ഉസ്സങ്ങാന്റകത്ത് അബ്ദുൽ ഖാദർ സ്വസ്ഥം; കഥയെഴുത്ത്


പഴയ ബർമ്മയിൽ പോയ മലയാളി, നമുക്ക് വലിയ പച്ച അരപ്പട്ടയും കള്ളിമുണ്ടും സ്വർണ്ണപ്പല്ലുമാണ്. ഉസ്സങ്ങാന്റകത്ത് മൊയ്തീൻകുട്ടി ഹാജിയുടെ ചിത്രം ഞാൻ കണ്ടത് ഇങ്ങനെയൊന്നുമല്ല. കോട്ടും ഷൂസും തുർക്കിത്തൊപ്പിയുമായി സുന്ദരനായൊരാൾ. മൊയ്തീൻകുട്ടി ഹാജിയുടെ ഇടതുവശത്ത് ഒരു കൊച്ചു പയ്യൻ; മകൻ. അവന്റെ ഉമ്മ ബർമ്മക്കാരി മാമൈദി. ഏഴുവയസ്സുവരെ അവൻ ഓടിനടന്നത് റംഗൂണിലെ ഐരാവതി തീരത്തുള്ള ബില്ലിൻ ഗ്രാമത്തിലൂടെ. പഗോഡ എന്നറിയപ്പെടുന്ന ഉത്സവപ്പറമ്പുകളിലെ ഉത്സവാഘോഷങ്ങളാണ് അവന്റെ ശൈശവകാല ഓർമ്മ. രണ്ടാംലോകയുദ്ധത്തിൽ അഭയാർഥിയായി പലായനം ചെയ്യുന്നു മൊയ്തീൻകുട്ടി ഹാജി. യാത്രയിൽ കുട്ടി ഒരു ബാധ്യതയായാതിനാൽ അഭയാർഥി ക്യാമ്പിൽ കുട്ടിയെ ഉപേക്ഷിക്കുന്നു എന്ന് ബന്ധുക്കൾ. ഉപ്പ, അബ്ദുൽഖാദർ എന്ന ആ കുട്ടിയെ ഉപേക്ഷിച്ചില്ല. പിന്നീട് ആ കുട്ടി കൊയിലാണ്ടിയിലെത്തുന്നു. ഉസ്സങ്ങാന്റകത്ത് അബ്ദുൽ ഖാദറിനെ ഇന്ന് കേരളമറിയും. മലയാളം മാതൃഭാഷയല്ലാത്ത അദ്ദേഹം മലയാളത്തിൽ അമ്പതിൽപരം ഗ്രന്ഥങ്ങളുടെ കർത്താവ്. വടക്കേ മലബാറിന്റെ കഥകളെഴുതിയ ഖാദറിന്റെ കഥകളിലെ ഫോക്‌ലോർ വിഷയമാക്കി ഡോക്ടറേറ്റ് എടുത്തത് തെക്കുനിന്നുള്ള ഡോ.റീജ. ഇന്ന് കേരള യൂനിവേഴ്‌സിറ്റിയിൽ നാലു വിദ്യാർഥികൾ ഗവേഷണം നടത്തുന്നത് ഖാദർകഥകളിൽ.
എന്റെ മുൻതലമുറയിലെ വലിയ കഥാകാരനായ യു.എ.ഖാദറുമായുള്ള സംഭാഷണത്തിൽ നിന്ന്.


തൃക്കോട്ടൂർ കഥകളിലൂടെയാണ് ഖാദർ അറിയപ്പെടുന്നത്. തൃക്കോട്ടൂർ കഥകൾക്ക് എത്രയോ മുമ്പും വിശുദ്ധ പൂച്ച പോലുള്ള നല്ല കഥകൾ എഴുതിയിട്ടുണ്ട്; അതിനു ശേഷവും. ഇങ്ങനെ തൃക്കോട്ടൂരിന്റെ കഥാകാരൻ എന്ന ഒരു കള്ളിയിൽ ഒതുങ്ങിപ്പോകുന്നുണ്ടോ?
തൃക്കോട്ടൂർ കഥകൾക്ക് ഒരു പ്രത്യേക ഭാഷയുടെ ഈണം ഉണ്ടായിരുന്നു. വടക്കേ മലബാറിലെ ഗ്രാമീണ പദപ്രയോഗങ്ങളുടെയും നാടൻചൊല്ലുകളുടെയും ചൊൽക്കെട്ടുകളുടെയും തോറ്റങ്ങളുടെയുമൊക്കെ ഒരു റിഥം ആ ഭാഷക്കുണ്ട്. മലയാളി പഴയ ഗൃഹാതുരത്വം മനസ്സിൽ സൂക്ഷിക്കുന്നവനാണ്. ഇങ്ങനെയുള്ള തനി നാട്ടിൻപുറം ഭാഷ കഥകളിൽ വന്നപ്പോൾ അതവന് കൂടുതൽ ആസ്വാദ്യമായിത്തോന്നി.
കഥകളെഴുതാൻവോണ്ടി ഉണ്ടായതല്ല ആ ഭാഷ. കഥകളിലേക്ക് തനിയെ വന്നതാണ്. ഗ്രാമീണ കേരളത്തിന്റെ വിശേഷിച്ചും വടക്കേ മലബാറിന്റെ പുരാവൃത്തങ്ങളെയും നാടോടിമിത്തുകളെയും വിശ്വാസങ്ങളുടെയും അനുഷ്ഠാന കലകളുടെയുമെല്ലാം ആസ്പദമാക്കിയുള്ള കഥകൾ ആയതുകൊണ്ട് ആ കഥകൾ പഴയ വടക്കൻപാട്ടിന്റെയും തോറ്റംപാട്ടിന്റെയും ഒക്കെയൊരു രീതിയിലാണ് അവതരിപ്പിച്ചത്. അതുവരെ മലയാളത്തിൽ ഇല്ലാത്ത, മലയാളി ആസ്വദിച്ചിട്ടില്ലാത്ത, എന്നാൽ അവരുടെ മനസ്സിൽ സൂക്ഷിക്കുന്ന ഒരു മുഴക്കമാണ് തൃക്കോട്ടൂർ കഥകളിലൂടെ വന്നത്. ഇപ്പോഴും ഞാൻ മറ്റു തരത്തിലുള്ള കഥകളെഴുതിയാൽ ആ ഒരു സ്റ്റൈലിലുള്ള കഥകളാണ് വേണ്ടത് എന്നു പറയാൻ തുടങ്ങിയിരിക്കുന്നു. ഒരു തരത്തിൽ എന്നെ തൃക്കോട്ടൂരിന്റെ വലയത്തിൽ കുരുക്കിയിട്ടിരിക്കുകയാണ്. പിന്നീട് എഴുതിയ പല കഥകളും സ്വന്തം ജീവിതത്തിലെ അനുഭവത്തിന്റെ പശ്ചാത്തലകഥകളാണെങ്കിലും തൃക്കോട്ടൂരിന്റെ രീതി വേണം, ആ ഒരു ഭാഷയുടെ മുഴക്കം വേണം എന്ന് വായനക്കാർ പറയുന്നു. അതുകൊണ്ട് ഈ പെരുമ എന്നെ ഒരു കണക്കിൽ ഒരു കയർവട്ടത്തിൽ ഒതുക്കുന്ന ഒന്നാണ്.
കഥാസ്വാദകർക്ക് ഈ ഒരു പ്രത്യേക ഭാഷയുടെ താളം ആസ്വദിക്കാനാണ് ഇഷ്ടം. മൂന്നു തരത്തിലാണ് മലയാളിയുടെ കഥാസ്വാദനം ഒന്ന്: കഥ. രണ്ട്: കഥയുടെ പശ്ചാത്തലത്തിൽ വരുന്ന നാടോടിസങ്കല്പം. മൂന്ന്: അതിന്റെ ഭാഷ. ഈ മൂന്നുതരത്തിലാണ് തൃക്കോട്ടൂർ കഥകളെ വായനക്കാരൻ സ്വീകരിക്കുന്നത്. അതുകൊണ്ട് എന്റെ വായനക്കാരന് ഈ മൂന്നു മുഴക്കവും എന്റെ കഥകളിൽ ഉണ്ടാവണമെന്ന വാശിയാണ്. അതുകൊണ്ട് തൃക്കോട്ടൂർ കഥകൾ ചെലുത്തുന്ന സ്വാധീനം എത്ര നല്ല കഥകൾ എഴുതിയാലും വായനക്കാരന്റെ മനസ്സിൽ എത്താതെയാക്കി. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്ന ‘യോഗ്യന്മാർ വാഴും’ എന്ന കഥ, അതുപോലെ ഒരു നാടകക്കാരന്റെ ജീവിതത്തെ ആസ്പദമാക്കി ‘ഇരുട്ടിൽ’ എന്ന കഥ, ചിത്രകലാ വിദ്യാലയത്തിലെ ഒരു ദിവസത്തെക്കുറിച്ചുള്ള കഥ ഇതൊക്കെ എന്നെ സംബന്ധിച്ച് മികച്ച കഥകളാണ്. ഇതിലൊക്കെ ഈ ഭാഷയുടെ മുഴക്കം ഇല്ലാത്തതുകൊണ്ടാവാം ശ്രദ്ധിക്കപ്പെടാതെ പോയത്.
ബർമ്മയിൽ ജനനം. വളർന്നത് കൊയിലാണ്ടിയിൽ. തിക്കോടിയിൽ നിന്ന് കല്ല്യാണം കോഴിക്കോട്ട് ജീവിതം. റംഗൂണിലെ ഐരാവതി തീരത്തെ ഓർമ്മകൾ ഇപ്പോഴുമുണ്ടോ?
ഐരാവതിയിലെയും അവിടത്തെ പൂരത്തിന്റെയുമൊക്കെ ഓർമ്മകൾ ഇന്നും മനസ്സിലുണ്ട്. ഞാൻ ഏഴുവയസ്സിലാണ് ഇന്ത്യയിലേക്കു വരുന്നത്. സ്വാഭാവികമായും ഓർമ്മവെക്കുന്ന കാലമാണ് എന്നെ സംബന്ധിച്ച് ബർമ്മ.
ഉമ്മ എന്നുള്ളത് എനിക്ക് കേട്ടറിവായിരുന്നു. എന്നെ പ്രസവിച്ച് മൂന്നാംനാൾ അവർ മരിച്ചുപോയി. എനിക്ക് മുലപ്പാൽ തന്നത് ആരാണെന്നുപോലും എനിക്കറിയില്ല.
ബർമ്മയിൽ വലിയ ഗോഡൗൺപോലെയുള്ള കെട്ടിടത്തിലായിരുന്നു എന്റെ ഉപ്പയുടെ സ്റ്റാൾ. ആ ഗോഡൗണിന്റെ ഓരത്ത് നിരവധി പീടികകൾ ഉണ്ടായിരുന്നു. അതിലൊന്നിലെ ഒരു സ്ത്രീ പതിവായി എന്നെ കൊണ്ടുപോകുമായിരുന്നു. അവരുടെ കൂടെയാണ് ഞാൻ രാത്രിവരെ. അവരാണെനിക്ക് ഭക്ഷണം തന്ന് പോറ്റി വളർത്തുന്നത്. രാത്രിയാവുമ്പോൾ ഉപ്പാന്റെ മരുമകൻ അബ്ദുറഹ്മാൻ വന്നാണ് എന്നെ കൂട്ടിക്കൊണ്ടുപോവുക.
പെഗോഡകളിൽ ഉത്സവം നടക്കുമ്പോൾ ബഗനിൽ എന്നെക്കൊണ്ടുപോയി. പെഗോഡകളിലെ ഉത്സവനാളുകളിൽ ഉത്സവച്ചന്തകളുണ്ടാക്കി ഉപ്പ കച്ചവടത്തിനു പോയിരുന്നു. ഈ ചന്തപ്പീടികയുടെ പിന്നാമ്പുറത്താണ് ഞാനിരിക്കുക. ഒഴിഞ്ഞ ഒരുതരം വയൽപ്രദേശമായിരുന്നു അവിടം. കൊടിതോരണങ്ങൾ തൂക്കിയിട്ടിരുന്നു. അവിടെ വിശറിയുമായി ബർമ്മീസ് പെണ്ണുങ്ങൾ നൃത്തംചവിട്ടുമായിരുന്നു. ആ നൃത്തം എനിക്കിപ്പോഴും ഓർമ്മയുണ്ട്.
പെഗോഡകളിൽ ബുദ്ധവിഗ്രഹങ്ങൾ ഉണ്ടായിരുന്നു. അതിന് വശങ്ങളിൽ വർണത്തൊങ്ങലുകൾ ഉണ്ടായിരുന്നു. അതങ്ങനെ തിരിയുമ്പോൾ ചക്രം കറങ്ങുന്നതായി തോന്നും. ഇതെല്ലാം ഇപ്പോഴും തെളിഞ്ഞ ചിത്രമായി മനസ്സിലുണ്ട്.
ഐരാവതി നദി എന്റെ ഓർമ്മയിൽ ഇപ്പോഴുമുണ്ട്. അതിന്റെ മുകളിൽ മരത്തിന്റെ കാലുകൾ നാട്ടി അതിൽ പലവക നിരത്തിയാണ് ഞങ്ങളുടെ വീട് നിർമ്മിച്ചിരിക്കുന്നത്. അവിടെ മിക്കവാറും വീടുകൾ അങ്ങനെയായിരുന്നു. വെള്ളപ്പൊക്കം ഇടക്കിടെ ഉണ്ടാകുമ്പോൾ പ്രതിരോധിക്കാനാണ് കാലുകൾ നാട്ടി വീട് നിർമ്മിക്കുന്നത്. ഞാനൊരിക്കൽ പലകക്കിടയിലൂടെ വെള്ളത്തിലേക്ക് വീണു. അപ്പോൾ സമീപത്തെ ചൈനക്കാരുടെ കുടുംബമാണ് രക്ഷിച്ചത്. അങ്ങനെ അപകടം സംഭവിച്ചപ്പോഴാണ് എന്നെ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനെക്കുറിച്ച് ആലോചിച്ചതെന്നാണ് ഉപ്പ പറഞ്ഞത്.
പക്ഷേ, നാട്ടിൽ എന്നെ എങ്ങനെ സ്വീകരിക്കുമെന്ന് ഉപ്പക്കറിയില്ല. വീട്ടുകാർ അറിയാതെ കല്യാണം കഴിക്കുകയും അതിൽ ജനിക്കുകയും ചെയ്തയാളാണ് ഞാൻ. ഉപ്പയുടെ ജ്യേഷ്ഠൻ ടൂൺസൂണിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു. അയാൾ കല്യാണം കഴിച്ചിരുന്നില്ല. എന്റെ ഉപ്പയാണ് അനധികൃതമായി കല്യാണം കഴിച്ചത്. ഉമ്മ മൂന്നാംനാൾ മരിച്ചൊരു കുഞ്ഞാണ് ഞാൻ. ആ കുഞ്ഞിനെ എങ്ങനെ നാട്ടിൽ കൊണ്ടുപോകും? കൊണ്ടുപോകണമെന്നല്ലാതെ എപ്പോൾ, എങ്ങനെയെന്നൊന്നും ഉപ്പക്കറിയില്ല.
അങ്ങനെയിരിക്കുമ്പോൾ രണ്ടാം ലോകയുദ്ധം ഉണ്ടാകുന്നു. അപ്പോൾ ബർമ്മക്കാർ അഭയാർഥികളായി ഇന്ത്യയിലേക്കു പലായനം ചെയ്യാൻ തുടങ്ങി. അവസാനത്തെ കപ്പലും പോയിക്കഴിഞ്ഞപ്പോൾ ബാക്കിയായ ഞങ്ങൾ ഹറാക്കിയൻ മലകളിലൂടെ ഇന്ത്യയിലെത്തി. ആ വരവിൽ കുട്ടിയായ എന്നെ വഴിയിൽ ഉപേക്ഷിച്ചു കളയാൻ പലരും പറഞ്ഞു. ഞാൻ ഒരു ബാധ്യതയായതിനാൽ അഭയാർഥി ക്യാമ്പിൽ ഉപേക്ഷിക്കാനാണ് ഉപ്പയെ ഉപദേശിച്ചത്. വെള്ളമില്ല. വെളിച്ചമില്ല. ദുരിതയാത്ര. യാത്രയിൽ പലരും മരിച്ചുവീണു, പക്ഷേ, ഉപ്പ ബർമ്മക്കാരിയിലുണ്ടായ എന്നെ ഉപേക്ഷിക്കാൻ സമ്മതിച്ചില്ല. എന്നെയും കൂടെ കൂട്ടി.
നാട്ടിലെത്തിയപ്പോൾ വലിയ സ്വീകരണമായിരുന്നു. പക്ഷേ, ഞാൻ കണ്ട കാലാവസ്ഥയല്ല ഇവിടെയുള്ളത്. ഭാഷയും വേഷവും വീടും പറമ്പും ഒക്കെ വ്യത്യസ്തം.
എന്നെ അവിടെ നിർത്തി ഉപ്പ വീണ്ടും കച്ചവടത്തിനൊക്കെയായി മദിരാശി ഭാഗത്തൊക്കെ പോയി. എന്നെ ഭാഷ പഠിപ്പിക്കാനും എന്റെ ഭാഷ വിവർത്തനം ചെയ്യാനും ഉപ്പാന്റെ മരുമകൻ അബ്ദുറഹ്മാനെ അവിടെ നിർത്തി. ഞാൻ പറയുന്നതൊന്നും ഉമ്മാമക്ക് അറിയില്ലായിരുന്നു. അവരുടെ സഹായത്തിനും എന്റെ സഹായത്തിനുമാണ് അബ്ദുറഹ്മാനെ അവിടെ നിർത്തിയത്.
പഠിക്കാൻ പോയതായിരുന്നു മറ്റൊരു വിഷയം. ഏഴു വയസ്സ് കഴിഞ്ഞവനെ സ്‌കൂളിൽ ഒന്നാം ക്ലാസിൽ ചേർക്കുക വിഷമമായി തോന്നി. പിന്നെ എന്റെ മുഖം വ്യത്യാസമുള്ളതിനാൽ മറ്റു കുട്ടികളുടെ ഇടയിൽ എങ്ങനെ ഇരുത്തും എന്നൊക്കെയുള്ളത് വലിയ പ്രതിസന്ധിയായി. അങ്ങനെ ഓത്തു പഠിക്കാൻ മമ്മു മുസ്‌ല്യാരുടെ അടുക്കലേക്ക് കൊണ്ടുപോയി. ഓത്തുപുരയിൽ ശരിയാകാത്തതിനാൽ വീട്ടിലാക്കി. പിന്നെ സ്‌കൂളിൽ കൊണ്ടു ചെന്നാക്കി. സ്‌കൂളിൽ ഞാനൊരു ഒറ്റപ്പെട്ടവനായി. കുട്ടികൾ കളിക്കാൻ കൂട്ടാറില്ല. കൂട്ടത്തിൽ കൂടാതെ ഒരകൽച്ച എനിക്ക് ബോധ്യമായി. ജീവിതത്തിലുടനീളം ആ ഒറ്റപ്പെടൽ ഉണ്ടായിട്ടുണ്ട്.
പഠനകാലത്ത് വലിയ വിഷമവും കെടുതിയുമൊക്കെയുണ്ടായി. ആയിടക്കാണ് ഉമ്മാമയുടെ മരണം. അതെന്നെ വല്ലാതെ ഒറ്റപ്പെടുത്തി. ഉമ്മാമയായിരുന്നു വീട്ടിലെ എന്റെ കൂട്ട്. എനിക്ക് പിണങ്ങാനും ഭക്ഷണം ചോദിക്കാനും വേണ്ടെന്ന് പറഞ്ഞ് വലിച്ചെറിയാനും മടിയിൽ ചേർന്നിരിക്കാനുമൊക്കെ സ്വാതന്ത്ര്യമുണ്ടായിരുന്ന ആൾ. ആ മരണം എന്നെ തളർത്തി.
പന്ത്രണ്ടാമത്തെ വയസ്സിൽ എന്നെ ഇളയമ്മയുടെ വീട്ടിൽ കൊണ്ടുപോയി. അതൊരു പഴയ തറവാടായിരുന്നു. ഇവിടുത്തേതിൽ നിന്നും വ്യത്യസ്തമായ അന്തരീക്ഷം. വല്ലാത്ത ഒറ്റപ്പെടലായിരുന്നു അവിടെ. രാത്രിയാവുമ്പോൾ എല്ലാവരും വീട്ടിൽ കയറി വാതിലടയ്ക്കും. ഞാനാ വീടിന്റെ വശത്തെ മുറിയിൽ താമസിക്കും. ഭക്ഷണം കഴിക്കാൻ സമയമാവുമ്പോൾ എന്നെ വിളിക്കും. അവിടെയുണ്ടായിരുന്ന കുട്ടികളാരും എന്നെ കൂട്ടിയിരുന്നില്ല. എല്ലാവരിൽ നിന്നും ഒരകൽച്ച. എനിക്ക് വിശക്കുന്നു എന്ന് പറയാൻ കഴിയുമായിരുന്നില്ല. അവിടെ ഭക്ഷണം വിളമ്പുമ്പോൾ എനിക്കും പോയി കഴിക്കാം. അത്രമാത്രം.
”എപ്പോഴും എപ്പോഴും ഉറയുവാനും തട്ടകം കിടുങ്ങേ കാര്യം വിളിച്ചോതുവാനും കഥ എന്നിൽ ആവേശിച്ചുകയറേണമേ? അതിനുള്ള കഥാന്തരീക്ഷത്തിന്റെ കേളികൊട്ടുകൾ എന്റെ ചുറ്റും മുഴങ്ങേണമേ? കൈയിലെ പള്ളിവാളിൽ സ്വന്തം നെറ്റിയിലെ ചോരയുണങ്ങാതെ എന്നും വാർന്നൊലിച്ചുകൊണ്ടേയിരിക്കേണമേ?” ഇതാണല്ലോ ഒരു കഥാകാരനെന്ന നിലയിൽ താങ്കളുടെ പ്രാർഥന. താങ്കളുടെ കഥാരചനാരീതി?
കഥ മുൻകൂട്ടി പ്ലാൻ ചെയ്ത് ആദ്യത്തെ വാചകം, തുടക്കം, മധ്യം, അവസാനം എന്നിങ്ങനെ എല്ലാ പൂർത്തീകരണവും നടത്തി വാചകങ്ങൾപോലും മനസ്സിൽ ധ്യാനിച്ചാണ് എഴുതുന്നതെന്നാണ് എല്ലാ എഴുത്തുകാരും പറയുന്നത്. പക്ഷേ, എന്റെ രീതി അതല്ല. എന്റെ എഴുത്ത് തുടങ്ങുന്നത് എഴുതിയേ തീരൂ എന്ന ഘട്ടമെത്തി മനസ്സ് എഴുതാൻ നിർബന്ധിക്കുമ്പോഴാണ്. ആ സമയത്ത് പേനയെടുക്കുമ്പോൾ ഏതെങ്കിലും ഒരു കഥാപാത്രം എന്റെ മനസ്സിൽ കയറിവരും. ആ കഥാപാത്രത്തെക്കുറിച്ച് ഒരു വരി എഴുതുന്നു. ആ വരി പിന്നെത്തെ വരിക്ക് പ്രേരണയാകുന്നു. അത് അടുത്ത വരിക്ക് പ്രേരണയാകുന്നു. അങ്ങനെയെഴുതിയെഴുതി എന്റെ പിടിയിൽ നിന്ന് വിട്ടു പോയാണ് കഥയായി മാറുന്നത്.
ഒരിക്കലും ഒരു കഥ എഴുതാൻ തുടങ്ങുമ്പോൾ ആ കഥ ഇന്നതായിരിക്കണമെന്നും ആ കഥ എങ്ങനെ അവസാനിപ്പിക്കണമെന്നും എന്റെ മനസ്സിലുണ്ടാവാറില്ല. അത് കഥയായി ഭവിക്കലാണ്. അതാണ് ഞാൻ വെളിച്ചപ്പാടിനെക്കുറിച്ച് പറയുന്നത്. ഉറയുന്നത് ഒരു പ്രത്യേക അന്തരീക്ഷത്തിലാണ്. വിളക്കിന്റെയും കൊട്ടിന്റെയും ആർപ്പുവിളികളുടെയും ഒക്കെ അന്തരീക്ഷത്തിൽ വിളക്കിന്റെ ജ്വാലയിൽ ദേവിയെ കാണുമ്പോൾ വെളിച്ചപ്പാടിന് എന്തൊക്കെയോ തോന്നും. ആ വിഭ്രാന്തിയുടെ നിമിഷത്തിലാണ് അയാൾ വിളിച്ചു പറയുന്നത്. അലൗകികമായ തലം രൂപപ്പെടുന്നു. ഈ അലൗകികത, ഒരുതരം ഫാന്റസി എഴുതുന്ന നിമിഷങ്ങളിൽ എനിക്കുമുണ്ടാകുന്നു. പലപ്പോഴും ഞാൻ എഴുതിക്കഴിഞ്ഞാൽ ഇത് ഞാൻ തന്നെ എഴുതിയതാണോ എന്നുപോലും തോന്നിയിട്ടുണ്ട്.
തട്ടാൻ ഇട്ട്യേമ്പിയെഴുതുമ്പോൾ എന്റെ മനസ്സിലുള്ളത് അവിടെയുള്ള സർപ്പക്കാവ്-ഇട്ട്യേമ്പിയുടെ രണ്ടു പെൺമക്കൾ. പിന്നെ എന്റെ കുട്ടിക്കാലം. അതൊരു കഥയായെഴുതണമെന്നോ കഥക്ക് പറ്റിയതാണെന്നോ കരുതിയവയല്ല. അതിലെ ആദ്യത്തെ വാചകം ‘തൃക്കോട്ടൂർ അംശം…’ എന്നിങ്ങനെ എഴുതിവന്നപ്പോൾ എന്റെ കുട്ടിക്കാലവും പഴയ പുരാവൃത്തവും സർപ്പക്കാവും ഞാൻ അനുഭവിച്ചതുമെല്ലാം വന്നുഭവിക്കുകയായിരുന്നു. മുൻധാരണവെച്ച് ഒന്നും എഴുതാറില്ല.
തൃക്കോട്ടൂരിൽ നിന്ന് വിഭിന്നമായൊരു കഥപറയാം. അളകാപുരി ഹോട്ടലിൽ വൈകുന്നേരം കെ.എ.കൊടുങ്ങല്ലൂരും ഞങ്ങളുമൊക്കെക്കൂടി ഒത്തുചേരുന്നതിനെക്കുറിച്ച് ഒരു വരിയെഴുതി. പിന്നെ അതൊരു കഥയായി മാറി. ആദ്യത്തെ വരിയെഴുതുമ്പോൾ അതുവരെയുള്ള ഞങ്ങളുടെ വൈകുന്നേരങ്ങളും ചർച്ചകളും സൗഹൃദവുമൊക്കെ മനസ്സിൽ വരും. എഴുതിയെഴുതി പൂർത്തിയാക്കുമ്പോൾ അത് കഥയായി മാറും. അതുകൊണ്ടാണ് ഞാൻ പറയുന്നത് വെളിച്ചപ്പാടിനെപ്പോലെ എന്നും തലയിൽ ചോര വാർന്നൊലിച്ചു കൊണ്ടിരിക്കേണമേ എന്ന്.
മുമ്പൊരിക്കൽ ഒരു ചാനലിനുവേണ്ടി ഖാദർക്കയുടെ കൂടെ ഖാദർകഥകളുടെ പശ്ചാത്തലം തേടി സഞ്ചരിച്ചിട്ടുണ്ട്. അമ്പലങ്ങൾ, മഖാമുകൾ, പള്ളികൾ, ഖാദർക്കയുടെ തറവാട്, ചാലിയത്തെരുവ്, സർപ്പക്കാവ്… ദേശത്തിലേക്ക് ഇത്രയേറെ വേരുകളാഴ്ത്തിയ മറ്റൊരു എഴുത്തുകാരനില്ല…
എന്റെ എഴുത്ത് യുക്തിസഹമല്ല. യുക്തിക്കതീതമാണ് എന്റെ എല്ലാ കാര്യങ്ങളും. ബാല്യം ഇല്ല എന്നു പറഞ്ഞതുപോലെ ഇല്ലാത്ത ബാല്യം ഉണ്ടാക്കാൻ വേണ്ടിയാണ് എല്ലാത്തിലേക്കും മുഴുകുന്നത്. ഉദാഹരണത്തിന് സർപ്പക്കാവ്. അതിന്റെ എല്ലാ വിശദാംശങ്ങളിലേക്കും പോകുന്നത് ബാല്യം തേടിയാണ്. കൊരയങ്ങാട്ടെ തെരുവ്, തെരുവിനടുത്ത വീടുകൾ, അതിനടുത്ത അമ്പലങ്ങൾ എന്നിവക്കിടയിലൂടെ കൈത്തറികളുടെ ശബ്ദത്തിനിടയിലൂടെ കുട്ടിക്കാലത്ത് ഒറ്റക്കൊരു നടത്തമുണ്ട്. ആ സമയം സമപ്രായക്കാരായ കുട്ടികളെ കാണുമ്പോൾ പോയി പരിചയപ്പെടും. അങ്ങോട്ട് ചെന്ന് സൗഹൃദമുണ്ടാക്കും. അങ്ങനെയാണ് ഉത്സവങ്ങളും മറ്റും അടുത്തറിയാനായത്. പള്ളികൾ, അവിടത്തെ നേർച്ചകൾ, ത്വരീഖത്ത് ഒക്കെ എനിക്ക് പരിചിതമായിരുന്നു. അതെല്ലാം എന്റെ മനസ്സിൽ വല്ലാതെ നിറയുന്നുണ്ടായിരുന്നു. തൃക്കോട്ടൂർ കഥകളായതുകൊണ്ടാണ് അമ്പലങ്ങളുടെയും മറ്റും കഥകൾ വരുന്നത്. ‘ചങ്ങല’ മുസ്‌ലിം സാമൂഹികജീവിതത്തിലെ അനുഷ്ഠാനങ്ങളും മറ്റുമാണ്. ‘അറബിക്കടലിന്റെ തീരം’ ശ്രദ്ധിക്കപ്പെടാതെ പോയെങ്കിലും ബദരീങ്ങളുടെ ആണ്ട്, നേർച്ചച്ചോറ് കൊടുക്കുന്നത്, നേർച്ചച്ചോർ ഉണക്കി ബർമയിലും സിംഗപ്പൂരും പോകുന്നവർക്ക് കൊടുത്തുവിടുന്നത് തുടങ്ങിയ പഴയ ആചാരങ്ങളെല്ലാം അതിലുണ്ടായിരുന്നു. ഏറ്റവും കൂടുതൽ നേർച്ചയെക്കുറിച്ച് അറിയാവുന്ന മലയാളത്തിലെ എഴുത്തുകാരൻ ഞാനാണ്. മുസ്‌ലിം പള്ളികൾക്കകത്ത് നടക്കുന്ന എല്ലാ കാര്യങ്ങളും എനിക്ക് മനഃപാഠമാണ്. എല്ലാ മൗലൂദുകളും മനഃപാഠമായിട്ടുള്ള ഒരു എഴുത്തുകാരൻ ഞാനാണ്. അതുപോലെ ക്ഷേത്രാചാരങ്ങളും അനുഷ്ഠാനങ്ങളും എനിക്ക് പരിചിതമാണ്. തൃക്കോട്ടൂർ കഥകളെഴുതുമ്പോൾ അത് ഉപയോഗിച്ചിരുന്നു. ബാല്യം നഷ്ടപ്പെട്ടതിനാൽ ചുറ്റും നടക്കുന്ന ജീവിതത്തിൽ മുഴുകാനുള്ള ഒരു താത്പര്യം എന്നിലുണ്ടായിരുന്നു. മറ്റുള്ളവർ ഇവിടെയുള്ളവർ. ഞാൻ ഇവിടെ ഉള്ളവനാണെന്ന് സ്ഥാപിക്കാനാണ് ഒരുപക്ഷേ അങ്ങനെ ശ്രമിച്ചത്. അത് ബോധപൂർവമായ ശ്രമമല്ല.
എഴുത്ത് ജീവിതത്തിൽ ഏറ്റവും ആഹ്ലാദകരമായ ഒരനുഭവം! ഏറ്റവും ദുഃഖകരമായ ഒരനുഭവം പറയാമോ?
ആഹ്ലാദകരമായതും ദുഃഖകരമായതുമായ സംഭവം ഉണ്ടാകുന്നത് ഒരേ സന്ദർഭത്തിലാണ്. വൈക്കം മുഹമ്മദ് ബഷീറിന്റെ മരണം, എന്റെ എഴുത്തുജീവിതത്തിൽ ഏറ്റവും ദുഃഖകരമായ അനുഭവം അതായിരുന്നു. ഈ കാലഘട്ടത്തിലെ ലജന്റായ ഒരെഴുത്തുകാരൻ. ആ വലിയ മനുഷ്യനുമായുള്ള സൗഹൃദം. അങ്ങനെയുള്ള മനുഷ്യൻ മലയാളത്തിന് നഷ്ടമായി എന്ന ചിന്ത ദുഃഖമുണ്ടാക്കി.
ഇതേ ദുഃഖത്തിന്റെ അവസരത്തിലാണ് അദ്ദേഹത്തിന്റെ കൂട്ടത്തിൽ നിന്ന് എന്നെക്കുറിച്ചെഴുതിയ കടലാസ് കിട്ടുന്നത്. ‘മാമൈദിയുടെ മകൻ’. എന്റെ ഉമ്മയുടെ പേര് ഓർമ്മിച്ചെഴുതിയ ഒരു ലേഖനം. എന്നെക്കുറിച്ചെഴുതി തുടങ്ങി അദ്ദേഹത്തിൽ അവസാനിക്കുന്ന ഒരു ലേഖനമായിരുന്നു അത്. അതാണ് എനിക്കേറ്റവും ആഹ്ലാദം നല്കിയത്. ഒരവാർഡ് കിട്ടിയതിലും ആനന്ദം, ആ ലേഖനം വായിച്ചപ്പോൾ ലഭിച്ചു. ദുഃഖമുണ്ടായതും അതേ മുഹൂർത്തത്തിൽതന്നെ.
ചങ്ങല എഴുതിയത് വളരെക്കാലം മുമ്പാണ്. ഞാനൊക്കെ കുട്ടിയായിരുന്ന കാലത്ത്. ഇത്രയും ശക്തമായി മുസ്‌ലിം സാമൂഹിക ജീവിതം വരച്ചിട്ട മറ്റൊരു നോവലില്ല. എന്നിട്ടും കാലമേറെ കഴിഞ്ഞാണ് അത് വീണ്ടും വിലയിരുത്തപ്പെടുന്നത്.
അതിന് ഒരുപാട് കാരണങ്ങളുണ്ട്. ആരെഴുതി എന്ന് നോക്കിയാണ് അന്ന് സാഹിത്യകൃതികൾ വിലയിരുത്തപ്പെടുന്നത്. പിന്നെ അത് ഏത് പ്രസിദ്ധീകരണത്തിലാണ് അച്ചടിച്ചു വന്നത് എന്നുള്ളതാണ് കാര്യം. ചങ്ങല അച്ചടിച്ചു വന്ന പ്രസിദ്ധീകരണത്തിൽതന്നെ ഈ നോവൽ വരുന്ന കാലത്ത് ഇത് വരാതിരിക്കാൻ വേണ്ടി പല ശ്രമവും നടന്നു. അന്നാ നോവൽ പൂർണമായും അച്ചടിച്ചു വരാൻ കാരണമായത് സി.എച്ച്.മുഹമ്മദ് കോയയാണ്.
എന്റെ സാഹിത്യജീവിതത്തിൽ വലിയ കടപ്പാട് സി.എച്ച്.മുഹമ്മദ് കോയയോടാണ്. അയൽപക്കത്തെ അനാഥക്കുട്ടിയുടെ ദുഃഖം ശമിപ്പിക്കാൻ ‘ബാല്യകാലസഖി’ ആദ്യമായി വായിക്കാൻ തന്നത് സി.എച്ചാണ്. ആദ്യത്തെ കഥ അച്ചടിച്ചു വരുന്നതും സി.എച്ചിന്റെ കൈകളിലൂടെ. ‘വിവാഹസമ്മാനം’ എന്ന ആ കഥ മാറ്റിയെഴുതിയായിരുന്നു സി.എച്ച്. ‘ചന്ദ്രിക’യിൽ പ്രസിദ്ധീകരിച്ചത്. അങ്ങനെയാണ് ഖാദർ ഒരെഴുത്തുകാരനാകുന്നത്.
ചന്ദ്രിക സബ് എഡിറ്ററായിരുന്ന എ.എം.കുഞ്ഞിബാവയായിരുന്നു ഓരോ ആഴ്ചയിലും വന്നിരുന്ന് എന്നെ ചങ്ങലയുടെ അദ്ധ്യായങ്ങൾ എഴുതാൻ പ്രേരിപ്പിക്കുകയും തിരുത്തലുകൾ നിർദ്ദേശിക്കുകയും ചെയ്തത്. പക്ഷേ, അത് ഒരു പ്രത്യേക ക്ലാസ് വായനക്കാരെ മാത്രമെ ആകർഷിച്ചിരുന്നുള്ളൂ. ഈ വായനക്കാർ സാഹിത്യത്തിന്റെ പൊതുധാരയുമായി ബന്ധമുള്ളവരായിരുന്നില്ല. എൻ.കെ.ദാമോദരന്റെ ആമുഖത്തോടെ അത് അന്ന് പുസ്തകമായത് എൻ.ബി.എസ്. വഴിയായിരുന്നു. അക്കാലത്ത് ഇത് പുസ്തകമായപ്പോൾ എം.ആർ.ചന്ദ്രശേഖരൻ പറഞ്ഞത് ഇത് മുസ്‌ലിംകളുടെ ഇന്ദുലേഖയാണെന്നാണ്. എങ്കിലും അത് മുഖ്യധാരയിലെത്തിയില്ല. പിന്നീട് മറ്റു ചിലർ അതേ ജീവിതപശ്ചാത്തലം വെച്ച് നോവൽ എഴുതിയപ്പോൾ ആഘോഷിക്കപ്പെടുകയും ചങ്ങലയെപ്പറ്റി ആരും ഒന്നും പറയാതിരിക്കുകയും ചെയ്തു. ഒരു സാഹിത്യകൃതി ഏതേത് വായനക്കാരന്റെ കൈകളിലൂടെയാണ് കടന്നുപോകുന്നത് എന്നത് വളരെ പ്രധാനപ്പെട്ടതാണ്. തൃക്കോട്ടൂർ പെരുമ ആകർഷിച്ചതിന് കാരണം അത് മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ വന്നു എന്നതാണ്. മുഖ്യധാരാ പ്രസിദ്ധീകരണങ്ങളിൽ ഒരുപാട് കഥകൾ വന്നതോടെ ഞാനും ശ്രദ്ധിക്കപ്പെട്ടു. ചങ്ങല വീണ്ടും പുതിയ പതിപ്പു വരുന്നു. മലയാളത്തിൽ നിന്നുള്ള ക്ലാസിക് കൃതികളുടെ സംഗ്രഹമായി കുട്ടികൾക്കുവേണ്ടി ഡി.സിയും ചങ്ങല പ്രസിദ്ധീകരിച്ചിരുന്നു.
വർഗ്ഗീയ കലാപത്തിന്റെ കഥ പറയുന്ന കലശം എന്ന നോവൽ താങ്കളെഴുതി. ഗുജറാത്ത് നരഹത്യപോലുള്ള കലാപങ്ങൾ ഒരു കലാകാരനെന്ന നിലയിൽ എങ്ങനെ കാണുന്നു?
നേരിട്ട് അതുമായി ബന്ധമില്ലാത്തതിനാൽ അതൊന്നും എഴുതാൻ എനിക്ക് വിഷയമായില്ല. പക്ഷേ, ഗുജറാത്തിൽ നടന്ന വംശഹത്യ നീചമാണ്. നാനാത്വത്തിൽ ഏകത്വമുള്ള ഇന്ത്യയിൽ അത് നടക്കാൻ പാടില്ലായിരുന്നു. അതൊരു എഴുത്തുകാരന് വിഷയമാണ്. ഞാൻ എന്തുകൊണ്ട് എഴുതുന്നില്ല എന്ന് ചോദിച്ചാൽ അതുമായി നേരിൽ ബന്ധമില്ലാത്തതിനാലാണ്. പക്ഷേ, ഒരെഴുത്തുകാരൻ അതിനോട് പ്രതികരിക്കണം. മനുഷ്യജീവിതത്തിന്റെ കെട്ടുറപ്പിനെ ബാധിക്കുന്ന എന്തു കാര്യമായാലും എഴുത്തുകാർ പ്രതികരിക്കണം. സാമൂഹിക ജീവി എന്ന നിലയിൽ അവന് ഉത്തരവാദിത്തമുണ്ട്. വേണ്ടിടത്ത് പ്രതികരിക്കുക തന്നെ ചെയ്യണം.
കൃത്രിമ ഭാഷ മലയാളത്തിന്റെ സൗന്ദര്യത്തെ നശിപ്പിക്കുമ്പോൾ വാമൊഴിയുടെ/പഴമൊഴിയുടെ സൗന്ദര്യമാണ് ഖാദർകഥകൾ. ഖാദർകഥകളിലെ ഭാഷ ഗവേഷണത്തിന് വിഷയമാക്കാമെന്ന് തോന്നുന്നു. ഡോ.റീജ, ഖാദർകഥകളിലെ ഫോക്‌ലോർ വിഷയമാക്കി ഡോക്ടറേറ്റ് എടുത്തതുപോലെ.
ആളുകളുമായിട്ടുള്ള നിത്യസമ്പർക്കം, എന്റെ നാടുമായിട്ടുള്ള ആഴത്തിലുള്ള ബന്ധം. ഇതിൽ നിന്നാണ് നാട്ടുഭാഷ ലഭിച്ചത്. അങ്ങനെ നാട്ടിൽ നിന്ന് എന്റെ കഥകളിലെ ഭാഷയിലേക്ക് ഇതെല്ലാം കടന്നുകൂടി. ‘മുഖം മുറിഞ്ഞു പറയുക’ തുടങ്ങിയ വാക്കുകൾ അങ്ങനെ നാട്ടുഭാഷയിൽ നിന്ന് ലഭിച്ചതാണ്. മറ്റു ഭാഷാപദങ്ങൾ ഉപയോഗിക്കാതെ നമ്മുടെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന നാട്ടുഭാഷയെ ഉപയോഗിക്കണം. മലയാളം എന്റെ മാതൃഭാഷയല്ലായിരുന്നു. പിതൃഭാഷയാണ്. അതുകൊണ്ടാണ് എനിക്ക് ഭാഷ ഇത്തരത്തിൽ പഠിച്ച് പ്രയോഗിക്കേണ്ടി വന്നത്.
വടക്കൻ രീതിയിലുള്ള എഴുത്താണ് എന്റേത്. വടക്കൻ സംസാരത്തിന്റെ സ്‌ലാങ് എന്റെ എഴുത്തിലുണ്ട്. അതുകൊണ്ടാണ് 1964-ൽ എൻ.കെ.ദാമോദരൻ ചങ്ങലയുടെ പൊരുൾ മനസ്സിലാക്കി എഴുതിയത്.
ആധുനികത കേരളത്തിൽ അരങ്ങു തകർത്തപ്പോൾ നമ്മുടെ ജീവിതവുമായി ബന്ധമില്ലാത്ത കടം വാങ്ങിയ കുറെ ദർശനങ്ങൾ നടത്തിയ കുറെ എഴുത്തുകാരുണ്ട്. പിന്നീട് ആധുനികതയെ തള്ളിപ്പറഞ്ഞ് അവർ തന്നെ കളം മാറ്റി ചവിട്ടി. ഖാദർക്കയെ സംബന്ധിച്ച് അന്നും ഇന്നും രചനകളുടെ കാര്യത്തിൽ ഒരു ഉറച്ച നിലപാടുണ്ട്.
ചെരിപ്പിനനുസരിച്ച് കാലുമുറിക്കുന്ന സ്വഭാവമല്ല എന്റേത്. ഓരോ പാദത്തിന്റെയും അളവിനനുസരിച്ചാണല്ലോ ചെരിപ്പ്. കഥയെഴുതുമ്പോൾ ഞാൻ അവതരിപ്പിക്കുന്നത് നമ്മുടെ നാട്ടിലെ കഥാപാത്രങ്ങളെയാണ്. നാട്ടുജീവിതവുമായി ഇണങ്ങുന്ന കഥാപാത്രങ്ങളെപ്പറ്റിയാണ് ഞാൻ എഴുതുന്നത്. അപ്പോൾ അവർക്കുകൂടി വായിച്ചറിയാൻ പറ്റുന്നതാവണം എന്റെ എഴുത്ത്.
‘അഞ്ച് ലാർജ് ഷീവാസ് റീഗലിന്റെ ഹാങ്ങോവറിൽ ബിഥോവന്റെ സിംഫണി ഉതിർത്തുകൊണ്ടാണ് ഫ്രെഡറിക് ജെക്കോസ്റ്റ രംഗ എന്നിങ്ങനെ എഴുതിയാൽ മലയാളിയായ സാധാരണ വായനക്കാരൻ ഇതെന്താണ് ഇംഗ്ലീഷോ എന്ന് സംശയിച്ച് അവിടെ നിർത്തും. ഇങ്ങനെയായിരുന്നു ആധുനികതയുടെ കഥ. മനുഷ്യരുമായിട്ടോ കേരളീയ ജീവിതവുമായിട്ടോ ഒരു ബന്ധവുമില്ലാത്ത കഥകളായിരുന്നു അവരുടേത്. അതുകൊണ്ട് സാധാരണ വായനക്കാരൻ കഥയിൽ നിന്ന് മുഖം തിരിച്ചു. അക്കാലത്ത് ചെറുകഥ ആരും വായിക്കാത്ത നിലയിലെത്തി. പിന്നീടുള്ള എഴുത്തുകാരാണ് നാട്ടുജീവിതം പ്രതിപാദിക്കാൻ തുടങ്ങിയത്. അക്കാലത്ത് സി.വി.ശ്രീരാമനും മുണ്ടൂർ കൃഷ്ണൻകുട്ടിയും വൈശാഖനും ഞാനുമൊക്കെ ആധുനികരുടെ കുത്തൊഴുക്കിൽപെടാതെ ഉറച്ചുനിന്നു. ഞങ്ങൾ ഓരോരുത്തരും അവരവരുടെ മുരിങ്ങാച്ചോട്ടിൽ നിന്നാണ് കാര്യങ്ങൾ പറഞ്ഞത്. അവനവന്റെ മുരിങ്ങാച്ചോട്ടിലെ ഇലപ്പഴുതുകളിലൂടെയാണ് ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കിയതും എണ്ണിയതും.
തൃക്കോട്ടൂരംശവും പന്തലായനി അംശവും ഉൾപ്പെട്ട വടക്കേ മലബാറാണ് ‘തൃക്കോട്ടൂർ’ ആയി ഖാദർകഥകളിൽ നിറഞ്ഞു നില്ക്കുന്ന സങ്കല്പ ഗ്രാമം.
ഈ ഗ്രാമത്തിന്റെ ആചാരവിശേഷണങ്ങൾ, അനുഷ്ഠാനങ്ങൾ, ഉല്പത്തി കഥകൾ, ഭാഷ ഇതൊക്കെ എങ്ങനെ തനിമ ചോർന്നുപോകാതെ പകർത്താനായി? സ്വന്തം ഭാവനയും കൂടിച്ചേരുമ്പോൾ നമ്മൾ മറ്റൊരു ലോകത്തെത്തുന്നു.
എന്റെ തൃക്കോട്ടൂർ എന്നു പറയുന്നതും പന്തലായനിയുമൊക്കെ ഒരു സാങ്കല്പിക സ്ഥലമാണ്.
ഇത് വടക്കേ മലബാറിലെ ഏതു ഗ്രാമവുമാകാം. ചന്ദ്രഗിരിപ്പുഴക്ക് തെക്കു ഭാഗത്ത് കോരപ്പുഴക്ക് വടക്ക് ഭാഗത്തുള്ള ഏതു സ്ഥലവുമാകാം. അവിടെയൊക്കെ നടക്കുന്ന കാഴ്ചകളും അനുഷ്ഠാനങ്ങളും ആചാരങ്ങളുമൊക്കെയാണ് തൃക്കോട്ടൂരും മറ്റുമായി മാറിയത്. തൃക്കോട്ടൂർ തിക്കോടിയാണെന്ന് ചിലർ വിശ്വസിച്ചിരുന്നു. ആ വിചാരം ശരിയല്ല. അത് പല ആശയക്കുഴപ്പത്തിനും ഇടയാക്കിയിരുന്നു. ആ വിചാരമാണ് ഈ കഥയിൽ കല്ലുകടി ഉണ്ടാക്കുന്നത്. തൃക്കോട്ടൂർക്കാർക്ക് ഈ കഥ വായിക്കുമ്പോൾ ചിലപ്പോൾ കല്ലുകടി അനുഭവപ്പെടും. കാരണം തൃക്കോട്ടൂർ കാണാത്ത ഒരു ചാത്തുക്കുട്ടി എന്ന ആൾ ആ കഥയിൽ വരും. അവർ അറിയാത്ത ഒരു ജാനകിയെ ഞാൻ അവതരിപ്പിക്കും. ആ ജാനകിയുടെ മുഖം നോക്കി അവിടത്തെ സ്ത്രീകളെ പരതിയാൽ കിട്ടില്ല. കാരണം, ജാനകി ഒരു സാങ്കല്പിക കഥാപാത്രം മാത്രമാണ്. വടക്കേ മലബാറിൽ ജീവിക്കുന്ന ഏതു സ്ത്രീക്കും ജാനകിയാകാം.
എഴുത്തു ജീവിതത്തിൽ സഹ എഴുത്തുകാരിൽ നിന്നുള്ള പ്രതികരണങ്ങൾ സഹായകരമായിരുന്നോ?
മറ്റെഴുത്തുകാരിൽ നിന്നും പ്രതികരണങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ, പ്രോത്സാഹനമൊന്നും കിട്ടിയിട്ടില്ല. എം.ഗോവിന്ദനും വൈക്കം മുഹമ്മദ് ബഷീറും ടി.പത്മനാഭനും മാത്രമാണ് പ്രോത്സാഹിപ്പിച്ചത്.
ബഷീറിനെ കാണാൻ എറണാകുളം വരെ ഒളിച്ചോടിയ ആളാണ് ഞാൻ, സ്‌കൂളിൽ പഠിക്കുന്ന കാലത്ത്. കൊച്ചിയിൽ എന്റെ ഒരു സുഹൃത്തുണ്ട്. എൻ.കെ.എ.ലത്തീഫ്. ഈ മട്ടാഞ്ചേരിക്കാരനെ കാണാനാണ് കൊച്ചിയിൽ പോയത്. അവിടെ ലത്തീഫിനെ കാണാം. അതുവഴി ബഷീറിന്റെ അടുത്തും പോകാം. ലത്തീഫിന്റെ വീട്ടിൽ പോയി അയാളുടെ ഒരു മുണ്ടും ഷർട്ടും വാങ്ങി ധരിച്ച് ബോട്ടിലാണ് ഞാൻ എറണാകുളം ജെട്ടിയിൽ ഇറങ്ങുന്നത്. അവിടെ നിന്നാണ് ബഷീറിനെ കാണാൻ പോയത്. കണ്ടപാടെ ബഷീർ ചോദിച്ചു, എന്താ കാര്യമെന്ന്. കാണാനാണെന്ന് പറഞ്ഞപ്പോൾ കണ്ടോളൂ എന്ന് പറഞ്ഞു. കുശലമൊക്കെ ചോദിച്ചു. ഭക്ഷണം കഴിച്ചോ എന്നും ചോദിച്ചു. ഞാൻ കഴിച്ചെന്ന് പറഞ്ഞു. എങ്കിലും സീവ്യൂ ഹോട്ടലിലേക്ക് പോകാൻ പറഞ്ഞു. അവിടെ ഉച്ചഭക്ഷണം കിട്ടുമെന്ന് പറഞ്ഞു. സീവ്യൂ ഹോട്ടലിലേക്ക് പോകണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. കാരണം, അന്നത്തെ എഴുത്തുകാർ സമ്മേളിക്കുന്ന സ്ഥലമായിരുന്നു അത്.
”ഖാദറിലെ ചരിത്രകാരൻ ചിത്രകാരനുമാണ്. ചിത്രങ്ങളിലൂടെമാത്രം ചരിത്രം കാണുമ്പോൾ ഓർമ്മകൾ കഥകളായും അതിലൂടെ അവ മറ്റുള്ളവരുടെ ഓർമ്മകളിലും അങ്ങനെ ഓർമ്മകളുടെ വലിയൊരു വലയായും പരിണമിക്കുന്നു. ആ വലയിൽ ഒരു തട്ടകത്തിന്റെ ഉപസംസ്‌കാരമത്രയും കുടുങ്ങുന്നു. തദ്ദേശവാസികളുടെ ഓർമ്മകൾക്ക് ഇത്തരമൊരു ശില്പമാതൃക കണ്ടെത്തിയ ഖാദർ മതാതീത ജനകീയതയുടെ വാങ്മയങ്ങളിലൂടെ ഒരിടം അടയാളപ്പെടുത്തുന്നു. എല്ലാവർക്കും പ്രവേശനമുള്ള ഒരിടം.” ഇ.വി.രാമകൃഷ്ണൻ-അഘോരശിവത്തിനെഴുതിയ അവതാരികയിൽ ഇങ്ങനെ പറയുന്നു.
സ്വത്വരാഷ്ട്രീയത്തിന്റെ സന്ദർഭത്തിൽ വായിക്കേണ്ട നോവലാണ് അഘോരശിവം. പന്തലായനിയാണ് അതിന്റെ ജീവിതം. പന്തലായനിയിലെ അഞ്ച് കഥാപാത്രങ്ങൾ. ആ അഞ്ച് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിലൂടെ എന്റെ പേരക്കുട്ടിക്ക് എന്താണ് പന്തലായനി എന്ന് കാണിച്ചു കൊടുക്കാനാണ് ശ്രമിച്ചത്. പുതിയ തലമുറയുടെ വായിലും അവരുടെ ചെയ്തികളിലുമൊക്കെ മണ്ണുമായി എത്ര ബന്ധമുണ്ടെന്ന് ഞാൻ പരിശോധിക്കുന്നുണ്ട്. അവരുടെ എഴുത്തുകളിൽ എത്രമാത്രം ഇക്കാര്യങ്ങൾ വരുന്നുവെന്ന് നോക്കണം. ഒന്നും അത്രകണ്ട് തീവ്രമായിട്ടില്ലെന്ന് ബോധ്യമാകുന്നു.
ഈയിടെ എഴുതിയ ആത്മകഥാസംബന്ധിയായ കുറിപ്പുകളിൽ ഒരുപാട് അനുഭവങ്ങളിലൂടെ കടന്നുപോയ വ്യക്തിയാണ് താങ്കളെന്ന് മനസ്സിലാകുന്നു. ആ അനുഭവങ്ങൾ?
ഭൂദാന യാത്രക്കുവേണ്ടി ഒരുപാട് സഞ്ചരിച്ചിട്ടുണ്ട്. അതുപോലെ കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായി, പാർട്ടിക്ക് വോട്ട് കൊടുത്താൽ ഹറാം ആണെന്ന് പറഞ്ഞിരുന്ന കാലത്ത് പാർട്ടിക്കുവേണ്ടി പ്രവർത്തിച്ചു. അന്ന് കൊയിലാണ്ടിയിലെ അഞ്ചാം വാർഡിൽ കമ്യൂണിസ്റ്റ് പാർട്ടി വനിതാ അംഗമാണ് സ്ഥാനാർഥിയായത്. എന്റെ ബന്ധു യു.എ.സലീന. അവർ നിന്ന മണ്ഡലത്തിൽ ലീഗിനെതിരായിട്ട് പാർട്ടി അനുകൂല സ്ഥാനാർഥികളെ നിർത്തിയതിനും ഊരുവിലക്കുവരെ ഉണ്ടായിട്ടുണ്ട്. അങ്ങനെ ഒരുപാട് അനുഭവങ്ങൾ.
”ചിക്കറുക്കാനാകാത്ത വിധം കെട്ടുപിണഞ്ഞ എത്ര
യെത്ര പ്രണയവർണ സ്വർണനൂൽക്കുരുക്കുകൾ തെളി
ഞ്ഞൂറിക്കിടപ്പുണ്ട് എന്റെ മനസ്സാഴങ്ങളിൽ.
പ്രായമേറി വരുന്തോറും ആ കസവ് തിളക്കങ്ങൾ ഇവ
നെയുന്മത്തനും ഊർജസ്വലനുമാക്കുന്നു.”
ഖാദർക്ക ഇങ്ങനെ കുറിച്ചിട്ടിട്ടുണ്ട്.
ആ പഴയകാല സൂര്യപ്രതാപങ്ങൾ?
എഴുത്ത് ഒരു വെളിപാടാണ്. പിന്നെ എന്റെ മനസ്സിൽ ഒരു സങ്കല്പ കാമുകിയുണ്ട്. ആ കാമുകിയെ തൃപ്തിപ്പെടുത്താനാണീ അല്ലെങ്കിൽ ആ കാമുകിയുടെ ആഗ്രഹപൂരണത്തിനുള്ള ഒരു ശ്രമമാണ് എഴുത്തിലൂടെ നടത്തുന്നത്. അവൾ എപ്പോഴും എന്റെ പിന്നാമ്പുറത്തുണ്ട്. അവളാണെന്നെ നിയന്ത്രിക്കുന്നത്. അവളാണെന്റെ പ്രേരക ഘടകം. ചിലപ്പോൾ അതെന്റെ ഭാര്യയാകാം. ചിലപ്പോൾ ഞാൻ മനസ്സിൽ സൂക്ഷിക്കുന്ന പ്രേമസങ്കല്പമാവാം. അതല്ലെങ്കിൽ എല്ലാ മനുഷ്യർക്കും ഒരു സ്വപ്നപ്രണയമുണ്ടല്ലോ, അതായിരിക്കാം. എല്ലാ മനുഷ്യർക്കുമുള്ള കിനാവിലെ ആ പ്രണയം. അതാണെന്റെയും യൗവനം നിലനിർത്തുന്നത്.
ഏതെഴുത്തുകാരനും നഷ്ടപ്പെട്ടുപോയ വസന്തത്തെക്കുറിച്ച് ഒരോർമ്മയുണ്ടാകും. അതിനെ തിരിച്ചു പിടിക്കാനുള്ള ശ്രമമാണ് എഴുത്ത്. അതാണ് ഇവിടെയും അജ്ഞാത കാമുകിയുടെ കാര്യത്തിലും സംഭവിക്കുന്നത്.

Share this:

Recently added