വിസ്മയിപ്പിക്കുന്ന തേനീച്ചകൾ

പുഷ്പങ്ങളിൽ നിന്നും പഴങ്ങളിൽ നിന്നും പൂന്തേൻ ശേഖരിച്ച് മധുരവും ഔഷധ ഗുണവുമുള്ള പാനീയമായ തേൻ ഉൽപാദിപ്പിക്കുന്ന ഒരു ഷഡ്പദമാണ് തേനീച്ച. ഇവ പൂക്കളിൽ നിന്ന് മധുവിനോടൊപ്പം പൂമ്പൊടിയും ശേഖരിക്കുന്നു. തേനീച്ചകൾ നിർമ്മിക്കുന്ന മെഴുക് അറകളിലാണ് തേനും പൂമ്പൊടിയും സംഭരിക്കുന്നത്. പൂർവ ഏഷ്യയിലെ ഉഷ്ണ മേഖല പ്രദേശങ്ങളാണ് ഇവയുടെ ജന്മദേശം.
പ്രാണികളിലെ എൻജിനിയർ എന്നു വിളിക്കുന്ന തേനീച്ച ഏപ്പിഡെ കുലത്തിൽ പെടുന്ന ഒരിനം ഷഡ്പദമാണ്. തേനീച്ച ഒരു സാമൂഹ്യ ജീവിയാണ്. ഉറുമ്പിനെയും തേനിച്ചയെയും പോലെയുള്ള പ്രാണികളിൽ ഈ സാമൂഹ്യ ജീവിതം കൂടുതൽ പ്രകടമാണ്.
തേനീച്ചകളിൽ വ്യത്യസ്ത തരങ്ങളുണ്ട്. മനുഷ്യർക്ക് ഇണക്കി വളർത്താൻ കഴിയുന്ന ഇനം തേനീച്ചകൾ ഞൊടിയൻ തേനീച്ചകളെന്ന് കേരളത്തിൽ അറിയപ്പെടുന്നു. ഇവയിൽ ഇന്ത്യൻ എന്നും ഇറ്റാലിയൻ എന്നും വിഭാഗങ്ങളുണ്ട്. മരപ്പൊത്തുകളിലും പാറയിടുക്കുകളിലും ഞൊടിയൻ കൂടുകൾ കാണാൻ കഴിയും. ഇവയെ തേനീച്ചപ്പെട്ടികളിൽ വളർത്തിയാണ് വ്യാവസായികമായി തേനീച്ച കൃഷി ചെയ്യുന്നത്. ശരാശരി തേൻ ശേഖരണ ശേഷിയുള്ള ഈ ഇനത്തെ അതിന്റെ ശാന്ത സ്വഭാവം മൂലം പുരാതന കാലം മുതൽ ഇണക്കി വളർത്തിയിരുന്നു.
ഇന്ത്യൻ തേനീച്ച വ്യവസായത്തിന്റെ അടിത്തറയായ ഇന്ത്യൻ തേനീച്ചയുടെ കൂട്ടിൽ നിന്ന് പ്രതിവർഷം ശരാശരി മൂന്ന് മുതൽ അഞ്ചു വരെ കിലോഗ്രാം തേൻ ലഭിക്കുന്നു. അനുയോജ്യമായ കാലാവസ്ഥയിൽ കൂടൊന്നിന് 15 കിലോഗ്രാം വരെയും തേൻ ലഭിക്കാറുണ്ട്. ഇറ്റാലിയൻ തേനീച്ചകൾക്ക് ഇന്ത്യൻ തേനീച്ചകളെക്കാൾ വലിപ്പവും രോഗ പ്രതിരോധ ശേഷിയും ഉണ്ട്. തേനുൽപാദനത്തിലും മുമ്പിലാണ് ഈ ഇനം. തേനീച്ചകളെ യൂറോപ്പിൽ നിന്നും കേരളത്തിലേക്ക് ഇറക്കുമതി ചെയ്തിരുന്നു.
മറ്റൊരിനം വൻ തേനീച്ചകളാണ് വലിയ വൃക്ഷ ശിഖരങ്ങളിലും ഉയർന്ന പാറക്കെട്ടുകളിലും പൊക്കം കൂടിയ കെട്ടിടങ്ങളുടെ ഭിത്തികളിലും വൻ തേനീച്ചകൾ കൂടു വെക്കുന്നു. പെരും തേനീച്ച, കാട്ടു തേനീച്ച എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നു. ഇവയുടെ കൂടുകൾ ഒറ്റക്കും കൂട്ടമായും കാണാറുണ്ട്. മറ്റിനങ്ങളേക്കാൾ വലിപ്പമുള്ള ഇവയുടെ കൂടുകളും തേനുൽപാദനശേഷിയും വളരെ വലുതാണ്. വൻ തേനീച്ചകൾ അപകടകാരികളുമാണ്.
മറ്റൊരിനം ചെറു തേനീച്ചകളാണ്. മറ്റിനങ്ങളിൽ നിന്നും ആകാരത്തിലും പ്രവർത്തന രീതിയിലും വ്യത്യസ്തരാണ്. കട്ടുറുമ്പുകൾക്ക് ചിറക് വന്നത് പോലെയുള്ള രൂപമാണിവക്ക്. ഇത്തരം തേനീച്ചകൾക്ക് ശത്രുക്കളെ ആക്രമിക്കുന്നതിനുള്ള മുള്ളുകളില്ല. പകരം അവ കടിക്കുകയാണ് ചെയ്യുന്നത്. കല്ലിടുക്കുകളിലും മൺപൊത്തുകളിലും മരപ്പൊത്തുകളിലും കൂടുണ്ടാക്കുന്ന ചെറു തേനീച്ചകളെ മൺകുടങ്ങളിലും ചിരട്ടയിലും മുളക്കുള്ളിലും വളർത്താൻ കഴിയും. വലിപ്പത്തിൽ വളരെ ചെറിയവയായതിനാൽ മറ്റു തേനീച്ചകൾക്ക് കടക്കാൻ കഴിയാത്ത ചെറു പുഷ്പങ്ങളിലെ തേനും ഇവക്ക് ശേഖരിക്കാൻ കഴിയും. അതിനാൽ തന്നെ ചെറു തേനിന് ഔഷധ ഗുണം കൂടുതലാണ്.
മറ്റൊരിനം കോൽ തേനീച്ചയാണ്. വ്യത്യസ്തമായ ഒരിനം തേനീച്ചയാണിത്. ഒരു അട മാത്രമുള്ള കൂടാണിവക്കുള്ളത്. ഇവയെ ഇണക്കി വളർത്താൻ കഴിയില്ല. ഇവയുടെ കൂടുകൾ മരങ്ങളിലും മറ്റും ഒറ്റക്കും കൂട്ടമായും കാണാൻ കഴിയും.
ഒരു തേനീച്ചക്കൂട്ടിൽ വ്യത്യസ്ത തരത്തിലുള്ള തേനീച്ചകളുണ്ട്. അവക്ക് വ്യത്യസ്ത സവിശേഷതകളും ഉത്തരവാദിത്തങ്ങളുമുണ്ട്. റാണി തേനീച്ചയാണ് കൂട്ടിലെ എല്ലാ തേനീച്ചകളുടെയും മാതാവ്. റാണി കൂട്ടിൽ ഒരു ഭരണാധികാരിയെ പോലെ പെരുമാറുകയൊന്നുമില്ല. പക്ഷേ, മുകളിൽ തങ്ങുന്നു, ഭക്ഷിക്കുന്നു, ജോലിക്കാരി തേനീച്ചകളാൽ സംരക്ഷിക്കപ്പെടുന്നു. റാണിക്ക് ഒരു ജോലി മാത്രമേ കൂട്ടിലുള്ളൂ. പ്രത്യുൽപാദനം നടത്തുക എന്നതാണത്. ഒരിക്കൽ മാത്രമേ റാണി ഇണ ചേരുകയുള്ളൂ. ആൺ ബീജത്തെ മുട്ടയിടേണ്ട സമയമെത്തുന്നത് വരെ ഒരു പ്രത്യേക അവയവത്തിൽ സൂക്ഷിച്ചു വെക്കും. ഒരു ദിവസം രണ്ടായിരത്തോളം മുട്ടകളിടും. ഒരു റാണി ഏകദേശം മൂന്ന് വർഷക്കാലം ജീവിക്കും.
റാണി ഈച്ചക്കു മാത്രമേ മുട്ടയിട്ട് അടുത്ത തലമുറക്ക് ജന്മം കൊടുക്കുന്നതിനുള്ള കഴിവുള്ളൂ. വേലക്കാരികൾ പ്രത്യേക തരത്തിലുള്ള ഭക്ഷണമെല്ലാം കൊടുത്താണ് ആവശ്യം വരുമ്പോൾ ഒരു റാണിയെ രൂപപ്പെടുത്തിയെടുക്കുന്നത്. ഒരു കോളനിയിൽ ഒന്നിൽ കൂടുതൽ റാണിമാർ ഉണ്ടായാൽ ഒരു റാണി കുറെ ഈച്ചകളുമായി കൂടു വിട്ടിറങ്ങി മറ്റൊരു കോളനി രൂപീകരിക്കുന്നു. ഒരു റാണിയീച്ച പ്രായപൂർത്തിയായാൽ ഒരിക്കൽ മാത്രം ഇണ ചേരുകയും തുടർന്ന് ജീവിത കാലം മുഴുവൻ മുട്ടയിടുകയും ചെയ്യും. ഇണ ചേരുന്ന ആണീച്ച അപ്പോൾ തന്നെ ചത്തു പോകും.
ഒരു സങ്കേതത്തിൽ തേനീച്ചകളുടെ അംഗസംഖ്യ അധികമായാൽ റാണിയും കുറെ അനുയായികളും മറ്റൊരു ഭവനം തേടി പുറത്തു പോകും. അവ ഒരു ഭാഗത്ത് സമ്മേളിച്ച് എവിടെയെല്ലാമാണ് വീടുണ്ടാക്കാനുള്ള സാധ്യത എന്നാരായാൻ കുറെ അന്വേഷകരെ അയക്കുന്നു. അവർ പല ഭാഗങ്ങളിലും സഞ്ചരിച്ച് സ്ഥലങ്ങൾ പരിശോധിച്ച് റിപ്പോർട്ട് സമർപിക്കുന്നു. അവസാനം ഏക കണ്ഠമായ ഒരു തീരുമാനത്തിലെത്തുന്നു.
മടിയന്മാരാണ് മറ്റൊരു വിഭാഗം. കൂട്ടിലെ ആൺ തേനീച്ചകളാണിവർ. ജോലിക്കാരേക്കാൾ വലുതായിരിക്കും. വലിയ, ഉരുണ്ട, കറുത്ത ഉദരമുള്ള തേനീച്ചകളായിരിക്കും ഇവ. ഈ അലസന്മാർക്ക് കൂട്ടിൽ ഒരു ജോലിയുമുണ്ടാവില്ല. അവരുടെ ജോലി റാണിയുമായി ഇണ ചേരൽ മാത്രമാണ്. ജനസംഖ്യ കുറക്കുന്നതിന് വേണ്ടിയും ഭക്ഷണം സംരക്ഷിക്കുന്നതിന് വേണ്ടിയും ജോലിക്കാരികൾ മടിയന്മാരെ കൂട്ടിൽ നിന്നും പുറത്താക്കാറുണ്ട്.
ഒരു കൂട്ടിലെ കൂടുതൽ തേനീച്ചകളും പെൺ ജോലിക്കാരായിരിക്കും. എന്നാൽ ഇവക്ക് പ്രത്യുൽപാദന ശേഷി ഉണ്ടായിരിക്കയില്ല. ഇവ വളരെ കുറച്ചു സമയമേ കൂട്ടിൽ ഉണ്ടാവുകയുള്ളൂ. ഈ ജോലിക്കാരി തേനീച്ചകൾക്ക് വളരെയധികം ഉത്തരവാദിത്തങ്ങളും ജോലികളും ഉണ്ട്. അവക്ക് പൊതുവെ 35 – 45 ദിവസത്തെ ആയുസ്സേ ഉണ്ടാവുകയുള്ളൂ. ജോലിക്കാരി തേനീച്ച ജനിച്ചാൽ അവളുടെ ആദ്യ രണ്ടാഴ്ച ജോലിക്കൂട്ടിലെ ഒരു ആയയെ പോലെയായിരിക്കും. തേനറകൾ ക്ലീൻ ചെയ്യുക, അറകൾ ഉണ്ടാക്കാൻ വേണ്ടി മെഴുക് ഉൽപാദിപ്പിക്കുക, തേനുണ്ടാക്കുക, പൂമ്പൊടി ശേഖരിച്ച് വെക്കുക, റാണിക്ക് ഭക്ഷണം കൊടുക്കുക, വൃത്തിയാക്കുക, ശത്രുക്കളിൽ നിന്നും കൂടിനെ സംരക്ഷിക്കുക തുടങ്ങിയവ അതിൽ പെടുന്നു. കൂട്ടിലെ ജോലി കഴിഞ്ഞാൽ അവളുടെ അവസാന ജോലിയായ ‘ഫീൽഡ് ബീ’ യായിട്ട് മാറും. കോളനിക്ക് വേണ്ട മുഴുവൻ പൂമ്പൊടി, മധു, വെള്ളം തുടങ്ങിയവ ശേഖരിക്കലാണ് ഇവയുടെ ജോലി.
അത്ഭുതാവഹമായ തൊഴിൽ വിഭജനവും സഹകരണവുമാണ് തേനീച്ച സമൂഹത്തിൽ കാണപ്പെടുന്നത്. കൂട്ടിനുള്ളിൽ ചില തേനീച്ചകൾ അലഞ്ഞു നടക്കുന്നതായി കാണാം. അവ ഓരോ മുറിയിലും കയറിയിറങ്ങി അവിടെ വൃത്തിയായി കിടക്കുന്നുണ്ടോ, അവിടങ്ങളിലെ കുഞ്ഞുങ്ങൾക്ക് ഭക്ഷണം കിട്ടിയോ എന്നിവ അന്വേഷിക്കുകയാണ്. ചിലപ്പോൾ തേനീച്ചകൾ പ്രത്യക്ഷത്തിൽ വിശ്രമിക്കുന്നതായി തോന്നും. എന്നാലവ ആവശ്യം വരുമ്പോൾ ഉപയോഗിക്കാനുള്ള ‘റിസർവ് പ്രൊട്ടക്ഷൻ പോലീസാണ്’ കൂട്ടിനുള്ളിൽ പെട്ടെന്ന് താപനില വർധിച്ചാലും ആക്രമണമുണ്ടായാലും അവർ കർമ നിരതരാവുന്നത് കാണാം. എന്നാൽ അതുകൊണ്ടും മതിയാവാതെ വരുമ്പോൾ പുറത്തു നിന്നും വെള്ളം കൊണ്ടു വന്നു അത് ബാഷ്പീകരിക്കാനനുവദിച്ചു കൊണ്ട് താപനില ക്രമീകരിക്കും.
പൂക്കളുള്ള സസ്യങ്ങൾ തേനീച്ചക്ക് ആവശ്യമാണ്. അത് പോലെ തന്നെ തേനീച്ച പൂക്കളുള്ള സസ്യങ്ങൾക്കും ആവശ്യമാണ്. തേനീച്ചയിൽ നിന്ന് മാനവരാശിക്ക് ഏറ്റവും ഉപയോഗപ്രദമായത് സസ്യങ്ങളുടെ പരാഗണമാണ്. മനുഷ്യൻ ഉപയോഗിക്കുന്ന പഴങ്ങളും വിളകളും പരപരാഗണം നടക്കാതെ ഉൽപാദിപ്പിക്കപ്പെടുകയില്ല. മനുഷ്യന്റെ ഭക്ഷണ സാധനങ്ങളിൽ മൂന്നിലൊരു ഭാഗം നേരിട്ടോ പരോക്ഷമായോ പരാഗണ സസ്യങ്ങളുമായി ബന്ധപ്പെട്ടതാണ്. തേനീച്ചയുടെ സഹായത്താലാണ് എൺപത് ശതമാനം വിളകളും പരാഗണം നടത്തുന്നത്. പൂക്കളുള്ള സസ്യങ്ങൾ ഉൽപാദിപ്പിക്കുന്ന പൂമ്പൊടികളും മധുവുമാണ് തേനീച്ചയുടെ ആഹാരം. പൂമ്പൊടിയിൽ മറഞ്ഞ മധു ഒരു തേനീച്ച പൂവിൽ വന്നിരുന്ന് കുടിക്കുമ്പോൾ തേനീച്ചയുടെ രോമം നിറഞ്ഞ ശരീരത്തിൽ പൂമ്പൊടി പറ്റിപ്പിടിക്കും. തേനീച്ച അടുത്ത പൂവ് സന്ദർശിക്കുമ്പോൾ ആ പൂമ്പൊടിയെ അവിടെ തള്ളിക്കളയുന്നു. ഇങ്ങനെ പൂമ്പൊടിയെ ഒരു സസ്യത്തിൽ നിന്ന് മറ്റൊരു സസ്യത്തിലേക്ക് വഹിക്കുന്നതിനെ പരപരാഗണം എന്ന് പറയുന്നു.
തേനീച്ചകൾക്ക് വളരെ സങ്കീർണമായ ഒരു ആശയവിനിമയ രീതിയാണ് ഉള്ളത്. ഒരു ജോലിക്കാരി പൂമ്പൊടിയുടെയോ, മധുവിന്റെയോ ഒരു ഉറവിടം കണ്ടുപിടിച്ചാൽ അത് മറ്റുള്ളവരെ അറിയിക്കുന്നത് ഒരു നൃത്ത ഭാഷയിലൂടെയാണ്. അങ്ങനെ ഈ നൃത്തത്തിലൂടെ അത്യാവശ്യ വിവരങ്ങൾ കൈമാറുന്നു. ഇത് മൂലം അവക്ക് നേരെ ഭക്ഷണ സ്ഥലത്തേക്ക് പറക്കാൻ കഴിയുന്നു. സൂര്യനെ ഒരു പ്രത്യേക മണ്ഡലമാക്കിയാണ് ഇവ വഴി കണ്ടുപിടിക്കുന്നത്. മൂടലുള്ള ദിവസങ്ങളിൽ പോലും ഇവക്ക് സൂര്യനെ ഉപയോഗിക്കാൻ കഴിയും.
തേനീച്ചകൾ ഉപയോഗിക്കുന്നത് രണ്ട് തരത്തിലുള്ള ഡാൻസ് ആണ്. വൃത്താകൃതിയിലും, അങ്ങോട്ടും ഇങ്ങോട്ടും ചാഞ്ചാടി കൊണ്ടുള്ള രൂപത്തിലും, ആഹാരം പത്ത് മീറ്റർ ദൂരെയാണെങ്കിൽ ഇവ വൃത്താകൃതിയിലുള്ള ഡാൻസ് ഉപയോഗിക്കുന്നു. നൂറ് മീറ്ററിനേക്കാൾ കൂടുതൽ ദൂരമാണെങ്കിൽ ഇവ ചാഞ്ചാടിക്കൊണ്ടുള്ള ഡാൻസ് ചെയ്യും. ആഹാരം 10 മീറ്ററിനും 100 മീറ്ററിനും ഇടയിലാണെങ്കിൽ ഇവ വൃത്താകൃതിയിലുള്ള ഡാൻസിന്റെയും ചാഞ്ചാടിയുള്ള ഡാൻസിന്റെയും സമ്മിശ്ര രൂപമാണ് സ്വീകരിക്കുക.
തേനീച്ച നിർമ്മിക്കുന്നതാണ് മെഴുക്. ജോലിക്കാരായ തേനീച്ചകളുടെ വയറിലെ എട്ടു ഗ്രന്ഥികളിൽ നിന്നാണ് ഇത് ഉൽപാദിപ്പിക്കുന്നത്. ഇങ്ങനെയുണ്ടാകുന്ന മെഴുക് അവ കൂട്ടിൽ തന്നെ നിക്ഷേപിക്കുന്നു. തേനീച്ചക്കൂട്ടിലെ ജോലിക്കാർ ഈ മെഴുക് ശേഖരിച്ച് തേനീച്ചക്കൂട്ടിലെ അറകളുടെ രൂപഘടന ശക്തിപ്പെടുത്താനും തേൻ സൂക്ഷിക്കുന്ന അറകൾ നിർമിക്കാനും ലാർവയും പ്യൂപ്പയും സൂക്ഷിക്കുന്ന അറകൾ നിർമ്മിക്കാനും അവക്ക് സംരക്ഷണം നൽകാനുമായി ഉപയോഗിക്കുന്നു. സങ്കീർണമായ മോണോ എസ്റ്ററുകൾ, ഹൈഡ്രോ കാർബൺസ്, ഫ്രീഫാറ്റി ആസിഡുകൾ തുടങ്ങിയവയുടെ ഒരു മിശ്രിതമാണ് തേനീച്ച മെഴുക്.
ഷഡ്ഭുജാകൃതിയിലുള്ള തേനീച്ചക്കൂടുകൾ ഒരു മഹാത്ഭുതം തന്നെയാണ്. മറ്റ് ആകൃതികളിലുള്ള കൂടുകളേക്കാൾ കൂടുതൽ തേൻ ഉൾക്കൊള്ളാൻ ഷഡ്ഭുജാകൃതിയിലുള്ള കൂടുകൾക്ക് കഴിയും. ആറു വശങ്ങളിൽ ബന്ധിക്കപ്പെട്ടിരിക്കുന്നതിനാൽ അവക്ക് ഉറപ്പും കൂടും. അൽപം പോലും മെഴുക് അധിക ചെലവ് വരാതെയാണ് തേനീച്ച ഗൃഹ നിർമ്മാണം നടത്തുന്നത്. ഗണിതശാസ്ത്ര പാണ്ഡിത്യവും ക്ഷേത്ര ഗണിത തത്വങ്ങളുമുപയോഗിച്ചു കൊണ്ട് ഉപകരണങ്ങൾ കൊണ്ട് മാത്രമേ നമുക്ക് ഇത്തരം കൂട് നിർമ്മിക്കാനാവൂ. എന്നാൽ തേനീച്ചകൾ ജന്മവാസനയുപയോഗിച്ച് അതി സമർഥമായി കൂടുകൾ നിർമ്മിക്കുന്നു.
തേനീച്ചക്കൂട്ടിലെ തേനറകളിലാണ് റാണി മുട്ടകളിടുന്നത്. മൂന്നു തരം തേനീച്ചകളും മൂന്നു തരം അറകളിലാണ് വളരുന്നത്. വേലക്കാർ വളരുന്ന അറകളാണ് ഏറ്റവും ചെറിയവ. ഇവ ഓരോന്നിനും ആറു വശങ്ങളുണ്ടായിരിക്കും. മടിയന്മാരുടെ അറകളും ഷഡ്ഭുജങ്ങളാണെങ്കിലും വേലക്കാരുടേതിനേക്കാൾ വലുതായിരിക്കും. ഏറ്റവും വലിയ റാണിയുടെ അറക്ക് നിശ്ചിതമായ രൂപങ്ങളൊന്നുമുണ്ടാവുകയില്ല.
ശത്രുക്കളിൽ നിന്നുമുള്ള രക്ഷാമാർഗമായാണ് തേനീച്ചകൾ കുത്തുന്നത്. പ്രതിരോധത്തിന്റെ ഭാഗമായാണിത്. തേനീച്ച കുത്തുമ്പോൾ കുത്താനുപയോഗിക്കുന്ന അവരുടെ കൊമ്പ് അല്ലെങ്കിൽ ആണി കുത്തുന്നയാളിന്റെ ശരീരത്തിൽ ഉടക്കി പറിഞ്ഞു പോകുന്നു. ആ കൊളുത്ത് അവിടെ തന്നെ നിൽക്കുന്നു. ഇതിന്റെ വാസന കേട്ടാൽ മറ്റു തേനീച്ചകളും വന്ന് ആക്രമിക്കുന്നു. ശരീരത്തിൽ നിന്നും ഇത് പറിച്ചു കളയണം. കുത്തിയ തേനീച്ച ഉടൻ ചത്തു പോകുന്നു.
ദൈവത്തിന്റെ സൃഷ്ടി വൈഭവം നാമിവിടെ ദർശിക്കുന്നു. അവന്റെ മാർഗ ദർശനം നാമിവിടെ കാണുന്നു.
വിശുദ്ധ ഖുർആൻ പറയുന്നു :
‘നിന്റെ നാഥൻ തേനീച്ചക്ക് ഇപ്രകാരം ബോധനം നൽകുകയും ചെയ്തിരിക്കുന്നു. മലകളിലും മരങ്ങളിലും മനുഷ്യർ കെട്ടിയുയർത്തുന്നവയിലും നീ പാർപ്പിടങ്ങളുണ്ടാക്കിക്കൊള്ളുക. പിന്നെ എല്ലാ തരം ഫലങ്ങളിൽ നിന്നും നീ ഭക്ഷിച്ചു കൊള്ളുക. എന്നിട്ട് നിന്റെ രക്ഷിതാവ് സൗകര്യ പ്രദമായി ഒരുക്കിത്തന്നിട്ടുള്ള മാർഗങ്ങളിൽ നീ പ്രവേശിച്ചു കൊള്ളുക. അവയുടെ ഉദരങ്ങളിൽ നിന്ന് വ്യത്യസ്ത വർണങ്ങളുള്ള പാനീയം പുറത്തു വരുന്നു. അതിൽ മനുഷ്യർക്ക് രോഗ ശമനം ഉണ്ട്. ചിന്തിക്കുന്ന ആളുകൾക്ക് തീർച്ചയായും അതിൽ ദൃഷ്ടാന്തമുണ്ട്’ ധഅന്നഹ്ൽ – 68, 69പ
വിശുദ്ധ ഖുർആൻ സമ്പൂർണ മലയാള പരിഭാഷയിലെ അടിക്കുറിപ്പ് കൂടി ചേർത്തു വായിക്കാം : ഇര തേടുന്ന കാര്യത്തിലും പാർപ്പിടമുണ്ടാക്കുന്ന കാര്യത്തിലും ആത്മരക്ഷക്കുള്ള ഉപായങ്ങൾ സ്വീകരിക്കുന്നതിലും ജന്തുജാലങ്ങൾക്ക് അതുല്യമായ വൈഭവമുണ്ട്. തേനീച്ച ഈ വിഷയത്തിലൊക്കെ വിസ്മയകരമായ സവിശേഷതകളുള്ള ഒരു ജീവിയത്രെ. അന്യാദൃശമായ സാമർഥ്യത്തോടെ തേനീച്ചകൾ തേനും പൂമ്പൊടിയും ശേഖരിക്കുന്നു. അസാമാന്യമായ വൈദഗ്ധ്യത്തോടും അതീവ സൂക്ഷ്മതയോടും കൂടി അവ അറയുണ്ടാക്കുന്നു. ആരാണിതൊക്കെ പഠിപ്പിച്ചത്? പ്രപഞ്ച നാഥനായ അല്ലാഹുവല്ലാതെ മറ്റാരുമല്ല.

Share this:

Recently added