അത്തി എന്ന വിശിഷ്ട മരം

മൊറേസി സസ്യ കുടുംബത്തിൽ പെടുന്ന ഒരു വൃക്ഷമാണ് അത്തി. ഫൈക്കസ് കരിക്കലിൻ എന്നാണ് ശാസ്ത്രനാമം. അറബി ഭാഷയിൽ തീൻ എന്നാണ് പറയുക. ഈ പദത്തിന് അത്തിമരമെന്നും അത്തിപ്പഴമെന്നും അർഥം പറയാം. ദക്ഷിണ അറേബ്യയാണ് അത്തിയുടെ ജന്മദേശം. ഇറ്റലി, സ്‌പെയിൻ, തുർക്കി, അമേരിക്ക, ഗ്രീസ്, അൾജീരിയ, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളിലും അത്തി കൃഷി ചെയ്യുന്നുണ്ട്. ഏതു തരം കാലാവസ്ഥയെയും അതിജീവിക്കാൻ അത്തിക്ക് കരുത്തുണ്ട്. മിക്കവാറും ഏതുതരം മണ്ണിലും വളരുമെങ്കിലും ചുണ്ണാമ്പ് കലർന്ന മണ്ണാണ് അനുയോജ്യം.
ആൽ, അരയാൽ എന്നിവയുടെ ഗണത്തിൽപെടുന്ന മരമാണ് അത്തി. ഒറ്റത്തടിയായല്ല ബഹുശാഖകളായാണ് വളരുന്നത്. 10 മീറ്റർ വരെ ഉയരമുണ്ടാവും. കുറേകാലം നിലനിൽക്കുകയും ചെയ്യും. 800 കൊല്ലം പ്രായമുള്ള ഒരു അത്തിമരം ഇംഗ്ലണ്ടിൽ ഉണ്ടായിരുന്നു. തടി കാതലില്ലാത്തതാണ്. കമ്പുകൾ മുറിച്ചെടുത്ത് നടുകയാണ് പതിവ്. വർഷത്തിൽ രണ്ടു പ്രാവശ്യം ഫലം കായ്ക്കുന്നു.
പല തരത്തിലുള്ള അത്തികളുണ്ട്. നാലെണ്ണമാണ് പ്രധാനം. സാധാരണ അത്തി, സ്മിർണ അത്തി, കാപ്രി അത്തി, സാൻ പെഡ്രോ എന്നിവയാണ് അവ. ചിലയിനം അത്തികൾ ഇത്തികണ്ണി പോലെ വളരും. അത്തിപ്പഴം വിത്തോടെ തിന്നുന്ന പക്ഷികളും അണ്ണാനും വൃക്ഷ ശിഖരങ്ങളിൽ കാഷ്ടിക്കുകയും വിത്തുകൾ മുളച്ച മരങ്ങളിൽ തന്നെ പറ്റിപ്പിടിച്ചു വളരുകയും ചെയ്യും. അവസാനം മരം ഉണങ്ങി അത്തി മാത്രം അവശേഷിക്കുന്നു.
കട്ടിയുള്ള ഇലകളുടെ പൂർണ വൃന്തങ്ങൾ നീളമുള്ളവയാണ്. ഇലകൾക്ക് 10 – 12 സെ.മീ നീളം കാണും. അനുകൂല സാഹചര്യങ്ങളിൽ 100ഇ മുതൽ 200ഇ വരെ ശൈത്യം നേരിടാൻ ഇവക്ക് കഴിവുണ്ട്. എന്നാൽ പൊതുവെ മിതോഷ്ണ മേഖലയിലാണ് ഇവ സമൃദ്ധമായി കാണപ്പെടുന്നത്. ഗ്ലാസ് ഹൗസിനുള്ളിലും അത്തികൾ വളർത്താറുണ്ട്. ഇവയിൽ നിന്നും വർഷത്തിൽ രണ്ടോ അതിലധികമോ വിള ഫലങ്ങൾ കിട്ടും. പാശ്ചാത്യർ പാകം ചെയ്യാത്ത അത്തിപ്പഴങ്ങൾ ഭക്ഷിക്കുന്നു. ഉണക്കിയെടുത്ത പഴങ്ങൾക്ക് വാണിജ്യ പ്രാധാന്യമുണ്ട്. മൂപ്പെത്തിയ കമ്പുകൾ മുറിച്ചു നട്ട് പുതിയ അത്തിച്ചെടികൾ വളർത്തിയെടുക്കാം. പാർശ്വ മുകുളത്തിനു തൊട്ടു താഴെ ചരിച്ചു വെട്ടിയാണ് കമ്പുകൾ എടുക്കേണ്ടത്. ഇത്തരത്തിലുള്ള ചെടികൾ 2 – 4 വർഷത്തിന്നകം കായ്ച്ചു തുടങ്ങും. എന്നാൽ ചിലയിനം അത്തികൾ വിത്തുകളിൽ നിന്നു മാത്രമേ വളർത്തിയെടുക്കാനാവൂ.
അത്തി, ഇത്തി, അരയാൽ, പേരാൽ എന്നീ നാലു മരങ്ങളുടെ തൊലികൾ ചേർന്നതാണ് ആയുർവേദത്തിലെ നാൽപാമരപ്പട്ട. നാൽപാമരാദി എണ്ണയിലെ ഒരു പ്രധാന ഘടകവുമാണ് അത്തി.
പൊതുവെ മിത ശീതോഷ്ണ മേഖലയിലാണ് അത്തി സമൃദ്ധമായി കാണപ്പെടുന്നത്. അതായിരിക്കാം ഒരു കാലത്ത് കേരളത്തിൽ ഇവ സമൃദ്ധമായിരുന്നത്. കാലാവസ്ഥയുടെ കടുത്ത വ്യതിയാനങ്ങൾ അത്തിയുടെയും അന്തകനായി എന്ന് അനുമാനിക്കപ്പെടണം. വടക്കെ അമേരിക്കക്കാർ വളരെ കാലങ്ങൾക്കു മുമ്പ് തന്നെ അത്തിയെ വളർത്തിയിരുന്നുവെങ്കിലും വ്യാവസായിക ലക്ഷ്യത്തോടെ വളർത്താൻ ആരംഭിച്ചിട്ട് അധികം കാലമായിട്ടില്ല.
അധികം പ്രായമാകാത്ത വൃക്ഷങ്ങളുടെ ഇളം കൊമ്പുകളിൽ പേരക്കയുടെ ആകൃതിയിലുള്ള ഫലങ്ങൾ ധാരാളമായി കാണപ്പെടുന്നു. തണ്ടിന്റെ വശത്തു നിന്നും ശാഖകൾ പോലെ പഴങ്ങൾ വളരുന്നു. പഴങ്ങളുടെ അകവശം പൊള്ളയായിരിക്കും. ഉള്ളിൽ അനേകം ചെറു വിത്തുകൾ ഉണ്ട്. വളരെ മധുരമുള്ള അത്തിപ്പഴം മനുഷ്യർക്കെന്ന പോലെ പക്ഷികൾക്കും വളരെ പ്രിയങ്കരമാണ്. അറേബ്യയിലെ – വിശേഷിച്ചും ഫലസ്തീൻ നാടുകളിലെ – അത്തിക്ക് പല വിശേഷങ്ങളുമുണ്ട്. പഴത്തിന്റെ വലുപ്പം, ആകൃതി, സ്വാദ്, പ്രയോജനം എന്നിവയിലെല്ലാം അവ വളരെ മെച്ചപ്പെട്ടതാകുന്നു.
വലിയ അത്തി ഏഷ്യയിൽ എല്ലായിടത്തും കണ്ടു വരുന്നു. നേപ്പാളിൽ മിക്കയിടത്തും ഇത് കാലിത്തീറ്റയായി ഉപയോഗിക്കാറുണ്ട്. ചെറിയ തീയിനെ പോലും താങ്ങാൻ ഇതിന് കഴിവില്ല. നല്ല വെളിച്ചം ഇഷ്ടപ്പെടുന്നു. വലിയ അത്തിയിൽ പരാഗണം നടത്തുന്ന കീടം രലൃമീേമെഹമി ലാമൃഴശിമൗേ െആണ്. ചതച്ച തടി പേപ്പട്ടി വിഷത്തിന് മരുന്നാണത്രെ.
അത്തിപ്പഴം പോഷക മൂല്യമുള്ളതാണ്. വൈറ്റമിൻ എയും കാൽസ്യവും അതിൽ അടങ്ങിയിട്ടുണ്ട്. പാശ്ചാത്യർ ഭക്ഷണത്തിനു ശേഷം പാകം ചെയ്യാത്ത അത്തിപ്പഴം കഴിക്കാറുണ്ട്. പ്രോട്ടീൻ, സിട്രിക് ആസിഡ്, മാലിക് ആസിഡ് തുടങ്ങിയവ അത്തിയിലടങ്ങിയിട്ടുണ്ട്. കരൾ ക്ഷയം, രക്തവാതം, സന്ധിവാതം, വൃക്കയിലെ കല്ല്, മൂല വ്യാധി തുടങ്ങിയ അസുഖങ്ങൾക്ക് അത്തിപ്പഴം ഫലപ്രദമാണ്. മൂലവ്യാധി മാറാൻ അത്തിപ്പഴം പതിവായി കഴിക്കുവാൻ നബി (സ) നിർദ്ദേശിച്ചിരുന്നു. ഇമാം അഹ്‌മദു ദ്ദഹബി വ്യക്തമാക്കുന്നു : ‘അത്തിപ്പഴം സ്വർഗീയ ഫലമാണ്. മൂലവ്യാധി, രക്ത സന്ധി വാതങ്ങൾ എന്നിവക്ക് ശമനം വരുത്തുന്നതിനാൽ അത് തിന്നുക.’
ഔഷധങ്ങളുടെ കൂട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് അത്തി. പല ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു അത്തി. അത്തിയുടെ തൊലിയും കായും എല്ലാം ഉപയോഗിക്കാൻ പറ്റുന്നതാണ്. ഗർഭിണികൾക്ക് വരെ ഇത് നൽകുന്നത് നല്ലതാണ്. ഗർഭ കാലത്തുണ്ടാകുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നു. എല്ലുകളുടെ ആരോഗ്യത്തിനും ഇത് നല്ലതാണ്. ആർത്തവ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
ദിവസവും രണ്ട് ഉണങ്ങിയ അത്തിപ്പഴം കഴിച്ചാൽ അത് ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങൾ നിരവധിയാണ്. പ്രമേഹത്തിന് പരിഹാരമാണ് അത്തിപ്പഴം. ഇതിൽ വളരെ കൂടിയ അളവിൽ ഇൻസുലിൻ അടങ്ങിയിട്ടുണ്ട്. അത്തിമരത്തിന്റെ ഇല കഴിച്ചാൽ തന്നെ പ്രമേഹത്തിന് പരിഹാരം കാണാം.
കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുനന മാർഗങ്ങളിലൊന്നാണ് അത്തിപ്പഴം. ഇത് ശരീരത്തിലെ ഫാറ്റ് കുറക്കുന്നതിന് വളരെയധികം സഹായിക്കുന്നു. ശരീരത്തിലെ അമിത കൊഴുപ്പിന് പരിഹാരം കാണുന്നതിന് മുന്നിലാണ് ഇത്. ശ്വാസകോശ അണുബാധ ഉണ്ടാക്കുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിന് അത്തിപ്പഴം മികച്ചതാണ്. ഉണക്ക അത്തിപ്പഴമാണ് ഏറ്റവും ഉത്തമം. ആസ്തമ പോലുള്ള പല ആരോഗ്യ പ്രശ്‌നങ്ങൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ധമനികളുടെ ആരോഗ്യത്തിന് സഹായിക്കുന്നു. ഇതിലുള്ള ഒയേഗ 3 ഫാറ്റി ആസിഡ് ആണ് ധമനികളുടെ ആരോഗ്യത്തിന് സഹായിക്കുന്നത്.
അത്തിയുടെ തൊലി, കായ, വേര് എന്നിവയാണ് ഔഷധ യോഗ്യമായത്. ഗർഭം അലസാതിരിക്കാൻ പ്രതിരോധമെന്ന നിലക്ക് ഇത് കഴിക്കാവുന്നതാണ്. അത്തിപ്പഴം പഞ്ചസാര ചേർത്തു കഴിച്ചാൽ നവ ദ്വാരങ്ങളിൽ കൂടിയുള്ള രക്തസ്രാവം നിൽക്കും. ബലക്ഷയം മാറുന്നതിന് അത്തിപ്പഴം കഴിച്ചാൽ നല്ലതാണ്. വിളർച്ച, വയറിളക്കം, അത്യാർത്തവം, ആസ്തമ, ലൈംഗിക ശേഷിക്കുറവ് എന്നിവക്കും അത്തിപ്പഴം നല്ലതാണ്.
നാരുകൾ ധാരാളമടങ്ങിയ അത്തിപ്പഴത്തിൽ മഗ്നീഷ്യം, മാംഗനീസ്, കാൽസ്യം, പൊട്ടാസ്യം എന്നീ ധാതുക്കളും ജീവകം എ, ജീവകം കെ, ഫോളേറ്റ്, കോളിൻ ഇവയും ഉണ്ട്. ഉണക്ക അത്തിപ്പഴത്തിൽ 162 മില്ലിഗ്രാം ആണ് കാൽസ്യം. ശക്തിയേറിയ ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയ അത്തിപ്പഴം ഫ്രീ റാഡിക്കലുകളോട് പൊരുതി നിരവധി രോഗങ്ങളെ തടയുന്നു. 100 ഗ്രാം ഉണക്ക അത്തിപ്പഴത്തിൽ 48 ഗ്രാം പഞ്ചസാരയുണ്ട്. അതായത് ഒരു മുതിർന്ന ആൾക്ക് ഒരു ദിവസം ആവശ്യമായതിലും 10 ഗ്രാം അധികം. എന്നാൽ ഫ്രഷ് പഴത്തിലാകട്ടെ 16 ഗ്രാം മാത്രമാണ് പഞ്ചസാര ഉള്ളത്. അത്‌കൊണ്ട് തന്നെ ഉണക്ക അത്തിപ്പഴം കഴിക്കുമ്പോൾ അമിതമാകാതെ ശ്രദ്ധിക്കണം.
ഏതാനും അത്തിപ്പഴങ്ങൾ വെള്ളത്തിലിട്ട് വെക്കുക. രാത്രി പ്രസ്തുത വെള്ളവും അത്തിപ്പഴവും സ്ഥിരമായി കഴിച്ചു കൊണ്ടിരുന്നാൽ നല്ല ശോധന ലഭിക്കുകയും ദഹനശക്തി വർധിക്കുകയും ചെയ്യും. വയറ്റിലെ വായു സംബന്ധമായ അസുഖങ്ങൾക്ക് ഇത് ശമനോപാധിയാണ്.
അത്തിപ്പഴത്തിലെ നാരുകൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ലൈംഗിക പ്രശ്‌നങ്ങൾക്കും ഉദ്ധാരണ പ്രശ്‌നങ്ങൾക്കും പരിഹാരമായി അത്തിപ്പഴം നിർദ്ദേശിക്കപ്പെടുന്നു. രണ്ടോ മൂന്നോ അത്തിപ്പഴം പാലിൽ ഒരു രാത്രി ഇട്ട് വെച്ച് രാവിലെ കുടിക്കുന്നത് പുരുഷന്മാർക്ക് നല്ലതാണ്. അത്തിപ്പഴത്തിൽ പൊട്ടാസ്യം ധാരാളമുണ്ട്. സോഡിയം കുറവുമാണ്. ഇത് രക്ത സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. കാൽസ്യം ധാരാളമടങ്ങിയ അത്തിപ്പഴം എല്ലുകൾക്ക് ശക്തി നൽകുന്നു.
ഉണങ്ങിയ അത്തിപ്പഴം ഒരു രാത്രി വെള്ളത്തിൽ കുതിർത്ത് പഴത്തോടൊപ്പം ആ വെള്ളവും കുടിക്കുന്നത് പൈൽസിനുള്ള മരുന്ന് ആണ്. അത്തിപ്പഴത്തിൽ പെക്റ്റിൻ എന്ന സോല്യൂബിൾ ഫൈബർ ഉണ്ട്. ഇത് കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നതോടൊപ്പം കാൻസറിനേയും പ്രതിരോധിക്കുന്നു. നാഡികളെ ആരോഗ്യമുള്ളതാക്കുന്നു. അത്തിയിലയുടെ ചായ ബ്രോങ്കൈറ്റിസ് ഉൾപ്പെടെയുള്ള ശ്വസന പ്രശ്‌നങ്ങൾക്ക് പരിഹാരമേകും.
തൊണ്ട വേദന അകറ്റുന്നു. ചർമത്തെയും തലമുടിയെയും ആരോഗ്യമുള്ളതാക്കുന്നു. ചുമ, പനി, ചെവി വേദന, കരൾ രോഗങ്ങൾ ഇവയ്ക്കും അത്തിപ്പഴം പരിഹാരമേകും.
അത്തിപ്പഴത്തിന്റെ കറ പാൽ പിരിക്കാൻ ഉപയോഗിക്കാം. ഇതിൽ നിന്നും ഉണ്ടാക്കുന്ന ദഹന രസം മാംസത്തെ മൃദുവാക്കാൻ ഉപയോഗിക്കാം. ഇലയിൽ നിന്നും ഉണ്ടാക്കുന്ന ഫിഗ് ലീഫ് അബ്‌സാല്യൂട്ട് എന്നത് സുഗന്ധദ്രവ്യ നിർമാണത്തിന് ഉപയോഗിക്കുന്നു.
അത്തിപ്പഴം ശരിയായ രീതിയിൽ സംസ്‌കരിച്ചെടുത്താൽ നല്ല ഗുണമേന്മയുള്ള ഉൽപന്നങ്ങളാക്കാം. പഴുത്ത അത്തിപ്പഴങ്ങൾ ഒരു കിലോ ഞെട്ടു കളഞ്ഞ് മുറിച്ച് കഷ്ണങ്ങളാക്കി വെക്കുക. 100 ഗ്രാം ചുണ്ണാമ്പ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കിയ ലായനിയിൽ നാലഞ്ച് മണിക്കൂർ നേരം കഷ്ണങ്ങൾ മുക്കി വെക്കണം. പിന്നീട് ലായനിയിൽ നിന്നെടുത്ത് അത് നന്നായി കഴുകിയെടുക്കുക. ചുണ്ണാമ്പിന്റെ അംശങ്ങൾ പൂർണമായും നീക്കണം. അതിനു ശേഷം തിളച്ച വെള്ളത്തിൽ ഇട്ട് രണ്ട് മിനിട്ട് തിളപ്പിക്കണം. പിന്നീട് ഒരു ട്രേയിൽ ഇത് നിരത്തി കഷ്ണങ്ങളുടെ പുറത്തുള്ള വെള്ളം വാർന്നതിനു ശേഷം പ്രത്യേകം തയ്യാറാക്കിയ പഞ്ചസാര ലായനിയിൽ ഒരു ദിവസം ഇട്ടു വെക്കണം. പഞ്ചസാര ലായനിയിൽ നിന്ന് എടുത്ത ഉടനെ വീണ്ടും ശുദ്ധ ജലത്തിൽ കഴുകി കായയുടെ പുറത്ത് പറ്റിയിരിക്കുന്ന പഞ്ചസാരയുടെ അംശങ്ങൾ നീക്കണം. ഇങ്ങനെ കഴുകിയെടുത്ത പഴങ്ങൾ വെയിലത്തോ ഡ്രയറിലോ ഉണക്കിയെടുത്ത് കഴിക്കാം. വായു കടക്കാത്ത പാത്രങ്ങളിൽ സൂക്ഷിച്ച് ദീർഘ കാലം ഉപയോഗിക്കാം.
വിശുദ്ധ ഖുർആനിലെ 95 -ാം സൂറത്തിന്റെ പേര് അത്തി (അത്തീൻ) എന്നാണ്. ഖുർആനിൽ ഒരിടത്ത് മാത്രമേ അത്തീൻ എന്ന പദം വന്നിട്ടുള്ളൂ.
‘അത്തിയും ഒലിവും, സീനാ പർവതവും നിർഭയത്വമുള്ള ഈ രാജ്യവും തന്നെയാണ് സത്യം’
മനുഷ്യ സൃഷ്ടിപ്പിനെക്കുറിച്ച് ചില അടിസ്ഥാന കാര്യങ്ങൾ ഈ അധ്യായത്തിൽ അല്ലാഹു വെളിപ്പെടുത്തുന്നു. അതിനു മുമ്പ് ചില പ്രദേശങ്ങളെയും ചില വസ്തുക്കളെയും മുൻ നിർത്തി അല്ലാഹു ആണയിടുന്നുണ്ട്. അത്തിയുടെ വൈശിഷ്ട്യവും ഗുണമേന്മയും കാരണമായാണ് അതിനെ ആണയിടുന്നതിന് സാക്ഷിയായി അല്ലാഹു തെരഞ്ഞെടുത്തത്. ദൈവിക കൽപന ലംഘിക്കുക വഴി സ്വർഗത്തിൽ ആദമിനും ഹവ്വാഇനും സ്വന്തം നഗ്‌നത വെളിപ്പെട്ടപ്പോൾ അവർ അത്തിയില കൊണ്ടാണ് നാണം മറച്ചിരുന്നതെന്ന് ഖുർആൻ വ്യാഖ്യാനമായ അയ്‌സറു ത്തഫാസീറിൽ പറയുന്നു.
ഖുർആൻ വ്യാഖ്യാതാവായ യൂസുഫ് അലി അത്തിയെ ഒരു പ്രതീകമായി കണക്കാക്കുന്നു. മനുഷ്യന്റെ ഭാഗധേയത്തെയാണ് അത്തി പ്രതിനിധാനം ചെയ്യുന്നത്. നല്ല നിലയിൽ കൃഷി ചെയ്താൽ ഏറ്റവും രുചികരമായ, മികവുറ്റ പഴങ്ങളായിരിക്കും അത്തിയിൽ നിന്ന് ലഭിക്കുക. പരിചരണമില്ലാതെ പടുമുളയായി വളരുന്ന അത്തിയുടെ പഴത്തിന് രുചിയുണ്ടാവില്ല. അതിൽ പുഴുക്കളും മറ്റു കീടങ്ങളും നിറയും. ഇതാണ് മനുഷ്യന്റെയും അവസ്ഥ. ശരിയായ ശിക്ഷണം കിട്ടി വളരുകയാണെങ്കിൽ മനുഷ്യൻ അത്യുൽ കൃഷ്ടനാണ്. തോന്നിയ പോലെ ജീവിക്കുകയാണെങ്കിൽ അവനെക്കാൾ നികൃഷ്ഠനായ മറ്റൊരു ജീവിയില്ല.
ഒരു കുട്ടയിലെ ചീത്ത അത്തിപ്പഴവും മറ്റൊരു കുട്ടയിലെ നല്ല അത്തിപ്പഴവും ചൂണ്ടിക്കാട്ടി യഹോവ നന്മതിന്മകളെക്കുറിച്ച് പ്രഭാഷണം നടത്തുന്നുവെന്ന് ബൈബിളിൽ കാണാം. ധയിരമ്യാവ് 24 : 1 – 10പ

Share this:

Recently added