മലയാള സാഹിത്യവും കോക്കസുകളും

ഇന്ന് എന്റെ മേശപ്പുറത്തിരിക്കുന്ന വെള്ളക്കടലാസിന് വല്ലാത്തൊരു ഭാരമുണ്ട്. ഞാൻ എഴുതുന്ന ഓരോ വാക്കിലും എനിക്ക് ഭയമാണ്; ഞാൻ തിരഞ്ഞെടുത്ത വാക്കുകളുടെ ഭംഗിയെക്കുറിച്ചല്ല, മറിച്ച് അത് നാളെ സാഹിത്യലോകത്തെ ഏത് ‘കോക്കസിന്റെ’ (ഗ്രൂപ്പുകളുടെ) താല്പര്യങ്ങൾക്കെതിരെയാണ് ചെന്നു തറയ്ക്കുക എന്നോർത്തുള്ള ഭയം. മലയാള സാഹിത്യരംഗത്ത് സംഘടിതമായ ചില കൂട്ടായ്മകളും ഗ്രൂപ്പുകളും (കോക്കസുകൾ) വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. ഇന്ന് മലയാള സാഹിത്യം പ്രവർത്തിക്കുന്നത് അക്ഷരങ്ങളുടെ കരുത്തിലല്ല, മറിച്ച് അദൃശ്യമായ ചില അച്ചുതണ്ടുകളിലാണ്. സോഷ്യൽ മീഡിയയുടെ അകത്തളങ്ങളിൽ, അടച്ചിട്ട വാട്സാപ്പ് ഗ്രൂപ്പുകളിൽ, പ്രസാധകരുടെ കോറിഡോറുകളിൽ രൂപപ്പെടുന്ന ഈ കോക്കസുകൾ വളരെ ആസൂത്രിതമായാണ് പ്രവർത്തിക്കുന്നത്. പണ്ടുകാലം തൊട്ടേ സാഹിത്യ പ്രസ്ഥാനങ്ങളും ചർച്ചാവേദികളും ഉണ്ടായിരുന്നുവെങ്കിലും, ഇന്ന് സോഷ്യൽ മീഡിയയുടെ അതിപ്രസരത്തോടെ ഇത്തരം കോക്കസുകൾ കൂടുതൽ ശക്തമായി മാറിട്ടുണ്ട്. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് തുടങ്ങിയ മാധ്യമങ്ങളിലൂടെ ഒരേ ചിന്താഗതിയുള്ളവരോ പരസ്പരം വ്യക്തിപരമായ താല്പര്യങ്ങളുള്ളവരോ ആയ എഴുത്തുകാരും നിരൂപകരും ഒരു ഗ്രൂപ്പായി മാറുന്നു. ഇവർ പരസ്പരം പുകഴ്ത്താനും, തങ്ങളുടെ ഗ്രൂപ്പിലുള്ളവരുടെ പുസ്തകങ്ങൾക്ക് വലിയ തോതിൽ പബ്ലിസിറ്റി നൽകാനും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നു.

ഈ കോക്കസുകളുടെ പ്രവർത്തനം തികച്ചും ഒരു കോർപ്പറേറ്റ് പിആർ ഏജൻസിയെപ്പോലെയാണ്. പരസ്പര സഹായ സഹകരണ സംഘങ്ങളെപ്പോലെ ഒരേ ചിന്താഗതിയുള്ളവരോ, പരസ്പരം പുകഴ്ത്താൻ കരാറെഴുതിയവരോ ആയ ഒരു കൂട്ടം ആളുകൾ ചേർന്ന് ഒരു പ്രതിഭയെ സൃഷ്ടിച്ചെടുക്കുന്നു. അവരുടെ ഗ്രൂപ്പിലെ ഒരാൾ ഒരു വരിയെഴുതിയാൽ അതിനെ പ്രകീർത്തിച്ചു മറ്റുള്ളവർ അതിനെക്കുറിച്ച് വലിയ ആമുഖങ്ങളോടെ സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇടുകയും, അത് മികച്ച കൃതിയാണെന്ന് വരുത്തിത്തീർക്കുകയും ചെയ്യുന്നു. പരസ്പരം ലൈക്കുകളും ഷെയറുകളും നൽകി അവർ വായനക്കാരെ വിഡ്ഢികളാക്കുന്നു. സാഹിത്യ അവാർഡുകളുടെ നിർണ്ണയ സമിതികളിലും, വൻകിട ലിറ്ററേച്ചർ ഫെസ്റ്റിവലുകളിലും തങ്ങളുടെ ആളുകളെ തിരുകിക്കയറ്റാൻ ഇവർക്ക് കൃത്യമായ നെറ്റ്‌വർക്കുണ്ട്. തങ്ങളുടെ കോട്ടയ്ക്കുള്ളിലേക്ക് മറ്റൊരു സ്വതന്ത്ര എഴുത്തുകാരനെയും ഇവർ പ്രവേശിപ്പിക്കില്ല. അവരുടെ ഗ്രൂപ്പിലെ എഴുത്തുകാരൻ പുസ്തകം ഇറക്കുമ്പോൾ ചർച്ചകളും സംവാദങ്ങളും ഇവർ തന്നെ സ്പോൺസർ ചെയ്യുകയോ നിയന്ത്രിക്കുകയോ ചെയ്യും. അതുപോലെ തന്നെ സാഹിത്യ പുരസ്കാര സമിതികളിലും, പ്രസാധക രംഗത്തും സ്വാധീനമുറപ്പിച്ച് തങ്ങളുടെ ഗ്രൂപ്പിലുള്ളവർക്ക് അവസരങ്ങളും അവാർഡുകളും ഉറപ്പാക്കാനും ഇത്തരം ഗ്രൂപ്പുകൾ ശ്രമിക്കാറുണ്ട്.

ഒരു എഴുത്തുകാരൻ എന്ന നിലയിൽ എന്നെ ഏറ്റവും കൂടുതൽ ഭയപ്പെടുത്തുന്നത് ഈ പ്രവണത വരുത്തിവെക്കുന്ന ദോഷങ്ങളാണ്. ഇതിൽ ആദ്യത്തേത് യഥാർത്ഥ സർഗ്ഗാത്മകതയുടെ കൊലപാതകമാണ്. ഒരു കോക്കസിന്റെയും ഭാഗമല്ലാത്ത, ആരുടെയും കാൽക്കൽ അഭയം പ്രാപിക്കാത്ത ഒറ്റപ്പെട്ട എഴുത്തുകാർ ഇന്ന് പൂർണ്ണമായും വിസ്മൃതിയിലേക്ക് തള്ളപ്പെടുന്നു. തങ്ങളുടെ ഗ്രൂപ്പിൽ പെടാത്തവരുടെ മികച്ച കൃതികളെപ്പോലും മനഃപൂർവ്വം അവഗണിക്കുകയോ, അവയെക്കുറിച്ച് ചർച്ച ചെയ്യാതിരിക്കുകയോ ചെയ്യുന്ന രീതി ഈ കോക്കസുകൾ പിന്തുടരുന്നു. ഇത് പുതിയതും മികച്ചതുമായ സാഹിത്യ സൃഷ്ടികൾ വായനക്കാരിലേക്ക് എത്താതിരിക്കാൻ കാരണമാകുന്നു. പ്രസാധകർ പോലും ഇത്തരം കോക്കസുകളുടെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസ് നോക്കിയാണ് ഇന്ന് പുസ്തകങ്ങൾ അച്ചടിക്കാൻ തയാറാകുന്നത്. സോഷ്യൽ മീഡിയയിൽ വലിയ പിആർ വർക്കുകളോ ഗ്രൂപ്പ് പിന്തുണയോ ഇല്ലാത്ത, എന്നാൽ മികച്ച രീതിയിൽ എഴുതുന്ന അനേകം പ്രതിഭകൾ പുറന്തള്ളപ്പെടുന്നുണ്ട്. ഈ അവഗണന താങ്ങാനാവാതെ എത്രയോ നല്ല എഴുത്തുകാർ പേന താഴെവെച്ചിട്ടുണ്ടാകാം!

മറ്റൊരു ഭീകരത, സാഹിത്യ നിരൂപണങ്ങളുടെ മരണമാണ്. ഇന്ന് നിഷ്പക്ഷമായ ഒരു വിമർശനം എഴുതാൻ ആർക്കും ധൈര്യമില്ല. ഒരു കോക്കസിന്റെ പുസ്തകത്തെക്കുറിച്ച് അത് മോശമാണെന്ന് ആരെങ്കിലും എഴുതിയാൽ, പിറ്റേന്ന് മുതൽ അയാൾക്കെതിരെ സൈബർ ആക്രമണങ്ങളുടെ ഒരു വലിയ നിര തന്നെ അഴിച്ചുവിടപ്പെടും. നിരൂപകന്റെ വ്യക്തിത്വത്തെപ്പോലും ഹനിക്കുന്ന തരത്തിലാണ് ഈ ഗ്രൂപ്പുകൾ പ്രതികരിക്കുക. തങ്ങളുടെ ഗ്രൂപ്പിലെ ‘ആസ്ഥാന എഴുത്തുകാരൻ’ എഴുതുന്ന എന്ത് ചവറും മഹത്തരമാണെന്ന് വരുത്തിത്തീർക്കാൻ ഇവർ നടത്തുന്ന ശ്രമങ്ങൾ വായനക്കാരുടെ വായനാസംസ്കാരത്തെയും രുചിയെയും പൂർണ്ണമായും നശിപ്പിക്കുകയാണ് ചെയ്യുന്നത്.

മറ്റൊരു വലിയ ദോഷം ഗുണനിലവാരമില്ലാത്ത കൃതികളുടെ മഹത്വവൽക്കരണമാണ്. കേവലം വ്യക്തിബന്ധങ്ങളുടെയോ സൈബർ സ്വാധീനത്തിന്റെയോ ബലത്തിൽ വളരെ നിലവാരം കുറഞ്ഞ എഴുത്തുകൾ പോലും ‘മാസ്റ്റർപീസ്’ എന്ന രീതിയിൽ ആഘോഷിക്കപ്പെടുന്നു. ഇത് വായനക്കാരെ തെറ്റിദ്ധരിപ്പിക്കുകയും അവരുടെ വായനാരുചിയെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. നിരന്തരമായി ഇത്തരം മോശം കൃതികൾ വായിക്കേണ്ടി വരുന്നത് വായനക്കാരെ മലയാള സാഹിത്യത്തിൽ നിന്ന് തന്നെ അകറ്റാൻ ഇടയാക്കിയേക്കാം. നന്മയും തിന്മയും തിരിച്ചറിയേണ്ട സാഹിത്യം കേവലം അധികാരത്തിന്റെയും ഗ്രൂപ്പിസത്തിന്റെയും കളിസ്ഥലമായി മാറുമ്പോൾ, ഭാഷയുടെ ഭാവി തന്നെയാണ് ഇരുളടയുന്നത്. പുസ്തകങ്ങൾ വിപണിയിലെ വിറ്റഴിക്കപ്പെടേണ്ട കച്ചവടച്ചരക്കുകൾ മാത്രമായി ചുരുങ്ങുമ്പോൾ ഇല്ലാതാകുന്നത് സാഹിത്യത്തിന്റെ ആത്മാവാണ്.

ചുരുക്കത്തിൽ, സാഹിത്യ രംഗത്തെ ഗ്രൂപ്പിസവും കോക്കസുകളും മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും സ്വാഭാവികമായ വളർച്ചയെ മുരടിപ്പിക്കുന്നു. എഴുത്തുകാർക്കിടയിൽ ആരോഗ്യകരമായ മത്സരത്തിന് പകരം മത്സരബുദ്ധിയും അസൂയയും വളർത്താൻ മാത്രമേ ഇത് ഉപകരിക്കൂ. സാഹിത്യം എന്നത് ഏതെങ്കിലും ചില ഗ്രൂപ്പുകളുടെ കുത്തകയല്ലെന്നും, അത് വായനക്കാരുടെ വിലയിരുത്തലുകൾക്ക് വിധേയമാകേണ്ടതാണെന്നുമുള്ള ബോധ്യം ഉണ്ടാകണം. വായനക്കാർ ഇത്തരം കോക്കസുകളുടെ പിആർ തന്ത്രങ്ങളെ തിരിച്ചറിഞ്ഞ്, കൃതികളുടെ ഗുണനിലവാരം നോക്കി മാത്രം പുസ്തകങ്ങളെ സ്വീകരിക്കാൻ തയാറായാൽ മാത്രമേ ഈ ദോഷകരമായ പ്രവണതയ്ക്ക് അറുതി
വരുത്താൻ സാധിക്കൂ. ഇല്ലെങ്കിൽ നാളെ നമ്മൾ വായിക്കുക പ്രതിഭകളുടെ സൃഷ്ടികളല്ല, മറിച്ച് ചില ഗ്രൂപ്പുകൾ സ്പോൺസർ ചെയ്ത വെറും അക്ഷരക്കൂട്ടങ്ങൾ മാത്രമായിരിക്കും എന്ന് ഓർമപ്പെടുത്തിക്കൊണ്ട് നിർത്തുന്നു.

Share this:

Recently added