ഉറുമ്പുകൾ നൽകുന്ന സാമൂഹികപാഠം

സുലൈമാൻ നബിയോടൊപ്പം നടന്നു നീങ്ങിയ സൈന്യം ഉറുമ്പുകൾ പാർക്കുന്ന താഴ്‌വരയിലെത്തിക്കഴിഞ്ഞു. റാണിയുടെ കീഴിൽ ചിട്ടയായും വ്യവസ്ഥാപിതമായും ജീവിക്കുകയും താന്താങ്ങളുടെ ഉത്തരവാദിത്തങ്ങൾ മനുഷ്യനു പോലും അസാധ്യമാകും വിധത്തിൽ വിസ്മയകരമായ ആസൂത്രണത്തോടെ നിർവഹിക്കുകയും ചെയ്യുന്ന ഉറുമ്പുകളായിരുന്നു ആ താഴ്‌വരയിൽ പാർത്തിരുന്നത്. സൈനിക സാന്നിധ്യം തിരിച്ചറിഞ്ഞ ഉറുമ്പു റാണി, പ്രജകളോടെല്ലാം മാളത്തിലേക്ക് കയറിക്കൊള്ളാൻ ആവശ്യപ്പെട്ടു. ഉറുമ്പുകളുടെ ഭാഷയറിയാമായിരുന്ന സുലൈമാൻ നബിക്ക് റാണിയുടെ വാക്കു കേട്ട് ആത്മഹർഷമുണ്ടായി. സുലൈമാൻ നബിക്ക് അല്ലാഹു നൽകിയ പ്രത്യേക കഴിവായിരുന്നു ഉറുമ്പുകളുടെ ആശയവിനിമയം ഗ്രഹിക്കാനുള്ള കഴിവ്. സാമാന്യ ജനങ്ങൾക്ക് അദൃശ്യമായ ഒരു നിഗൂഡ ലോകവുമായി അദ്ദേഹത്തിനു ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞത് ദൈവാനുഗ്രഹം കൊണ്ടാണ്.
ഉറുമ്പിന്റെ വാക്കു കേട്ട് സുലൈമാൻ നബി പുഞ്ചിരിക്കുകയായിരുന്നു. ഉടനെയദ്ദേഹം വിനയാന്വിതനായി റബ്ബിന്റെ നേരെ തിരിഞ്ഞു മനസു തുറന്ന് പ്രാർഥിച്ചു. ഇക്കാര്യങ്ങൾ വിശുദ്ധ ഖുർആനിൽ സൂറത്തു ന്നംലിൽ 18, 19 വചനങ്ങളിൽ പ്രതിപാദിക്കുന്നുണ്ട്. ഉറുമ്പ് എന്ന പേരിൽ തന്നെയാണ് ഈ അധ്യായം.
സാമൂഹിക ജീവിതം നയിക്കുന്ന ഷഡ്പദങ്ങളാണ് ഉറുമ്പുകൾ. ഒരു കോളനിയിൽ തന്നെ നൂറു മുതൽ ലക്ഷക്കണക്കിനു വരെ ഉറുമ്പുകളെ കണ്ടു വരുന്നു. മധുര പലഹാരങ്ങൾ, വിത്തുകൾ, ചത്തു പോയ മറ്റു ഷഡ്പദങ്ങൾ തുടങ്ങിയവയാണ് ഇവയുടെ പ്രധാന ആഹാരം. 11800-ൽ പരം വിവിധ വംശങ്ങളിൽ പെടുന്ന ഉറുമ്പുകളെ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ വംശ വൈവിധ്യത്തിൽ ഭൂരിഭാഗവും കാണപ്പെടുന്നത് ഭൂമധ്യ രേഖാ പ്രദേശത്താണ്.
വളരെ ചിട്ടയായുള്ള സാമൂഹിക ജീവിതം പാലിക്കുന്ന ജീവികളാണ് ഉറുമ്പുകൾ. മനുഷ്യനെ പോലും അത്ഭുതപ്പെടുത്തുന്ന രീതിയിൽ ഉറുമ്പുകൾ സാമൂഹിക ജീവിതം ഐക്യത്തോടും ചിട്ടയോടും കൂടി മുന്നോട്ടു കൊണ്ടു പോകുന്നു. മണ്ണിലോ മരത്തിലോ ആവും താരതമ്യേന ഭംഗി കുറഞ്ഞ കൂടുകൾ ഉണ്ടാക്കുക. ഒരു കോളനിയിൽ വിവിധതരം ഉറുമ്പുകളെ കാണാൻ കഴിയും. രാജ്ഞിമാർ, ജോലിക്കാർ, ചിറകുള്ള പെണ്ണുറുമ്പുകൾ, പട്ടാളക്കാർ മുതലായവയാണവ.
ചിറകില്ലാത്തതും പ്രത്യുൽപാദന ശേഷിയുള്ളതുമായ പെണ്ണുറുമ്പാണ് രാജ്ഞി. ഒരു കൂട്ടിൽ തന്നെ അനേകം രാജ്ഞിമാരുണ്ടാകും. എന്നാൽ ഒരു രാജ്ഞി മാത്രമുള്ള കോളനികളുമുണ്ട്. രാജ്ഞിമാരുടെ ആയുസും കൂടുതലാണ്. ഒരു വയസു മുതൽ പതിനഞ്ച് വയസ് വരെ ജീവിച്ചിരിക്കുന്ന രാജ്ഞിമാരുണ്ട്. കൂട്ടിലേക്കുള്ള ജോലികളൊന്നും രാജ്ഞിമാർ ചെയ്യാറില്ല. കൂടിന്റെ ഏറ്റവും ഉള്ളറകളിലൊന്നിൽ താമസിച്ച് മുട്ടയിടുകയാണിവയുടെ ജോലി. രാജ്ഞിമാർക്ക് ഭക്ഷണം എത്തിക്കേണ്ട ചുമതല ജോലിക്കാർക്കാണ്. ഒരു കൂട് ഉപേക്ഷിച്ച് മറ്റൊരു കൂട് നിർമ്മിക്കുമ്പോൾ മാത്രമേ രാജ്ഞിമാർ കൂടു വിട്ടിറങ്ങാറുള്ളൂ.
പ്രത്യുത്പാദന ശേഷിയില്ലാത്ത പെണ്ണുറുമ്പുകളാണ് ജോലിക്കാർ. ജോലിക്കാരാണ് ഒരു കൂട്ടിലേക്ക് വേണ്ട എല്ലാ കാര്യങ്ങളും ചെയ്യുന്നത്. രാജ്ഞിമാരെയും മറ്റുറുമ്പുകളേയും ലാർവകളെയും തീറ്റിപ്പോറ്റുക, കൂടുകൾ വൃത്തിയാക്കുക തുടങ്ങിയ കാര്യങ്ങളാണ് ഇവ ചെയ്യുന്നത്. വേലക്കാരിൽ തന്നെ ജോലി വിഭജനമുണ്ട്. കൂടിനു പുറത്തുള്ള ജോലികൾ ചെയ്യേണ്ട ജോലിക്കാരും കൂട്ടിന്നകത്തെ ജോലികൾ ചെയ്യേണ്ട ജോലിക്കാരുമുണ്ടായിരിക്കും. മുട്ടകളെയും ലാർവകളെയും എടുത്തു മാറ്റുക, കുഞ്ഞുറുമ്പുകളെ വൃത്തിയാക്കുക, ഭക്ഷണ വസ്തുക്കൾ ചുമന്നു കൊണ്ടു വരിക, ബാക്കി വരുന്ന പദാർഥങ്ങൾ കൂടിന്നു വെളിയിൽ കളയുക എന്നിവയാണ് പ്രധാന ജോലികൾ. ചില വേലക്കാർ ഭക്ഷണം വയറ്റിൽ സൂക്ഷിച്ചാണ് കൊണ്ടു വരിക, പ്രത്യേകിച്ചും ലാർവകൾക്കായി. അവ പിന്നീട് തികട്ടിയെടുത്ത് നൽകുന്നു. പുതിയ വേലക്കാർക്ക് മൂന്നോ നാലോ ദിവസം പ്രായമാകുന്നതോടെ അവരും പണി ചെയ്തു തുടങ്ങുന്നു.
കൂടിനു വെളിയിൽ പോയി ഭക്ഷണം ശേഖരിക്കുന്ന വേലക്കാർ ഒറ്റക്കോ കൂട്ടമായോ ഇക്കാര്യം ചെയ്യുന്നു. നാല് മില്ലിഗ്രാം ഭാരമുള്ള ഉറുമ്പ് എട്ടു മില്ലിഗ്രാം വരെ ഭാരമുള്ള ഭക്ഷണ വസ്തുക്കൾ വഹിച്ചു കൊണ്ടു പോകുന്നു. ചിലപ്പോൾ ഒന്നിലധികം ഉറുമ്പുകൾ ഒന്നിച്ചാവുമിതു ചെയ്യുന്നത്. കൂട്ടിൽ നിന്ന് പുറത്തു പോയി ഭക്ഷണ പദാർഥങ്ങൾ തേടുന്ന ഉറുമ്പുകൾ ദിശ കണ്ടെത്തുന്നതിന് പല മാർഗങ്ങൾ ഉപയോഗിക്കുന്നു. സംയുക്ത നേത്രം ആണുള്ളതെങ്കിൽ കൂടി, വഴിയിൽ കാണുന്ന എന്തിനെയും ഇവ അടയാളമാക്കി ശേഖരിക്കുമത്രെ. ഗുരുത്വാകർഷണത്തിന്റെ ദിശയെയും, വഴിയിൽ സ്വയം പുറപ്പെടുവിക്കുന്നതും കാണപ്പെടുന്നതുമായ രാസഘടകങ്ങളെയും അടയാളമാക്കാറുണ്ട്.
പട്ടാളക്കാരാണ് മറ്റൊരു വിഭാഗം. ശത്രുക്കളെ നേരിടാൻ ഇവർ പ്രാപ്തരായിരിക്കും. വലിയ തലയും കടിക്കാനും മുറിക്കാനുമുള്ള ഉറപ്പുള്ള വായ് ഭാഗങ്ങളും ഇവക്കുണ്ടാകും. അത്തരം ഭാഗങ്ങളെ മാൻഡിബിളുകൾ എന്നു പറയുന്നു. ഇവ കട്ടിയുള്ള വിത്തുകളും മറ്റും പൊട്ടിക്കാൻ തക്കവണ്ണം ശക്തിയുള്ളവയായിരിക്കും. ഒരു കൂടിന്റെ പ്രവേശന മാർഗത്തിൽ ശത്രുവിന്റെ സാന്നിധ്യമറിഞ്ഞാൽ അവ തലയുടെ വലിയ ഭാഗമുപയോഗിച്ച് കൂടടച്ചു വെക്കുന്നു. വലിയ ദ്വാരമാണെങ്കിൽ ഒന്നിലധികം ഉറുമ്പുകൾ ഇതിനായി ശ്രമിക്കുന്നു. ശത്രുക്കളെ നേരിടാൻ ഉറുമ്പുകൾ ശരീരത്തിലുത്പാദിപ്പിക്കുന്ന ഫോർമിക് അമ്ലവും ഉപയോഗിക്കാറുണ്ട്. ചില വർഗങ്ങളിൽ വേലക്കാർ തന്നെയാകും പട്ടാളക്കാരുടെ ജോലിയും ചെയ്യുക.
മറ്റൊരു വിഭാഗം ചിറകുള്ള ഉറുമ്പുകളാണ്. ചിറകുള്ളതും പ്രത്യുത്പാദന ശേഷിയുള്ളതുമായ ആണുറുമ്പുകളും പെണ്ണുറുമ്പുകളും കൂട്ടിലുണ്ടാകാറുണ്ട്. ചിലപ്പോൾ അവ ഒരു കൂട്ടത്തിൽ നിന്നും പിരിഞ്ഞു മറ്റൊരു കൂട്ടത്തിൽ ചേരുന്നു. ചിലപ്പോൾ ഇണ ചേരാനായിരിക്കും ഇവ പുറത്തു വരുന്നത്. ഇണ ചേർന്ന ശേഷം ആണുറുമ്പുകൾ ചത്തു പോകുന്നു. പെണ്ണുറുമ്പുകൾ പുതിയ കോളനി നിർമിക്കാനാവശ്യമായ സ്ഥലങ്ങളിൽ മുട്ടയിടുകയും ചെയ്യുന്നു.
ഉറുമ്പുകളുടെ ആശയ വിനിമയ രീതി ഏറെ ശ്രദ്ധേയമാണ്. ഉറുമ്പുകൾക്ക് ശബ്ദമുണ്ടാക്കാനും കേൾക്കാനും കഴിയുമെന്ന് കണ്ടു പിടിച്ചിരിക്കുന്നു. ഉറുമ്പുകളിലെ പല വിഭാഗങ്ങളും പല രീതിയിലുള്ള ശബ്ദങ്ങളാണുണ്ടാക്കുന്നത്. ഉറുമ്പുകൾക്ക് ഭാഷകളുണ്ടെന്നർഥം. ആംഗ്യത്തോടു കൂടിയതാണ് ഉറുമ്പുകളുടെ സംസാരം. വലിയ ഭക്ഷ്യ നിക്ഷേപം കണ്ടെത്തി മടങ്ങിയെത്തുന്ന ഉറുമ്പ് വായ പിളർന്ന് വയറു പൊന്തിച്ച് കൂട്ടിൽ ഓടിക്കളിക്കുമത്രെ. സുലൈമാൻ നബി ഉറുമ്പിന്റെ സംസാരം കേട്ടതായി ഖുർആൻ പറയുന്നണ്ടല്ലോ. സ്പർശന-രാസ മാർഗങ്ങളാണ് പ്രധാനമായും ആശയ വിനിമയത്തിനുപയോഗിക്കുന്നത്. ആശയ വിനിമയത്തിനു വേണ്ടി ഉപയോഗിക്കുന്ന രാസ സന്ദേശങ്ങൾക്കാണ് ഫെറോമോണുകൾ എന്നു പറയുന്നത്. വ്യത്യസ്ത ഫെറോമോണുകളുപയോഗിച്ച് വ്യത്യസ്ത ആശയങ്ങൾ കൈമാറുവാൻ ഉറുമ്പുകൾക്ക് കഴിയും. ഒരു ഉറുമ്പ് എവിടെയെങ്കിലും വല്ല ആഹാര പദാർഥവും കണ്ടെത്തിയാൽ പ്രസ്തുത ആഹാരത്തെക്കുറിച്ച് മറ്റുള്ളവർക്ക് വിവരം നൽകുന്നത് ഒരു തരം ഫെറോമോണുകൾ വഴിയാണ്. മുന്നിൽ ഗമിക്കുന്ന ഉറുമ്പ് ഉൽപാദിപ്പിക്കുന്ന ഫെറോമോൺ സന്ദേശമാണ് പിന്നിലെ ഉറുമ്പിനുള്ള വഴി കാണിക്കുന്നത്. റാണി ആണുറുമ്പുകളെ ആകർഷിക്കുന്നതും ഒരു തരം ഫെറോമോൺ സന്ദേശങ്ങളുപയോഗിച്ചാണ്.
മറ്റെല്ലാ തരത്തിലുള്ള ജീവജാലങ്ങളുമായി ഉറുമ്പുകൾ സഹവർത്തിക്കാറുണ്ട്. അഫിഡു (മുത്ത) മായുള്ള സഹവർത്തനമാണ് ഏറെ പ്രസിദ്ധം. അഫിഡ് ചെറു ജീവിയാണ്. ഉറുമ്പുകൾ അഫിഡുകളെ സ്വന്തം കൂട്ടിൽ വളർത്തുകയും അവക്ക് ഭക്ഷണം സമ്പാദിച്ചു കൊടുക്കുകയും ശത്രുക്കളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. പകരമായി അഫിഡിന്റെ ശരീരത്തിൽ നിന്നുമൂറി വരുന്ന സ്രവമായ തേൻ ഉറുമ്പുകൾ ഭക്ഷിക്കും. ഒരു കൂട്ടത്തിൽ നിന്ന് ചെറിയൊരു കൂട്ടം പിരിഞ്ഞു പോവുകയാണെങ്കിൽ അഫിഡുകളെ കൂടെ കൊണ്ടു പോകാറുണ്ട്.
പല സസ്യങ്ങളും ഉറുമ്പുകൾക്കായി കൂടുതൽ തേൻ ശേഖരിച്ച് വെക്കാറുണ്ട്. അതുകൊണ്ട് തന്നെ അവയിൽ കീടങ്ങൾ വരാറില്ല. വിത്തുകൾ കേടുകൂടാതിരിക്കും എന്ന ഗുണം ചെടിക്കു ലഭിക്കുമ്പോൾ ഉറുമ്പുകൾക്ക് ഭക്ഷണവും ലഭിക്കുന്നു. അമേരിക്കയിലെ പ്യോണി പുഷ്പങ്ങൾക്ക് വിരിയാൻ തന്നെ ഉറുമ്പുകളുടെ സഹായമാവശ്യമാണ്. ചില ഉറുമ്പുകൾ കൂട്ടിനുള്ളിൽ പൂപ്പലുകൾ നട്ടു വളർത്തി പരിപാലിക്കുന്നു. ഉറുമ്പുകൾ പൂപ്പലുകൾ കുറേശ്ശെ ഭക്ഷണമായുപയോഗിക്കുകയും ചെയ്യുന്നു. പലതരം വിത്തുകളും വിതരണം ചെയ്യുന്നത് ഉറുമ്പുകളാണ്. പല പക്ഷികളും ഉറുമ്പു കൂട്ടത്തിന്നടുത്തു ചിറകുകൾ വിടർത്തി ഇരിക്കാറുണ്ട്. അവയുടെ മേൽ ഉറുമ്പുകൾ കയറുകയും അവയുടെ ശരീരത്തിലെ ക്ഷുദ്ര കീടങ്ങളെ ഭക്ഷണമാക്കുകയും ചെയ്യുന്നു. പക്ഷികൾക്ക് ക്ഷുദ്ര ജീവികളിൽ നിന്ന് രക്ഷയും ഉറുമ്പുകൾക്ക് ഭക്ഷണവും ലഭിക്കുന്നു.
ഒരു ചെറിയ പാലത്തിന്റെ ആവശ്യം നേരിട്ടാൽ കുറെ ഉറുമ്പുകൾ പരസ്പരം കൈകാലുകൾ ബന്ധിച്ച് ഒരു ചങ്ങല പോലെ തങ്ങളുടെ ശരീരം കൊണ്ട് പാലം നിർമ്മിക്കും. അവക്കു മുകളിലൂടെ മറ്റു ഉറുമ്പുകൾ യാത്ര തുടരും. ചിലപ്പോൾ മരക്കൊമ്പുകളിൽ ഉറുമ്പുകൾ തൂങ്ങിക്കിടക്കുന്നത് കാണാം. മുകളിലുള്ള ഉറുമ്പിന്റെ കൈകാലുകളിൽ നൂറുകണക്കിനുറുമ്പുകൾ തൂങ്ങിക്കിടക്കും. ഒരു തരം ഉറുമ്പുകൾ അവയിൽ ചിലതിനെ ദ്രവ രൂപത്തിലുള്ള ഭക്ഷണം സൂക്ഷിക്കാനുള്ള ടാങ്കുകളാക്കി മാറ്റുന്നു.
സ്വന്തം ഭാരത്തേക്കാൾ അനേകം ഇരട്ടി ഭാരം വഹിക്കുവാൻ ഉറുമ്പുകൾക്കാവും. ഒറ്റ നിൽപ്പിൽ തന്നെ അഷ്ട ദിക്കും താഴെയും മേലെയും ഒരു പോലെ ദർശിക്കാനാവുന്ന സംവിധാനമുണ്ട്. ഉറുമ്പുകളുടെ ഘ്രാണ ശക്തി അതിശക്തമാണ്.
ഉറുമ്പുകൾ കാണപ്പെടാത്ത രാജ്യങ്ങളോ സ്ഥലങ്ങളോ ലോകത്തില്ലെന്ന് തന്നെ പറയാം. കാഴ്ചയിൽ ചെറുതും നിസ്സാരവുമായ ഈ ജീവികൾ അധ്വാന ശക്തിയിലും ബുദ്ധി സാമർഥ്യത്തിലും മനുഷ്യന്റെ തൊട്ടടുത്ത് നിൽക്കുന്നു. ജീവിത-താമസ വ്യവസ്ഥിതികൾ, ആസൂത്രണം, വിഭാഗീകരണം, ഉത്തരവാദിത്ത നിർവഹണം എന്നീ വിഷയങ്ങളിലെല്ലാം വിശേഷ ബുദ്ധിക്കൊണ്ടനുഗ്രഹീതമായ മനുഷ്യനെ പോലും പിന്നിലാക്കുന്ന ബുദ്ധി വൈഭവം ഈ ചെറു ജീവികൾ പ്രകടിപ്പിക്കാറുണ്ട്.
സാധാരണ ഗതിയിൽ ശൈത്യ മേഖലാ രാജ്യങ്ങളിൽ താരതമ്യേന കുറവായും ഉഷ്ണ മേഖലാ രാജ്യങ്ങളിൽ കൂടുതലായുമാണ് ഉറുമ്പുകളെ കണ്ടു വരാറുള്ളത്. അവയിൽ ചിലത് വളരെ ചെറുതാണെങ്കിലും വലിപ്പമുള്ളവയുമുണ്ട്. കൊടിയ വിഷമുള്ള ചില ഇനങ്ങളും അപൂർവമായെങ്കിലും ഇവയുടെ കൂട്ടത്തിലുണ്ട്.
മരയുറുമ്പ്, ചെന്തലയൻ, തേനുറുമ്പ്, വലിയ തേനുറുമ്പ്, പന്തുറുമ്പ്, ഇലയുറുമ്പ്, കട്ടുറുമ്പ്, നെയ്യുറുമ്പ്, കടിയനുറുമ്പ്, നീറ്, ചോണൻ ഉറുമ്പ് തുടങ്ങി ധാരാളം ഇനം ഉറുമ്പുകളെ കേരളത്തിൽ കണ്ടു വരുന്നു.
എല്ലാ വിഭാഗത്തിലും കാണപ്പെടുന്നൊരു പൊതു സ്വഭാവമാണ് സ്വതന്ത്രമായി വീട് പണിയുകയെന്നത്. കോളനിയെന്ന് പറയുന്നതായിരിക്കും കൂടുതൽ ശരി. വായുവിന്റെ ഗതിയും അന്തരീക്ഷവും അനുസരിച്ച് അതി സമർഥമായാണ് ഇവ കൂടൊരുക്കുക. ഈ കൂടുകളിലേക്ക് പ്രവേശന കവാടങ്ങളും ഉള്ളിൽ വിവിധ വഴികളും പണിതതായി കാണുമ്പോഴാണ് ഈ കൊച്ചു ജീവികളുടെ മിടുക്ക് ബോധ്യപ്പെടുക. ഒരു മാളത്തിൽ തന്നെ ഓരേ വംശത്തിലെ എണ്ണമറ്റ ഉറുമ്പുകളുടെ വീടുകൾ ഉണ്ടാകും. വിവിധ ജാതി ഉറുമ്പുകളടങ്ങുന്ന മാളത്തിനുള്ളിലെ ഉറുമ്പ് സാമ്രാജ്യം വളരെ വിശാലമായിരിക്കും. നിരവധി റൂമുകളും അറകളുമടങ്ങുന്ന ഒരു ലോകം. ഒരു കോളനിയിൽ എൺപത് മുതൽ രണ്ട് ലക്ഷത്തിലധികം വരെ അംഗങ്ങൾ ഉണ്ടാകും. വളരെ ഐക്യത്തോടെ മുന്നോട്ടു നീങ്ങുന്ന സുന്ദരമായൊരു ലോകം.
വീട് നിർമ്മാണത്തിന് മണ്ണിന് പുറമെ വൈക്കോൽ, മരക്കഷ്ണങ്ങൾ, വേരുകൾ എന്നിവയെല്ലാം ഇവ ഉപയോഗപ്പെടുത്താറുണ്ട്. ഉറുമ്പിന്റെ വായയിൽ നിന്നൂറി വരുന്ന ഒരു തരം ദ്രവം സിമന്റിന്റെ ധർമം നിർവഹിക്കുന്നു. തേറ്റകളും മുൻകാലുകളുമുപയോഗിച്ച് നന്നായി ചവിട്ടിക്കുഴച്ച് തേറ്റകളുടെ സഹായത്തോടെ മുൻകാലുകൾ കൊണ്ട് മേൽക്കൂര പണിയുന്നു. നിർമ്മാണ വൈഭവത്തിന്റെ കാര്യത്തിൽ മിടുക്കരാണ് ഉറുമ്പുകൾ. ചില രാജ്യങ്ങളിൽ കണ്ടു വരുന്ന മിനാരങ്ങളുടെ രൂപത്തിൽ നിർമ്മിക്കപ്പെട്ട ഉറുമ്പുകൂടുകൾ ഇതിന്നുദാഹരണമാണ്.
ആഫ്രിക്കൻ രാജ്യങ്ങളിൽ കണ്ടു വരുന്ന ചിലയിനം ഉറുമ്പുകൾ വ്യവസ്ഥാപിതമായി കൃഷിപ്പണിയിലേർപ്പെടുന്നവരാണെന്ന് ഗവേഷകർ പറയുന്നു. നിലം വൃത്തിയാക്കി വിത്ത് നടുന്നു. പാകമാകുമ്പോൾ വിളവെടുപ്പ് നടത്തി ഭക്ഷണമായി സൂക്ഷിക്കുന്നു. വിയറ്റ്‌നാമിലും തായ്‌ലൻഡിലും കണ്ടു വരുന്ന ഒരു തരം വെളുത്ത ഉറുമ്പുകൾ അതിശക്തന്മാരാണ്. പൂന്തോട്ട നിർമ്മാണമാണ് ഇത്തരം ഉറുമ്പുകളുടെ പ്രധാന ഹോബി.
മുഹമമദ് അമാനി മൗലവി വിശുദ്ധ ഖുർആൻ വിവരണത്തിൽ സൂറത്തു നംല് – 18, 19 വചനങ്ങൾക്ക് വിശദീകരണമായി കുറിക്കുന്നു : കാര്യങ്ങളിൽ ചിട്ട, സ്ഥിരോത്സാഹം, സഹകരണം ആദിയായവയിൽ ഉറുമ്പ് മനുഷ്യരെ കവച്ചു വെക്കുന്നു. ഒരു ഉറുമ്പുമാളം പരിശോധിച്ചാൽ ഭൂമിക്കുള്ളിൽ പല അറകളും നിലകളും തെരുവുകളും കാണാം. വേനൽക്കാലത്തേക്കും മഴക്കാലത്തേക്കുമുള്ള ഭക്ഷണ പദാർഥങ്ങൾ പ്രത്യേകം പ്രത്യേകം സൂക്ഷിക്കപ്പെട്ടിരിക്കും. നനവ് പറ്റിയ ധാന്യങ്ങൾ വെയിലുള്ളപ്പോൾ പുറത്തു കൊണ്ടു വന്നു ഉണക്കി വീണ്ടും സൂക്ഷിക്കും. മുളച്ചു നഷ്ടപ്പെടുവാൻ ഇടയാകുന്ന വിത്തുകൾക്ക് തുളയുണ്ടാക്കി വെച്ചിരിക്കും. മഴവെള്ളം കുത്തനെ ഉള്ളിൽ വീഴാതിരിക്കുവാനായി ഉള്ളറകൾ തിരിഞ്ഞും വളഞ്ഞും താണും പൊന്തിയും കൊണ്ടായിരിക്കും തയ്യാറാക്കപ്പെട്ടിരിക്കുക. ഉറുമ്പിന്റെ ഘ്രാണ ശക്തിയാണെങ്കിൽ, ആശ്ചര്യമാം വണ്ണം വമ്പിച്ചതാണ്. വളരെ ദൂരത്തുള്ള വസ്തുക്കൾ പോലും മണത്തറിഞ്ഞ് അതിവേഗം ഉറുമ്പിൻ കൂട്ടം വരിവരിയായി അങ്ങോട്ട് ഘോഷയാത്ര നടത്തുന്നത് നാം സാധാരണ കാണാറുള്ളതാണ്. ഇത്‌പോലെ തന്നെ ഇതര ജീവികളിൽ നിന്നും നമുക്ക് അനേകം പാഠങ്ങൾ ലഭിക്കുവാനുണ്ട്. ഓരോന്നിനും അതിന്റേതായ സവിശേഷതയും സാമർഥ്യവും സർവശക്തനാൽ പ്രദാനം ചെയ്യപ്പെട്ടിരിക്കുന്നു.

Share this:

Recently added