ചാവേർപ്പടയുടെ യാത്രപോലെ

എൻ.പി മുഹമ്മദ് (1929-2003)
1929 ഡിസംബർ 27 ന് കോഴിക്കോട് ഇടിയങ്ങരയിൽ ജനിച്ചു. കുണ്ടുങ്ങൽ മാപ്പിള സ്‌കൂൾ, പരപ്പനങ്ങാടി ബാസൽ മിഷൻ സ്‌കൂൾ എന്നിവിടങ്ങളിൽ സ്‌കൂൾ വിദ്യാഭ്യാസം. കോഴിക്കോട് സാമൂതിരി കോളജിൽ ഇന്റർമീഡിയറ്റ് കഴിഞ്ഞ് പി.സി.സി. സൊസൈറ്റിയിൽ ജോലി കിട്ടി. ആ സ്ഥാപനം പിന്നീട് ഭവന നിർമ്മാണ സഹകരണസംഘമായി പുനഃസംഘടി പ്പിച്ചു. അവിടെ നിന്ന് വിരമിച്ച ശേഷം ‘കേരള കൗമുദി’യുടെ റസിഡന്റ് എഡിറ്ററായും പ്രദീപം മാസികയുടെ എഡിറ്ററായും ജോലി നോക്കി. റെയിൽവേ ബോർഡിന്റെ ബുക്ക് സെലക്ഷൻ കമ്മറ്റി, സംസ്ഥാന ഫിലിം അവാർഡ് കമ്മിറ്റി, മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരകക്കമ്മിറ്റി എന്നിവയിലും കേരള സാഹിത്യ അക്കാദമിയുടെ പ്രസിഡണ്ടായും കേന്ദ്രസാഹിത്യ അക്കാദമിയുടെ മലയാളം ഉപദേശക സമിതിയിൽ അംഗമായും സേവനമനുഷ്ഠിച്ചു.


കൃതികൾ
തെരഞ്ഞെടുത്ത കഥകൾ, പ്രസിഡന്റിന്റെ ആദ്യത്തെ മരണം, മരണം താരാട്ടുപാടി, തൊപ്പിയും തട്ടവും, നല്ലവരുടെ ലോകം, ഹിരണ്യകശിപു, അറബിപ്പൊന്ന് (എം.ടിയോടൊപ്പം) ഗുഹ, മരം, പുകക്കുഴലും സരസ്വതിയും അബുദാബി, ദുബായ്, താമരനൂൽ എണ്ണപ്പാടം; വീണ്ടും എണ്ണപ്പാടം, ദൈവത്തിന്റെ കണ്ണ്, വീരരസം.


പുരസ്‌ക്കാരങ്ങൾ
കേരളസാഹിത്യ അക്കാദമി, മദിരാശി ഗവൺമെന്റ്, കേന്ദ്രസാഹിത്യ അക്കാദമി, സി.വി.സാഹിത്യ, ലളിതാംബിക അന്തർജ്ജനം, മൂലൂർ തുടങ്ങിയ പുരസ്‌കാരങ്ങൾ ലഭിച്ചു. സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കുള്ള കേരളസാഹിത്യ അക്കാദമി പുരസ്‌ക്കാരവും ലഭിച്ചു.

‘അശാന്ത മനസ്സിന്റെ ഉടമ’ എന്ന് താങ്കൾ സ്വയം വിശേഷിപ്പിക്കാറുണ്ടല്ലോ. അശാന്തി എഴുത്ത് തുടങ്ങുമ്പോൾ തന്നെ ഉണ്ടായിരുന്നതാണോ അതോ പിന്നീട് വന്നു ചേർന്നതോ?
എഴുതാൻ തുടങ്ങിയകാലത്തേ ഉള്ളതാണ് അശാന്തത. ഞാൻ സാഹിത്യരംഗത്തേക്ക് കടന്നു വന്നത് ഒരു പ്രത്യേക സാഹചര്യത്തിൽ നിന്നാണ്. സംസ്‌കൃതത്തിന്റേയും ഇതിഹാസ പുരാണങ്ങളുടേയും അറിവിന്റെ ഒരു പശ്ചാത്തലം എനിക്കുണ്ടായിരുന്നില്ല. മലയാളത്തിലാണെങ്കിൽ ഈ അറിവ് എഴുത്തിന്റെ ഒരു സ്വാഭാവിക പരിണതിയാണ്. എനിക്കാണെങ്കിൽ അത്തരം ഒരു അടിത്തറയുണ്ടായിരുന്നില്ല. സംസ്‌കൃത പാരമ്പര്യവും ഇതിഹാസ പശ്ചാത്തലവും ഇല്ലാതിരുന്നതിനാൽ മനസ്സിൽ എപ്പോഴും ഒരു സംഘർഷം ഉണ്ടായിരുന്നു.
എന്റെ വീട്ടിലുണ്ടായിരുന്ന അന്തരീക്ഷം രാഷ്ട്രീയത്തിന്റേതായിരുന്നു. രാഷ്ട്രീയക്കാർ അവർ വ്യക്തികളെ കാണില്ല. സമൂഹത്തെയാണ് അവർ കാണുക. സാഹിത്യമാണെങ്കിൽ ഏകാന്തതകളെക്കുറിച്ചുള്ളതാണല്ലോ. ഗാർഹികാന്തരീക്ഷവും എന്റെ താല്പര്യങ്ങളും ഇണങ്ങിപ്പോയിരുന്നില്ല. ഇതൊക്കെ ഒരു അശാന്തത ഉണ്ടാക്കിയിരുന്നു. സാഹിത്യവിഷയമാകുമ്പോൾ എപ്പോഴും കഥാപാത്രത്തിന്റെ മനസ്സിലെ അസ്വസ്ഥതയാണല്ലോ തേടിപ്പോവുക. ആ ചിന്തകൾക്ക് എങ്ങനെയാണ് രൂപം നല്കുക. അതിന്റെ ശില്പ ഭദ്രത എങ്ങനെ ആയിരിക്കണം എന്നൊക്കെയാണ് ചിന്തിച്ചുകൊണ്ടിരിക്കുക. അങ്ങനെ … തന്നെ അശാന്തതയുണ്ടെന്നാണ് എന്റെ അനുഭവം.
കൃതി പൂർത്തിയാകുമ്പോൾ അശാന്തതക്ക് ശമനം ഉണ്ടാകുമോ അതോ അത് കൂടി വരുമോ? അശാന്തത ഇറക്കിവെക്കാനുള്ള അത്താണിയായാണോ താങ്കൾ കൃതിയെ കാണുന്നത്?
അശാന്തിയില്ലെങ്കിൽ അതായത് സംതൃപ്തമായ മനോഭാവമാണുള്ളതെങ്കിൽ പിന്നെ ഒന്നും എഴുതേണ്ട ആവശ്യമില്ല. എഴുതി കഴിഞ്ഞാൽ അവസാനിക്കുന്നതല്ല അശാന്തി. എഴുതിക്കഴിഞ്ഞാലും അശാന്തിയുണ്ടാകും. അത് രണ്ട് മൂന്ന് തരത്തിലുള്ളതായിരിക്കും. ഒന്ന് പിന്നെ വേറെ എഴുതാനുള്ള വ്യഗ്രത രണ്ടാമത് എഴുതിയത് തൃപ്തിയായോ എന്നുള്ളത്. ഈ പൂർണ്ണതൃപ്തി ഒരിക്കലും ഉണ്ടാവില്ല. എഴുതിക്കഴിഞ്ഞാലും കൃതി ആ വിധത്തിലാക്കാമായിരുന്നു ഈ വിധത്തിലാക്കാമായിരുന്നു എന്നൊക്കെയുള്ള ചിന്ത ചിലപ്പോൾ വരും.
ദേശീയ പ്രസ്ഥാനത്തിന് കേരളം സംഭാവന ചെയ്ത പ്രധാന നേതാക്കളിൽ ഒരാളായ മുഹമ്മദ് അബ്ദു റഹ്മാൻ സാഹിബ്, താങ്കളുടെ പിതാവ് എൻ.പി.അബു എന്നിവരിൽ നിന്ന് പ്രേരണയും പ്രചോദനവും ഉൾക്കൊള്ളാൻ എഴുത്തുകാരനെന്ന നിലയിൽ താങ്കൾക്ക് സാധിച്ചിട്ടുണ്ടോ?
നമ്മളൊക്കെ വരുന്നത് ഓരോ പ്രത്യേക മതവിഭാഗത്തിൽ നിന്നാണല്ലോ. എന്നാൽ എഴുതാൻ തുടങ്ങുന്നതോടെ നമ്മൾ മനുഷ്യനെക്കുറിച്ചാണ് ചിന്തിക്കുന്നത്. മതിവിഭാഗങ്ങളെക്കുറിച്ചല്ല. മനുഷ്യന്റെ കഴിവുകളും ദൗർബല്യങ്ങളുമാണ് സാഹിത്യത്തിൽ പ്രധാനം. മുഹമ്മദ് എന്നൊരു കഥാപാത്രമാണെങ്കിൽപ്പോലും അയാൾക്കുള്ളത് മനുഷ്യമനസ്സാണ്. മതാനുയായി അല്ലെങ്കിൽ രാഷ്ട്രീയനുയായി എന്നതിൽ കവിഞ്ഞ് മനുഷ്യനെ കാണുക എന്ന വീക്ഷണത്തിന് പരിപോഷണം എനിക്ക് മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്ബിൽ നിന്ന് കിട്ടിയിട്ടുണ്ട്. അടിസ്ഥാനപരമായി മനുഷ്യനെ കാണുക എന്നതായിട്ടുണ്ട്. അടിസ്ഥാനപരമായി മനുഷ്യനെ കാണുക എന്നതാണല്ലോ സാഹിത്യത്തിന്റെ വീക്ഷണം. ഈ വീക്ഷണം ഉൾക്കൊള്ളാൻ അബ്ദുറഹ്മാൻ സാഹിബ്ബിൽ നിന്ന് സാധിച്ചിട്ടുണ്ട്. എന്നാൽ അവരുടെ പ്രവർത്തനത്തിലേക്ക് വരാൻ സാധിച്ചില്ല. അങ്ങനെ തോന്നിയതുമില്ല. അവർ വിഭാവനം ചെയ്ത വീക്ഷണം വളരെ വലുതായിരുന്നു. എല്ലാവരുടേയും നന്മ, വിദേശഭരണം പോവുക, നമ്മൾ തന്നെ നമ്മെ ഭരിക്കുക എന്നൊക്കെയുള്ള ആ വലിയ വീക്ഷണം മാനവികതയിൽ അധിഷ്ഠിതമാണെന്ന് തോന്നി.
കഥയെഴുത്തിൽ താങ്കൾക്ക് താല്പര്യം ജനിച്ചത് എങ്ങനെയാണ്? തുടക്കത്തിൽ മാതൃക കഥാകൃത്തുക്കളായി ആരെയെല്ലാമാണ് കണ്ടിരുന്നത്?
കഥയെഴുത്തിൽ എനിക്ക് താല്പര്യമുണ്ടാക്കിയത് എസ്.കെ.പൊറ്റക്കാട്ടാണ്. അദ്ദേഹത്തിന്റെ കഥകൾ വായിച്ചപ്പോൾ അതുപോലുള്ള കഥകൾ എഴുതണമെന്ന തോന്നലുണ്ടായി. മലബാറിൽ അന്ന് കിട്ടിയിരുന്നത് എസ്.കെ.യുടെ കഥകളായിരുന്നു. തകഴിയുടേയും ബഷീറിന്റേയുമൊക്കെ കൃതികൾ ഞാൻ വായിച്ചത് പിന്നീടായിരുന്നു. എന്റെ രണ്ട് ആദ്യകാല കഥകൾ ‘മംഗളോദയ’ത്തിൽ പ്രസിദ്ധീകരിച്ചു വന്നപ്പോൾ എസ്.കെ.അതിനെക്കുറിച്ച് താല്പര്യപൂർവ്വം സംസാരിച്ചു. അതൊരു വലിയ പ്രോത്സാഹനമായിരുന്നു. അന്നെനിക്ക് ഏകദേശം ഇരുപത് വയസ്സായിക്കാണും. എസ്.കെയുടെ അഭിനന്ദനത്തേയാണ് ഞാൻ ആദ്യത്തെ വിലപ്പെട്ട അഭിനന്ദനമായി കാണുന്നത്.
വിദ്യാർത്ഥിയായിരിക്കെ അധ്യാപകരിൽ നിന്ന് സാഹിത്യ രംഗത്ത് താങ്കൾക്ക് പ്രോത്സാഹനം ലഭിച്ചിരുന്നോ?
ഞാൻ പഠിച്ചത് സാമൂതിരി കോളേജിലായിരുന്നു. കോളേജ് അധ്യാപകരിൽ നിന്ന് വിശേഷിച്ചൊരു പ്രോത്സാഹനവും കിട്ടിയിരുന്നില്ല. ഹൈസ്‌കൂൾ അധ്യാപകരിൽ നിന്ന് പ്രോത്സാഹനം ലഭിച്ചിട്ടുണ്ട്. എനിക്ക് സാഹിത്യത്തിൽ താല്പര്യമുള്ളതായി മനസ്സിലാക്കിയ ചില അധ്യാപകരുണ്ടായിരുന്നു. ഗണപതി ഹൈസ്‌കൂളിലെ അധ്യാപകരായിരുന്ന പുലാക്കാട്ട് ശങ്കരവാര്യർ, മധുരവനം കൃഷ്ണക്കുറുപ്പ് എന്നിവരാണ് പ്രോത്സാഹിപ്പിച്ചത്. ഞാൻ ക്ലാസ്സിൽ പുസ്തകങ്ങൾ കൊണ്ടുപോയി വായിക്കുമായിരുന്നു. ഡിറ്റക്ടീവ് നോവലും മറ്റും വായിക്കുമ്പോൾ ഇന്നിന്ന എഴുത്തുകാരുടെ പുസ്തകങ്ങളാണ് വായിക്കേണ്ടത് എന്നവർ പറഞ്ഞു തന്നിരുന്നു. പ്രോപ്പർ റീഡിംഗിനുള്ള വഴി കാണിച്ചു തന്നവരാണ് ആ അധ്യാപകർ. പുലാക്കാട്ട് ശങ്കരവാര്യർ ഒരു നല്ല കവിയായിരുന്നു.
സാഹിത്യരംഗത്ത് കടന്നു വന്നഘട്ടത്തിൽ മുസ്ലിം സമുദായത്തിലെ പല അനാചാരങ്ങളെ താങ്കൾ വിഷയമായി സ്വീകരിക്കുകയുണ്ടായി. അങ്ങനെയൊരു തുടക്കത്തിന് പ്രത്യേകിച്ച് വല്ല കാരണവും ഉണ്ടായിരുന്നോ?
നമ്മുടെ ചുറ്റുപാടുമുള്ള അനുഭവങ്ങളാണ് നമ്മൾ കാണുന്നത്. എന്റെ സോഷ്യൽ മില്ല്യൻ മുസ്ലിം സമുദായമായിരുന്നു. ഞാൻ ആത്മാർത്ഥമായി എഴുതുകയാണെങ്കിൽ ആ ജീവിതത്തിൽ കാണാത്ത കഥാപാത്രങ്ങളുടെ ദുഃഖവും സന്തോഷവും ഒക്കെ എഴുതുകയാണ് വേണ്ടത്. അതല്ലാതെ കൃത്രിമമായ രീതിയിൽ അറിയാത്ത ഒരു കഥാപാത്രത്തെ ഉണ്ടാക്കി എഴുതുന്നതിൽ അർത്ഥമില്ലല്ലോ. സ്വാഭാവികമായ ആ ജീവിതത്തെയാണ് ഞാൻ ചിത്രീകരിച്ചത്. എന്റെ സോഷ്യൽ മില്ല്യൻ വരുന്നത് അന്നും ഇന്നും മുസ്ലിം സമുദായത്തിൽ നിന്നാണ് അതെനിക്ക് നിഷേധിക്കാൻ പറ്റില്ല.
മുസ്ലിം സമുദായത്തിന്റെ യാഥാസ്ഥിതിക ജീവിതചാരങ്ങളെക്കുറിച്ച് എഴുതിയപ്പോൾ ആ സമുദായത്തിൽ നിന്ന് അന്ന് എതിർപ്പുണ്ടായിരുന്നില്ലേ?
അന്നതിന് മുസ്ലീങ്ങൾ വായിക്കാറില്ലല്ലോ. ഇന്ന് മുസ്ലീങ്ങൾ കുറേ വായിക്കാൻ തുടങ്ങിയിട്ടുണ്ട്. അന്നത് വായിച്ചത് മുസ്ലീങ്ങളായിരുന്നില്ല. എന്നാലും ചില കുഴപ്പങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്. കേട്ടറിഞ്ഞ് ഉണ്ടായ കുഴപ്പങ്ങളാണവ.
അതായത് നേരിട്ടറിവുള്ള സംഗതികളാണല്ലോ എഴുതിയിരുന്നത് എന്നർത്ഥം.
നേരിട്ടറിവുള്ള കാര്യങ്ങളേ എഴുത്തുകാരൻ എഴുതാൻ പാടുള്ളു എന്നാണെന്റെ പക്ഷം. ഒരെഴുത്തുകാരന് ചുരുക്കം കാര്യങ്ങളേ അറിയുകയുള്ളു. അവനവന് അറിയുന്നതു വേണം എഴുത്തുകാരൻ എഴുതേണ്ടത്. അറിയാത്ത വലിയ ഹിമാലയത്തെ തേടിയൊന്നും അവൻ പോകേണ്ട കാര്യമില്ല. അറിയുന്ന ചെറിയ കുന്നുപുര അടുത്തുണ്ടെങ്കിൽ അതിനെപ്പറ്റി എഴുതിയാൽ മതിയാകും. എന്നാലേ എഴുത്ത് ശരിയാവുകയുള്ളു. അനുഭവ സാധ്യത അതിലേ ഉണ്ടാകൂ.
അറബിക്കഥകൾ താങ്കളുടെ രചനാപാടവത്തെ തുണച്ചിട്ടില്ലേ? ആ കഥകൾ വായിച്ചാസ്വദിച്ചതിനെക്കുറിച്ച് പറയാമോ?
കുട്ടിക്കാലത്ത് ഞങ്ങൾക്ക് നോമ്പ് പിടിക്കണമായിരുന്നു. നോമ്പിന്റെ സമയം പോക്കാൻ ഒരു വഴി ഞാൻ കണ്ടെത്തി. ഇടിയങ്ങരയിൽ ഒരു ലെന്റിംഗ് ലൈബ്രറിയുണ്ടായിരുന്നു. അറിയുന്ന ഒരാൾ പരിചയപ്പെടുത്തിയാൽ അവിടെ നിന്ന് പുസ്തകമെടുക്കാം. പുസ്തകം നഷ്ടപ്പെടാതിരിക്കാൻ വേണ്ടിയാണത്. കാലണ കൊടുത്താൻ മൂന്നു ദിവസത്തേക്ക് പുസ്തകമെടുത്ത് വായിക്കാം. അങ്ങനെ കാലണ വായനശാലയിൽ കൊടുത്താണ് ഞാൻ അൃമയശമി ചശഴവെേ വായിച്ചത്.
അന്ന് പ്രധാന ആഗ്രഹം ഒന്ന് നോമ്പിന്റെ സമയം നീക്കുകയായിരുന്നു. പിന്നെ മൂന്ന് ദിവസം കൊണ്ട് ഇത് വായിച്ചു തീർക്കുകയും വേണം. മൂന്ന് ദിവസം കൊണ്ട് വായിച്ചു തീർക്കാനായില്ല. പിന്നേയും പിന്നേയും കാലണ വീതം കൊടുത്താണ് അത് വായിച്ചു തീർത്തത്. ഒരു പുതിയ ലോകം കണ്ടെത്തിയതായി തോന്നി.
കഥ പറയുന്നതിലുള്ള അതിന്റെ ഗദ്യം എന്നെ ആകർഷിച്ചിട്ടുണ്ട്. പ്രചോദനം നല്കിയതായി തോന്നുന്നു. ഒരു മതഗ്രന്ഥം എന്നതിലപ്പുറം സാഹിത്യഗുണവും ഖുറാനുള്ളതായി അനുഭവപ്പെട്ടിട്ടുണ്ടോ?
ഉണ്ട്. ഖുറാന് മതപരമായ പ്രാധാന്യത്തെപ്പോലെ സാഹിത്യപരമായ പ്രാധാന്യവുമുണ്ട്. ത്രികാലഭേദിയായ ഒരു വർണ്ണനാരീതിയാണ് അതിനുള്ളത്. ഭൂതവർത്തമാനഭാവികാലങ്ങളുടെ സാന്നിദ്ധ്യം ഒരേ അവസരത്തിൽ നമ്മുടെ മനസ്സിലുള്ളതുപോലെയാണ് ഖുറാനിലും കാണുന്നത്. ഹൃദയത്തിൽ നിന്ന് ഹൃദയത്തിലേക്കുള്ള ഒരു സർഗ്ഗധാരപോലെയാണതിന്റെ വർണ്ണന.
കാലം എന്ന ഘടകത്തെ ഊരിയെടുക്കുന്ന അതിലെ രീതി എന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. ആധുനിക കാലത്തെ കൃതികളിലും അങ്ങനെയാണ് കാണുന്നത്. ജെയിംസ് ജോയിസിന്റെ കൃതിയിൽ വരെ അതു കാണാം. നിങ്ങൾ എന്നോട് ഇപ്പോൾ സംസാരിക്കുമ്പോൾ തന്നെ നിങ്ങളുടെ മനസ്സിൽ ഭൂതകാലത്തിന്റെ മിന്നലാട്ടവും ഭാവിയെക്കുറിച്ചുള്ള ചിന്തയും ഒക്കെ ഉണ്ടായിക്കൂടെ? ഏതൊരു എഴുത്തുകാരനും അവനവന്റേതായ ഒരു സാങ്കേതികതയുണ്ടല്ലോ. ഖുറാന്റെ വർണ്ണനാരീതിയുടെ സാങ്കേതികത സാഹിത്യത്തിൽ എന്നെ സഹായിച്ചിട്ടുണ്ട്.
എഴുത്തുകാരൻ ‘ഫീൽ’ ചെയ്‌തെഴുതുന്ന കഥ വായനക്കാരന് കൂടി ഫീൽ ചെയ്യണമല്ലോ. അനുവാചക മനസ്സിന് കൃതി സംവേദ്യമാക്കുന്ന രീതിയെക്കുറിച്ച് എന്താണ് പറയാനുള്ളത്?
അതിപ്പോൾ എല്ലാ കലാസൃഷ്ടിക്കും അങ്ങനെയാണല്ലോ. ഓരോ കഥയും മറ്റൊരാളുടെ മനസ്സിൽ ചലനമുണ്ടാക്കണം. കഥാകൃത്ത് കഥ മുഴുവനായി എഴുതുന്നില്ല. ആ കഥ പൂരിപ്പിക്കുന്നത് അനുവാചക മനസിലാണ്. എഴുത്തുകാരനും അനുവാചകനും തമ്മിലുള്ള സ്‌നേഹബന്ധമാണ് സാഹിത്യസൃഷ്ടി. പ്രേമം എന്നു തന്നെ പറയാം. ഒരെഴുത്തുകാരൻ വിചാരിക്കുന്ന മാതിരിയായിരിക്കില്ല വായനക്കാരന് അത് വായിച്ച് കിട്ടുന്ന ഫലം.
എഴുത്തുകാരൻ ഉദ്ദേശിക്കാത്ത തലത്തിലേക്ക് വായനയുടെ തലം ചെന്നെത്തുന്നത് എഴുത്തുകാരന്റെ കഴിവാണോ അതോ കഴിവുകേടോ?
അത് defect ആകാൻ വഴിയില്ല. വായന ഏത് തലത്തിൽ ചെന്നെത്തിയാലും ഈ കഥയിൽ നിന്നാണല്ലോ അത് വരുന്നത്. ഇതില്ലെങ്കിൽ തന്റെ തലം വരുന്നില്ലല്ലോ. അതിനാൽ ഫലം എന്തു തന്നെയായാലും അടിസ്ഥാനം കഥ തന്നെയാണല്ലോ. അപ്പോൾ അതെങ്ങനെ എഴുത്തുകാരന്റെ കഴിവുകേടാകും.
കഥാരചനയുടെ സാങ്കേതിക വശങ്ങൾ മനസ്സിലാക്കുന്നതിന് മുമ്പും അതിനുശേഷവും എഴുതുന്ന കഥകളുണ്ടല്ലോ? അതിൽ ഏത് തരം കഥകളാണ് മികവ് പുലർത്തുക എന്നാണ് താങ്കളുടെ അനുഭവം?
രണ്ടും വരാം. കഥയുടെ ഘടകങ്ങളെക്കുറിച്ച് അറിയാത്ത കാലത്തും ജീവിതത്തിന്റെ അനുഭൂതിയുണ്ടാകും. നിങ്ങൾ മറ്റുള്ളവരുടെ കഥകൾ കുറച്ചൊക്കെ വായിച്ചിട്ടുണ്ടാകും. ആ അനുഭവം നിങ്ങൾക്കുണ്ടാകും. അതിന്റെ പശ്ചാത്തലത്തിൽ നിന്നാണ് നിങ്ങൾ കഥയെഴുതുന്നത്. ആ ഘട്ടത്തിൽ കഥയുടെ വ്യവഹരണ സൗകര്യത്തിനുവേണ്ടി വേർതിരിച്ച ഘടകങ്ങളെക്കുറിച്ച് നിങ്ങൾ പൂർണ്ണ ബോധവാനായിരിക്കില്ല. പക്ഷേ ഒരു ബോധം നിങ്ങൾക്കെന്തായാലും ഉണ്ടാകും. നേരത്തെ വായിച്ച കഥകളുടെ പാരമ്പര്യം നിങ്ങൾക്കുണ്ടാകുമല്ലോ. പിൽക്കാലത്ത് കഥാരചനയുടെ ഘടകങ്ങളെക്കുറിച്ച് കൂടി മനസ്സിലാക്കുമ്പോൾ കൂടുതൽ പെർഫക്ട് ആയ കഥകളെഴുതാനാണ് അത് നിങ്ങളെ സഹായിക്കുക. ഒന്നാമതായി നമ്മൾ എഴുതുന്നത് ജീവിതമല്ല കഥയാണെന്ന ബോധം ഉണ്ടാകും.
ആ അർത്ഥത്തിൽ താങ്കളുടെ കഥാരചനയ്ക്ക് ആരെല്ലാം വഴികാട്ടികളായിട്ടുണ്ട്.
എന്റെ കാലഘട്ടത്തിലെ മിക്ക എഴുത്തുകാരും എന്നെ സ്വാധീനിച്ചിട്ടുണ്ട്. സ്വാധീനിച്ചുവെന്നതിനർത്ഥം ഞാനവനെ അനുകരിച്ചുവെന്നല്ല.
താങ്കളുടെ മുമ്പുള്ള തലമുറയിലെ കഥാകൃത്തുക്കൾ അധികവും പട്ടിണിക്കഥകളാണ് എഴുതിയതെന്ന് ഒരു പക്ഷമുണ്ടല്ലോ. അത്തരം കഥകൾ ദീർഘകാലം നിലനില്ക്കും എന്ന് അഭിപ്രായമുണ്ടോ?
ഇതൊക്കെ ഒരു തരത്തിലുള്ള ലഘൂകരണമാണ്. പട്ടിണിക്കഥകൾ എന്നു പറഞ്ഞുള്ള കഥകൾ ഉള്ള അവസരത്തിൽപ്പോലും മനുഷ്യമനസ്സിന്റെ അഗാധതകളെ പ്രകാശനം ചെയ്യുന്ന കഥകൾ വന്നിട്ടുണ്ട്. കാരൂരിന്റേയും ബഷീറിന്റേയും കുറേ കഥകൾ അവയ്ക്കിടയിൽ കാണാം. ആ കാലത്തെ എല്ലാ കഥകൾക്കും പൊതുവായ വിശേഷണം നല്കുന്നത് ശരിയാകില്ല. മനുഷ്യമനസ്സിന്റെ അഗാധതകളെ സ്പർശിക്കുന്ന ആ കഥകളാണ് ഇന്നും നിലനില്ക്കുന്നത്.
അവരുടെ കാലത്ത് ഇന്ത്യയുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് അവർക്കൊരു പ്രതീക്ഷയുണ്ടായിരുന്നു. സ്വാതന്ത്ര്യം കൊണ്ട് രാജ്യത്തിന്റെ ദാരിദ്ര്യ നിർമാർജനം സാധിക്കുമെന്നവർ കരുതിയിരുന്നു. പിന്നീട് വന്നു കഴിഞ്ഞപ്പോൾ സ്വാതന്ത്ര്യമൊക്കെ ഒരുപാഴ്ക്കിനാവായി മാറുകയാണുണ്ടായത്. ആ ഒരു ദുഃഖത്തിൽ നിന്നാണ് നമ്മൾ കൂടുതൽ മനസ്സിന്റെ അഗാധതലങ്ങളൊക്കെ അന്വേഷിച്ചു പോകാൻ തുടങ്ങിയത്. നമ്മുടേത് ഒരു നഷ്ടപ്പെട്ട തലമുറ (Lost generation) ആണ്.
താങ്കൾ ഉൾപ്പെടുന്ന തലമുറയെ നഷ്ടപ്പെട്ട തലമുറ എന്നെങ്ങനെ പറയാനാകും. സ്വാതന്ത്ര്യബോധം അതിനുവേണ്ടി നിലക്കൊണ്ടതും മുൻതലമുറയല്ലേ?
സ്വാതന്ത്ര്യപ്രാപ്തിക്കുവേണ്ടി ശ്രമിച്ചതും അതേക്കുറിച്ച് എഴുതിയതും മുൻതലമുറയാണെന്ന് സമ്മതിക്കുന്നു. എന്നാൽ അത് ഞങ്ങളുടെ തലമുറയുടെ ബാല്യ കൗമാര ഘട്ടമായിരുന്നല്ലോ. ഞങ്ങളും ധരിച്ചുവെച്ചത് ഇതൊക്കെ നന്നാകും എന്നു തന്നെയായിരുന്നു. അന്ന് ഞങ്ങൾ കഥയെഴുതിയില്ലയെന്നത് ശരിയാണ്. എന്നാൽ ഞങ്ങൾ കണ്ടത് സ്വപ്നങ്ങൾ തകർന്നടിയുന്നതാണ്. പിന്നെ ഞങ്ങളുടെ തലമുറയിലെ പല കാഥികന്മാരും ദാരിദ്ര്യം അനുഭവിച്ചവരാണ്. എം.ടിയും ടി. പത്മനാഭനും ഒക്കെ അത്തരക്കാരാണ്. വ്യക്തികളുടെ മനസ്സിന്റെ ഉള്ളറകളിലേക്ക് കടന്നു ചെന്നാണ് അവർ കഥകളെഴുതിയത്.
കാലഘട്ടത്തിന്റെ വിഭജനം ഏത് തരത്തിലായാലും ഏത് കഥാകൃത്തും നല്ല അര ഡസൻ കഥകളെങ്കിലും എഴുതിക്കാണും. ആ കഥകൾ നിലനില്ക്കും. ഒന്നാംകിട രണ്ടാംകിട എന്നൊക്കെ പറഞ്ഞ് കഥാകൃത്തുക്കളെ ഇവിടെ വിഭജിച്ചു നിർത്തിയേക്കാം. ഈ രണ്ടാം കൂട്ടക്കാരുടേയും മികച്ച അര ഡസൻ കഥകളെങ്കിലും കാണും.
ഒരാൾ ആത്യന്തികമായി മികച്ച ഒരു കൃതിയാണ് എഴുതുന്നത്. ബാക്കിയെല്ലാം അതിന്റെ സ്ഫുലിംഗങ്ങളായിരിക്കും എന്നർത്ഥത്തിൽ താങ്കളുടെ പ്രസ്താവന വായിച്ചതോർക്കുന്നു. ഇതൊന്നു വിശദമാക്കിയാൽ കൊള്ളാം.
ഒരെഴുത്തുകാരൻ തന്നെ ആദ്യകാല സ്വപ്നങ്ങളെക്കുറിച്ച് സീരിയസായ എഴുത്തുകാരനാകാൻ ശ്രമിക്കുമ്പോൾ ജീവിതത്തെക്കുറിച്ച് മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായ അസാധാരണമായ ഒരു ദർശനം അയാൾക്കുണ്ടാകാം. ആ ദർശനം പൂർണ്ണമായും എന്താണെന്ന് അയാൾ ക്കറിയില്ല. അതെപ്പോഴും അയാളുടെ മനസ്സിന്റെ വ്യഥയാണ്. ആ വ്യഥയുടെ ഉപബോധതലത്തിലെ പ്രവർത്തനങ്ങളിൽ നിന്നാണ് പിന്നെ അയാളുടെ കഥകൾ വരുന്നത്. അതിങ്ങനെ വന്ന് ഏതെങ്കിലും ഒരു ഡൈ പെർഫക്ട് ആകാം. ചിലപ്പോൾ അങ്ങനെ ആകാതേയും വന്നേക്കാം. ഏതായാലും ആത്യന്തികമായി ആ ഒരു കഥയ്ക്കു വേണ്ടിയാണ് അയാൾ എഴുതുന്നത്. അത് ചിലപ്പോൾ സാധിച്ചില്ലെന്നും വന്നേക്കാം. എഴുത്തുകാരൻ ഒരു ചാവേർപ്പടയിലെ അംഗമാണ്.
ഏതർത്ഥത്തിലാണ് എഴുത്തുകാരൻ ചാവേർപ്പടയിലെ അംഗമാകുന്നത്?
അവനിങ്ങനെ യാത്ര ചെയ്തു കൊണ്ടിരിക്കും. അപ്പോൾ യാത്ര പൂർണ്ണമാകുന്നതിനിടയ്ക്ക് അവർ ചത്തുപോയെന്നിരിക്കാം. യാത്ര ഒരിക്കലും പൂർണ്ണമാകാതിരിക്കുകയും ചെയ്യാം. പോകുന്ന വഴി തന്നെ അവന് ലക്ഷ്യമായേക്കാം. അവൻ ഒരിക്കലും ലക്ഷ്യസ്ഥാനത്തെത്തില്ല. അത് നമ്മൾ ധ്രുവനക്ഷത്രം നോക്കുന്ന മാതിരിയാണ്. ധ്രുവനക്ഷത്രം നമ്മുടെ അരികെയാണെന്ന് ഒരിക്കൽ തോന്നും. നമ്മൾ നടന്ന് അടുത്തേക്ക് ചെല്ലുമ്പോൾ അത് അകലും. ഈ അകലം തുടർന്ന് കൊണ്ടേയിരിക്കും.
താങ്കളുടെ ആദ്യകാല കഥകളിൽ സാമൂഹ്യമാറ്റം കാംക്ഷിക്കുന്ന ഒരു റിഫോർമിസ്റ്റിന്റെ സ്വരമാണുള്ളത്. പിന്നീട് പിന്നിൽ സൈന്റിസ്റ്റ് എന്നീ തലങ്ങളിലേക്കാണ് താങ്കൾ നീങ്ങിയതെന്ന് തോന്നുന്നു. റെഡ്‌ഫോർമിസ്റ്റ് കൈവിടാൻ കാരണം കാണണമല്ലോ.
ശരിയാണ് എന്റെ ആദ്യഘട്ടത്തിലുള്ള കഥകളിൽ ഒരു റിഫോർമിസ്റ്റിന്റെ സ്വരമുണ്ട്. വായനയും ലോകപരിചയവും സാഹിത്യാസ്വദനവുമെല്ലാം ചെന്ന് ആ ധാരണയെ മാറ്റാൻ സഹായിച്ചു. കഥകൊണ്ട് മാത്രം സമൂഹത്തെ മാറ്റാൻ സാധിക്കുമോ എന്ന സംശയം എന്നിൽ ജനിച്ചു. എന്റെ ഏതെങ്കിലും കൃതികൊണ്ട് സമൂഹത്തിൽ മാറ്റം വന്നതായി എനിക്കറിയില്ല.
സമൂഹത്തിൽ ആവശ്യമായ മാറ്റത്തെക്കുറിച്ച് ഒരു ദിശാബോധം നല്കാൻ സാഹിത്യത്തിന് സാധിക്കില്ലേ?
സമൂഹത്തിന് എങ്ങനെയാണ് സാഹിത്യത്തിൽ നിന്ന് ഗൈഡ്‌ലൈൻ കിട്ടുക? വ്യക്തികൾക്കല്ലേ അത് കിട്ടുകയുള്ളൂ. ഗൈഡ്‌ലൈൻ കിട്ടുക? വ്യക്തികൾക്കല്ലേ അത് കിട്ടുകയുള്ളു. സമൂഹം എവിടെയാണ് പുസ്തകം വായിക്കുന്നത്? സമൂഹത്തിലെ ന്യൂനാൽ ന്യൂനപക്ഷമല്ലേ പുസ്തകം വായിക്കുന്നത്. വായിക്കുന്നത് തന്നെ പല തലത്തിലല്ലേ മനസ്സിലാക്കുന്നത്. എന്റെ കൃതികളുടെ ആദ്യകാല സ്വരം മാറിയതിനു പിന്നിൽ ബാഹ്യ സ്വാധീനങ്ങൾ ഒന്നുമില്ല. എന്റെ മനസ്സിനു വന്ന മാറ്റം തന്നെയാണതിനു പിന്നിലുള്ളത്.
മാപ്പിളപ്പെണ്ണുങ്ങളുടെ ജീവിതം താങ്കൾ ആദ്യകാല കൃതികൾ ചിത്രീകരിച്ചു. അവരുടെ സാമൂഹ്യ ജീവിതത്തിൽ എന്തെങ്കിലും ചലനം സൃഷ്ടിക്കാൻ അന്ന് ആ കൃതികൾക്ക് സാധിച്ചിരുന്നോ? സാഹിത്യത്തിന്റെ ചാലകശക്തിയെക്കുറിച്ച് താങ്കളുടെ ഇന്നത്തെ സങ്കല്പമെന്താണ്?
മാരാർ പറഞ്ഞതുപോലെയാണ് സാഹിത്യത്തിന്റെ സ്ഥിതി. ഒരു കൃതി ഒരു അനുവാചകന്റെ മനസ്സിലുണ്ടാക്കുന്ന ചലനമാണ് പ്രധാനം. സംസ്‌കാരത്തിന്റെ മുദ്രമായാത്തവണ്ണം അത് മനസ്സിൽ പതിച്ചിടണം. നിഷ്‌കൃഷ്ടമായ അർത്ഥത്തിൽ അതാണ് സാമൂഹ്യ അഭിവൃദ്ധി. ജീവിതത്തെക്കുറിച്ച് ഒരു Awareness ഉണ്ടാക്കുവാൻ കൃതിക്ക് സാധിക്കണം. അത് Reform പോലെയല്ല.
Reform നിന്ന് അംമൃലില ൈലേക്കുള്ള ദൂരം വ്യക്തമാക്കാമോ?
Reform എന്ന് പറഞ്ഞാൽ ഒന്നിച്ച് ഒരു ജനവിഭാഗത്തെ കണ്ടുകൊണ്ട് തയാറാക്കുന്ന കർമ്മ പരിപാടിയാണ്. അങ്ങനെ ചെയ്യുന്നില്ല. ജനസമുദായമേ ഇന്നതൊക്കെയാണ് നീ ചെയ്യേണ്ടതെന്ന രീതിയിൽ ഒരു കർമ്മ പരിപാടി അത് മുന്നോട്ട് വെക്കുന്നില്ല. മനസ്സിൽ ഉണ്ടാക്കുന്ന ചലനമാണ്Awareness. എന്റെ ആദ്യകാലകൃതികൾ അങ്ങനെ ഒരു Awareness ഒന്നും ഉണ്ടാക്കിയിട്ടില്ലെന്നാണ് എനിക്ക് തോന്നുന്നത്. ഉമ്മ വിചാരിച്ചത് ഞാൻ ഇല്ലാത്ത ആളുകളെ സൃഷ്ടിച്ച് അവരെക്കൊണ്ട് കള്ളം പറയിക്കുന്നുവെന്നാണ്. കളവ് മുസ്ലിം പറയാൻ പാടില്ല. ഞാനിതൊന്നും എഴുതരുതെന്നാണ് ഉമ്മ ആഗ്രഹിച്ചിരുന്നത്.
കൃതിയിൽ ആത്മനിഷ്ഠത കൂടി വരുമ്പോൾ അതായത് എഴുത്തുകാരൻ കഥാപാത്രവുമായി കൂടുതൽ ഇഴുകിച്ചേരുമ്പോൾ- എഴുത്തുകാരൻ പുലർത്തേണ്ട നിഷ്പക്ഷത കുറഞ്ഞുവരില്ലേ?
അതൊ എഴുത്തുകാരന്റെ കഴിവിനനുസരിച്ച് … നിഷ്പക്ഷത വേണമെന്നെന്തിനാണ് നിർബന്ധം വെയ്ക്കുന്നത്? ഓരോ എഴുത്തുകാരനും തന്റേതായ പക്ഷപാതങ്ങൾ ഉണ്ടാകും. അവ വളരെ ശക്തവുമായിരിക്കും. തീവ്രമായ വൈകാരികതയോടെ എഴുതാം. സെന്റിമെന്റ് കുറച്ചും സജീവമായ കഥ എഴുതാനാകും. എഴുതാനുള്ള നിസ്സംഗത എന്നത് എറെക്കുറെ ക്രാഫ്റ്റിനോട് ബന്ധപ്പെട്ട കാര്യമാണ്.
കഥാപാത്രത്തിന്റെ വീക്ഷണത്തിലാണല്ലോ എഴുത്തുകാരന്റെ ആത്മാംശം ചേരുന്നത്? അതെങ്ങനെ ക്രാഫ്റ്റിന്റെ ഭാഗമാകും?
വൈകാരിക തീവ്രതയോടെ നിങ്ങൾക്കൊരു കഥ പറയണം. അല്ലെങ്കിൽ വൈകാരിക തീവ്രത ഇല്ലാതെ തന്നെ സജീവമായി ഒരു കഥ പറയണം. അതിനുള്ള ചോയ്‌സ് നിങ്ങൾ സ്വീകരിക്കുന്നത് ക്രാഫ്റ്റിന്റെ തലത്തിലാണ്. ഇതറിയാൻ കഥ സെന്റിമെന്റൽ ആണോ അല്ലയോ എന്നാണ് നോക്കേണ്ടത്. മറ്റേത് നാടകീയതയാണ്. ഇതിന്റെ രണ്ടിന്റേയും അകലം നോക്കിയൊന്നുമല്ല എഴുതുന്നത്. ഇതൊക്കെ എഴുതുമ്പോൾ പ്രീ പ്രൊഡക്റ്റ് ആയിട്ട് കാണുന്ന ഗുണങ്ങളോ ദോഷങ്ങളോ ആണ് എഴുത്തുകാരന്റെ സംസ്‌കാരവും വായനയും പരിചയവും ക്രാഫ്റ്റിനോടുള്ള ബോധവും ഒക്കെ ഇതിൽ പങ്ക് വഹിക്കുന്നുണ്ടാകും. അത് അബോധതലത്തിലാണ്. ബോധതലത്തിൽ എല്ലാം ഇന്ന തരത്തിലാകണമെന്ന് ഒന്ന്, രണ്ട് എന്ന് ഘടകങ്ങളാക്കി കഥ എഴുതാറില്ല. നല്ല പരിചയവും മിടുക്കുമുള്ള എഴുത്തുകാരനാണെങ്കിൽ അയാളുടേതായ രീതിയിലുള്ള സംവിധാന പ്രക്രിയ അതിൽ വന്നേക്കും.
‘ദൈവത്തിന്റെ കണ്ണ്’ താങ്കൾ First Person ശൈലിയാണ് എഴുതിയത്. അതിൽ താഴെയുള്ള Involement കൂടുതൽ ഉണ്ടായിട്ടില്ലേ?
ആ നോവലിന്റെ കാര്യം തന്നെ പറയാം. 13 വയസ്സായ ഒരു ചെക്കനെ അധികം മുതിർന്ന ഒരു സ്ത്രീ ടലറൗരല ചെയ്യുന്ന രംഗം ഈ നോവലിലുണ്ടല്ലോ. ഇത് ഞാനൊരു പത്ത് മുപ്പത്തഞ്ച് തവണ എഴുതിയിട്ടുണ്ട്. ഒടുവിലാണ് ഇപ്പോഴത്തെ ഫോമിൽ അത് എത്തിയത്. ഓരോ തവണ എഴുതുമ്പോഴും തൃപ്തി വരാത്തതു കാരണം ഞാൻ വലിച്ചു കീറുകയാണ് ചെയ്തത്. സാധാരണ രീതിയിൽ പാപബോധം വരുന്ന ഒരു ജീവിതഘട്ടമല്ല അത്. അപ്പോൾ പാപബോധം വരാത്ത രീതിയിൽ ഈ അനുഭവത്തെ വളരെ അവ്യക്ത (Vague) ആയി എങ്ങനെ ഇത് ധ്വനിപ്പിക്കും എന്നതായിരുന്നു എന്റെ പ്രശ്‌നം. അതെഴുതിയത് തൃപ്തിയാകാതെ വന്നപ്പോൾ മാറ്റി മാറ്റി എഴുതുകയാണുണ്ടായത്. പാപബോധം വരാതെ ഇതിന്റെ കൊഴുപ്പൊന്ന് കാണിക്കാതെ. ലൈംഗിക വർണ്ണനയൊന്നുമില്ലാതെ ആ അനുഭവം ചിത്രീകരിക്കണം. അവനറിയുന്ന പ്രകൃതി ദൃശ്യങ്ങളുമായി ബന്ധപ്പെടുത്തി വേണം അതു ചെയ്യാൻ. തീയും വെള്ളവുമാണ് അതിനുപയോഗിച്ച പ്രതീകങ്ങൾ. കഥയുടെ ഗതി അതുകൊണ്ട് മാറിയിട്ടില്ല. ആ മാറ്റം ക്രാഫ്റ്റിന്റെ മാത്രം ഭാഗമല്ല. ആത്മാവിന്റെ തന്നെ ഭാഗമാണ്. എഴുത്തിലേക്ക് എത്തിച്ചേർന്നിട്ടില്ല. ഒരു അപൂർണ്ണത നമുക്കു തോന്നുമ്പോഴാണ് ഇങ്ങനെ മാറ്റി എഴുതുന്നത്. ഇങ്ങനെയല്ല ഇത് ചെയ്യേണ്ടതെന്ന് മനസ്സിൽ എവിടെ നിന്നോ ആരോ മന്ത്രിക്കുന്ന മാതിരി തോന്നും.
First person ശൈലിയിൽ ഇതിനു മുമ്പ് താങ്കൾ നോവൽ എഴുതിയിട്ടില്ലെന്ന് തോന്നുന്നു. ദൈവത്തിന്റെ കണ്ണിൽ ആഖ്യാന രീതി മാറിയത് എന്തുകൊണ്ടാണ്?
First person രീതിയിൽ ഞാൻ നേരത്തെ ചില കഥകൾ എഴുതിയിട്ടുണ്ട്. നോവൽ എഴുതുന്നത് ആദ്യമായിട്ടാണ്. ഈ നോവലിൽ വർണ്ണിച്ചിരിക്കുന്നത് അറുപത് കൊല്ലം മുമ്പ് നടന്ന കാര്യങ്ങളാണ്. ഇതിനെ നിങ്ങൾക്ക് രണ്ട് രീതിയിൽ കാണാം. അറുപത് വയസ്സ് കഴിഞ്ഞശേഷം നിങ്ങൾ ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുന്നതു പോലുള്ള രീതിയാണ് ഒന്നാമത്തേത്. മറിച്ച് 60 വയസ്സായ ആൾ അയാളുടെ കുട്ടിക്കാലത്ത് എങ്ങനെയായിരിക്കും ഭാവന ചെയ്തിരിക്കുക. എന്തൊക്കെയാണ് ചിന്തിച്ചിരിക്കുക എന്ന രീതിയിലും നോവലിനെ കാണാം. അങ്ങനെ വരുമ്പോൾ First person രീതിയായിരിക്കും നല്ലത്. ആ രീതിയാണ് ഏറ്റവും സമർത്ഥമായ എഴുത്ത്. 13 വയസ്സുകാരന്റെ കഥയായാണല്ലോ ആ നോവലിന്റെ ആഖ്യാനരീതി. ആധുനികമായ രീതിയിൽ പറഞ്ഞാൽ ഉമ്മയുടെ ഉയരം ആറടി മൂന്നിഞ്ച് എന്ന് പറയാം. എന്നാൽ വളരെ വ്യക്തമാകും. പക്ഷേ ഈ ആറടി മൂന്നിഞ്ച് എന്ന സങ്കല്പം കൂടിയാകുമ്പോൾ ഇവന്നുണ്ടാകില്ല. ഉമ്മക്ക് ഉയരമില്ല എന്ന കാര്യം അവൻ തന്തപ്പിലാവിന്റെ ഉയരത്തോട് താരതമ്യപ്പെടുത്തിയാണ് പറയുക. ആ മട്ടിലാണ് നോവലിന്റെ ആഖ്യാനരീതി ഞാൻ സ്വീകരിച്ചത്.
താങ്കളുടെ ആദ്യകാലകൃതികളിൽ ഒന്നിന്റെ ശീർഷകം ‘നല്ലവരുടെ ലോകം’ എന്നാണ്. പില്ക്കാല കൃതികളിൽ കാണുന്നത് തിന്മയുടെ ലോകമാണ്. നന്മയിലുള്ള വിശ്വാസം തകർന്നതാണോ ഇതിന് കാരണം. അല്ലെങ്കിൽ സാമൂഹ്യയാഥാർത്ഥ്യം അങ്ങനെയാണെന്ന് കണ്ടെത്തിയതാണോ?
എൻ.പി : നന്മ തിന്മ ഇതൊക്കെ വളരെ പരിമിതമായ വാക്യാർത്ഥത്തിലല്ല നമ്മളെടുക്കേണ്ടത്. മനുഷ്യ സംസ്‌കാരം തന്നെ നന്മയിൽ അധിഷ്ഠിതമാണ്. നമ്മുടെ ഇതിഹാസപുരാണങ്ങളെല്ലാം പരിശോധിച്ചാൽ നന്മയും തിന്മയും തമ്മിലുള്ള സംഘട്ടനം അവയിലുടനീളം കാണാൻ സാധിക്കും. അവിടെ അന്തിമവിജയം നേടുന്നത് നന്മയാണ്. പക്ഷെ നന്മ നേടുന്നതിനേക്കാളധികം നന്മയ്ക്കു വേണ്ടി വാദിക്കുന്നയാളാണ് ഏറ്റവുമധികം ദുഃഖമനുഭവിക്കുന്നതും കഷ്ടപ്പെടുന്നതുമെന്നു കാണാം.
ഒരു ഉദാഹരണം പറഞ്ഞാൽ…
ഉദാഹരണം രാമായണം തന്നെ. അതിലെ കഥയുടെ വാരിയെല്ലെടുത്ത് പരിശോധിച്ചു നോക്കൂ. ഈ യുദ്ധമൊക്കെ ചെയ്ത് സീതയെ അശോക വനത്തിൽ നിന്ന് രക്ഷിച്ച് രാവണനെക്കൊന്ന് രാമൻ തിരിച്ചെത്തുന്നു. പിന്നീട് ജനാപവാദം ഭയന്ന് രാമൻ ഭാര്യയെ ഉപേക്ഷിക്കുന്നു. അതെന്തിനു വേണ്ടി ചെയ്തു? അതിലൊരു എൗശേഹശ്യേ യുടെ അംശമുണ്ട്. പക്ഷെ അത് എൗശേഹശ്യേ അല്ല. ഒരു വലിയ തെറ്റ് ചെയ്തിട്ടുള്ള തിന്മയെ നശിപ്പിക്കാൻ ജീവിതം മുഴുവനും ആന്തരികവും ബാഹ്യവുമായ സമരമാക്കി മാറ്റുകയാണ് രാമൻ ചെയ്തത്. അതാണല്ലോ രാമായണത്തിന്റെ മുഖ്യ പ്രതിപാദ്യം. എന്നാൽ അവസാനം ജയിക്കുന്നത് നന്മ തന്നെയാണ്. നന്മയ്ക്കു വേണ്ടി വാദിക്കുന്നവനെപ്പോലെ മറ്റാരും കഷ്ടപ്പെടുന്നില്ല. അതില്ലെങ്കിൽ സംസ്‌കാരമില്ല. നല്ല ഒരു കൃതിയാണെങ്കിൽ അത് പറയുക ഞാനാണ്. സംസ്‌കാരം എന്നായിരിക്കും. ലൂയി പതിനാലാമൻ സ്റ്റേറ്റ് എന്ന് പറഞ്ഞില്ലേ. അതുപോലെ ഒരു നല്ല കൃതി പറയുക ക മാ വേല രശ്ശഹശ്വമശേീി അല്ലെങ്കിൽ ക മാ വേല ഈഹൗേൃല എന്നായിരിക്കും. നന്മയ്ക്ക് പരഭാഗ ശോഭ നല്കാൻ വേണ്ടി കൃതികളിൽ തിന്മയും കൂടി ചിത്രീകരിക്കുന്നത്. നന്മ വിജയിക്കണമെന്ന് പറഞ്ഞാൽ എഴുത്തുകാരൻ നിങ്ങളെ ചടപ്പിക്കുകയായിരിക്കും ചെയ്യുക. അപ്പോൾ നന്മയുടെ ആത്മഭാവം വരാൻ തിന്മയുടെ മുമ്പിൽ അതിനുള്ള എല്ലാ തീവ്ര അനുഭവങ്ങളും വിവരിക്കേണ്ടി വരും.
കുറച്ചുകാലം കഥയെഴുതിയ ശേഷമാണല്ലോ താങ്കൾ നോവൽ രംഗത്തേക്ക് വന്നത്. ‘മരം’ ആണല്ലോ ആദ്യത്തെ നോവൽ. കഥയുടെ ശാഖ അപര്യാപ്തമായി തോന്നിയതാണോ നോവൽ ശാഖ സ്വീകരിക്കാൻ കാരണം.
അതെ. കഥയെഴുതി ഏകദേശം 4 കൊല്ലം കഴിഞ്ഞാണ് ഞാൻ ആദ്യത്തെ നോവലായ ‘മരം’ എഴുതിയത്. കഥയ്ക്ക് പാകമല്ലാത്ത ഒരു വിഷയം കയ്യിൽ കിട്ടി. ഒരു സ്ത്രീക്ക് രണ്ട് ഭർത്താക്കന്മാരാകാമോ എന്നതാണല്ലോ അതിലെ പ്രശ്‌നം. അതിനെ ഒരു കഥയുടെ ഡ്രമാറ്റിക് ഫ്രെയിം വർക്കിൽ പെടുത്താനാകില്ലെന്ന് തോന്നി. പെടുത്തിയാൽ കഥയുടെ ഏകാഗ്രത നഷ്ടപ്പെടും. ജീവിത സാഹചര്യങ്ങൾ ഏറെ വരുമ്പോൾ നോവലിന്റെ ഫ്രെയിം വർക്കാണ് ഇണങ്ങുക. കുറേ കഥാപാത്രങ്ങളുടെ മനോവിചാരങ്ങളുടെ വികാസത്തിലൂടെയാണല്ലോ നോവൽ വികസിക്കുന്നത്. ഓരോരുത്തരുടേയും First person Approach ആണ് അതിനുള്ളത്.
ആദ്യത്തെ നോവലായ ‘മര’ത്തിന് വായനക്കാരുടെ ഭാഗത്ത് നിന്ന് നല്ല സ്വീകരണമാണോ ലഭിച്ചത്. അതോ അപാകതകൾ ചൂണ്ടിക്കാണിക്കലോ?
നല്ല ആസ്വാദനമാണ് ഉണ്ടായത്. റേഡിയോവിൽ ഒരാഴ്ച വായിച്ചാണ് ആ നോവൽ ആദ്യം വന്നത്. ചെറിയ മാറ്ററായിരുന്നു. എന്നാൽ വായിച്ച രീതിയിലായിരുന്നില്ല പുസ്തകമായത്. വായിച്ചവതരിപ്പിക്കുന്ന കഥയ്ക്ക് പരിമിതികളുണ്ടാകും. പുസ്തകമായി വരുമ്പോൾ അത്തരം കഥയ്ക്ക് പരിമിതി ഉണ്ടാകില്ല. കഷായം കഴിഞ്ഞ രീതിയിൽ ഇന്ന ദിവസം ഇത്ര സമയം എന്ന് റേഡിയോവിന് നിബന്ധനയുണ്ടാകും. നോവലിൽ നിബന്ധന പുലർത്തേണ്ടതില്ല. റേഡിയോവിലെ മാറ്ററിൽ സാരമായ മാറ്റം വരുത്തിയാണ് നോവൽ പ്രസിദ്ധീകരിച്ചു വന്നത്.
പത്ര പ്രവർത്തന രംഗവുമായി താങ്കൾ ബന്ധപ്പെടുന്നത് പില്ക്കാലത്താണ്. എന്നാൽ പത്രലോകവുമായി ബന്ധപ്പെട്ട ചില മികച്ച കൃതികൾ അതിന് മുമ്പു തന്നെ എഴുതിയിരുന്നു. ഹിരണ്യകശ്യപിൽ ‘സത്യം’ എന്ന പത്രത്തെക്കുറിച്ച് പരാമർശമുണ്ട്. പ്രസിഡണ്ടിന്റെ ആദ്യത്തെ മരണത്തിലും പത്രലോകം വന്നിട്ടുണ്ട്. സാഹിത്യ സത്യ വും പത്ര സത്യവും തമ്മിലുള്ള പൊരുത്തത്തെ അല്ലെങ്കിൽ പൊരുത്തക്കേടിനെ താങ്കൾ എങ്ങനെയാണ് വീക്ഷിക്കുന്നത്.
മാധ്യമങ്ങൾ വല്ലാത്ത സ്വാധീനം ചെലുത്തുന്ന ഒരു ലോകത്തിലാണ് നമ്മളൊക്കെ ഇന്ന് കഴിയുന്നത്. അതിന്റെ സ്വാധീനം വളരെ വലുതാണ്. വ്യത്യസ്തവുമാണ് ആ ലോകം. ‘മാതൃഭൂമി’യിൽ ഒരു ദിവസം ഞാൻ വേറെ ഒരാവശ്യത്തിന് പോയപ്പോൾ മരിക്കാറായി കിടക്കുന്ന ഒരു നേതാവിന്റെ ജീവിതത്തിലെ പ്രധാന കാര്യങ്ങളെക്കുറിച്ച് ലേഖനമെഴുതാനുള്ള തയ്യാറെടുപ്പ് നടക്കുകയായിരുന്നു. അതിനെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു പ്രസിഡണ്ടിന്റെ ആദ്യത്തെ ‘മരണം’ എന്ന കഥ. അതൊക്കെയിപ്പോൾ എല്ലാ പത്രത്തിലും നടക്കുന്ന കാര്യമാണ്. ‘ലണ്ടൻ ടൈംസ് പത്രത്തിൽ പ്രഗത്ഭനായ ഒരു പത്രാധിപർ പുതുതായി ചാർജെടുത്തതിനെ കുറിച്ച് മനോഹരമായ ഒരു കഥയുടെ ചാർജെടുത്തതിന്റെ ആദ്യ ദിവസം തന്നെ അയാൾ ‘ഒബിച്വറി ഫയൽ’ കൊണ്ടുവരാൻ പറഞ്ഞു.
മരിക്കാത്ത മരിച്ചു പോയവരുടെ ഫയൽ ഉണ്ടാക്കി വെക്കുന്നതാണ് ഒബിച്വറി ഫയൽ. ആരും മരിച്ചിട്ടുണ്ടാവില്ല. അവരൊക്കെ മരിച്ചുവെന്നു പറയുന്ന ഫയലായിരിക്കും ഇത്. ആ ഫയൽ കൊണ്ടുവന്നത് പത്രാധിപർ പരിശോധിച്ചു. അതിൽ ആദ്യം തന്നെ കണ്ടത് ആ പത്രാധിപർ മരിച്ച ഫയലാണ്. All right upto date എന്ന് പറഞ്ഞ് പത്രാധിപർ ഫയൽ മടക്കി അയച്ചുവെന്നാണ് കഥ. വികാരമൊന്നുമില്ലാത്ത പത്രലോകത്തിൽ അങ്ങനെ പലതും ചെയ്യേണ്ടി വരും. നേതാവ് മരിച്ചതിനെക്കുറിച്ച് നേരത്തെതന്നെ മുഖപ്രസംഗം തയ്യാറാക്കിവെക്കും. നേതാവ് ഇനി മരിച്ചു തന്നാൽ മതിയാകും. അപ്പോൾ വരേണ്ട ലേഖനമെല്ലാം നേരത്തെ തന്നെ തയ്യാറായിരിക്കും. അങ്ങനെയൊരു നേതാവ് മരിക്കുമെന്ന സംശയകരമായ സ്ഥിതിയിൽ ലേഖനം തയ്യാറാക്കുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് ഞാൻ ആ കഥ എഴുതിയത്. പത്രലോകത്തിൽ അതൊക്കെ സാധാരണമാണ്.
ആശയത്തെപ്പോലെ പ്രധാനമാണ് സാഹിത്യകാരനെ സംബന്ധിച്ചേടത്തോളം ഭാഷയും. താങ്കൾ ഭാഷയ്ക്ക് എത്രമാത്രം പ്രാധാന്യം കല്പിക്കുന്നുണ്ട്?
ഒരു കുട്ടിയുടെ ലോകമാണ് ദൈവത്തിന്റെ കണ്ണിൽ അനാവരണം ചെയ്യുന്നത്. കുട്ടിയുടെ ശബ്ദം വളരെ പരിമിതമായിരിക്കും. നിഷ്‌കളങ്കമായ ഭാവന നൈസർഗ്ഗികവുമായിരിക്കും. ഇവ രണ്ടും കൂട്ടു ചേർന്ന് കവിതയുണ്ടാക്കാനാകുമോ. ഒരെളിയ ശ്രമമാണ് ഞാൻ ചെയ്തിട്ടുള്ളത്. മനുഷ്യൻ ഭാഷയാണെന്ന് ഞാൻ. വിചാരിക്കുന്നു. ചെറുകഥയെക്കുറിച്ച് നാം സാധാരണ പറയാറുള്ളത് ആദ്യ വാചകം തന്നെ മാനുഷിക താല്പര്യം ഉണർത്തുന്നതായിരിക്കണമെന്നതാണ് അപ്പോൾ ഭാഷ രചനയിൽ വഹിക്കുന്ന അതിപ്രധാനമായ പങ്ക് വ്യക്തമാണല്ലോ.
താങ്കൾ ഒരു മുഴം നീട്ടിയെറിഞ്ഞ കൃതിയെന്ന് ‘ഹിരണ്യകശ്യപിന്നെ വിശേഷിപ്പിക്കാം. പിന്നീട് ഫാക്ട് ആയി മാറുന്ന കഥയാണ് അവിടെ കണ്ടത്. സാധാരണ തിരിച്ചാണ് സംഭവിക്കാറുള്ളത്. ‘ഹിരണ്യ കശ്യപി’ൽ ഇങ്ങനെ സംഭവിച്ചതിൽ അതിശയം തോന്നുന്നു.
Fact Fiction എന്നതല്ല അതിന്റെ പ്രശ്‌നം. നമുക്ക് പ്രത്യേകമായ രാഷ്ട്രീയ സാഹചര്യങ്ങളും സംവിധാനങ്ങളുമൊക്കെയുണ്ട്. ഇവിടെ ഇതൊക്കെ ദുഷിക്കുകയാണ്. ഇത് ദുഷിച്ചാൽ ഏതുവരെ പോകുമെന്നതിന്റെ അന്വേഷണമാണിത്. ഈ കണ്ടെത്തൽ ഭാവനാത്മകമായി ചിത്രീകരിക്കുകയാണ് ചെയ്തത്. ഞാനതിന് നോവൽ എന്ന് പേര് കൊടുത്തിട്ടുമില്ലല്ലോ.
താങ്കളതിനെ Fabrication എന്നാണ് വിശേഷിപ്പിച്ചത്. നോവലിസ്റ്റ് തന്നെ നോവലിനെ താഴ്ത്തിപ്പറയുന്നത് ശരിയാണോ? നോവലിന് ഏതെങ്കിലും പ്രത്യേക സംഭവവുമായി ബന്ധമുണ്ടാകില്ലേ?
ഒരു കെട്ടുകഥയാണത്. അതിന്റെ സ്വഭാവം അങ്ങനെയാണ്. നമ്മുടെ രാഷ്ട്രീയ ജീവിതത്തിൽ വരുന്ന അപചയങ്ങളെക്കുറിച്ച് സസൂക്ഷ്മം പഠിക്കുന്ന ഒരു വിദ്യാർത്ഥിക്കുണ്ടാകാവുന്ന നിഗമനമാണത്. മന്ത്രിസഭ വീഴുകയും മറ്റും ചെയ്യുന്നത് ഇവിടെ നിത്യാനുഭവമാണല്ലോ. അങ്ങനെയൊരു അപഹാസ്യ സംഭവം അതിനു പിന്നിലുണ്ടായിരിക്കണം. ഞാൻ കൃത്യമായി ഓർക്കുന്നില്ല. നോവലിനേക്കാൾ വലുതാണ് എന്നും വരാമല്ലോ. അപ്പോൾ അതെങ്ങനെ നോവലിനെ തരംതാഴ്ത്തലാകും? ഇതിൽ ധാരാളം അംശങ്ങൾ പ്രവചനാത്മകമായിട്ടുണ്ട്. ഞാൻ വിചാരിച്ചതിനേക്കാൾ മുമ്പു തന്നെ അതിൽ പറഞ്ഞ കാര്യങ്ങൾ യാഥാർത്ഥ്യമായതിലാണ് എനിക്ക് അതിശയം. ഞാൻ 2006-ൽ സംഭവിക്കുമെന്നാണ് എഴുതിയത്. അതിനുമുമ്പു തന്നെ ഇന്ദിരാഗാന്ധി അടിയന്തിരാവസ്ഥ കൊണ്ടു വന്നു. ആ പുസ്തകം 1970 ലാണ് ഞാനെഴുതിയത്. കൃതിയിൽ അടിയന്തിരാവസ്ഥയെക്കുറിച്ചുള്ള വിജ്ഞാപനമുണ്ടല്ലോ. ഇന്ദിരാഗാന്ധി കൊണ്ടുവന്ന അടിയന്തിരാവസ്ഥയുടെ വിജ്ഞാപനം ഹിരണ്യകശ്യപിലെ വിജ്ഞാപനവും തമ്മിൽ വലിയ ഒരു വ്യത്യാസവും കാണുന്നില്ല. പത്രപ്രവർത്തകനായ വി.ഏ.കരുണാകരൻ നമ്പ്യാർ ഒരു നിരൂപണത്തിൽ ഇത് രണ്ടും താരതമ്യപ്പെടുത്തി നോക്കിയിട്ടുണ്ട്.
പൊളിറ്റിക്കൽ സറ്റയർ എന്ന നിലയിൽ വേറെ ചില നോവലുകൾ ക്കൊണ്ട് മലയാളത്തിൽ നിരൂപകർ നല്കിയത്. ഹിരണ്യകശ്യപ് അല്പം തഴയപ്പെടുകയുണ്ടായില്ലേ?
അതിപ്പോൾ ഞാൻ പറയേണ്ട കാര്യമല്ലല്ലോ. എഴുത്തിനെക്കുറിച്ച് പറഞ്ഞാൽ പല ബാഹ്യ സമ്മർദ്ദങ്ങളുമാണ്. ഒരെഴുത്തുകാരന്റെ പ്രശസ്തിയെ സ്വാധീനിക്കുന്നത്. പത്രത്തിൽ അയാൾക്കുള്ള സ്വാധീനം. മറ്റുള്ളവരിൽ അയാളുടെ പെരുമാറ്റം ഉണ്ടാക്കുന്ന സ്വാധീനം. ഒരുപാടാളുകൾ അയാളെപ്പറ്റി നല്ല അഭിപ്രായങ്ങൾ പറയുക ഇതൊക്കെയാണ് സാധാരണ വായനക്കാരനെ സ്വാധീനിക്കുക.
എഴുത്തല്ലേ എഴുത്തുകാരന് മേൽവിലാസമുണ്ടാക്കേണ്ടത്?
ആകേണ്ടത് അതാണ്. അതിൽ പല സംഗതികളും സ്വാധീനിക്കുന്നുണ്ട്. ഇന്നിപ്പോൾ നമ്മൾ നല്ല ശരിയായ സാഹിത്യമാണെന്ന് പറയുന്ന ഒരു കൃതി 50 കൊല്ലം കഴിഞ്ഞാൽ നല്ല കൃതിയായി അറിയപ്പെടുമെന്നതിന് എന്ത് ഗ്യാരണ്ടിയാണുള്ളത്. കേശവദേവിന്റെ ‘ഓടയിൽ നിന്ന്’ വായിച്ച കാലത്ത് എന്റെ മനസ്സിലുണ്ടായ വലിയൊരു വിചാരമുണ്ടായിരുന്നു. ഇന്ന് ആ പുസ്തകത്തെക്കുറിച്ച് അങ്ങനെ ചിന്തിക്കുന്നില്ലല്ലോ. മൂല്യങ്ങളെ വിലയിരുത്തുന്നതിൽ വന്ന ബാഹ്യ പ്രേരണകളായിരിക്കാം കുറേ മാറ്റങ്ങൾ വരുത്തുന്നത്. 100 കൊല്ലം കഴിഞ്ഞിട്ടും ഒരു പുസ്തകം വായിക്കുമ്പോഴാണ് അത് ക്ലാസ്സിക് ആകുന്നത്. ഒരുദാഹരണം ഇന്ദുലേഖ തന്നെ. ‘മൊബിഡിക്’ അതെഴുതിയ കാലത്ത് അതിന് തീരെ വായനക്കാരുണ്ടായിരുന്നില്ല. 50 കൊല്ലത്തിനിടക്ക് 5000 കോപ്പിയാണ് ചെലവായത്. എന്നാൽ ഇന്നതിന് ലോകത്തിലെ മികച്ച കൃതികളിൽ സ്ഥാനം കിട്ടിയിരിക്കുന്നു.
ആർഷ ഭൂമിയുടെ വികൃത മുഖചിത്രം എന്ന ശീർഷകം നല്കിയാണ് താങ്കളുടെ നോവലുകളെക്കുറിച്ച് ഒരു നിരൂപകൻ പഠനം നടത്തിയത്. ഈ വിശേഷണങ്ങളെക്കുറിച്ച് നോവലിസ്റ്റിന്റെ അഭിപ്രായമെന്താണ്?
എൻ.പി : ആ നിരൂപണം ഞാൻ വായിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ന്യായമുഖങ്ങൾ എന്താണെന്ന് എനിക്കറിയുകയില്ല. അതിനാൽ അതിനെക്കുറിച്ച് അഭിപ്രായം പറയേണ്ടതില്ല. ഏതായാലും ആർഷഭൂമിയുടെ വികൃതമുഖം ഉണ്ടാക്കിയേ അടങ്ങൂ എന്ന മട്ടിൽ ഒന്നും തന്നെ ഞാൻ ചെയ്തിട്ടില്ല. ചുറ്റുപാടുമുള്ള ധാർമ്മിക അപഭ്രംശം എന്റെ മനസ്സിനെ അസ്വസ്ഥമാക്കുന്നു. അതിന്റെ അനന്തരഫലമായിരിക്കും എന്റെ രചനകളിൽ വരുന്നത്. ഈ ലോകത്ത് ജീവിക്കുന്നവൻ എന്ന നിലയിൽ അതെന്റെ കൃതികളിൽ വരാതിരിക്കുകയുമില്ല.
എണ്ണപ്പാടത്തെ ‘ഒരു ദേശത്തിന്റെ കഥ’യുമായി ഒരു നിരൂപകൻ താരതമ്യപ്പെടുത്തിയിട്ടുണ്ട്. ‘എണ്ണപ്പാട’ത്തിൽ ഒരു മുഖ്യ കഥാപാത്രമില്ലെന്ന് ആ നിരൂപകൻ സൂചിപ്പിക്കുകയും ചെയ്തു. അങ്ങനെയൊരു മുഖ്യ കഥാപാത്രത്തെ പ്രതിഷ്ഠിക്കുക താങ്കളുടെ ലക്ഷ്യമായിരുന്നില്ലല്ലോ.
പുതിയ നോവലുകളിൽ നാല് മരണങ്ങൾ സംഭവിച്ചിട്ടുണ്ട്. പ്ലോട്ടിന്റെ മരണം. പ്രമേയത്തിന്റെ മരണം നായകൻ അല്ലെങ്കിൽ നായികയുടെ മരണം കഥാപാത്രങ്ങളുടെ കൂട്ടമരണം. ഇവയാണ് ആ മരണങ്ങൾ. കഥാപാത്രമെന്നത് തന്നെ എഴുത്തുകാരന്റെ വിവിധ ഭാവങ്ങളെ ചിത്രണം ചെയ്യാനുള്ള ഒരു എന്താണെന്നു വരെ ചില പാശ്ചാത്യ നോവലിസ്റ്റുകൾ പറഞ്ഞിട്ടുണ്ട്. ‘എണ്ണപ്പാട’ത്തിലെ പ്രധാന കഥാപാത്രം അതിലെ പ്രദേശമാണ്. ആ പ്രദേശം അവിടത്തെ എല്ലാ മനുഷ്യജീവികളിലും സ്വാധീനം ചെലുത്തുന്നു. അവിടത്തെto to pography യാണ് ആ സംസ്‌കാരത്തെ രൂപപ്പെടുത്തുന്നത്. ആ സംസ്‌കാരത്തിന്റെ സൃഷ്ടികളാണ് അതിലെ കഥാപാത്രങ്ങൾ. ഇന്ത്യയുടെ പഞ്ചാംഗം എന്ന് ഡോ: രാഘവൻ പിള്ള ആ നോവലിനെ വിശേഷിപ്പിക്കുകയുണ്ടായി.
അധികാരത്തോടുള്ള താങ്കളുടെ സമീപനമാണോ താങ്കളുടെ നോവലുകളിൽ പ്രകടമാകുന്നത്? അതിൽ അലിഗറി വരുന്നത് എങ്ങനെയാണ്?
അലിഗറി അബോധതലത്തിൽ വരുന്നതാണ്. അധികാരതലത്തിൽ ഒന്നിനോടും യോജിക്കാത്തതാണ് എന്റെ നിലപാട്. അടിസ്ഥാനപരമായി ഞാനൊരു അനാർക്കിസ്റ്റാണ്. ചില സംഘടനകളുമായി ചേർന്ന് പൊതു പ്രവർത്തനത്തിൽ പങ്കെടുത്ത് കുറച്ച് കഴിഞ്ഞാൽ ഞാനിതെന്തിന് ഇതിനൊക്കെ പോകുന്നു ഇതൊക്കെ ആവശ്യമില്ലാത്തതല്ലേയെന്ന് ഞാൻ ചിന്തിച്ചു പോകാറുണ്ട്. അതെന്റെ സ്വഭാവമാണ്.
ദൈവത്തിന്റെ കണ്ണ്’ പരിസ്ഥിതി പ്രവർത്തകർക്കാണല്ലോ സമർപ്പിച്ചത്. മുമ്പത്തെ നോവലുകളിൽ സമർപ്പണങ്ങൾ ഇല്ലല്ലോ.
സ്വന്തമായി ഒന്നും നേടുന്നതിനെക്കുറിച്ച് ചിന്തിക്കാത്തവരാണ് പരിസ്ഥിതി പ്രവർത്തകർ. അതുകൊണ്ട് പ്രതിസന്ധി കിട്ടുമെന്ന് പറഞ്ഞേക്കാം. എത്ര ചെറിയ പ്രതിസന്ധിയാണവർക്ക് ഈ പ്രവർത്തനം കൊണ്ട് കിട്ടുന്നത്. സ്വാർത്ഥമില്ലാത്ത അവരുടെ പ്രവർത്തനം എന്നെ വളരെയ ധികം ആകർഷിച്ചിട്ടുണ്ട് അങ്ങനെയാണ് നോവൽ അവർക്ക് സമർപ്പിച്ചത്.
കൃതികൾക്ക് ശീർഷകം നല്കുന്നത് എങ്ങനെയാണ് എഴുതിത്തുടങ്ങുന്നതിന് മുമ്പ് എഴുതി വരുമ്പോൾ? എഴുത്ത് കഴിഞ്ഞാൽ?
മൂന്നു രീതിയിലും വരാം. നല്ലതായ ഒരു രീതി എനിക്കിപ്പോൾ ഓർക്കാൻ കഴിയുന്നില്ല. ചിലപ്പോൾ ശീർഷകം അപര്യാപ്തമാണെന്നു തോന്നാറുണ്ട്. ‘ഹിരണ്യകശിപു’ തന്നെ ഉദാഹരണം. എനിക്ക് ഹിരണ്യകശിപുവിന്റെ തലസ്ഥാനത്തിന്റെ പേരിടണമെന്നായിരുന്നു ആഗ്രഹം. ഞാനതു മഹാഭാഗവതം മുഴുക്കെ തിരഞ്ഞിട്ടും കണ്ടില്ല; ഒടുവിൽ കുട്ടികൃഷ്ണമാരാരോടു ചോദിച്ചു. അദ്ദേഹം കെ.പി.നാരായണ പിഷാരടിയോടു അന്വേഷിക്കാൻ തിരക്കി. അദ്ദേഹവും വ്യക്തചിത്രം നല്കിയില്ല. പാതാളത്തിൽ ആയിരിക്കണം എന്നുത്തരം കിട്ടി. എന്റെ വീട്ടിനു സുതലം എന്നു പേരിട്ടു. ദൈവത്തിന്റെ കണ്ണിനു പേരിടുവാൻ ഒരു വിഷവും അനുഭവപ്പെട്ടില്ല. താരതമ്യേന മനസ്സിൽ വന്നിരുന്നു.
ദൈവത്തിന്റെ കണ്ണിലെ മുഹമ്മദാലിയുടെ ചിത്രം അത്യന്തം ഹൃദയസ്പർശിയാണ്. കഥ പറയുന്ന 13 വയസ്സുകാരനേക്കാൾ മുഹമ്മദാലിയാണ് വായനക്കാരന്റെ സഹാനുഭൂതി ഏറ്റുവാങ്ങുന്നതെന്ന് തോന്നുന്നു. അയാളെ യഥാർത്ഥ ജീവിതത്തിൽ നിന്നെടുത്തതാണോ?
അയാളെ എനിക്ക് നേരിട്ടറിയാം. എന്റെ ബന്ധത്തിലുള്ള ഒരു ഇക്കാക്കയാണ് മൊഹമ്മദാലിക്ക. വളരെ സാധു കുടുംബത്തിലെ അംഗമായിരുന്നു. ഭ്രാന്ത് ഇല്ലാത്ത സ്ഥിതിയിലും ഭ്രാന്ത് വന്ന സ്ഥിതിയിലും എനിക്ക് ആ കഥാപാത്രത്തെ നന്നായറിയാമായിരുന്നു. ആ കഥാപാത്രത്തെ ചിത്രീകരിക്കാൻ വലിയ ചായക്കൂട്ടുകളൊന്നും എനിക്ക് ആവശ്യമായി വന്നില്ല. അവനവന്റെ അനുഭവങ്ങളുടെ അംശമുണ്ടാകുമ്പോൾ എഴുത്തിന് ആർജ്ജവമുണ്ടാകും. സ്വന്തം കാഴ്ചപ്പാടോടെ എഴുതുമ്പോൾ ഹൃദയഹാരിയായ സംഭവമാണെന്നേ തോന്നൂ.
ഈ നോവലിൽ ബാലമനസിന്റെ ഭാവങ്ങളിലൂടെ ജീവിതത്തിലെ ഗഹന കാര്യങ്ങൾ വെളിപ്പെടുത്തുന്ന രീതി തന്നെ അവലംബിക്കുന്നത് എന്തുകൊണ്ടാണ്?
ബാലമനസ്സിലാണ് ഏറ്റവും നല്ല ഭാവനകൾ ഉണ്ടാവുക. ആ മനസ്സ് നിർമ്മലമായിരിക്കും. ലാളിത്യത്തിന്റെ ആർജവം അതിനുണ്ടാകും. ആ രീതിയിൽ എഴുതുക പ്രയാസമുള്ള കാര്യവുമാണ്. എന്നാലും ആ രീതി എന്നെ ആകർഷിച്ചിട്ടുണ്ട്. കവി തന്നെ ആണെന്ന് ചില സൗന്ദര്യ ശാസ്ത്രജ്ഞന്മാർ പറയുന്നുണ്ടല്ലോ. ഇത്തരം കഥകൾ വായിച്ച അനുഭവങ്ങൾ എന്റെ മനസ്സിൽ എവിടെയോ കിടന്നു കാണും. ഈ നോവലിന് ആ ശൈലി അനുയോജ്യമായി തോന്നി.
ഈ നോവലിനാണല്ലോ കേന്ദ്ര സാഹിത്യ അക്കാദമിയുടെ അവാർഡ് ലഭിച്ചത്? ഇതാണോ താങ്കൾക്കേറ്റവും ഇഷ്ടപ്പെട്ട സ്വന്തം കൃതി.
അവാർഡ് കിട്ടിയത് ഈ കൃതിക്കാണ്. അതിൽ സന്തോഷവുമുണ്ട്. എന്നാൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട എന്റെ കൃതി ‘ഹിരണ്യകശ്യ’പാണ്. അതിനാകട്ടെ ഒരവാർഡും കിട്ടിയില്ല.
ജിന്ന്-പ്രേതം -നിധി ഇവയെക്കുറിച്ച് താങ്കളുടെ പല കൃതികളിലും വർണ്ണിച്ചു കാണുന്നുണ്ടല്ലോ. കഥ തുടങ്ങുവാനുള്ള പ്രേരണ ജീവിതമുഹൂർത്തങ്ങളിൽ നിന്നാണോ കഥാപാത്രങ്ങളാകാൻ സാധ്യതയുള്ള വ്യക്തികളിൽ നിന്നാണോ ഉണ്ടാകുന്നത്? അനുഭവം എന്താണ്?
രണ്ടിൽ നിന്നുമാകാം. എന്നാൽ ജീവിതമുഹൂർത്തമില്ലങ്കിൽ കഥാപാത്രത്തിനു അസ്തിത്വമുണ്ടാകുമോ? എന്റെ അനുഭവം ചിലപ്പോൾ ചിലരുടെ പ്രത്യേകമായ വിവരണങ്ങളും ചെയ്തികളും ആകർഷിക്കുന്നു. മറ്റു ചിലപ്പോൾ സാധാരണ ജീവിതത്തിലെ അസാധാരണമായ മുഹൂർത്തങ്ങൾ പ്രമോദനങ്ങൾ നല്കുന്നു. ചിലപ്പോഴാകാട്ടെ ഒരാശയം കൂടി കഥക്ക് പ്രേരണ നല്കാറുണ്ട്. ഇതൊന്നും വൈദ്യന്മാരുടെ പച്ചമരുന്നിടുന്ന പത്തായത്തിലെ കള്ളികൾ പോലെ വേറിട്ടു കാണാൻ കഴിയുന്നില്ല.
കുട്ടിക്കാലത്ത് മനസ്സിൽ അത്തരം വിചാരങ്ങൾ ഉണ്ടായിരുന്നു. അന്ന് ഇങ്ങനെ മരങ്ങൾ വെട്ടി വെളുപ്പിച്ചിരുന്നില്ല. മരത്തിൽ പൊത്തുണ്ടാകും. അതിൽ ജിന്ന് യക്ഷിയും ഒറ്റ മുലച്ചിയും ഉണ്ടെന്നായിരുന്നു വിശ്വാസം. ഇപ്പോഴും ഓർക്കുമ്പോൾ മനസ്സിൽ പേടി തോന്നും. പിന്നെ യുക്തിയുടെ അന്വേഷണത്തിൽ അതൊക്കെ സ്വഭാവികമായി വരും. പോയ കാലത്തിലുള്ള വിശ്വാസം അതിനോടുണ്ടായിരുന്ന അടുപ്പം അതെല്ലാം ചേർന്നാണ് ഇങ്ങനെ എഴുതിപ്പോകുന്നത്.
അന്യനാട്ടുകാരായ എഴുത്തുകാർ നമുക്ക് അവരുടെ കൃതികളിലൂടെ പരിചിതരാണ്. എന്നാൽ ഭാരതീയരായ എഴുത്തുകാർ പ്രായേണ അന്യരും അപരിചിതരുമായി നില്ക്കുന്നു. ഈ ദുരവസ്ഥ എങ്ങനെ മാറ്റാനാകും?
അതെ, നമുക്ക് അമേരിക്കയിലേയും ആഫ്രിക്കയിലേയും എഴുത്തുകാരുമായി അടുപ്പമുണ്ട്. അവരുടെ കൃതികൾ വിവർത്തനത്തിലൂടെ നമ്മൾ വായിക്കുന്നു. എന്നാൽ അയൽ സംസ്ഥാനങ്ങളിലെ എഴുത്തുകാരുമായി നമുക്ക് അത്തരം സമ്പർക്കങ്ങൾ കുറവാണ്. ഇത് ഇന്ത്യയുടെ സാംസ്‌കാരികമായ വളർച്ചയെ ബാധിക്കും. നമ്മുടെ നാട്ടിലെ എഴുത്തുകാരുടെ യഥാർത്ഥ സംഭാവനകളെക്കുറിച്ച് നമുക്കറിയാൻ സാധിക്കാതെ പോകുന്നു. ഇതൊരു സാംസ്‌കാരിക ദുരന്തമാണ്. മലയാളികളുടെ സ്ഥിതി ഇക്കാര്യത്തിൽ താരതമ്യേന മെച്ചമാണ്. ബംഗാളിയിൽ നിന്നും ഹിന്ദിയിൽ നിന്നും കുറേ കൃതികൾ നമുക്ക് വിവർത്തനങ്ങളായി. മറ്റു ഭാഷകളിൽ നിന്ന് മലയാളത്തിലെത്തിയ കൃതികൾ കുറവാണ്. 94 ഫെബ്രുവരിയിൽ ഞാൻ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് വാങ്ങിക്കൊണ്ട് ചെയ്ത പ്രസംഗം കേട്ടശേഷം അസമിയ എഴുത്തുകാരൻ കേശവ മഹന്ത മലയാളം എഴുത്തുകാർ ഏറെ സവിശേഷതകൾ പുലർത്തുന്നവരാണെന്ന് എന്നോട് പറയുകയുണ്ടായി. ഭാരതീയ എഴുത്തുകാർ തമ്മിലുള്ള സമ്പർക്കം വളരാൻ മറ്റു ഭാഷകളിലെ എഴുത്തുകാർ സംബന്ധിക്കുന്ന ശില്പശാലകൾ സംഘടിപ്പിക്കണം. അതിൽ വിവർത്തകരേയും പങ്കെടുപ്പിക്കണം. ഇവിടെ നിന്നുള്ള എഴുത്തുകാരുടെ സംഘം മറ്റു സംസ്ഥാനങ്ങൾ സന്ദർശിക്കണം. അവർ ഇവിടെയും വരണം. കുറേ പുസ്തകങ്ങൾ തിരഞ്ഞെടുത്ത് തർജ്ജമ ചെയ്യാനും ഏർപ്പാടുകൾ ഉണ്ടാവണം.
കഥയുടേയും നോവലിന്റേയും രചനാ പ്രക്രിയകൾ നോവൽ. താങ്കൾ കാണുന്ന അന്തരം എന്താണ്?
രണ്ടും അടിസ്ഥാനപരമായി കഥയാണ് പറയുന്നതെങ്കിലും പറയുന്നതിലും പൂർത്തിയാക്കുന്നതിലും വ്യത്യസ്തമായ സാങ്കേതിക മാനദണ്ഡങ്ങളുണ്ട്. കഥയിൽ നിന്നുള്ള പ്രമോഷനല്ല നോവൽ, നോവലിൽ നിന്നും ഒട്ടും താഴെയല്ല ഒരു കലാസൃഷ്ടിയെന്ന നിലയിൽ കഥ പ്രധാന വ്യത്യാസം കഥാപാത്ര വിചാരത്തിലാണ്. നോവലിൽ ഒരു കഥാപാത്രത്തിന്റെയോ ഒരു കൂട്ടം കഥാപാത്രത്തിന്റെ ഈ വികാസപരിണാമങ്ങൾ ആവിഷ്‌കരിക്കാനുള്ള തന്ത്രമാണ്. കഥയിൽ ഒരു കഥാപാത്രത്തിന്റെ അല്ലെങ്കിൽ ഒരു കൂട്ടം കഥാപാത്രങ്ങളുടെ ജീവിതത്തിലെ ഹൃദയഹാരിയായ ഒരു നിമിഷമോ, ഒരനുഭവമോ, ഒരു വ്യത്യാസമോ ആണ് ചിത്രീകരിക്കുന്നത്. അതുകൊണ്ടു തന്നെ കഥയെഴുതുക ദുഷ്‌കരമാണ്. ചെറുകഥയെഴുതാൻ സമയമില്ലാത്തതു കൊണ്ടു ഒരു നോവൽ എഴുതി എന്നു ഒരു പ്രശസ്തനായ ഫ്രഞ്ച് കാഥികൻ പറഞ്ഞതു ഓർമ്മ വരുന്നു. സാങ്കേതിക നിബന്ധന കാഥികന്റെ സ്വപ്നക്രിയയെ വലക്കുന്നുണ്ട്. നോവലിലാകട്ടെ അയാൾ കുറേ കൂടി സ്വതന്ത്രനാണ്. അനുഭവ പരമ്പരകളിലൂടെ വികാരവാഹിയായ ഒരു ജീവിത പ്രപഞ്ചം സ്വഛന്ദമായി ആവിഷ്‌കരിക്കുവാൻ അയാൾക്ക് കഴിയും.
ഒരു നൂറ്റാണ്ട് ഇവിടെ അവസാനിക്കാറാകുന്നു. ഒരു പുതിയ നൂറ്റാണ്ടിന്റെ പിറവിക്ക് ഇനി അധികം താമസമുണ്ടാകില്ല. ഈ ഭാഗാസന്ധിയിൽ മാനവീയതയെക്കുറിച്ച് ഓർക്കുമ്പോൾ താങ്കളുടെ മനസ്സിൽ പ്രത്യാശകളാണോ ഉള്ളത് അതോ ആശങ്കകളോ?
എന്റെ മനസ്സിൽ ആശങ്കകളാണ് കൂടുതലും. ഇലക്‌ട്രോണിക്‌സും കമ്പ്യൂട്ടറും മനുഷ്യ സ്വഭാവത്തിൽ വല്ലാത്ത മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. മതമൗലികത വംശീയത തുടങ്ങിയ പ്രവണതകൾ പെരുകി വരുന്നു. ഉപഭോക്തൃ സംസ്‌കാരത്തിന്റെ അമിത സ്വാധീനവുമുണ്ട്. ഇവയെല്ലാം കൂടിച്ചേരുമ്പോൾ മനുഷ്യനിലുള്ള സ്‌നേഹം കാരുണ്യം വാത്സല്യം എന്നീ മൗലിക ഭാവങ്ങൾ വറ്റിപ്പോവുകയല്ലേ ചെയ്യുന്നത് എന്നാണെന്റെ ആശങ്ക. ഭാവിയെക്കുറിച്ചോർക്കുമ്പോൾ ഈ സംഗതികളെല്ലാം മനസ്സിൽ അസ്വസ്ഥത ഉണ്ടാക്കുന്നു. ഈ വിപത്തുകളെ ചെറുക്കാൻ മനുഷ്യത്വത്തിന് സാധിക്കുമോ?
മഹാന്മാരായ എഴുത്തുകാരുടെ വംശപരമ്പര നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നു. ലോകത്തിന്റെ മനസ്സാക്ഷിയായി മാറാൻ കഴിയുന്ന ടാഗോറിനെപ്പോലുള്ള എഴുത്തുകാർ നമുക്കില്ല. സാധാരണ ജനങ്ങൾ ഇതേക്കുറിച്ച് ഒരു പക്ഷേ ബോധവാന്മാരായിരിക്കില്ല. അതുകൊണ്ട് അവർക്ക് ഇത്തരം അസ്വസ്ഥതയുമുണ്ടായില്ല. എന്നാൽ എഴുത്തുകാരനെന്ന നിലയിൽ എന്റെ മനസിൽ ഈ സംഗതികൾ വല്ലാത്ത ഭയാശങ്കകൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു.

Share this:
About Author

Recently added