നിരവധി ആളുകൾ അർപ്പണമനോഭാവത്തോടെ പ്രയത്‌നിച്ചതിന്റെ ഫലമായാണ് ഇന്നത്തെ നിലയിൽ കേരളം വികാസം പ്രാപിച്ചത്. ജാതി, നാടുവാഴിത്തം, ജന്മിത്തം, രാജഭരണം, ബ്രീട്ടീഷ് അധിനിവേശം ഇവ കൊടി കുത്തിവാണ ഒരു കാലം കേരളത്തിനുണ്ടായിരുന്നു. പരസ്പരം കണ്ടാൽ പോലും അശുദ്ധമാകുന്ന ജാതി വ്യവസ്ഥ, ആ സമയത്ത് മണ്ണിൽ പണിയെടുക്കുന്ന കർഷകർ അനുഭവിച്ചിരുന്ന ദുരിതങ്ങൾ മുഴുവൻ ജാതിയുമായി ബന്ധപ്പെട്ടതായിരുന്നു. ഇവരുടെ മക്കൾക്ക് സ്‌ക്കുളിൽ പോകാനനുവാദമില്ലായിരുന്നു. താമസിക്കാൻ നല്ല വീടില്ല, പൊതുനിരത്തിൽ നടക്കാൻ പോലും അവകാശമില്ല. സ്ത്രീകൾക്ക് ശരിയായ വിധത്തിൽ വസ്ത്രം ധരിക്കാനനുവാദമില്ല.
സാമൂഹ്യനീതി ലഭിക്കുന്നതിനുവേണ്ടി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി ബഹുജന പ്രസ്ഥാനങ്ങൾ രൂപം കൊളളുകയും അവയുടെ നേതാക്കൾ സമരങ്ങൾ നയിക്കുകയും ചെയ്തിരുന്നു. രാജ്യത്തെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കാൻ പ്രേരിപ്പിച്ച ആ പ്രസ്ഥാനങ്ങളും വിദ്യാഭ്യാസരംഗത്ത് വിവിധ സംഘടനങ്ങളും വ്യക്തികളും നടത്തിയ സേവനങ്ങളുമാണ് കേരളത്തിന്റെ വികസന നേട്ടങ്ങളുടെ അടിത്തറ.
കേരള സംസ്ഥാനം രൂപം കൊളളുന്നതിന് എത്രയോ മുമ്പ് തന്നെ സാക്ഷരതയുടെ രംഗത്ത് നമ്മുടെ നാട് ഇന്ത്യക്ക് മാതൃകയായിരുന്നു. ഭരണകർത്താക്കളുടെ താല്പര്യവും വിവിധ സംഘടനങ്ങളുടെ ശ്രമങ്ങളുമാണ് നമ്മുടെ സാക്ഷരത വർദ്ധിപ്പിച്ചത്. രണ്ട് നൂറ്റാണ്ട് മുമ്പ്തന്നെ ജനങ്ങൾക്ക് സൗജന്യ വിദ്യാഭ്യാസം കൊടുക്കാനുളള വിളംബരം പുറപ്പെടുവിക്കാനും തിരുവിതാംകൂർ ഭരിച്ചിരുന്ന റാണി പാർവ്വതീഭായിക്ക് കഴിഞ്ഞു എന്നത് ഒരു ചരിത്രസംഭവമാണ്.
മിഷനറിമാരും, എസ് എൻ ഡി പി, എൻ എസ് എസ്, എം ഇ എസ് തുടങ്ങിയ സംഘടനകളും വ്യക്തികളും നാട്ടുകാർക്ക് വിദ്യാഭ്യാസ സൗകര്യം ഉണ്ടാക്കുന്നതിൽ നല്ലൊരു പങ്ക് വഹിച്ചിട്ടുണ്ട്. അക്ഷരജ്ഞാനം കൊടുക്കാൻ സാക്ഷരതാ പ്രസ്ഥാനത്തിന് സാധിച്ചതാണ് കേരളത്തെ സമ്പൂർണ സാക്ഷരതയിലേക്ക് നയിച്ചത്.
സംസ്‌കാരങ്ങളുടെയും ചരിത്രസംഭവങ്ങളുടെയും ഈറ്റില്ലമെന്ന് വിശേഷിപ്പിക്കുന്ന നമ്മുടെ സംസ്ഥാനവുമായി ബന്ധപ്പെട്ട ഇന്നലെകൾ ലോകചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും ജനപദങ്ങളുടെയും നാഴികക്കല്ലാണ്. സഹസ്രാബ്ദങ്ങൾ പലതിലൂടെയും കടന്നുവന്ന് 21-ാം നൂറ്റാണ്ടിലെത്തി നിൽക്കുന്ന നമ്മുടെ കൊച്ചു കേരളത്തിന്റെ ഇന്നലെകൾ അറിയുന്നത് ഗുണപ്രദവും അതുപോലെ കൗതുകവുമായിരിക്കും. നമ്മുടെ പൂർവ്വികർ ചവിട്ടിക്കടന്നു വന്ന ഭൂതകാലം ആരെയും വിസ്മയിപ്പിക്കും.
മനുഷ്യ സംസ്‌കാരം
മനുഷ്യൻ എന്നു മുതലാണ് സംസ്‌കാരമുളളവരായതെന്ന ചോദ്യത്തിന് ഉത്തരം പറയാനാവില്ല. പ്രകൃതിയിലുളളതും വന്യമായത് എന്ന് പരക്കേ കരുതപ്പെട്ടിരുന്നതുമായ ചിലതിനെയൊക്കെ മെരുക്കിയതു മുതലാണ് നാം സംസ്‌കാരത്തിലേക്ക് നീങ്ങാൻ തുടങ്ങിയത്. അഗ്‌നിയുടെ ഉപയോഗം തിരിച്ചറിഞ്ഞതും വന്യ ജീവികളെ മെരുക്കിയതും കൃഷിചെയ്യാൻ പഠിച്ചതുമൊക്കെ സംസ്‌കാരത്തിലേക്കുളള ചവിട്ടു പടികളായി ഇന്ന് ചരിത്രകാരൻമാർ കാണുന്നു.
ഇന്നത്തെ മനുഷ്യനെ സൃഷ്ടിച്ച ഇന്നലെകൾ അത്ഭുതം നിറഞ്ഞതും നമ്മെ വിസ്മയിപ്പിക്കുന്നതുമാണ്. വിശപ്പ് മാറ്റാനുളള ആഹാരം അവർ കണ്ടെത്തിയിരുന്നത് മൃഗങ്ങളെ വേട്ടയാടി കൊന്നാണ്. ജീവനോടെ പിടിക്കാൻ കഴിയുന്നവയെ വളർത്താൻ കഴിയുമോ എന്നും മനുഷ്യർ പരീക്ഷിച്ചിരിക്കാം. ദീർഘകാലത്തെ വേട്ടയാടലിൽ നിന്ന് പ്രാവീണ്യം നേടിയതിനു ശേഷം പിന്നീട് കൃഷിയിലേക്ക് തിരിയുകയും അതിന്റെ സംരക്ഷണത്തിനായി കൃഷിസ്ഥലത്തിനടുത്ത് തന്നെ താമസം തുടങ്ങുകയും ചെയ്തിട്ടുണ്ടാവാം. ആദിമ മനുഷ്യന്റെ പ്രധാന ആഹാരം മൃഗങ്ങളുടെ മാംസം ആയിരുന്ന കാലത്ത് വലിയ തോതിൽ മൃഗങ്ങൾ കൊല്ലപ്പെട്ടു. കാലാവസ്ഥയിൽ മാറ്റം ഉണ്ടായപ്പോൾ പുൽമേടുകൾ ഉണങ്ങുകയും മൃഗങ്ങൾക്ക് ആഹാരം കിട്ടാത്ത അവസ്ഥ ഉണ്ടാകുകയും ചെയ്തിരുന്നു. ഇത് ഭക്ഷ്യക്ഷാമത്തിന് വഴിയൊരുക്കി. നായാട്ട് തുടങ്ങുന്നതിന് മുമ്പ് ആദിമ മനുഷ്യരുടെ ആഹാരം വേരുകളും വിത്തുകളുമായിരുന്നു. ഇത് കൊണ്ട് വിശപ്പടക്കാനാവില്ലെന്ന് മനസ്സിലായപ്പോഴായിരിക്കാം ഇവർ നായാട്ടിലേക്ക് തിരിഞ്ഞത്.
കൃഷിതുടങ്ങാനുളള കാരണമായി ഗവേഷകർ കരുതുന്നത്, ധാന്യങ്ങൾ വീണുപോയത് മുളയ്ക്കുന്നതും അതിൽ വിളവുണ്ടാകുന്നതും അവർ കണ്ട് മനസ്സിലാക്കിയപ്പോൾ കൃഷി തുടങ്ങിയിരിക്കാം എന്നാണ്. വളർത്തു മൃഗങ്ങളുടെ ചാണകവും, തീക്കുണ്ഡത്തിലെ ചാരവും വീണ് കിടക്കുന്ന സ്ഥലത്ത് സസ്യത്തിന്റെ ദ്രുതഗതിയിലുളള വളർച്ച അവർ നിരീക്ഷിച്ചിരിക്കാം. ഇത് വള പ്രയോഗത്തെക്കുറിച്ച് അവനെ ബോധവാനാക്കി. കൃഷിയിടത്തിന്റെ സംരക്ഷണത്തിനായി അവിടെത്തന്നെ താമസിക്കേണ്ടതായും വന്നു. നായാട്ടിൽ നിന്ന് കൃഷിയിലേക്ക് മാറിയ മനുഷ്യൻ കുടുംബ ജീവിതത്തിലേക്ക് ക്രമേണ വന്നു.
ചരിത്രാതീതകാലം
കേരളത്തിന്റെ ചരിത്രാതീതകാലം ഇന്നും അജ്ഞാതമാണ്. ഇവിടെ മനുഷ്യവാസം എന്നാരംഭിച്ചു എന്നതിനെക്കുറിച്ച് എഴുതിവെച്ച രേഖകളോ തെളിവ് നൽകുന്നതിനുളള വ്യക്തതയോ ലഭിച്ചിട്ടില്ല. മനുഷ്യ ജീവിതം ഭൂമിയിൽ ആരംഭിച്ചിട്ട് നാലോ അഞ്ചോ ലക്ഷം വർഷങ്ങളായെങ്കിലും ഏതാനും സഹസ്രാബ്ദങ്ങൾക്ക് മുൻപ് വരെയുളള മനുഷ്യ ജീവിതത്തെപ്പറ്റി മാത്രമാണ് നമുക്ക് ലഭിച്ച അറിവ്. പുരാതനശിലായുഗമനുഷ്യർ കേരളത്തിൽ ജീവിച്ചിരുന്നതായി തോന്നുന്നില്ല.
പ്രാചീന ശിലായുഗത്തിൽ അമ്പും വില്ലും പ്രാചാരത്തിൽ വന്നു എന്നാണ് ചരിത്രകാരന്മാർ അവകാശപ്പെടുന്നത്. ഈ കാലഘട്ടത്തിൽ സാങ്കേതിക വിദ്യയുടെ മുന്നേറ്റം മനുഷ്യ പുരോഗതിയിലേക്ക് നയിച്ചു. അമ്പും വില്ലും പ്രചാരത്തിൽ വന്നതോടെ അമ്പിന്റെ കൂർത്ത മുനയായി ഉപയോഗിക്കാവുന്ന ലഘുശിലായുധങ്ങളുടെ സഹായത്താൽ ഏത് ഹിംസ്ര ജന്തുവിനെയും നേരിടാനുളള കഴിവ് മനുഷ്യൻ സമ്പാദിച്ചു. ദക്ഷിണേന്ത്യയിൽ പൂർവ്വതീരത്താണ് ആദ്യം മനുഷ്യവാസം ആരംഭിച്ചതെന്നും ദക്ഷിണേന്ത്യയിലെ ലഘുശിലായുധങ്ങളുടെ കാലം ഏകദേശം ബി .സി 4000 ആയിരിക്കണമെന്നുമാണ് അനുമാനിക്കുന്നത്. മധ്യ ശിലായുഗത്തിന്റെ അവസാനത്തോടെയാണ് ലഘുശിലായുധങ്ങൾ ആവിർഭവിച്ചത്. കേരളത്തിലെ ആദിമനിവാസികൾ അമ്പും വില്ലും ഉപയോഗിക്കുന്നതു കൊണ്ടും ഭക്ഷ്യ സംഭരണവും വേട്ടയാടലും പ്രധാന തൊഴിലായി അംഗീകരിച്ചവരായതു കൊണ്ടും ശിലായുഗ ജീവിതത്തിന്റെ അവസാനത്തോടെയാണ് കേരളത്തിൽ മനുഷ്യ വാസം ഉണ്ടായതെന്ന് ഊഹിക്കുന്നു.
മധ്യശിലായുഗത്തിലെ മനുഷ്യരെപ്പോലെ കേരളത്തിലെ ആദിമ നിവാസികളുടെ പിന്മുറക്കാർ നമ്മുടെ വനാന്തരങ്ങളിൽ ഇന്നും ജീവിക്കുന്നുണ്ട്. അവർ പഴങ്ങളും കിഴങ്ങുകളും, തേനും ശേഖരിച്ചും; മൃഗങ്ങളെ വേട്ടയാടിയും കഴിയുന്നു. മലയർ, ഇരുളർ, കാണിക്കാർ, മലപ്പുലയർ തുടങ്ങിയ ഗിരിവർഗക്കാരുടെയും വേടന്മാരുടെ ജീവിതരീതിയും തമ്മിൽ സാമ്യമുണ്ട്.
ഭൂഗർഭശാസ്ത്രജ്ഞന്മാരുടെയും നരവംശശാസ്ത്രജ്ഞന്മാരുടെയും സഹായത്താൽ ഇരുളടഞ്ഞുകിടക്കുന്ന കേരളത്തിന്റെ ചരിത്രാതികാലത്തെക്കുറിച്ച് നമുക്ക് നോക്കാം. കേരളമെന്ന സ്ഥലത്തെപ്പറ്റി ഭാരതത്തിൽ അറിയപ്പെടുന്നത് പാലക്കാടു നിന്നും മറ്റും ശിലായുഗത്തിലെ ആയുധങ്ങൾ കണ്ടെത്തിയതോടെയാണ്. ഹിമയുഗത്തിനും ആദിശിലായുഗത്തിനും ഇടയ്ക്കുളള കാലഘട്ടത്തിലേതെന്ന് ഊഹിക്കപ്പെടുന്ന അവശിഷ്ടങ്ങൾ ഭാരതപ്പുഴയുടെ പോഷക നദിയായ മലമ്പുഴയ്ക്കും, കാഞ്ഞിരപ്പുഴയ്ക്കും ഇടയ്ക്ക് കണ്ടെത്തിയിട്ടുണ്ട്. ഇവയക്ക് 50,000 വർഷം പഴക്കം കണക്കാക്കുന്നു. ഈ തടങ്ങളിൽ ശിലായുധ നിർമാണശാലയും ഉണ്ടായിരുന്നതായി കരുതപ്പെടുന്നു.
ക്രിസ്തുവിന് അഞ്ചോ ആറോ നൂറ്റാണ്ടുകൾക്കുമുമ്പ് കേരളം മറ്റ് ദേശങ്ങളുമായി വ്യാപാരത്തിലേർപ്പെട്ടിരുന്നുവെന്നതിന് തെളിവുണ്ട്. കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് കണ്ടുകിട്ടിയ പ്രാചീന നാണയങ്ങളും മറ്റും ഇരുളടഞ്ഞ ആ കാലത്തെപ്പറ്റി വിവരം നൽകുന്നുണ്ട്. തൃശൂർ ജില്ലയിലെ ഇയ്യാൽ എന്ന സ്ഥലത്തു നിന്ന് കിട്ടിയ പ്രാചീനനാണയങ്ങളിൽ മൗര്യകാലത്തിന് മുമ്പും പിമ്പുമുളളവയുണ്ടായിരുന്നു കോഴിക്കോട്,കണ്ണൂർ, കോട്ടയം എന്നീ പ്രദേശങ്ങളിൽ നിന്ന് ഒട്ടനവധി പഴയ റോമൻ നാണയങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇവയെല്ലാം കേരളത്തിന്റെ പ്രാചീന മറുനാടൻ ബന്ധങ്ങളുടെ മായാത്ത മുദ്രകളാണ്.
മഹാശിലായുഗ സ്മാരകങ്ങൾ, ജൈന-ബുദ്ധമതാവശിഷ്ടങ്ങൾ, ഗുഹാ ക്ഷേത്രങ്ങൾ, മുസ്‌ലിം ദേവാലയങ്ങൾ, ജൂതപളളികൾ, കോട്ടകൾ, പുരാതന ലിഖിതങ്ങൾ തുടങ്ങിയവയെല്ലാം പഴയ കേരളത്തെക്കുറിച്ചുളള വിവരങ്ങൾ നമുക്ക് നൽകുന്നു.
ആദിമ ജനത
കേരളമെന്ന ഭൂപ്രദേശത്തിന്റെ പിറവിയെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായമാണുളളത്. തെളിവുകളുടെ അടിസ്ഥാനത്തിൽ കേരളത്തിന്റെ ചരിത്രം ആരംഭിക്കുന്നത് സഹസ്രാബ്ദങ്ങൾക്കപ്പുറത്ത് നിന്നാണ്. ചരിത്രത്തിന്റെ തെളിവുകൾ കല്ലിലും മണ്ണിലും ഫോസിലുകളിലും നിക്ഷേപിക്കപ്പെട്ടിരിക്കുന്നു. വാ മൊഴികളിലൂടെയും വരമൊഴികളിലൂടെയും അത് തലമുറകളിലേക്ക് പകർന്നു കിട്ടുന്നു. ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ എന്നിവയിലെല്ലാം അതിന്റെ തെളിവുകൾ രേഖപ്പെടുത്തിയിരിക്കുന്നു.
മനുഷ്യന്റെ ആദ്യ അധിവാസ കേന്ദ്രങ്ങളിൽ ഒന്ന് തെക്കെ ഇന്ത്യയാണെന്ന് ചരിത്രകാരന്മാർ പറയുന്നു. കുറഞ്ഞ തോതിൽ കേരളത്തിൽ നിന്ന് ശിലായുഗ മനുഷ്യന്റെ സാന്നിധ്യം വെളിവാക്കുന്ന തെളിവുകൾ ലഭിച്ചതാണ് ഇതിനടിസ്ഥാനം. ബി.സി നാലായിരത്തിനോടടുത്ത് കേരളത്തിൽ മനുഷ്യവാസം തുടങ്ങിയെന്നാണ് നിഗമനം. പശ്ചിമഘട്ടത്തിന്റെ കിഴക്കുഭാഗത്താണ് മനുഷ്യവാസം ആദ്യം തുടങ്ങിയതെന്നും പിന്നീടത് പടിഞ്ഞാറോട്ട് വ്യാപിച്ചുവെന്നുമാണ് കണ്ടെത്തൽ. അതി പ്രാചീനമായ ശിലായുധങ്ങൾ, ലഘുവായ ശിലാ ഉപകരണങ്ങൾ, കല്ലുളികൾ എന്നിവയും ലഭിച്ചിട്ടുണ്ട്.
കേരളത്തിലെ ജനങ്ങൾ ദ്രാവിഡ വിഭാഗത്തിൽപ്പെട്ടവരാണ്. ആസ്ത്രലോയിഡ് വിഭാഗക്കാരും, മെഡിറ്ററേനിയൻ വംശജരും ചേർന്ന് ഉണ്ടായതാണ് ദ്രാവിഡ വിഭാഗം എന്ന വാദം മുന്നിട്ട് നിൽക്കുന്നു. കേരളത്തിലെ ആദിമ ജനതയെപ്പറ്റി വ്യക്തമായ വിവരമൊന്നുമില്ലെങ്കിലും നരവംശശാസ്ത്രജ്ഞന്മാരുടെ നിഗമനം ഇവർ പ്രോട്ടോ ആസ്ത്രലോയ്ഡ് വംശക്കാരാണെന്നും, ചില ഗണങ്ങളിൽ നീഗ്രിറ്റോവംശത്തിന്റെ ലക്ഷണങ്ങൾ കലർന്നിരിക്കുന്നുവെന്നുമാണ്. കാടന്മാർ, ഏർതാടന്മാർ, മലപ്പണ്ടാരങ്ങൾ, പണിയർ, ഇരുളർ, കാണിക്കാർ, ഊരാളികൾ, മാന്നാന്മാർ, മുതുവാന്മാർ, വിഷവർ, മലവേടന്മാർ എന്നീ ഗണങ്ങളെല്ലാം ആദിമ ജനതയിൽപ്പെട്ടവരാണ്. ഇന്ത്യയിലെ ആദിനിവാസികളിൽ നീഗ്രിറ്റോവംശത്തിന്റെ ജനുസ്സ് ഉൾപ്പെട്ടിരിക്കുന്നതായി നിരീക്ഷകന്മാർ സംശയിച്ചിട്ടുണ്ടെങ്കിലും വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടില്ല.
ചുരുൾ പോലെ ചുരുണ്ട തലമുടി തിരുവിതാംകൂറിലെ കാണിക്കാർ, മലപ്പണ്ടാരം, മലവേടർ, വിഷവർ എന്നിവരിലെല്ലാം കണ്ടുവരുന്നു. കറുത്ത തൊലിയും ചുരുണ്ട മുടിയും പരന്ന മൂക്കുമുളള മലബാറിലെ പണിയർ നീഗ്രോയ്ഡ് വംശജരായിരിക്കാം. വില്ല് നീഗ്രിറ്റോവിന്റെ കണ്ടുപിടുത്തമാണ്. ഊരാളിമുതുവാൻ, വിഷവർ, കാണിക്കാർ ഇവരെല്ലാം വില്ല് ഉപയോഗിക്കുന്നുണ്ട്.
ചേരരാജ്യത്ത് താമസിച്ചിരുന്ന ജനങ്ങളിൽ നീഗ്രിറ്റോ മീൻ പിടുത്തക്കാരുടെയും ആസ്ട്രൻ വില്ലാളികളുടെയും ദ്രാവിഡരുടെയും സങ്കരവർഗങ്ങളുണ്ടായിരുന്നതായി ആർ. ഡി. ബാനർജി പ്രസ്താവിക്കുമ്പോൾ, ഹട്ടൻ പറയുന്നത്, കാടന്മാരിലും, ഊരാളികളിലും ചുരുണ്ട് പിരിഞ്ഞ തലമുടിയും ഉയരം കുറഞ്ഞ ദേഹ പ്രകൃതിയും നീഗ്രിറ്റോവംശത്തിന്റെ അവശിഷ്ടങ്ങളാണെന്നാണ്. ആധുനിക നരവംശശാസ്ത്രജ്ഞന്മാർ ഇത് നിഷേധിക്കുന്നു.
കേരളത്തിലെ ഗിരിവർഗക്കാർക്ക് വട്ട മുഖവും, തരംഗകേശവും വികസിച്ച പുരികഭാഗങ്ങളും അൽപ്പം തടിച്ചു പരന്ന ഉയരം കുറഞ്ഞ ശരീരവും കറുത്ത നിറവുമാണ്. പതിഞ്ഞതാടി അവരുടെ പ്രത്യേകതയാണ്.
