ചെമ്പുകുടത്തിലെ ഭൂതം

രണ്ട്
ഭൂതത്തിന്റെ ശബ്ദം തെല്ലു മയപ്പെട്ടു. കഥ കേൾക്കാനായി മുക്കുവൻ കാതുകൂർപ്പിച്ചിരുന്നു.
”വളരെക്കാലം മുമ്പു വരെ സുലൈമാൻ എന്ന യജമാനന്റെ ആശ്രിതനായിരുന്നു ഞാൻ. അദ്ദേഹം എന്തു പറയുന്നുവോ, അതെല്ലാം കടുകിട തെറ്റാതെ അനുസരിക്കും. ഒരു പക്ഷേ, അദ്ദേഹത്തിന്റെ ഏറ്റവും വിശ്വസ്തനും ഞാനായിരുന്നിരിക്കണം. ഏതായാലും കാലക്രമത്തിൽ ഞങ്ങൾക്കിടയിൽ അഭിപ്രായഭിന്നതയുണ്ടായി. അത്ര ഗൗരവമുള്ള കാര്യമായി അദ്ദേഹത്തിന്റെ വാക്കുകൾ ഞാൻ പരിഗണിക്കാതിരുന്നതാണ് പ്രശ്‌നമായത്. ആ അകൽച്ച കൂടുതൽ ആഴമുള്ളതായത് പിന്നീടാണ്. അള്ളാഹുവാണ് സർവ്വശക്തനെന്നും ജീവനുള്ളവയെല്ലാം ആ ശക്തിയിൽ വിശ്വസിക്കുകയും ആ വിശ്വാസം പ്രചരിപ്പിക്കുകയും ചെയ്യണമെന്നും സുലൈമാൻ എന്നെ നിർബന്ധിച്ചു. എനിക്ക് ആ അഭിപ്രായത്തോട് യോജിക്കാനായില്ല. എന്നു മാത്രമല്ല, ഞാനതിനെ ശക്തിയുക്തം എതിർക്കുകയും ചെയ്തു. എന്നോടുള്ള ദേഷ്യം പതിന്മടങ്ങ് ഇരട്ടിക്കാനേ അത് കാരണമായുള്ളൂ. കുപിതനായ യജമാനൻ എന്നെ ശപിക്കുകയും ബലപ്രയോഗത്താൽ ഈ ചെമ്പുകുടത്തിലടച്ച് മറ്റൊരു ഭൂതത്തെ ഏല്പിക്കുകയും ചെയ്തു. യജമാനന്റെ ആജ്ഞ ശിരസാ വഹിച്ച ഭൂതം എന്നെ ഈ ചെമ്പുകുടത്തോടെ കടലിലെറിഞ്ഞു. കടലിന്റെ അഗാധതയിൽ എത്ര യുഗങ്ങളാണ് ഞാൻ നിരാശയോടെ കഴിഞ്ഞതെന്ന് ഒരു നിശ്ചയവുമില്ല. എന്റെ ഭാഗ്യം കൊണ്ടാവണം നീയിവിടെ വന്നതും, വലവീശി ചെമ്പുകുടം വീണ്ടെടുത്ത് എന്നെ മോചിപ്പിച്ചതും.”
ഭൂതം കഥ പറഞ്ഞു നിർത്തി. പുരികം ചുളിച്ച് മുക്കുവൻ ചോദിച്ചു:
“ഇതു നല്ല കഥ! ഞാനാണ് നിന്നെ ദീർഘകാലത്തെ അന്ധകാരത്തിൽ നിന്നും മോചിപ്പിച്ചതെന്ന് പറഞ്ഞല്ലോ. എന്നിട്ടും നീയെന്നെ തിന്നാൻ വരുന്നതിന്റെ ഔചിത്യമെന്താണ്? പാലു കൊടുത്ത കൈയിൽ ത്തന്നെ കൊത്തുന്ന നന്ദികെട്ട പാമ്പും നീയും തമ്മിൽ വ്യത്യാസമെന്താണ്?”
”യുക്തിസഹമായല്ലാതെ ഞാനൊന്നും പറയാറും പ്രവൃത്തിക്കാറുമില്ല. ഈ സംശയവും ഞാൻ ഇക്ഷണം ദുരീകരിച്ചു തരാം. നാലു നൂറ്റാണ്ടു കാലമാണ് ഞാനീ ചെമ്പുകുടത്തിന്റെ ഇത്തിരിവട്ടത്തിൽ ശ്വാസംമുട്ടിക്കിടന്നത്. ഒരാൾ പോലും എന്നെ രക്ഷിക്കാനെ
ത്തിയില്ല. എന്റെ രക്ഷകനാരായാലും അവന് കൈ നിറയെ
അമൂല്യരത്‌നങ്ങളും അളവറ്റ സ്വർണ്ണവും കുന്നു കണക്കെ
പണവും നൽകണമെന്നാണ് ആദ്യകാലത്ത് ഞാൻ നിശ്ചയി
ച്ചത്. എന്നിട്ടും ഒരാൾക്കും എന്നോടു തരിമ്പും ദയ തോന്നിയില്ല. അതോടെ എന്റെ മനസ്സു മാറി. എന്നിലെ മൃദുല വികാരങ്ങളെല്ലാം നഷ്ടമായി. സർവ്വരോടും എനിക്ക് തീർത്താൽ തീരാത്തത്ര പകയായി. മേലിൽ തന്നെ ആരെങ്കിലും ചെമ്പുകുടത്തിൽ നിന്ന് മോചിപ്പിച്ചാൽ ഒട്ടും നേരം പാഴാക്കാതെ അയാളെ തിന്നുകളയുമെന്ന് ഞാൻ തീർച്ചപ്പെടുത്തി. ഭൂതങ്ങൾ വാക്കിനു വിലയുള്ളവരാണെന്ന് അറിയാമല്ലോ. അതുകൊണ്ട് ഇനിയും എന്റെ ക്ഷമ പരീക്ഷിക്കാതെ വേഗം മരിക്കാൻ ഒരുങ്ങിക്കൊള്ളുക. പിന്നെ, ചെറിയൊരു ഔദാര്യം നിനക്കെന്നിൽ നിന്ന് പ്രതീക്ഷിക്കാം. നിന്റെ മരണം നീ ആഗ്രഹിക്കുന്ന പ്രകാരം തന്നെ നടത്തിത്തരാം.”
ഭൂതം തീക്കണ്ണു തുറിപ്പിച്ച് മുക്കുവന്റെ നേരെ പാഞ്ഞടുത്തു.
അപരാധമൊന്നും ചെയ്യാത്ത താൻ ഭൂതത്തിന്റെ ആഹാരമാകുന്നത് ഒട്ടും നീതിയല്ലെന്ന് മുക്കുവനു തോന്നി. എന്തെങ്കിലും ഉപായം പ്രയോഗിച്ച് ഈ ദുഷ്ടബുദ്ധിയിൽ നിന്നു രക്ഷപ്പെടാൻ തന്നെ അയാൾ തീരുമാനിച്ചു. മരണഭയം ഉള്ളിലൊതുക്കി, സന്തോഷം നടിച്ച് അയാൾ പറഞ്ഞു:
”അങ്ങ് ആളൊരു മഹാൻ തന്നെ! അങ്ങയുടെ വിസ്മയ കഥകൾ കേട്ടപ്പോൾ മാത്രമാണ് എനിക്കീ തിരിച്ചറിവുണ്ടായത്. അതോടെ എന്റെ മരണഭയവും ഇല്ലാതായി. മരിക്കുന്നെങ്കിൽ അത് അങ്ങയുടെ കൈകൊണ്ടു തന്നെയാവണം. അതിൽപ്പരമൊരു പുണ്യം വേറെന്തുണ്ട്! അങ്ങേയ്ക്ക് ഇപ്പോൾത്തന്നെ എന്നെ ഭക്ഷിക്കാം. അതിനു മുമ്പായി എന്റെയൊരു ചെറിയ ആഗ്രഹം സാധിച്ചു തരാൻ ദയവുണ്ടാവണം.”
“ഉം, കേൾക്കട്ടെ നിന്റെ ആഗ്രഹം. അതെന്തായാലും ഞാൻ സാധിച്ചു തരുന്നുണ്ട്. വേഗമാവട്ടെ. എനിക്ക് നിന്നെ തിന്നാൻ തിടുക്കമായി.”
ഭൂതം തിരക്കുകൂട്ടി.
“അക്ഷരാർത്ഥത്തിൽ പെരുംഭൂതം തന്നെയാണ് അങ്ങ്. വലിപ്പത്തിലും ശൗര്യത്തിലും രൂപത്തിലും അങ്ങയെ വെല്ലാൻ മറ്റൊരാളില്ല. ഭൂതകുലത്തിന് ഒരു ചക്രവർത്തിയുണ്ടെങ്കിൽ അത് അങ്ങു തന്നെയാണ്. ഇത്ര ഭീമാകാരനായ അങ്ങേയ്ക്ക് എങ്ങനെയാണ് ഈ വാവട്ടം കുറഞ്ഞ ചെമ്പുകുടത്തിൽ കയറിപ്പറ്റാനായത്! പറഞ്ഞ വാക്കിന് വിലയുണ്ടെങ്കിൽ എനിക്കു വേണ്ടി അങ്ങ് ഒരിക്കൽക്കൂടി അതിനുള്ളിൽ കയറിക്കാണിക്കണം. ക്ഷണനേരത്തേക്ക് മാത്രം
മതി. അതു കഴിഞ്ഞാൽ അങ്ങേയ്ക്ക് എന്നെ തിന്നാം.”
മുക്കുവന്റെ പ്രശംസ ഭൂതത്തിന്റെ കണ്ണു മഞ്ഞളിപ്പിച്ചു.
”ഇതൊരു നിസ്സാരകാര്യമല്ലോ. നിനക്കു വേണ്ടി ഞാനിതാ ചെമ്പുകുടത്തിലേക്ക് വീണ്ടും കയറുന്നു. കണ്ണു തുറന്നു കണ്ടോളൂ.”
പറഞ്ഞു തീരേണ്ട താമസം, ഭൂതം പുകച്ചുരുളുമായി മാറി, ദേഹം ചുരുക്കി ചെമ്പുകുടത്തിൽ തിരിച്ചുകയറി. മുക്കുവൻ കാത്തിരുന്ന അവസരം കൈവന്നു. അയാൾ ഒട്ടും സമയം പാഴാക്കാതെ കസവുതുണികൊണ്ട് ചെമ്പുകുടത്തിന്റെ വായ്ഭാഗം മൂടിക്കെട്ടി!
”അയ്യോ, നീയെന്താണ് ഈ കാട്ടുന്നത്? നിന്റെ ആഗ്രഹം സാധിച്ചില്ലേ? ഇനി എന്നെ തുറന്നുവിട്.”
ഭൂതം പരിഭ്രമത്തോടെ വിളിച്ചുപറഞ്ഞു. ഭൂതത്തെ കളിയാക്കിച്ചിരിച്ചുകൊണ്ട് മുക്കുവൻ പറഞ്ഞു.
”എന്ത്? നിന്നെ ഇനിയും തുറന്നുവിടാനോ? അത്രയ്ക്ക് മരമണ്ടനല്ല ഞാൻ. ഒരു തവണ നിന്നെ ഞാൻ ബന്ധനത്തിൽ നിന്നു മോചിപ്പിച്ചു. എന്നിട്ടും നന്ദികേടിന്റെ പര്യായമായ നീ എന്നെ തിന്നാനാണ് മുതിർന്നത്. ഇനി മരിക്കേണ്ടത് ഞാനല്ല, നീയാണ്. നീയെനിക്കു തന്ന അതേ ഔദാര്യം ഇപ്പോൾ തിരിച്ചു തരാം. എങ്ങനെ മരിക്കണമെന്ന് നീ തന്നെ തീരുമാനിച്ചോളൂ.”
”അയ്യോ, നീയിങ്ങനെ കണ്ണിൽ ചോരയില്ലാതെ പറയരുതേ. നാലു നൂറ്റാണ്ടു കാലമാണ് ഞാനീ ചെമ്പുകുടത്തിൽ കിടന്നത്. അവിടന്ന് രക്ഷപ്പെട്ടിട്ടും സ്വയംകൃതാർത്ഥത്താൽ വീണ്ടും ബന്ധനസ്ഥനായി. ഒരു തവണ കൂടി നീയെന്നോട് ദയവു കാട്ടണം. ഇനി ഞാനൊരിക്കലും നിന്നെ ഉപദ്രവിക്കില്ല.”
ഭൂതം കരഞ്ഞു പറഞ്ഞു.
”നീയിനി എന്തു പറഞ്ഞാലും ഞാൻ വിശ്വസിക്കാൻ പോകുന്നില്ല. ചെമ്പുകുടത്തിൽ ബന്ധനസ്ഥനായ നിന്നെ ഞാനിപ്പോൾ ത്തന്നെ കടലിലെറിയും. ഇനിയും ഒരു പാടുകാലം നീ കടലിന്റെ അടിയിൽ കിടക്കണം.”
മുക്കുവൻ വിട്ടുവീഴ്ചക്ക് തയ്യാറായില്ല. ഭൂതം വീണ്ടും പ്രലോഭനങ്ങൾ തുടർന്നു.
”എന്നെ രക്ഷിച്ചാൽ ഞാൻ നിന്നെ സ്വർണ്ണം കൊണ്ടു മൂടാം. അമൂല്യ രത്‌നങ്ങൾ സമ്മാനിക്കാം. എടുത്താലും എടുത്താലും തീരാത്തത്ര നാണയക്കുന്നുകൾ നൽകാം.”
”എടാ വഞ്ചകാ, യൂനാൻ രാജാവിന്റെയും റയാൻ വൈദ്യന്റെയും കഥ എനിക്ക് നേരത്തെ അറിയാം. അവരുടെ സൗഹൃദത്തെ
തകർത്തെറിഞ്ഞ മന്ത്രിയുടെ വക്രബുദ്ധിയെക്കുറിച്ചും
നിശ്ചയമുണ്ട്. വിശ്വാസവഞ്ചകനായ നീ കേൾക്കാനായി
മാത്രം ഞാനത് ചുരുക്കിപ്പറയാം. കടലിനടിയിൽ പതിക്കും
മുമ്പ് നീയും ആ കഥ അറിയണം.”
മുക്കുവൻ കഥ പറയാനൊരുങ്ങി.
ഭൂതം ആ കഥയ്ക്ക് കാതോർത്തു.

തുടരും….

Share this:

Recently added