ദൈവത്തിന്റെ വരദാനം കിട്ടിയ ഗ്രാമീണരാണ് ചെറുവാടിക്കാർ. ചാലിയാർ, ഇരുവഴിഞ്ഞിപുഴകളും കൂളിമാട് പുഴസംഗമവും ആണ് നമ്മുടെ മഹാഭാഗ്യങ്ങൾ. പുഴകൊണ്ട് അനുഗ്രഹിക്കപ്പെട്ടിടത്തെല്ലാം അവരുടെ ഇന്നലെകളും ചരിത്രങ്ങളും പുഴയോരത്ത് തളംകെട്ടിനിൽക്കുന്നതായി കാണാം.
ചെറുവാടിക്കടവും ഇടഴിക്കടവും നമ്മുടെ ഗ്രാമത്തിന്റെ തുടിപ്പുകളായിരുന്നു. ആഴ്ചയിൽ ഒരിക്കൽ നമ്മുടെ ഉൽപ്പന്നങ്ങൾ കോഴിക്കോട്ടേക്കും നമുക്കാവശ്യമായ ഉപ്പു മുതൽ അരി വരെ ഇങ്ങോട്ടും തോണികൾ വഴി വന്ന ഒരു കാലമായിരുന്നു അത്. കടവുകളിൽ ചായ കച്ചവടവും ആൾക്കൂട്ടവുമുണ്ടായിരുന്നു അന്ന്.
ചാലിയാർ പുഴയിൽ നിരവധി മണൽപ്പുറങ്ങൾ ഉണ്ടായിരുന്നു. അരീക്കോട് മുറിഞ്ഞമാട്, ചെറുവാടി, കൊന്നാര് തുടങ്ങിയവ ആയതിൽ പ്രസിദ്ധങ്ങളായിരുന്നു. ഓരോ കാലവർഷത്തിലും പുഴയിലും പുഴയോരത്തും മണൽപ്പുറത്തും രൂപഭേതങ്ങൾ വരുമായിരുന്ന മണൽപ്പുറങ്ങളിൽ മഹാസമ്മേളനങ്ങൾ, മതപ്രഭാഷണങ്ങൾ, വാദപ്രതിവാദങ്ങൾ, കലാപരിപാടികൾ തുടങ്ങിയവയെല്ലാം സാധാരണമായിരുന്നു. പുഴമാടിനോടനുബന്ധിച്ച് വേനൽകാല പച്ചക്കറി കൃഷി ഒരു പതിവായിരുന്നു. ഓരോരുത്തരുടെ പറമ്പുകളോടു ചേർന്നു നിൽക്കുന്ന പുറമ്പോക്ക് സ്ഥലങ്ങളിൽ ഭൂമിഉടമകൾ പച്ചക്കറി ഉണ്ടാക്കും. ഇങ്ങനെ ഉണ്ടാക്കുന്ന പച്ചക്കറികൾ വിൽക്കുന്നതോടൊപ്പം സമ്മാനമായി കുടുംബക്കാർക്കും സുഹൃത്തുക്കൾക്കും കൊടുക്കുന്നത് ഒരു നാട്ടു ചടങ്ങായിരുന്നു. പുഴമാട്ടിലെ തണ്ണിമത്തനും വെള്ളരിയും മോഷ്ടിച്ചുതിന്നുന്നത് അന്നത്തെ ചെറുപ്പക്കാരുടെ ഒരു “ഹലാലായ” വിനോദമായിരുന്നു.
ചുള്ളിക്കാപറമ്പിൽ നിന്നും ഇരുവഴിഞ്ഞിപുഴയിലേക്ക് ചെന്നെത്താൻ ഒരു ഇടവഴിയായിരുന്നു ഉണ്ടായിരുന്നത്. ഇരുകരയും മുളമുള്ളുകൊണ്ട് വേലികിട്ടിയ ഇടവഴി. മുക്കത്തെ ചില മുതലാളിമാർ കിഴക്കേമലയിൽ എടുത്ത കൂപ്പിൽ നിന്നും മരം ഇരുവഴിഞ്ഞിയിലേക്ക് ഇറക്കുവാനായി ഇടവഴി നാലുമീറ്റർ റോഡാക്കി മാറ്റുകയായിരുന്നു. അങ്ങനെ ഇടവഴിക്കടവ് റോഡ് ഉണ്ടായി. ഇടവഴിക്കടവിൽ പാലം നിർമിച്ചപ്പോൾ ഇടവഴിക്കടവ് പാലവും ഉണ്ടായി.
1952 ൽ ആണ് ചെറുവാടിയിൽ ആദ്യമായി കാറ് വന്നത്. ചെറുവാടി പുഴമാട്ടിൽ നടന്ന മുസ്ലിംലീഗ് മഹാസമ്മേളനത്തിൽ പങ്കെടുക്കാൻ വന്ന സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങളുടെ അംബാസഡർ കാറായിരുന്നു അത്.
ഇരുവഴിഞ്ഞിപ്പുഴയിലെ തെയ്യത്തുംകടവ് മുറിച്ച് കടന്നായിരുന്നു അംബാസിഡറിന്റെ വരവ്. അന്ന് കൊടിയത്തൂർ ചെറുവാടി റോഡിന്റെ കുന്നുമ്മൽ ഭാഗം ഗതാഗതം പറ്റാത്ത കുത്തനെയുള്ള കയറ്റമായിരുന്നു.
എ.കെ. കട്ടയാട്ട്, വേക്കാട്ട് സാൽമിക്കോയ ഹാജി, പി.എ. മുഹമ്മദ് ഹാജി, കണ്ടങ്ങൽ ആലിക്കുട്ടി, സി.കെ. ബീരാൻകുട്ടി ഹാജി തുടങ്ങിയവരുടെ നേതൃത്വത്തിൽ മുസ്ലിംലീഗ് പ്രവർത്തകർ ദിവസങ്ങളോളം ശ്രമദാനം നടത്തിയാണ് റോഡ് ഗതാഗത യോഗ്യമാക്കിയത്. രാത്രിയിൽ പെട്രോമാക്സിന്റെ വെളിച്ചത്തിൽ ആയിരുന്നു ശ്രമദാനം. ചെറുവാടി പുഴമാടിന്റെ ചരിത്രത്തിൽ ഇതുവരെ നടന്ന ഏറ്റവും വലിയ മനുഷ്യസംഗമമായിരുന്നു പ്രസ്തുത സമ്മേളനം. മുൻ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയ സാഹിബും യോഗത്തിൽ ബാഫഖി തങ്ങളോടൊപ്പം ചെറുവാടിയിൽ വരികയും പ്രസംഗിക്കുകയും ചെയ്തു.
1958 ആണ് കൊടിയത്തൂർ ഗ്രാമപഞ്ചായത്തിന്റെ പിറവി. കൈപൊക്കി പഞ്ചായത്ത് എന്ന അറിയപ്പെട്ട പഞ്ചായത്ത്. അന്ന് ഓരോ വാർഡിലേയും ജനങ്ങൾ ഒരു ഹാളിൽ പ്രത്യേകം യോഗം ചേർന്ന് പഞ്ചായത്ത് മെംബർമാരെ തിരഞ്ഞെടുക്കും. കൈപൊക്കിയായിരുന്നു തിരഞ്ഞെടുപ്പ്. ശേഷം അംഗങ്ങൾ ചേർന്ന് പ്രസിഡന്റിനെയും തിരഞ്ഞെടുക്കും. കൊടിയത്തൂർ പഞ്ചായത്ത് പ്രഥമ ബോർഡിന്റെ പ്രസിഡന്റ് കെ.എം. മുഹമ്മദ് ഹാജിയാണ്.
ചുള്ളിക്കാപറമ്പ് അങ്ങാടിയിലെ കട്ടയാട്ട് അബ്ദുഹാജിയുടെ കെട്ടിടത്തിലായിരുന്നു (ഇപ്പോൾ കാഴ്ച സ്റ്റുഡിയോ കെട്ടിടം) ഔദ്യോഗിക ഓഫീസ്. ദൈനംദിന പ്രവർത്തനങ്ങൾ പ്രസിഡന്റിന്റെ വീട്ടിലെ ഓഫിസിൽവെച്ചായിരുന്നു നിർവഹിച്ചത്. പഞ്ചായത്ത് ജീവനക്കാരെ നിയമിക്കാനുള്ള അധികാരം ബോർഡിനായിരുന്നു. പ്രഥമ നിയമനം കിട്ടിയത് ഏതാനും മാസങ്ങൾക്ക് മുമ്പ് നമ്മോട് വിടപറഞ്ഞ കെ.ടി. കുഞ്ഞാലി എന്ന കുഞ്ഞാലി ഓഫീസർക്ക്. രണ്ടാമത്തെ നിയമനം കുന്നത്ത് മൊയ്തീൻ കാക്കക്കും മൂന്നാം നിയമനം കണിയാത്ത് കമ്മുണ്ണിക്കാക്കക്കും ആയിരുന്നു.
എട്ടംഗ പഞ്ചായത്ത് ബോർഡിൽ നാലുപേർ ചെറുവാടിക്കാരായിരുന്നു. കെ.എം. മുഹമ്മദ് ഹാജി, കട്ടയാട്ട് അബ്ദുഹാജി, പറയങ്ങാട്ട് മുഹമ്മദ് ഹാജി, ഉണ്ണിനാഗൻ എന്നിവരായിരുന്നു അവർ. 1962ൽ ഇന്ത്യയിൽ അശോക് മേത്ത കമ്മീഷൻ റിപോർട്ടിൻ്രറെ അടിസ്ഥാനത്തിൽ പഞ്ചായത്തുകൾ രൂപീകരിച്ചപ്പോൾ കൊടിയത്തൂർ പഞ്ചായത്ത് ഉണ്ടായി.
1962 ഓഫീസ് ചെറുവാടി അങ്ങാടിയിലെ പാറക്കൽ കോയാമുട്ടി ഹാജിയുടെ പീടികയിലേക്ക് മാറ്റിസ്ഥാപിച്ചു. പിൽക്കാലത്ത് പഞ്ചായത്ത് ഓഫിസ് കൊടിയത്തൂരിലേക്ക് മാറ്റപ്പെടുകയാണ് ഉണ്ടായത്. ഇത് സംബന്ധമായി ചെറുവാടിയിൽ വലിയ പ്രതിഷേധ സമരങ്ങൾ നടന്നു. കൊടിയത്തൂർ ആസ്ഥാനമായാണ് പഞ്ചായത്ത് രൂപീകരിച്ചത് എന്ന കേരള ഹൈക്കോടതി വിധി അവസാന തീരുമാനമായി.
1963 പഞ്ചായത്ത് രാജ് അടിസ്ഥാനത്തിൽ കൊടിയത്തൂർ പഞ്ചായത്തിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്. കെ.എം. മുഹമ്മദ് ഹാജിയും ചാലിക്കുളത്തിൽ ഹൈദറു സാഹിബും തമ്മിൽ ചെറുവാടി വാർഡിൽ വാശിയേറിയ മത്സരം നടന്നു. കെ.എം. ഹാജി ജയിച്ചു. ഇന്നത്തെ കാരശ്ശേരി, കൊടിയത്തൂർ പഞ്ചായത്തുകൾ ഉൾപ്പെട്ടതായിരുന്നു അന്നത്തെ കൊടിയത്തൂർ പഞ്ചായത്ത്.
ചെറുവാടി ചന്ത
പഴയകാലത്ത് മനുഷ്യരുടെ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുന്നതിൽ ആഴ്ചച്ചന്തകൾക്ക് വലിയ സ്ഥാനം ഉണ്ടായിരുന്നു. 1880 ന്റെ അവസാനത്തിൽ ആരംഭിച്ച ചെറുവാടി ചന്തക്ക് ചരിത്രത്തിൽ വലിയ സ്ഥാനമുണ്ട്. ചൊവ്വാഴ്ചയായിരുന്നു ചെറുവാടി ചന്ത. മുക്കം, അരീക്കോട്, ചാത്തമംഗലം തുടങ്ങിയ പരിസര പ്രദേശങ്ങളിലെല്ലാം ചന്തകൾ ഉണ്ടായിരുന്നു. ആഴ്ചയിൽ ഏഴുദിവസങ്ങളിൽ ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് സാധനങ്ങൾ കൊണ്ടുപോയി കച്ചവടക്കാർ ചന്തകൾ സജീവമാക്കി. വിൽക്കലും വാങ്ങലും എല്ലാം ചന്തയിൽ നടന്നു. ഉണക്കമീൻ, ചായപ്പൊടി, പുകയില, പലതരം മിഠായികൾ, മൺപാത്രങ്ങൾ തുടങ്ങി കന്നുകാലികൾ വരെ എല്ലാം ചന്തയിൽ നിറഞ്ഞുനിൽക്കും.
ചൊവ്വാഴ്ച കിലോമീറ്ററകളോളം നമ്മുടെ ചന്തയുടെ മൂളക്കശബ്ദം കേൾക്കാമായിരുന്നു. ചന്തകവാടത്തിൽ ഇരിക്കുന്ന കാഴ്ചയില്ലാത്ത ഇക്കാക്കക്കും മകനും, കോലുമിഠായി വിൽക്കുന്ന മീശക്കാരനും ചായപ്പൊടിയും പുകയിലയും മാത്രം വിൽക്കാനായി എത്തുന്ന കൊണ്ടോട്ടിക്കാരൻ പഴേരി കുഞ്ഞായിൻ കുട്ടി ഹാജിയും ഇന്നലത്തെപ്പോലെ ഓർമകളിൽ നിറഞ്ഞുനിൽക്കുന്നു. കട്ടയാട്ട് ചെകിട്ടുപുറത്ത് ഹൈദ്രോസ് എന്നവരായിരുന്നു ചെറുവാടി ചന്തയുടെ ഉടമ. ചരിത്ര പ്രസിദ്ധമായ ചെറുവാടി യുദ്ധം നയിച്ച് രക്തസാക്ഷിത്വം വരിച്ച കട്ടയാട്ട് ഉണ്ണിമോയിൻ കുട്ടി അധികാരിയുടെ സഹോദരൻ ആയിരുന്ന ഹൈദ്രോസ്. 1921ൽ മലബാർ ലഹളയെതുടർന്ന് പലരെയും അന്യായമായി പിടികൂടി നാടുകടത്തപ്പെട്ടവരിൽ ഹൈദർ സാഹിബും ഉൾപ്പെട്ടു.
വർഷങ്ങളോളം തമിഴ്നാട്ടിൽ ജയിലിൽ കട്ടയാട്ട് ഹൈദർസ് അടക്കപ്പെട്ടു. അദ്ദേഹം തിരിച്ചുവന്നപ്പോൾ വിശാലമായ സ്വത്തുക്കൾ സർക്കാർ കണ്ടുകെട്ടുകയും ബ്രിട്ടീഷ് അനുകൂലികൾക്ക് പതിച്ച് നൽകുകയും ചെയ്തിരുന്നു. ഇതിൽ ചെറുവാടി ചന്ത ഭൂമിയും ഉൾപ്പെടുന്നു.
