പൂമുഖത്തു നിന്ന് തള്ളേ എന്ന അലർച്ച ഉയർന്നപ്പോൾ ഒരു നിമിഷം തരിച്ചിരുന്നുപോയി അമ്മ. വിവാഹിതയായ അന്നുമുതൽ അവരുടെ ജീവിതം ദുഃഖസാന്ദ്രമാക്കിയ അതേ ഒച്ച. കഠിനമായ യാതനകളിലേക്കു തള്ളിവിട്ട അതേ സ്വരം. സ്വസ്ഥതയും സമാധാനവും കെടുത്തി നരകത്തിലേക്കു നയിച്ച അതേ പരുക്കൻ വാക്കുകൾ. എല്ലാം ഒന്നവസാനിച്ചുവെന്നു കരുതിയതാണ്. ഇപ്പോഴിതാ വീണ്ടും.
അടുക്കളയിൽനിന്നു പുറത്തുവന്ന അമ്മ കണ്ടത് ആടിക്കുഴഞ്ഞുനിൽക്കുന്ന മകനെ. കാലുറയ്ക്കുന്നില്ല. താൻ കാണുന്നതു മകനെയല്ല, മരിച്ചുപോയ ഭർത്താവിനെയാണെന്നു തോന്നിപ്പോയി ഒരു നിമിഷം അമ്മയ്ക്ക്. ഭർത്താവുണ്ടായിരുന്നപ്പോൾ പതിവായിരുന്നു മദ്യപിച്ചുള്ള വരവും ചീത്തവിളികളും മർദനവും. സഹിച്ചതിനു കയ്യും കണക്കുമില്ല. ഒടുവിലയാൾ മരണത്തിനു കീഴടങ്ങി.
ഒരു ജന്മം കൊണ്ട് നിരവധി ജീവിതം അനുഭവിക്കുന്ന അത്യന്തം സർഗാത്മകമായൊരു അനുഭൂതിയാണ് വായനയെന്ന് പൊതുവേ പറയാറുണ്ട്. ഈയൊരു പരികൽപന സമ്പൂർണ്ണമായും സാധ്യമാകുന്ന ഒരു പുസ്തകമാണ് വിഖ്യാത റഷ്യൻ നോവലിസ്റ്റായ മാക്‌സിം ഗോർക്കിയുടെ എക്കാലത്തെയും മഹത്തായ ക്ലാസ്സിക് രചനയായ ‘അമ്മ’
റഷ്യയിലെ ആ അമ്മ നമ്മുടെ കാലത്തെ അമ്മമാരോട്, സമൂഹത്തോട് ചില കാര്യങ്ങൾ പറയുന്നുണ്ട്. മകനുവേണ്ടി കരയാൻ അമ്മയ്ക്ക് എത്രവേണമെങ്കിലും കണ്ണുനീരുണ്ട് എന്ന് മാക്‌സിം ഗോർക്കി അമ്മ എന്ന നോവലിൽ എഴുതി. അമ്മമാർ തരണം ചെയ്യുന്ന ജീവിതം മക്കളുടേതുകൂടിയാകുന്നു.’അമ്മ’ യിലേക്ക് കണ്ണുകൂർപ്പിക്കുമ്പോൾ മഹത്തായ അതിന്റെ ഇതിവൃത്തത്തിൽ നിന്നും സജീവ സാന്നിദ്ധ്യമായി നിറഞ്ഞു നില്ക്കുന്ന ‘തൊഴിലാളിയുടെ വിധവ’ എന്ന് സ്വയം അഭിമാനിച്ച പിലാഗേയ നിലോവ്‌നയെ പ്രത്യേകമായി ഓർത്തെടുക്കുകയാണിവിടെ. കരിപുരണ്ട അസമത്വത്തിന്റെ നേർചിത്രങ്ങളോടൊപ്പം സ്വാതന്ത്ര്യത്തിലേക്കും ആന്തരികപരിവർത്തനത്തിലേക്കും അവർ കടന്നു വന്നത് കൂടുതൽ തെളിമയോടെ കാണാനാകും.
പാവെൽ മിഖാലിയോവിച്ചിന്റെ അമ്മ നിലോവ്‌ന. ഫാക്ടറിതൊഴിലാളി. രാവിലെ മുതൽ വൈകിട്ടു വരെ ഫാക്ടറിയിൽ കടുത്ത ശാരീരിക അധ്വാനം. വീട്ടിൽ വന്നാലും കടുത്ത ജോലികൾ. മദ്യപിച്ചെത്തുന്ന ഭർത്താവിന്റെ ശകാരം. മർദനം. നരകതുല്യമായ ജീവിതം. അകാലത്തിൽ ഭർത്താവ് മരിക്കുമ്പോൾ ഒരു തുള്ളി കണ്ണീരു പോലുമില്ല നിലോവ്‌നയ്ക്കു കരയാൻ ബാക്കി. കരച്ചിലായിരുന്നല്ലോ അവരുടെ ജീവിതം മുഴുവൻ. റഷ്യയിലെ സാമൂഹികമായ ഉണർവിനെക്കുറിച്ച് അവർക്ക് ഒന്നും അറിയില്ല. എഴുത്തും വായനയുമില്ല. കഷ്ടപ്പെട്ട് ഓരോ ദിവസവും മുന്നോട്ടുകൊണ്ടുപോകുക. മരിച്ചുപോയ അച്ഛനെ അനുകരിക്കാൻ ശ്രമിച്ചെങ്കിലും അമ്മയുടെ സ്‌നേഹത്തിനുമുന്നിൽ പാവെൽ ജീവിതത്തിലേക്കു ചുവടുവയ്ക്കുന്നു. വിപ്ലവാവേശത്തിന്റെ ഭാഗമാകുന്നു അവനും. പുസ്തകങ്ങൾ വീട്ടിലേക്കു കൊണ്ടുവരുന്നു. വായിക്കുന്നു. ചർച്ച ചെയ്യുന്നു. സമാന മനസ്‌കരുടെ കൂട്ടായ്മകൾ രൂപപ്പെടുത്തുന്നു. അപ്പോഴൊക്കെയും മകന്റെ നിഴലായി നിലോവ്‌നയുണ്ട്. ഇടക്കാലത്ത് അവരും അക്ഷരങ്ങൾ കൂട്ടിവായിക്കാൻ പഠിക്കുന്നു. വിപ്ലവത്തിന്റെ ചൂട് പടർന്നുപിടിക്കുകയാണ് റഷ്യയിൽ. ആവേശത്തിന്റെ അഗ്‌നി ഏറ്റുവാങ്ങി യുവത്വത്തിന്റെ ഊർജത്തിൽ നല്ല നാളെയെ സ്വപ്നം കാണുകയാണു പാവെൽ.
ഗോർക്കിയുടെ ‘അമ്മ’ നമുക്ക് ചുറ്റുമുള്ളതോ നമ്മുടെതന്നെയോ അമ്മയെ കുറിച്ചും അവരോട് അറിഞ്ഞോ അറിയാതെയോ വിദ്യാസമ്പന്നരെന്നു നടിക്കുന്ന ആധുനിക സമൂഹം ചെയ്യുന്ന കടുത്ത നീതികേടുകളെ കുറിച്ചും ചില നീറ്റലുകൾ ഉണ്ടാകും ഈ പുസ്തകത്തിലൂടെ സഞ്ചരിക്കുമ്പോൾ.
പലപ്പോഴും കൂലിവാങ്ങാത്ത വേലക്കാരിയാണ് അമ്മ. മധ്യവയസ്സ് എത്തിയ അമ്മയെ മക്കൾക്ക് വേണ്ടത് ചായ ഉണ്ടാക്കാനും, അവരുടെ വസ്ത്രങ്ങൾ അലക്കാനും മാത്രമായിരിക്കും. ഈ സമയത്ത് മക്കളുടെ സാമീപ്യം ഏറെ കൊതിക്കുന്ന, പണ്ട് അവരെ പുറത്ത് കൊണ്ട് പോയ പോലെ മക്കൾ തന്നെയും പുറത്ത് കൊണ്ട് പോകുന്നത് കൊതിക്കുന്ന അമ്മ, ഒരു വിങ്ങലോടെ തന്റെ മകന്റെ റൂമിൽ ചെന്ന് മകന്റെ പുസ്തകങ്ങളെയും വസ്ത്രങ്ങളെയും ഒറ്റക്കിരുന്നു വിങ്ങലോടെ തടവുന്നത് ഭാവനയിൽ കാണൂ… ഞാനില്ലാത്തപ്പോൾ എന്റെ റൂമിൽ കയറി എന്റെ സാധനങ്ങൾ തൊട്ട് നോക്കുന്ന അമ്മയെ ഞാനറിയുന്നു. ഞാൻ എന്റെ മക്കളെയും കൊണ്ട് പുറത്തു പോകുമ്പോൾ ‘മ്മമ്മയെയും കൂട്ടുമോ…’ എന്ന് എന്റെ മകനോട്/മകളോട് ചോദിക്കുമ്പോഴുള്ള ചിരിയിലെ കണ്ണീരു ഞാനറിയുന്നു.. അമ്മക്ക് വേണ്ടപ്പെട്ടവരുടെ അടുത്തേക്ക് ഒന്നാക്കി തരുമോ എന്ന ചോദ്യത്തിന് എനിക്ക് തിരക്കാണ്, നിങ്ങൾ ഒറ്റക്ക് പൊയ്‌ക്കോളൂ എന്ന ഉത്തരം കൊടുക്കുമ്പോൾ, പണ്ട് അമ്മ എവിടെ പോകുമ്പോഴും കൂടെ പോകാൻ കരഞ്ഞ എന്നെ അമ്മ ഓർക്കുന്നത് ഞാനറിയുന്നു.
കലഹപ്രിയനായ മിഖായിൽ വ്‌ലാസോവ് എന്ന മെക്കാനിക്, വോഡ്കയുടെ ഗന്ധം കലർന്ന ഫലിതങ്ങളിൽ നൃത്തവും സംഗീതവും കൂടിക്കലർന്ന ഒരു ഇരുണ്ട ഇടനാഴിയിൽ വെച്ച്, ഭിത്തിയോട് ചേർത്ത് പിടിച്ചു നിർത്തി നേടിയെടുത്തൊരു മൗനാനുവാദമാണ് പിലെഗ നിലോവ്‌നയുടെ ജീവിതമെന്ന് ഗോർക്കി എഴുതുന്നു. കുത്തഴിഞ്ഞ ജീവിതവും മദ്യപാനവും ഭർത്താവിനെ മരണത്തിലേക്ക് തള്ളിവിട്ടപ്പോൾ അവരിൽ ജ്വലനമുണർത്താൻ പാവേൽ വ്‌ലാസോവ് എന്ന ക്ഷുഭിതയൗവനം ചോദിച്ച ഒരു ചോദ്യം ഉണ്ട്: ‘അമ്മ എന്തു സുഖമാണ് അറിഞ്ഞിട്ടുള്ളത്? ഓർമ്മിക്കാനായി എന്താണ് കൈവശമുള്ളത്’
ഇത് കാലപ്പഴക്കത്താൽ തേഞ്ഞുപോയൊരു ചോദ്യമല്ല. കേൾക്കാനും കാണാനും തുറവിയുള്ള ഇക്കാലത്തും ഏതൊരാൾക്കും പരസ്പരം ചോദിക്കാവുന്നൊരു ചോദ്യമാണിത്. നിലോവ്‌നയ്ക്ക് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സ്ത്രീകളോട് ഏറെ പറയാനുണ്ട്. ചരിത്രത്തിലെ ഈ അമ്മ എന്റെ ഉറക്കം കെടുത്തുകയും അവരുടെ സൗമ്യമായ ചലനങ്ങളാൽ ചിന്തകൾ പൊലിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഉയർന്ന വലത്തേ പുരികക്കൊടി ഉയർത്തി തിടുക്കത്തിലും ജാഗ്രതയിലും അവർ ചെയ്തു കൂട്ടുന്ന കാര്യങ്ങൾ പുതുജീവൻ നേടിയ ഒരാത്മാവിന്റെ പ്രഭയാൽ കൂടുതൽ അർത്ഥവത്താക്കുകയാണ് ജീവിതം തന്നെ. അവർ ഇന്നിൽ ജീവിക്കുകയും പ്രവചനാതീതമായി കുറേ ഏറെ കാര്യങ്ങൾ പറഞ്ഞു വെച്ചിരിക്കയും ചെയ്തത് പോലെ.
മാക്‌സിം ഗോർക്കിയുടെ ‘അമ്മ’ യുടെ സോവിയറ്റ് പതിപ്പ് വായിച്ചു തുടങ്ങുമ്പോൾ ‘അമ്മ’യെന്ന കൃതിയുടെ ഭാഗധേയം തികച്ചും അസാധാരണമായിരുന്നു. ഇത്രയേറെപ്പേർ വായിക്കുകയും ജനകോടികളുടെ ജീവിതങ്ങളെ ഇത്രത്തോളം സ്വാധീനിക്കുകയും ചെയ്തിട്ടുള്ള പുസ്തകം ലോക സാഹിത്യ ചരിത്രത്തിൽ വിരളമാണ്. നിമിഷങ്ങൾക്ക് ശമ്പളം വാങ്ങുന്ന ആധുനിക മക്കൾ ഒരിക്കലെങ്കിലും
‘അമ്മ’ വായിച്ചിരുന്നെങ്കിൽ എന്നു തോന്നിപോകുന്നു. ഈ പുതിയ കാലത്ത് ‘അമ്മ’ വായിക്കുന്നത് അത്യന്തം പ്രയോജനകമായിരിക്കും തികച്ചും സമയോചിതമായ പുസ്തകം.
വർഷങ്ങൾക്കു ശേഷം പുനർവായന തന്ന ആനന്ദത്തിൽ നിന്നും ബോധ്യത്തിൽ നിന്നുമാണ് അവരെ ഞാൻ സമക്ഷത്തിലേക്കു വീണ്ടും കൂട്ടികൊണ്ട് വരുന്നത്. കാലം ഉഴുതുമറിച്ച നിലത്ത് ഗോർക്കിയുടെ അക്ഷരങ്ങൾ പുതുജീവൻ പ്രാപിച്ചു ആഴ്ന്നിറങ്ങിയതുപോലെ.
അമ്മയാണ് സത്യം; ജീവിതം സാക്ഷി…

