ഓരോ ജൂൺ മാസത്തിന്റെയും തുടക്കം നമ്മുടെ വിദ്യാരംഭ ദിനമാണ്. പുസ്തക ഭാണ്ഡങ്ങളുമായി മഴയെ തൊട്ടും നനഞ്ഞും കുട നിവർത്തിയും അല്ലാതെയും നമ്മളൊക്കെയും ക്ലാസുകളിൽ പോയിരുന്ന കാലം, എത്ര മുതിർന്നവരിലും ഗൃഹാതുരത്വമുണർത്തുന്ന സമയമാണിത്. എന്നാൽ ഏതൊരു വ്യക്തിയുടെയും ജീവിതത്തിൽ ഭാവിയുടെ ഭാസുരമുദ്രകൾ പതിപ്പിക്കുന്ന കാലവുമാണിത്.
നമ്മുടെ ഓരോ കുട്ടികളും അവരുടെ ജീവിതത്തിന്റെ 7-8 മണിക്കൂറുകൾ ചെലവിടുന്നത് സ്‌കൂളുകളിലാണ്. അതുകൊണ്ടുതന്നെ ഓരോ കുട്ടിയുടെയും വ്യക്തിവികാസവും സ്വഭാവ രൂപവൽക്കരണവും നടക്കുന്നതിൽ രക്ഷിതാക്കൾക്കും അധ്യാപകർക്കും സ്‌കൂളുകൾക്കുമുള്ള പങ്ക് വളരെ വലുതാണ്. പുതിയ അറിവുകൾ നേടിയെടുക്കുക എന്നത് മാത്രമാണ് പഠനമെന്ന ധാരണ വിദ്യാഭ്യാസ-മനഃശാസ്ത്ര വികാസത്തോടെ ഇല്ലാതായി. സ്‌നേഹ നിർഭരമായ ഇടപെടലുകളിലൂടെയും പ്രോത്സാഹനങ്ങളിലൂടെയും വിദ്യാർത്ഥികളെ ലക്ഷ്യത്തിലേക്ക് നയിക്കുകയാണ് അധ്യാപക ധർമമെന്ന തിരിച്ചറിവ് വ്യാപകമായി. മാതാപിതാക്കളുടെയും അധ്യാപകരുടെയും ജീവിത രീതികളും സ്വഭാവങ്ങളും പകർത്തുന്നവരാണ് കുട്ടികൾ. ഉപദേശങ്ങളോ ശാരീരിക ശിക്ഷണങ്ങളോ അല്ല അവരെ ആത്യന്തിക വിജയത്തിലേക്കെത്തിക്കുന്നത്.
ലോകത്ത് ഏറ്റവും കൂടുതൽ പീഡനങ്ങൾ അനുഭവിക്കുന്നവരുടെ കൂട്ടത്തിലാണ് കുട്ടികളും വിദ്യാർത്ഥികളും. രാജ്യത്ത് നിലനിൽക്കുന്ന അശാസ്ത്രീയ വിദ്യാഭ്യാസ സമ്പ്രദായങ്ങളാണ് ഇതിന് കാരണമെന്ന് ചൂണ്ടിക്കാട്ടിയവർ സാധാരണക്കാരല്ല. മഹാത്മാഗാന്ധിജിയും സ്വാമി വിവേകാനന്ദനുമൊക്കെ ഈ വാദം ഉന്നയിച്ചവരിൽ പെടും. നിർഭാഗ്യകരമാകാം ഇത്തരം കാഴ്ചപ്പാടുകളൊന്നും പുന:പരിശോധിക്കാൻ ഇപ്പോഴും നമുക്കായിട്ടില്ല.
താങ്ങാവുന്നതിലേറെ ഭാരമുള്ള ബാഗ് തോളിലേറ്റി സ്‌കൂളിലേക്ക് പോകുന്ന കൂട്ടി ഏതോ ശിക്ഷയേറ്റുവാങ്ങുന്ന പ്രതീതിയാണുളവാക്കുന്നത്. വരിഞ്ഞുമുറുക്കിയുള്ള ടൈയും സോക്‌സും ഒരിക്കലും നമ്മുടെ കാലാവസ്ഥക്ക് ചേർന്നതല്ല. ഇത് കുട്ടികളിലുണ്ടാക്കുന്ന മാനസിക – ശാരീരികാസ്വാസ്ഥ്യങ്ങൾ വളരെ വലുതാണ്. പാശ്ചാത്യ സംസ്‌കാരം അന്ധമായി അനുകരിക്കുന്ന ഇത്തരം ശീലങ്ങൾ നമുക്ക് എന്തുതരാൻ, പുതുതായി?
കുട്ടിക്കാലത്തിന്റെ കൗതുകവും സൗന്ദര്യവുമാണ് വികൃതി. വികൃതിക്കുട്ടികൾ രക്ഷിതാക്കൾക്കെന്നപോലെ അധ്യാപകർക്കും തലവേദനയാണ്. പഠനത്തിൽ പിന്നാക്കം നിൽക്കുന്നവരും അമിത വികൃതികളുമായ കുട്ടികൾ അധ്യാപകന്റെ പരിഹാസവും ശിക്ഷയും ഏറ്റുവാങ്ങിയാണ് പഠിത്തകാലം തള്ളിനീക്കുന്നത്. വിദേശരാജ്യ സ്‌കൂളുകളിൽ മന:ശാസ്ത്ര വിദഗ്ദ്ധരടങ്ങുന്ന സംഘം വിദ്യാർത്ഥികളുടെ സ്വഭാവ പഠന വൈകല്യങ്ങൾ കണ്ടെത്തുകയും അവർക്കുവേണ്ട ചികിത്സകളും കൗൺസിലിംഗും നൽകി മുൻനിരക്കാർക്കൊപ്പമെത്തിക്കുകയും ചെയ്യുന്നു. നമ്മുടെ കുട്ടികളിൽ അഞ്ച് ശതമാനവും എ.ഡി.എച്ച്.ഡി (അറ്റൻഷൻ ഡഫിസിറ്റ് ഹൈപ്പർ ആക്ടീവ് ഡിസോഡർ) ഉള്ളവരാണെന്നാണ് പഠനങ്ങൾ കാണിക്കുന്നത്. അഞ്ച് വയസിനും പതിനഞ്ച് വയസിനുമിടക്കാണ് എ.ഡി.എച്ച്.ഡിക്കാരിൽ ഭൂരിഭാഗവും. വേറെയും ഒട്ടേറെ ശാരീരിക-മാനസിക പ്രശ്‌നങ്ങൾ കുട്ടികളെ ബാധിക്കുന്നതായുണ്ട്. ഇത്തരം കുട്ടികളോട് മാതാപിതാക്കളെ പോലെതന്നെ ചില അധ്യാപകരും പരുഷ സമീപനമാണ് സ്വീകരിക്കാറ്. ഇതവരെ മാനസികവും ശാരീരികവുമായി ദുർബലരാക്കും.
അധ്യാപനം കേവലം തൊഴിലായി മാറിയതും വിദ്യാഭ്യാസം വ്യവസായവൽകരിക്കപ്പെട്ടതും ഈ മേഖലയിലെ ജീർണ്ണതകൾക്ക് വഴിവെച്ചു. മാതാ പിതാക്കളും അധ്യാപകരും കുട്ടികളുടെ പഠന നിലവാരത്തിൽ മാത്രം ശ്രദ്ധിച്ചു. ഇത് മൂല്യബോധമില്ലാത്ത ഒരു തലമുറയെയാണ് വാർത്തെടുത്തുകൊണ്ടിരിക്കുന്നതെന്ന് നവകാലത്തെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നവർക്ക് കണ്ടെത്താനാവുന്നുണ്ട്.
കോൾ റോജേഴ്‌സ് പറയുന്നത്, ഓരോ കുട്ടിയിലും ഓരോ തരം വികാസ സാധ്യതകളുണ്ടെന്നും അത് പരമാവധി കണ്ടെത്തി അധ്യാപകർതന്നെ പരിപോഷിപ്പിക്കണമെന്നുമാണ്. കോൾ റോജേഴ്‌സിന്റെ നോൺ ഡയരക്ടീവ് ടീച്ചിംഗ് മോഡ് (എൻ.ഡി.ടി.എം) എന്ന സിദ്ധാന്തമനുസരിച്ച് എല്ലാ കുട്ടികളും ഒരുപോലെ ഐ.ക്യു (ഇന്റലിജന്റ് കോഷന്റ്) ഉള്ളവരായിരിക്കണമെന്നില്ല. ജനിതക ഘടകങ്ങളും വളരുന്ന ചുറ്റുപാടുകളുമൊക്കെയായി ഏറെ ബന്ധപ്പെട്ട് കിടക്കുന്നതാണ് ഐ.ക്യു. ഒരാളുടെ ജീവിത വിജയവും ഐ.ക്യുവുമായി വലിയ ബന്ധമൊന്നുമില്ല. ജീവിത വിജയത്തിന് പ്രധാനം ഇ.ക്യു (ഇമോഷനൽ കോഷന്റ്) ആണ്. ലോകത്തെ സാമൂഹിക സാമ്പത്തിക രാഷ്ട്രീയ മേഖലകളിൽ ഉന്നതിയിലെത്തിയ പലരുടെയും ഐ.ക്യു ദുർബലമായിരുന്നു. എന്നാൽ അവരിൽ ഉയർന്ന ഇ.ക്യു ഉണ്ടായിരുന്നു. ജീവിത സാഹചര്യങ്ങളിൽ ആർജ്ജിച്ചെടുക്കേണ്ട അറിവുകളും പെരുമാറ്റ ശീലങ്ങളുമുൾക്കൊള്ളുന്നതാണ് ഇ.ക്യു. രക്ഷിതാക്കളുടെയും അധ്യാപകരുടെയും ശ്രമഫലമായി ഏതൊരു കുട്ടിയുടെയും ഇ.ക്യുവിൽ മാറ്റം വരുത്താനാകും.
ഹാർവാർഡ് സർവകലാശാലയിലെ പ്രൊഫസർ ഡോ. ഹോവാർഡ് ഹാർഡ്‌നർ ആണ് ബഹുമുഖ ബുദ്ധി (മൾട്ടിപ്പിൾ ഇന്റലിജന്റ്‌സ്) എന്ന സങ്കൽപം മുന്നോട്ടുവെച്ചത്. ഇതുപ്രകാരം ഒരാളുടെ ബുദ്ധിശേഷിയെ ഭാഷാശാസ്ത്രപരം, ഗണിതശാസ്ത്രപരം, സംഗീതപരം, അസ്ഥിത്വപരം, പ്രകൃതിപരം എന്നിങ്ങനെ വിഭജിക്കപ്പെട്ടിട്ടുണ്ട്. യേശുദാസിന്റെയോ സച്ചിൻടെണ്ടുൽക്കറുടെയോ എബ്രഹാം ലിങ്കന്റെയോ ഐ.ക്യു പരിശോധിച്ച് അവരുടെ ബുദ്ധിവൈഭവം വിലയിരുത്താനാവുകയില്ല. ഐ.ക്യു കുറവുള്ള കുട്ടികൾക്ക് എളുപ്പം ഉയർന്ന മാർക്ക് കരസ്ഥമാക്കാനാകണമെന്നില്ല. എന്നാൽ അവരുടെ കഴിവുകൾ തിരിച്ചറിയുകയും അതാത് മേഖലകളിലേക്ക് അവരെ തിരിച്ചുവിടുകയുമാണ് വേണ്ടത്. ഉയർന്ന മാർക്ക് വാങ്ങാത്ത കുട്ടികളെ അവഗണിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന രക്ഷിതാക്കൾ സ്വന്തം മക്കളുടെതന്നെ ശത്രുക്കളാണ്.
പ്രശസ്ത കഥാകാരി കമലാസുരയ്യയുടെ മകൻ മോനു നാലാപ്പാട്ട്, അമ്മയുടെ മരണസമയം അയവിറക്കിയ ഓർമകളിൽ ഇങ്ങനെ കാണാം:
ചെറിയ ക്ലാസിൽ ആയിരിക്കെ പരീക്ഷാഫലം വന്നപ്പോൾ പത്തിൽ അഞ്ച് വിഷയത്തിലും പൂജ്യം മാർക്ക് വാങ്ങിയ ഞാൻ കരഞ്ഞാണ് വീട്ടിൽ ചെന്നത്. പക്ഷെ, എന്നെ ചേർത്ത് പിടിച്ചുകൊണ്ട് അമ്മ പറഞ്ഞു: അമ്മ മോന് പൂജ്യം മാർക്ക് തന്നില്ലല്ലോ’ എന്ന്.
വിദേശ രാജ്യങ്ങളിൽ അഞ്ച് വയസ്സിന് താഴെ പ്രായമുള്ള കുട്ടികളെ എഴുതിക്കുന്ന പതിവില്ല. എഴുത്ത് അവരുടെ തലച്ചോറിന്റെ വളർച്ചയെ ബാധിക്കുമെന്നാണ് വിശദീകരണം. നിർഭാഗ്യവശാൽ നമ്മുടെ കുട്ടികൾ മൂന്ന് വയസ്സിൽതന്നെ അക്ഷരങ്ങളെല്ലാം എഴുതി പഠിച്ച് ഹൃദിസ്ഥമാക്കാൻ വിധിക്കപ്പെട്ടവരാണ്. എന്നാൽ ആറ് വയസ്സിനുശേഷം മാത്രം എഴുത്ത് പഠിക്കുന്ന കുട്ടി, മൂന്നോ നാലോ മാസങ്ങൾകൊണ്ടുതന്നെ എൽ.കെ.ജി തൊട്ട് അക്ഷരങ്ങൾ ശീലിക്കുന്ന കുട്ടിയെക്കാൾ വേഗത്തിൽ എഴുത്തു പഠിക്കുമെന്നാണ് അന്വേഷണങ്ങളും അനുഭവങ്ങളും തരുന്ന വിവരം. സ്‌കൂളുകൾ തമ്മിലുള്ള മത്സരത്തിന്റെ ഇരകളാകുന്ന കുട്ടികൾക്ക് നഷ്ടപ്പെടുന്നത് കളിച്ച് ഉല്ലസിച്ച് നടക്കേണ്ട വസന്തങ്ങൾ തന്നെയാണ്. എല്ലാ സ്‌കൂളുകളിലും കളിക്കുവേണ്ടി മാറ്റിവെക്കുന്നത് ആഴ്ചയിൽ ഒരു മണിക്കൂറൊ അതിൽ കുറഞ്ഞതോ ആയ സമയം മാത്രം. നിലവിലുള്ള പഠനക്രമമനുസരിച്ച്, വീട്ടിലെത്തിയാൽ ഗൃഹപാഠങ്ങളുമുണ്ടാവും. അപ്പോൾ എല്ലാ കളികളും ‘കാര്യ’ങ്ങളായിത്തീരുന്നു.
2009 ഓഗസ്റ്റ് ആറിനാണ് ഇന്ത്യൻ പാർലമെന്റ് വിദ്യാഭ്യാസ അവകാശ നിയമം പാസാക്കിയത്. ഇതുപ്രകാരം രാജ്യത്ത് ആറ് മുതൽ പതിനാല് വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യവിദ്യാഭ്യാസം നിർബന്ധവുമാണ്. സ്‌കൂൾ പ്രവേശനത്തിന്റെ മുന്നോടിയായി നടത്തിവരുന്ന ഇന്റർവ്യൂകളും നിയമംവഴി നിരോധിക്കപ്പെട്ടതാണ്. എങ്കിലും മിക്ക സ്‌കൂളുകളും ഇത് ലംഘിക്കുന്നു. എറണാകുളത്തെ പ്രശസ്തമായ ഒരു സ്‌കൂളിൽ ഒന്നാംക്ലാസിൽ അഡ്മിഷൻ ലഭിക്കണമെങ്കിൽ, കുട്ടികളുടെ വീട്ടിൽ ഉപയോഗിക്കുന്ന കാറിന്റെ പേര് എഴുതണം. വലിയ കമ്പനിയുടെ കാറല്ലാത്തവർക്ക് അഡ്മിഷൻ കിട്ടുക എളുപ്പമല്ല. ആറ് മുതൽ പതിനാല് വയസ്സുവരെയുള്ള എല്ലാ കുട്ടികൾക്കും ടോയ്‌ലറ്റ്, കുടിവെള്ളം തുടങ്ങിയ അടിസ്ഥാനാവശ്യങ്ങൾ നിയമംമൂലം ഉറപ്പ് നൽകുന്നുണ്ടെങ്കിലും പല സ്‌കൂളുകളും അവയൊന്നും പാലിക്കുന്നില്ല.
നിയമം അനുശാസിക്കുന്ന പ്രത്യേക പരിഗണനയോടെയുള്ള സൗജന്യ വിദ്യാഭ്യാസം നൽകാൻ ഗവൺമെന്റുകൾ ബാധ്യസ്ഥരാണ്. കുട്ടികളെ മനുഷ്യരാക്കുകയെന്ന ദൗത്യം കൂടിയുണ്ട് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യത്തിൽ.
അധ്യാപകരുടെ ശാരീരിക-മാനസിക പീഡനങ്ങളേൽക്കുന്ന കുട്ടികൾ പലപ്പോഴും അതുകാരണംതന്നെ മാനസിക പ്രശ്‌നങ്ങൾക്കിരയാകാറുണ്ട്. പല അധ്യാപകരുടെയും മാതാപിതാക്കളുടെയും പെരുമാറ്റങ്ങളും ശിക്ഷകളും കുട്ടികളെ ആത്മഹത്യയിൽപോലുമെത്തിച്ച സംഭവങ്ങൾ നമുക്കിടയിൽ സംഭവിച്ചതായി കാണാനാവും.
രാവിലെ സ്‌കൂൾ വാഹനത്തിൽ പുറപ്പെട്ട മൂന്നാം ക്ലാസുകാരൻ ഒന്നര മണിക്കൂർ കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തുന്നു. അപരിചിത വഴികളിലൂടെ കിലോമീറ്ററുകൾ നടന്നും ഓടിയുമാണ് അവൻ വീട്ടിലെത്തിയത്. എന്തുകൊണ്ടാണിങ്ങനെ ചെയ്തതെന്ന വീട്ടുകാരുടെ ചോദ്യത്തിന് ഉത്തരമുണ്ടായില്ല. തുടർന്നുള്ള ദിവസങ്ങളിൽ അവൻ സ്‌കൂളിൽ പോകാൻ മടിച്ചു. ഏകാന്തതക്ക് കൊതിച്ചു. ഭക്ഷണത്തോട് വിരക്തിയായി. കൂട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജിലെ ഇംഹാൻസിൽ ഡോ. കൃഷ്ണകുമാറിന്റെ അടുത്തെത്തിച്ചപ്പോഴാണ് യഥാർത്ഥ പ്രശ്‌നമറിഞ്ഞത്. ഹോംവർക്ക് ചെയ്യാത്തതിന്റെ പേരിൽ അവനെ അറബി അധ്യാപിക പുറത്ത് നിർത്തുകയും വഴക്ക് പറയുകയും അടിക്കുകയും ചെയ്തിരുന്നു. ഇതുണ്ടാക്കിയ ഭയവും മാനക്കേടുമാണ് കുട്ടിയുടെ സ്വഭാവത്തിൽ പെട്ടെന്ന് മാറ്റങ്ങൾ വരുത്തിയത്.
പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകയാണ് മർവ കോളിൻസ്. വിവിധ സ്‌കൂളുകളിൽനിന്നും പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ തെരഞ്ഞെടുത്ത് അവർ നടത്തിയ പഠനത്തിൽ കണ്ടെത്താനായത് പാഠ്യ പിന്നാക്കാവസ്ഥക്ക് കാരണം കുട്ടികളല്ല, അധ്യാപകരാണ് എന്നാണ്. അധ്യാപകരുടെ വീഴ്ചകളും കഴിവുകേടുകളും കാണാതെ പോവുകയാണ് നമ്മൾ പലപ്പോഴും.
