ഓർമ്മകളിലെ മഴ

ഇത്രനേരോം പുറത്ത് സംഹാരതാണ്ഡവമാടി, തിമിർത്തു പെയ്ത മഴക്ക് ഒട്ടൊരു ശമനമായെന്ന് തോന്നുന്നു… രാവിൻറെ അന്ത്യയാമം അടുക്കാറായിട്ടും നിദ്ര പരിഭവിച്ച് മാറി നിൽക്കയാണ്…
എന്താ കാര്യം എന്നല്ലേ?

ഇന്ന് CEB സ്കൂൾ ഗ്രൂപ്പിൽ ഓർമ്മക്കുറിപ്പ് മത്സരത്തെക്കുറിച്ച് വായിച്ചപ്പോൾ മുതൽ മനസ്സ് വല്ലാതെ സ്കൂൾ ഓർമ്മകളാൽ തരളിതമാണ്… നമ്മൾ എപ്പോഴും ഓർമ്മിക്കാൻ ഇഷ്ടപ്പെടുന്ന ഇടം…

ജീവിതം എന്ന പ്രഹേളികയിൽ പ്രാരാബ്ധങ്ങൾക്കും, കുഞ്ഞു കുട്ടി പരാധീനതകളിലും, നഷ്ടസ്വപ്നങ്ങളിലും കൈമോശം വരാതെ ബാല്യത്തിന്റെ, മനോഹാരിതയുടെ കരവിരുതിൽ മനസ്സിൽ ഉണ്ടാക്കിവച്ച മരതകകച്ചെപ്പിലെ, മാണിക്യ കല്ലുകൾ…

ഈ നിദ്രവിഹീനമായ രാവിൽ മനസ്സിനെ ഒന്ന് മേയാൻ വിട്ടാലോ, സ്കൂളിലേക്ക്…

ആദ്യം കുളിച്ചു യൂണിഫോം ഇട്ട് ,മുടി ചീകി രണ്ടുഭാഗം മെടഞ്ഞ്, കണ്ണെഴുതി മുഖം മിനുക്കാം…. കണ്ണാടി നോക്കി തൃപ്തിപ്പെട്ടു….തൂവെള്ള കളർ ഇല്ലെങ്കിലും ഐശ്വര്യമുള്ള മുഖം….
ഒട്ടൊരു സ്റ്റൈലൻ നടത്തവുമായി റോഡിലേക്ക് ഇറങ്ങിയപ്പോൾ എന്നെപ്പോലെ നിരവധി കുട്ടികൾ…. നീലയും വെള്ളയും കളറിൽ സ്മാർട്ട് ആയി എന്നോടൊപ്പം …മൈതാനം മുറിച്ചു കിടക്കുമ്പോൾ നാലു ഭാഗത്തുനിന്നും കയറിവന്ന കുട്ടികളിൽ അടുത്ത കൂട്ടുകാരായ സജിയും, അനിലയും,റംലയും ഒക്കെ ചേർന്നപ്പോൾ ഒരുപാട് സന്തോഷം…. മൈതാനത്ത് സ്റ്റെപ്പ് ഇറങ്ങി പിന്നെ സ്കൂളിലേക്ക്… അറബിക്കടൽ മുത്തം ഇടുന്ന മനോഹര തീരം… ഗേറ്റ് കടന്നപ്പോഴേ കണ്ടു പ്രധാന കവാടത്തിന്റെ അരിക് ചേർന്ന് നമ്മൾ ഒരുപറ്റം വിദ്യാർത്ഥികൾ ഒരുക്കിയ ചെറിയ പൂന്തോട്ടത്തിൽ സൗരഭ്യവും, മനോഹരിതയും നിറഞ്ഞ അനേകം കുഞ്ഞ് റോസാപ്പൂക്കൾ വിരിഞ്ഞു പരിലസിച്ചു നിൽക്കുന്നു… അത് കണ്ടപ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി ആയി…. ഓഫീസ് മുറിയുടെ മുന്നിലൂടെ വേണം ക്ലാസ് മുറിയിലേക്ക് പോകാൻ… ഉള്ളിലേക്ക് ഒന്ന് പാളി നോക്കി…. പതിവുപോലെ പ്രധാനാധ്യാപിക ഗൗരി ടീച്ചർ കണ്ണടയ്ക്കിടയിൽ കൂടെ പരിസരം വീക്ഷിച്ചു പ്രധാന കസേരയിൽ സ്വദസിദ്ധമായ ഗൗരവം വിടാതെ ഇരിപ്പുണ്ട്… എല്ലാവർക്കും നല്ല പേടിയാണ് ടീച്ചറെ… ഹെഡ്ടീച്ചർ ആകാൻ എന്തുകൊണ്ടും യോഗ്യതയുള്ള ടീച്ചർ…
ക്ലാസ് മുറിയുടെ അടുത്ത് എത്തിയപ്പോൾ തന്നെ കേട്ടു, നീണ്ട ബെല്ലിന്റെ ഒച്ച.. ഓ, ആശ്വാസം… സമയത്തിന് എത്താൻ ആയല്ലോ …കുട്ടികളുടെ കലപില ആരവ ശബ്ദം സ്വിച്ച് ഇട്ട പോലെ നിന്നു.. അസംബ്ലി ഇല്ലാത്തതുകൊണ്ട് ഫസ്റ്റ് ക്ലാസ് വേഗം തന്നെ തുടങ്ങി.. പേടിസ്വപ്നമായ മുൻസി മാഷുടെ മലയാളം ക്ലാസ്.. തൂവെള്ള നിറത്തിൽ ഡ്രസ്സ് ചെയ്യുന്ന മാഷ്, കണ്ണടയ്ക്കിടയിൽ കൂടെ നോക്കി ലാസ്റ്റ് എന്നിൽ തന്നെ നോട്ടം ഉറപ്പിച്ച് തലേദിവസം പഠിപ്പിച്ച പദ്യത്തിൻറെ പാരാവർത്തനം പറയാൻ പറഞ്ഞു… മാഷ് തൊട്ടരികിൽ… നെഞ്ചിടിപ്പ് കൂടി… മലയാളം ഇഷ്ടപ്പെട്ട വിഷയമായതുകൊണ്ട് അറിയാമെങ്കിലും മാഷിനെ പേടിയുള്ളതുകൊണ്ട് ഒരുവിധം വിക്കി വിക്കി പറഞ്ഞൊപ്പിച്ചു… എങ്കിലും പെൻസിൽ കൊണ്ടുള്ള പതിവ് അടി രണ്ടുമൂന്നെണ്ണം കിട്ടാതിരുന്നില്ല.. പിന്നെ ലീല ടീച്ചറുടെ കണക്ക് ക്ലാസ്.. എനിക്ക് ഒട്ടും പ്രശോഭിക്കാൻ കഴിയാത്ത വിഷയം.. അടുത്തത് സാറാമ്മ ടീച്ചറുടെ കെമിസ്ട്രി.. രസകരമായ ക്ലാസ്സ്… സരോജിനി ടീച്ചറുടെ ഇംഗ്ലീഷ്… സുന്ദരി ടീച്ചർ….ഈ ടീച്ചറുടെ മകളാണ് സ്കൂൾ ലീഡർ… ഞാനുമായി നല്ല കൂട്ടാണ്..
പിന്നെ ലഞ്ച് ബ്രേക്ക്.. അടുത്ത ഫ്രണ്ട്സിനോടൊപ്പം പരസ്പരം പങ്കിട്ട് കഴിച്ച ശേഷം ഗേറ്റിന് സൈഡിലുള്ള മതിലിനപ്പുറത്തെ ചേച്ചിയുടെ വീട്ടിൽ നിന്ന്, ഉപ്പിലിട്ട നെല്ലിക്ക, മാങ്ങ, കടല മുട്ടായി ഇത്യാതി… ചെറിയ പൈസക്ക് കൈ നിറയെ കിട്ടും, വായിൽ കപ്പലോട്ടും രുചിക്കൂട്ടുകൾ.. ആസ്വദിച്ച് കഴിച്ചു.. പിന്നെ ഗ്യാലറിയുടെ നടുവിലെ സ്റ്റെപ്പ് കയറി കുന്നിൽ മുകളിലെ കോട്ടയും, അതിൻറെ ഓരത്തുള്ള അറബിക്കടലും, മയ്യഴിപ്പുഴയും സംഗമിക്കുന്ന മനോഹര തീരങ്ങളും ഒക്കെ ഒന്ന് കണ്ണോടിച്ചു ..ഹൊ ,എത്ര നയന മനോഹരമായ കാഴ്ച… അങ്ങോട്ട് പോകരുത് എന്ന് വിലക്കുണ്ട് …വീക്ഷിക്കാൻ ഹെഡ് ടീച്ചർ ആളെ ഏർപ്പാടാക്കിയിട്ടുണ്ട്.. വീണ്ടും താഴെ ഗ്രൗണ്ടിൽ വന്ന് കുറച്ച് കുറ്റി മാറിക്കളി.. പിന്നെയും ബെൽ മുഴങ്ങി.. ഇനി ഉച്ചക്ക് ശേഷം മൂന്ന് ക്ലാസുകൾ കൂടി ..അതിൽ ഒന്ന് PT ആയിരുന്നു.. സ്പോർട്സ് ഡേ അടുത്തത് കൊണ്ട് വാസന്തി ടീച്ചറും, പത്മ ടീച്ചറും ഒന്നിച്ചുണ്ട്, ഗെയിമുകൾ നിയന്ത്രിക്കാൻ.. ശരിക്കും ആവേശത്തോടെ കളിച്ച് തിമിർത്തു… വിയർപ്പും പൊടിയും പറ്റി വെള്ള ഷർട്ട് നല്ലോണം മുഷിഞ്ഞു.. അതിന് വീട്ടിലെത്തിയാൽ കാരണമില്ലാതെ പഴി കേൾക്കാം.. പ്രായമായ ജാനകി ടീച്ചറുടെ ഹിന്ദി ക്ലാസും കൂടി കഴിഞ്ഞപ്പോൾ സ്കൂൾ വിടുന്ന നീണ്ട മണി മുഴങ്ങി… അച്ചടക്കം പാലിച്ച് ലൈനായി പുറത്തേക്ക്…

വൈകുന്നേരം ആണല്ലോ.. സ്കൂൾ പരിസരത്തും, മൈതാനത്തുമൊക്കെ അവിടെവിടെ പൂവാലന്മാരുടെ നല്ല ശല്യം.. ചിലരൊക്കെ പ്രണയത്തിലും ആണ്.. ഒന്നും കണ്ടില്ലെന്ന് നടിച്ച് ഞാൻ നേരെ വീട്ടിലേക്ക്..

പിണങ്ങി നിന്ന നിദ്രാ ദേവി ചാരത്തെത്തി, തലോടാനും ഉമ്മ വെക്കാനും തുടങ്ങി. ഇനി പിണക്കണ്ട… മഴ പാടെ നിലച്ചിരിക്കുന്നു… നല്ല തണുത്ത അന്തരീക്ഷം.. ദൂരെ എവിടെയോ കല്യാണവീട്ടിൽ നിന്നാകണം, അവ്യക്തമായി മാപ്പിളപ്പാട്ടിന്റെ ശീലുകളും ഇരമ്പലും… മധുര സ്മരണകൾ അയവിറക്കി ഞാൻ ഉറക്കത്തിലേക്ക് വഴുതി.

Share this:

Recently added