ലോക സിനിമ: സംവിധാനകലയുടെ പെൺവിസ്മയങ്ങൾ

സർഗാത്മകതയുടെ സ്‌ത്രൈണ സഞ്ചാരങ്ങൾ

ലോകസിനിമയിൽ സ്വന്തം മേൽവിലാസം സവിശേഷമായ മികവോടെ പതിച്ചിട്ട വിസ്മയ വനിതകൾ ആരൊക്കെ എന്ന കുതൂ ഹലമാണ് സംവിധായികമാരുടെ വിലാസവും മേലങ്കിയുമണിഞ്ഞു പ്രവർത്തിക്കുന്ന പ്രതിഭകളിലേക്കും അവരുടെ കലാ ജീവിതത്തിലേക്കുമുള്ള അന്വേഷണത്തിലേക്ക് എന്നെ നയിച്ചത്. ഈ അന്വേഷണത്തിന് വർഷങ്ങളുടെ കാലപ്പഴക്കം അവകാശപ്പെടാമെങ്കിലും ഇതിൽനിന്ന് ഉരുത്തിരിയുന്ന കണ്ടെത്തലുകൾ സിനിമയിൽ അഭിരമിക്കുന്ന സഹൃദയരുടെ മുന്നിലേക്ക് ഒരു പുസ്തകത്തിന്റെ രൂപത്തിൽ വകയിരുത്താമെന്ന് നിശ്ചയിച്ചുറപ്പിക്കുന്നത് ഏതാണ്ട് ഒരു വർഷത്തിനു മുൻപാണ്
വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നതുപോലെയല്ല മൂവീ ക്യാമറക്കുപിന്നിൽ ജീവിക്കുന്നത് എന്ന വാസ്തവം സിനിമയെ ഗൗരവമായി സമീപിക്കുന്നവരേവരും അംഗീകരിക്കുന്ന കാര്യമാണ്.. അഭിനയം പോലല്ല സിനിമ നിർമ്മിക്കുന്ന പ്രക്രിയ. പ്രതിഭാമികവും സംഘാടനശേഷിയും ആത്മാർപ്പണവും ഒരുമിക്കുമ്പോഴാണ് ചലച്ചിത്രനിർമ്മിതിയുടെ ഫലപ്രാപ്തിയിൽ ജീവൻ സ്പന്ദിക്കുന്നത്. ആ പ്രക്രിയയിൽ ഏർപ്പെടുന്നവരാണ് സിനിമ എന്ന വിസ്മയകരമായ കലാരൂപത്തെ ജൈവരൂപ സാമ്യതയോടെ മനുഷ്യ നേത്രങ്ങൾക്കുന്നിൽ സമർപ്പിക്കുന്നത്. ഈസമർപ്പണമാണ് സംവിധായകന്റെ ദൗത്യം.

മൂവീ ക്യാമറക്ക് പിന്നിൽ പ്രവർത്തിച്ചവരിൽ പലരും പിന്നീട് ക്യാമറയുടെ പിന്നിലേക്ക് നീങ്ങി. അഭിനയം നൽകിയ അനുഭവസമ്പത്തിന്റെ സഹായത്തോടെ സംവിധാന രംഗത്തെത്തിയ അനേകം വനിതകളുണ്ട്. സോഫിയ കപ്പോള, ആഞ്ചേല ഹൂസ്റ്റൻ, മാർഗ്ഗരിത വോൺ ട്രോട്ട ഐഡ ലുപിനോ എന്നീ പെൺ പ്രതിഭകൾ അഭിനയം പിന്നിട്ടാണ് സംവിധായികമാരുടെ ശ്രീണിയിലേക്ക് എത്തിച്ചേരുന്നത്.നിശ്ശബ്ദ സിനിമയുടെ കാലഘട്ടത്തിൽ നിന്ന് ശബ്ദസിനിമയിലേക്കും വർണ്ണ ചിത്രങ്ങളിലേക്കും ഡിജിറ്റൽ സാങ്കേതികതയിലേക്കും സംവിധാന കല സഞ്ചരിക്കുമ്പോൾ അതിനൊപ്പം സംവിധായികമാരും സഞ്ചരിച്ചു. ഡോറോത്തി അഴ്‌സണർ, ഐഡ ലുപിനോ, ലെനി റിഫൻസ്റ്റാൾ എന്നിവർ നിശ്ശബ്ദമായ കറുപ്പും വെളുപ്പും മാത്രമുള്ള കാലത്താണ് ക്ലേശകരമായ സംവിധാനപ്രക്രിയ നിർവഹിച്ചത്. കിര മുറത്തോവ, മായ ദേരൻ എന്നിവർ സറിയലിസം എക്‌സ്പ്രക്ഷനിസം എന്നീ പ്രസ്ഥാനങ്ങളെ പരിമിതമായ സാങ്കേതിക സാധ്യതകളിൽ നിന്നുകൊണ്ടുതന്നെ സിനിമയിൽ അവതരിപ്പിച്ചു.കാലഘട്ടം സാങ്കേതിക വിദ്യയിൽ വരുത്തിയ സൗകര്യങ്ങൾക്കൊപ്പം വനിത സംവിധായകരും സഞ്ചരിച്ചു. ചിത്രകലയിലും സാഹിത്യത്തിലും സംഭവിച്ചതുപോലെ പുതിയ പ്രസ്ഥാനങ്ങൾക്കൊപ്പം സിനിമയും സഞ്ചരിച്ചപ്പോൾ സംവിധായികമാർ അതിനൊപ്പം അവരുടെ മികവും പ്രതിഭയും തെളിയിച്ചു.ഗിലിയൻ അംസ്‌ട്രോങ്ങ്, ജെ,യിൻ കമ്പ്യൻ, ലിന വേർത് മുള്ളർ, എന്നിവർ ഇമ്പ്രഷണിസ്റ്റ്, എക്‌സ്പ്രഷണിസ്റ്റ് പ്രസ്ഥാനങ്ങളുടെ സഹയാത്രികരായി. മിര നായരും സോഫിയ കോപ്പോളയും , നവീകൃതമായ ചലച്ചിത്ര ഭാഷ കണ്ടെത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ആമി ഹെക്കർലിങ്ങ്, ക്ലാര ലോ, മരിയ നോവറോ എന്നിവർ ചലച്ചിത്ര നിർമ്മിതിയുടെ പുതിയ തുരുത്തുകളെ അവതരിപ്പിച്ചു.ലോക സിനിമയിൽ അസാമാന്യമായ കൗതുകം പുലർത്തുന്ന മലയാളിക്ക് മുന്നിൽ സിനിമയുടെ ചരിത്രത്തിലെ മികവുറ്റ ഒരു സംഘം സംവിധായികമാരെ അവതരിപ്പിക്കുകയാണ് അത്ര വിസ്തൃതമല്ലാത്ത ഈ പുസ്തകത്തിന്റെ ദൗത്യം. സിനിമാ പഠനമെന്നോ വൈജ്ഞാനികമെന്നോ ഈ വിഷയത്തെ വായനക്കാരന്റെ ബോധ്യമനുസരിച്ച് നിരീക്ഷിക്കാം. ലോക സിനിമയിൽ പ്രതിഭകൊണ്ട് മുദ്രപതിച്ച പതിനെട്ടു സംവിധായികമാരുടെ ചലച്ചിത്രകലയും ജീവിതവുമാണ്
ഇവിടെ വിസ്തരിക്കപ്പെടുന്നത്

നിശ്ശബ്ദ സിനിമയിൽ തുടങ്ങി ശബ്ദസിനിമയിലേക്കും സിനിമയുടെ വർണ്ണഭാഷയിലേക്കും ആധുനികതയുടെ വിവിധ സംവേദനക്രമങ്ങളിലേക്കും സഞ്ചരിക്കുന്ന ഈ ഗൗരവപ്പെട്ട കലാരൂപത്തിന്റെ പുരോഗതിക്കൊപ്പം ഗമിക്കുന്ന സംവിധായികമാരുടെ ചലച്ചിത്ര സംഭാവനകളെ ആദരപൂർവ്വം അവലോകനം ചെയ്യുകയാണ് തുടർന്നു വരുന്ന പോസ്റ്റുകളിൽ

Share this:

Recently added