മൂന്നാം ഊഴം

ബീച്ചിൽ ഇന്ന് തിരക്ക് കുറവാണ്.. അസ്തമയ സൂര്യന് പതിവിലേറെ രക്ത വർണ്ണം..
കടലിനും ശാന്തതയോടൊപ്പം ഒരു ഭീകരത… വശ്യവും അതോടൊപ്പം ഒരു ഭയാനകകാഴ്ചപ്പാടും….
തണുപ്പും കുളിരും ഉള്ള അന്തരീക്ഷം ആണെങ്കിലും അകത്തെ തീയണക്കാൻ അതൊന്നും ഒരു കാരണമായില്ല..

കുഞ്ഞുമോൾ അടുത്തിരുന്ന് മണലിൽ വിരല് കൊണ്ട് എന്തൊക്കെയോ വരച്ചു കളിക്കുന്നു.. കൂടെ രണ്ടുമൂന്ന് കൂട്ടുകാരെയും കിട്ടിയിട്ടുണ്ട്… പാവം അവൾ ഒന്നും അറിയുന്നില്ല.. അവൾ വയറ്റിൽ ഒരു ജീവനായി കുരുത്തപ്പോൾ മുതലുള്ള ആകെ പ്രതീക്ഷയും ജീവനും ജീവിതവും… അദ്ദേഹവും വയറ്റിൽ കൈവെച്ച്, ഒരുപാട് സങ്കൽപ്പങ്ങൾക്ക്
കോപ്പുകൂട്ടി…

മോൾ ജനിച്ച് അധികം കൊഞ്ചിക്കാൻ അദ്ദേഹത്തിന് വിധി ഉണ്ടായില്ല.. ഒരു ആക്‌സിഡന്റിന്റെ രൂപത്തിൽ ദൈവം കൂട്ടിക്കൊണ്ടുപോയി….

പ്രകൃതി പോലും നിശ്ചലമായി പോയ ദിവസം… മരവിപ്പിൽ നിന്നും മോചനം കിട്ടാൻ മാസങ്ങൾ എടുത്തു… കുഞ്ഞുമോൾ ഉള്ളതുകൊണ്ട് മാത്രം ജീവിക്കാം എന്ന് വെച്ചത്.. തികച്ചും ജീവിതം വഴിമുട്ടിയപ്പോൾ വീട്ടുകാരുടെയും, കൂട്ടുകാരുടെയും, ബന്ധുക്കളുടെയും ഒക്കെ പ്രേരണയും, നിർബന്ധവും കൊണ്ട് ഇപ്പോഴുള്ള ഭർത്താവിൻറെ ഭാര്യയാവേണ്ടി വന്നു… ഒരു ഭർത്താവിന്റെയും മോൾക്ക് ഒരു അച്ഛന്റേയും വിടവ് ചെറുതല്ലായിരുന്നു…. ആർക്കും ആരും പകരം ആവില്ലെങ്കിലും കുറച്ചൊക്കെ സന്തോഷങ്ങൾ തിരിച്ചുകിട്ടി… രണ്ടാം ഊഴം പോലെ കടന്നുവന്ന ജീവിതനൗക..

പക്ഷേ എന്തോ അദ്ദേഹത്തിൻറെ മോളോടുള്ള പെരുമാറ്റത്തിൽ പലപ്പോഴും സംശയം തോന്നി..
അങ്ങനെ തോന്നിയപ്പോഴൊക്കെ സംശയം മാത്രമായിരിക്കും എന്ന് മനസ്സിനെ ബോധിപ്പിച്ചു കൊണ്ടേയിരുന്നു.. എങ്കിലും ഇന്ന് ശരിക്കും യാതൃശ്ചികമായി കണ്ണിൽ പെട്ടത് സംശയിച്ചത് യാഥാർത്ഥ്യമാവുകയായിരുന്നു… ഉറങ്ങിക്കിടക്കുന്ന കുഞ്ഞിനോട് തെറ്റായ രീതിയിലുള്ള സാമീപ്യം കണ്ട് ഞെട്ടിത്തരിച്ചു പോയി.. എരിച്ചു കളയുന്ന വിധത്തിൽ രൂക്ഷമായി ഒന്ന് നോക്കി, കുഞ്ഞിനെയും തോളിലിട്ട് എങ്ങോട്ടെന്നില്ലാതെ ഇറങ്ങി… ഇരുട്ടിനു കനം വെക്കുമ്പോൾ കുഞ്ഞിൻറെ കൈപിടിച്ച് കടലിലേക്ക് ഇറങ്ങണം… കൺമുമ്പിൽ വേറെ മാർഗ്ഗമില്ല..
കുറച്ചുകൂടി ആളുകൾ ഒഴിയാനുണ്ട്… കൂട്ടുകാർ മാറിയതുകൊണ്ടും, ക്ഷീണം കൊണ്ടും ആകും മോൾ എപ്പോഴോ മടിത്തട്ടിൽ ഇടം കണ്ടെത്തിയിരിക്കുന്നു…പാവം. ഉറക്കിന്റെ വക്കിലാണ്.. എന്റെ രണ്ട് വിരലുകൾ കൂട്ടി പിടിച്ചിരിക്കുന്നു.. ഏറ്റവും സുരക്ഷിതവും, അഭയവും ആയിത്തീരുന്ന ഇടം.. ആയിരം മാലാഖമാരുടെ നിഷ്‌കളങ്കത
ആവാഹിച്ചെടുത്ത കുഞ്ഞു വദനം… ചുണ്ടിലേക്ക് എല്ലാ വാത്സല്യങ്ങളുടേയും ആകെ തുകയായ അമ്മിഞ്ഞപ്പാൽ ഒഴുകിയെത്തിയത് പോലെ അവളൊന്നു നുണഞ്ഞു.. അതെ പാൽമണം മാറാത്ത തൻറെ കുഞ്ഞ്… വിരലുകളിൽ മുറുക്കെ പിടിച്ച ആ കുഞ്ഞിക്കൈ എങ്ങനെ വേർപ്പെടുത്തും?

ആ നിമിഷത്തിൽ ജീവിക്കണം എന്ന ഒരു ആർജവം ദൃഢപെട്ടു.,

വേണ്ട മരണത്തിലേക്ക് ഈ കുഞ്ഞിനെ കൊണ്ടുപോകില്ല.. എഴുന്നേറ്റു ചുമലിൽ കിടത്തി.. അപ്പോഴും ആശ്രയം എന്നോണം എൻറെ മുടിയിൽ ആ കുഞ്ഞിക്കൈ പിടുത്തമിട്ടു.. ഇല്ല കടലിലേക്ക് ഇല്ല… തിരിഞ്ഞു നടക്കാം… ആ തിരിച്ചു വരവിൽ ചില തീരുമാനങ്ങൾ രൂപീകരിക്കപ്പെട്ടു.. ഞങ്ങൾ മാത്രം മതി.. പരസ്പരം താങ്ങായും, തണലായും… അമ്മയ്ക്കും മോളും മോൾക്ക് അമ്മയും.. മുന്നോട്ടുള്ള പ്രയാണത്തിന് ദൈവം മാത്രം തുണ….
മൂന്നാം ഊഴം..! അതെ മൂന്നാം ഊഴത്തിലേക്ക് അവൾ തിരിച്ചുനടന്നു…

Like this:
Share this:

വായനക്കാരുടെ അഭിപ്രായങ്ങൾ അവരുടേത് മാത്രമാണ്; Readers Trend-ന്റെ നിലപാടല്ല. വിദ്വേഷം, അധിക്ഷേപം, അശ്ലീലം, സ്പർധ വളർത്തുന്ന പ്രതികരണങ്ങൾ എന്നിവ ഒഴിവാക്കുക.

5 1 vote
Article Rating
1 Comment
Naheeda
10 hours ago

നന്നായിട്ടുണ്ട്….🤩

Recently added