
സിസ്റ്റർ മേരിബനീഞ്ജ (1901 1985)
1901 ജൂൺ 24 ന് ഏറണാകുളം ജില്ലയിലെ ഇലഞ്ഞിയിലെ തോട്ടം കുടുംബത്തിൽ ഉലഹന്നാന്റേയും മാന്നാനം പാട്ടശ്ശേരിൽ മറിയാമ്മയുടേയും മകളായി ജനിച്ചു. ആശാൻ കളരി യിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം മാന്നാനം സ്‌കൂളിലും, മൂത്തോലി കോൺവെന്റ് സ്‌കൂളിലും പഠിച്ചു. തുടർന്ന് വടക്കൻ പറവൂരിലെ സെന്റ് തോമസ് പ്രൈമറി സ്‌കൂളിൽ അദ്ധ്യാപികയായി. അതിനുശേഷം വടക്കൻ പറവൂരിൽ സ്ഥിതിചെയ്തിരുന്ന ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ അദ്ധ്യാപികയായി. 1922-ൽ കുറുവിലങ്ങാട് കോൺവെന്റ് മിഡിൽ സ്‌കൂളിൽ അദ്ധ്യാപിക ആകുകയും പിറ്റേ വർഷം പ്രധാന അദ്ധ്യാപികയുമായി. 1928 ജൂലൈ 16 ന് കർമ്മലീത്ത സന്യാസിനി സഭയിൽ അംഗമായി ചേരുകയും ‘സിസ്റ്റർ മേരി ബനീഞ്ജ’ എന്ന പേര് സ്വീകരിക്കുകയും ചെയ്തു. 1950-ൽ ഇലഞ്ഞി ഹൈസ്‌കൂളിലേക്ക് സ്ഥലം മാറുകയും 1961-ൽ അദ്ധ്യാപക വൃത്തിയിൽ നിന്നും വിരമിക്കുകയും ചെയ്തു. 1985 മെയ് 20-ന് നിര്യാതയായി. ‘ഗീതാവലി’ എന്ന ആദ്യ കവിതാ സമാഹാരം മഹാകവി ഉള്ളൂരിന്റെ അവതാരികയോടുകൂടി 1927-ൽ പ്രസിദ്ധീകരിച്ചതോടെ ഒരു കവയിത്രി എന്ന നിലയിൽ അംഗീകാരം ലഭിച്ചു. സന്ന്യാസി മഠത്തിൽ ചേരുന്നതിന് മുൻപായി രചിച്ച ‘ലോകമേ യാത്ര’ എന്ന കവിത പ്രസിദ്ധമാണ്. 1971-ൽ സാഹിത്യത്തിലെ സംഭാവന പരിഗണിച്ച് മാർപ്പാപ്പ ‘ബെനേമെരേന്തി’ എന്ന ബഹുമതി നൽകി ആദരിച്ചു. കേരള കത്തോലിക്ക അൽമായ അസ്സോസിയേഷൻ 1981 ൽ ചെപ്പേട് നൽകിയും സിസ്റ്റർ മേരി ബനീഞ്ജയെ ആദരിച്ചു. തിരഞ്ഞെടുത്ത കവിതകളുടെ ആദ്യസമാഹാരമായ തോട്ടം കവിതകൾ 1973-ലും രണ്ടാമത്തെ സമാഹാരം ലോകമേ യാത്ര ഇവരുടെ മരണാനന്തരം 1986-ലും ആത്മ കഥയായ ‘വാനമ്പാടി’ 1986-ലും പ്രസിദ്ധീകരിച്ചു.
കൃതികൾ
ഗീതാവലി, ലോകമേ യാത്ര, കവിതാരാമം, ഈശപ്രസാദം, ചെറുപുഷ്പത്തിന്റെ ബാല്യകാലസ്മരണകൾ, വിധി വൈഭവം, ആത്മാവിന്റെ സ്‌നേഹഗീത, അദ്ധ്യാത്മിക ഗീത, മാഗ്ഗി, മധുമഞ്ജരി, ഭാരത മഹാലക്ഷ്മി, കവനമേള, മാർത്തോമാ വിജയം മഹാകാവ്യം, കരയുന്ന കവിതകൾ, ഗാന്ധിജയന്തി (മഹാകാവ്യം), അമൃതധാര.
പുരസ്‌കാരങ്ങൾ
സാഹിത്യ സംഭാവനകൾക്കായി മാർപ്പാപ്പ നല്കിയ ‘ബെനേമെ രേന്തി’ ബഹുമതി. ‘ഹാൻഡ് ബുക്ക് ഓഫ് ട്വൻറി യത്ത് സെഞ്ചുറി ലിറ്ററേചേഴ്‌സ് ഓഫ് ഇൻഡ്യ’ എന്ന ഗ്രന്ഥ ത്തിൽ ഇരുപതാം നൂറ്റാണ്ടിലെ മലയാള സാഹിത്യത്തിലെ പ്രമുഖരിൽ ഒരാളായി സിസ്റ്റർ ബനീഞ്ജയെ വിശേഷിപ്പിച്ചിരിക്കുന്നു.
ഞാൻ കവിതയെഴുതുന്നത് ഉൾപ്രേരണകൊണ്ടാണ്; പ്രചോദനത്താലാണ്. ഉൾപ്രേരണ ശക്തിപ്പെട്ടാൽ മനുഷ്യൻ എന്തും ചെയ്യും. നന്മയും തിന്മയും ചെയ്യും. പക്ഷെ തിന്മയെപ്പറ്റി പറയാൻ ഞാനിവിടെ ഉദ്ദേശിക്കുന്നില്ല. ഭഗീരഥ പ്രയത്‌നമെന്ന് പറയത്തക്ക കാര്യങ്ങളിൽ ഏർപ്പെടാനുള്ള സന്നദ്ധത വലിയ ഉൾപ്രേരണതന്നെയാണ്. സ്വതന്ത്രഭാരതം രൂപമെടുത്തത് മഹാത്മജിയുടെ ശക്തിമത്തായ ഒരു പ്രേരണയുടെ ഫലമായിട്ടല്ലേ? ലോകത്തിൽ ഇന്നുവരെ ഉണ്ടായിട്ടുള്ള നേട്ടങ്ങളെല്ലാം ഓരോ മഹാവിദ്വാൻമാരുടെ ഉൾപ്രേരണയുടെ ഫലമാണ്. മനുഷ്യരിൽ പ്രതിഭ എന്ന ബുദ്ധിവിശേഷത്താൽ അനുഗൃഹീതരായവർക്ക് ഉൾപ്രേരണ ശക്തിപ്പെടുമ്പോൾ അക്ഷരജ്ഞാനമുണ്ടെങ്കിൽ അവർ കവിതയെഴുതും. എഴുതാൻ കഴിവില്ലെങ്കിൽ കാലിപ്പിള്ളേരെപ്പോലെ പാടുകയെങ്കിലും ചെയ്യും. നിശ്ശേഷം അലസന്മാരാണെങ്കിൽ മാത്രമേ അടങ്ങിയിരിക്കൂ. അങ്ങനെ പ്രതിഭ അതിന്റെ സർഗ്ഗശക്തിയെ തള്ളിയൊഴുക്കി പുറത്തേക്ക് വിടുന്നതാണ് കവിത. അതിനെ സ്വീകരിച്ച് പൂജിച്ച് കൈകാര്യം ചെയ്യുമ്പോൾ ആത്മനിർവൃതിയുണ്ടാകുന്നു. ഇങ്ങനെയുണ്ടാകുന്ന കവിതകളിൽ വിഷയവ്യത്യാസമനുസരിച്ച് ആത്മീയപ്രകാശമോ സാമൂഹ്യമാറ്റമോ ഒക്കെ താനേ വന്നു ചേരുകയാണ്. ‘ഓർഡർ കവിതകൾ’ എഴുതുന്ന കാര്യത്തിൽ സ്വയം പ്രചോദനമുണ്ടാവുക വിഷമമാണ്. നിവൃത്തിയില്ലാഞ്ഞിട്ടെഴുതിത്തുടങ്ങും. അങ്ങനെയുള്ള കവിതയെഴുത്ത് എനിക്കിഷ്ടമല്ല. ചിലപ്പോൾ എഴുതാൻ നിർബ്ബന്ധയായിത്തീരും.’
സ്വന്തം കവിതയുടെ ഹേതുപ്രേരണാദികളെക്കുറിച്ച് പഴയ തലമുറയിലെ പ്രസിദ്ധ കവയിത്രിയായ സിസ്റ്റർ മേരിജോൺ തോട്ടത്തിന്റെ സംവീക്ഷണമാണ് മേൽ ഉദ്ധരണി. ആശ്രമജീവിതം പലരെയും വിരസദർശനത്തിലേക്കാണ് ആകർഷിച്ചിട്ടുള്ളത്. ആശ്രമജീവിതം നയിച്ചുകൊണ്ടുതന്നെ സുകുമാര കവിതയെപരിലാളിക്കാനും പരിചരിക്കാനും കഴിയുമെന്ന് തെളിയിച്ച സിസ്റ്ററുടെ കാവ്യജീവിതത്തെക്കുറിച്ച് വിശദമായ വിലയിരുത്തലുകളുണ്ടായിട്ടില്ല. മിസ്റ്റിസിസം, ധാർമ്മിക മൂല്യങ്ങൾ, പ്രകൃത്യുപാസന, സഹാനുഭൂതി സാന്ദ്രമായ ജീവിതവീക്ഷണം, പുണ്യചരീതനായ ക്രിസ്തുദേവന്റെ ജീവിതാദർശപ്രപഞ്ചനം തുടങ്ങിയ കാര്യങ്ങളാണ് ‘തോട്ടം കവിത’കളുടെ വിലപ്പെട്ട വിഭവങ്ങളെന്ന് സമാന്യമായി പറയാം. കവിതക്കോ കന്യാസ്ത്രീ ജീവിതത്തിനോ ഏതെങ്കിലും ഒന്നിന് വിരാമമിടേണ്ടി വന്നാൽ അത് കവിതക്കായിരിക്കും എന്നവർ വളരെ വർഷങ്ങൾക്ക് മുമ്പു തന്നെ രേഖപ്പെടുത്തി. പക്ഷെ കവിത കന്യാസ്ത്രീജീവിതത്തിനു മുമ്പിൽ ചുകുപ്പ്‌കൊടി കാണിച്ചതായി തോന്നുന്നില്ല. മഹാകാവ്യം, ഖണ്ഡകാവ്യം, കാവ്യസങ്കലനങ്ങൾ എന്നീ ശാഖകളിൽ പതിനഞ്ചിൽപ്പരം കൃതികൾ അവർ രചിച്ചിട്ടുണ്ട്. ‘ഗാന്ധിജയന്തി’ മാർത്തോമാ വിജയം’ ‘അമൃതധാര’ ‘ആത്മാവിന്റെ സ്‌നേഹഗീത’ ‘തോട്ടം കവിതകൾ’ ‘ഗീതാവലി’ ‘കവനമേള’ എന്നീ കൃതികൾ സിസ്റ്ററുടെ പ്രധാന കാവ്യോപലബ്ധികളത്രെ.
കന്യാസ്ത്രീകൾക്ക് സ്ഥാനമാനങ്ങൾ കൊടുക്കരുതെന്ന നിയമമുണ്ടായിട്ടും ഈ കവയിത്രിയുടെ സാഹിത്യ പരിശ്രമങ്ങളെ സമാദരിച്ചുകൊണ്ട് 1971 ൽ പോൾ ആറാമൻ ഇവർക്ക് ‘ബേനേമെരേന്തി’ എന്ന പേപ്പൽ ബഹുമതി നൽകുകയുണ്ടായി. ഈ പുരസ്‌ക്കാരം ലഭിക്കുന്ന പ്രഥമ ഭാരതീയ കന്യാസ്ത്രീ അവരാണ്. കേരള ക്രിസ്ത്യൻ റൈറ്റേഴ്‌സ് ആന്റ് ജേർണലിസ്റ്റ് ഫെല്ലോഷിപ്പ് (ഗഇണഖജ) ഏർപ്പെടുത്തിയ ‘സാഹിത്യതാരം’ അവാർഡും (1968) കേരള കത്തോലിക്ക അൽമായ അസ്സോസിയേഷൻ വക ‘പുരസ്‌ക്കാര ചെപ്പോടും’ (1984) സിസ്റ്റർക്ക് സാഹിത്യരംഗത്ത് ലഭിച്ച മറ്റു സ്മരണീയ പുരസ്‌ക്കാരങ്ങളാണ്. വർഷങ്ങളോളമായി ഇലഞ്ഞിയിലെ ഫാത്തിമ കാർമലേറ്റ് കോൺവെന്റിൽ (എറണാകുളം ജില്ല) സന്യാസിനിയായി കഴിയുന്ന സിസ്റ്റർക്ക് കവിതയെക്കുറിച്ച് ധാരാളം കാര്യങ്ങൾ വെളിപ്പെടുത്താനുണ്ട്. വാർദ്ധക്യത്തിലും കവിത അവരുടെ നിതാന്തസഹചാരിണിയാണ്. ഇനി സിസ്റ്ററുടെ കാവ്യവീക്ഷണങ്ങളുടെ വിശദാംശങ്ങളിലേക്ക് കടക്കാം.
സിസ്റ്റർക്ക് സാഹിത്യത്തിൽ അഭിരുചി വളർന്നതെപ്പോഴാണ്? അതു വളർന്നുവന്ന സാഹചര്യങ്ങൾ എന്തെല്ലാമായിരുന്നു?
എന്റെ പ്രൈമറി വിദ്യാഭ്യാസകാലത്ത് മാന്നാനത്ത് മാതൃഭവനത്തിലായിരുന്നു എന്റെ താമസം. അവിടെ എനിക്ക് രണ്ടമ്മാവന്മാരാണുണ്ടായിരുന്നത്. മൂത്തയാളിനെ അച്ചാച്ചാനെന്നും ഇളയയാളിനെ കൊച്ചച്ചനെന്നും ഞാൻ വിളിച്ചിരുന്നു. അന്ന് ഹൈസ്‌കൂൾ വിദ്യാർത്ഥിയായിരുന്ന കൊച്ചച്ചൻ ഒരു നല്ല വാസനാകവിയുമായിരുന്നു. ചില പുസ്തകങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കെ. ചുമ്മാർ പാട്ടശ്ശേരി എന്നായിരുന്നു അദ്ദേഹത്തിന്റെ പേർ. ചില മാസികകളിലും വിശേഷാൽ പ്രതികളിലും അദ്ദേഹത്തിന്റെ കവിതകൾ ഞാൻ വായിച്ചിട്ടുണ്ട്. ഒരാണ്ടിൽ മഹാരാജാവിന്റെ (അന്നു മൂലം തിരുനാൾ) ആട്ടത്തിരുനാൾ വിശേഷാൽ പ്രതിയിൽ കൊച്ചച്ചന്റെ ഒരു മംഗളശ്ലോകം ഞാൻ വായിച്ചിരുന്നു. മൂന്നാം ക്ലാസിലായിരുന്ന ഞാൻ, ആ പദ്യം രസിച്ചു വായിച്ചു മനഃപാഠമാക്കി പാടിക്കൊണ്ടു നടന്നിരുന്നു. അദ്ദേഹത്തോടൊത്തുള്ള സഹവാസത്തിൽ നിന്നാണ് എനിക്ക് കവിതാരചനയിൽ അഭിരുചിയും പ്രചോദനവും ലഭിച്ചത്. കൊച്ചച്ചനെപ്പോലെ ഒരു കവിയാകാനുള്ള ശ്രമം അന്നുതന്നെ തുടങ്ങിയിരുന്നു. മൂന്നാം ക്ലാസ്സുകാരിയാണെങ്കിലും ചില ചില്ലറ കവിതകൾ ഒളിച്ചുവച്ചെഴുതി ആരെയും കാണിക്കാതെ കീറിക്കളയുകയായിരുന്നു അന്നത്തെ പതിവ്.
മിഡിൽ വിദ്യാഭ്യാസം മുത്തോലി കോൺവന്റ് സ്‌കൂളിലും അന്നത്തെ താമസം അവിടുത്തെ ബോർഡിങ്ങിലുമായിരുന്നു. അവിടെവച്ച് അഞ്ചാം ക്ലാസു മുതൽ എഴുതിയ കവിതകൾ സഹപാഠികളെയും അധ്യാപകരേയുമൊക്കെ കാണിച്ചിരുന്നു. അന്നത്തെ കവിതകൾ ഓരോ ഫീസ്റ്റാഘോഷങ്ങൾക്കുവേണ്ടിയായിരുന്നതിനാൽ എല്ലാവർക്കും പാടാനും പഠിക്കാനും മറ്റുമായി കൊടുത്തിരുന്നു. മംഗള പദ്യങ്ങൾ, ഏകാങ്കങ്ങൾ എല്ലാം അവിടെ പഠിച്ചിരുന്ന മൂന്നു വർഷങ്ങൾക്കിടയിൽ ധാരാളമെഴുതിയിട്ടുണ്ട്.
ഹൈസ്‌കൂൾ വിദ്യാർത്ഥിനിയായതോടുകൂടി സാഹിത്യത്തിലുള്ള അഭിരുചി വളർന്നു. അന്നു ഞാൻ കൊല്ലം ഗവൺമെന്റ് സ്‌കൂളിലാണ് പഠിച്ചിരുന്നത്. ‘എന്റെ ഗീതാവലി’ ‘കവിതാരാമം’ എന്നീ സമാഹാരങ്ങളിലെ പല നല്ല കവിതകളും ആ കാലഘട്ടത്തിൽ എഴുതിയിട്ടുള്ളവയാണ്.
കവയത്രി എന്ന നിലയിൽ പ്രചോദനം ലഭിച്ച സ്രോതസ്സുകൾ ഏതെല്ലാമായിരുന്നു? ഈ പ്രചോദനത്തിന്റെയോ പ്രേരണയുടെയോ സ്വരൂപമെന്തായിരുന്നു?
ബാല്യകാലത്തിൽ ഏതോ മാസികയിൽ ഭാഗികമായി ഞാൻ വായിച്ചിട്ടുള്ള ‘ഗീതാഞ്ജലി’ വിവർത്തനം അതിലെ ആശയങ്ങൾ എന്നെ ആകർഷിച്ചിരുന്നു. കൊച്ചപ്പന്റെ മേശപ്പുറത്തുണ്ടായിരുന്ന ‘രാമായണം’ 24 വൃത്തം ഇവ ഞാൻ പലപ്പോഴും എടുത്തുകൊണ്ടുനടന്നു വായിക്കുക പതിവായിരുന്നു. മുത്തോലിൽ ബോർഡിങ്ങിൽ ആയിരുന്നപ്പോൾ ഏഴാം ക്ലാസ് വിദ്യാർത്ഥികളുടെ പാഠ്യപുസ്തകങ്ങളായിരുന്ന നളചരിതം ആട്ടക്കഥയിലെ പദ്യഭാഗങ്ങൾ ‘ഉമാകേരളം’ ഏഴാം സർഗ്ഗം എന്നിവയെല്ലാം അഞ്ചാം ക്ലാസ്സുകാരിയായ ഞാൻ അർത്ഥം മുഴുവൻ മനസ്സിലായില്ലെങ്കിലും ഏതോ ഒരാനന്ദഭൂതിയാൽ പലപ്പോഴും വായിക്കാറുണ്ടായിരുന്നു. പത്രമാസികകളിലൂടെ എന്റെ ഖണ്ഡകൃതികൾ ഒന്നൊന്നായി പുറത്തു വന്നപ്പോഴും ആദ്യഗ്രന്ഥങ്ങളായ ‘ഗീതാവലി’ കവിതാരാമം തുടങ്ങിയ സമാഹാരങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടപ്പോഴും അന്നത്തെ സാഹിത്യലോകത്തിൽ ലോകത്തിൽ തലയെടുപ്പുള്ളവരെല്ലാം എനിക്ക് ധാരാളം പ്രോത്സാഹനം നൽകിയിട്ടുണ്ട്.
കോൺവെന്റ് അന്തരീക്ഷം സിസ്റ്ററുടെ കവിതയുടെ മുഖ്യസ്രോതസ്സാണ്. ഈ അന്തരീക്ഷം കാവ്യസപര്യക്ക് എത്രമാത്രം അനുഗുണമായി ഭവിച്ചു എന്നു വെളിപ്പെടുത്താമോ.
‘നാ ഋഷി കരുതേ കാവ്യം’ എന്ന ആചാര്യ വചനം അർത്ഥവത്താണെന്നു ആശ്രമാന്തരീക്ഷം എനിക്ക് മനസ്സിലാക്കിത്തന്നു. സന്യാസാശ്രമത്തിലെ പവിത്രമായ അന്തരീക്ഷവും നിശ്ശബ്ദതയിലെ ഏകാന്തതയും ഒരു കവിയ്ക്കിണങ്ങിച്ചേരുന്നതുതന്നെ എന്ന് അനുഭവത്തിൽ നിന്ന് ഞാൻ പറയുന്നു. ശബ്ദായമാനമായ അന്തരീക്ഷത്തിൽ കവിയുടെ പ്രതിഭ പ്രവർത്തനരഹിതമായി ശ്വാസംമുട്ടി നിൽക്കും. പ്രകൃതിവിലാസം കളിയാടുന്ന വിജനപ്രദേശങ്ങളും നല്ലതുതന്നെ. എന്റെ കവിതകളിൽ ‘മാസ്റ്റർപീസ്’ എന്ന് അനുവാചകർ സമ്മതിക്കുന്ന ആശ്രമമുറിയിലെ ‘ലോകമേ യാത്ര’ എഴുതിയപ്പോഴും ഞാൻ അച്ചടക്കത്തിലായിരുന്നു. ‘അധ്യാപിക’ എന്നുവേണ്ട എന്റെ കവിതകളെല്ലാംതന്നെ ആശ്രമാന്തരീക്ഷത്തിൽ വെച്ചെഴുതിയിട്ടുള്ളവയാണ്.
കവിതയുടെ ധർമ്മമെന്താണ് എന്നാണ് സിസ്റ്റർ കരുതുന്നത്. സ്വന്തം മാനസികാനന്ദം, സാമൂഹ്യപരിവർത്തനത്തിനുള്ള തീവ്രാഭിലാഷം ഇവയിൽ ഏതെങ്കിലുമാണോ?
കവിയുടെയും അനുവാചകരുടെയും മാനസികാനന്ദം കവിതാധർമ്മത്തിൽ മുന്നിട്ടുനിൽക്കുന്നു. വിഷയവ്യത്യാസമനുസരിച്ചു പലതും കവിതയിലൂടെ സാധിക്കാം. സ്ത്രീലമ്പടന്മാരോ മോഷ്ടാക്കളോ കലഹപ്രിയന്മാരോ ആക്കാനും കവിത മാധ്യമമാകാം.
‘നെടുവീർപ്പുകൊണ്ടു തീർത്തിടാം നെടുതിയുള്ളൊരു കാവ്യ തല്ലജം’ ‘എഴുതാൻ മഷിവേണ്ട പേനയും, മിഴിനീരാലതു നിർവ്വഹിച്ചീടാം.’ എന്നൊക്കെ സിസ്റ്റർ എഴുതി. ദുഃഖാനുഭവങ്ങളുടെ ആവിഷ്‌കരണമാണ് കവിതയുടെ തീവ്രത വർദ്ധിപ്പിക്കുന്നത് എന്ന് അഭിപ്രായമുണ്ടോ? കവിയുടെ വിലപ്പെട്ട വിഭവമാണ് ദുഃഖം എന്ന് അഭിപ്രായമുണ്ടോ?
കവിതയുടെ വിലപ്പെട്ട വിഷയം പലർക്കും പലതാണ്. ദുഃഖനുഭവങ്ങളുടെ ആവിഷ്‌കാരത്തിൽ കവിതയുടെ തീവ്രത വർദ്ധിക്കും. മറ്റേത് വികാരത്തേക്കാളും ഹൃദയ ദ്രവീകരണശക്തി ദുഃഖത്തിന് അഥവാ വിലാപത്തിനുണ്ട്. വെൺമണികവികൾ ശൃംഗാരപ്രിയൻമാരായിരുന്നു. ടാഗോറിനെപ്പോലെ ചിലർ മിസ്റ്റിക്കു കവിതകളിലാണു ശോഭിക്കുക.
ഒരു കവയത്രി എന്ന നിലയിൽ ആദ്യമായി അംഗീകാരത്തിന്റെ ആനന്ദം ലഭിച്ച സവിശേഷമായ മുഹൂർത്തത്തെക്കുറിച്ച് അനുസ്മരിക്കാമോ?
1927-ലെ വൈക്കം സന്മാർഗ്ഗപോഷിണി സഭയിൽ ‘പ്രഭാവതി’ എന്ന കവിത പാരായണം ചെയ്തപ്പോൾ വിദ്വജ്ജനങ്ങളും കവികേസരികളും നിറഞ്ഞിരുന്ന ആ മഹാസദസ്സിൽ ആ കവിതയ്ക്കുണ്ടായ സ്വീകരണം അസാമാന്യമായിരുന്നു എന്നു അതിശയോക്തി കൂടാതെ ഞാൻ പറയുന്നു. അദ്ധ്യക്ഷപീഠം അലങ്കരിച്ചിരുന്ന വടക്കുംകൂർ രാജരാജവർമ്മ രാജാ തിരുമേനി മുതൽ ആ സദസ്സു മുഴുവൻ നിർന്നിമേഷരായി നിശ്ചലരായി എന്നെ നോക്കിയിരുന്ന ആ സന്ദർഭം എന്നെ കോൾമയിർ കൊള്ളിച്ചു. കവയിത്രി എന്ന നിലയിലുള്ള അംഗീകാരത്തിന്റെ ആനന്ദാനുഭൂതി എനിക്കുണ്ടായ ആദ്യസന്ദർഭം അന്നായിരുന്നു എന്നാണെന്റെ ഓർമ്മ.
സിസ്റ്ററുടെ മിക്ക കവിതകളിലും ആത്മീയ ചിന്തയും ധർമ്മോദ്‌ബോധനവുമാണ് സംദൃശ്യമാകുന്നത്. കല സദാചാരസംവർദ്ധനത്തിനാണെന്നു സിസ്റ്റർ കരുതുന്നുണ്ടോ?
അകത്തിരിക്കുന്നതെന്താണോ അതു ജൃംഭിച്ചു പൊട്ടി പുറത്തേക്കുവരും എന്നതു വസ്തുതയാണ്. എന്റെ അന്തരംഗത്തിൽ ആദ്ധ്യാത്മിക ചിന്തയും ധാർമ്മിക ചിന്തയുമാണ് നിറഞ്ഞു നിൽക്കുന്നത്. അവ കവിതാരൂപത്തിൽ തള്ളി പുറപ്പെടുമ്പോൾ കവിതയിലും ആ മണവും ഗുണവും നിറവും സ്വാദും അനുവാചകർക്ക് അനുഭവപ്പെടും. കല സദാചാര സംവർദ്ധകമാണെന്നുള്ള അഭിപ്രായത്തിൽ എനിക്കു യാതൊരു പ്രതിഷേധവുമില്ല. പക്ഷെ വിഷയ വ്യത്യാസമനുസരിച്ച് ദുരാചാര സംവർദ്ധകവും ആകാം. അത് എഴുത്തുകാരനെ ആശ്രയിച്ചിരിക്കും.
സന്യാസവും കവിതയുമായാൽ കൂടുതൽ ഊന്നൽ നൽകുക സന്യാസത്തിനായിരിക്കുമെന്ന് സിസ്റ്റർ ഒരിടത്ത് കുറിച്ചുവച്ചു. ഇവ രണ്ടും സദാ പരസ്പര പൂരകങ്ങളായി തോന്നിയിട്ടുണ്ടോ? സന്യാസത്തിന് കവിത എപ്പോഴെങ്കിലും വിഘ്‌നം വരുത്തിയ അനുഭവമുണ്ടോ?
സന്യാസവും കവിതയും പരസ്പരം പൂരകങ്ങൾ തന്നെ. എന്നാൽ നിയമനിർദ്ദിഷ്ട പരിപാടികളോടുകൂടിയ ആശ്രമജീവിതത്തിൽ സ്വതന്ത്രമായ കവിതാകാമിനിക്ക് ചിലപ്പോൾ ശ്വാസംമുട്ടലുണ്ടാകും. പാറക്കെട്ടിൽ തട്ടി തടസ്സപ്പെടുന്ന കാട്ടാറുകളെപ്പോലെ ഇവിടെ കവിത സന്യാസത്തെയല്ല സന്യാസം കവിതയെയാണ് തടസ്സപ്പെടുത്തുന്നത്. അതും പരിപാടികളാകുന്ന പാറക്കെട്ടിലാണ് തട്ടും തടസ്സവും നേരിടുന്നത്.
ജീവിതത്തിന്റെ സഹസ്രദലശോഭിത്യത്തെ ആവിഷ്‌കരിക്കുവാൻ സിസ്റ്റർക്കു സാധിച്ചിട്ടില്ലെന്നു തോന്നുന്നു. ഒരു ഭാവത്തെ (ആദ്ധ്യാത്മികത) ജീവിതത്തിന്റെ പരമോന്നത ബിന്ദുവിൽ എത്തിക്കുവാൻ സാധിച്ചിട്ടുണ്ടുതാനും. ജീവിതത്തിന്റെ പരുപരുത്ത യാഥാർത്ഥ്യങ്ങളെ ആവിഷ്‌കരിക്കുവാൻ ആഗ്രഹം തോന്നാറില്ലേ?
സഹസ്രദലശോഭിത്വം ആവിഷ്‌കരിക്കുവാൻ സാധിക്കാത്തതിന്റെ കാരണം പരമോന്നത ബിന്ദുവിൽ എത്തിനിൽക്കുന്ന ഏകദലത്തിനുമുകളിൽ തലയുയർത്തി കാണിക്കുവാൻ മറ്റു ദലങ്ങൾക്കു സാധിക്കാത്തതുതന്നെ അഥവാ മറ്റു ദലങ്ങളെ അതു മറച്ചു കളയുന്നു എന്നതാണ്. ജീവിതത്തിന്റെ പരുപരുത്ത യാഥാർത്ഥ്യങ്ങൾ എന്നു പറയുന്നതിൽ അനർത്ഥങ്ങൾ, അസുഖങ്ങൾ, അപമാനങ്ങൾ എന്നിത്യാദിയാണ് ഞാൻ കാണുന്നത്. അങ്ങനെയുള്ള അനുഭവങ്ങൾ ചില കൃതികളിൽ കാണാം, ധാരാളമില്ല.
‘തൂലിക വൈദ്യുതശക്തിയോ നൂതന ജാലമോ നിന്നിലൊളിഞ്ഞിരിപ്പൂ’ എന്നു സിസ്റ്റർ എഴുതി. കാവ്യരചനാനിമിഷത്തിന്റെ വൈശിഷ്ട്യത്തെക്കുറിച്ച് ഇതിൽ പരാമർശിക്കുന്നുണ്ട്. മറ്റു നിമിഷങ്ങളേക്കാൾ രചനാ നിമിഷത്തിന് സവിശേഷതയുണ്ടോ? ഇത് ജാഗരണത്തിന്റെ അല്ലെങ്കിൽ വിസ്മൃതിയുടെ നിമിഷമാണോ? കവിയുടെ നിർവൃതിയുടെ നിമിഷമേതാണ്?
പരേതനായ ഐ.സി. ചാക്കോ പറയുന്നു ‘ഈ കൃതി (ആത്മാവിന്റെ സ്‌നേഹഗീത) ഹൃദയത്തെ ആനന്ദകരമായ വിധത്തിൽ എങ്ങനെയോ നൃത്തം ചെയ്യിക്കുന്നുണ്ട്.’ ചില കവിതകളെഴുതുമ്പോൾ കവിഹൃദയം നൃത്തം ചെയ്യുന്ന അനുഭവം താനറിയാതെ ഉണ്ടാകാറുണ്ട്. അപ്പോൾ തൂലികയോടു ചോദിച്ചുപോകും, ഭാവനയുടെ ആ സരസനൃത്തം തൂലികയിൽ ഒളിഞ്ഞിരിക്കുന്ന ഒരു വൈദ്യുതശക്തിയോ, നൂതനമായ ഒരു ജാലമോ എന്താണെന്ന്! കാവ്യരചനാനിമിഷങ്ങളുടെ ഒരു സവിശേഷതയാണിത്. എഴുതിക്കഴിയുമ്പോൾ ഒരു വലിയ നേട്ടം കൈവന്നതുപോലെയുള്ള കൃതാർത്ഥതയോ നിർവൃതിയോ എന്താണനുഭവപ്പെടുന്നതെന്നു പറയാൻ വാക്കുകൾ കിട്ടുന്നില്ല. സർഗ്ഗനിമിഷങ്ങളിൽ കവി സ്വയം വിസ്മരിച്ചുപോകും. അതേസമയം ആത്മജാഗരമാണ്ടിരിക്കുകയും ചെയ്യും. സ്വയം വിസ്മൃതി കവിതാരചനയിൽ മുഴുകുമ്പോൾ ഉണ്ടാകുന്ന ആനന്ദാതിരേകത്തിന്റെ ഫലമാണ്. രചന പൂർത്തിയാകുമ്പോൾ കൃതാർത്ഥത. ആസ്വാദകാഭിമതിമറിയുമ്പോൾ അഭിമാനം ഇങ്ങനെയാണെന്റെ അനുഭവം.
സിസ്റ്ററുടെ ചില കവിതകൾ കഥാബദ്ധതയുള്ളവയാണ്. കഥാബദ്ധത കവിതക്ക് സഹായകമാണോ? കഥയുടെ ചുവടൊപ്പിച്ച് കവിതയെഴുതിയാൽ കവിയുടെ ഭാവനക്ക് സ്വച്ഛന്ദം വിഹരിക്കുവാൻ ആവുകയില്ലെന്നൊരഭിപ്രായമുണ്ടല്ലോ.
കഥകൾ പലതരമുണ്ടല്ലോ. പുരാണകഥ, ചരിത്രകഥ, സങ്കല്പം, ഐതിഹ്യം, ഇത്യാദി. സങ്കല്പം തന്നെ മറ്റിനത്തിൽപ്പെട്ട കഥകളിൽ ചിലതു വായിക്കുമ്പോൾ കവിതാരൂപത്തിൽ അതിനെ ഒരു സുന്ദര വേഷമണിയിക്കാൻ രസംതോന്നും. ഭാവനയും അതിന് കൂട്ടുനിൽക്കും. അങ്ങനെ വിഹരിക്കുമ്പോൾ ഭാവന അസ്വതന്ത്രമല്ല.
‘ഒരു ശിശുവിന്റെ പ്രാർത്ഥന’ എന്ന കഥാബന്ധിയായ കവിതയുടെ പിറവിയുടെ പശ്ചാത്തലമെന്താണ്? അതൊരു യഥാർത്ഥ സംഭവമാണോ അതോ കാല്പനികമാണോ?
വൈലോപ്പിള്ളിയുടെ ‘മാമ്പഴം’ പോലെ എനിക്ക് ഈ കവിത ഹൃദ്യമായിത്തോന്നി.
അങ്ങനെ രൂപം കൊണ്ടിട്ടുള്ള ഒരു കവിതയാണ് ‘ഒരു ശിശുവിന്റെ പ്രാർത്ഥന’- ആ കഥയെ ഭംഗിയായി ചിത്രീകരിക്കുന്ന ഹൃദയാകർഷകമായ ഒരു പടവും ഞാൻ കണ്ടിട്ടുണ്ട്. മൂന്നുവയസ്സു തികയാത്ത ഒരു പിഞ്ചുകുഞ്ഞ് ബലിപീഠത്തിൽ കയറിയിരുന്നുകൊണ്ട് സക്രാരിയുടെ വാതിലിൽ കൊട്ടി ഉണ്ണിയീശോയെ വിളിച്ചു സംസാരിക്കുന്ന ആ കഥ കേട്ടാൽ. ആ ചിത്രം കണ്ടാൽ, അല്പമെങ്കിലും കവിഹൃദയമുള്ളവൻ കവിതയെഴുതിപ്പോകും. ഇത് സംഭവമോ സാങ്കൽപികമോ എന്ന് നിശ്ചയം പറയാൻ എനിക്ക് നിവൃത്തിയില്ല. ‘സവൃദായി’ രക്തസാക്ഷിണി ഫ്‌ളോറി തുടങ്ങി കഥാബന്ധമുള്ള വേറെ കവിതകളും ‘തോട്ടം കവിത’കളിൽ കാണാം.
ജീവിതനിഷേധം, പലായനം തുടങ്ങിയ ഭാവങ്ങൾക്ക് ഊന്നൽ നൽകുന്ന ഇന്നത്തെ കവിതാ സ്‌ഫോടത്തെക്കുറിച്ചുള്ള സിസ്റ്ററുടെ പ്രതികരണമെന്താണ്?
ജീവിതനിഷേധം, പലായനം തുടങ്ങിയവ കവിതാ രൂപമെടുത്തുകാണാൻ ഞാനിഷ്ടപ്പെടുന്നില്ല. എങ്കിലും ഒരു സൽക്കവിയുടെ തൂലികാശില്പമായിത്തീരുമ്പോൾ കാവ്യരസം അവയിലും കളിയാടാവുന്നതാണ്.
പ്രകൃതി പ്രപഞ്ചനം ചെയ്യുന്ന പല ആശയങ്ങളും സിസ്റ്ററുടെ കവിതയിലുണ്ട്. പ്രകൃതിയോടുള്ള ആരംഭകാലത്തേയും പിൽക്കാലത്തേയും സമീപനം സദൃശമായിരുന്നോ? മനുഷ്യ പ്രകൃതിയെ ആവിഷ്‌കരിക്കുവാൻ ബാഹ്യപ്രകൃതിയെ ആശ്രയിക്കേണ്ടത് അനിവാര്യമാണോ?
മനുഷ്യപ്രകൃതിയെ ആവിഷ്‌കരിക്കുവാൻ ബാഹ്യപ്രകൃതിയെ ആശ്രയിച്ചേ കഴിയൂ എന്നില്ല. എങ്കിലും സന്ദർഭവശാൽ അങ്ങനെ ഒന്നിണങ്ങി വരുമ്പോൾ അതിനു നല്ല സ്വീകരണം നൽകുന്നത് നന്നായിരിക്കും.
ഉപേക്ഷിക്കപ്പെട്ടുപോയ ‘അത്ഭുതസദനം’ (ഖണ്ഡകാവ്യം) ആണ് ‘മർത്തോമ വിജയം’ എന്ന മഹാകാവ്യമായി ജന്മം നേടിയത്. ഒരു കൃതി മറ്റൊരു കൃതിക്ക് അസംസ്‌കൃത വസ്തുവായി മാറിയെന്നർത്ഥം. ഈ രൂപ പരിണാമ പ്രക്രിയയിൽവന്ന നൂതനത്വത്തെക്കുറിച്ച് എന്തെങ്കിലും വെളിപ്പെടുത്താനുണ്ടോ?
‘അത്ഭുതസദനം’ ഒരു ബൈബിൾക്കഥയാണ്. സെന്റ്‌തോമസ് ഇന്ത്യയിൽ നടത്തിയ അപ്പോസ്‌തോലപ്രവൃത്തികളെപ്പറ്റി പ്രതിപാദിക്കുന്ന ഒരു പുസ്തകം ഒരിക്കൽ ഞാൻ വായിക്കാനിടയായി. മോൺസലേസ്‌കിയുടെതെന്നാണെന്റെ ഓർമ്മ. ലളിതമായ ഇംഗ്ലീഷ്. വിശുദ്ധർ ഗുണ്ടഫർ രാജാവിന് കൊട്ടാരം പണിയിച്ച കഥ വായിച്ചപ്പോൾ ഒരു കവിതയെഴുതാനുള്ള പ്രചോദനം എനിക്കുണ്ടായി. എനിക്കന്ന് പതിനേഴു വയസ്സ്. എന്റെ കവിഹൃദയം വളർന്നുവരുന്നതേയുള്ളു. വിശാലമായ മാർത്തോമ്മാ ചരിതം മുഴുവൻ ഒതുക്കിക്കൊള്ളുന്ന ഒരു മഹാകാവ്യത്തെപ്പറ്റി ചിന്തിക്കാൻ പോലും അന്നത്തെ കവിഹൃദയം പര്യാപ്തമായില്ല. അതങ്ങനെയെഴുതി അങ്ങനെപോയി. ‘നഷ്ടശിഷ്ടം ചാരത്തിൽ തീപ്പൊരി’ എന്നപോലെ കവിഹൃദയത്തിൽ ഒളിഞ്ഞു കിടന്നു. നല്ല കാറ്റു വന്നപ്പോൾ തീപ്പൊരി പറന്നു വൈക്കോൽ തുറുവിന് മുകളിൽ പതിച്ചു. പിന്നത്തെ കഥ പറയണമോ? അതുപോലെ ഇതും സംഭവിച്ചു. തിരിയിൽ നിന്നുകൊളുത്തിയ പന്തംപോലെ എന്നുപറയാം.
സ്വന്തം കവിതയുടെ ശില്പപക്ഷത്തെക്കുറിച്ചുകൂടെ ചോദിക്കട്ടെ. വൃത്തബദ്ധത കവിതയുടെ പ്രവാഹത്തിന് തടസ്സമാണെന്ന് എപ്പോഴെങ്കിലും തോന്നിട്ടുണ്ടോ? വൃത്തബദ്ധമാകുന്നതുകൊണ്ട് പ്രയോജനവശങ്ങളെന്തെല്ലാമാണ്.
കവി വാസനാകവിയാണെങ്കിൽ കവിതയുടെ പ്രവാഹത്തിന് വൃത്തനിബന്ധകൾ തടസ്സമാകുകയില്ല. ഗായകന്റെ സംഗീതത്തെ വീണാനിനാദം തടസ്സപ്പെടുത്തുമോ? ഒന്നു മറ്റേതിൽ ലയിച്ച് ഒരു നവമധുരിയും മനോഹാരിതയും കവിതയെ കവിതയാക്കുന്നു. അനുവാചകന് അതാസ്വദ്യമാകുന്നു.
കാവ്യരചനാവേളയിൽ വാക്കുകൾ നിയന്ത്രണാധീനമായിപ്പോകാറുണ്ടോ? വാക്കുകളെ ഉരുക്കി-മെരുക്കിയെടുക്കുവാൻ കവിയിത്രി എന്ന നിലയിൽ ഉണ്ടായ അനുഭവമെന്താണ്? വാക്കുകളുടെ പ്രാധാന്യത്തെക്കുറിച്ച് എന്തു പറയുന്നു?
കാവ്യരചനയിൽ വാക്കുകൾ നിയന്ത്രണാധീനമാകണമല്ലോ. പലതരം കല്ലുകൾ നിരത്തിയിട്ടുകൊണ്ട് ഓരോന്നെടുത്തു ചേരുംപടി ചേർത്തുവെച്ചു കയ്യാലപ്പണിക്കാരൻ സ്വന്തം പണി ഭംഗിപ്പെടുത്തുന്നതുപോലെ ഭാഷാ പണ്ഡിതനായ കവി സ്വന്തം പദസംഭരണത്തിൽ നിന്നു ആശയത്തിനും വൃത്തത്തിനും ചേരുന്ന പദങ്ങൾ അവിടവിടെ ചേർത്തു ചേർത്തു വരികൾ സുന്ദരമാക്കിത്തുടർന്നു പോകുന്നു. ഒരിടത്ത് ഒത്തപദം പെട്ടെന്നു കിട്ടാതെ വന്നാൽ അവിടെ സ്വല്പം ക്ഷമിച്ചു ചിന്തിക്കണം. സമയനഷ്ടമോർത്ത് തിടുക്കത്തിൽ കടന്നു പോയാൽ ‘കല്ലു കാഞ്ഞിരക്കുറ്റി മുള്ളുമുരട് മൂർഖൻ പാമ്പ്’ എന്നപോലെയിരിക്കും വരികൾ.
സ്വന്തം ‘കാവ്യജീവിതത്തെ’ക്കുറിച്ച് ധന്യസ്മരണകളാണോ ഉള്ളത്? ഉദ്ദേശിച്ചതിലേറെ യശസ്സും അംഗീകാരവും കിട്ടി എന്ന ചാരിതാർത്ഥ്യമാ ണോ ഉള്ളത്? അതോ കാവ്യരംഗത്ത് ആസ്വാദകരും നിരൂപകരും നൽകിയ പ്രോൽസാഹനം അപര്യാപ്തമായിരുന്നുവെന്ന പരിദേവനമോ?
സ്വന്തം കാവ്യജീവിതത്തിന്റെ ആരംഭകാലത്തേക്കിറങ്ങിനിന്നു നോക്കിയാൽ യശസ്സിന്റേയും അംഗീകാരത്തിന്റെയും കൊടുമുടിയിൽ കുറെയെല്ലാം കയറിപ്പറ്റിയെന്നു തോന്നും. എത്തിച്ചേർന്നിരിക്കുന്ന സ്ഥാനത്തുനിന്നു നോക്കുമ്പോൾ ഇതിലധികം ഞാനർഹിക്കുന്നില്ലേ എന്ന ഉത്തരം കിട്ടാത്ത ചോദ്യമാണുള്ളിലുണരുന്നത്. വർഗ്ഗീയത, പക്ഷപാതം തുടങ്ങിയ ക്ഷുദ്രജീവികൾ അവാർഡുകമ്മിറ്റിയിലും ബോർഡ് ഓഫ് സ്റ്റഡീസിലും മറ്റും ജോലി ചെയ്യുന്നതുപോലെ തോന്നാറുണ്ട്. എന്റെ ഭാവനയാണിത്.
