എഴുത്തിന്റെ മുഴക്കങ്ങള്
“When you have eliminated all which is impossible, then what ever remains, however improbable, must be the truth.”
Arthur Conan Doyle
എഴുത്തിന് ജീവൻ കൊടുക്കുക എന്നുള്ളത് ഒരു എളുപ്പപ്പണിയല്ല. അതിന് ഒരെഴുത്തുകാരൻ സ്വയം കൊടുക്കേണ്ടതുണ്ട്, അർപ്പിക്കേണ്ടതുണ്ട്. വേദനകളുടെ കടലുകളത്രയും അയാൾ കുടിച്ച് തീർക്കേണ്ടതുണ്ട്. അതാണ് എഴുത്തിലെ സത്യസന്ധത (Creativity). നമുക്ക് ഏതൊരു വിഷയത്തെയും എഴുത്തിലേക്ക് ചേർത്ത് വെക്കാം. ആ വിഷയത്തെ എങ്ങനെ പറയുന്നു എന്നിടത്താണ് എഴുത്തിന്റെ ജ്വലനങ്ങളെ നാം തിരിച്ചറിയുന്നത്. ആദ്യമേ പറയട്ടെ ദിനേശ് മഠത്തിലെന്ന ഈ എഴുത്തുകാരനിൽ അങ്ങനെയൊരു രചനാ തിളക്കം എനിക്ക് കാണാനാവുന്നുണ്ട്; വായിച്ചെടുക്കാനാവുന്നുണ്ട്. ഞാൻ എന്റെ സുഹൃത്തായ ദിനേശനെയല്ല കറുത്ത രാത്രിയിലൂടെ വായിക്കുന്നത് അയാളിലെ എഴുത്തുകാരനെയാണ്. അതുകൊണ്ട് തന്നെ നിറം ചേർത്ത ആലങ്കാരിക വാക്കുകൾ കൊണ്ടോ ഭംഗിവാക്കുകൾ കൊണ്ടോ ഞാനീ എഴുത്തുകാരനെ ആഘോഷിക്കുന്നില്ല, ചില കാര്യങ്ങൾ പറയുന്നു എന്ന് മാത്രം.
എല്ലാവർക്കും ഇഷ്ടമാവുന്ന ഒരു വായനാ സുഖം തരുന്നതിനപ്പുറം (Readability) എഴുത്തിന്റെ സത്യസന്ധതയെ വിളിച്ചറിയിച്ച് ശിൽപ്പ ഭദ്രതയോടെയും ആകാംക്ഷ ഒട്ടും ചോർന്ന് പോവാതെയും വായനക്കാരനെ നോവലിനൊപ്പം ചേർത്തു നിർത്തുന്നുണ്ട്. അത് എഴുത്തിന്റെ ഒരു മാസ്മരികത തന്നെയാണ്. ഇതൊരു മാന്ത്രിക നോവലെന്നാണ് അവകാശപ്പെടുന്നതെങ്കിലും എന്റെ വായന അങ്ങനെയൊരു തരംതിരിവില്ലാതെയാണ് മുമ്പോട്ട് പോയത്. മാന്ത്രിക മേഖലയിൽ ഒട്ടേറെ നോവലുകളിലൂടെ ഏറെ പ്രശസ്തനായ ഒരെഴുത്തുകാരനാണ് ഏറ്റ്മാനൂർ ശിവകുമാർ. അദ്ദേഹം മലയാള വായനയെ സമ്പന്നമാക്കിയ ഒരു കാലമുണ്ടായിരുന്നു. വായനയുടെ തുടക്കകാലത്ത് എന്നെ സ്വാധീനിച്ച ഏറ്റുമാനൂർ ശിവകുമാറിനെപ്പോലുള്ള ഒരുപാട് എഴുത്തുകാരുണ്ട്. ‘ദുർഗ്ഗ പ്രസാദ് ഖത്രി’യുടെ ‘ചുവന്ന കൈപ്പത്തികൾ’, ‘വെളുത്ത ചെകുത്താൻ’ തുടങ്ങിയ അപസർപ്പകനോവലുകൾ വായിച്ച് പേടിച്ച് വിറച്ച, ആവേശം കൊണ്ട രാത്രികൾ.
നീലകണ്ഠൻ പരാമര, കോട്ടയം പുഷ്പനാഥ് തുടങ്ങിയ എത്രയെത്ര എഴുത്തുകാർ. ബ്രാം സ്റ്റോക്കറുടെ ‘ഡ്രാക്കുള’, മോഹനചന്ദ്രന്റെ ‘കലിക’, സുനിൽ പരമേശ്വരന്റ ‘അനന്തഭദ്രം’ തുടങ്ങി എത്രയെത്ര മാന്ത്രിക നോവലുകളാണ് അന്നെന്റെ വായനയെ ഭീതിയുടെ അതിശൈത്യത്തിലേക്ക് തള്ളിവിട്ടത്. പിന്നെ ഞാൻ പോലും അറിയാതെ വായനയുടെ സ്വഭാവം മാറുകയായിരുന്നു. കോട്ടയം പുഷ്പനാഥിനെ വായിച്ചുകൊണ്ടാണ് മുട്ടത്ത് വർക്കിയിൽ ഞാനെത്തുന്നത്. പിന്നെയാണ് എസ്.കെ. പൊറ്റക്കാടിലേക്കും എം.ടിയിലേക്കും വൈക്കം മുഹമ്മദ് ബഷീറിലേക്കും ഒ.വി. വിജയനിലേക്കും ആനന്ദിലേക്കുമൊക്കെ ചെന്നെത്തുന്നത്. ഒരേ സമയം മാറുന്ന വായനയുടെ വ്യത്യസ്ഥ തലങ്ങളും രുചിഭേദങ്ങളുമുണ്ട്. അതാണിവിടെ പലർക്കും തിരിച്ചറിയാനാവാതെ പോവുന്നത്.
നമുക്ക് കറുത്ത രാത്രിയിലേക്ക് തന്നെ തിരിച്ച് വരാം. പല ആവർത്തി പറഞ്ഞ കാര്യങ്ങൾ തന്നെയാണ് പുതിയ രീതിയിലും പുതിയ അന്തരീക്ഷത്തിലും ആവർത്തിക്കപ്പെടുന്നതെങ്കിലും പറച്ചിലിന്റെ മാറിയ ഒരു അനുഭവ ലോകത്ത് നിന്ന് കൊണ്ട് അതിനാട്യങ്ങളോ അതിസങ്കീർണ്ണതകളോ ഇല്ലാതെ ഒതുക്കിപ്പറയാൻ കഴിഞ്ഞുവെന്നുള്ളത് എടുത്ത് പറയേണ്ടുന്ന ഒരു വലിയ മേന്മ തന്നെയാണ്.
നമുക്കന്യമായ മാന്ത്രികതയുടെയും താന്ത്രികതയുടെയും അജ്ഞാത തീരങ്ങളിലേക്കാണ് ഈ നോവൽ സഞ്ചരിക്കുന്നത്. ‘പരകായ പ്രവേശത്തിന്റെയും ബ്ലാക്ക് മാജിക്കിന്റെയും’ ‘ആധുനിക മെഡിക്കൽ സയൻസ്സി’ന്റെയും അനന്ത സാധ്യതകളിലൂടെ കടന്ന് പോകുമ്പോഴും ഒരുവേള വായനക്കിടെ ഇതൊക്കെ അവിശ്വസനീയമാണോ എന്ന തോന്നലിനെ മറികടന്ന് അത് വിശ്വസനീയമാക്കാനും ഭീതിയുടെ അതിശൈത്യത്തിലേക്ക് വായനക്കാരനെ കൊണ്ട് ചെന്നെത്തിക്കാനും ആകാംക്ഷയുടെ (Suspence) മുൾമുനയിൽ നിർത്താനും കഴിയുന്നു എന്നത് തന്നെയാണ് ദിനേശ് മഠത്തിലെന്ന എഴുത്തുകാരന്റെ ആർജവം. അയാൾ വെറുതെ ഒരു കഥ പറഞ്ഞു പോകുകയല്ല. ആകെ ഇരുണ്ട് വികൃതമാവുന്ന ഈ ചെടിച്ച കാലത്തിന്റെ അളിച്ചിലുകൾക്കെതിരെയാണ് ശബ്ദിക്കുന്നത്.
തിന്മയുടെയും അവിശുദ്ധ കൂട്ട്ക്കെട്ടിന്റെയും മൂർത്ത രൂപങ്ങളാണ് ആചാര്യ വേദാനന്ദയും ആരോഗ്യമന്ത്രി വിഘ്നേശ്വര നാടാരും വീരഭദ്രനമെല്ലാം. ‘കോർപ്പറേറ്റ് ഭക്ത രാഷ്ട്രീയ അവിശുദ്ധ സഖ്യ’ ത്തിന്റെ ആർത്തിയുടെയും ചോരയുടെയും ഹിംസാടന വൈകൃതങ്ങളെ എടുത്ത് കാണിക്കുന്നതോടൊപ്പം ആൾ ദൈവങ്ങളുടെ അധികാര വാഴ്വുകളെയും ആചാര്യ വേദാനന്ദയിലൂടെ അടിമുടി വലിച്ച് കീറുകയും ചെയ്യുന്നുണ്ട്.
തുടക്കം മുതൽ ഒടുക്കം വരെ ഡോക്ടർ നന്ദകുമാറിലൂടെ ഹരിപ്രസാദിലൂടെ വിശ്വകീർത്തി വർമ്മയിലൂടെ ആശാകിരണിലൂടെ സംഭവിക്കപ്പെടുന്നത് തിന്മയുടെ കറുകറുത്ത ശക്തികൾ ക്കെതിരെയുള്ള വിട്ട് വീഴ്ചയില്ലാത്ത പോരാട്ടമാണ്. എക്കാലവും വരേണ്യവർഗ്ഗത്തിന്റെ കാൽക്കീഴിൽ ചവുട്ടിമെതിക്കപ്പെടുന്ന കീഴാളന്റെ ഇനിയും നിലയ്ക്കാത്ത ആത്മ രോദനങ്ങളിലേക്ക് കടന്നു ചെല്ലുന്ന ഈ നോവൽ നകുലനിലൂടെ ഒരു കീഴാള വായന സാധ്യമാക്കുന്നുണ്ട്. അത് ഇത്തരം നോവലുകളുടെ പതിവ് രീതികളെ മറികടക്കുന്നുണ്ടെന്നത് എടുത്ത് പറയേണ്ട ഒരു കാര്യം തന്നെയാണ്.
‘ഷെർലക് ഹോംസ്’ കഥകളിലൂടെ നമുക്ക് മുമ്പിൽ മായിക ലോകം തുറന്ന് വെച്ച് നമ്മേ അമ്പരിപ്പിച്ച ലോക പ്രശസ്തനായ എഴുത്തുകാരനാണ് ‘ആർതർ കോനൽഡോയ്ൽ’ അദ്ദേഹം പറഞ്ഞിട്ടുണ്ട്.
‘ഞാൻ നിങ്ങളെ അമ്പരപ്പിച്ചിട്ടുണ്ട്. ഞാൻ നിങ്ങളെ ഉദ്ധ്വോഗത്തിന്റെ മുൾമുനയിൽ നിർത്തിയിട്ടുണ്ട്. അപ്പോഴും രസം പിടിപ്പിക്കുന്ന വായനയുടെ മറവ് പറ്റി ചില സത്യങ്ങൾ പറയാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. അതിന്റെ മുഴക്കങ്ങളാണ് എന്റെ എല്ലാ എഴുത്തുകളും’
നാം കണ്ടിട്ടും കാണാതെ പോവുന്ന അറിഞ്ഞിട്ടും അറിയാതെ പോവുന്ന ചില സത്യങ്ങളുണ്ട്. അതിന്റെ മുഴക്കങ്ങളെയും മുറിവുകളെയുമാണ് ഓരോ എഴുത്തുകാരും അവരുടെ എഴുത്തിലേക്ക് ഏറ്റു വാങ്ങേണ്ടത്. കറുത്ത രാത്രിയിലും അത് സംഭവിക്കുന്നുണ്ട്. അത്കൊണ്ട് തന്നെയാണ് മാന്ത്രിക നോവലിനപ്പുറമൊരു വായന സാധ്യമാകുന്നത്.
വൈദ്യശാസ്ത്ര രംഗത്തെ പവിത്രതയെ എടുത്തിട്ട് അമ്മാനമാടുന്ന കോർപ്പറേറ്റ് കുത്തക കമ്പനികളുടെ പിടിപ്പുകേടിനെ അടിവരയിടുന്നതോടൊപ്പം ശക്തമായ താക്കീതായി മാറുകയും ചെയ്യുന്നുണ്ട്. ഇത്തരം ഒരു നോവലിന് വേണ്ട വിപണന സാധ്യതകളെ വളരെ സമർത്ഥമായി സന്നിവേശിപ്പിക്കുമ്പോഴും പറയാനുള്ളത് ഒട്ടും അറച്ചു നിൽക്കാതെ പറഞ്ഞു എന്നുള്ളതാണ് ഈ എഴുത്തുകാരന്റെ ആർജ്ജവം. ഇയാളിൽ ഒരു മുഴക്കം തങ്ങിനിൽപ്പുണ്ട്. വരാനിരിക്കുന്ന എഴുത്തിന്റെ വൻ മുഴക്കം.
കറുത്തരാത്രി
ദിനേശ് മഠത്തിൽ
Horror Novel
നമുക്കന്യമായ മാന്ത്രികതയുടെയും താന്ത്രികതയുടെയും അജ്ഞാത തീരങ്ങളിലേക്കാണ് ഈ നോവൽ സഞ്ചരിക്കുന്നത്. ‘പരകായ പ്രവേശ’ത്തിന്റെയും ‘ബ്ലാക്ക് മാജിക്കി’ന്റെയും ‘ആധുനിക മെഡിക്കൽ സയൻസ്സി’ന്റെയും അനന്ത സാധ്യതകളിലൂടെ കടന്ന് പോകുമ്പോഴും ഒരുവേള വായനക്കിടെ ഇതൊക്കെ അവിശ്വസനീയമാണോ എന്ന തോന്നലിനെ മറികടന്ന് അത് വിശ്വസനീയമാക്കാനും ഭീതിയുടെ അതിശൈത്യത്തിലേക്ക് വായനക്കാരനെ കൊണ്ട് ചെന്നെത്തിക്കാനും ആകാംക്ഷയുടെ മുൾമുനയിൽ നിർത്താനും കഴിയുന്നു എന്നത് തന്നെയാണ് ദിനേശ് മഠത്തിലെന്ന എഴുത്തുകാരന്റെ ആർജവം. അയാൾ വെറുതെ ഒരു കഥ പറഞ്ഞു പോകുകയല്ല. ആകെ ഇരുണ്ട് വികൃതമാവുന്ന ഈ വർത്തമാനത്തിന്റെ അളിച്ചിലുകൾക്കെതിരെയാണ് ശബ്ദിക്കുന്നത്. ഏറെ ശ്രദ്ധിക്കപ്പെടുകയും നന്നായി വിൽക്കപ്പെടുകയും ചെയ്ത കൃതിയാണ് ‘കറുത്തരാത്രി’. റീഡേഴ്സ് ട്രെന്റിൽ വരുംനാളുകളിൽ ഈ നോവൽ തുടർച്ചയായി വായിക്കാവുന്നതാണ്.

