കവിയുടെ സത്യദർശനം

ജി. ശങ്കരക്കുറുപ്പ് (1901-1978)

നെല്ലിക്കാമ്പളളി വാര്യത്ത് ശങ്കരവാര്യരുടേയും വടക്കിനി മാരാത്ത് ലക്ഷ്മിക്കുട്ടി അമ്മയുടേയും മകനായി എറണാകുളം ജില്ലയിലെ കാലടിക്കടുത്തുള്ള നായത്തോട് എന്ന സ്ഥലത്ത് 1901 ജൂൺ 3-ന് ജനിച്ചു. പെരുമ്പാവൂരിലും മൂവാറ്റുപുഴയിലുമായിരുന്നു സ്‌കൂൾ വിദ്യാഭ്യാസം. പണ്ഡിറ്റ് പരീക്ഷ പാസ്സായശേഷം സ്‌കൂൾ അധ്യാപകനായി. 1937-ൽ എറണാകുളം മഹാരാജാസ് കോളേജിൽ പ്രൊഫസറായി. ആകാശവാണിയിൽ സലാഹ്കാർ പദവിയിലിരുന്നു. രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടു. 1956-ൽ അദ്ധ്യാപക ജോലിയിൽ നിന്നും വിരമിച്ച ശേഷം കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, രാജ്യസഭാംഗം എന്നീ നിലകളിൽ സേവനം അനുഷ്ടിച്ചു. കവിയും ഉപന്യാസകാരനും അദ്ധ്യാപകനുമായിരുന്നു. ജ്ഞാനപീഠ പുരസ്‌കാരം നേടുന്ന ആദ്യ സാഹിത്യകാരനാണ്. 1978 ഫെബ്രുവരി 2 ന് അന്തരിച്ചു.


കൃതികൾ
സൂര്യകാന്തി (1933), നിമിഷം (1945), ഓടക്കുഴൽ (1950), പഥി കന്റെ പാട്ട് (1955), വിശ്വദർശനം (1960), മൂന്നരുവിയും ഒരു പുഴയും (1963), ജീവനസംഗീതം (1964), സാഹിത്യ കൗതുകം (3 വാല്യങ്ങൾ 1968), പൂജാപുഷ്പം (1969), ചെങ്കതിരുകൾ, വനഗായകൻ, പാഥേയം, ഓർമ്മയുടെ ഓളങ്ങളിൽ (ആത്മകഥ). മേഘച്ഛായ (കാളിദാസന്റെ മേഘദൂതിന്റെ വിവർ ത്തനം), ഗീതാഞ്ജലി (ടാഗോർ കൃതിയുടെ വിവർത്തനം), വിലാസലഹരി (1931) (ഒമർ ഖയ്യാമിന്റെ റുബായിയത്തിന്റെ വിവർത്തനം). ടിപ്പു, ഹൈദരാലി (ജീവചരിത്രം). ഗദ്യോപഹാരം (1947), മുത്തും ചിപ്പിയും (1958) (ഉപന്യാസങ്ങൾ). ഓലപ്പീപ്പി, കാറ്റേ വാ കടലേ വാ, ഇളംചുണ്ടുകൾ, വാർ മഴവില്ലേ (ബാലകവിതകൾ).
പുരസ്‌ക്കാരങ്ങൾ
1961 ൽ കേരള സാഹിത്യ അക്കാദമി അവാർഡ്, 1963-ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (വിശ്വദർശനം). പ്രഥമജ്ഞാനപീഠപുരസ്‌കാരം (1965-ഓടക്കുഴൽ). 1967ൽ സോവി യറ്റ് ലാന്റ് നെഹ്‌റു അവാർഡ്, പദ്മഭൂഷൺ, പ്രഥമ ജ്ഞാനപീഠം (1965).


ഇന്റർവ്യൂ ചെയ്തത് – ഡോ: രൺവീർ രാംഗ്ര


ആന്തരികവും ബാഹ്യവുമായ ചില സാഹചര്യങ്ങൾ താങ്കളെ കാവ്യരചനയ്ക്ക് നിർബന്ധിതനാക്കാറുണ്ടാകുമല്ലോ? അതിനെക്കുറിച്ച് ചില സൂചനകൾ നൽകാമോ?
ആത്മാവിഷ്‌കാരം തന്നെയാണ് കലയെന്ന സാമാന്യ സിദ്ധാന്തത്തിൽ എനിക്ക് വിശ്വാസമുണ്ട്. കലാകാരനിൽ അന്തർലീനമായ ശക്തി എനിക്ക് ഭാവാതിരേകത്തിന്റേയും ഭാവനകളുടേയും വേലിയേറ്റത്തിന് പുതിയ രൂപവും ഭാവവും നൽകും. എന്നാൽ ഈ ഭാവനയും സ്മൃതിയും ഇച്ഛയും ആന്തരിക ധർമ്മത്തിനതീതമായി പുതിയസന്ദർഭങ്ങളുടെ സമ്പർക്കത്തിലൂടെയാണ് ഉന്മീലിതമാകുന്നത്. എന്നാൽ വിടർത്താനെത്തുന്ന പ്രകാശകിരണത്തിന്റെ സ്പർശമേൽക്കുമ്പോഴാണ് അത് ജാഗ്രതാവസ്ഥയിലെത്തുന്നത്. ഇന്ന് സാഹിത്യ നിരൂപണമേഖലയിൽ സബ്ജക്ട്-ഒബ്ജക്ട് ബന്ധത്തിന്റെ മുദ്രാവാക്യം മുഴങ്ങുകയാണ്. ഈ പുതിയ പദപ്രയോഗത്തിലൂടെ തങ്ങൾ നവീനവും ശക്തവുമായ ഭാവവീചികൾ പ്രസരിപ്പിക്കുന്നതിൽ വിജയിച്ചിരിക്കുന്നുവെന്ന് ചില നിരൂപകർ കരുതുന്നുണ്ട്. പുതിയ വാക്കുകൾ-എല്ലായ്‌പ്പോഴും പുതിയ ആശയങ്ങളുടെ ദൂതന്മാരാകുന്നതിൽ വിജയിക്കുന്നുവെന്ന് പറയാൻ വയ്യാ. സത്യത്തിൽ ഇത് പഴയ ‘വിഷയി-വിഷയ സന്നികർഷ’ ആശയമല്ലാതെ മറ്റെന്താണ്? മനുഷ്യന്റെ ആന്തരികബോധത്തിന്റെ പ്രാഥമിക തത്വത്തിനപ്പുറം ഇതിൽ ഒന്നുമില്ല.
ഇന്ദ്രിയങ്ങളിലൂടെ പ്രകൃതി മനുഷ്യന്റെ അന്തശ്ചേതനയിൽ അതിന്റെ യഥാർത്ഥ രൂപം പ്രൊജക്ട് ചെയ്യുകയാണ്. അതുപോലെ മനുഷ്യഭാവനകളുടെ പ്രൊജക്ഷൻ പ്രകൃതിയിലും ഉണ്ടാകുന്നു. ഇതിൽ ആദ്യത്തെ പ്രക്രിയ വസ്തുസത്യദർശനമാണ്. രണ്ടാമത്തേതിൽ ഭാവനാശേഷി വിശിഷ്ട അർത്ഥവുമായി ചേർന്ന് കവിഹൃദയത്തിന്റെ കയ്യൊപ്പു പതിപ്പിക്കുന്നു. തീപ്പെട്ടിക്കൊള്ളിയുടെ അറ്റത്തുനിന്ന് സ്ഫുരിക്കുന്ന പ്രകാശം അത് കൊള്ളിയിലേക്കും വ്യാപിപ്പിക്കുന്നു. ആന്തരമനസ്സിന്റെ നിഗൂഢതയിലും ചിലപ്പോൾ അത്തരം ചില ഭാവങ്ങളുടെ സ്ഫുരണമുണ്ടാകുന്നു. നിങ്ങൾക്കിതിനെ ക്ഷണപ്രഭമെന്നോ ക്ഷണസുന്ദരമെന്നോ വിശേഷിപ്പിക്കാം. എന്തായാലും ശരി, അതിന്റെ ദീപ്തി ബാഹ്യസത്യത്തിന് ഒരു പുതിയ നിറമേകുന്നുണ്ട്. ഒരു പുതിയ ദർശനവും അതിലൂടെ സുസാധ്യമാകും.
എന്നാൽ ഇതേ ജ്വാല ബാഹ്യവസ്തുക്കളിൽ പടരുമ്പോൾ അത് ശക്തിമത്തായ ഈ ജ്വലനപ്രക്രിയയെ സഹായിക്കും. അപ്പോഴത് ശക്തിദർശനത്തെ കൂടുതൽ സ്പഷ്ടമാക്കും. ഭാവഗാനങ്ങളും മറ്റു കാവ്യശാഖകളും തമ്മിലുള്ള അന്തരം ഇതാണ്. ഇങ്ങനെ വിശിഷ്ട കലാകൃതികളുടെ ആവിർഭാവത്തെ റൊമാന്റിക് എന്ന് പറയുന്നതിന്റെ കാരണമതാണ്. എന്റെ അനുഭവത്തിന്റെ കാര്യം പറയാം. എന്റെ സ്മരണകൾ സാമൂഹ്യ-രാഷ്ട്രീയ-മാനുഷിക പ്രാധാന്യമുള്ള സംഭവങ്ങൾ-ഇവയെല്ലാം വ്യക്തിഗതവും സാമൂഹ്യവുമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നു. കാവ്യ രചനയ്ക്ക് ഇവ രണ്ടും ഉപാധികളാകാറുണ്ട്.
താങ്കളെ സംബന്ധിച്ചേടത്തോളം കാവ്യരചനയുടെ ആത്യന്തികമായ ലക്ഷ്യമെന്താണ്?
ആത്മാവിഷ്‌കാരം തന്നെയാണ് കാവ്യരചനയുടെ പ്രഥമലക്ഷ്യം. സ്വന്തം ഹൃദയത്തിന്റെ പ്രതിച്ഛായ സ്വന്തം കണ്ണുകൊണ്ട് കാണാനുള്ള അദമ്യമായ അഭിലാഷം. സ്വന്തം മനസ്സിലുള്ള പ്രതിബിംബത്തെ മകന്റെ മുഖത്ത് കാണുമ്പോൾ അച്ഛന്റെ മനസ്സിന് ലഭിക്കുന്ന സംതൃപ്തിയുണ്ടല്ലോ- ശരിക്കും അതുപോലുള്ളതാണ് ഈ അനുഭൂതി. അനശ്വരതയെ പുൽകുവാനുള്ള അഭിലാഷവും കാവ്യരചനയ്ക്ക് പിന്നിൽ അബോധപൂർവ്വമായി പ്രവർത്തിക്കുന്നുണ്ട്. സമഷ്ടിഹൃദയവുമായി സഹാനുഭൂതിസാന്ദ്രമായ താദാത്മ്യം പ്രാപിക്കാനുള്ള ത്വരയെ ഞാൻ കാവ്യരചനാ പ്രക്രിയയുടെ മൗലികവും സുപ്രധാനവുമായ ലക്ഷ്യമായി കരുതുന്നു. ഈ ഭാവാത്മക ഐക്യമാണ് കലയുടെ സാമൂഹ്യമൂല്യമെന്നുവരെ പറയാൻ ഞാനാഗ്രഹിക്കുന്നു. ഒരു ഉദാഹരണത്തിലൂടെ എനിക്ക് ഈ ആശയം വ്യക്തമാക്കാൻ സാധിക്കും. രക്തസാക്ഷിയായ ചന്ദ്രശേഖർ ആസാദിന്റെ കാര്യം തന്നെയെടുക്കൂ. അദ്ദേഹം ഒരു ഭീകരവാദിയായിരുന്നു. ആ ഭീകരവാദത്തെ എനിക്ക് അംഗീകരിക്കാനാവില്ല. എന്നാൽ രാഷ്ട്രത്തിന്റെ സമസ്ത ദുഃഖങ്ങളും കടിച്ചിറക്കുന്നയാൾ. രാഷ്ട്രത്തിന്റെ മോചനത്തിനുവേണ്ടി സ്വന്തം പ്രാണൻ ആഹുതി ചെയ്യുന്ന ഈ പൗരുഷപൂർണ്ണമായ ധൈര്യം. ഈ ധൈര്യത്തിന് പിന്നിൽ സ്പന്ദിക്കുന്ന ദൃഢഹൃദയം, സമുജ്ജ്വലനായ ഒരു വ്യക്തി- ഈ രീതിയിൽ ആസാദിനെ ഒരു വിഷയമായി സ്വീകരിച്ച് ഞാൻ കവിത രചിച്ചാൽ ആ ഭാവാവിഷ്‌കാരത്തിലൂടെ സമഷ്ടി ഹൃദയത്തോടൊപ്പം സഹാനുഭൂതിസാന്ദ്രമായ താദാത്മ്യം പ്രാപിക്കുന്നുവെന്നുതന്നെയാണതിന്റെ അർത്ഥം. എന്റെ വീക്ഷണത്തിൽ ഇതാണ് സാഹിത്യം. ഇതിന്റെ അഭാവത്തിൽ കവിത ചിരന്തനമാവില്ല.
അതെ, ഞാൻ നേരത്തെ സൂചിപ്പിച്ചതുപോലെ അനശ്വരതയെ പുൽകുവാനുള്ള മനുഷ്യന്റെ അഭിലാഷം ജന്മസിദ്ധമാണ്. അതിന് അനേകം മാർഗ്ഗങ്ങളുണ്ടാവാം. ചിലത് പ്രയാസകരമാകാം ചിലത് സരളവും സ്വന്തം പ്രതിഭയും വ്യക്തിത്വവുമനുസരിച്ച് മുഷ്യൻ തനിക്കിണങ്ങുന്ന മാർഗ്ഗം തിരഞ്ഞെടുക്കുന്നു. എന്നാൽ കവി മുന്നേറുക സൗന്ദര്യത്തിന്റെയും നാദലയ മനോഹാരിതയുടേയും ആയാസരഹിതമായ മാർഗ്ഗത്തിലൂടെയായിരിക്കും. വാക്കുകളിൽ സ്വന്തം അന്തശ്ചേതനയും അയാൾ കൈവരിക്കും. തന്റെ അനുപമമായ പ്രതിഭാശക്തി നൽകിക്കൊണ്ട് സമഷ്ടിഹൃദയത്തെ ഉദ്ദീപ്തമാക്കാനും ഉണർത്താനും സംസ്‌കാരസമ്പന്നമാക്കാനും കവിക്ക് കഴിയും. എന്നാൽ ഈ ലക്ഷ്യം നേടാൻ കവി ബോധപൂർവ്വം ഒന്നും ചെയ്യുന്നില്ലെന് പ്രത്യേകം പറയട്ടെ.
ആന്തരികവും ബാഹ്യവുമായ യാഥാർത്ഥ്യങ്ങൾക്ക് ആദ്യം കല്പിച്ചിരുന്ന അർത്ഥം രചനാ പ്രക്രിയയിൽ നിഷ്പ്രഭമാകുമോ? സത്യത്തിന്റെ കൂടുതൽ സമീപത്തെത്തുന്ന പ്രതീതി ഈ വേളയിൽ ഉണ്ടാകാറുണ്ടോ? ഏത് കൃതി രചിക്കുമ്പോഴാണ് ഇത് കൂടുതൽ അനുഭവപ്പെട്ടത്?
കാവ്യരചനാവേളയിൽ അത്തരം ചില അനുഭൂതികളിലൂടെ കടന്നുപോകാനുള്ള സൗഭാഗ്യം എനിക്ക് ലഭിച്ചിട്ടുണ്ട്. എന്റെ നീണ്ട കവിത ‘വിശ്വദർശനം’ ഇതിന് ഉദാഹരണമാണ്. ഞാൻ ഈ കവിത എഴുതാനിരുന്നപ്പോൾ ഈ വിരാട് വിശ്വം കണ്ടപ്പോഴുണ്ടായ അത്ഭുതകരവും ചില ശാസ്ത്രീയ ദാർശനിക സങ്കല്പങ്ങളും മാത്രമാണ് എന്റെ മനസ്സിലുണ്ടായിരുന്നത്. ഇപ്പോൾ മുളച്ച ഒരു വിത്തിന്റെ രണ്ട് ദളങ്ങൾ കണക്കെയായിരുന്നു എന്റെ മനസ്സ്. ബീജാവരണത്തെ ഭേദിച്ചുകൊണ്ട് ബാഹ്യപ്രകാശത്തിന് ഉന്മുഖനായി നിൽക്കാൻ അത് സഹായകമായി. കവിതയുടെ തുടക്കം സാമാന്യതലത്തിൽ നിന്നായിരുന്നുവെന്ന് സാരം.
എന്നാൽ ഈ ചെറിയ പരിധിക്കുള്ളിൽ വിശാലമായ ഭാവമണ്ഡലവും ദീപ്തദർശനവും അടങ്ങിയിട്ടുണ്ടെന്ന് ഞാൻ അന്ന് മനസ്സിലാക്കിയിരുന്നില്ല. പെട്ടെന്നാണ് എന്റെ ഹൃദയത്തിൽ ഉണ്ടായ സങ്കോചവും വികാസം പോലെ ആദികേന്ദ്രത്തിന്റെയും അനാദി ചൈതന്യത്തിന്റെയും പ്രവാഹം കണക്കെ ബ്രഹ്മാണ്ഡകോടികളിലെ ആവർത്തന വിവർത്തനങ്ങളാൽ നിറഞ്ഞ അനന്തചലനം പോലെ ഞാൻ ജീവിതത്തെ ദർശിക്കുകയായിരുന്നു. ഈ ദർശനത്താൽ എന്റെ ഭാവന പെട്ടെന്ന് ഉൽബുദ്ധമാവുകയും അതെന്നെ താനെ എടുത്തുയർത്തുകയും ചെയ്തു. സൃഷ്ടി, ആ വികാസപ്രക്രിയയിലുണ്ട്. അന്തഃകരണത്തിന്റെ ആകസ്മിക ആവിർഭാവം, അതിലെ സർഗ്ഗശക്തിയിലെ ഉയർച്ച, പ്രതീക്ഷ അതിലെ സ്വതന്ത്ര ജഗദ്‌സത്യവ്യാപനം അന്തഃകരണത്തിന്റെ വികാസം സത്യസൗന്ദര്യധർമ്മങ്ങളുടെ വികാസം- ഇവയെല്ലാം അപ്രതീക്ഷിതമായി മനസ്സിൽ ഉയർന്നു വന്നു. പ്രകൃതി പ്രതിഭാസത്തിലടങ്ങിയ ഈ ഡിസൈനിനെ പാപം- പുണ്യം, സുഖം-ദുഃഖം എന്നിങ്ങനെ തോന്നിയവിധത്തിൽ മനുഷ്യൻ സ്വീകരിക്കുന്നില്ലെന്ന് എനിക്ക് ബോധ്യമായി. ഒരു ലക്ഷ്യവും ഒരു ഗുണപാഠവുമില്ലെന്ന് അവൻ അലറുന്നതിന്റെ കാരണവും അതാണ്. പാപം- പുണ്യം, സുഖം-ദുഃഖം, സത്യം-സൗന്ദര്യം എന്നിവയെല്ലാം മനുഷ്യന്റെ സ്വതന്ത്രമായ അന്തഃകരണത്തിൽ വരുന്ന കാര്യങ്ങളാണെന്നതാണ് വാസ്തവം. സ്വതന്ത്രമായ അന്തഃകരണം ലഭിച്ചാൽ പിന്നെ ബിംബത്തിന് പിറകിലുള്ള ആ സനാതന ആദികേന്ദ്രത്തിനും ആ സർഗ്ഗാത്മക ലക്ഷ്യത്തിനും ഇതിന്റെ യാതൊരു ഉത്തരവാദിത്വവുണ്ടാകില്ല.
കൊല്ലൻ ഇരുമ്പ് തീയിൽ വെക്കുമ്പോൾ ചൂടാകുന്നുവെന്നത് വാസ്തവമാണ്. എന്നാൽ കൊല്ലന്റെ മനസ്സിൽ തെല്ലും അലിവില്ലെന്ന് ഇതിന്നർത്ഥമില്ല. വിമലിനീകരിക്കാനും പുതുരൂപം നൽകാനുമുള്ള ദൃഢനിശ്ചയമാണതിന് പിന്നിലുള്ളത്. അന്തഃകരണത്തിന് സ്വതന്ത്ര അസ്തിത്വം പ്രദാനം ചെയ്തുകൊണ്ട് കവിത മുന്നേറി. കവിതയുടെ സ്വന്തമായ മുന്നേറ്റം അതിന്റെ വികാസപഥമായി. ഡിസൈനിനെ അതിലംഘിക്കുന്ന കവിതയുടെ കാര്യമാണിവിടെ പറഞ്ഞത്. ഡിസൈനിന് താഴെ നിൽക്കുന്ന കവിതകളുമുണ്ടാകാം.
പ്രകൃതിയുമായി സാത്മ്യം സ്ഥാപിച്ചുകൊണ്ട് വിരാട് പുരുഷദർശനം ലഭിക്കാൻ സാധിക്കുന്ന കവിഹൃദയത്തിന് ജനജീവിത മാധ്യമത്തെ അത്രതന്നെ സഹജതയോടെ സ്വീകരിക്കാനാവുന്നില്ല. സ്വീകരിക്കുന്നുവെങ്കിൽ അതിൽ ശൈഥില്യം വരുന്നു. യഥാർത്ഥ സാധകന് ഈ രണ്ടു മാർഗ്ഗങ്ങളും സ്വീകരിക്കാനാവണം എന്നൊക്കെ പറയാറുണ്ടല്ലോ. ഇതിൽ താങ്കൾ അവലംബിച്ച മാർഗ്ഗമേതാണ്?
ഈ വിരാട് പ്രകൃതിയുടെ അംശമായി മാത്രമേ എനിക്ക് മനുഷ്യനെ കാണാൻ സാധിക്കൂ. മനുഷ്യൻ പ്രകൃതിക്കുമേൽ കൈവരിക്കുന്ന വിജയം യഥാർത്ഥത്തിൽ പ്രകൃതിയുടെ വിജയമാണ്. അവന്റെ അന്തഃകരണത്തെ രൂപപ്പെടുത്തുന്നത് പ്രകൃതി തന്നെയാണ്. എന്തെങ്കിലും സർഗ്ഗാത്മക ലക്ഷ്യമുണ്ടാകുന്നുവെങ്കിൽ അതും പ്രകൃതിയുടെ ഫലമായി വരുന്നതാണ്. മനുഷ്യന്റെ പ്രഭാവം കാരണം പ്രകൃതിയിലെ ഇതര ദൃശ്യങ്ങൾ അവന് പ്രവർത്തിക്കാനുള്ള പശ്ചാത്തലമായി മാറുന്നു. അപ്പോഴും ഞാൻ മനുഷ്യനെ പ്രകൃതിയുടെ വത്സല സന്തതിയായി കാണുന്നു. അതിനോട് ഏറ്റുമുട്ടുന്ന പോരാളിയായല്ല ഞാൻ മനുഷ്യനെ വീക്ഷിക്കുന്നത്. അമ്മ ഒളിപ്പിച്ചുവെച്ചിരിക്കുന്ന വിഭവങ്ങൾ അവൻ തിരഞ്ഞ് കണ്ടുപിടിക്കുന്നു. തന്റെ പ്രവർത്തനത്തിലൂടെ അതിന് അത്ഭുതരൂപം നൽകുന്നു. എന്റെ ഈ സങ്കല്പങ്ങൾ ചിലപ്പോൾ തെറ്റാകാം എന്നാൽ ഈ സങ്കല്പത്തിലൂടെ പ്രകൃതിയേയും മനുഷ്യജീവിതത്തേയും ഉപദാനമായി സ്വീകരിച്ചുകൊണ്ട് കാവ്യരചന നടത്തുന്നതിൽ ഞാൻ വിജയിച്ചിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം.
തുറന്നുവെച്ച പുസ്തകമായാണ് ഞാൻ പ്രകൃതിയെ കാണുന്നത്. അത് എന്റെ അന്തരംഗത്തിൽ അനുക്ഷണം നൂതനാനുഭൂതികൾ സൃഷ്ടിക്കുന്നു. ചിലപ്പോളത് എനിക്ക് വിശദപ്രതീകമായി അനുഭവപ്പെടുന്നു. അപ്പോൾ ഞാൻ അതിന് പിന്നിലുള്ള അനാദി സർഗ്ഗചൈതന്യത്തെക്കുറിച്ച് ഓർത്തുപോകും. മനുഷ്യജീവിതം വൈവിധ്യങ്ങൾ നിറഞ്ഞതാണ്. എന്നാൽ അതിൽ പ്രകൃതിസൗന്ദര്യം പോലുള്ള സ്വച്ഛതയില്ല. ഈ സ്വച്ഛതയുടെ ആധിക്യം കാരണം പ്രകൃതി സൗന്ദര്യത്തിലൂടെ സത്യത്തിൽ എത്തിച്ചേരാനും അതിനെ ദർശിക്കാനും എളുപ്പത്തിൽ സാധിക്കുന്നു. ഇങ്ങനെ പറയുമ്പോൾ മനുഷ്യജീവിതത്തെ ഞാൻ പാടെ തിരസ്‌കരിക്കുകയാണെന്ന് അർത്ഥമാക്കരുത്. വിഭിന്നവും വിചിത്രവുമായ സംഭവങ്ങളാൽ നിർഭരമായ മനുഷ്യജീവിതത്തിന് പിറകിൽ പ്രവഹിക്കുന്ന അന്തഃശ്ചേതനയെക്കുറിച്ചും ആ അന്തഃകരണത്തിന്റെ ബോധധാരയെക്കുറിച്ചും ഞാൻ ജാഗരൂകനാണ്. ചോരയിലും യുദ്ധത്തിലും ആണ്ടു മുങ്ങുന്ന രംഗങ്ങളുണ്ടാവുമ്പോഴും മനുഷ്യവർഗ്ഗത്തിന്റെ മംഗളകരമായ ഭാവിയെക്കുറിച്ച് ഞാൻ സ്വപ്നം കാണുന്നതിന്റെ കാരണവും അതാണ്. ഞാനൊരു ശുഭാപ്തിവിശ്വാസിയാണ്.
മനുഷ്യൻ വിശ്വനാശം സൃഷ്ടിക്കുന്ന ബോംബ് ഉണ്ടാക്കിയിട്ട് അതിന്റെ കരിനിഴലിലിരുന്ന് വിപത്തിന്റെ പൈശാചികമുഖം കണ്ട് അമ്പരക്കാൻ തുടങ്ങിയിരിക്കുന്നു. മനുഷ്യർ മരിക്കും. എന്നാലും മനുഷ്യത്വം മരിക്കില്ല എന്ന വിശ്വാസം ഇപ്പോഴും എന്റെ മനസ്സിൽ പച്ചപിടിച്ച് നിൽക്കുന്നു. ഏതൊരു വിനാശകരമായ ശക്തിയെയും സർഗ്ഗാത്മകപ്രവണതയുടെ രൂപത്തിൽ മാറ്റിയെടുക്കാനുള്ള ശേഷി ഇന്നും അവന്റെ മനസ്സിലുണ്ട്. നല്ല മനുഷ്യന്റെ അന്തഃകരണം സൗന്ദര്യബോധത്തിന്റേയും ധർമ്മബോധത്തിന്റേയും വിധാതാവാണ്. അയാൾ സത്യത്തിന്റെ നിർഭയനും സ്വതന്ത്രനുമായ അന്വേഷകനാണ്. ആ നിലയ്ക്ക് അവനെ എങ്ങനെയാണ് ആത്മഹത്യക്ക് പ്രേരിപ്പിക്കാനാവുക? ക്യൂബയിൽനിന്ന് റഷ്യ അണുവായുധങ്ങൾ മാറ്റി. അമേരിക്ക എന്തുകൊണ്ട് തങ്ങളുടെ പക്കലുള്ള വിധ്വംസകായുധങ്ങൾ പ്രയോഗിക്കുന്നില്ല? സത്യത്തിൽ റഷ്യയോ അമേരിക്കയോ എന്നതല്ല കാര്യം. മനുഷ്യന്റെ ഈ അന്തഃകരണമാണ് ദേശകാലങ്ങളുടെ പരിമിതിയെ ഗൗനിക്കാതെ ജീവിതമാകുന്ന രഥത്തെ മുന്നോട്ട് നയിക്കുന്നത്. ഈ വിശ്വാസമാണ് എന്നെ ഹ്യൂമനിസ്റ്റ് ആക്കിയതെന്ന് ഞാൻ തറപ്പിച്ചുപറയും. സ്വന്തം അന്തഃകരണത്തിന്റെ വളർച്ചയനുസരിച്ച് മാത്രമേ മനുഷ്യൻ സത്യത്തെ ദർശിക്കുന്നുള്ളൂ. വേദത്തിലോ അല്ലെങ്കിൽ മറ്റേതെങ്കിലും ശാസ്ത്രഗ്രന്ഥങ്ങളിലോ പറഞ്ഞ നിയമങ്ങൾക്കനുസരിച്ചല്ല ഇത് സാധ്യമാകുന്നത്.
കാവ്യരചനയെക്കുറിച്ച് എനിക്കൊരുകാര്യം എടുത്തു പറയാനുണ്ട്. ജീവിതപ്രവർത്തനങ്ങളിൽ നിന്ന് അകന്നുനിന്നുകൊണ്ട് നിരപേക്ഷ-നിസ്സംഗഭാവത്തോടെ ഒരു മനുഷ്യനും ജീവിതത്തെ കാണാനാവില്ല. അയാളും അതിന്റെ ഭാഗമാണ് എന്നതാണിതിന് കാരണം. വിരാട് പ്രകൃതിയിലൂടെയുള്ള സത്യദർശനം സഹജമായിരിക്കും. എന്നാൽ നാനാപ്രവർത്തനങ്ങളാൽ സങ്കീർണ്ണമായ ജീവിതത്തിലൂടെയുള്ള സത്യദർശനം ഈ വിധത്തിലായിരിക്കില്ല.
‘ഓടക്കുഴലി’ലെ ഭാവഗീതങ്ങൾ ബുദ്ധിക്ക് അതീതമായി നിൽക്കുന്ന ഇന്ദ്രിയാനുഭൂതിയെ പദബദ്ധമാക്കുകയാണ് ചെയ്യുന്നത് ഇതിനോട് താങ്കൾക്ക് യോജിപ്പുണ്ടോ?
നദിയിലെ ഓളങ്ങളും നുരയും പതയുമെല്ലാം നദിയുടെ തന്നെ അന്തശ്ചേതനയുടെ സ്പന്ദനമാണ്. അതിന്റെ ചലനത്തിന്റെ ലയവും താളവുമാണ്. ഇതൊന്നും തന്നെ ബാഹ്യാരോപിത തത്വങ്ങളല്ല. ഒരു പൂ വിരിയുന്നതെങ്ങനെയെന്ന് നോക്കൂ. അതിന്റെ നിറവും രൂപവും ഘടനയുമെല്ലാം അതിന്റെ ആന്തരചേതനയുടെ തന്നെ സ്ഫുരണമാണ്. കവിതയിലും ആന്തരഭാവങ്ങളുടെ സ്വച്ഛന്ദരൂപങ്ങൾക്ക് ആവിഷ്‌ക്കാരം ലഭിക്കുമ്പോൾ അത് കരുത്തുറ്റതായിത്തീരുന്നു. തുടക്കത്തിൽ എന്നിലും അഭിജാത കാവ്യപാരമ്പര്യത്തിന്റെ ലക്ഷണങ്ങൾ സ്വാധീനം ചെലുത്തിയിരുന്നു. മലയാളത്തിൽ സാർവ്വത്രികമായിരുന്ന ദ്വിതിയാക്ഷരപ്രാസരീതി ചില കവികളുടെ ഭാവങ്ങളെ തടസ്സപ്പെടുത്തിയിരുന്നു. ഈ പാരമ്പര്യത്തിന്റെ അനുശീലനം കാരണം പദത്തിന്റെ ആജ്ഞയനുസരിച്ച് ചിന്തിക്കാൻ കവി ബാധ്യസ്ഥനായി. എന്നാൽ ഈ അപകടത്തിൽ നിന്ന് എനിക്ക് സാവകാശം മോചനം നേടാൻ കഴിഞ്ഞു.
ഓടക്കുഴലിലെ ഭാവഗീതങ്ങൾ വായിച്ചപ്പോൾ എനിക്കൊരു കാര്യം ബോദ്ധ്യമായി. ഇത് വെറും അക്ഷരങ്ങൾ അടുക്കി വെക്ക ലല്ല. സ്വര സാധന തന്നെയാണിത്. ബുദ്ധിക്ക് ഉപരിയായി നിൽ ക്കുന്ന ഇന്ദ്രിയാ നുഭൂതി തനിയ്ക്ക് ഇവിടെ വാക്കുകളിലൂടെ ആവിഷ്‌ക്കാരം ലഭിച്ചിരിക്കുകയാണ്. അബോധതലത്തിന്റെ ആഴ ങ്ങളിൽ എത്തിനിൽക്കുന്ന ഇന്ദ്രിയാനുഭൂതിയെ ബോധതലത്തി ലേക്ക് കൊണ്ടുവരാൻ കവിത യെന്ന മാദ്ധ്യമത്തെ താങ്കൾ കൂട്ടു പിടിച്ചിരിക്കുകയാണ്. എന്റെ ഈ ധാരണയോട് താങ്കൾക്ക് യോജിപ്പുണ്ടോ?
നദിയിലെ ഓളങ്ങൾ നുര, കുമിളകൾ ഇവയെല്ലാം നദിയുടെ അന്ത ചേതനയുടെ തുടിപ്പുകളാണ്. ഇതിന്റെ താളലയങ്ങൾ പുറത്തു നിന്ന് എത്തിയതല്ല. ഒരു പൂവിന്റെ വളർച്ച കണ്ടിട്ടില്ലേ. അതിന്റെ രൂപം, നിറം, ആകൃതി എല്ലാം ആന്തരിക ചേതനയുടെ സ്ഫുരണങ്ങളാണ്. കവിതയും ആന്തരിക ഭാവങ്ങളും സ്വച്ഛന്ദ രൂപത്തിൽ ആവിഷ്‌ക്കൃത മാവുകയാണ്. അപ്പോളത് ശക്തിയും സമ്പന്നതയും കൈവരിക്കുന്നു. തുടക്കത്തിൽ ഒരു അഭിജാര കാവ്യപാരമ്പര്യത്തിന്റെ സ്വാധീനം എന്നിൽ പതിഞ്ഞിരുന്നു. മുമ്പ് ദ്വിതിയാക്ഷര പ്രാസം മലയാള കവിതയിൽ വ്യാപകമായിരുന്നു. അത് കവിയുടെ മനസ്സിലുള്ള ഭാവങ്ങളെ ബന്ധിച്ച് നിർത്തുകയാണുണ്ടായത്. ഈ പാരമ്പര്യ ത്തിന്റെ അനുശീലനം നിമിത്തം കവി വാക്കിന്റെ ആജ്ഞ മാനിച്ച് അതിനനുസരിച്ച് ചിന്തിക്കാൻ നിർബന്ധിതനാകുന്നു. എന്നാൽ ഈ വിപത്തിൽ നിന്ന് ഞാൻ പതുക്കെപ്പതുക്കെ മോചനം നേടുകയായിരുന്നു.
മനുഷ്യന്റെ അബോധമനസ്സിന്റെ അനിച്ഛയുടെ സ്ഫുരണം ഭാഷാമയ സ്വപ്നത്തിന് സമാനമായി ഭാവഗീതങ്ങളിൽ വികസിച്ചു വരുന്നു. ഇച്ഛാധീനം, അനിച്ഛാധീനം എന്നിങ്ങനെ ഈ സ്ഫുരണ ത്തിന്ന് രണ്ട് ഭാഗങ്ങളുണ്ട്. ഒരു ഉദാഹരണം പറയാം. സൂര്യകാന്തി യെപ്പറ്റി കവിതയെ ഴുതാൻ ഒരു കവിയും ഇരിക്കുന്നില്ല. ജീവിത ലക്ഷ്യം തേടിയുള്ള യാത്ര യിൽ ഒരു നാൾ അതിനെ കവി ആകസ്മി കമായി കാണുന്നു. ഈ പൂവിനെ എനിക്കറിയാമെന്ന് കവിക്കപ്പോൾ തോന്നുന്നു. ജന്മജന്മാന്തര ബന്ധം എപ്പോഴോ മറന്നു പോയതാ ണെന്ന തോന്നലുണ്ടാകുന്നു. കവിഭാവന ആ പുഷ്പവുമായി അടു ക്കുന്നു. പതുക്കെപ്പതുക്കെ ആ മുഗ്ദ്ധ പുഷ്പത്തിന്റെ ഹൃദയവേദന, പ്രേമം, മധുര വൃഥ എല്ലാം അനാ വൃതമാകുന്നു. ഇത് ഇച്ഛാധീന വ്യാപാരമായിരിക്കുമോ? ഒരിക്കലുമല്ല. മനസ്സിന്റെ അപ്രബുദ്ധ തലത്തിൽ സുപ്തമായി കടന്ന ഭാവനയുടെ നിഴലുകൾ സൂര്യകാന്തി യുടെ നിറം, രൂപം, ഭാവം ഇവയുടെ നൂൽ പിടിച്ച് ബോധ മനസ്സിന്റെ ഉപരിതലത്തിലെത്തുന്നു. എന്നാൽ ആ ഭാവനയുടെ ഉദ്ഗ്രഥനം, രൂപാധാനം, ലക്ഷ്യം ഇവയിലൊന്നും കവിയുടെ കവിയുടെ ഇച്ഛാശക്തിയുടെ ഒരു തരത്തിലുമുള്ള ഇടപെടൽ ഉണ്ടാകുന്നില്ല. അങ്ങനെ അല്ലായിരുന്നുവെങ്കിൽ സൂര്യകാന്തിയെക്കുറിച്ചെഴുതിയ സകല കവിതകളും സമാനമായിരുന്നേനേ. അവയുടെ പ്രാധാന്യം, അർത്ഥം ഇവയിലൊന്നും ഒരു അന്തരവും കാണില്ലായിരുന്നു. ഭാവ സ്ഫുരണം ശക്തമാണെങ്കിൽ അതിനെ അമർത്തിവെക്കാനാകില്ല. ഇനി അമർത്തി വെച്ചാൽത്തന്നെ സമയമാകുമ്പോൾ അത് വീണ്ടും ജാഗ്രതാ വസ്ഥയിലെത്തും.
സങ്കചേതനയിലെ കരുണാഭാവം നവീനരൂപം ലഭിക്കുവാൻ ആഗ്രഹിക്കുന്നു. അതിനെ ആകർഷിക്കുന്ന ജീവാത്മാവിന്റെ ദശ തന്നെയാണ് ഭാവങ്ങളുടെ തുടിപ്പിൽ പ്രകടമാകുന്നത്. ചില ഭാവങ്ങൾ നിസ്സാരമാണെന്ന് ഞാൻ ഉപേക്ഷിക്കുകയുണ്ടായി. എന്നാൽ അവയിൽ പലതും അനുകൂല സാഹചര്യം വന്നപ്പോൾ എന്നെ ഹഠാ ദാകർഷിക്കുക യുണ്ടായി. അങ്ങനെ അവ പുതുരൂപം കൈവരിക്കു കയും ചെയ്തു. കാവ്യരചനാ പ്രക്രിയയെക്കുറിച്ച് എനിക്ക് പറയാൻ കഴിയുന്ന കാര്യമിതാണ്. കവിയുടെ അന്തചേതനയിൽ സ്ഫുരിക്കുന്ന ഭാവങ്ങൾ അനിച്ഛാധീനമാണ്. എന്നാൽ സ്ഫുരിത ഭാവങ്ങൾക്ക് രൂപം നൽകാനുള്ള പ്രക്രി യയിൽ കവിയുടെ ഇച്ഛയ്ക്കും പങ്കുണ്ട്.
ജ്ഞാനപീഠസമ്മാനം ലഭിച്ച ഓടക്കുഴൽ എന്ന കാവ്യസമാഹാരത്തെത്തന്നെയാണോ താങ്കൾ താങ്കളുടെ ശ്രേഷ്ഠകൃതിയായി പരിഗണിക്കുന്നത്?
അതെ. ജ്ഞാനപീഠം അവാർഡ് നൽകിക്കൊണ്ട് ഈ കൃതിയെ ട്രസ്റ്റ് ആദരിക്കുകയുണ്ടായി. 1920 മുതലുണ്ടായ മാറ്റങ്ങളും കോളിളക്കങ്ങളും നിറഞ്ഞ കാലഘട്ടത്തിലെ സാമൂഹ്യരാഷ്ട്രീയ ചുറ്റുപാടുകളിലേക്ക് നീങ്ങുന്ന എന്റെ മനസ്സിന്റെ ഗ്രാഫ് ആയി ഈ കൃതിയെ കരുതാം. ത്യാഗത്തിന്റെ വേദിയിലുണ്ടായ മഹത്തായ ആത്മബലിതന്നെയാണിതിന്റെ സീമയെന്ന് ഞാൻ കരുതുന്നു. ‘ഓടക്കുഴൽ’ എന്റെ വിശിഷ്ട രചനകൾ തിരഞ്ഞെടുത്ത് ചേർത്ത് സമാഹരിച്ച കൃതി യാണ്. എന്നാൽ 1950 ന്നു ശേഷവും എന്റെ അനേകം കവിതകൾ പ്രകാശിതങ്ങളായിട്ടുണ്ട്. കുറെ പുസ്തകങ്ങളും പുറത്തിറങ്ങി. ‘അന്തർദ്ദാഹം’, ‘പഥികന്റെ പാട്ടി’, ‘വിശ്വദർശനം’, ‘ജീവനസംഗീതം’, ‘മധുര സൗമ്യം ദീപ്തം’ – ഇവയെല്ലാം ഓടക്കുഴലിന്നു ശേഷം പുറത്തിറങ്ങിയ കൃതികളാണ്. 1950 ന്ന് ശേഷവും എന്റെ ജീവിത ത്തിൽ വലിയ വളർച്ചയുണ്ടായിട്ടുണ്ട്. ആ വളർച്ചയുടെ സ്ഫുരണ ങ്ങൾ എന്റെ കവിതകളിൽ പ്രതിഫലിച്ചിട്ടുണ്ട്. അനുക്രമമായ വളർച്ച യാണത്. ബാഹ്യവും ആന്തരികവുമായ പ്രകൃതിയിലെ തത്വങ്ങൾ എന്നെ പ്രചോദിപ്പിച്ചു കൊണ്ടിരിക്കുന്നു.
താങ്കളുടെ വീക്ഷണത്തിൽ ഒരു കവിക്ക് ലഭിക്കുന്ന ഏറ്റവും വലിയ പുരസ്‌കാരമേതാണ്? രചനാവേളയിലുണ്ടാകുന്ന ആത്മസാക്ഷാത്ക്കാരം. രചന പൂർത്തിയായ ശേഷം ലഭിക്കുന്ന ആശ്വാസം അല്ലെങ്കിൽ സംതൃപ്തി, ആസ്വാദകരിൽ നിന്നും നിരൂപകരിൽ നിന്നും ലഭിക്കുന്ന പ്രശംസ, റോയൽറ്റി, പുരസ്‌കാരമായി ലഭിക്കുന്ന തുക ഇതിൽ ഏതാണ് പ്രധാനം?
മകന്റെ മുഖദർശനത്തിൽ നിന്ന് അച്ഛന് ലഭിക്കുന്ന ആനന്ദം തന്നെയാണ് ഏറ്റവും പ്രധാനമായി നിൽക്കുന്നത്. പിന്നെ, മകൻ സമ്പാദിക്കു ന്നവനായിത്തീർന്നാൽ ഒരച്ഛനും അതിനെ മോശമായി കരുതില്ലല്ലോ.
ഏതെങ്കിലും രാഷ്ട്രത്തിലെ സാഹിത്യത്തിന്റെ വളർച്ചയിൽ ഇത്തരം പുരസ്‌കാരങ്ങൾക്ക് എഴുത്തുകാരന് പ്രേരണ നൽ കുമോ?
ഈ പുരസ്‌കാരമല്ല പുരസ്‌കാരത്തിന് പിന്നിലുള്ള ആദർശവും സങ്കല്പവുമാണ് എന്നിൽ മതിപ്പ് സൃഷ്ടിച്ചത്. ഭാരതീയ സാഹിത്യസങ്കല്പത്തിന്റെ പുനർജാഗരണവും ഇവിടുത്തെ ജനങ്ങളുടെ മനസ്സിലുണ്ടാകുന്ന സംശ്ലേഷണബോധവുമാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന ആദർശവും സങ്കല്പവുമെന്ന് ഞാൻ കരുതുന്നു. പുരസ്‌കാരലബ്ധി കലാകാരനിൽ ഉത്സാഹം വളർത്തുമെന്നും അയാൾക്ക് നവീന പ്രേരണ നൽകുമെന്നുള്ള വസ്തുത ഞാൻ നിഷേധിക്കുന്നില്ല. എന്നാൽ എഴുത്തുകാരന്റെ ഉത്സാഹം വർദ്ധിപ്പിക്കുകയും അയാൾക്ക് പ്രേരണ നൽകുകയും ചെയ്യുന്ന ഏകഉപാധി പുരസ്‌കാരമാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല.

Share this:
About Author

Recently added