പ്രധാന കൈമുതൽ ഭാവന

വൈലോപ്പിള്ളി ശ്രീധരമേനോൻ (1911 1985)
1911 മെയ് 11 ന് എറണാകുളം ജില്ലയിൽ തൃപ്പൂണിത്തറയിൽ കൊച്ചുകുട്ടൻ കർത്തായുടെയും നാണിക്കുട്ടിയമ്മയുടേയും പുത്രനായി ജനിച്ചു, സസ്യശാസ്ത്രത്തിൽ ബിരുദമെടുത്തതി നുശേഷം 1931-ൽ അദ്ധ്യാപന വൃത്തിയിൽ പ്രവേശിച്ചു. ഭാനുമതിയമ്മയെ വിവാഹം ചെയ്തു. രണ്ട് ആൺമക്കൾ, ശ്രീകുമാർ, വിജയകുമാർ. 1966-ൽ പ്രധാനാദ്ധ്യാപകനായാണ്‌വിരമിച്ചത്. 1985 ഡിസംബർ 22-ന് അന്തരിച്ചു. ‘ശ്രീ’ എന്ന തൂലികാനാമത്തിൽ എഴുതിത്തുടങ്ങിയ കവിയുടെ കവിത കൾ പലതും കേരളത്തിൽ ഒരു ഭാവുകത്വപരിവർത്തനം സൃഷ്ടിച്ചു. കാലവും ലോകവും മാറുന്നു എന്നതാണ്‌വൈലോ പ്പിള്ളിക്കവിതയുടെ ആധാരശില. കാൽപ്പനിക പ്രസ്ഥാനം മലയാള കവിതാ രംഗത്ത് വെന്നിക്കൊടി പാറിച്ച്‌നിൽക്കുന്ന അവസരത്തിൽ അതിൽ നിന്നും തീർത്തും വ്യത്യസ്തമായി യാഥാർത്ഥ്യത്തിന്റെ ഒരു പാത വെട്ടിത്തെളിച്ചെടുത്തവരിൽ ഒരാളായിരുന്നു വൈലോപ്പിള്ളി. ജന്മിത്തത്തേക്കാളേറെ അടിസ്ഥാനവർഗ്ഗക്കാരുടേയും പണിയാളരുടെയും പ്രശ്‌നങ്ങ ൾക്കാണ് ചെവികൊടുത്തത്. 1931 മുതൽ പത്തു വർഷ ത്തോളം സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ പ്രവർത്ത കനായിരുന്നു. പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ ആദ്യത്തെ സംസ്ഥാനാധ്യക്ഷനായിരുന്നു. 1968-71 കാലയ ളവിൽ കേരള സാഹിത്യ അക്കാദമി അംഗം ആയിരുന്നു.
കൃതികൾ
മാമ്പഴം (1947), ആൽബിനും മച്ചാന്മാരും, സഹ്യന്റെ മകൻ (1944), ശ്രീരേഖ (1950), കുടിയൊഴിക്കൽ (1952), ഓണപ്പാട്ടു കാർ (1952), വിത്തും കൈക്കോട്ടും (1956), കടൽക്കാക്കകൾ (1958), കയ്പവല്ലരി (1963), വിട (1970), മകരക്കൊയ്ത്ത് (1980), പച്ചക്കുതിര (1981), കുന്നിമണികൾ (1954), കുരുവികൾ (1961), മിന്നാ മിന്നി (1981), വൈലോപ്പിള്ളിക്കവിതകൾ (1984), മുകുളമാല (1984), കൃഷ്ണമൃഗങ്ങൾ (1985), അന്തി ചായുന്നു (1995), അസം പണിക്കാർ, ഋശ്യശൃംഗനും അലക്‌സാണ്ടറും (നാടകം-1956), കാവ്യലോകസ്മരണകൾ (ആത്മകഥ-1978), അസമാഹൃത രചനകൾ (സമ്പൂണ്ണ കൃതികളിൽ), വൈലോ പ്പിള്ളി സമ്പൂർണ്ണ കൃതികൾ- വാല്യം 1, 2 (2001).
പുരസ്‌കാരങ്ങൾ
സാഹിത്യനിപുണൻ ബഹുമതി, ‘കന്നിക്കൊയ്ത്ത്’ എന്ന ആദ്യ കവിതാ സമാഹാരത്തിന് 1947 ൽ മദ്രാസ് ഗവൺമെന്റ് അവാർഡ്. ആശാൻ പ്രൈസ്, സോവിയറ്റ് ലാന്റ് നെഹ്രു പുരസ്‌കാരം (കുടിയൊഴിക്കൽ-1969). ഓടക്കുഴൽ പുരസ് കാരം (വിട-1971), 1977 ലെ എസ്.പി.സി.എസ് അവാർഡ്, കേരള സാഹിത്യ അക്കാദമി പുരസ്‌കാരം (കയ്പവ ല്ലരി-1965). (മകരക്കൊയ്ത്ത്-1981) വയലാർ പുരസ്‌കാരം, വിത്തും കൈക്കോട്ടും എന്ന കവിതാ സമാഹാരത്തിന് 1956 ലെ എം.പി. പോൾ പുരസ്‌കാരം. 1958-ൽ പുറത്തിറങ്ങിയ കടൽ കാക്കകൾ എന്ന കവിതാ സമാഹാരത്തിന് കല്യാണി കൃഷ്ണമേനോൻ പുരസ്‌കാരം.

‘സാഹിത്യത്തിൽ പുരോഗമനാംശം എന്ന ലക്ഷ്യം നന്ന്. പക്ഷെ അത് ഏതാനും രാഷ്ട്രീയപാർട്ടികളുടെ പ്രകടനപത്രികയുടെ അംശമായിത്തീരുന്നതു നല്ലതാണോ എന്നു സംശയമുണ്ട്. എഴുത്തുകാർക്ക് സാംസ്‌കാരികവും രാഷ്ട്രീയവുമായ അവബോധവും കിട്ടിക്കഴിഞ്ഞാലും വ്യക്തിഗതങ്ങളായ കാവ്യങ്ങൾ രചിക്കുന്നതിൽ അയാൾ ലജ്ജിക്കേണ്ടതില്ല. കാരണം അതാണയാളുടെ സ്വന്തം പടിപ്പുര. അതു വിട്ടിട്ട് മറ്റൊന്നിൽ കളിക്കാൻ പോയാൽ എയ്‌റോപ്ലേൻ യാത്രപോലെ തോന്നും.’
മലയാള കവിതക്ക് വളർച്ചയുടെ നൂതന സരണികൾ തുറന്നുകൊടുത്ത്, ആ രംഗത്ത് ചിരസ്മരണീയങ്ങളായ ഉപലബ്ധികൾ കൈവരിച്ച മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോൻ സാഹിത്യത്തിലെ പുരോഗമനാംശത്തെക്കുറിച്ച് ഇങ്ങനെയാണ് സംസാരിച്ചു തുടങ്ങിയത്. മുൻഗാമികളുടേയും പിൻഗാമികളുടേയും കാവ്യപ്രവണതകളെ അദ്ദേഹം അവധാനപൂർവ്വം വിലയിരുത്തുന്നു. കലാകാരന്റെ സൗന്ദര്യ ബോധത്തെക്കുറിച്ചും, കാവ്യഭാഷയുടെ കമനീയതയെക്കുറിച്ചുമെല്ലാം അദ്ദേഹത്തിനു സ്വന്തമായ കാഴ്ചപ്പാടുണ്ട്. ‘കവിത ജീവിതത്തിൽ നിന്നു ഉരുത്തിരിയുന്നതാണെങ്കിലും കലാചൈതന്യം കൊണ്ട് അത് സ്വയം സമ്പൂർണ്ണമായ മറ്റൊരു ജീവിതമായി കണ്ടാലേ എനിക്ക് തൃപ്തിയാവുകയുള്ളു.’ എന്നു ഈ കവിവര്യൻ കുറിച്ചു വെച്ചിട്ടുണ്ട്.
‘കന്നിക്കൊയ്ത്ത്,’ ‘ശ്രീരേഖ,’ ‘ഓണപ്പാട്ടുകാർ,’ ‘വിത്തും കൈക്കോട്ടും,’ ‘വിട,’ ‘കുടിയൊഴിക്കൽ,’ ‘കുന്നിമണികൾ,’ ‘കടൽക്കാക്കകൾ,’ ‘മകരക്കൊയ്ത്ത്’ എന്നിവയാണ് കൈരളിക്ക് വൈലോപ്പിള്ളിയിൽ നിന്നു ലഭിച്ച സുപ്രധാന കാവ്യസംഭാവനകൾ. ‘കാവ്യലോക സ്മരണകൾ’ എന്ന ലേഖനപരമ്പര വൈലോപ്പിള്ളിയുടെ ആത്മകഥ മാത്രമല്ല, മലയാളകവിതയുടെ വികാസപരിണാമങ്ങൾ പ്രതിഫലിക്കുന്ന ഒരു വിശ്വസനീയ ദർപ്പണം കൂടിയാണ്. സയന്റിഫിക് ഹ്യൂമനിസത്തിന്റെ കവിയായി അദ്ദേഹത്തെ ചില സമീക്ഷകർ ആദരിക്കുന്നുണ്ട്.
തൃശൂരിലുള്ള കവിയുടെ വസതിയിൽവെച്ച് ഹ്രസ്വമെങ്കിലും ഹൃദ്യമായ ഒരു സർഗ്ഗസംവാദത്തിന് എനിക്കവസരം ലഭിച്ചു. അതിന്റെ ഉള്ളറകളിലേക്ക് പ്രവേശിക്കട്ടെ.
കലാസൃഷ്ടിയുടെ ലക്ഷ്യത്തെക്കുറിച്ച് കലാകാരന്മാർ ഭിന്നാഭിപ്രായക്കാരാണ്. ചിലർക്കത് ആത്മജാഗരണോപാധിയാണ്. ചിലർക്കാകട്ടെ അത് സാമൂഹ്യപുനരുദ്ധാനത്തിനുള്ള ഉപകരണവും. താങ്കളെ സംബന്ധിച്ചിടത്തോളം കലാസൃഷ്ടിയുടെ ആത്യന്തിക ലക്ഷ്യമെന്താണ്?
നല്ലൊരു കലാസൃഷ്ടി നടത്തണമെന്ന ലക്ഷ്യം തന്നെയാണ് പ്രധാനം. അതേസമയം തന്നെ ലക്ഷ്യമാണെന്ന് വായനക്കാരന് തോന്നുന്ന മറ്റു ചിലതും കാവ്യത്തിൽ കൂമ്പെടുത്ത് നില്ക്കുന്നതായി ഏത് കവിയുടെ രചനയിലും കാണാം. അതിനെ പ്രമേയം, ഭാവനാഭാവം എന്നിങ്ങനെ വ്യവച്ഛേദിക്കാം. കവിയുടെ അനുഭവങ്ങൾ. അതിനെക്കുറിച്ചുള്ള ദർശനങ്ങൾ മനോഭാവം (ബോധമനസ്സിന്റെയും ഉപ ബോധമനസ്സിന്റെയും ഭാവങ്ങൾ) എന്നിവയെ ഈ വകുപ്പിൽപ്പെടുത്താം. രചനയിൽ ഉപയോഗിക്കുന്ന പദങ്ങൾ തെരഞ്ഞെടുക്കുന്നതിൽപ്പോലും കവിയുടെ സ്വന്തം വ്യക്തിത്വം നിഴലിച്ചു കാണാം. ആദ്യം പറഞ്ഞ കലാസൃഷ്ടിയും രണ്ടാമതു പറഞ്ഞ ഉള്ളടക്കവും തമ്മിൽ ബന്ധമുണ്ട്. ആവർത്തിച്ചുപറയട്ടെ. ഒന്നാമതായി, ഒരു കലാസൃഷ്ടിയുടെ രചനയാണെന്റെ ലക്ഷ്യം. പലരും, നിരൂപകർ വിശേഷിച്ചും, ഉള്ളടക്കത്തെ സ്പർശിച്ചാണ് വിചിന്തനം തുടങ്ങുന്നത്. അവിടെയാണ് ലക്ഷ്യത്തിനുവേണ്ടി തിരച്ചിൽ നടത്തുന്നത്. അവിടെ രാഷ്ട്രീയമോ സാംസ്‌കാരികമോ വ്യക്തിപരമായ ഹൃദയാവിഷ്‌കാരമോ ഒക്കെ ലക്ഷ്യമായി കണ്ടു പിടിച്ചേക്കാം. അത് മുൻപറഞ്ഞ കവിയുടെ ജീവിതാനുഭവങ്ങളുടേയും ദർശനത്തിന്റേയും ഇഷ്ടാനിഷ്ടങ്ങളുടേയും കലവറയാണ്. അത് പലരുടേയും മാനസികമായ കൈമുതലായിരിക്കും. പക്ഷേ അതുകൊണ്ട് കവിതയെഴുതാൻ കവിക്ക് മാത്രമേ സാധിക്കൂ. ഞങ്ങളതിനെ കലാസൃഷ്ടിയായി പുനർനിർമ്മിക്കുമ്പോൾ മാത്രമേ കവിതയാകുന്നുള്ളു. ഈ പുനർ നിർമ്മാണം വാക്കുകളെക്കൊണ്ടുള്ള രചനക്കു മുമ്പുതന്നെ ആരംഭിക്കുന്നു. പ്രമേയത്തെ കലാപരമായ ഒരു ശിൽപമായി കാണുമ്പോൾ ത്തന്നെ അത് തുടങ്ങുന്നു.
ഈ വീക്ഷണം പഴയ സൗന്ദര്യവാദത്തോട് ഉരുമ്മിനിൽക്കുന്നതായി തോന്നുന്നു.
കലാവസ്തുവെന്ന് പറയുമ്പോൾ പഴയ സൗന്ദര്യവാദത്തിലേക്ക് തിരിച്ചുപോകുന്നുവെന്ന് തോന്നിയേക്കാം. അതെ സൗന്ദര്യവാദം തന്നെ. പക്ഷേ മാറിമാറി വരുന്ന സൗന്ദര്യബോധത്തിന്റെ അടിസ്ഥാനത്തിലുള്ള സൗന്ദര്യവാദം ആയിരിക്കുമെന്നേയുള്ളു. ചിത്രകലയിൽ ഉദാഹരിച്ചാൽ രവിവർമ്മയെപ്പോലെ സുന്ദരരൂപങ്ങൾ വരക്കുകയല്ല നന്ദലാൽ ബോസ് ചെയ്തത്. അദ്ദേഹത്തിന്റെ രചനാരീതി ആയിരുന്നില്ല കെ.സി.എസ്. പണിക്കരുടേത്. ഇവരുടെ എല്ലാവരുടേയും ചിത്രങ്ങൾ സൗന്ദര്യബോധത്തിൽ നിന്നും ഉടലെടുത്തവയാണ്. കാലം മാറുന്നതിന്നനുസരിച്ച് കലാകാരന്റെ സൗന്ദര്യബോധവും മാറും. അതുപോലും കുറെയൊക്കെ പശ്ചാത്യരുടെ ശൈലി കടം വാങ്ങിയതാവും, സാഹസത്തിന്റെ തോന്നിവാസവുമാകാം. ഇപ്പോഴത്തെ അത്യാധുനികർപോലും കവിത രചിക്കുന്നത് പുതിയ അഭിരുചിക്കും അധ്യയനത്തിനുമനുസരിച്ചാണ്.
ഈ പുതിയ സൗന്ദര്യബോധം അനഭിലഷണീയമാണോ?
അത്യാധുനികർ പുതിയ സൗന്ദര്യബോധത്തിനനുസരിച്ചാണ് കവിത രചിക്കുന്നത്. അതായിക്കൊള്ളട്ടെ. പക്ഷെ അത് മനസ്സിലാകണമെന്ന് വ്യവസ്ഥയുണ്ട്. നല്ലൊരു കലാകാരനു ഇതൊന്നും ഒരു പ്രശ്‌നമല്ലെന്ന് കൂടി പറഞ്ഞുകൊള്ളട്ടെ. അയാൾ സചേതനമായ ഒരു കലാസൃഷ്ടിയെ അവതരിപ്പിക്കുന്നു. കൊച്ചു കൊച്ചു പ്രമേയങ്ങളായാലും കലാരൂപത്തിന് ഒരു ജീവസ്സുണ്ട്. ലാഫൊണ്ടേൻ എന്ന ഫ്രഞ്ചുകവിയുടെ ‘ചീവിടും ഉറുമ്പും’ എന്ന കവിത വായിച്ചു നോക്കൂ. അതൊരു കലാസൃഷ്ടിയാണ്. ആ ചീവീടും ഉറുമ്പും അവയുടെ സകലശീലങ്ങളോടും ചേഷ്ടകളോടും കൂടി ആ കവിതയിൽ ജീവിക്കുന്നു. തങ്ങളുടെ പുതിയ സൗന്ദര്യബോധത്തിനനുസരിച്ചാണ് പുത്തൻ കവികൾ മിക്കവരും എഴുതുന്നത് എന്നു പറഞ്ഞുവല്ലോ. എനിക്കത്രയേ അറിഞ്ഞുകൂടു. അവരുടെ സൗന്ദര്യബോധം, കലാബോധം എനിക്ക് പലപ്പോഴും മനസ്സിലാകാറില്ല. ‘തലമുറകളുടെ വിടവ്’ എന്ന പദം ഇവിടെ പ്രസക്തമാണ്. ‘പഴഞ്ചൻ’ എന്ന് മുദ്രകുത്തപ്പെട്ടാലും എന്റെ തലമുറയുടെ സൗന്ദര്യബോധമാണ് എനിക്ക് വലുത്. ഇവരുടേതിവർക്കും.
അപ്പോൾ മൗലികമായ വ്യത്യാസം പ്രകടമാകുന്നത് സൗന്ദര്യബോധത്തിലാണോ?
സൗന്ദര്യബോധത്തിനല്ല വ്യത്യാസം. അതിനെ ചിത്രീകരിക്കുന്ന ശൈലിക്കാണ്. അസ്ത്രപ്രയോഗം കഴിഞ്ഞ് ക്ഷീണിച്ച് യുദ്ധഗജങ്ങളുടെ പുറത്തിരിക്കുന്ന രണവീരന്മാർ സംഭോഗം കഴിഞ്ഞ് ക്ഷീണിച്ച് പ്രേമഭാജനങ്ങളുടെ മുഴുത്ത മുലകളുള്ള മാറത്തേക്ക് ചാഞ്ഞു ഉറങ്ങുന്നതുപോലെ അതതാനകളുടെ മസ്തകങ്ങളിൽ മുന്നോട്ടു ചാഞ്ഞുറങ്ങി എന്ന ‘മഹാഭാരത’ത്തിലെ പ്രസ്താവനയിലെ മനോധർമ്മം ഇന്നും പ്രസക്തമാണ്. ആ ശൈലി ഇന്ന് മറ്റൊന്നായി- സ്തനസ്പർശസുഖമനുഭവിച്ചു- എന്നോ മറ്റോ ആയിത്തീരുമെന്നുമാത്രം.
കവിതയെ കാലാതിർത്തിയാക്കുന്ന ഘടകം ശൈലിയാണെന്ന് അഭിപ്രായമുണ്ടോ?
ശൈലി മാറിവരും. ജീവിതാവബോധം, യാഥാർത്ഥ്യബോധം, ദർശനം, ഭാവനയിലും ശിൽപ്പത്തിലും വാക്കുകളിൽപ്പോലും അന്തർലീനമായ കലാബോധം അഥവാ സൗന്ദര്യബോധം ആണ് കവിതയെ ചിരഞ്ജീവിയാക്കി നിർത്തുന്നത്.
‘ഒറ്റക്കൈ തന്നിൽനീ വെണ്ണവെച്ചീടുമ്പോൾ
മറ്റേ കൈ കണ്ടിട്ടു കേഴുമല്ലോ.’
ഈ ഉപമയുടെ സാരസ്യവും നർമ്മബോധവും ഇന്നും പച്ച പിടിച്ചു നിൽക്കുന്നതാണ്. ഇത് നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും പഴഞ്ചനായിപ്പോകാതിരുന്നത്. അതിൽ അന്തർലീനമായ ജീവിതാവബോധത്തിന്റെയും കലാബോധത്തിന്റെയും അടിസ്ഥാനത്തിലാണ്. ഭാവനകൊണ്ടുമാത്രം കെട്ടിയെടുക്കുന്നതല്ല കവിത. എന്നാൽ ഭാവനയുണ്ടുതാനും. പഴയ ഉദാഹരണങ്ങൾ ഇന്നും നിത്യഹരിതമായി നിൽക്കുന്നത് മേൽപ്പറഞ്ഞ ജീവിതാവബോധം കൊണ്ടുതന്നെ. ചെറുശ്ശേരിയുടെ ഈ അനുഭൂതി ഇന്നും സത്യമാണ്. അതുകൊണ്ട് അതു നമുക്ക് ഹൃദയസ്പർശിയായിത്തീരുന്നു. ഇതിന്റെയൊക്കെ പശ്ചാത്തലത്തിൽ നോക്കുമ്പോൾ ഇന്നു ഉപയോഗിക്കപ്പെടുന്ന ബിംബങ്ങളും സിംബലുകളും മറ്റും കൃത്രിമമാണെന്നു തോന്നാറുണ്ട്. ഉദാഹരണമായി ‘ഞാൻ പുറത്തേക്കിറങ്ങുമ്പോൾ തെരുവിൽ പകൽ മരിച്ചുകിടക്കുന്നു.’ എന്ന പ്രയോഗം നോക്കൂ.
സിംബലുകളും പ്രതീകങ്ങളും കവിതയിൽ അധികപ്പറ്റുകളാണെന്ന് തോന്നുന്നുണ്ടോ?
സിംബലുകളും പ്രതീകങ്ങളും അനുഭൂതികൊണ്ട് ചൈതന്യപൂർണ്ണമാണെങ്കിൽ അവയെ അഭിനന്ദിക്കാം. ‘പകൽ കർമ്മസാക്ഷിയായ സൂര്യൻ എന്റെ കർമ്മങ്ങൾക്ക് സാക്ഷിയാണ്. രാത്രി ഇരുട്ടിൽ എന്ത് അനീതിയും കൊള്ളരുതായ്മയം ചെയ്യാമല്ലോ എന്ന് വിചാരിച്ചപ്പോഴുണ്ട് ആകാശത്തിൽ നിത്യതാരകങ്ങളാകുന്ന നിരവധി സാക്ഷികൾ’ എന്നിങ്ങനെ പറയുന്നതിൽ സത്യവും ചന്തവുമുണ്ട്. വാസ്തവത്തിൽ ഈ ബിംബങ്ങളും മറ്റും ഭാവനാശിശുക്കളാണെന്ന് പറയാറുണ്ടെങ്കിലും സത്യത്തിന്റെ മുദ്രയിൽനിന്നാണ് ഈ ബിംബങ്ങൾക്ക് തിളക്കവും തീക്ഷ്ണതയും കിട്ടുന്നത്. നൂറായിരം അങ്ങനത്തെ ഉദാഹരണങ്ങൾ പറയുവാൻ സാധിക്കും. പക്ഷേ അതിനു പിന്നിൽ സത്യവും വേണം. വല്ല പേക്കോലങ്ങളെയും എഴുന്നള്ളിച്ചാൽ കവിത നിർജ്ജീവമാകും.
വൈകാരികാംശവും വൈചാരികാംശവും ഒത്തുചേരുമ്പോഴാണ് കവിത പക്വമാകുന്നത്. ഇതിൽ ഒന്നിന്റെ അഭാവത്തിൽ കവിത അപക്വമാകും എന്നു പറയുന്നതിനോട് വിയോജിപ്പുണ്ടോ?
അത്തരം കവിതകൾ അപക്വമല്ല. വൈകാരികവും വൈചാരികവുമായ അംശങ്ങളെച്ചൊല്ലി വഴക്കടിക്കുന്നതിൽ അർത്ഥമില്ല. വിചാരാംശത്തേയും വികാരാംശത്തേയും സുനിയന്ത്രിതമാക്കി, ഒരേ സമയത്ത് അനുഭൂതിയിൽ ഉൾപ്പെട്ടുനിന്നുകൊണ്ടും അതേ സമയം പുറത്തുനിന്നുകൊണ്ടും (ഇതൊക്കെ ബുദ്ധിമുട്ടാണ്) രചന നടത്തുകയല്ലേ വേണ്ടത് എന്നു തോന്നിപ്പോകുന്നു. ‘രക്തത്തിൽ മുക്കി എഴുതുന്നു’ എന്നൊക്കെ പറയാറുണ്ട്. രക്തം അഥവാ നോവിന്റേതായ രക്തം പിറകിലുണ്ടായാലും എഴുതുമ്പോൾ അതിൽ നിന്നു തെല്ല് മാറിനിന്നു എഴുതേണ്ടിയിരിക്കുന്നു കവിക്ക്. കണ്ണുനീരിൽ അലിഞ്ഞുപോയാൽ പ്രണയഗാനം രചിക്കാൻ പറ്റില്ല. ‘മാമ്പഴത്തിലെ അമ്മയുടെ ദുഃഖത്തിൽ കവി തീരെ ആമഗ്നനായിപ്പോയാൽ ഇരുന്നു കരയുകയേ പറ്റൂ. വൈകാരികമായ ചൂടിനേക്കാൾ ഫലപ്രദമാണ് പലപ്പോഴും സമചിത്തത.
‘അധികാരം കൊയ്യണമാദ്യം-
അതിനുമേലാകട്ടെ പൊന്നാര്യൻ’
ഈ വരികളിൽ വികാരപ്രപഞ്ചമുണ്ട്. പക്ഷെ നിയന്ത്രണത്തിന്റെ നിസ്സംഗതയാണ് അതിനെ വളരുന്ന ഒരു ജനതക്ക് നിത്യപാഠമാക്കിത്തീർക്കുന്നത്.
ഏത് തരത്തിലുള്ള അനുഭവങ്ങളാണ് കവിതക്ക് കൂടുതൽ തീവ്രത പകരുക?
സാമൂഹ്യനുഭവം, രാഷ്ട്രീയാനുഭവം വ്യക്ത്യനുഭവം തുടങ്ങി അനുഭവങ്ങൾക്ക് അനേകം തലങ്ങളുണ്ട്. ഇവയിൽ ഏതാണ് കവിതയെ ആത്മാർത്ഥവും വായനക്കാർക്ക് ഹൃദയസ്പൃക്കുമാക്കുന്നത് എന്നു ചോദിച്ചാൽ വ്യക്തനുഭവത്തിനു പ്രഥമസ്ഥാനം കൊടുക്കേണ്ടിവരും. അവിടെയാണ് വികാരവും വിചാരവും കവിതയുടെ സാംഗോപാംഗ സൗന്ദര്യവും മേളിച്ചുനിൽക്കുന്നത്. ‘കണ്ണുനീർത്തുള്ളി’ അനന്വയമായി നിൽക്കുന്നത് അതിന്റെ ചിന്താപ്രപഞ്ചം കൊണ്ടല്ലെന്നു ഞാൻ വിചാരിക്കുന്നു. മരിച്ചുപോയ ആ സ്ത്രീയുമായി കുട്ടിക്കാലം മുതലേ തുടങ്ങിയ കൂട്ടുകെട്ട് ദാമ്പത്യത്തിലെത്തി പുഷ്പിതമാകുന്നതും പുഷ്പക്കലമാകുന്നതുമായ ഭാഗമാണ് ആ കാവ്യത്തിന്റെ ജീവനാഡി. സാമൂഹ്യവും രാഷ്ട്രീയവുമായ അനുഭവങ്ങളും ഭാവനകളും അത്രയേറെ ആഴത്തിലുള്ള ഒരു കവിക്കു മാത്രമേ അത്തരം കവിതകൾ എഴുതി വിജയിക്കാൻ കഴിയൂ. നെറൂദ, വിക്തർ യൂഗോ, മയക്കോവസ്‌കി തുടങ്ങിയവരുടെ നിരവധി കവിതകൾ ഇതിനായി നിദർശനങ്ങളായി നിരത്താം.
പക്ഷെ നമ്മുടെ സമൂഹത്തിൽ അത്തരം അതലസ്പർശിയായ സാമൂഹ്യബോധം വിരളമാണ്. എനിക്കെന്റെ കാര്യം അത് ഞാൻ സമർത്ഥമായി കൈകാര്യം ചെയ്യുന്നു. അതിൽ ആവേശം കൊള്ളുന്ന വായനക്കാരുമുണ്ട് എന്ന നിലപാടാണ് പല കവികൾക്കുമുള്ളത്. ഇത് തെറ്റെന്നു പറഞ്ഞുകൂടാ. അവനവന്റെ അനുഭവങ്ങൾ ചെറുതാണെങ്കിലും കാവ്യമാക്കി ചമയ്ക്കുമ്പോൾ ഹൃദയസ്പർശിയായിരിക്കുമെന്നു ആദ്യമേ പറഞ്ഞുവല്ലോ. തന്റേതല്ലാത്ത കഥകൾ എഴുതുമ്പോൾപ്പോലും ഈ ഹൃദയാനുഭൂതിയാണ് ആ മനുഷ്യകഥകൾക്ക് മഹത്വം കൊടുക്കുന്നത്.
ആശാന്റെ ‘നളിനി,’ ലീല, ഉള്ളൂരിന്റെ ‘പിഗംളം,’ കർണ്ണൻ മുതലായ കവിതകൾ ചില കഥാപാത്രങ്ങളുടെ വ്യക്തിഗതങ്ങളായ തത്വനിഷ്ഠകളും തരളതകളും അന്തസ്സംഘർഷങ്ങളും പ്രതിപാദിക്കുന്നു. അവയ്ക്ക് സാമൂഹ്യബദ്ധത കുറവാണ്. എന്നാലുമവ ഉത്തമമായി നിലകൊള്ളുന്നു.
സാമൂഹ്യബദ്ധത തേടിപ്പോകുന്ന നിരൂപകനിഗമനത്തെക്കുറിച്ചെന്താണഭിപ്രായം?
ചിലപ്പോൾ കവിതയുടെ സമഗ്രഫലം സാമൂഹ്യോന്നമനത്തിൽ കലാശിക്കാം. അതുകൊണ്ട് കവിതയുടെ അസ്തിവാരം സാമൂഹ്യമാണെന്ന് നിശ്ശങ്കം പറയാൻ വിഷമമാണ്. വള്ളത്തോളാണ് സാമൂഹ്യ-ദേശീയ രാഷ്ട്രീയപ്രേരണകൾവെച്ച് വിശേഷിച്ചും ജീവിതത്തിന്റെ ഉത്തരഘട്ടത്തിൽ എഴുതിയിട്ടുള്ള ആൾ. ദേശീയബോധം അദ്ദേഹത്തിനു ജീവശ്വാസമായിരുന്നു. ആ നിലയിൽ നാമദ്ദേഹത്തെ വിലമതിക്കുന്നു. സാമൂഹ്യബോധത്തിനുവേണ്ടി അത്രയേറെ സംസാരിച്ച മുണ്ടശ്ശേരിപോലും വള്ളത്തോൾ കൃതിയിൽ മേത്തരമായി എടുത്തു പറഞ്ഞതേതാണെന്നോ, അദ്ദേഹത്തിന്റെ കിളിക്കൊഞ്ചൽ’ ‘അച്ഛനും മകളും’ മുതലായവ. അവയൊക്കെ വ്യക്തിപരങ്ങളാണ്. ‘ശിഷ്യനും മകനും’ നാഗില എന്നിവയും ഇക്കൂട്ടത്തിൽപ്പെടുന്നു. ജാതിസമ്പ്രദായത്തെ വിമർശിച്ചുകൊണ്ട് അദ്ദേഹമെഴുതിയ കൃതികളിൽപ്പോലും മികച്ചുനിൽക്കുന്നത് ‘നായരെ ഭവാൻതന്നെ’ ‘ശുദ്ധരിൽ ശുദ്ധൻ’ എന്നിത്യാദിയായ കവിതകളിലാണെന്നു തോന്നുന്നു. ആദ്യം പറഞ്ഞപോലെ സാമൂഹ്യരാഷ്ട്രീയകാര്യങ്ങൾ സ്വന്തം രക്തത്തിന്റെയും അസ്ഥിയുടെയും പ്രമേയങ്ങളായി അകൃത്രിമമായി അവതരിപ്പിക്കാൻ സാധിക്കുന്നത്. മഹത്വത്തിന്റെ മാനം ഉൾക്കൊള്ളുന്ന സമീപനമാണ്. നെറൂദയെപ്പോലെ നാം അതിലേക്ക് വളരെട്ടെ എന്നാശംസിക്കുവാനേ നിവൃത്തിയുള്ളു. നെറൂദയുടെ കവിതകളുടെ ചുവടുപിടിച്ച് ഇപ്പോൾ ഇറങ്ങുന്ന രചനകൾ നന്ന്, പക്ഷെ ആ രചനകൾക്ക് അത്തരം കവികളുടെ രചനകളുടെ സർവ്വാദിശായിയായ മൂർച്ചയും മുഴക്കവും കിട്ടുന്നുണ്ടോ? സംശയമാണ്. നാം ഇനിയും വളരേണ്ടിയിരിക്കുന്നു.
കാവ്യലോകസ്മരണകളിൽ താങ്കൾ ഇങ്ങനെ എഴുതി-വ്യക്തിഗതങ്ങളായ അനുഭൂതികളെയാണ് കവിതയെഴുത്തിന്റെ ആരംഭഘട്ടങ്ങളിൽ ഞാൻ ആശ്രയിച്ചിരുന്നത്. പിന്നെ ഈ ചായ്‌വ് സാമൂഹ്യ പ്രതിബദ്ധതയുടെ രൂപം കൊണ്ടു. ഈ വീക്ഷണവ്യതിയാനത്തെക്കുറിച്ച് വിശദീകരിക്കാമോ?
ചെറുപ്പത്തിൽ വ്യക്തിഗതങ്ങളായ കവിതകളെഴുതിയ ഞാൻ ഈ ഇടക്കാലത്ത് സാമൂഹ്യതലത്തോടു ഒരു ചായ്‌വു കാണിച്ചു തുടങ്ങിയതായി എനിക്കു തന്നെ അനുഭവപ്പെടുന്നുണ്ടെന്ന് ‘കാവ്യലോകസ്മരണകളിൽ’ ഞാൻ കുറിച്ചത് പരമാർത്ഥമാണ്. പക്ഷെ ഞാൻ വളർന്ന ചുറ്റുപാടിൽ അത്രത്തോളം ഒരു സാമൂഹ്യബോധം ഉൽപന്നമായതു തന്നെ എനിക്കഭിമാനം കൊള്ളാവുന്ന ഒരു വികാസമായി ഞാൻ കരുതുന്നു. എന്നാലും വേണ്ടത്ര സാമൂഹ്യബോധം കമ്മിയായതിനാലാകാം അത്തരം എന്റെ കവിതകൾ വേണ്ടത്ര ചൈതന്യവത്തായിരുന്നില്ല. നാളെ അവയുടെ സ്ഥിതി എന്താകുമെന്നും അറിഞ്ഞുകൂടാ. അതിനെപ്പറ്റി എനിക്ക് പരിഭ്രമമില്ല. ഇന്നത്തെ മാനസികാവസ്ഥയോട് കൂറു പുലർത്തി നൈതികദൗത്യം നിറവേറ്റുക എന്നതാണ് കാര്യം. മറ്റുകവികൾ എന്നേക്കാൾ സുവിസ്തരമായി ഈ ദൗത്യം നിറവേറ്റുന്നതു കാണുമ്പോൾ സന്തോഷമുണ്ട്. അവരുടെ ശൈലി ദുർഗ്രഹമാകരുത് എന്നൊരു ശാഠ്യമേ എനിക്കുള്ളു, ശൈലിയിൽ മിടുക്ക് കാണിക്കുകയല്ല നാം വേണ്ടത്. പൊതുജനങ്ങൾക്ക് ഉൾക്കൊള്ളാൻ തക്ക വിശിഷ്ട വിഭവങ്ങൾ കഴിയുന്നതും സരളമായി ആവർത്തിച്ചു കൊടുക്കുകയാണ് വേണ്ടത്. ചങ്ങമ്പുഴയുടെ ‘വാഴക്കുല’ ദുർഗ്രഹമേയല്ല. പക്ഷെ എന്തൊരു ശക്തിയാണ് ആ കവിതക്ക്! പഴയ ശൈലി എന്നു നിരൂപകർ പിറുപിറുത്തേക്കാം. പക്ഷെ പുതിയ ശൈലി ആളുകൾ മറന്നു പോകുമ്പോഴും ഒരു കുടുംബത്തിന്റെ സമൂഹത്തിന്റെ ദുഃഖം ആ കുലവെട്ടിയ വാഴയിൽ നിന്ന് അശ്രുകണങ്ങളെപ്പോലെ ഇറ്റിറ്റു വീഴുന്നത് അപ്പോഴും അവസാനിക്കുകയില്ല. കഥയെ അവലംബിച്ചാലുള്ള കലാധന്യതയും ഈ കവിതക്കുണ്ട്.
കാവ്യപ്രതിഭക്ക് മൂന്ന് ഇതളുകളാണുള്ളതെന്ന് (ഭാവം, ഭാവന, ഭാഷ) താങ്കൾ ഒരിടത്ത് അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്.
സാധാരണക്കാരനെ അപേക്ഷിച്ച് പറയാം. സാധാരണക്കാരുടെ ഭാഷ കവിതയിൽ ഉപയോഗിക്കാമെന്നത് തുഞ്ചനും കുഞ്ചനും മുതൽ വെൺമണിവരെയുള്ളവരുടെ പാരമ്പര്യമാണ്. പക്ഷെ സാധാരണഭാഷയെ കവിഭാഷയാക്കി പുനഃസൃഷ്ടി നടത്തുക എന്നതാണ് കവിയുടെ കർത്തവ്യം. അത്യാധുനികർ തേഞ്ഞവാക്കുകളെക്കുറിച്ച് കലമ്പൽ കൂട്ടുന്നത് ഈ അർത്ഥത്തിലാണ്. കവിഭാഷ സാധാരണ ഭാഷയിൽ നിന്ന് തികച്ചും വിഭിന്നമാണെന്ന് പറഞ്ഞുകൂടാ. എന്നാലും ആ ഭാഷക്ക് പ്രതിഭയിൽ നിന്നുണ്ടായ ഒരു ധ്വനിസമ്പത്തുണ്ടാകും.
‘കോമനും കൂട്ടരും അങ്കം പിടിച്ചിട്ടും
ഏതും പിൻവാങ്ങീല പുൽച്ചേരി’
പാടത്തെ കളകളായ പുല്ലുകളെ പിഴുതെറിയാൻ കോമനും കൂട്ടുകാരും ചെയ്ത തീവ്രമായ പ്രയത്‌നം പാലാട്ടുകോമന്റെ പരാക്രമങ്ങൾ വരെ ധ്വനിയിലൂടെ പകർന്നു നിൽക്കുന്നു.
‘ഏതോ പെരിയൊരു ശാപംപറ്റി
ചേതോഹരനൊരു ഗന്ധർവ്വൻ.’
ചങ്ങമ്പുഴയെക്കുറിച്ച് വെണ്ണിക്കുളം ചൂടോടെ എഴുതിയ ഈ കവിത നോക്കുക. കവിഭാഷയുടെ കമനീയത അതിൽ കാണാം. കവിഭാഷ എപ്പോഴും കമനീയമായിക്കൊള്ളണമെന്നില്ല. ചിലപ്പോൾ രൂക്ഷമാകാം വളച്ചുകെട്ടലുള്ളതാകാം. അതു ഭാവത്തെയും കവിയുടെ സംസ്‌കാരത്തേയും ആശ്രയിച്ചിരിക്കുന്നു. ഭാഷയെപ്പോലും കവി പുനർനിർമ്മിക്കുകയാണ്.
ഭാവത്തിന്റെ കാര്യത്തിൽ സാധാരണക്കാരനും കവിയും തമ്മിലുള്ള വ്യത്യാസമെന്താണ്?
ഭാവത്തിലും പുനർനിർമ്മാണം നടക്കുന്നുണ്ട്. ഭാവത്തെ ‘വികാരം’ എന്ന അർഥത്തിലാണ് ഇവിടെ പ്രയോഗിക്കുന്നത്. (ഉള്ളടക്കം അർത്ഥം എന്നൊക്കെ ഈ പദത്തിനർത്ഥമുണ്ട്) വികാരം എല്ലാവർക്കുമുണ്ട്. ചിലരിത് പലപ്പോഴഉം തീവ്രമായിരിക്കും. ഭർത്താവ് മരിച്ച സ്ത്രീ മുതൽ വഞ്ചിക്കപ്പെട്ട തൊഴിലാളിവരെ തീവ്രവികാരങ്ങൾക്കടിമകളാണ്. അവിടെയും കവി ആ വികാരത്തെ സ്വന്തം സംസ്‌ക്കാരം മനോധർമ്മം ധ്വനനസാമർത്ഥ്യം എന്നിവയിലൂടെ ഊട്ടിവളർത്തി സഹൃദയവേദ്യമായ കാവ്യവികാരമാക്കിത്തീർക്കുന്നു. കവിയുടെ മനഃസംസ്‌ക്കാരത്തിന് എത്ര മഹത്വമുണ്ടോ അത്രയും ഭാവങ്ങളുടെ ശക്തിയിലും സംശുദ്ധിയിലും പ്രതിഫലിക്കും. കവി ‘സെൻസിറ്റീവ്’ ആണ് അതുകൊണ്ട് കവി എളുപ്പം ഭാവവിധേയനായിത്തീരുന്നു. പക്ഷെ കവിതയിൽ അതൊതുക്കുമ്പോൾ അതിന് അർത്ഥചമൽക്കാരമുള്ള പുതുരൂപം കിട്ടുന്നു. വെൺമണിക്കവികളുടെ കാലത്ത് വർണ്ണിക്കാറുള്ള സ്ഥൂലശൃംഗാരത്തെ ഉപേക്ഷിച്ച് ‘നളിനിയിൽ’ പ്രത്യേകിച്ചും ആശാൻ ആവിഷ്‌ക്കരിച്ച സൂക്ഷ്മപ്രണയഭാവങ്ങൾ മഹാകാവ്യരചനയിൽ ഒരു ഭാവതലം തുറന്നിട്ടുവെന്നുപറയാം.
സാധാരണക്കാരന്റെ ഭാവനയും കവിയുടെ ഭാവനയും എങ്ങനെ യാണ് വേറിട്ടു നിൽക്കുന്നത്?
ഭാവന നമ്മുടെ കവികൾക്കു കുറവല്ല. പക്ഷേ അതു കാടുകയറുന്നതാണനുഭവം. സാധാരണക്കാരനും ഭാവനയുണ്ട്. ആ ഭാവനയേക്കാളും ചിറകുവിരുത്തി ഉയർന്നു പറക്കുന്നതാണ് കവിഭാവന. കവിയുടെ പ്രധാന കൈമുതൽ ഭാവനയാണ് ഭാവനക്കു അതിന്റേതായ ഒരു യുക്തിയുണ്ട്. ആ യുക്തിയാണ് കാടുകയറാതെ ഭാവനയെ നിയന്ത്രിക്കേണ്ടത്. ചിലപ്പോൾ യുക്തിയെ അതിലംഘിച്ച ഭാവന കൂടുതൽ സ്വതന്ത്രവും സുന്ദരവുമായിത്തീരുന്നു. അതൊരു ശക്തിയാണ്. പക്ഷെ കൂടുതൽ സന്ദർഭങ്ങളിൽ ഔചിത്യദീക്ഷയില്ലാതെയുള്ള ഭാവനയുടെ കാടുകയറ്റമാണ് കാണാറ്. ഭാവനയുടെ കാടുകയറ്റം ഇന്നത്തെ അത്യാധുനികരിൽവരെ ഒരു പ്രവണതയായി നിൽക്കുന്നു. ബിംബങ്ങൾ നിർമ്മിക്കാനുള്ള ത്വരയിൽ ഈ അപഥസഞ്ചാരം അവർ കാണുന്നില്ലെന്ന് മാത്രം.
കവിതയിൽ പ്രകൃതിക്ക് ലഭിച്ചു പോന്ന സ്ഥാനം ഇന്ന് നഷ്ടപ്പെടുക യാണ്. മനുഷ്യ പ്രകൃതിയെ ആവിഷ്‌ക്കരിക്കാൻ ബാഹ്യപ്രകൃതിയെ ആശ്രയിക്കാമെന്ന് പറയുന്നതിൽ കഴമ്പില്ലേ?
മനുഷ്യപ്രകൃതിയെ ആവിഷ്‌കരിക്കാൻ ബാഹ്യപ്രകൃതിയുടെ പശ്ചാത്തല ചിത്രണം അത്യാവശ്യമാണെന്ന് കരുതിയ ഒരു കാലമുണ്ടായിരുന്നു. പക്ഷേ ഇന്നതിന്നത്ര പ്രസക്തിയുണ്ടോ? മനുഷ്യപ്രകൃതി ചിത്രീകരിക്കുന്നതുതന്നെ വായനക്കാരന് അതിന്റെ സങ്കീർണ്ണതകൊണ്ടും ഭാവസംഘട്ടനം കൊണ്ടും തുലോം ഹൃദ്യമാണെന്നിരിക്കെ ഇന്നത്തെ കവികൾ പ്രകൃതിയെ കൂട്ടിനു വിളിക്കുന്നത് വളരെ സൂക്ഷിച്ചു മാത്രമാണ്. ഇന്നത്തെ കവികൾ ഈ പാരമ്പര്യത്തെ ഏറെക്കുറെ ലംഘിക്കുകയല്ലേ ചെയ്തിട്ടുള്ളത്. അതിന്നവർക്ക് സമാധാനവുമുണ്ടാകാം. ‘മനുഷ്യൻ, ദുഃഖിതനായ മനുഷ്യൻ’-അതാണവരുടെ പ്രമേയം. മനുഷ്യൻ ദുഃഖിക്കുന്നതിന്നനുസരിച്ച് പ്രകൃതി ദുഃഖിക്കുന്നതായി (ജമവേലശേര ളമഹഹമര്യ) ചിത്രീകരിക്കുന്ന കഥകളും കവിതകളും മുമ്പ് ധാരാളമുണ്ടായിരുന്നു. ഇപ്പോൾ പ്രകൃതി മേമ്പൊടിക്ക് മാത്രമേയുള്ളു. ഇതിനാൽ കവിത സത്യസന്ധമായിത്തീരുന്നു. മനുഷ്യനോടൊത്തു പ്രകൃതി ദുഃഖിക്കുകയും ആഹ്ലാദിക്കുകയും ചെയ്യുന്നുവെന്നത് ഒരു കാവ്യസത്യം മാത്രമല്ലേ? പരമാർത്ഥത്തിന്റെ അടിയുറപ്പില്ലാത്ത സങ്കൽപം അഥവാ ഭാവന വെട്ടിച്ചുരുക്കിയത് നന്നായി. പക്ഷേ ഭാവനക്കുള്ള സ്ഥാനം ഇതുകൊണ്ടൊന്നും കുറയുന്നില്ല. ജീവിതത്തിന്റെ കവിഹൃദയത്തിന്റെ ഉള്ളുകള്ളികൾ കാണിച്ചു തന്ന കലാശിൽപം മനോഹരമാക്കാൻ ഭാവനക്കുള്ള കഴിവ് മറ്റൊന്നിനുമില്ല. ‘കിളിക്കൊഞ്ചലി’ന്റെ അവസാനഭാഗം സുന്ദരവും സുനിയന്ത്രിതവുമായ ഭാവനയുടെ മകുടോദാഹരണമാണ്.
താങ്കളുടെ രചനാപ്രക്രിയയുടെ സവിശേഷതകൾ കൂടി അറിയാൻ ഔൽസുക്യമുണ്ട്.
ഞാനധികവും രാത്രിയാണെഴുതുക പതിവ്. തീർക്കണമെന്നു വെമ്പലുള്ളപ്പോൾ പകലും ഇരിക്കാറുണ്ട്. പക്ഷേ ഉച്ചക്കൊന്ന് മയങ്ങേണ്ട സമയത്ത് കവിതയെഴുതുന്നത് എന്നെ ബോറടിപ്പിക്കുകയും ക്ഷീണിപ്പിക്കുകയും ചെയ്യും. ഇപ്പോൾ ഞാൻ കാര്യമായെഴുതാറില്ല. സമയം കിട്ടാറില്ല. ആന്തരമായ ചൈതന്യവും വറ്റിയിരിക്കുന്നു. മറ്റുള്ളവരെഴുതിയ നല്ല പുസ്തകങ്ങൾ വായിച്ചുകൊണ്ടിരിക്കുന്നതിലാണ് ഇമ്പം. രാത്രി കവിത എഴുതാമെന്നുവെച്ചാൽത്തന്നെ തുടർച്ചയായി ആ കവിതയിൽ വരേണ്ടുന്ന വാക്കുകളും വരികളും തലച്ചോറിൽ കുമിളകൾപോലെ കുരുത്തും പൊട്ടിയും എന്റെ ഉറക്കത്തെ അപഹരിക്കുന്നു. കുറച്ചേ ഞാൻ എഴുതിയിട്ടുള്ളു. അതുതന്നെ അധികവും ആനുകാലികങ്ങളുടെയും എ.ഐ.ആറിന്റെയും മറ്റും നിർബ്ബന്ധം കൊണ്ടാണ്. കവിതയെഴുത്തുകൊണ്ടുള്ള ക്ഷീണത്തിനെതിരായി ഉപബോധമനസ്സിൽ ഒരു നിരോധനം സംഭവിക്കുന്നുണ്ടെന്നു തോന്നുന്നു. എഴുതാൻ സാധിക്കാത്തതു കൊണ്ട് ദുഃഖമില്ല. ആവുന്നതെഴുതി കഴിഞ്ഞു.

Share this:
About Author

Recently added