ആ നാടകത്തിനും തിരശ്ശീല വീണു. അടിമുടി കലാകാരനായ ഒരാളുടെ ജീവിതത്തിന്റെ ക്ലൈമാക്‌സ് നാടകത്തട്ടിൽ തന്നെ സംഭവിച്ചു; പ്രഭാഷണത്തിലേർപ്പെടെ അബ്ദുൾകലാം വാക്കുകളിൽ നിന്നുമകന്നപോലെ; മാധ്യമങ്ങൾക്കു മുൻപിൽ വച്ച് ചിന്തകളിൽ നിന്നും വിജയൻ മാഷ് വേർപെട്ടപോലെ; അരങ്ങിൽ നിന്നും വിജേഷ് പിൻവാങ്ങി ജീവിതത്തിന്റെയും നാടകത്തിന്റെയും. പൂർത്തിയാക്കാത്ത ഒരു നാടകം വിജേഷിന്റെ സർഗസ്പർശനത്തിനുവേണ്ടി തപിക്കുന്നുണ്ടാവും. പൂർത്തിയാകാത്ത കഥാപാത്രങ്ങൾ പാതിശരീരവുമായി സൃഷ്ട്ടാവിന്റെ വിയോഗത്തെ ഉൾക്കൊള്ളാൻ കഴിയാതെ വിലപിക്കുന്നുണ്ടാവും. ശരീരത്തിലാവേശിച്ച കഥാപാത്രങ്ങളെ കുടഞ്ഞെറിയാൻ കഴിയാതെ വിജേഷ് പരിശീലിപ്പിച്ച കുട്ടികൾ നീറ്റലനുഭവിക്കുന്നുണ്ടാവും.
വിജേഷിന്റെ വിയോഗം കോഴിക്കോടിന് ഒരു ശൂന്യതകൂടി സമ്മാനിച്ചിരിക്കുന്നു. ആ ശൂന്യതയുടെ വ്യാപ്തി കേരളം മുഴവനുമുള്ള ക്യാമ്പസ്സുകളിലേക്കു വ്യാപിക്കും. കാരണം കലോത്സവം വരുമ്പോൾ മാത്രം മത്സരത്തിനൊരുങ്ങുന്ന ഒരു നാടകസംസ്‌ക്കാരത്തിന്റെ പ്രചാരകനായിരുന്നില്ല വിജേഷ്. അടുത്തറിയുന്നവർക്കനുഭവപ്പെടുന്ന വിജേഷ് സ്‌നേഹത്തിന്റെ പ്രചാരകനായിരുന്നു. അവനവനെമാത്രം ഇഷ്ട്ടപ്പെടുന്ന ഒരു സമൂഹത്തോട് ‘ഒരമ്മപെറ്റതുപോലെ എല്ലാരും അങ്ങിനെ തന്യാ’ എന്ന് പാട്ടിലൂടെയും അരങ്ങിലൂടെയും വിജേഷ് പറഞ്ഞുകൊണ്ടിരുന്നു. കേരളം മുഴുവനുമുള്ള കൊച്ചുനാടകപ്രേമികൾ വിജേഷിന്റെ പാട്ടുകൾ പാടുകയും ചലനങ്ങൾ അനുകരിക്കുകയും ചെയ്തു. സ്വന്തം എന്നതിനെ എല്ലാവരും എന്ന് തർജ്ജമ ചെയ്യാൻ വിജേഷ് അവരെ പരിശീലിപ്പിച്ചു. തന്നെ കാത്തിരിക്കുന്ന ഒരു സൗഹൃദസംഘത്തെ ക്യാമ്പസുകളിൽ സൃഷ്ട്ടിക്കാൻ പാകത്തിൽ അലിവും ആത്മാർത്ഥതയും വിജേഷിന്റെ ഇടപെടലുകൾക്കുണ്ടായിരുന്നു.
കഥയിലെ കുഴലൂത്തുകാരനെപ്പോലെ നിഷ്‌ക്രിയരായി സമൂഹത്തെ തന്റെ വഴിക്കു നടത്തുകയായിരുന്നില്ല വിജേഷ് ചെയ്തത്. മറിച്ചു തനിക്കു കൈമുതലായിക്കിട്ടിയ സർഗ്ഗശേഷിയിലൂടെ പരിശീലിപ്പിക്കപ്പെടുന്ന കുട്ടികളിൽ കർതൃത്വബോധം വളർത്താനുതകും വിധമാണ് വിജേഷ് ആവേശിച്ചിരുന്നത്. ജില്ലാതിർത്തികൾ ഭേദിച്ച് ഇത്രയേറെ കുട്ടി ആരാധകരുള്ള ഒരു നാടകക്കാരൻ വേറെയില്ലെന്നു പറയാം. ഒരു പക്ഷെ വിജേഷ് നമുക്ക് വേണ്ടി നിർവഹിച്ച ഏറ്റവും വലിയ കർമ്മം താളബോധവും കലാബോധവുമുള്ള ഒരു വിദ്യാർഥിസമൂഹത്തെ കേരളത്തിലുടനീളം സൃഷ്ട്ടിച്ചെടുത്തു എന്നതാണ്. എന്തിലേക്കും വഴിതെറ്റിപ്പോയേക്കാവുന്ന ഒരു തലമുറയെ നാടിന്റെ ഭാവിക്കുവേണ്ടി വിജേഷ് സംരക്ഷിച്ചു നിർത്തി. അസംഖ്യം ക്യാമ്പുകളിലൂടെ, അഭിനയക്കളരികളിലൂടെ, പാട്ടുകളിലൂടെ… വറ്റാത്ത സ്‌നേഹത്തിന്റെയും നന്മയുടെയും മാനവികതയുടെയും പ്രകൃതിസ്‌നേഹത്തിന്റെയും വാക്കുകളും ദൃശ്യങ്ങളും അവരുടെ മനസ്സുകളിൽ കൊത്തിവയ്ക്കാൻ വിജേഷിന് കഴിഞ്ഞു. ഔപചാരിക വിദ്യാഭ്യാസത്തിലൂടെ കുട്ടികൾക്ക് നഷ്ടമാവുന്നത് അവർക്കു വേണ്ടി അയാൾ തിരിച്ചുപിടിച്ചു.
മുഖ്യധാരയോട് സമരസപ്പെടാത്ത ഒരുസംഘം കലാകാരന്മാർക്ക് വിജേഷ് ഒരു കൾട്ടായിരുന്നു. ചിന്തകൊണ്ടും ഭാവനകൊണ്ടും അഭൗമമെന്നു തോന്നിക്കുമ്പോഴും ഏറ്റവും സാധാരണക്കാരോടുള്ള അളവറ്റസ്‌നേഹവും കരുതലും അയാളിൽ ജ്വലിച്ചുനിന്നിരുന്നു. തിരുവനന്തപുരത്ത് സംസ്ഥാന സ്‌കൂൾ കലോത്സവം നടക്കുമ്പോൾ ഹയർ സെക്കണ്ടറി നാടകമത്സരത്തിൽ ഒരുടീമിനുമാത്രം ബി ഗ്രേഡ് നൽകിയ വിധിനിർണ്ണയ ത്തിനെതിരെ ഒറ്റയ്ക്ക് നിന്ന് മുദ്രാവാക്ക്യം വിളിച്ച വിജേഷിനെ ഓർത്തുപോവുകയാണ്. പരിശീലനത്തിനെത്തുന്ന ഒരു സ്ഥാപനത്തിലും തന്റെ പ്രതിഫലത്തിന്റെ കാര്യത്തിൽ വിജേഷ് വ്യാകുലപ്പെട്ടിരുന്നില്ല. എന്നാൽ കൂടെ അസ്സിസ്‌റ് ചെയ്യാൻ വരുന്നവരുടെ പ്രതിഫലത്തേക്കുറിച്ചു ഓർമ്മിപ്പിച്ചുകൊണ്ടിരിക്കും. നാടകച്ചെലവിനു കുട്ടികളിൽ നിന്നും പണം സമാഹരിക്കുന്നതിനോട് അയാൾക്ക് വിയോജിപ്പായിരുന്നു.
‘ഞാൻ’ എന്ന ബീജം ഒരിക്കലും മുളക്കാത്ത ഒരു മനസ്സുള്ളതു കൊണ്ടാവാം എന്തെങ്കിലും നീക്കിവയ്ക്കണമെന്നോ പദവികളിൽ എത്തണമെന്നോ വിജേഷ് ആഗ്രഹിക്കാതിരുന്നത്. കലയോടുള്ള ആത്മസമർപ്പണത്തിലും കലയെസ്‌നേഹിക്കുന്നവരോടുള്ള തീവ്രമായ സൗഹൃദത്തിലും എന്നും അയാൾ തന്റെ സ്വത്വത്തെ കണ്ടെത്തി. അയാളുടെ വേദനയും ആനന്ദവും കലതന്നെയായിരുന്നു. സ്‌നേഹമായിരുന്നു ആ കലയുടെ രാഷ്ട്രീയം, നൈതികതയായിരുന്നു ആ കലയുടെ ആത്മാവ്.
തപിക്കുന്ന പ്രതിഭയാൽ അസ്വസ്ഥനായാണ് വിജേഷ് പലപ്പോഴും പ്രത്യക്ഷനാവുക. ഒരിടത്ത് ഏറെ നേരം ഉറയ്ക്കാത്ത ഒരു ധൃതി അയാളുടെ കൂടെപ്പിറപ്പായിത്തോന്നിയിട്ടുണ്ട്. പരിശീലനവേളയിൽ അസ്വസ്ഥതപ്പെട്ടു പുറത്തുപോയി വരുമ്പോഴേക്കും വിസ്മയിപ്പിക്കുന്ന നൂതനമായ ഒരു ചിത്രമോ ചിന്തയോ ശൂന്യതയിൽ നിന്നും അയാളിലെ കലാമന്ത്രികൻ സൃഷ്ട്ടിച്ചെടുക്കും.
അരങ്ങിൽ മിനിമലിസത്തിന്റെ ശക്തനായ പ്രയോക്താവായിരുന്ന വിജേഷ് ജീവിതത്തിലും ഒട്ടും ആഡംബരം കാട്ടിയില്ല. ഇത്രയൊക്കെ മതി എന്ന് ജീവിതത്തിൽ നിന്നും ഇറങ്ങി നടന്നു. ഗ്ലാമറുകൾക്കു പുറകെപ്പോവാത്ത ഒരാൾക്കുവേണ്ടി ഒരു വലിയസമൂഹം ആത്മാർത്ഥമായി കണ്ണീർവാർത്തു. കൂടുതൽ തീവ്രമായി അയാളുടെ പാട്ടുകൾ പാടി. സ്‌നേഹത്തിന്റെ, കരുതലിന്റെ വാക്കുകളും താളങ്ങളും ചലനങ്ങളും ഇനിയും ഏറെക്കാലം നമ്മെ മനുഷ്യരായി നിലനിർത്തും; തീർച്ച.
