പുഷ്പങ്ങളിൽ നിന്നോ പുഷ്പേതര ഗ്രന്ഥികളിൽ നിന്നോ തേനീച്ചകൾ പൂന്തേൻ ശേഖരിച്ച് ഉൽപാദിപ്പിക്കുന്ന കൊഴുത്ത ദ്രാവകമാണ് തേൻ. മധുരമുള്ള ഒരു ഔഷധവും പാനീയവുമാണിത്. പുഷ്പങ്ങളിൽ നിന്നും ശേഖരിച്ച തേൻ ഈച്ചയുടെ ഉമിനീരുമായി യോജിപ്പിച്ചു വയറിന്നുള്ളിൽ ആക്കി കൂട്ടിലേക്ക് കൊണ്ടു വരുന്നു. വയറിൽ വെച്ച് തേൻ ലെവ്ളോസ്, ഫ്രക്ട്ടോസ് എന്നീ രണ്ട് തരം പഞ്ചസാരകളായി രൂപാന്തരം പ്രാപിക്കുന്നു. ഉള്ളിൽ സംഭരിച്ചിട്ടുള്ള തേനും വഹിച്ചു കൊണ്ട് ദീർഘ ദൂരം സഞ്ചരിക്കുന്ന ഈച്ച, കൂട്ടിൽ വന്നാൽ ജോലിക്കാരായ ഈച്ചകൾക്ക് ഇത് കൈമാറുന്നു. നൂറ്റമ്പത് മുതൽ ഇരുനൂറ്റമ്പത് തവണ വരെ തേനിനെ വയറിലേക്ക് വലിച്ചെടുക്കുകയും തികട്ടുകയും ചെയ്യുന്ന പ്രക്രിയയിലൂടെ നല്ലവണ്ണം ദഹിപ്പിച്ച് പാകം ചെയ്ത തേൻ തേനറകളിൽ നിക്ഷേപിക്കപ്പെടുന്നു. അതിനു ശേഷം തേനിൽ കടന്നു കൂടിയിട്ടുള്ള ജലാംശം വറ്റിക്കാൻ വേണ്ടി ചിറകുകൾ കൊണ്ട് വീശി ഉണക്കും. ഇങ്ങനെ സംഭരിക്കപ്പെടുന്ന തേനാണ് വർഷങ്ങളോളം കേടുകൂടാതെ ഇരിക്കുന്നത്.
ജോലിക്കാരി തേനീച്ചകൾ പുറത്ത് പോയി കൊണ്ടു വരുന്ന മധുവും പൂമ്പൊടിയും കൊണ്ട് തേനീച്ചക്കൂട്ടിലെ മുഴുവൻ തേനീച്ചകളെയും തീറ്റിപ്പോറ്റുന്നു. തേനീച്ചകൾ തരുന്ന പൂമ്പൊടികൾ പ്രോട്ടീന്റെയും വിറ്റാമിന്റെയും മികച്ച ഉറവിടമാണ്. ഇവ തേനീച്ചക്കൂട്ടിലേക്ക് മടങ്ങുമ്പോൾ പൊള്ളൻ ബാസ്കറ്റിൽ (പിൻകാലിന്റെ അറ്റത്തുള്ള നീളമുള്ള രോമമുള്ള സ്ഥലം) ഒരു തിളക്കമുള്ള പദാർത്ഥം ഒട്ടിച്ചേർന്ന് നിൽക്കുന്നത് കാണാൻ കഴിയും. തേനീച്ചയുടെ ആഹാര ക്രമത്തിൽ പൂവിന്റെ മധുവിന് വളരെ പ്രാധാന്യമുണ്ട്. ഇത് അവയുടെ കാർബോ ഹൈഡ്രേറ്റിന്റെയും ഊർജത്തിന്റെയും മുഖ്യ ഉറവിടമാണ്. തേനീച്ച കൂട്ടിലേക്ക് തിരിച്ചു വരുമ്പോൾ പെൺ തേനീച്ച മധുവിനെ അവളുടെ ഹണിസാകിൽ സൂക്ഷിക്കുന്നു. ഹണിസാക്കിലെ എൻ സൈം മധുവിനെ തേനാക്കി മാറ്റുന്നു. ശേഷം ഇതിനെ വെയിറ്റിംഗ് സെല്ലിലേക്ക് മാറ്റുന്നു.
തേനീച്ച മണിക്കൂറിൽ 29 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കും. ഒരു കിലോ തേൻ ശേഖരിക്കാൻ രണ്ടര ലക്ഷം യാത്രകൾ തേനീച്ചകൾ നടത്തണം. തേനീച്ചകൾക്ക് ദൂരത്തെ കുറിച്ചും സമയത്തെ കുറിച്ചും വ്യക്തമായ ധാരണകളുണ്ട്. തേനീച്ച വീടു വിട്ട് രണ്ടോ മൂന്നോ മൈൽ ദൂരം സഞ്ചരിക്കും. എന്നാലും വഴി തെറ്റാതെ അവ തിരിച്ചെത്തും. പകൽ ഒരു തേനീച്ചയെ പിടിച്ചു ബന്ധനത്തിൽ വെച്ചു രാത്രി തുറന്നു വിട്ടാൽ പോലും അത് അതിന്റെ വീട്ടിലെത്തും. പ്രത്യേക സമയത്ത് വിരിയുന്ന പൂക്കളെ തേടി ആ സമയത്തു തന്നെ തേനീച്ചകൾ വന്നെത്തുന്നു.
വ്യത്യസ്ത തരം തേനുകളുണ്ട്. ഞൊടിയൻ തേനീച്ചയുടെ തേനാണ് സാധാരണയായി വിപണനത്തിനെത്തുന്നത്. വ്യാവസായിക അടിസ്ഥാനത്തിൽ പെട്ടികളിൽ വളർത്തുന്ന ഇവയിൽ നിന്നും വൻതോതിൽ തേൻ ഉൽപാദിപ്പിക്കുന്നു. റബർ, കശുവണ്ടി തോട്ടങ്ങൾ കേന്ദ്രീകരിച്ചാണ് ഇത്തരം തേനുൽപാദനം നടത്തുന്നത്. ചെറു തേനീച്ച ഉൽപാദിപ്പിക്കുന്ന തേനാണ് ചെറു തേൻ. ഇതിന് ഔഷധ ഗുണം കൂടുതലാണ്.
വളരെ ഔഷധ പ്രാധാന്യമുള്ള ഒരു അത്ഭുത മരുന്നാണ് തേൻ. വിശുദ്ധ ഖുർആനും പ്രവാചക വചനങ്ങളുമെന്ന പോലെ നാടൻ ചികിൽസാ ആചാര്യന്മാരും ഇതിന്റെ മേന്മ വ്യക്തമാക്കിയിട്ടുണ്ട്. അനവധി രോഗങ്ങൾക്കുള്ള ശമനം തേനിലുണ്ടെന്ന് ആധുനിക ശാസ്ത്രം പറയുന്നു.
ശവ ശരീരം കേടുകൂടാതിരിക്കുവാൻ വേണ്ടി തേൻ പുരട്ടി സൂക്ഷിക്കുന്ന രീതി പുരാതന കാലത്ത് ഉണ്ടായിരുന്നു. യുദ്ധത്തിൽ മുറിവേറ്റവർക്ക് തേൻ നൽകുന്ന പതിവും ഉണ്ടായിരുന്നു. ബുദ്ധ സന്യാസിമാർ തേൻ ഒരു മരുന്നായി ഉപയോഗിച്ചിരുന്നു.
തേനിൽ നിന്നും കിട്ടുന്ന മധുരം ഫ്രക്ടോസിൽ നിന്നും ഗ്ലൂക്കോസിൽ നിന്നും ലഭിക്കുന്നതാണ്. തേനിൽ വെള്ളത്തിന്റെ അംശം വളരെ വളരെ കുറവായതു കൊണ്ട് സൂക്ഷ്മ ജീവികൾ വളരുന്നില്ല. ആന്റി ബാക്ടീരിയലായും ആന്റി ഫംഗലായും ആന്റി സെപ്റ്റിക്കായും തേൻ ഉപയോഗിക്കാം. ഒരു വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങൾക്ക് തേൻ നല്ലതല്ല.
അന്നജത്തിന്റെ നല്ലൊരു സ്രോതസാണ് തേൻ. പാചകത്തിനും ബേക്കിങ്ങിനും പുഡ്ഡിങ്ങുകൾക്കും ഇത് ഉപയോഗിക്കുന്നു. 100 ഗ്രാം തേനിൽ 20 ഗ്രാം ജലാംശം ഉണ്ട്. കൂടാതെ 0.3 ഗ്രാം പ്രോട്ടീനും 0.2 ഗ്രാം ധാതുക്കളും 79 ഗ്രാം കാർബോ ഹൈഡ്രേറ്റും 0.696 മില്ലിഗ്രാം അയണും ലഭ്യമാണ്. ഊർജത്തിന്റെ അളവ് 349 കലോറിയാണ്. കാൽസ്യം 5 മില്ലി ഗ്രാമും ഫോസ്ഫറസ് 16 മില്ലി ഗ്രാമും തേനിൽ അടങ്ങിയിരിക്കുന്നു.
വ്യത്യസ്ത രാസവസ്തുക്കളുടെ ഒരു സങ്കീർണ മിശ്രിതമാണ് തേൻ. ഗ്ലൂക്കോസ്, ഫ്രക്റ്റോസ്, മീഥൈൽ ആന്ത്രാനിലേറ്റ്, ഡയാസറ്റൈൽ, മാനിറ്റോൾ, ഡൽസിറ്റോൾ, മാൾട്ടോസ്, മെലസിറ്റോസ്, എർലോസ്, അസറ്റികോളിൻ, പൊട്ടാസ്യം, ക്ലോറിൻ, സൾഫർ, കാൽസ്യം, സോഡിയം, ഫോസ്ഫറസ്, മെഗ്നീഷ്യം, സിലിക്ക, സിലിക്കൺ, ഇരുമ്പ്, മാംഗനീസ്, ചെമ്പ്, നിക്കൽ, ബോറോൺ, അലൂമിനിയം, അസറ്റിക് ആസിഡ്, മാലിക്കാസിഡ്, ബ്യൂട്ടിരിക്കാസിഡ്, വാലറിക്കാസിഡ്, കാപ്രിക് ആസിഡ്, വിവിധ തരം എൻസൈമുകൾ, വിറ്റാമിനുകൾ തുടങ്ങിയവയുടെ അതി സങ്കീർണ മിശ്രിതമാണ് തേൻ.
പുരാതന പാരമ്പര്യ ചികിൽസയിലും ആയുർവേദത്തിലും തേൻ പ്രധാന ഘടകമാണ്. കഴിക്കുന്ന രീതിയനുസരിച്ചു ശരീരത്തിൽ തേൻ ഉണ്ടാക്കുന്ന മാറ്റം വളരെ വലുതാണ്. വെള്ളത്തിൽ കലർത്തി തേൻ കുടിക്കുന്നത് ചുവന്ന രക്താണുക്കളുടെ അളവു കൂടുന്നതിനു സഹായിക്കുന്നു. വിളർച്ചാ രോഗത്തിന്റെ ലക്ഷണമായ ക്ഷീണം, തളർച്ച എന്നിവ കുറക്കാൻ സഹായിക്കും. ഹീമോഗ്ലോബിന്റെ അളവു കൂടുന്നതു കൊണ്ടാണ് ഇത് സാധ്യമാകുന്നത്. ശരീരത്തിലെ എല്ലാ വ്യവസ്ഥകളുടെയും സുഗമമായ പ്രവർത്തനത്തിനു തേൻ വളരെ നല്ലതാണ്. തേനിലുള്ള ആന്റി ഓക്സിഡന്റുകൾ ശരീരത്തിന്റെ രോഗ പ്രതിരോധ ശക്തി വർധിപ്പിക്കുന്നു. ഒരു ആന്റി സെപ്റ്റിക്കായി പ്രവർത്തിക്കുന്നതിനാൽ മുറിവുകൾ പെട്ടെന്ന് ഉണങ്ങാൻ തേൻ സഹായിക്കും. ദഹന വ്യവസ്ഥയുടെ പ്രവർത്തനം നന്നായി നടക്കുന്നതിന് തേൻ നല്ലതാണ്. പെട്ടെന്ന് ആഹാരം ദഹിപ്പിക്കുന്നതിനും തേനിനു കഴിവുണ്ട്. ആസ്തമ പോലുള്ള ശ്വാസകോശ രോഗങ്ങളെ പ്രതിരോധിക്കുന്നതിനും തുടരെയുള്ള ഉപയോഗം സഹായിക്കും. ചെറിയ തോതിലുള്ള തൊണ്ട വേദനക്ക് ഇളം ചൂടുവെള്ളത്തിൽ നാരങ്ങനീരും തേനും ചേർത്തുണ്ടാക്കുന്ന പാനീയം പരിഹാരമാണ്.
തേനിൽ ചാലിച്ചു കുടിക്കുന്ന ആയുർവേദ മരുന്നുകൾ വളരെ പെട്ടെന്ന് ശരീര കോശങ്ങളിൽ എത്തുന്നു. തേൻ ചേർത്ത ഭക്ഷണം കഴിച്ചാൽ പെട്ടെന്ന് വിശക്കാതിരിക്കും. മലബന്ധത്തെ തടയുകയും ചെയ്യും.
തേനുമായി ബന്ധപ്പെട്ട ഒറ്റമൂലി ചികിൽസകൾ ധാരാളം പ്രതിപാദിക്കപ്പെടുന്നുണ്ട്. ഉറക്കക്കുറവിന് കിടക്കുന്നതിനു മുമ്പ് ഓരോ ടീസ്പൂൺ തേൻ കഴിക്കുന്നത് നല്ലതാണ്. ജലദോഷത്തിന് തുളസിയില നീര്, ചുവന്നുള്ളി നീര് ഇവ ചെറു തേനിൽ ചേർത്ത് കഴിക്കാം. തീ പൊള്ളലിന് ചെറുതേൻ പുരട്ടുക, ചുമക്ക് പഞ്ചസാര പൊടിച്ചത്, ജീരകപ്പൊടി, ചുക്ക്പൊടി ഇവ സമം എടുത്ത് തേനിൽ ചാലിച്ച് കുടിക്കുക. അമിത വണ്ണം കുറക്കാൻ ചെറുതേനും സമം വെളുത്തുള്ളിയും ചേർത്ത് അതിരാവിലെ കുടിക്കുക. ഒച്ചയടപ്പിന് ജീരകം വറുത്ത് പൊടിച്ച് തേനിൽ ചാലിച്ചു കഴിക്കുക. ക്ഷീണം മാറുന്നതിന് ചെറു ചൂടുവെള്ളത്തിൽ ഒരു ടീസ്പൂൺ ചെറുതേൻ ചേർത്തു കുടിച്ചാൽ മതി. ചെങ്കണ്ണിന് ചെറുതേൻ കണ്ണിലെഴുതുക. കൃമി ശല്യത്തിന് നല്ലവണ്ണം വിളഞ്ഞ തേങ്ങയുടെ വെള്ളത്തിൽ ഒരു ടീസ്പൂൺ തേൻ ചേർത്ത് രാവിലെ വെറും വയറ്റിൽ കഴിക്കുക. ശ്വാസം മുട്ടലിന് അഞ്ച് ഗ്രാം നിലപ്പാല ഇല അരച്ച് ചെറുതേൻ ചേർത്ത് കഴിക്കാം. ആസ്തമക്ക് ഈത്തപ്പഴവും ചെറുതേനും സമം ചേർത്ത് കഴിക്കാം.
യൂനാനി, ആയുർവേദം തുടങ്ങി പുരാതന വൈദ്യശാസ്ത്ര വിഭാഗങ്ങളിലെല്ലാം തേൻ കൊണ്ടുള്ള ചികിൽസാ മുറകൾ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ഗ്രീസിൽ നിന്ന് ഉൽഭവിച്ചു അറേബ്യയിൽ വികാസം പ്രാപിച്ച യൂനാനി വൈദ്യശാസ്ത്രത്തിന്റെ ഏറെക്കുറെ ചികിൽസാ മുറകളും തേൻ ചേർത്തുള്ളവയാണ്. പൊതുവെയുള്ള ശാരീരിക ബലക്ഷയം ഇല്ലാതാക്കാനും ആരോഗ്യാഭിവൃദ്ധിക്കും തേൻ സഹായകമാണ്. തേനീച്ചയുടെ ഉള്ളിൽ നിന്ന് തന്നെ ദഹനത്തിന്റെ ആദ്യഘട്ടം നടന്നതിനാൽ മറ്റു പാനീയങ്ങളിൽ നിന്ന് വിഭിന്നമായി പെട്ടെന്ന് തന്നെ ശരീരത്തിന് ഊർജം നൽകാൻ തേനിന് സാധിക്കുന്നു. പോഷക മൂല്യമുള്ള തേനിൽ പാലിന്റെ അഞ്ചിരട്ടി കലോറി ഊർജമുണ്ട്. ക്ഷീണമകറ്റാനും, ബുദ്ധി വികാസത്തിനും മന:ശക്തി വർധിപ്പിക്കാനും രാവിലെ സ്ഥിരമായി ഒരൗൺസ് തേൻ കഴിക്കുന്നത് ഫലപ്രദമാണ്. ദഹനേന്ദ്രിയ വ്യൂഹത്തിലെ വായ, അന്നനാളം, ആമാശയം, ചെറുകുടൽ, വൻകുടൽ തുടങ്ങിയവയുടെ ഏറെക്കുറെ അസുഖങ്ങൾക്കെല്ലാം തേൻ പരിഹാരമാണ്. വായയിലെയും വയറ്റിലെയും പുണ്ണിനും (അൾസർ) അസിഡിറ്റി മൂലമുണ്ടാകുന്ന പ്രശ്നങ്ങൾക്കും തേൻ ശമനം നൽകുന്നു. മലബന്ധത്തെ തേൻ സുഖപ്പെടുത്തുമ്പോൾ തന്നെ വയറിളക്കത്തിനും അത് ഉപയോഗപ്രദമാണ്. രാവിലെ വെറും വയറ്റിൽ ശുദ്ധമായ തേൻ കഴിച്ചാൽ സുഖ ശോധന ലഭിക്കുന്നതാണ്. വയർ വേദനക്കും തേൻ ഔഷധമാണ്. സ്ഥിരമായി രാവിലെ അൽപം ചെറുനാരങ്ങാ നീരും ഒരു ഔൺസ് തേനും അതിന്റെ അഞ്ചിരട്ടി വെള്ളവും ചേർത്തു സേവിക്കുന്നത് കൊഴുപ്പ് കുറക്കാൻ സഹായിക്കും. ശരീരം മെലിയാനും ഈ രൂപത്തിൽ തേൻ കഴിക്കാവുന്നതാണ്. ചർമത്തിലുണ്ടാകുന്ന വിവിധയിനം ചൊറികൾ, ചുണങ്ങ്, വരൾച്ച, കറുത്ത പാടുകൾ തുടങ്ങിയവക്ക് തേൻ ബാഹ്യ ലേപനമായി ഉപയോഗിക്കാം. മുഖത്തെ പാടുകൾ മാറ്റാനും ശരീരകാന്തി വർധിപ്പിക്കാനും കലർപ്പില്ലാത്ത തേൻ മുഖത്ത് ലേപനം ചെയ്യാവുന്നതാണ്.
കഫവുമായി ബന്ധപ്പെട്ട ചുമ, നീരിറക്കം, ഒച്ചയടപ്പ്, ജലദോഷം, ആസ്മ എന്നിവക്കെല്ലാം തേൻ ഫലപ്രദമത്രെ. ഈ അസുഖങ്ങൾക്കുള്ള മരുന്നുകൾ തേനിന്റെ കൂടെ കഴിക്കുമ്പോൾ പെട്ടെന്ന് ഫലം കാണുന്നു. ഇരട്ടിമധുരം, ചുക്ക്, തിപ്പല്ലി, കുരുമുളക് എന്നിവ സമമെടുത്ത് തേനിന്റെ കൂടെ കഴിച്ചാൽ കഫരോഗങ്ങൾക്കെല്ലാം ശമനമുണ്ടാകുന്നു. കായികാഭ്യാസികളും കളിക്കാരും ദിവസവും തേൻ കഴിക്കുന്നത് ക്ഷീണബാധ ഇല്ലാതെ ഇരിക്കുന്നതിനും വേഗത്തിൽ കിതപ്പ് വരാതിരിക്കുന്നതിനും കാലിൽ ഞരമ്പ് വലിയാതിരിക്കുന്നതിനും ഉപകരിക്കും. കുട്ടികൾക്ക് എന്നപോലെ വൃദ്ധന്മാർക്കും തേൻ ഗുണകരമാണ്. ശരീരത്തിൽ ഊർജ സ്വലത കുറയുന്ന ഇക്കാലത്ത് തേൻ കഴിച്ചാൽ നവോന്മേഷം ലഭിക്കും. മഹാത്മാഗാന്ധിയുടെ ആഹാര പദാർഥങ്ങളിൽ തേനും ഉൾപ്പെട്ടിരുന്നു.
