അവളോടു വ്യക്തിപരമായി കൂടുതൽ താൽപ്പര്യം കാണിച്ചു. ആ ബന്ധം എത്ര ആഴത്തിലുള്ളതായിരുന്നുവെന്നു ആർക്കും തിട്ടപ്പെടുത്താനാവില്ലായിരുന്നു. ‘ഒരു സ്ത്രീയെന്ന നിലയിൽ ഹിറ്റ്‌ലർ എന്നെ വല്ലാതെ മോഹിച്ചു’ വെന്നാണ് രണ്ടാമത്തെ സമാഗമം കൂടി കഴിഞ്ഞപ്പോൾ ലെനി ആളുകളോടു തുറന്നുപറഞ്ഞത്. ആ സമാഗമം ഹിറ്റ്‌ലറുടെ അഭ്യർത്ഥന പ്രകാരമായിരുന്നു. ‘പ്രൊപ്പഗൻഡ’ നടത്തുന്നതിനുള്ള മന്ത്രാലയത്തിൽ ലെനിക്ക് ഉന്നതമായ ഒരു പദവി ഹിറ്റ്‌ലർ വാഗ്ദാനം ചെയ്തുവെങ്കിലും ലെനി അത് നിരസിച്ചു. പ്രൊപ്പഗൻഡ വിഭാഗത്തിന്റെ തലവനായിരുന്ന ഗീബൽസ് ലെനിയോട് കൂടുതൽ അടുപ്പം കാട്ടി. അദ്ദേഹത്തിന്റെ ലൈംഗിക താൽപ്പര്യങ്ങളോട് വിരോധം പുലർത്തിയതോടെ ലെനി ഗീബൽസിന്റെ ആജന്മശത്രുവായിത്തീർന്നു. എങ്കിലും ഹിറ്റ്‌ലറുടെ ആവർത്തിച്ചാവർത്തിച്ചുള്ള അപേക്ഷയുടെ അടിസ്ഥാനത്തിൽ ലെനി റിഫൻസ്റ്റാൾ ന്യൂറംബർഗിൽ വെച്ചു നടന്ന നാസികളുടെ റാലിയെക്കുറിച്ച് ഒരു ഡോക്യുമെന്ററി ചെയ്തു.
1934-ൽ ലെനി റീഫൻസ്റ്റാൾ അവരുടെ പ്രശസ്തമായ ചിത്രം ‘ക്രയംഫ് ഓഫ് ദി വിൽ’ നിർമ്മിച്ചു. ഹിറ്റ്‌ലർക്കു ചുറ്റും കൂടിനിൽക്കുന്ന ആര്യവംശയുവാക്കളുടെ ഐതിഹാസികഭാഷ പ്രകടിപ്പിക്കുന്ന ആ ചിത്രം ജർമ്മനിയിലും ഫ്രാൻസിലും വൻ പ്രചാരം നേടി. ജർമ്മനിയിൽ ആ ചി്രതത്തിന് അതിന്റെ രാഷ്ട്രീയകൃത്യതയ്ക്കും കലാമേന്മയ്ക്കും കാതടപ്പിക്കുംവിധമുള്ള അംഗീകാരമാണു ലഭിച്ചത്. റീഫൻസ്റ്റാളിന്റെ ഈ നേട്ടം അവർക്കു മറ്റൊരു പ്രധാനമേഖലയിലേക്കുള്ള അവസരമൊരുക്കി. 1936-ലെ ബെർലിൻ ഒളിംപിക്‌സ് ചിത്രീകരിക്കുകയെന്നതായിരുന്നു ആ ചുമതല. അറുപതു ഫോട്ടോഗ്രാഫർമാരെ ഉപയോഗിച്ചുകൊണ്ട് അവർ നടത്തിയ ചിത്രീകരണം കായികോത്സവങ്ങളുടെ ചിത്രീകരണങ്ങളിൽ മികച്ചതുതന്നെയായിരുന്നുവെന്ന് പറയാതെ വയ്യ. ആ ചിത്രത്തിന് നിരവധി അന്താരാഷ്ട്രപുരസ്‌കാരങ്ങൾ ലഭിച്ചു. 1938-ൽ നടന്ന അവരുടെ അമേരിക്കൻ സന്ദർശനം നാസികളുടെ ജൂതവിരുദ്ധപ്രകടനങ്ങളിലുണ്ടായ അക്രമങ്ങൾ മൂലം അലങ്കോലപ്പെട്ടു. അമേരിക്കൻ ഭരണകൂടം പ്രകോപിതമാവുകയും അവരുടെ ഒളിംപിക്‌സ് ചിത്രം പൊതുവേദിയിൽ പ്രദർശിപ്പിക്കുന്നതിനു വിലക്കേർപ്പെടുത്തുകയും ചെയ്തു. പക്ഷേ, പ്രശസ്തമായ ഒരു സിനിമാകമ്പനി ഈ ചിത്രം ഒരു രഹസ്യസങ്കേതത്തിൽ പ്രദർശിപ്പിച്ചു. ഈ സിനിമയെക്കുറിച്ച് അവർ ശ്രദ്ധേയമായ നിരൂപണങ്ങളെഴുതി. റിഫൻസ്റ്റാളിന്റെ ഈ അമേരിക്കൻ യാത്ര മറ്റൊരു അപവാദംകൊണ്ടും ശ്രദ്ധയാകർഷിച്ചിരുന്നു. തന്റെ മുൻകാമുകനും ചലച്ചിത്ര സഹകാരിയുമായിരുന്ന ഏണസ്റ്റ് ജാഗുമായി അമേരിക്കയിൽവെച്ച് ലൈംഗികബന്ധം പുലർത്തിയെന്നും അയാൾത്തന്നെ അമേരിക്കൻ മാധ്യമങ്ങളോടു കള്ളം പ്രചരിപ്പിച്ചു. ഇതോടെ അമേരിക്കൻ മാധ്യമങ്ങൾ ലെനി റിഫൻസ്റ്റാളിനെ അഭിസാരികയെന്നും നാസിയെന്നും മുദ്രയടിച്ചു.
ജർമ്മനിയിൽ മടങ്ങിയെത്തിയ റീഫൻസ്റ്റാൾ ടീഫ് ലാണ്ട് എന്ന സിനിമയുടെ ജോലികളാരംഭിച്ചു. ടീഫ് ലാണ്ട് ആയിരുന്നു റിഫൻസ്റ്റാളിന്റെ അവസാനത്തെ സിനിമ. നാടോടിക്കഥയിലേതുപോലുള്ള ചെറിയ വേഷങ്ങൾക്കായി അവർ ജിപ്‌സികളെ ഉപയോഗിച്ചു. ഇന്റേൺമെന്റ് ക്യാമ്പിൽനിന്നുള്ള ജിപ്‌സികളെയാണ് അവർ അതിനുവേണ്ടി ഉപയോഗിച്ചത്. യുദ്ധാനന്തരം ആ യാഥാർത്ഥ്യം ആക്ഷേപമുയർത്തി. എന്നാൽ ആഷ്പിറ്റ്‌സ് തടവറയിലുണ്ടായിരുന്ന ജിപ്‌സികൾ എന്നു വിശേഷിപ്പിക്കപ്പെട്ടവർ കോൺസൻട്രേഷൻ ക്യാമ്പുകളിലേക്കു അയയ്ക്കപ്പെടുകയായിരുന്നു എന്ന കാര്യം റെനി റീഫൻസ്റ്റാളിന് അറിയുകയില്ലായിരുന്നു. ഈ സന്ദർഭത്തിൽ പരിചയപ്പെടാനിടയായ പീറ്റർ ജേക്കബിനെ ലെനി വിവാഹം കഴിച്ചു. ലെനിയുടെ മറ്റു വിവാഹബന്ധങ്ങളെപ്പോലെ വളരെ കുറച്ചുകാലം മാത്രമേ ഇതും നിലനിന്നുള്ളു. ടീഫ് ലാണ്ടിന്റെ സെറ്റിൽ ജോലിയിൽ മുഴുകിയിരുന്ന ലെനിയുടെ അവിഹിതബന്ധങ്ങളെക്കുറിച്ചു സംശയിച്ച് പീറ്റർ ജേക്കബ് ലെനിയുമായുള്ള ബന്ധം വിച്ഛേദിച്ചു.
യുദ്ധം അവസാനിച്ചു ആഴ്ചകൾ പിന്നിട്ടപ്പോൾ റിഫൻസ്റ്റാൾ യുദ്ധത്തടവുകാരുടെ മുമ്പിൽനിന്നും രക്ഷപ്പെട്ടോടി. തന്റെ കുടുംബാംഗങ്ങളിൽ ജീവിച്ചിരിപ്പുണ്ടായിരുന്ന ഒരേയൊരു അംഗമായ അമ്മയെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു റിഫൻസ്റ്റാൾ. ആസ്ത്രിയിൽ എവിടെയോ ഒളിച്ചിരിക്കുകയായിരുന്നു ആ അമ്മ.
ഈ കാലഘട്ടത്തിൽ റിഫൻസ്റ്റാൾ ഒരു സാധാരണ യുദ്ധത്തടവുകാരിയായിട്ടാണ് പരിഗണിക്കപ്പെട്ടത്. ആ വർഷമവസാനം അവർ ഒരു നാസി അനുകൂലിയായി മുദ്രകുത്തപ്പെടുകയും അമേരിക്കൻ യുദ്ധ വിചാരണക്കോടതിയും ഫ്രഞ്ചു യുദ്ധവിചാരണക്കോടതിയും അവളെ ഒരു നാസിപ്രവർത്തകയായി പരിഗണിക്കുകയും ചെയ്തു. അവസാനം റിഫെൻസ്റ്റാളിനെ അത്തരം ആരോപണങ്ങളിൽനിന്നും മുക്തയാക്കിയെങ്കിലും അവരുടെ സിനിമകളും അനുബന്ധവസ്തുക്കളും വിട്ടുകിട്ടിയില്ല. 1954 ഫെബ്രുവരിയിൽ ഫ്രഞ്ചുകാരനായ സുഹൃത്ത് ഇടപെട്ട് ‘ടീഫ് ലാണ്ട്’ എന്ന സിനിമ വിട്ടുകൊടുപ്പിക്കുകയും അതു പ്രദർശിപ്പിക്കുന്നതിനുവേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കുകയുമുണ്ടായി. എന്നാൽ നാസി പാർട്ടിയിലെ ഏറ്റവും ഉന്നതരായ ആളുകളുമായി അവർക്കുണ്ടായിരുന്ന ബന്ധത്തെക്കുറിച്ചുള്ള ആക്ഷേപങ്ങൾ ആ സിനിമയെ ബാധിച്ചു. ഹിറ്റ്‌ലറുടെ കാമുകി ഇവാ ബ്രോണിന്റെ ഡയറിക്കുറിപ്പുകൾ പുറത്തുവന്നതും ഈ ഘട്ടത്തിലായിരുന്നു. നാസിയിലെ ഉന്നതോദേ്യാഗസ്ഥന്മാരും ലെനിയുമായുള്ള രതിയിടപാടുകൾ ആ ഡയറിക്കുറിപ്പുകളിൽ പ്രസിദ്ധീകരിക്കപ്പെട്ടതോടെ അവർ അതിനെതിരെ വ്യവഹാരത്തിലേർപ്പെട്ടു. റിഫെൻസ്റ്റാൾ വ്യവഹാരങ്ങളിൽ വിജയിച്ചപ്പോഴേക്കും ആരോപണങ്ങൾ പടർന്നുകഴിഞ്ഞിരുന്നു.
സിനിമകൾക്കുള്ള ലൊക്കേഷനുകൾ തേടി ലെനി റീഫെൻ സ്റ്റാൾ ഇറ്റലിയിലും ആഫ്രിക്കയിലും സഞ്ചരിച്ചു. 1956-ൽ ആഫ്രിക്കൻ പര്യടനത്തിനിടയിൽവെച്ചുണ്ടായ കാറപകടത്തിൽ റിഫെൻ സ്റ്റാളിനു ഗുരുതരമായി പരിക്കേറ്റു.
സിനിമകൾക്കുള്ള വൻപദ്ധതികൾ റിഫെൻസ്റ്റാളിന്റെ മനസ്സിലുണ്ടായിരുന്നു. അടിമവ്യാപാരത്തെക്കുറിച്ചുള്ള ഒരു സിനിമയെക്കുറിച്ചും അവർ ആലോചിച്ചിരുന്നു. റെഡ് ഡെവിൾസ് എന്ന സ്‌കീയിങ്ങ് സിനിമയെക്കുറിച്ചും അവർ ആലോചിച്ചിരുന്നു. പക്ഷേ, അമേരിക്കയിലെയും യൂറോപ്പിലെയും സിനിമാക്കമ്പനികൾ അവരുടെ സിനിമകളെ ബഹിഷ്‌കരിച്ചുകൊണ്ടിരുന്നു. അതുകൊണ്ട് റിഫെൻസ്റ്റാൾ പിന്നെ സിനിമയെടുക്കുകയുണ്ടായില്ല. തുടർന്ന് നിശ്ചലഛായാഗ്രഹണത്തിലേക്കും പുസ്തകമെഴുത്തിലേക്കും അവർ തിരിഞ്ഞു. താൻ രണ്ടുവർഷം കഴിച്ചുകൂട്ടിയ ആഫ്രിക്കയെക്കുറിച്ചാണ് അവർ പുസ്തകമെഴുതിയത്.
ടീഫ് ലാണ്ടിൽ അഭിനയിച്ച ആഷ്പിറ്റ്‌സ് ക്യാമ്പിലെ അന്തേവാസികളെല്ലാം ജീവിച്ചിരിപ്പുണ്ടായിരുന്നുവെന്നും യുദ്ധാനന്തരം താൻ അവരെ നേരിൽ കാണുകയുണ്ടായെന്നും അവർ വാദിച്ചു. റിഫെൻസ്റ്റാൾ ഹിറ്റ്‌ലറുടെ സഹായത്തോടെ സിനിമയിൽ എക്‌സ്ട്രാകളായി അഭിനയിക്കുവാൻ ആഷ്പിറ്റ്‌സ് ക്യാമ്പിൽനിന്നും നേരിട്ടു തെരഞ്ഞെടുക്കുകയാണെന്ന് ആരോപിച്ച നിനാ ഗ്ലാഡിറ്റ്‌സിനെതിരെ അവർ വ്യവഹാരത്തിലേർപ്പെട്ടു. ജർമ്മൻ കോടതി ഗ്ലാഡിറ്റ്‌സിന്റെ വാദങ്ങളെ പരോക്ഷമായി അംഗീകരിച്ചിരുന്നുവെങ്കിലും ഈ എക്‌സ്ട്രാകൾ കോൺസൺട്രേഷൻ ക്യാമ്പിലേക്ക് അയക്കപ്പെടുകയായിരുന്നു എന്ന കാര്യം റിഫെൻസ്റ്റാളിന് അറിയില്ലായിരുന്നുവെന്നും കോടതി കണ്ടെത്തി.
ഹിറ്റ്‌ലറെ പരിചയപ്പെട്ടതാണ് തന്റെ ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ കാര്യമെന്ന് അവസാനഘട്ടത്തിൽ റിഫെൻസ്റ്റാൾ മനസ്സുതുറക്കുകയുണ്ടായി. ”എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തമായിരുന്നു അത്. ഞാൻ മരിക്കുന്നതുവരെ ആളുകൾ ‘ലെനി ഒരു നാസിയാണ്’ എന്നുപറഞ്ഞുകൊണ്ടിരിക്കും.”
വയസ്സാകുംതോറും അവരുടെ ശാരീരികശേഷിക്ക് അതിനനുസരിച്ച ക്ഷീണം സംഭവിച്ചിരുന്നില്ല. എഴുപത്തിരണ്ടാമത്തെ വയസ്സിൽ അവർ വെള്ളത്തിനടിയിൽവെച്ചു ഫോട്ടോ എടുക്കുവാനുള്ള ധൈര്യവും ശേഷിയും പ്രകടിപ്പിച്ചു. സകുബാ ഡൈവിങ് സർട്ടിഫിക്കറ്റു ലഭിക്കുന്നതിനായി അവർ തന്റെ പ്രായം ഇരുപതുവയസ്സു കുറച്ചു പറഞ്ഞു. 1978-ൽ അവർ അവർ വെള്ളത്തിനടിയിൽ വെച്ചെടുത്ത ചിത്രങ്ങളുടെ ഒരു പുസ്തകം പുറത്തിറക്കി. കോറൽ ഗാർഡൻസ് (ഗീൃമഹഹലിഴമൃലേി1990) എന്നായിരുന്നു ആ പുസ്തകത്തിന്റെ പേര്. 1990-ൽ വണ്ടർ അണ്ടർ വാട്ടർ എന്ന പുസ്തകമിറക്കി. 2002 ഓഗസ്റ്റ് 22-ന് തന്റെ നൂറാംജന്മദിനത്തിൽ അവർ അണ്ടർ വാട്ടർ ഇംപ്രഷൻസ് എന്ന സിനിമ പുറത്തിറക്കി. ലോകത്താകെ ഏറ്റവും പ്രായംചെന്ന സകുബ ഡൈവർ ആയിരുന്നു ലെനി റിഫെൻസ്റ്റാൾ.
2000-ത്തിൽ സുഡാനിൽവെച്ചുണ്ടായ ഒരു ഹെലികോപ്റ്റർ അപകടത്തിൽ റിഫെൻസ്റ്റാളിന് സാരമായി പരിക്കേറ്റുവെങ്കിലും അതിനെയൊക്കെ അവർ അതിജീവിച്ചു. 2003 ഓഗസ്റ്റ് ഇരുപത്തിരണ്ടിന് അവർ ഹോഴ്‌സ് കെറ്റ്‌നർ (ഒീൃേെ ഗലേേിലൃ) എന്നയാളെ വിവാഹം ചെയ്തു. ലെനിയുടെ അവസാനത്തെ വിവാഹം.
2003 സെപ്തംബർ എട്ടിന് ജർമ്മനിയിലെ പോങ്ങിങ്ങിലുള്ള വസതിയിൽവെച്ചായിരുന്നു റിഫൻസ്റ്റാളിന്റെ അന്ത്യം. ക്യാൻസർ ബാധിതയായിരുന്നു അവർ. മ്യൂണിക്കിലെ വാൽഡ്ഫ്രീഡോഫ് സെമിത്തേരിയിലായിരുന്നു റിഫൻസ്റ്റാളിന്റെ ഭൗതികശരീരം സംസ്‌കരിച്ചത്.
