ഞാൻ എപ്പോളും സങ്കടത്തെക്കുറിച്ചു എഴുതുന്ന ആൾ ആണെന്ന് ചില നല്ല മനസ്സുള്ളവർ പറഞ്ഞിട്ടുണ്ട്. അങ്ങനെയൊന്നുമില്ല. അത് അങ്ങനെ ആയിപ്പോകുന്നതായിരിയ്ക്കാം. അത് മനപ്പൂർവ്വം അല്ല. ഞാൻ മനസ്സിൽ ഒരുപാട് സന്തോഷം സൂക്ഷിയ്ക്കുന്നയാൾ ആണ്.
പിന്നെ ജീവിതം അങ്ങനെ ആണല്ലോ. ഒരു സങ്കടത്തിന് ഒരു സന്തോഷം. ഒരു കയറ്റത്തിനു ഒരു ഇറക്കം എന്നൊക്കെ പറയും.
അങ്ങനെ ഒരു ബാലൻസിങ്ങ് ആക്റ്റ് ഒക്കെ ജീവിതത്തിൽ ഉണ്ട് എന്ന് പറയും. സത്യത്തിൽ അങ്ങനെ ഉണ്ടോ? മിയ്ക്കവർക്കും സങ്കടങ്ങൾ അല്ലേ ജീവിതത്തിൽ കൂടുതലും. വല്ലപ്പോഴും കടന്ന് വരുന്ന അതിഥിയല്ലേ സന്തോഷം?
ഞാൻ കാണുന്ന ഭൂരിഭാഗം ആളുകളും അങ്ങനെയാണ്. അല്ലാത്ത ആളുകളും ഉണ്ടാവും. ഉദാഹരണത്തിന് ഭൂട്ടാൻ. അവിടെയുള്ള ആളുകൾ വളരെ സന്തോഷത്തോടെ ജീവിയ്ക്കുന്ന ആളുകൾ ആണ് എന്ന് കേട്ടിട്ടുണ്ട്. യൂറോപ്പിലെ പല രാജ്യങ്ങളും അങ്ങനെ ആണ് എന്ന് കേട്ടിട്ടുണ്ട്. പ്രത്യേകിച്ചും ഫിൻലാൻഡ്, ഡെന്മാർക്ക്, ഐസ് ലാൻഡ്, സ്വീഡൻ തുടങ്ങിയ കൊച്ചു രാജ്യങ്ങൾ. ഇപ്പോൾ അയർലൻഡിൽ ധാരാളം മലയാളികൾ ഉണ്ടല്ലോ. അവരും പറഞ്ഞു കേട്ടിട്ടുള്ളതു അവിടുത്തുകാരും വളരെ സന്തുഷ്ടരാണെന്നാണ്. പൊതുവേ വൃദ്ധരാണത്രെ കൂടുതൽ. എല്ലാവർക്കും പ്രഷറും പ്രമേഹവും ഉണ്ട്. എന്നാലും എല്ലാവരും മരുന്നും കഴിച്ചു സന്തോഷിച്ചു ജീവിയ്ക്കുകയാണ് എന്നാണ് പറയുന്നത്. എന്റെ ഒരു സംശയം അപ്പോൾ അവർക്ക് എങ്ങനെയാണ് സന്തോഷം ആസ്വദിയ്ക്കാൻ കഴിയുന്നത് എന്നാണ്. സങ്കടം ഉണ്ടെങ്കിലല്ലേ സന്തോഷം അറിയുവാൻ സാധിയ്ക്കുകയുള്ളൂ. ഉദാഹരണത്തിന് ഇസ്രായേൽ. അവിടുത്തെ ആളുകളും സന്തുഷ്ടർ ആണത്രേ. അത് മനസ്സിലാക്കുവാൻ സാധിയ്ക്കും. അയൽ രാജ്യവുമായുള്ള അവരുടെ ബന്ധങ്ങൾ അവർ ആക്കിതീർത്തിരിയ്ക്കുന്നത് അങ്ങനെയാണല്ലോ. രാഷ്ട്രീയ അസ്ഥിരത ഉള്ള രാജ്യമാണെങ്കിലും അവിടേയ്ക്കും ഇപ്പോൾ മലയാളികൾ തൊഴിൽ തേടി പോകുന്നുണ്ട് അവിടെയുള്ള മലയാളികൾ പറഞ്ഞു കേട്ടിട്ടുള്ളതാണ്. അവിടെ രാജ്യത്തുടനീളം ചാലുകൾ നിർമ്മിച്ചിട്ടുണ്ടത്രെ. സ്‌ഫോടന ശബ്ദമോ മറ്റോ കേൾക്കുമ്പോൾ ആളുകൾ അവിടെ ഇറങ്ങിയിരുയ്ക്കുമത്രേ. നിശ്ശബ്ദമാവുമ്പോൾ എല്ലാവരും പുറത്തു വരും. അങ്ങനെ സ്വന്തം ജീവനും സ്വത്തിനുമൊന്നും ഒരു ഉറപ്പുമില്ലാത്ത ഒരു രാജ്യത്തുള്ള ജനങ്ങൾ സന്തുഷ്ടരാണെന്ന് പറയുമ്പോൾ അതൊരു വലിയ കാര്യം തന്നെയാണ്. ഇനിയിപ്പോൾ ജീവിതത്തിലെ ആർഭാടങ്ങളിലോ സുഖ സൗകര്യങ്ങളിലൊ അഭിരമിയ്ക്കുന്നതാണ് സന്തോഷം എന്ന് കരുതിയാൽ അതും അത്ര ശരിയാണ് എന്ന് പറഞ്ഞു കൂടാ…
സ്വീഡനിലെ പ്രധാനമന്ത്രി പാർലിമെന്റിലേയ്ക്ക് വരുന്നത് സൈക്കിളിൽ ആണെന്ന് മുൻപ് വായിച്ചിട്ടുണ്ട്. അവിടെ മാത്രമല്ല പല യൂറോപ്യൻ രാജ്യങ്ങളിലെ ആളുകളുടെയും ഇഷ്ട വാഹനം സൈക്കിൾ ആണത്രേ. ഇപ്പോൾ ലോകത്തിലെ വലിയ സാമ്പത്തിക ശക്തിയായ ചൈനയിലും ധാരാളം ആളുകൾ സൈക്കിളുകളിൽ സഞ്ചരിയ്ക്കുന്നുണ്ട്… പക്ഷേ അവിടെ കടുത്ത സാമ്പത്തിക അസമത്തം നിലനിൽക്കുന്നുണ്ടല്ലോ.
ലോകത്തെ ഏറ്റവും വലിയ പല കോടീശ്വരൻമാരും സരളമായ ജീവിതത്തിന് ഉടമകളാണ്. വലിയ ഉദാഹരണങ്ങൾ ഇന്ത്യയിൽ തന്നെയുണ്ട്. ഒന്നാമത് ഓർമ്മ വരുന്നത് വിപ്രോ സ്ഥാപകൻ ആയ അസീം പ്രേംജിയേത്തന്നെയാണ്. ഒരിയ്ക്കലും പുത്തൻ കാറുകൾ വാങ്ങാത്ത, ഉപയോഗിയ്ക്കപ്പെട്ട കാറുകളിൽ മാത്രം യാത്ര ചെയ്ത അസീം പ്രേംജി. കിട്ടുന്ന പണത്തിൽ അല്പം മാത്രം എടുത്ത് ബാക്കി പണം മുഴുവൻ ചാരിറ്റിയ്ക്ക് വേണ്ടി നീക്കി വച്ച അസീം പ്രേംജി. പിന്നെ ഇൻഫോസിസ് സ്ഥാപകനായ നാരായണ മൂർത്തി. പിൽക്കാലത്ത് ചില വിവാദങ്ങൾക്ക് ഇട നൽകിയെങ്കിലും വെറും 800 രൂപ മാത്രം സ്വന്തം വിവാഹത്തിന് ചെലവഴിച്ച നാരായണ മൂർത്തി. എഴുത്തുകാരി കൂടിയായ സുധാമൂർത്തിയെ ഒരു ചരടിൽ കോർത്ത മംഗല്യ സൂത്രം കെട്ടി വിവാഹിതനായ വ്യക്തി. കാറുകളിൽ യാത്ര ചെയ്യാതെ കമ്പനി ബസ്സുകളിൽ അദ്ദേഹം യാത്ര ചെയ്തിരുന്നു. പിന്നെ വാറൻ ബഫറ്റ്. എളിയ നിലയിൽ നിന്നും ഉയർന്നു വന്ന അദ്ദേഹം വന്ന വഴി മറന്നതേയില്ല. സാധാരണ ഭവനത്തിൽ ജീവിയ്ക്കുകയും സ്വയം കാറോടിയ്ക്കുകയും ചെയ്ത 95 വയസ്സുകാരൻ. കമ്പ്യൂട്ടർ രംഗത്തു നിന്നു ഒരു തരംഗമായി നിൽക്കുന്ന യുവ വ്യവസായി മാർക്ക് സക്കർബർഗ് മറ്റൊരു ഉദാഹരണം ആണല്ലോ. നമ്മുടെ നാട്ടിലും ഉണ്ടല്ലോ ഇത്രയൊന്നും പ്രശസ്തരല്ലെങ്കിലും ഇത് പോലെയുള്ളവർ. ഒരു പരിധി വരെ ഞാനും ഇതൊക്കെ അനുകരിയ്ക്കാൻ ശ്രമിയ്ക്കാറില്ലെന്നല്ല. ഒരു മുതിർന്ന ഡോക്ടർ ആയിട്ടും വെറും 11 കിലോമീറ്റർ മാത്രം അകലെയുള്ള അറുപതിൽ പരം ആളുകൾ ജോലി ചെയ്യുന്ന ഒരു സർക്കാർ സ്ഥാപനത്തിന്റെ മേധാവി ആയിരിയ്ക്കുമ്പോളും മൂന്ന് ബസ്സുകൾ മാറിക്കയറി പോയി വന്നിരുന്ന ഒരാൾ. ഇപ്പോളും അങ്ങനെ തന്നെ. സാധാരണക്കാരന്റെ വേഷം എന്ന വിശേഷണമുള്ള മുണ്ടുടുത്ത് ജോലിയ്ക്ക് പോകാൻ സന്തോഷമുള്ള ആൾ. ഒരു കാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്ന ചലച്ചിത്ര താരമാണ് എറണാകുളത്തുകാരിയായ നടി കാർത്തിക. സത്യൻ അന്തിക്കാടും ശ്രീനിവാസനും ചേർന്നൊരുക്കിയ ഗാന്ധി നഗർ സെക്കന്റ് സ്ട്രീറ്റ് എന്ന സർവ്വ കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രത്തിലെ നായിക.ആ ചിത്രത്തിലെ മുറി ഹിന്ദി പറയുന്ന റാം സിംഗ് (മോഹൻലാൽ) എന്ന പാവം ഗൂർഖാധാരിയെ മലയാളി എങ്ങനെ മറക്കാനാണ്.
സൗന്ദര്യത്തിന്റെ സഹായമില്ലാതെ തന്നെ ഏതൊരു വേഷവും തന്മയത്വത്തോടെ ചെയ്ത് ജനമനസ്സുകളിൽ ഇടം നേടിയ മലയാളത്തിലെ എക്കാലത്തെയും വലിയ ഒരു നടിയായിരുന്നു കാർത്തിക. എന്നാൽ അക്കാലത്തും ഒരു സ്ത്രീ ആയിട്ട് പോലും സ്വന്തം നഗരമായ എറണാകുളത്ത് ഓട്ടോ റിക്ഷയിൽ സ്ഥിരമായി യാത്ര ചെയ്തിരുന്നു കാർത്തിക.
അപ്പോൾ സമ്പത്ത് സന്തോഷത്തിന്റെ ഏക അടിസ്ഥാനമല്ല. പിന്നെ എന്താണ്? മന : സമാധാനം ആണോ? സാമാന്യം നല്ല സർക്കാർ ജോലിക്കാർ ആയിരുന്ന അച്ഛന്റേയും അമ്മയുടെയും മകനാണ് ഞാൻ. അന്ന് ഒരു വീട്ടിൽ അച്ഛനും അമ്മയും സർക്കാർ ജോലിക്കാർ ആയിരുന്ന വീടുകൾ അപൂർവ്വം ആണ്.കൂടാതെ അല്പ സ്വൽപ്പം പ്രതിഭയൊക്കെ ഉണ്ടായിരുന്ന ഒരാൾ. കഠിനാധ്വാനം ചെയ്യാൻ മടിയില്ലാത്ത വിദ്യാർത്ഥി. അന്ന് ഏറെ ശ്രമകരമായിരുന്ന ങആആട അഡ്മിഷൻ നേടിയെടുത്ത ആൾ. എന്നാൽ എന്റെ ജീവിതത്തിൽ അത്ര മന:സ്സമാധാനം ഒന്നും ഞാൻ അനുഭവിച്ചിട്ടില്ല. ഇപ്പോളും ഇല്ല. ഏങ്കിലും സന്തോഷം കിട്ടാൻ ഒരു ബാഹ്യ ലഹരിയുടെയോ അധാർമ്മികമായ പ്രവർത്തിയുടെയോ പുറകെ എനിയ്ക്ക് അലയേണ്ടി വന്നിട്ടില്ല. തൃശൂർ ജില്ലയിൽ നിന്നും വിജയിച്ച് കേരള സംസ്ഥാനത്തു മന്ത്രിയായും സഹകരണ പ്രസ്ഥാനത്തിന്റെ നെടുനായകനായും സേവനം അനുഷ്ഠിച്ചിട്ടുള്ള സമൂഹത്തിൽ സ്വാധീനവും സമ്പത്തുമുള്ള മുതിർന്ന രാഷ്ട്രീയ പ്രവർത്തകൻ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് എന്നും വീട്ടിൽ എത്തുമ്പോൾ ഒരു വിങ്ങിപ്പൊട്ടലിന്റെ വക്കിലായിരിയ്ക്കും അദ്ദേഹമെന്ന്.
ചേർപ്പിൽ ഇപ്പോളും സജീവമായി പ്രവർത്തിയ്ക്കുന്ന വേറൊരു മുതിർന്ന നേതാവും എന്നോട് ഇത് തന്നെ പറഞ്ഞിട്ടുണ്ട്. അവർക്കാർക്കും ജീവിതത്തിൽ സന്തോഷത്തിന്റെ കുറവുണ്ടാകേണ്ട കാര്യമില്ല. അപ്പോൾ സന്തോഷത്തിന്റെ അടിസ്ഥാനം സന്തോഷം പോലും അല്ല എന്ന് തോന്നുന്നു. ഈ വിഷയത്തിൽ ഏറ്റവും മൗലികമായ ഒരു അന്വേഷണം നമ്മുടെ നാട്ടിൽ നടത്തിയിട്ടുള്ള ഒരാൾ പണ്ഡിറ്റ് ശ്രീ ശ്രീ. രാവിശങ്കർ ആണ്. അതിന് വേണ്ടി അദ്ദേഹം ഒരു പ്രസ്ഥാനം തന്നെ വികസിപ്പിയ്ക്കുകയും അത് ഒരു കാലത്ത് വൻ ജനപ്രീതി നേടുകയും ചെയ്തിരുന്നു. അതാണ് ആർട്ട് ഓഫ് ലിവിംഗ്. അതിന്റെ ഭാഗമായി ആയിരകണക്കിന് ആളുകൾ കൂട്ടായി പങ്കെടുത്തിരുന്ന സുദർശന ക്രിയ എന്ന ശ്വാസതാളത്തിൽ ഊന്നിയിരുന്ന പരിപാടിയ്ക്ക് അദ്ദേഹം തന്നെ പല വട്ടം നേതൃത്വം കൊടുത്തിട്ടുണ്ട്. ശ്രീ ശ്രീ രവിശങ്കർ ജനങ്ങളോട് ചോദിച്ചിരുന്ന ഒരു കാര്യമുണ്ട്. നിങ്ങളുടെ മനസ്സിന് ശാശ്വതമായി സന്തോഷം നൽകുന്ന ഏത് കാര്യമുണ്ട്? പണമാണോ? (ആപ്പിൾ സ്ഥാപകനായ സ്റ്റീവ് ജോബ്‌സ് അന്തരിയ്ക്കുന്നത് വെറും 56 വയസ്സിൽ പാൻക്രിയാസിൽ അർബുദം ബാധിച്ചാണ്. മരണാസന്നനായി അദ്ദേഹം കിടക്കുമ്പോൾ പറയുന്നുണ്ട് പണത്തിന്റെ അർത്ഥശൂന്യതയെപ്പറ്റി. വലിയ കാറിൽ സഞ്ചരിച്ചാലും ചെറിയ കാറിൽ സഞ്ചരിച്ചാലും നിങ്ങൾക്ക് ലക്ഷ്യത്തിൽ എത്താം. വലിയ വീട്ടിൽ താമസിച്ചാലും ചെറിയ വീട്ടിൽ താമസിച്ചാലും ഫലം ഒന്ന് തന്നെയാണ്. തന്റെ പണം കൊണ്ട് താൻ എന്തൊക്കെ നേടിയിട്ട് എന്ത് കാര്യമുണ്ടായി? എന്ന് വച്ച് എന്തെങ്കിലും കാര്യമായ ചാരിറ്റി പ്രവർത്തനം നടത്താനോ എന്തിന് ഫോണിന്റെ വില കുറയ്ക്കുവാനോ ആപ്പിൾ തയ്യാറായിട്ടില്ല എന്നത് വേറെ കാര്യം) രവിശങ്കർ തുടർന്ന് ചോദിക്കുന്നു. പ്രകൃതി ദൃശ്യങ്ങൾ ആണോ സന്തോഷം നൽകുന്നത്?
ആയിരക്കണക്കിന് കിലോമീറ്റർ യാത്ര ചെയ്ത് ഒരുപാട് പണം ചെലവ് ചെയ്ത് നയാഗ്ര വെള്ളച്ചാട്ടം കാണാനെത്തിയിട്ട് നിങ്ങൾ അതിൽ എത്ര സമയം നോക്കി നിൽക്കും? സൂര്യോദയങ്ങളും അസ്തമയങ്ങളും അതി വേഗം കടന്ന് പോകും. മനോഹരമായ സംഗീതം നിങ്ങളുടെ കാതിൽ എത്ര സമയം തങ്ങി നിൽക്കും?
സ്ഥായിയായ സന്തോഷം വേണമെങ്കിൽ അത് നിങ്ങളുടെ ഉള്ളിൽ നിന്നും വരണമെന്ന് അദ്ദേഹം പറയുന്നു. അതിന് അദ്ദേഹം ആവിഷ്‌കരിച്ച ആർട്ട് ഓഫ് ലിവിംഗ് ഇന്ന് എവിടെ സ്ഥിതി ചെയ്യുന്നു. ഞാൻ ഒരു സാധാരണക്കാരനാണ്. ഒരു പാട് പ്രാരാബ്ധങ്ങളും പേറിക്കൊണ്ട് എങ്ങനെയൊക്കെ ജീവിതം തട്ടി ഉരുട്ടി മുന്നോട്ട് കൊണ്ട് പോകുന്നയാളാണ്. നാളെ എന്റെ ജീവിതം എത്തരത്തിൽ ആയിരിയ്ക്കും എന്ന ഒരു നിശ്ചയവും എനിയ്ക്കില്ല. ഒരുപാട് പ്രതിസന്ധികളിലൂടെ ഞാൻ കടന്ന് പോയിട്ടുണ്ട്. ഇപ്പോളും കടന്ന് പോയി കൊണ്ടിരിയ്ക്കുന്നു. പക്ഷേ എനിയ്ക്ക് എപ്പോളും സന്തോഷം ഉണ്ടായിട്ടുണ്ട്. അത് ഞാൻ സ്‌നേഹത്തിൽ വിശ്വസിയ്ക്കുന്നത് കൊണ്ടാണ്. അതിന്റെ മനോഹാരിതയിൽ ഞാൻ മയങ്ങിപ്പോകുന്നത് കൊണ്ടാണ്. അതിന്റെ പ്രതീകങ്ങളിൽ ഞാൻ ആത്മ ബലി നടത്തുന്നത് കൊണ്ടാണ്. തിരിച്ചു കിട്ടാത്ത സ്‌നേഹം പോലും എന്നെ ആനന്ദിപ്പിയ്ക്കുന്നത് കൊണ്ടാണ്. എന്റെ ഏക സമ്പാദ്യമായ നഗരത്തിലെ എന്റെ വീടിന് ‘സസ്‌നേഹം’ എന്ന് പേരിട്ടതും അത് കൊണ്ടാണ്.
ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന കൃതിയിൽ ജ്ഞാന പീഠം ജേതാവും മതിഭ്രമങ്ങൾ ഇല്ലാത്ത മനുഷ്യനുമായ ശ്രീ. അക്കിത്തം ഇങ്ങനെ പറയുന്നുണ്ട് :
‘ഒരു കണ്ണീർക്കണം ഞാൻ മറ്റുള്ളവർക്കായ് പൊഴിയ്ക്കവേ
ഉദിയ്ക്കയാണെന്നാത്മാവിലൊരായിരം സൗരമണ്ഡലം.
ഒരു പുഞ്ചിരി ഞാൻ മറ്റുള്ളവർക്കായ് ചെലവാക്കവേ
ഹൃദയത്തിലുലാവുന്നു നിത്യ നിർമ്മല പൗർണ്ണമി’
