അർഷാദ് ബത്തേരിയുടെ മാൻകുട്ടികൾ പുല്ലുതിന്നുമ്പോൾ,ആഴത്തിൽ കൊത്തിയെടുക്കുന്ന കഥകൾ

സമകാലീന ചെറുകഥ മനുഷ്യന്റെ പുതിയ അനുഭവങ്ങൾക്കും സങ്കടങ്ങൾക്കും അന്വേഷണങ്ങൾക്കും ഒരു ശക്തമായ മാധ്യമമായി മാറിയിട്ടുണ്ട്. ഇന്നത്തെ ചെറുകഥകൾ, ഒരു ഏകീകൃത പ്രസ്ഥാനമല്ല, മറിച്ച് ബഹുമുഖ പ്രവർത്തനങ്ങളുടെ ഒരു മൈതാനം പോലെ വിഭിന്ന വിശേഷങ്ങളുടെ പ്രദർശനശാലയാണ്.
വാക്കുകളോട്, പ്രയോഗങ്ങളോടും കഥാപാത്രങ്ങളോടും പരിസരത്തോട് തന്നെയും കലഹിക്കുന്ന എഴുത്തുകാരനാണ് അർഷാദ് ബത്തേരി എഴുത്തിനെ സാന്ദ്രമാക്കാനുള്ള സാധ്യതകൾ അയാൾ തേടിക്കൊണ്ടേയിരിക്കുന്നുണ്ട്. അങ്ങനെ കുറുക്കി കുറുക്കി തന്റെ സൃഷ്ടിയേ വായനക്കാരനെ ഏല്പിക്കുന്നു. താൻ അനുഭവിച്ചതും അതിനപ്പുറവും വായനക്കാരൻ അനുഭവിക്കണമെന്നാണ് ഈ എഴുത്തുകാരന്റെ ആഗ്രഹം. അപൂർവമായാണ് അങ്ങനെയുള്ളവയുടെ ഉരുവം കൊള്ളൽ സംഭവിക്കുക. അപ്രകാരം കഥയുടെ പാലാഴി കടയുന്ന, കഥ ഈ വിഷയസ്വീകരണം, ഭാഷയിൽ നടത്തുന്ന പരീക്ഷണങ്ങൾ എന്നിവ ശ്രദ്ധിക്കേണ്ടതായി തോന്നുന്നു. പതിവ് ഭാഷാ ഘടനയിൽ നിന്ന് വ്യതിചലിക്കുന്ന കാഥികൻ ഹ്രസ്വവാക്യങ്ങൾ, സംഭാഷണരീതികൾ, പ്രാദേശിക ഭാഷാ സ്വരൂപങ്ങൾ എന്നിവയുടെ ധീരമായി ഉപയോഗം കൊണ്ട് കഥയെ മിനുക്കമുള്ളതാക്കുന്നു.
നഗരജീവിതത്തിലെ ശൂന്യത, ഡിജിറ്റൽ യുഗത്തിന്റെ സ്വാധീനം, ദൈനംദിനജീവിതത്തിലെ അസംബന്ധം, വൈകാരിക ദുരന്തങ്ങൾ തുടങ്ങിയവയാണ് ഈ സമാഹാരത്തിലെ കഥകളുടെ പ്രമേയങ്ങളിൽ ചിലത്.
‘നമുക്ക് കുട്ടികളെയാണ് മനസ്സിലാവാത്തത്. അവര് നമ്മളെ വേഗത്തിൽ തിരിച്ചറിയും’
പ്രസക്തമായൊരു വാചകം അതിപ്രസക്തമാവുന്നൊരു കാലത്താണ് നാം ജീവിക്കുന്നത്.
അർഷാദ് ബത്തേരിയുടെ പുതിയ കഥാസമാഹരമായ ‘മാൻകുട്ടികൾ പുല്ലുതിന്നുമ്പോൾ’ എന്ന തിൽ അതേപേരുള്ള കഥയിൽ ഇങ്ങനെ പറഞ്ഞുപോകുന്നുണ്ട്. കൗമാരം പിന്നീടാത്ത കുട്ടികൾ നമ്മുടെ ലോകത്തെ സ്വീകരിക്കുന്നത് പലപ്പോഴും നാം ഭയപ്പെടുന്നത് പോലെയല്ല. അകാരണമായി, നമ്മുടെ ചിന്തയിൽ വീക്ഷണത്തിൽ വരുന്ന പാകപ്പിഴവുകൾ കുട്ടികളുടെ ലോകത്തെ തെറ്റായി വായിക്കാൻ ഇടയാക്കുന്നുണ്ട്.
”തൻചുവടും തലയാനതൻ ചുവടുമളക്കുന്നൂ
കൊച്ചുകൊമ്പന്മാർ ഗൂഡം” എന്ന് വൈലോപ്പിള്ളി.
കുട്ടികളുടെ ലോകം നമുക്ക് മനസിലാക്കാൻ കഴിയാത്ത വിധം വേഗവും ഭാവനയും നിറഞ്ഞതാണ്. യാഥാർഥ്യത്തെ തിരിച്ചറിഞ്ഞുകൊണ്ട് തന്നെ. ‘മാൻകുട്ടികൾ പുല്ലുതിന്നുമ്പോൾ’ എന്ന കഥ ‘മൂന്ന് പെൺമക്കളുള്ള ഭാഗ്യവാൻ’ എന്ന നിലക്കും അധ്യാപകൻ എന്ന നിലക്കും വായനക്കാരനായും വായിക്കാൻ ശ്രമിക്കുകയുണ്ടായി. രക്ഷിതാക്കൾക്കും അധ്യാപകർക്കും കുട്ടികളെ അവരുടെ തട്ടകത്തിൽ നിന്നു വായിക്കാൻ കഴിയണം എന്നൊരു സാമൂഹികാംശം കഥയിലുണ്ട്. വർത്തമാന സാഹചര്യത്തിൽ, കൗമാരക്കാരോ പെൺകുട്ടികളോ ഉള്ള ഓരോ കുടുംബവും ഉള്ളിൽ എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്ന നെഞ്ചുമായിട്ടാണ് നടപ്പ്. യൂട്യൂബോ ഇൻസ്റ്റയോ, ഒരു മെസ്സേജോ നാശഹേതുവായി മാറാം. അപവാദങ്ങളുടെ സാമൂഹിക നിർമിതി രാഷ്ട്രത്തെയെന്നപോലെ കുടുംബത്തെയും തകർക്കും. ആത്മഹനനത്തിൽ നിന്നുള്ള കരകയറൽ അത്യന്തം ശ്രമകരമാണ്.
യോഹന്നാൻ ട്രീസ, ജിൻസി, അന്ന ആൻ എന്നിവരുടെ സ്വസ്ഥതയിൽ ഒരു യുട്യൂബ്കാരൻ സൃഷ്ടിച്ച വ്യാജപ്രതീതി ജിൻസി എന്ന ആറാംക്ലാസ്സ് വിദ്യാർഥിനിയിലും യോഹന്നാൻ എന്ന് പേരുള്ള പിതാവിലും ഉണ്ടാക്കുന്ന ആത്മസംഘർഷങ്ങളാണ് കഥയുടെ പ്രമേയം. ദൃശ്യഭംഗിക്ക് കൊടുക്കുന്ന ഊന്നൽ ഈ കഥയുടെ സവിശേഷതയാണ്.
മനുഷ്യർ താമസിക്കുന്ന കാട്ടിൽ സ്‌നേഹമുള്ള മനുഷ്യരും സിംഹങ്ങളും ഹിംസ്ര മനുഷ്യരും ഇതര മൃഗങ്ങളും നിവസിക്കുന്നു. ഇതിൽ ഏതാണ് ഹിംസ്ര ഭാവമുള്ള മൃഗമനുഷ്യർ എന്നോ അവർ എപ്പോൾ ഏത് ആയുധവുമായി ഇതുതരത്തിൽ വേട്ടയാടും എന്നുള്ളത് വർത്തമാന സാഹചര്യത്തിൽ അപ്രവചനീയമാണ്.
പാത്രസൃഷ്ടിയിൽ വലിയ ശ്രദ്ധകൊടുക്കുന്ന കഥാകാരനാണ് അർഷാദ്. ഈ കഥയിലും പാത്ര നിർമാണം സൂക്ഷ്മമാക്കാൻ അയാൾ ശ്രദ്ധിക്കുന്നുണ്ട്. കാടും മനുഷ്യരും അതുകൊണ്ട് ഒരേ വിതാനത്തിൽ കഥയിൽ കഥാപാത്രങ്ങളായി ജീവിക്കുന്നു.
ജോർജിയോ അകമ്പൻ പറയുന്ന “The power of Gesteres” എന്ന ആശയം മൂർത്തീഭാവമുള്ള പ്രവർത്തനങ്ങളുടെയും ചലനങ്ങളുടെയും പ്രാധാന്യം പറയുന്നുണ്ട്. ഈ കഥയുടെ വായനയിൽ അഗംബന്റെ നിരീക്ഷണം പ്രവർത്തിക്കുന്നതായി കാണാൻ കഴിയുന്നുണ്ട്. യോഹന്നാന്റെ നീക്കങ്ങൾ സൂക്ഷ്മമായി നോക്കുന്നവന്റെ കണ്ണിൽ ഇക്കാര്യം പെടാതെ പോവില്ല. സ്വപ്നമെന്നോ യാഥാർഥ്യമെന്നോ വിചാരിക്കാവുന്ന കാട്ടിലൂടെയുള്ള രാത്രിയാത്ര ഗഭീരമായ മാജിക്കൽ റിയലിസ്റ്റിക് അനുഭവമാക്കി, അതിലൂടെ കഥയുടെ ഗതി നിയന്ത്രിക്കുന്ന കൈയ്യടക്കം അഭിനന്ദനീയമാണ്. വിലോഭനീയമായ കഥാന്ത്യം എന്ന് ഞാനതിനെ വിശേഷിപ്പിക്കുന്നു.
വർത്തമാനസംഭവങ്ങളോട് സംവദിക്കുന്ന കഥ എന്ന നിലക്ക് തന്നെ ‘മാൻകുട്ടികൾ പുല്ലുതിന്നുമ്പോൾ’ പ്രസക്തമാണ്.
‘എന്റെ ഞരക്കത്താൽ ഞാൻ തളർന്നിരിക്കുന്നു; എല്ലാ രാത്രിയിലും ഞാൻ എന്റെ തലയിണ കണ്ണുനീർ കൊണ്ട് നനയ്ക്കുന്നു.എന്റെ കണ്ണു ദുഃഖത്തിൽനിന്നു ക്ഷയിക്കുന്നു. നീതികേട് പ്രവർത്തിക്കുന്ന എല്ലാവരും എന്നെ വിട്ടു പോകുവിൻ’
എന്ന് ജിൻസി വായിച്ചുവെക്കുമ്പോൾ ‘ഉറങ്ങാതെ ഉറങ്ങുന്നവരെയും ചുമന്നു ലോഹം പോലെ ചുട്ടുപഴുത്ത വീട് ഇപ്പോൾ ഏത് പ്രദേശത്തും ഒന്നെങ്കിലും ഉണ്ട്!. ജിൻസിയുടെ കണ്ണിൽനിന്നു തീർന്ന് ബൈബിൾ പുറങ്ങളിൽ വീഴുന്ന കണ്ണുനീർ കണ്ട് പൊള്ളാത്ത കരളുകളുണ്ടോ?.
‘മൂന്നു ചുവടുകൾ മുന്നിലേക്കു വയ്ക്കു രണ്ടു നീക്കങ്ങൾ പുറകിലേക്കു വയ്ക്കുന്ന മെലിഞ്ഞ പെൺശരീരം പെട്ടെന്നാരോ തെളിച്ചതുപോലെ ഓർമ്മയിൽ പ്രകാശിക്കപ്പെട്ടു. നഗരത്തിന്റെ ഫുട്പാത്തിലൂടെ നീങ്ങുമ്പോൾ അവർ ഒച്ചവെച്ചിരുന്നില്ല. ഇരുവശങ്ങളിലേക്കും നോട്ടവും അഴിച്ചുവിട്ടില്ല. മഴയും വെയിലും ഒരുപോലെ ഏറ്റുവാങ്ങി എല്ലാ ദിവസവും ഇങ്ങനെയൊരു കാഴ്ച തെരുവിൽ ഒരുക്കി വെച്ചിരുന്നു.’ ഉള്ളിലെ പൊള്ളലിനെ പെരുപ്പിച്ച അനുഭവിപ്പിക്കാൻ ഉള്ള കഥാകാരന്റെ കഴിവിന് ഉചിതമായ തുടക്കം കഥയുടെ പൊരുളിനെയാകെ പ്രകാശിപ്പിക്കുന്നുണ്ട്.
അനുഭവതീവ്രമായ ഏതോ നിമിഷത്തിലാവണം ‘പുള്ളിമാനിന്റെ പുറകെ പുള്ളിപ്പുലികളും വസന്തവായുവിൽ വസൂരി രോഗാണുക്കളു(വൈലോപ്പിള്ളി) മുള്ള ലോകം അർഷാദിന് മുന്നിൽ വെളിപ്പെട്ടത്. ആ അനുഭവത്തെ അത്രതന്നെ തീവ്രമായി കഥയിൽ സന്നിവേശിപ്പിക്കുകയും വായനക്കാരിലേക്ക് ഒട്ടും ചോരാതെ പകരാനും അസങ്കീർണ്ണമായ രചനാരീതികൊണ്ടായാൾക്ക് സാധിക്കുകയും ചെയ്യുന്നുണ്ട്. കഥ പറയാൻ സ്വീകരിച്ച ഭാഷയും ലീനിയറായ കഥാവതരണവും കഥാസമാഹാര വായനയെ സുഗമമാക്കുന്നുണ്ട്.
അപൂർവ്വമായി കഥ എഴുതുക, എഴുതുന്നവ ഹൃദ്യമാക്കുക അർഷാദിന്റ കഥകൾ പിന്തുടരുന്ന രീതിയാണ്. ‘മാൻകുട്ടികൾ പുല്ലുതിന്നുമ്പോൾ’ എന്ന കഥയും ആ ഗണത്തിൽ പെടുന്നു എന്നത് സന്തോഷകരമാണ്.
വാസനത്തൈലം:
ഭാര്യയുടെ മരണശേഷം കടുത്ത ഏകാന്തതയിലേക്ക് വീണുപോയ ഒരു ഭർത്താവിന്റെ അതിജീവന യാത്രയാണ് വാസനതൈലം. നഷ്ടബോധം, ഓർമ്മകളുടെ തീവ്രത, സ്‌നേഹത്തിന്റെ അടയാളങ്ങൾ, പുതിയ ബന്ധങ്ങളിലൂടെയുള്ള ജീവിതത്തിലേക്കുള്ള തിരിച്ചുവരവ് എന്നിവയെല്ലാം ഈ കഥയിൽ ലയിച്ചുചേർന്നിരിക്കുന്നു.
ആശുപത്രിയിൽ വെച്ച് അന്നമ്മ തനിക്ക് കാഴ്ചയില്ല എന്ന് വെളിപ്പെടുത്തുന്നതാണ് കഥയിലെ പ്രധാന വഴിത്തിരിവ്. അന്നമ്മയെ കൂടെ കൂട്ടാനുള്ള മാത്യൂസിന്റെ തീരുമാനം, കേവലം ശാരീരികമായ ആകർഷണത്തിനപ്പുറം ആന്തരിക സൗന്ദര്യബോധം പങ്കിടുന്ന ഒരു വ്യക്തിയെ ജീവിതത്തിലേക്ക് സ്വീകരിക്കുന്നതിന്റെ അടയാളമാണ്.
അന്നമ്മയെ കൈപിടിച്ച് നടക്കുമ്പോൾ മാത്യൂസ് ആകാശത്തെ നക്ഷത്രങ്ങളെ നോക്കി റീത്തയോട് പറയുന്നത്: ‘റീത്താ, ഞാനൊരു മയിലിനെ കൂടെ കൂട്ടിയിട്ടുണ്ടേ.’
ഇവിടെ മയിൽ എന്നത് റീത്തയുടെ ആത്മാവിന്റെയും സ്‌നേഹത്തിന്റെയും പ്രതീകമായി മാറുന്നു. മാത്യൂസ്, റീത്തയുടെ ഓർമ്മകളെ തള്ളിപ്പറയാതെ, റീത്ത ഇഷ്ടപ്പെട്ട സൗന്ദര്യത്തെയും സ്‌നേഹത്തെയും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നു.
‘വാസനത്തൈലം’ എന്നത് ഓർമ്മകളിലൂടെയും സ്‌നേഹത്തിന്റെ സുഗന്ധത്തിലൂടെയും ജീവിതം തുടരാനുള്ള ഒരു ക്ഷണമാണ്. മാത്യൂസിന്റെ ഒറ്റപ്പെടലിന് വിരാമമിട്ട്, സ്‌നേഹത്തിന്റെ പുതിയൊരധ്യായം തുറന്നുവെച്ചുകൊണ്ടാണ് കഥാകൃത്ത് ഈ രചന അവസാനിപ്പിക്കുന്നത്.
ചെറുപ്പം പ്രകടമാക്കുന്നവരുടെയും വേഗമേറിയവരുടെയും വലിപ്പമേറിയവരുടെയുമായ ഈ ലോകത്ത് ഉയരക്കുറവ് കൊണ്ട് ശ്രദ്ധിക്കപ്പെടാതെ പോകുന്ന അനേകം ആളുകളിൽ ഒരാളാണു കഥാനായിക സുജാത. എല്ലാവരെയുംപോലെ ‘സു’ജാതതന്നെയാണവൾ. അവളുടെടെ ജീവിതം കാമറയിലേക്കു പകർത്തുകയാണ് കൂട്ടുകാരും സഹപ്രവർത്തകരുമായ മനുഷ്യരുടെ ദൈനദിന ജീവിതത്തിൽ നിന്നും
‘ഗുജറാത്തിലെ ഒരാൾ’ എന്ന കഥ.
ശരീരത്തിന്റെ രൂപഘടനയുടെ പേരിലുള്ള സാമൂഹിക ഒറ്റപ്പെടുത്തൽ, അംഗീകാരത്തിനായുള്ള മനുഷ്യന്റെ ദാഹം, വർഗ്ഗദേശ മുൻവിധികൾ, ഒപ്പം അസൂയയും പ്രതികാരവും നിറഞ്ഞ മനുഷ്യബന്ധങ്ങൾ എന്നിവയെ ശക്തമായി അവതരിപ്പിക്കുന്ന കഥയാണ്. സുജാത എന്ന യുവതിയുടെ ആന്തരിക സംഘർഷങ്ങളും, രൂപീന്ദർ എന്ന ഗുജറാത്തി യുവാവുമായുള്ള അവളുടെ ബന്ധവുമാണ് ഈ കഥയുടെ കേന്ദ്രപ്രമേയം. ബോഡി ഷെയ്മിംഗ്, അംഗീകാരം, സാമൂഹിക അസഹിഷ്ണുത.
ഈ കഥ പ്രധാനമായും മൂന്ന് വിഷയങ്ങളെയാണ് കേന്ദ്രീകരിക്കുന്നത്:
അന്യസംസ്ഥാന തൊഴിലാളികളോടുള്ള പ്രാദേശിക സമൂഹത്തിന്റെ മുൻവിധികൾ വ്യക്തമാക്കുന്നു.
ഇത് ഒരു പ്രണയകഥയല്ല; ഒരു സമൂഹത്തിന്റെ ഉള്ളിലെ വിഷം, സ്ത്രീശരീരത്തിനുനേരെയുള്ള നോട്ടത്തിന്റെ അതിക്രൂരത, ഉയരത്തിന്റെയും നിറത്തിന്റെയും ലൈംഗികതയുടെയും പേരിലുള്ള നിറം കെടുത്തലിനെതിരെ യുള്ള അതിജീവനയുദ്ധമാണ്. കഥയുടെ അവസാന വരികളിൽ പാവയുടെ ‘ആരാ…ആരാ’ എന്ന ശബ്ദം നമ്മുടെ തൊണ്ടയിൽ കുടുങ്ങിക്കിടക്കും.
‘ഹിഡുംബൻ’. ടെസ്സ എന്ന യുവതിയുടെ മാനസിക സംഘർഷങ്ങളും, ഭർത്താവായ ജോയുമായുള്ള പീഡാകരമായ ബന്ധത്തിൽ അവൾ അനുഭവിക്കുന്ന ഒറ്റപ്പെടലും, അതിൽ നിന്നുള്ള പലായന ശ്രമങ്ങളെയും വളരെ തീവ്രമായി ആവിഷ്‌കരിക്കുന്നു. പൂച്ചയെ (മേഴ്‌സി) കേന്ദ്രീകരിച്ചുള്ള ഇതിലെ കഥാതന്തു, യഥാർത്ഥത്തിൽ ടെസ്സയുടെ ആന്തരിക ലോകത്തെയും വൈകാരിക പ്രതിസന്ധികളെയും പ്രതിഫലിപ്പിക്കുന്ന ഒരു അന്യാപദേശം (allegory) ആയി പ്രവർത്തിക്കുന്നത്.
മനുഷ്യമനസ്സിലെ ഇരുണ്ട nooks-Dw corners-Dw തുറന്നുകാട്ടുന്ന ഒരു spychological horror വാസ്തവത്തിൽ ഈ കഥ നിർവ്വഹിക്കുന്ന ദൗത്യം.
ഒറ്റപ്പെടലിന്റെയും പ്രതികാരത്തിന്റെയും കഥയാണ് ‘ഹിഡുംബൻ’. ദാമ്പത്യബന്ധത്തിലെ പീഡനം (domestic abuse), വൈകാരികമായ ഒറ്റപ്പെടൽ, ഒരു സ്ത്രീയുടെ പ്രതിരോധത്തിന്റെയും അതിജീവനത്തിന്റെയും ആന്തരിക പോരാട്ടം എന്നീ വിഷയങ്ങളെയാണ് ഈ കഥ കൈകാര്യം ചെയ്യുന്നത്.
മേഴ്‌സി (വെളുത്ത പൂച്ച) ടെസ്സയുടെയും ഹിഡുംബൻ (കണ്ടൻ പൂച്ച): പീഡകന്റെ പ്രതിരൂപം (ജോയുടെ ക്രൂരത) പരുഷാധിനിവേശം എന്നിവയെയുമാണ് പ്രതീകവൽക്കരിക്കുന്നത്. ‘ഹിഡുംബൻ’ എന്ന പേര് ഭീമനെ കൊല്ലാൻ ശ്രമിച്ച പൗരാണിക കഥാപാത്രത്തിന്റെ ഓർമ്മ ഉണർത്തുന്നുണ്ട്. ജോയുടെ ചെയ്തികൾ /കണ്ടൻ പൂച്ചയുടെ വിനാശകരമായ സ്വഭാവത്തെ അടിവരയിടുന്നു.
പൂച്ചകൾ തമ്മിലുള്ള പോരാട്ടം യഥാർത്ഥത്തിൽ ടെസ്സയും ജോയും തമ്മിലുള്ള മാനസിക പോരാട്ടമാണ്.
കഥയുടെ ക്ലൈമാക്‌സിൽ ടെസ്സ, ഹിഡുംബനെ കാലുകൾക്കിടയിൽ അമർത്തി കൊല്ലാൻ ശ്രമിക്കുന്നത്, പീഡനത്തിൽ നിന്ന് രക്ഷപ്പെടാൻ അക്രമാസക്തമായ ഒരു പ്രതിരോധം ആവശ്യമാണെന്ന തോന്നലിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഹിഡുംബൻ മരിക്കുന്നത്, ജോ എന്ന പീഡകനിൽ നിന്ന് ടെസ്സയ്ക്ക് ലഭിക്കുന്ന മാനസിക മോചനം ആയാണ് വായനക്കാർക്ക് അനുഭവപ്പെടുക.
മാനസിക പീഡനം അനുഭവിക്കുന്ന ഒരു സ്ത്രീയുടെ ആന്തരികാവസ്ഥയെ ഇത്രയും പ്രതീകാത്മകമായി അവതരിപ്പിച്ചത് അഭിനന്ദനാർഹമാണ്. കഥയുടെ വൈകാരികമായ തീവ്രത വായനക്കാരെ പെട്ടെന്ന് ആകർഷിക്കുകയും, ടെസ്സയുടെ ദുരിതത്തിൽ പങ്കുചേരാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
എന്നാൽ ടെസ്സയുടെ പ്രതികാരം, മറ്റൊരു ജീവിയെ ഹിംസിച്ചുകൊണ്ട് പൂർത്തിയാകുന്നത് ഒരു നെഗറ്റീവ് ബിന്ദുവായി കണക്കാക്കാം. പീഡനത്തിന്റെ ഇര, അതേ ക്രൂരത മറ്റൊരിടത്ത് പ്രയോഗിക്കുന്നതിന്റെ അപകടകരമായ മാനസികാവസ്ഥയെ സൂചിപ്പിക്കുന്നു. കൂടാതെ, ഭർത്താവിന്റെ പീഡനത്തിൽ നിന്ന് രക്ഷപ്പെടാൻ ഒരു പൂച്ചയുടെ മരണം ആവശ്യമായി വരുന്നതിന്റെ ധാർമ്മികമായ ചോദ്യങ്ങളും കഥ ഉയർത്തുന്നുണ്ട്. ‘ഹിഡുംബൻ’ സമകാലിക ദാമ്പത്യബന്ധങ്ങളിലെ വിഷലിപ്തമായ അവസ്ഥകളെയും ഒറ്റപ്പെട്ട സ്ത്രീയുടെ പ്രതിരോധ ശ്രമങ്ങളെയും അടയാളപ്പെടുത്തുന്ന ശക്തമായ കഥയാണ്. പീഡനത്തിന്റെ ഇര എങ്ങനെയാണ് പ്രതികാരത്തിന്റെയോ അക്രമത്തിന്റെയോ വഴിയിലേക്ക് തിരിയുന്നതെന്ന് ഈ കഥ ഭംഗിയായി വരച്ചുകാട്ടുന്നു.
(സൈക്കോകൾ ഉണ്ടാകുന്ന വിധം).
നിന്റെ ഏറ്റവും പ്രിയപ്പെട്ടവൻ/വൾ നിന്നെ വിട്ട് മറ്റൊരാളിലേക്ക് (അല്ലെങ്കിൽ മൃഗത്തിലേക്ക് പോലും) പോയാൽ നീ എത്ര ദൂരം പോകും?
അതിന്റെ ഉത്തരം ടെസ്സ നൽകിക്കഴിഞ്ഞു കഴുത്തമർത്തി കൊല്ലുന്നിടത്തോളം.
നമ്മുടെ ഉള്ളിനെ കൊളുത്തിവലിക്കുന്ന സ്ത്രീയനുഭവങ്ങളാലും വികാരവിക്ഷുബ്ധതായാലും നിറഞ്ഞതാണ് അർഷാദിന്റെ കഥാലോകം.
അർഷാദിന്റെ കഥകളിലെ സ്ത്രീകളെക്കുറിച്ച് പ്രത്യേക പഠനം തന്നെ സാധ്യമാണെന്നിരിക്കെ, ഈ സമാഹാരത്തിളുള്ള
മാൻകുട്ടികൾ പുല്ലുതിന്നുമ്പോൾ, നേരം വെളുക്കട്ടെ,
ഹിഡുംബൻ, വാസനത്തൈലം, നൊസ്റ്റാൾജിയ എന്ന പുതിയ രാജ്യം, കുറിക്കണ്ണൻ കാട്ടുപുള്ള്. ഗുജറാത്തിലെ അയാൾ, പെരുംപ്രവാഹം, വേലിക്കപ്പുറവും ഇപ്പുറവും, ഇര എന്നീ പത്ത് കഥളുടെയും ഉള്ളടക്കം മറിച്ചാകാ. ഇരുളടഞ്ഞ ലോകത്ത് നിന്ന് പ്രണയത്തിന്റെയും സ്‌നേഹത്തിന്റെയും പച്ചപ്പിലേക്കും തണലിലേക്കും ഒഴുകുന്ന സ്വഭാവമുള്ളവയാണ് ഈ പത്തു കഥകൾ

Share this:

Recently added