കേരളത്തിൽ വലിയൊരു തെരഞ്ഞെടുപ്പ് അടുത്ത് വരികയാണല്ലോ.ഞാൻ ഇന്ന് വരെ കക്ഷി രാഷ്ട്രീയവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിട്ടില്ല. പക്ഷേ പലരുടേയും വിചാരം എനിയ്ക്ക്
രാഷ്ട്രീയമുണ്ടെന്നാണ്. എനിയ്ക്ക് രാഷ്ട്രീയമുണ്ട്. അത് എല്ലാ പാർട്ടികളേയും ഉൾക്കൊള്ളാൻ കഴിയുന്ന മനുഷ്യ പക്ഷ രാഷ്ട്രീയമാണ്. ഞാൻ ഡോക്ടർമാരുടെ ഇന്ത്യയിലെ ഏക സംഘടനയായ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന് ( IMA ) വേണ്ടി സംഘടനാ പ്രവർത്തനം നടത്തിയിട്ടുണ്ട്. ഭാരവാഹിത്തങ്ങളും
വഹിച്ചിട്ടുണ്ട്. പക്ഷേ ഇപ്പോൾ ആജീവനാന്ത അംഗമാണെന്നതിനപ്പുറം വേറെ പ്രവർത്തനമൊന്നുമില്ല.വളരെ വൈകാതെ തന്നെ സംഘടനാ പ്രവർത്തനം എന്നത് എനിയ്ക്ക് പറഞ്ഞിട്ടുള്ള പണിയല്ല എന്ന് എനിയ്ക്ക് ബോധ്യപ്പെട്ടു ഞാൻ അത്തരം പ്രവർത്തനങ്ങളിൽ നിന്നും പിൻവാങ്ങി. ആ സംഘടനാ പ്രവർത്തനം കൊണ്ട് എനിയ്ക്ക് മറക്കാനാവാത്ത ഒരു ഗുണം കിട്ടിയിട്ടുണ്ട്. IMA യുടെ ഒരു യോഗത്തിന് ക്ഷണിയ്ക്കാൻ
പോയപ്പോൾ ആണ് പ്രഗത്ഭ തിരക്കഥാകൃത്തായ ശ്രീ. ലോഹിത ദാസുമായി എനിയ്ക്ക് അടുപ്പമുണ്ടാവുന്നത്. അദ്ദേഹത്തെ മാത്രമല്ല ശ്രീ. സത്യൻ അന്തിക്കാട്, പ്രശസ്ത ഗായകൻ ശ്രീ. പ്രദീപ് സോമസുന്ദരം, ഒരു പെൺകുട്ടിയുടെ ജീവിത കഥ ആധാരമാക്കി നിർമ്മിച്ച അച്ഛനുറങ്ങാത്ത വീട് ‘ എന്ന ചലച്ചിത്രത്തിന്റെ തിരക്കഥാകൃത്ത് ശ്രീ. ബാബു ജനാർദ്ധനൻ, ചലച്ചിത്ര സംവിധാന ജോഡികളായ അനിൽ ബാബു കൂട്ടുകെട്ടിലെ അന്തരിച്ച ശ്രീ.ബാബു പിഷാരടി, മലയാള സിനിമയിലെ സർവ്വ കാല സൂപ്പർ ഹിറ്റുകൾ ആയ മീശ മാധവൻ, നരൻ, അച്ചുവിന്റെ വീട്, മനസ്സിനക്കരേ തുടങ്ങിയ ചിത്രങ്ങൾ രചിച്ച ശ്രീ. രഞ്ജൻ പ്രമോദ്, അനന്തഭദ്രം എന്ന ചിത്രവും നിരവധിമാന്ത്രിക നോവലുകളും എഴുതിയിട്ടുള്ള ശ്രീ. സുനിൽ പരമേശ്വരൻ തുടങ്ങിയ വ്യക്തികളുമായി സൗഹൃദം ഉണ്ടാവുന്നതും അങ്ങനെയാണ്. ഇവരിൽ പലരെക്കുറിച്ചും പലതും എഴുതാനുണ്ടെങ്കിലും ഒരു കാര്യം മാത്രം ഈ അവസരത്തിൽ എഴുതിപ്പോവുകയാണ്. തികച്ചും ഗ്രാമീണ പശ്ചാത്തലത്തിൽ നടക്കുന്ന കഥയാണല്ലോ മീശ മാധവൻ. അത് എഴുതിയ ശ്രീ. രഞ്ജൻ പ്രമോദ് താമസിയ്ക്കുന്നത് കോഴിക്കോട് നഗര മധ്യത്തിലാണ്. ഒരിയ്ക്കലും അദ്ദേഹം ഗ്രാമത്തിലൊന്നും താമസിച്ചു പരിചയമുള്ള ആളല്ല. എന്നിട്ടും എങ്ങനെ മീശ മാധവൻ രചിച്ചു എന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. മനുഷ്യ ജീവിതം എല്ലായിടത്തും ഒരു പോലെയല്ലേ എന്നായിരുന്നു അദ്ദേഹം തന്ന മറുപടി. ആണോ? എനിയ്ക്ക് അറിയില്ല.അദ്ദേഹം പ്രണയിച്ചു വിവാഹം ചെയ്ത അദ്ദേഹത്തിന്റെ പത്‌നി ശ്രീമതി. ജെസ്സി ഞങ്ങൾ പരിചയപ്പെട്ടിട്ടുള്ള ഏറ്റവും നന്മയുള്ള സ്ത്രീകളിൽ ഉൾപ്പെടുന്നു. ശ്രീമതി. ജെസ്സി രഞ്ജൻ തിരുനാവായ നാവാ മുകുന്ദ സ്‌ക്കൂളിൽ അദ്ധ്യാപികയാണ്.
ഞാൻ ശ്രീ. ലോഹിത ദാസിനെ ആദ്യമായി കാണാൻ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട വസതിയായ ഒറ്റപ്പാലത്തിനടുത്തുള്ള ഒരു
ഉൾ നാടൻ ഗ്രാമത്തിലുള്ള അമരാവതിയിൽ ‘ചെല്ലുമ്പോൾ അദ്ദേഹത്തിന് എന്നെ അറിയില്ലായിരുന്നു.ഞാനും സഹധർമ്മിണിയും ചേർന്നാണ് പോയത്. അദ്ദേഹത്തിന്റെ വീട്ടിലെത്തുമ്പോൾ വീടിന്റെ ഉമ്മറത്ത് കുറേ സുഹൃത്തുക്കളുമായി സംസാരിച്ചിരിയ്ക്കുകയായിരുന്നു അദ്ദേഹം.
ഞാൻ ഒറ്റയ്ക്കല്ലെന്നും എന്റെ കൂടേ ഒരു സ്ത്രീയും ഉണ്ടെന്ന് കണ്ടപ്പോൾ പെട്ടെന്ന് അദ്ദേഹം അടുത്തിരുന്ന ഒരാളുടെ കയ്യിൽ തിടുക്കപ്പെട്ട് എന്തോ ഏൽപ്പിയ്ക്കുന്നതും അയാൾ അത് കൊണ്ട് അകത്തേയ്ക്ക് കയറിപ്പോവുന്നതും കണ്ടു. ശ്രദ്ധിച്ചപ്പോൾ അത്
മദ്യക്കുപ്പിയാണെന്ന് മനസ്സിലായി. അദ്ദേഹം അങ്ങനെ കഴിയ്ക്കുന്ന ആളൊന്നുമല്ല. സുഹൃത്തുക്കൾക്ക് അവരുടെ സന്തോഷത്തിനുള്ള ഒരു ചെറിയ സൽക്കാരം.എന്നെ അറിയാഞ്ഞിട്ടും എന്റെ കൂടെ ഒരു സ്ത്രീ കൂടി ഉണ്ടെന്ന് കണ്ടപ്പോൾ അദ്ദേഹം അത് ചെയ്തത് സ്ത്രീകളെ ശരിയ്ക്കും ബഹുമാനിയ്ക്കുന്ന ആളാണെന്ന് അദ്ദേഹമെന്ന് എനിയ്ക്ക് ബോധ്യമാക്കി . ഞങ്ങളെ ക്ഷണിച്ചിരുത്തി പരിചയപ്പെട്ടതിന് ശേഷം അദ്ദേഹം അകത്തുള്ള ജോലിക്കാരിയോട് ചായയുണ്ടാക്കാൻ വിളിച്ച് പറഞ്ഞു. അപ്പോഴേയ്ക്കും എല്ലാ സുഹൃത്തുക്കളും രംഗം കാലിയാക്കിയിരുന്നു. ചായ കുറച്ചു അധികം ഉണ്ടാക്കണമെന്നും വേറെയും അതിഥികൾ എത്താനുണ്ടെന്നും ആ ജോലിക്കാരിയോട് അവരുടെ പേര് ( ആ പേര് എനിയ്ക്ക് ഓർമ്മ വരുന്നില്ല ) വിളിച്ചു പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ ആ അതിഥികൾ എത്തിച്ചേർന്നു. നാലഞ്ച് പേരുണ്ട്. ഒരു വലിയ കാറിലാണ് വന്നിരിയ്ക്കുന്നത്. നിറപറ
അരി ഉണ്ടാക്കുന്ന കമ്പനിയുടെ ഉടമയും സംഘവും ആയിരുന്നു അത്. അവർക്ക് വേണ്ടി അദ്ദേഹത്തെക്കൊണ്ട് ഒരു പരസ്യ ചിത്രം നിർമ്മിയ്ക്കുവാൻ ആയിരുന്നു അവർ എത്തിയത്. അമരാവതി കൂടാതെ ശ്രീ. ലോഹിത ദാസിനു ആലുവയിൽ പെരിയാറിന്റെ കരയിൽ അദ്ദേഹം ഏറെ ഇഷ്ടത്തോടെ നിർമ്മിച്ച ഒരു വീട് ഉണ്ടായിരുന്നു. പക്ഷേ അകാലത്തിൽ അന്തരിയ്ക്കുന്നതിന് കുറച്ചു
മുൻപ് അദ്ദേഹത്തിന് ആ വീട് വിൽക്കേണ്ടി വന്നു. ഇപ്പോൾ അമരാവതിയിൽ അദ്ദേഹത്തിന്റെ പത്‌നി ശ്രീമതി സിന്ധുവും മക്കളും ആണുള്ളത് ( രണ്ട് പേരും ആൺകുട്ടികൾ ). കവിതകൾ എഴുതുകയും പാണ്ഡിത്യത്തോടെ സംസാരിയ്ക്കുകയും ചെയ്യുന്ന
ശ്രീമതി. സിന്ധു ഇപ്പോഴും അദ്ദേഹത്തിന്റെ ഓർമ്മയുടെ തണലിൽ ആണ് ജീവിയ്ക്കുന്നത്. അദ്ദേഹത്തിന്റെ പഴയ ഫോൺ നമ്പർ ഇപ്പോഴും സജീവമാണ്. പക്ഷേ വിളിച്ചാൽ എടുക്കുന്നത് ശ്രീമതി. സിന്ധു ആയിരിയ്ക്കും എന്ന് മാത്രം.
വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകല സഖി എന്ന നോവലിനെക്കുറിച്ച് പ്രശസ്ത നിരൂപകൻ ശ്രീ. എം. പി. പോൾ ബാല്യ കാല സഖി ജീവിതത്തിൽ നിന്നും വലിച്ചു ചീന്തിയ ഒരേടാണ്, വക്കിൽ രക്തം പുരണ്ടിരിയ്ക്കുന്നു എന്ന് എഴുതിയിട്ടുണ്ടല്ലോ. എന്റെ
IMA സംഘടനാ പ്രവർത്തനത്തിന്റെ ചരിത്രത്തിൽ മധുരമായ ഓർമ്മകൾ മാത്രമല്ല, അങ്ങനെയല്ലാത്ത ഒരു അനുഭവവും കൂടിയുണ്ട്. അതിന്റെ വക്കിൽ രക്തം പുരണ്ടിട്ടുണ്ട് എന്ന് മാത്രമല്ല, വലിയൊരു മുറിവ് സൃഷ്ടിച്ച മുറിപ്പാടുമുണ്ട്.അന്ന് ഞാൻ താമസിയ്ക്കുന്ന ഗ്രാമത്തിലെ വീട്ടിൽ രോഗികളെ പരിശോധിയ്ക്കാറുണ്ടായിരുന്നു. ജോലി ചെയ്യുന്നതും അവിടെ അടുത്ത് തന്നെയായിരുന്നു. ആ ദിവസം കാലത്ത് എനിയ്ക്ക് വീട്ടിൽ പതിവിലും അധികം രോഗികളെ പരിശോധിയ്ക്കാനുണ്ടായിരുന്നു. പിറ്റേന്ന് ചൊവ്വാഴ്ച IMAയുടെ യോഗമുണ്ട്. ഞാൻ അന്ന് അവിടുത്തെ IMA യുടെ സെക്രട്ടറിയാണ്. ആ തിങ്കളാഴ്ച ദിവസം കാലത്ത് കുറച്ച് നേരത്തേ എഴുന്നേൽക്കേണ്ടി വന്നത് കൊണ്ട് രോഗികളെ പരിശോധിച്ച് തീർന്ന ശേഷം വെറുതെ ഒന്ന് കിടന്നതാണ്. കാലത്ത് നേരത്തേ ചെറിയ തണുപ്പ് കൂടിയായപ്പോൾ കണ്ണുകൾ അറിയാതെ അടഞ്ഞു പോയി. . ഞാൻ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പത്‌നി പാലക്കാട് ഇറിഗേഷൻ
വകുപ്പിലെ ജോലിയ്ക്കും ചെറിയ കുട്ടിയായിരുന്ന മോൾ സ്‌ക്കൂളിലേയ്ക്കും പോയിക്കഴിഞ്ഞിരുന്നു. ഏതാണ്ട് പത്ത് മിനിറ്റു കഴിഞ്ഞു കാണണം. ലാൻഡ് ഫോൺ ഉച്ചത്തിൽ നിറുത്താതെ
മണിയടിയ്ക്കുന്നത് കേട്ടാണ് ഞാൻ ഉണർന്നത്. കോണിപ്പടിയുടെ അടിയിലായാണ് ഫോൺ വെച്ചിരുന്നത്. ഫോൺ എടുത്തപ്പോൾ അങ്ങേ തലക്കൽ ആയിടെ അകാലത്തിൽ അന്തരിച്ച ഞങ്ങളുടെ
IMA അംഗമായിരുന്ന ഒരു ഡോക്ടറുടെ പത്‌നിയാണ്. അംഗങ്ങളുടെ കുടുംബത്തിന്റെ ക്ഷേമം വളരെയധികം ശ്രദ്ധിയ്ക്കുന്ന സംഘടനയാണ് IMA. മരണ സമയത്ത് ഡോക്ടറുടെ കുടുംബം സാമ്പത്തിക അരക്ഷിതാവസ്ഥയിൽ അകപ്പെടാതിരിയ്ക്കാൻ കുറച്ചു സോഷ്യൽ സെക്യൂരിറ്റി സ്‌ക്കീമുകൾ IMA യ്ക്കുണ്ട്. ഇൻഷുറൻസ് പദ്ധതികൾ. ഓരോ വർഷവും നിശ്ചിത സംഖ്യ പ്രീമിയം
അടച്ചാൽ ആ അംഗത്തിന്റെ മരണ സമയത്ത് വലിയൊരു തുക കുടുംബത്തിന് തിരിച്ചു നൽകുന്നു. ഈ പദ്ധതിയിൽ ആ ഡോക്ടറും ചേർന്നിട്ട് മുടങ്ങാതെ പ്രീമിയം അടച്ചിരുന്നു. അങ്ങനെ അദ്ദേഹത്തിന്റെ കുടുംബത്തിന് ഏതാണ്ട് പത്ത് ലക്ഷത്തിൽപ്പരം
രൂപയ്ക്ക് അർഹതയുണ്ടായിരുന്നു.ഇന്നും അത് നമ്മുടെ സാമൂഹ്യ പശ്ചാത്തലത്തിൽ വലിയ തുക തന്നെയാണല്ലോ.പക്ഷേ ജോലി സ്ഥലത്തായിരുന്നു ആ ഡോക്ടർ അന്ന് താമസിച്ചിരുന്നത്. കുടുംബത്തിന് അദ്ദേഹം ഈ പദ്ധതിയിൽ
അംഗമാണെന്ന വിവരം അറിയുമായിരുന്നില്ല. ഞങ്ങൾ വിളിച്ച് പറയുമ്പോൾ ആണ് ആ കുടുംബം മരിച്ചു പോയ ആ കുടുംബനാഥന്റെ കരുതലിനെക്കുറിച്ചു വിസ്മയത്തോടെ അറിയുന്നത്. ആ ഇൻഷുറൻസ് തുക ചെക്കായി കുടുംബത്തിന്
കൈമാറുന്നത് പിറ്റേ ദിവസത്തെ IMA യുടെ യോഗത്തിൽ ആയിരുന്നു. അതിന്റെ വിവരങ്ങൾ അറിയാൻ വേണ്ടിയാണ് അദ്ദേഹത്തിന്റെ വിധവ വിളിച്ചിരുന്നത്. ഉറക്കച്ചടവോടെ പെട്ടെന്ന് കിടക്കയിൽ നിന്നും ഓടിച്ചെന്ന് ഫോൺ എടുത്ത എനിയ്ക്ക് ഞാൻ പെട്ടെന്ന് അഗാധതയിലേയ്ക്ക് ആഴ്ന്നു പോകുന്നത് പോലെ തോന്നി. വീണ് പോകാതിരിയ്ക്കാൻ ഞാൻ കോണിപ്പടിയുടെ കമ്പിയിൽ
മുറുകെപ്പിടിച്ചു. പിന്നെ പ്രത്യേക ശബ്ദവും പുറപ്പെടുവിച്ചു തറയിൽ വീണ് കിടക്കുന്നതാണ് എനിയ്ക്ക് ഓർമ്മയുള്ളത്.ഫോണിന്റെ റിസീവർ താഴേയ്ക്ക് വീണ് കിടക്കുന്നുണ്ട്. ഞാൻ തല ചുറ്റി വീണതാണ്. വലിയ വേദനയൊന്നുമില്ല.ചെറിയ തോതിൽ തലയുടെ പുറകു വശത്ത് നിന്നും രക്തം വന്നിട്ടുണ്ട്. ചെറിയ എന്തെങ്കിലും മുറിവായിരിയ്ക്കും. തളർന്നു കിടക്കാൻ സമയമില്ല. തിങ്കളാഴ്ചയാണ്. ആശുപത്രിയിൽ രോഗികളുടെ നല്ല തിരക്കുണ്ടാവും. ഞാൻ ഉടനെ എഴുന്നേറ്റ് വസ്ത്രം മാറി അടുത്ത് തന്നെയുള്ള ആശുപത്രിയിലേയ്ക്ക് കാറോടിച്ചു പോയി. രോഗികളെ പരിശോധിയ്ക്കാൻ തുടങ്ങി. ചില രോഗികൾ എന്റെ തലയിൽ ചെറുതായി രക്തം പുരണ്ടിരുന്നത് ശ്രദ്ധിച്ചു . ഞാൻ അവരോട് വീട്ടിൽ എവിടെയോ തട്ടിയതാണ് എന്ന് പറഞ്ഞു. അധികം രക്തമൊന്നുമില്ലാതിരുന്നത് കൊണ്ട് അവരും കാര്യമാക്കിയില്ല. രോഗികളെ പരിശോധിച്ച് തീർന്ന ശേഷം ഞാൻ ആശുപത്രിയിലെ നഴ്‌സിനെ വിളിച്ചു തലയുടെ പിൻഭാഗം ഒന്ന് നോക്കാൻ പറഞ്ഞു. സിസ്റ്റർ ഫോണിലെ ടോർച്ചടിച്ചു നോക്കിയതും അയ്യോ സാറേ… ഇത് വലിയ മുറിവാണല്ലോ എന്ന് പറഞ്ഞു പരിഭ്രമിച്ചു. ഫോണിൽ മുറിവിന്റെ ഫോട്ടോ എടുത്ത് കാണിച്ചു തന്നു. ശരിയാണ്. തലയുടെ പിന്നിൽ വലിയൊരു മുറിവുണ്ട്. തുന്നലിടണം.മാത്രവുമല്ല കുട്ടിയായിരുന്ന സമയത്ത് ആ സ്ഥലത്ത് തന്നെ വീണ് മുറിവ് പറ്റിയുണ്ട്. സിസ്റ്റർ കാറ് വിളിച്ചു ആശുപത്രിയിലേയ്ക്ക് പോകാമെന്നു പറഞ്ഞു. സിസ്റ്റർ ഇത് പറഞ്ഞു വലിയ സംഭവവും ഒന്നും ആക്കരുതെന്നും ഞാൻ തന്നെ കാറോടിച്ചു കൊള്ളാമെന്നും സിസ്റ്റർ കൂടെ വന്നാൽ മാത്രം മതിയെന്നും ഞാൻ പറഞ്ഞു. ആശുപത്രിയിൽ പോയി തുന്നലിട്ടു തിരിച്ചു വീട്ടിൽ വന്നു. വൈഫിനോടും വേറെ ആരോടും ഒന്നും വിളിച്ചു പറഞ്ഞില്ല. പക്ഷേ ഈ വിവരം പെട്ടെന്ന് തന്നെ നാട്ടിൽ പലരും അറിഞ്ഞു. പലരും വിവരം അന്വേഷിയ്ക്കാൻ വന്നു. ഞാൻ ഒരു ചെറിയ മുറിവ് മാത്രമേ പറ്റിയുള്ളൂ എന്നു പറഞ്ഞു. അന്ന് വൈകുന്നേരം പഞ്ചായത്ത് പ്രസിഡന്റ് വിവരം അറിയാൻ വീട്ടിൽ വന്നു. അപ്പോളാണ് മോളും വൈഫും വീട്ടിൽ എത്തുന്നത്. അങ്ങനെ അവർ വിവരമറിഞ്ഞു. ഞാനായിട്ട് അവരോട് ഒന്നും പറയില്ല എന്നു കരുതിയതാണ്. ആ പദ്ധതി അമ്പേ പാളിപ്പോയി. ഇതിന്റെ പേരിൽ ആശുപത്രിയിൽ നിന്നും ഒരു ദിവസം പോലും ഞാൻ ലീവ് എടുത്തില്ല.
പിന്നെ വർഷങ്ങൾക്ക് ശേഷം ഞങ്ങൾ തിരുപ്പതിയിൽ പോയപ്പോൾ ഞാൻ തല മുണ്ഡനം ചെയ്തു. തല മുണ്ഡനം ചെയ്യുമ്പോൾ മേൽ മീശയടക്കം നീക്കം ചെയ്യുമെന്ന് എനിയ്ക്ക് അറിയില്ലായിരുന്നു. അതിന് ശേഷം കണ്ണാടിയിൽ നോക്കിയപ്പോൾ
എന്റെ മുഖം എനിയ്ക്ക് പോലും തിരിച്ചറിയാൻ പറ്റുന്നില്ല എന്ന് മനസ്സിലായി. അപ്പോൾ ആണ് ആ മുറിവ് എന്റെ തലയിൽ ഇനിയൊരിയ്ക്കലും തേഞ്ഞ് മാഞ്ഞു പോകാത്ത വിധത്തിൽ വലിയ പാട് അവശേഷിപ്പിച്ചുണ്ട് എന്ന് മനസ്സിലായത്. ശരിയാണല്ലോ. ചെറിയ പോറലുകൾ ഒക്കെ മാഞ്ഞു പോകും. പക്ഷേ വലിയ മുറിവുകൾ ഉണങ്ങിയാലും അത് സൃഷ്ടിച്ച പാട് അവിടെത്തന്നെയുണ്ടാവും. ശരീരത്തിലാണെങ്കിലും മനസ്സിൽ ആണെങ്കിലും. എല്ലാവരോടും ഞാൻ കുളി മുറിയിൽ വഴുക്കി വീണതാണ് എന്നാണ് ഇത് വരെ പറഞ്ഞിട്ടുള്ളത്. തല ചുറ്റി വീണതാണ് എന്ന് എന്തോ പറയാൻ തോന്നിയിരുന്നില്ല. ആദ്യമായാണ് യഥാർത്ഥത്തിൽ സംഭവിച്ചത് എന്താണെന്ന് ഞാൻ അല്ലാതെ വേറൊരാൾ അറിയുന്നത്.ഒരു പക്ഷേ കുറേ വർഷങ്ങൾക്ക് ശേഷം ഞാൻ ഈ സംഭവത്തെക്കുറിച്ച് ഇങ്ങനെയൊക്കെ എഴുതുമെന്നും അപ്പോൾ വെളിപ്പെടുത്താനായി അതിന്റെ യഥാർത്ഥ കാരണം അത് വരെ രഹസ്യമായിരിയ്ക്കട്ടെയെന്നും നിയതി നേരത്തേ തന്നെ നിശ്ചയിച്ച് കാണണം.
