നാം നമ്മളാവുമ്പോൾ

മക്കളുടെ ജന്മദിനങ്ങൾ മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം കേവലം ഒരു കലണ്ടർ തീയതിയല്ല, മറിച്ച് തങ്ങളുടെ സ്‌നേഹവും പ്രാർത്ഥനയും സഫലമായതിന്റെ ഓർമ്മപ്പെടുത്തലാണ്. അവനവന്റെ കഴിവനുസരിച്ച് ഏറ്റവും നന്നായി ആ ദിവസം ആഘോഷിക്കാൻ തന്നെയാണ് മിക്കവാറും എല്ലാ മാതാപിതാക്കളും ശ്രമിക്കുക. വിലകൂടിയ സമ്മാനങ്ങൾ വാങ്ങിയും, പുത്തൻ ഉടുപ്പുകൾ അണിയിച്ചും, മധുരം പങ്കുവെച്ചും ആ ദിനത്തെ നാം ധന്യമാക്കുന്നു. അന്ന് ആ ആഘോഷത്തിന്റെ കേന്ദ്രബിന്ദുവായ കുട്ടിക്ക് വലിയ സന്തോഷവും അഭിമാനവും ഉണ്ടാകുന്നത് സ്വാഭാവികം തന്നെ. എന്നാൽ ഈ ആഹ്ലാദപ്രകടനങ്ങൾക്കിടയിൽ നാം വിസ്മരിച്ചുപോകുന്ന, എന്നാൽ മക്കളെ പഠിപ്പിക്കേണ്ടുന്ന അതീവ ഗൗരവകരമായ ചില ജീവിതസത്യങ്ങളുണ്ട്. ഈ ഭൂമിയിൽ തനിക്ക് ശ്വസിക്കാനും ജീവിക്കാനും ഒരു അവസരം ലഭിച്ചത് തന്റെ മാതാപിതാക്കൾ വഴിയാണെന്നും, ഈ ജന്മം അവർ തനിക്ക് നൽകിയ ഏറ്റവും വലിയ വരമാണെന്നും ആരെങ്കിലും ആ കുട്ടിയെ ഓർമ്മിപ്പിക്കാറുണ്ടോ? കുഞ്ഞിന് കൈനിറയെ സമ്മാനങ്ങൾ വാരിക്കോരി നൽകുന്നതിന് മുൻപേ, നിനക്ക് ഈ പ്രപഞ്ചം കാണിച്ചുതന്ന നിന്റെ അച്ഛനും അമ്മയ്ക്കും ഒരു സ്‌നേഹചുംബനമോ നന്ദിയോ നൽകാൻ അവരോട് നാം പറയണം. തനിക്ക് ലഭിച്ച ഈ ജീവിതം തന്റെ മാത്രം ‘ക്രെഡിറ്റ്’ അല്ലെന്നും, അത് പ്രപഞ്ചവും മാതാപിതാക്കളും ചേർന്ന് തനിക്ക് നൽകിയ മഹാദാനമാണെന്നും തിരിച്ചറിയുന്നിടത്താണ് ഒരു വ്യക്തിയുടെ വിനയം വേരുപിടിക്കുന്നത്.
നമുക്ക് ലഭിച്ച ഈ ജന്മത്തെക്കുറിച്ച് അഹങ്കരിക്കാൻ നമുക്ക് യാതൊരു അവകാശവുമില്ല. നാം എവിടെ ജനിക്കണം, ഏത് ശരീരപ്രകൃതിയോടെ ജനിക്കണം എന്നൊന്നും നാം സ്വയം തീരുമാനിച്ചതല്ല. അതുകൊണ്ടുതന്നെ, ഒരു കാര്യത്തിലും അഹങ്കാരം കൊണ്ടുനടക്കരുത് എന്ന് നാം ഓരോരുത്തരും ആഴത്തിൽ മനസ്സിലാക്കേണ്ടതുണ്ട്. അവകാശങ്ങളെക്കുറിച്ച് മാത്രം വാതോരാതെ സംസാരിക്കുകയും മറ്റുള്ളവരുടെ മേൽ അധികാരം സ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന പുതിയ കാലഘട്ടത്തിൽ, നമുക്ക് അവകാശങ്ങൾ മാത്രമല്ല, വലിയ കടമകളും ഉത്തരവാദിത്തങ്ങളും ഉണ്ടെന്ന് ഓരോ മകനും മകളും ബോധ്യപ്പെടണം. ജന്മദിനം എന്നത് വെറുമൊരു വയസ്സ് കൂടുന്നതിന്റെ കണക്കെടുപ്പല്ല, മറിച്ച് താൻ ഈ ലോകത്തോടും തന്നെ വളർത്തിയവരോടും എത്രത്തോളം കടപ്പെട്ടിരിക്കുന്നു എന്ന തിരിച്ചറിവിന്റെ ഓർമ്മപ്പെടുത്തലാവണം. വിനയത്തോടെയുള്ള പെരുമാറ്റവും മാതാപിതാക്കളോടുള്ള ആദരവുമാണ് ഒരു വ്യക്തിക്ക് തന്റെ ജീവിതത്തിന് നൽകാവുന്ന ഏറ്റവും വലിയ മൂല്യം. മാതാപിതാക്കളെ ബഹുമാനിക്കാൻ പഠിക്കാത്ത ഒരാൾക്ക് ഈ ലോകത്ത് മറ്റാരെയും യഥാർത്ഥമായി സ്‌നേഹിക്കാൻ കഴിയില്ല.
ഈ വിശാലമായ പ്രപഞ്ചത്തിൽ നാം ആണായാലും പെണ്ണായാലും അത് നമ്മുടെ സ്വന്തം കഴിവിനാൽ സംഭവിച്ചതല്ല, മറിച്ച് കേവലം ജീവശാസ്ത്രപരമായ ഒരു യാദൃശ്ചികത (Biological Happening) മാത്രമാണ്. ആൺരൂപത്തിൽ ജനിച്ചതുകൊണ്ട് മാത്രം പ്രത്യേക ‘ആണത്തം’ കാട്ടി അപരനെ അടിച്ചമർത്താനോ, അതല്ലെങ്കിൽ സ്ത്രീയായതിന്റെ പേരിൽ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് സമൂഹത്തിന്റെ സഹതാപം നേടിയെടുക്കാൻ ശ്രമിക്കുന്നതോ ഒരുപോലെ ബാലിശമാണ്. താൻ ആരായി ജനിച്ചു എന്നതിലല്ല, മറിച്ച് ഏത് രീതിയിൽ സഹജീവികളോട് പെരുമാറുന്നു എന്നതിലാണ് ഒരാളുടെ മഹത്വം ഇരിക്കുന്നത്. മനുഷ്യൻ എന്ന നിലയിൽ നാം തുല്യരാണെന്ന ബോധ്യം ഓരോരുത്തരിലും ഉണ്ടാകണം. ലിംഗഭേദത്തിന്റെയോ വർണ്ണത്തിന്റെയോ പേരിൽ അഹങ്കരിക്കുന്നത് വിഡ്ഢിത്തമാണ്, കാരണം ഇതിലൊന്നും നമ്മുടെ പങ്കാളിത്തമില്ല.
ജീവിതം എന്നത് കേവലം ഒരു ശ്വാസത്തിന്റെ മാത്രം ബലമുള്ളതാണ്. ആ ശ്വാസം ഒരു നിമിഷം നിലച്ചാൽ തീരാവുന്നതേയുള്ളൂ നമ്മുടെ എല്ലാ അഹങ്കാരങ്ങളും പദവികളും സാമ്രാജ്യങ്ങളും. മരിച്ചു കഴിഞ്ഞാൽ ഒരു പുനർജന്മം ഉണ്ടാകുമെന്ന് ആർക്കും ഒരു ഉറപ്പുമില്ലാത്ത സ്ഥിതിക്ക്, കൈവശമുള്ള ഈ ചെറിയ ജീവിതകാലം അഹങ്കാരങ്ങളും ദുഷ്ടതകളും വെടിഞ്ഞ് സമാധാനത്തോടെ കഴിയുന്നതല്ലേ ഏറ്റവും വലിയ ബുദ്ധി? നമ്മുടെ ജന്മം പോലും നമ്മുടെ നിയന്ത്രണത്തിലല്ല എന്നിരിക്കെ, നാം നേടിയെടുത്തതെന്ന് അഹങ്കരിക്കുന്ന സമ്പത്തോ പദവിയോ സൗന്ദര്യമോ ഒന്നും ശാശ്വതമല്ല.
ലോകം കണ്ട മഹാന്മാരെല്ലാം വിനയത്തിന്റെ പാത സ്വീകരിച്ചവരായിരുന്നു. സ്വന്തം നിലനിൽപ്പിന്റെ നശ്വരതയെക്കുറിച്ച് ബോധ്യമുള്ള ഒരാൾക്ക് മാത്രമേ മറ്റുള്ളവരോട് കരുണ കാണിക്കാൻ കഴിയൂ. സ്വന്തം നിലനിൽപ്പിന്റെ നിസ്സാരത തിരിച്ചറിയുമ്പോൾ അഹങ്കാരത്തിന്റെ പടവുകൾ താനേ ഇല്ലാതാകും. ആഘോഷങ്ങൾക്കപ്പുറം ഇത്തരം ആത്മീയവും മാനുഷികവുമായ തിരിച്ചറിവുകൾ മക്കളിലേക്ക് പകരുന്നത് അവരെ മികച്ച മനുഷ്യരായി വളർത്താൻ സഹായിക്കും. നാം പോയിക്കഴിഞ്ഞാലും നാം നൽകിയ സ്‌നേഹവും നന്മയും മറ്റുള്ളവരുടെ ഉള്ളിൽ നോവാതെ ശേഷിക്കണം. ഓരോ ജന്മദിനവും നമ്മെ വിനയത്തിന്റെ പുതിയ പാഠങ്ങൾ പഠിപ്പിക്കട്ടെ. നമ്മുടെ അഭാവത്തിലും നാം പകർന്നു നൽകിയ വിനയവും കടമകളും വഴി നമുക്ക് നമ്മളെ തന്നെ ഒരു സൽകർമ്മമായി തുടരാൻ സാധിക്കട്ടെ. നാം ഭൂമിയിൽ ബാക്കിവെച്ചു പോകുന്നത് നമ്മുടെ സമ്പത്തല്ല, മറിച്ച് നാം ചെയ്ത നന്മകളാവണം. നമ്മുടെ സ്വന്തം എന്ന് കരുതിയതെല്ലാം ഒരു ദിവസം ഒന്നുമല്ലാതയിതീരും. നാം തന്നെ നമുക്ക് സ്വന്തമല്ലാതായി ഇല്ലാതാകുന്ന നിമിഷം. അത് വരെ നാം കാരണം ആരും വേദനിക്കാതെ നമുക്ക് നമ്മളായി തന്നെ തുടരാം.

Share this:

Recently added