ഓർമ്മയെ ദേശമാക്കുന്ന സാഹിത്യം:

‘മറതി’യിലെ ചരിത്രനിർമ്മിതിയും വിസ്മൃതരുടെ ദേശഭാവനയും.

ചരിത്രം എന്നത് കേവലം കഴിഞ്ഞുപോയ സംഭവങ്ങളുടെ ഒരു പട്ടികയല്ല; മറിച്ച് എന്തെല്ലാം ഓർമ്മിക്കപ്പെടണം, ആരെല്ലാം ആദരിക്കപ്പെടണം എന്ന് അധികാരം തീരുമാനിക്കുന്ന ഒരു രാഷ്ട്രീയ പ്രക്രിയയാണ്.

പി. സുരേഷിന്റെ ‘മറതി’എന്ന നോവൽ ഈ ഔദ്യോഗിക ചരിത്രനിർമ്മിതിയെ ചോദ്യം ചെയ്യുകയും, ബോധപൂർവ്വം വിസ്മൃതിയിലേക്ക് തള്ളപ്പെട്ട മനുഷ്യരെയും ദേശങ്ങളെയും ഭാവനയുടെ വെളിച്ചത്തിലേക്ക് കൊണ്ടുവരികയും ചെയ്യുന്നു. നോവലിനെക്കുറിച്ചുള്ള സങ്കല്പങ്ങളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളാണ് ഓരോ കാലത്തും പ്രദേശത്തെ അടയാളപ്പെടുത്തുന്നത്; ആഖ്യാനത്തിലും പശ്ചാത്തലത്തിലും എല്ലാം മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് പല കാലങ്ങളിലും അത് മാറ്റത്തിന് വിധേയമായി കൊണ്ടിരിക്കുന്നു. സ്ഥലം, പ്രദേശം എന്നിവയെക്കുറിച്ചുള്ള സങ്കല്പങ്ങൾ ഉത്തരാധുനികതയിൽ പുതിയ ആശയങ്ങളാണ് പങ്കുവയ്ക്കുന്നത്. സ്ഥലത്തെ ദേശ-പ്രദേശങ്ങളായി സങ്കല്പിക്കുന്നിടത്ത് നോവലിലെ സ്ഥലം യുക്തികേന്ദ്രീകൃതമായ ചില ഇടപെടലുകൾ നടത്തുന്നു. ഇവിടെ ദേശം എന്നത് ഒരു രാഷ്ട്രീയ ഭൂപടമല്ല, മറിച്ച് ഔദ്യോഗിക ചരിത്രരേഖകൾക്ക് പുറത്തുള്ള ഒരു ജനതയുടെ സ്വാതന്ത്ര്യദാഹത്തെയും സ്വത്വപ്രതിസന്ധിയെയും ഉൾക്കൊള്ളുന്ന സജീവമായ ഒരിടമാണ്.

ഭാവന ഈ കൃതിയിൽ അസത്യത്തിന്റെ ലോകമല്ല, മറിച്ച് മറവിയിൽ മുങ്ങിപ്പോയ സത്യങ്ങളെ വീണ്ടെടുക്കാനുള്ള സമരസങ്കേതമായി മാറുന്നു.
നോവലിലെ ദേശഭാവനയുടെ കേന്ദ്രബിന്ദു തെയ്യോൻ എന്ന ദളിത് സ്വാതന്ത്ര്യസമരസേനാനിയാണ്. ഉള്ളിച്ചേരിയുടെ നാട്ടുവഴികളിൽ ഒരു ‘അരക്കിറുക്കൻ’ ആയി മുദ്രകുത്തപ്പെട്ട തെയ്യോൻ, യഥാർത്ഥത്തിൽ ചരിത്രബോധമുള്ള ഒരു രാഷ്ട്രീയ മനുഷ്യനായിരുന്നുവെന്ന് നോവൽ സ്ഥാപിക്കുന്നു. ഗോപാലൻ എന്ന ദളിത് വിദ്യാർത്ഥിയുടെ പേര് അധ്യാപകൻ ഇടപെട്ട് ‘തെയ്യോൻ’ എന്നാക്കി മാറ്റുന്നത് കേവലമൊരു പേരുമാറ്റമല്ല, മറിച്ച് ദളിത് സ്വത്വത്തിന് മേലുള്ള സവർണ്ണ അധികാരത്തിന്റെ മുദ്രകുത്തലാണ്. സ്‌കൂളിൽ നിന്നും പൊതുഇടങ്ങളിൽ നിന്നും ആട്ടിയകറ്റപ്പെട്ടിട്ടും, ദേശത്തിന്റെ സ്വാതന്ത്ര്യത്തിനായി ഗാന്ധിത്തൊപ്പിയണിഞ്ഞ് പതാകയേന്തി നടന്ന തെയ്യോന്റെ ജീവിതം പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ഇരട്ട അടിമത്തത്തെ തുറന്നുകാണിക്കുന്നു. ബ്രിട്ടന്റെയും സവർണ്ണരുടെയും എന്ന ഇരട്ട അടിമത്തത്തോട് ഒരേസമയം പോരാടേണ്ടി വന്ന ഒരു ജനതയുടെ വേദന തെയ്യോനിലൂടെയും മറ്റ് കഥാപാത്രങ്ങളിലൂടെയും നോവലിസ്റ്റ് ആവിഷ്‌കരിക്കുമ്പോൾ, ദേശം എന്നത് ജാതിരഹിതവും നീതിപൂർവ്വവുമായ ഒരു സ്വപ്നമായി മാറുകയാണ്. നോവൽ ഭൗതിക ഇടത്തെ സങ്കല്പനപരമായ ഇടമാക്കി മാറ്റി, തെയ്യോനെ മഹാമനുഷ്യനാക്കി സ്ഥാപിക്കുന്നു.അയാളുടെ പേരും സ്ഥലങ്ങളും സസ്യലതകളും പോലുള്ള സൂക്ഷ്മതകൾ വഴി ദേശത്തിന്റെ ആത്മാവിനെ പുനഃസൃഷ്ടിക്കുന്നു.

ഉള്ളിച്ചേരി എന്ന പ്രദേശം കേവലമൊരു പശ്ചാത്തലമല്ല, മറിച്ച് ഓർമ്മകളുടെ ഒരു സജീവ ഭൂമിശാസ്ത്രമാണ്. മാതാംതോട് പൊളിക്കുന്നതും അംശക്കച്ചേരികൾ കത്തിക്കുന്നതും ആതശ്ശേരി ക്ഷേത്രപ്രവേശന സമരവും കൈതോല സമരവുമെല്ലാം ദേശീയ സമരത്തിന്റെ ഏറ്റവും താഴത്തെ പാളികളായി ഇവിടെ പുനഃസൃഷ്ടിക്കപ്പെടുന്നു. തെയ്യോൻ, മൂസാനെഹ്‌റു, രാമൻ നായർ തുടങ്ങിയ കഥാപാത്രങ്ങൾ ഇത്തരം സമരങ്ങളെ അവരുടെ ദാമ്പത്യങ്ങളും പ്രണയങ്ങളും മരണങ്ങളുമായി ഇഴചേർത്ത് ജീവസ്സുറ്റതാക്കുന്നു. ഗാന്ധിജിയെ നേരിട്ട് തൊട്ട ദാമോദരൻ മാസ്റ്ററുടെ അനുഭവങ്ങൾ പോലുള്ള സൂക്ഷ്മചലനങ്ങൾ വലിയ ദേശീയ മിത്തുകളെ ചോദ്യം ചെയ്യുകയും, ദേശഭാവനയെ ദളിത്-സ്ത്രീ-ഗ്രാമീണ വീക്ഷണകോണിലൂടെ പുനർവായിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ബ്രിട്ടീഷ് പാലം പൊളിക്കുന്ന സമരസേനാനികൾ അതേ സമയം തന്നെ ഒരു സാധാരണ കാളവണ്ടിക്കാരന് വേണ്ടി ഒരു പുതിയ പാലം പണിയുന്നതിലൂടെ, സ്വാതന്ത്ര്യം എന്നത് ആധുനികതയ്ക്ക് എതിരല്ല മറിച്ച് അധീനതയ്ക്ക് എതിരാണെന്ന വലിയ നൈതികതയാണ് വെളിപ്പെടുന്നത്. ദേശഭാവനയുടെ ഈ പുനർനിർമാണം കുറുമ്പ്രനാടിന്റെ സാമ്പത്തിക-സാംസ്‌കാരിക ചരിത്രത്തോട് ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു. ഉള്ളിച്ചേരി, കോരപ്പുഴയ്ക്കും കുറ്റ്യാടിപ്പുഴയ്ക്കും ഇടയിലെ ചെറു നാട്ടുരാജ്യത്തിന്റെ അവശേഷിപ്പാണ്.ഹൈദരാലി-ടിപ്പു കാലത്ത് സ്വതന്ത്രമായിരുന്ന, പിന്നീട് മദ്രാസ് സ്റ്റേറ്റിന്റെ ഭാഗമായി ഏകീകൃതമായ പ്രദേശം. റയത്തുവാരി സംവിധാനത്തിന്റെയും വാണിജ്യ-സാംസ്‌കാരിക ബന്ധങ്ങളുടെയും വേരുകൾ മധ്യകാലത്തിലേക്ക് നീളുന്നു.
സ്ഥലകാല ചിത്രീകരണത്തിലും ദേശസംസ്‌കാരത്തിന്റെ വെളിപ്പെടുത്തലിലും നോവലിസ്റ്റ് തന്റേതായ ചില വീക്ഷണഗതികളെ ആവിഷ്‌കരിക്കാൻ ശ്രമിക്കുന്നു.

നോവലിലെ ദേശം സവിശേഷനിർമ്മിതിയാണ്. ‘മറതി’യിലെ പ്രാദേശികചരിത്രം, ചരിത്രനിർമ്മിതി, ആഖ്യാനം, പ്രദേശം, പുരാവൃത്തം, സ്ഥലം, പ്രാദേശികത എന്നിവയെല്ലാം ഒരു ഭരണവ്യവസ്ഥ എന്നതിനപ്പുറം സാംസ്‌കാരികമോ ആചാരബദ്ധമോ പുതിയ വിവക്ഷയിൽ അവഗണിതമോ ആയ അസ്തിത്വമാണ് ഓരോ പ്രദേശത്തിനുമുള്ളത്. പ്രദേശം എന്ന പരികല്പനയെ രാഷ്ട്രീയ അതിർത്തിയുടെ അതിരുകൾക്കുള്ളിൽ തളച്ചിടാനാവില്ല. ദേശീയതയ്ക്കുള്ളിൽ നിൽക്കുന്നതും അതിന്റെ പൂരകമായതുമായ ഉപദേശീയതയായി പ്രാദേശികതയെ കരുതാം. ഭാഷ, മതം, സമുദായം, വർഗ്ഗം തുടങ്ങി നിരവധി മുഖ്യധാരകൾ അതിനെ രൂപപ്പെടുത്തുന്നു. പ്രദേശം, പ്രാദേശികത എന്നീ പദങ്ങൾ ഏതെങ്കിലും ഒരു സ്ഥലത്തേക്കാളധികം സാംസ്‌കാരികധാരയുമായാണ് കൂടുതൽ ബന്ധപ്പെടുന്നത്. ചരിത്രപാഠങ്ങൾ മിക്കപ്പോഴും മുകളിൽ നിന്ന് രൂപപ്പെടുന്നവയും സാമൂഹികവ്യവസ്ഥയിൽ പൊന്തി നിൽക്കുന്നവയെ മാത്രം പരിഗണിക്കുന്നവയും ഏകപക്ഷീയവുമാണ്. സൂക്ഷ്മചരിത്രം, പ്രാദേശികചരിത്രം, നിമ്‌നതയിൽ നിന്നുള്ള ചരിത്രവായന തുടങ്ങിയവയ്‌ക്കൊക്കെ ഇന്ന് വലിയ പ്രാധാന്യമുണ്ട്. നിരന്തരം മാറ്റങ്ങൾ സംഭവിക്കുകയും ഘടനാപരമായ പുനസ്സംഘാടനത്തിന് വിധേയമാവുകയും ചുറ്റുപാടുകളെ പരിവർത്തനത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്ന സാമൂഹിക സ്ഥാനം എന്ന നിലയിൽ പ്രദേശത്തെ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. ഓരോ പ്രദേശത്തെയും മറ്റൊന്നിൽ നിന്ന് വേർതിരിക്കുന്നത് ഭൂതകാല അനുഭവങ്ങളുടെ വ്യത്യാസമാണ്. ഭൂതകാലത്തെക്കുറിച്ചുള്ള ഓർമ്മകളും അവബോധവും ഓരോ സമൂഹത്തിനും വ്യത്യസ്തമായിരിക്കും. ഐതിഹ്യങ്ങൾ, പാട്ടുകൾ, പുരാവൃത്തങ്ങൾ, ദേശം ചരിത്രത്തിൽ ഇടപെട്ടതിന്റെയും, ഇടപെടലുകളെ അവഗമിക്കുകയോ, പൂഴ്ത്തിക്കളയുകയോ ചെയ്ത സംഭവങ്ങൾ, ആചാരാനുഷ്ഠാനങ്ങൾ തുടങ്ങിയ സകല സാംസ്‌കാരിക വഴക്കങ്ങളിലും പ്രതിഫലിക്കുന്ന ലോകബോധം സമൂഹത്തെയും അതിന്റെ സൂക്ഷ്മതയിൽ നോക്കിക്കാണാവുന്ന സമീപനം മുഖ്യധാരാ ചരിത്രം വിട്ടുകളഞ്ഞ ഇടങ്ങളെ പൂരിപ്പിക്കുന്നു.
സാഹിത്യവും ചരിത്രവും തമ്മിലെ അഭേദ്യമായ ബന്ധം ഈ നോവലിൽ വ്യക്തമാകുന്നു. ചരിത്രത്തിന്റെ പാഠപരതയും പാഠത്തിന്റെ ചരിത്രപരതയും തിരിച്ചറിയപ്പെട്ടതോടെ, സാമ്പ്രദായിക വീക്ഷണഗതികൾ അപ്രത്യക്ഷമായി. ചരിത്രം നടന്ന സംഭവങ്ങളെ ഭൂതകാലത്ത് നിന്ന് വീണ്ടെടുക്കുമ്പോൾ, സാഹിത്യം നടന്നതോ നടക്കാനിടയുള്ളതോ ആയ സംഭവങ്ങളെ ഭാവനാത്മകമായി പുനഃസൃഷ്ടിക്കുന്നു. വർത്തമാനകാലത്തുനിന്നും ചരിത്രകാരൻ തനിക്ക് ലഭിച്ച ഡാറ്റസ് യുക്തിഭദ്രമായി ശ്രേണികരിക്കുമ്പോൾ, സാഹിത്യകാരൻ ലഭ്യമായ ദത്തങ്ങൾക്കൊപ്പം ഓർമ്മയെയും ഭാവനയെയും ഇടകലർത്തുന്നു.

രൂപസംവിധാനത്തിലും ആഖ്യാനഘടനയിലും ചരിത്രത്തോട് ഏറ്റവും സമീപസ്ഥമായ സാഹിത്യരൂപമാണ് നോവൽ; അവ എഴുതപ്പെട്ട ചരിത്രത്തിന് അനുബന്ധങ്ങളും പാഠഭേദങ്ങളും ചമയ്ക്കുന്നു. മുഖ്യധാരാചരിത്രം അവശേഷിപ്പിച്ച വിടവുകളെ അവ ഭാവനാത്മകമായി പൂരിപ്പിക്കുകയാണ് പി. സുരേഷ് ‘മറതി’യിലൂടെ ചെയ്യുന്നത്. അതുകൊണ്ടുതന്നെ അവ ഒരു ജനസമൂഹത്തിന്റെ ഓർമ്മകളുടെയും ഭാവനയുടെയും പ്രതീക്ഷകളുടെയും ചരിത്രമാണ്.
ഒരുദീർഘദൂരഓട്ടം പോലെ പതുക്കെ മുന്നേറുകയും വീണുയരുകയും ചെയ്യുന്ന നോവൽ ആഖ്യാനം തന്നെ ഈ ദേശഭാവനയുടെ ഭാഗമാണ്.

കുഞ്ഞിരാമനെപ്പോലുള്ള നിരപരാധികളെയും ബെല്ലാരി ജയിലിന്റെ ചുട്ടുപഴുത്ത പാറകളെയും ചിട്ടയോടെ പണിതെടുക്കുമ്പോൾ നോവലിസ്റ്റ് തന്റെ ആഖ്യാനത്തിന്റെ കരുത്ത് തെളിയിക്കുന്നു. നാട്ടുഭാഷയുടെ തനിമയും കാവ്യാത്മകമായ ബിംബങ്ങളും ചേർന്ന് നിൽക്കുന്ന ഉള്ളിച്ചേരിയുടെ ഈ ചരിത്രം കല്ലുകളിൽ തട്ടി ചിതറുന്ന വെള്ളത്തിന്റെ ശബ്ദം പോലെ വായനക്കാരന്റെ ഉള്ളിലേക്ക് ആഴത്തിൽ ഇറങ്ങുന്നു. വലിയ ആഖ്യാനങ്ങൾക്ക് പകരം ചെറിയ ഓർമ്മകളുടെ മഹത്വത്തെ ഉയർത്തിപ്പിടിക്കുന്നതിലൂടെ ഭാവനയുടെ പുതിയ അതിരുകൾ നോവൽ വിപുലീകരിക്കുന്നു. നവ ഫാസിസം സമസ്ത ഈടുവയ്പ്പുകളെയും ആക്രമിക്കുകയും ‘തനത്’ എന്ന പദത്തിന്റെപോലും അർത്ഥത്തെ ഇല്ലാതാക്കുകയും ചെയ്യുന്ന അവസ്ഥയിലാണ്. പ്രാദേശികതയുടെ തിരിച്ചുവരവിൽ സൂക്ഷ്മമായ ഒരു രാഷ്ട്രീയബോധം പ്രവർത്തിക്കുന്നുണ്ട്. നോവലുകളിലെ പ്രദേശം കേവലം സ്ഥലം വിവരണങ്ങളിൽ മാത്രം ഒതുങ്ങാതെ പുതിയ അതിജീവനരാഷ്ട്രീയത്തെ കൂടി ഉൾക്കൊള്ളുന്നുണ്ട്. ആധികാരികചരിത്രങ്ങളെ ഉടച്ചുവാർത്തും അഴിച്ചുപണിതും നിർമ്മിക്കുന്ന സമാന്തര ജനകീയ ചരിത്രങ്ങളായി മാറുന്നതാണീ രചന.

പരാജിതരുടെയും പുറമ്പോക്കുകളുടെയും ചരിത്രം താഴെനിന്ന് എഴുതുന്നതിന്റെ രാഷ്ട്രീയമാണ്; മുഖ്യധാരാചരിത്രങ്ങൾ തമസ്‌കരിച്ച പാർശ്വധാരകളുടെയും കീഴാളരുടെയും ചരിത്രമാണ് മറതി ചർച്ച ചെയ്യുന്നത്. ചരിത്രത്തിൽ നിശബ്ദരാക്കപ്പെട്ടവരും നിർവീര്യരാക്കപ്പെട്ടവരും ചില കൃതികളിൽ ഉയർന്നുവരുന്നു.
സ്വാതന്ത്ര്യാനന്തര കാലത്തിന്റെ ഏകാന്തതയിൽ ഗാന്ധിജി ആരോരും തിരിഞ്ഞുനോക്കാതെ വടിയൂന്നി മൈതാനത്ത് നടന്നതുപോലെ, ആരാരും നോക്കാതെ തെയ്യോൻ സ്വന്തം നാട്ടിൽ ഒരു മേഘം കണക്കെ നടന്നുനീങ്ങുന്നു. ചരിത്രത്തിന്റെ പെരുവഴിയിൽ വിസ്മരിക്കപ്പെട്ട ഈ നടത്തം പരാജയത്തിന്റേതല്ല, മറിച്ച് നിശബ്ദമായ ഒരു മഹാസമരത്തിന്റെ തുടർച്ചയാണ്. ‘മറതി’ എന്നാൽ മറവിയാണെങ്കിലും, ഈ നോവൽ യഥാർത്ഥത്തിൽ നിർവ്വഹിക്കുന്നത് മറവിക്കെതിരായ ഓർമയുടെ പ്രവർത്തനമാണ്. മരിച്ചവരുടെ വെളിച്ചത്തിലാണ് നമ്മൾ ജീവിക്കുന്നത് എന്ന തിരിച്ചറിവ് വായനക്കാരിലുണ്ടാക്കുന്നതിലൂടെ പി. സുരേഷ് ചരിത്രത്തെ വീണ്ടും എഴുതുകയല്ല, മറിച്ച് ചരിത്രം ആരുടേതാണെന്ന രാഷ്ട്രീയ ചോദ്യം ഉയർത്തുകയാണ് ചെയ്യുന്നത്. ചരിത്രം ചെറുതു കൂടിയാണെന്ന് തെളിയിക്കുന്ന ഈ നോവൽ, ദേശഭാവനയെ വിസ്മൃതിയുടെ വിളക്കുമടിയിൽ നിന്ന് പുനർജനിപ്പിക്കുന്നുo

Share this:

Recently added