വിളയിൽ ഫസീല
ഇശൽ ജീവിതം
എഡിറ്റർ: ടി.പി. ചെറൂപ്പ
രണ്ട്
ബാലേട്ടനും പ്രഭാകരേട്ടനും ഏൽപിച്ചു പോയ പുസ്തകത്തിൽ നിന്ന് ചില പാട്ടുകൾ ഞാൻ മനപാഠമാക്കി. കുറച്ചു ദിവസം കഴിഞ്ഞ് അവർ തിരിച്ചു വന്ന് പാട്ടുകൾ പഠിച്ചോ എന്നു നോക്കി. ആകാശവാണിയിലെ ബാലലോകം പരിപാടിയിൽ പാടാൻ കുറച്ചു കുട്ടികളെ വേണ്ടിയിരുന്ന വിവരം പറഞ്ഞിരുന്നല്ലോ. പാട്ടുകളുടെ റിഹേഴ്‌സലിനു വേണ്ടി ഞങ്ങൾ തിരുവാച്ചോലയിലേക്കു പോയി.
അവിടെ കാരിക്കുഴിയൻ മുഹമ്മദ് കുട്ടി മാഷും വി.എം കുട്ടി മാഷും ഉണ്ടായിരുന്നു. യശോദയും സുശീലയുമൊക്കെ അന്ന് കൂടെയുണ്ട്. പാട്ടിൽ വലിയ കമ്പമുള്ളവരായിരുന്നു ഈ കൂട്ടുകാരികൾ.
തിരുവാച്ചോലയിലെ പാട്ടരങ്ങു കഴിഞ്ഞു. തെരഞ്ഞെടുക്കപ്പെട്ടവരിൽ ഞാനുമുണ്ടായിരുന്നു. ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവായിരുന്നു ഈ തെരഞ്ഞെടുപ്പ് ഞാൻ ആകാശവാണിയിൽ പാടാൻ പോകുന്നു…. എന്തൊരു സന്തോഷം.
ഓണപരിപാടിയോടനുബന്ധിച്ച് ആകാശവാണിയുടെ ബാലലോകം പരിപാടിയിൽ പങ്കെടുക്കാൻ കോഴിക്കോട്ടേക്കു പോവുകയാണ്. ദീപാവലിക്കുംഅതുപോലുള്ള ചില ഉത്സവങ്ങൾക്കുമൊക്കെ അയൽവാസികളും കൂട്ടുകാരികളുടെ ആങ്ങളമാരും കോഴിക്കോട്ടു നിന്ന് കൊണ്ടു വരുന്ന മിഠായി തിന്ന മധുരം നാവിൽ പൊടിഞ്ഞു. കോഴിക്കോട്ടു പോകാൻ പാവാടയും കുപ്പായവുമൊക്കെ തിരുമ്പി വെളുപ്പിച്ചു വെടിപ്പാക്കി വച്ചു. ഉറക്കമില്ലാത്ത രാത്രിയായിരുന്നു അത്. റേഡിയോവിൽ പാടുക! അത് നാട്ടുകാരും അയൽപക്കക്കാരുമൊക്കെ കേൾക്കുക. ഇതിലും വലിയ ഭാഗ്യമെന്ത്. എനിക്ക് എന്നെതന്നെ വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല.
മരക്കാടൻ കുന്നിറങ്ങിയാൽ ബസ്സു കാണാം. ബസ്സിന്റെ ശബ്ദവും ബസ്സിൽ കയറുമ്പോഴുള്ള പെട്രോളിന്റെ ഗന്ധവുമൊക്കെ ഒരു ഹരമായാണ് അന്നു തോന്നിയിരുന്നത്. ബസ്സു കാണാൻ ഞങ്ങൾ കുന്നിറങ്ങി ഓടുമായിരുന്നു. അപ്പോൾ പിന്നെ കോഴിക്കോടുവരെയുള്ള യാത്രയുടെ ആനന്ദം പറയാനുണ്ടോ.
ആകാശവാണി സ്റ്റുഡിയോ, റിക്കാർഡിംഗ്… ആകെ കൗതുകങ്ങളുടെ ഒരു ലോകം. അവിടെ ആദ്യമായി പാടിയ ഗാനം എന്റെ പറപ്പൂര് ഗ്രാമത്തെക്കുറിച്ചാണ് എന്നാണോർമ്മ.
റിക്കാർഡിംഗ് കഴിഞ്ഞ് തിരിച്ചു വന്നപ്പോൾ വീട്ടിലും തിരുവാച്ചോലയിലും അയൽപക്കത്തുമുണ്ടായവരൊക്കെ ആശ്ചര്യത്തോടെയാണ് എന്നെ നോക്കിയത്. അവർ ആകാശവാണി കാണാത്തവരാണ്. അവിടെയുള്ള കാര്യങ്ങൾ അറിയാൻ അവർക്ക് കൗതുകമായിരുന്നു. എന്നാൽ അതൊന്നും വിവരിച്ച് കൊടുക്കാൻ എനിക്കറിയില്ല. പിറ്റേന്ന് സ്‌കൂളിൽ ചെന്നപ്പോഴും ഞാനൊരു കൗതുക വസ്തുവായി. ”റേഡിയോവിലൊക്കെ പാടിയ പെണ്ണ്! വല്ലാത്ത പെണ്ണ്.”
ഓണ ദിവസമാണ് ‘ബാലലോകം’ പരിപാടി റേഡിയോവിൽ പ്രക്ഷേപണം ചെയ്യുന്നത്. പരിപാടി എങ്ങനെ കേൾക്കും. വീട്ടിലും അയൽപക്കത്തും സൗകര്യത്തിൽ കേൾക്കാൻ റേഡിയോ ഇല്ല. ഞാൻ പുളിക്കലേക്ക് ബസ്സ് കയറി. വി.എം കുട്ടി മാസ്റ്ററുടെ വീട്ടിൽ റേഡിയോ ഉണ്ട്. അവിടെ വെച്ചാണ് ഞാൻ ആദ്യമായി ആകാശവാണിയിലൂടെ എന്റെ ശബ്ദം കേൾക്കുന്നത്. പിൽക്കാലത്ത് എന്റെ ഉടുപ്പും ഉടയാടയും ജീവിതം തന്നെയുമായി മാറിയ സ്വന്തം സ്വരം.
ആകാശവാണിയിലെ ആദ്യത്തെ അരങ്ങേറ്റം തന്നെ ഗുരുത്തമുള്ളതായി . തുടർന്ന് അടുത്തടുത്തായി എ.ഐ ആറിൽ പരിപാടികൾ കിട്ടിത്തുടങ്ങി. ഓണപ്പാട്ടിൽ നിന്ന് എന്നെ ഭക്തി ഗീതികളിലേക്ക് കൈ പിടിച്ചുയർത്തിയത് വി.എം കുട്ടി മാഷാണ്. സ്വരങ്ങളുടെ ചേർച്ച കണ്ടെത്താനും അതു വിരുതോടെ കമ്പോസ് ചെയ്യാനും മാഷ് വിദഗ്ധനായിരുന്നു. അങ്ങനെ ആകാശവാണിക്കു വേണ്ടി ഞാൻ പാടിയ ആദ്യത്തെ ഭക്തി ഗാനം ജീവിതത്തിലെ വഴിത്തിരിവായി.
”ആദ്യവുമില്ല, അന്ത്യവുമില്ല
അനുപമനായ അല്ലാഹ്…” ഇതായിരുന്നു എന്റെ ഭക്തി ഗാനങ്ങളിൽ ആദ്യത്തേത്.
സ്‌കൂൾ പഠിത്തം മുടങ്ങിയും തുടങ്ങിയുമുള്ള അവസ്ഥയിലെത്തി. പാട്ടുകളുടേയും സ്റ്റുഡിയോകളുടേയും എണ്ണം കൂടി വന്നു. എന്നാൽ ക്ലാസിലെ സാന്നിധ്യത്തിൽ എണ്ണം കുറഞ്ഞു തുടങ്ങി. അതേ സമയം പാട്ടുകൾ പാടാം എന്ന ആത്മ വിശ്വാസം വർദ്ധിച്ചു. പാടുന്ന പാട്ടുകൾക്ക് ശ്രോദ്ധാക്കളിൽ നിന്നുള്ള പ്രോത്സാഹനംകൂടി. അപ്പോഴും ഞാനൊരു പാട്ടുകാരിയാവുകയാണെന്ന് മനസ്സിലാക്കിയിരുന്നില്ല.
അക്കാലത്ത് അധികവും വി.എം കുട്ടി മാസ്റ്ററുടെ പുളിക്കലുള്ള വീട്ടിലാണ് തങ്ങിയിരുന്നത്. അവിടെ പാട്ടും റിഹേഴ്‌സലും മാസ്റ്ററുടെ കുട്ടികളുടേയും ഭാര്യയുടേയും കൂട്ടും എന്നെ വല്ലാതെ ആകർഷിച്ചു. അത് എന്റെ സ്വന്തം വീടാണെന്ന തോന്നലായി. റിഹേഴ്‌സൽ നടക്കുന്ന ദിവസങ്ങളിൽ തൊട്ട വീട്ടിലുള്ള ഇത്താത്തമാരും കാരണവൻമാരുമൊക്കെ അവിടെയെത്തും. അറബി വാക്കുകൾ മുസ്‌ലിം കുട്ടികളേക്കാൾ സ്ഫുടമായും അക്ഷര സ്ഥാനങ്ങൾ പാലിച്ചും മൊഴിയാൻ എന്ക്ക് കഴിയുമെന്ന് പലരും പറയുമായിരുന്നു. ഭക്തി ഗാനങ്ങളും ഇസ്‌ലാമിക ഗാനങ്ങളും പാടുമ്പോൾ ചിലർ പറയും: നീയൊരു മാപ്പിളപ്പെണ്ണാണ്.
മാപ്പിളപ്പാട്ടുകളിലെ അഭൗമ ആനന്ദതലങ്ങളും അതിലെ നഷ്ടമായ രാഗസുധകളും എപ്പോഴും ഒരു മാപ്പിളപ്പെണ്ണിന്റെ ചിത്രമാണ് എന്റെ മനസ്സിൽ വരച്ചിട്ടത്. തലയിൽ തട്ടവും കൈയിറക്കമുള്ള കുപ്പായവുമിട്ട് ചെറിയ കുട്ടികൾ മദ്രസയിൽ പോകുന്നത് കാണുമ്പോൾ എനിക്കും അവരെപോലെ ആകണമെന്ന് തോന്നിയിരുന്നു.
വൈകീട്ട് സന്ധ്യാ നിസ്‌കാരം കഴിഞ്ഞ് വി.എം കുട്ടി മാസ്റ്ററുടെ കുട്ടികൾ വിളക്കത്ത് ഓതാനിരിക്കുമ്പോൾ കുറ്റബോധം നിറഞ്ഞ മനസ്സുമായി ഞാൻ അൽപം ദൂരെ മാറിയിരിക്കും. അവരുടെ ഓത്തിനും വായനക്കുമൊക്കെ പ്രത്യേകമായ ഒരു താളമായിരുന്നു. എന്റെ ഹൃദയത്തിന്റെ പാട്ടുപെട്ടിയിൽ ആ താളം ആത്മീയമായ ഏതോ വഴിയൂടെ തമ്പുരു മീട്ടിയിരുന്നു. അവർ വായിക്കുന്ന അറബി പുസ്തകങ്ങൾ ഞാൻ അത്ഭുതത്തോടെ മറിച്ചു നോക്കി. അവരുടെ എഴുത്തുകൾ വലത്തു നിന്ന് ഇടത്തോട്ട് കോഴി ചിക്കിയപോലെ! അതും എന്നെ അത്ഭുതപ്പെടുത്തി. എന്റെ കൂട്ടുകാരിയും മാസ്റ്ററുടെ മകളുമായ ബുഷ്‌റയോട് പലപ്പോഴും ഞാൻ ചോദിച്ചു; അല്ല ബുഷ്‌റേ, നീ എങ്ങനെയാണ് ഇതൊക്കെ എഴുതുന്നത്?
കുട്ടികളുടെ എഴുത്തും വായനയും കഴിയുമ്പോൾ അപ്പുറത്ത് മാസ്റ്ററുടെ ഭാര്യ ഖുർആൻ ഓതുന്നുണ്ടാവും. മേത്ത് നിന്ന് നിസ്‌കാരക്കുപ്പായം മാറ്റാതെയുള്ള ആമിനത്താത്തയുടെ ചമ്രം പടിഞ്ഞുള്ള ഇരുത്തവും ഓത്തും കാണുമ്പോൾ എന്റെ കണ്ണു നിറയും. എനിക്കെന്താണ് ഇങ്ങനെയൊന്നും ആവാൻ കഴിയാത്തത്. ഉറങ്ങാൻ കിടക്കുമ്പോഴും ഇത്താത്തയുടെ ഓത്തിന്റെ സ്വരഭംഗി എന്നെ പിടിച്ചുകുലുക്കും. ഞാൻ പാടുന്ന പതിനായിരം പാട്ടുകളേക്കാൾ മധുരമുണ്ടായിരുന്നു ഇത്താത്തയുടെ ഒരു ശ്വാസത്തിലുള്ള ഖുർആന്റെ വരികൾക്ക്. ആ സ്വരം എന്റെ മനസ്സിൽ അനുപര സൗന്ദര്യത്തിന്റെ രാഗമായി, താളമായി വളർന്നു. ആ ലയം എന്നെ അല്ലാഹുവിന്റെ വഴിയിലേക്ക് കൂട്ടികൊണ്ടു പോവുകയായിരുന്നു. ആ കാലത്താണ് പ്രവാചകനെകുറിച്ചുള്ള എന്റെ ഭക്തിഗീതം പുറത്തുവന്നത്.
”വിശ്വ പ്രപഞ്ചത്തിന്നാകെ റസൂലേ
വിശ്വാസികൾക്ക് ഹബീബേ,
കരിമേഘമായ ഇരുൾ തീർത്ത മാനത്ത്
കനിവായ് വിടർന്ന നിലാവേ….”
