വേദനയുടെ നിശ്ശബ്ദതയിൽ കരുതലിന്റെ കൈത്താങ്ങ്

മറ്റേതൊരു തൊഴിലിടത്തേക്കാളും മനസ്സിനെ തളർത്തുന്ന ജീവിതാവസ്ഥകളെക്കുറിച്ച് പറയാനുണ്ടാവുക ആരോഗ്യപ്രവർത്തകർക്കായിരിക്കും. ജീവിതം, രോഗം, ബന്ധുക്കൾ, താങ്ങാനാവാത്ത ചികിത്സാച്ചെലവ്… അങ്ങനെ പലതരം അനുഭവങ്ങളുടെ ഏറ്റക്കുറച്ചിലുകളാണ് അവിടെ കാണാനാവുക.
ഇനിയും ജീവിക്കാനുള്ള കൊതിയാണ് മരണത്തെ മുഖാമുഖം കണ്ട് കിടക്കുന്നവരുടെ കണ്ണുകളിലും വാക്കുകളിലും നിറഞ്ഞുനിൽക്കുന്നത്.
പതിമൂന്ന് വർഷമായി കാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായി ഹോം കെയർ സേവനത്തിലുണ്ട്. ഒരുപാട് അനുഭവങ്ങൾ പറയാനുണ്ട്. എങ്കിലും, ഹോം കെയറിനിടെ തണുത്ത വിരലുകളാൽ എന്റെ കൈ മുറുകെപ്പിടിച്ച് വിതുമ്പിക്കരഞ്ഞ ഒരു അമ്മമ്മ ഇന്നും മനസ്സിൽ തെളിഞ്ഞുവരുന്നു.
അന്ന് ഞങ്ങൾ മൂന്നുപേരായിരുന്നു ഹോം കെയർ ഡ്യൂട്ടിയിൽ. മണിയൂർ തെരുവിനടുത്തുള്ള ഒരു വീട്ടിൽ രാവിലെ തന്നെയായിരുന്നു സന്ദർശനം. പുതിയ രോഗിയായതിനാൽ കുറേയേറെ വിവരങ്ങൾ ചോദിച്ചറിയാനുണ്ടായിരുന്നു.
അമ്മമ്മയ്ക്ക് എന്നോട് സ്വകാര്യമായി എന്തോ പറയാനുണ്ടെന്ന് എനിക്ക് തോന്നി. അങ്ങനെ അവരെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി.
ഒരു നിമിഷം എന്റെ മുഖത്തേക്ക് നോക്കി. ഏറെ നേരം കരഞ്ഞു. എന്റെ കൈ മുറുകെപ്പിടിച്ച് വിങ്ങിവിങ്ങി പറഞ്ഞു:
“എന്നെ ഒന്ന് കൊന്നുതരാൻ പറ്റുമോ? ഈ വേദന തിന്ന് എനിക്കിനി ജീവിക്കാനാവില്ല.”
ഉള്ള് നുറുങ്ങിപ്പോയ നിമിഷം.
അമ്മമ്മയെ നന്നായി പരിചരിക്കുന്ന മക്കൾ ഈ വാക്കുകൾ കേട്ടില്ലല്ലോ എന്നോർത്തപ്പോൾ ഒരൽപ്പം ആശ്വാസം തോന്നി. ഞാൻ കരുത്ത് വീണ്ടെടുത്ത് അമ്മമ്മയെ ചേർത്തുപിടിച്ചു.
എവിടെയാണ് വേദനയെന്ന് ചോദിച്ചപ്പോൾ മൂത്രമൊഴിക്കുന്നതുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടാണെന്ന് മനസ്സിലായി. പരിശോധനയിൽ സ്വകാര്യഭാഗത്ത് ചുവന്നുനീർ കെട്ടിയ മുറിവിൽ പുഴുക്കൾ നിറഞ്ഞിരിക്കുന്നതായി കണ്ടു.
അവിടം വൃത്തിയാക്കുന്നതിനുള്ള പരിചരണം ആരംഭിച്ചു. തുടർന്ന് അമ്മമ്മയ്ക്ക് മൂത്രമൊഴിക്കാൻ തോന്നി. കട്ടിലിൽനിന്ന് എഴുന്നേറ്റ് പോകുമ്പോൾ ചെറിയ തോതിൽ രക്തവും വന്നു.
മക്കൾ അമ്മമ്മയെ നന്നായി ശുശ്രൂഷിക്കുന്നുണ്ടായിരുന്നു. എന്നാൽ സ്വകാര്യഭാഗങ്ങളിലെ രോഗാവസ്ഥ അമ്മമ്മ അവരോട് തുറന്നുപറഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ പ്രശ്നം ഗുരുതരമായിരുന്നു.
തിളപ്പിച്ച വെള്ളത്തിൽ ഓരോ പുഴുവിനെയും എടുത്തിടുമ്പോൾ മക്കൾക്ക് കണ്ടുനിൽക്കാനായില്ല. രോഗി ഏറെ ക്ഷീണിതയായതിനാൽ ഫ്ലൂയിഡ് നൽകി. ഇൻജക്ഷനും നൽകി. ഡോക്ടറെ വിവരമറിയിച്ചപ്പോൾ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു.
ആഴ്ചകൾക്കുശേഷം അമ്മമ്മ വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായി.
ഓരോ വീട്ടിലേക്കും ഹോം കെയറുമായി പോകുമ്പോഴും വേദന സഹിക്കാനാവാതെ രോഗികൾ പറഞ്ഞ വാക്കുകൾ ഓർമ്മയിലെത്താറുണ്ട്. ചില വേദനകൾ മരുന്നുകൊണ്ട് മാത്രം മാറുന്നതല്ല. അവയ്ക്ക് കരുതലും സ്നേഹവും പരിചരണവും കൂടി വേണം.
രോഗീപരിചരണത്തിൽ ശ്രദ്ധയും ജാഗ്രതയും എത്രത്തോളം പ്രധാനമാണെന്ന് ഈ അനുഭവം
എന്നെ ഓർമ്മിപ്പിക്കുന്നു. രോഗികളെ പരിചരിക്കുന്നവർ സ്വകാര്യഭാഗങ്ങൾ ഉൾപ്പെടെ ശരീരത്തിലെ എല്ലാ ഭാഗങ്ങളിലുമുള്ള മാറ്റങ്ങൾ ശ്രദ്ധിക്കണം. രോഗി പറയാൻ മടിക്കുന്ന വേദനകളും ബുദ്ധിമുട്ടുകളും തിരിച്ചറിയാൻ ശ്രമിക്കണം. എന്തെങ്കിലും അസ്വാഭാവികത കണ്ടാൽ ഉടൻതന്നെ വിദഗ്ധ ചികിത്സ തേടണം.
രോഗിയുടെ മൗനവും ഒരു നിലവിളിയാണ്. അത് കേൾക്കാൻ കരുതലുള്ള മനസ്സുകൾ വേണം.
കരുതലാണ് മരുന്ന്… കാരുണ്യമാണ് സേവനം.
(വടകരക്കടുത്ത് മണിയൂർകാര്യണ്യം പാലിയേറ്റീവ് നേഴ്സാണ് ലേഖിക)

Like this:
Share this:
About Author

വായനക്കാരുടെ അഭിപ്രായങ്ങൾ അവരുടേത് മാത്രമാണ്; Readers Trend-ന്റെ നിലപാടല്ല. വിദ്വേഷം, അധിക്ഷേപം, അശ്ലീലം, സ്പർധ വളർത്തുന്ന പ്രതികരണങ്ങൾ എന്നിവ ഒഴിവാക്കുക.

5 1 vote
Article Rating
0 Comments

Recently added