ജനിതകക്കുറിപ്പുകൾ

‘പ്രോട്ടീൻ മോളിക്യൂ ളുകൾക്ക് എന്തുകൊണ്ട് ന്യൂക്ലിക് ആസിഡുകളുടെ ഫംഗ്ഷൻ ചെയ്തുകൂടാ? ഐ മീൻ, ആസ് ജനിറ്റിക് മെറ്റീരിയൽ?’

പാതി മയക്കത്തിൽ നിന്നും ചാടി എഴുന്നേറ്റ് മുൻ സീറ്റിൽ മുട്ടുകുത്തിനിന്ന് പ്രൊഫസർ രാംദാസ് പിന്നിലേക്ക് ഉറക്കെ വിളിച്ചു ചോദിച്ചു.

പ്രഫസറുടെ ചിന്തകളിൽ തലമുറകളിൽ നിന്ന് തലമുറകളിലേക്കുള്ള ചങ്ങലക്കണ്ണികൾ വലിഞ്ഞും മുറുകിയും കെട്ടുപിണഞ്ഞും കുരുങ്ങി കിടന്നു.

ഇരുട്ടിന്റെ നിശബ്ദതയിൽ ഞങ്ങളുടെ വാൻ മാത്രം പതുക്കെ, വളരെ പതുക്കെ മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു. ഒരു കുന്നിറക്കത്തിന്റെ തൊട്ടിലാട്ടത്തിൽ കൂട്ടുകാരെല്ലാം ഉറക്കത്തിലേക്ക് സ്വപ്നങ്ങളിലേക്ക് ആഴ്ന്നിറങ്ങിക്കഴിഞ്ഞിരുന്നു.

പ്രൊഫസറുടെ ചോദ്യം കേട്ട അതേ മാത്രയിൽ അവരുടെ കമ്പ്യൂട്ടർ മനസ്സുകൾ പ്രവർത്തിക്കാൻ തുടങ്ങി. പഠനയാത്ര സംഘത്തിൽ ഞങ്ങൾ 9 പേരായിരുന്നു.

കൊടൈക്കനാലിലെ സൈക്കിൾ സവാരി സമ്മാനിച്ച കാല് വേദനയുടെ സ്വകാര്യതയുമായി പിൻ സീറ്റ് കയ്യടക്കി വെച്ചിരുന്ന ഹരിത ചാടി എഴുന്നേറ്റ് മുന്നിലെത്തി പ്രൊഫസറോട് ചോദ്യം മുഴുവൻ കേൾക്കും ഉത്തരം പറഞ്ഞു. ‘പ്രോടീൻ മോളിക്യൂളുകൾക്ക് ന്യൂക്ലിക് ആസിഡു കളെപ്പോലെ പോലെ റെപ്ലിക്കേറ്റ് ചെയ്യാൻ കഴിയില്ലല്ലോ? ‘
‘സോ വാട്ട്?’ പ്രൊഫസർ വിട്ടുകൊടുത്തില്ല

‘ഹൈഡ്രോഫോസിറ്റി? ഹൈഡ്രജൻ ബോണ്ടിംഗ്?’ എല്ലാത്തിനും ഉത്തരമുള്ള രമേശിന്റെ യുക്തികൾ അങ്ങനെ നീണ്ടു. അയാളുടെ ശസ്ത്രക്കണ്ണുകൾ വികസിച്ചു വന്നു.
വൈകുന്നേരം ഞാൻ പ്രൊഫസറോടൊപ്പം മുൻ സീറ്റിൽ പോയിരുന്നിരുന്നു. കണ്ണടച്ചാലും ഓടിക്കാവുന്നത്ര നേർരേഖ പോലെ മുന്നിലെ വഴി നീളുന്നു. ഈ ഭൂമിയുടെ അത്രയും സ്പീഡ് ഉള്ള ഒരു വാഹനം ഉണ്ടായിരുന്നെങ്കിൽ നമുക്ക് എന്നും അസ്തമയ സൂര്യനെ കണ്ടുകൊണ്ട് അങ്ങനെ യാത്ര ചെയ്യാമായിരുന്നു അല്ലേ? അദ്ദേഹത്തിന്റെ ചിന്തകളിൽ തിളക്കം. സ്വപ്നം പോലെ സുന്ദരമായ സങ്കല്പം.

ഞാനെന്റെ സ്വപ്നത്തിലേക്ക്… മെല്ലെ മെല്ലെ എന്റേതായിരുന്നു സീറ്റിൽ തിരിച്ചുവന്ന് ചുരുണ്ടുകൂടി ഇരുന്നു.
കണ്ണടച്ചപ്പോൾ ഇന്നലെ കാട്ടുപാതയിൽ മഴ നനഞ്ഞ നാലുമണി പൂക്കൾക്കരുകിൽ റോഡിലിരുന്ന കൊച്ചു പെൺകുട്ടി എന്നെ മാത്രം വീണ്ടും കൈ വീശി കാണിക്കുന്നു. ദൂരെയേതോ സ്‌കൂൾ വിട്ട് വഴികൾ വകഞ്ഞു കാട്ടുപാതകളിലൂടെ കുട്ടികൾ തിരിച്ചുപോകുന്നു.

എന്റെ സ്വപ്നങ്ങളിലേക്ക് കൂടിയാണ് പ്രൊഫസർ വിളിച്ചു ചോദിച്ചത്? ഞാൻ ഞെട്ടിത്തെറിച്ച് ബയോ ഫിസിക്‌സിന്റെ നൂതന ആശയങ്ങൾ മനസ്സിലിട്ട് കടഞ്ഞെടുക്കുന്നു എന്ന മട്ടിൽ നെറ്റി ചുളിച്ച് ചുണ്ട് കടിച്ച്..

ഇപ്പോൾ ഞാൻ കാണുന്നത് പ്രൊഫസറെ കുട്ടികൾ വളഞ്ഞിരിക്കുന്നതാണ് എല്ലാവർക്കും ഉത്തരങ്ങൾ. പറഞ്ഞൊപ്പിക്കാൻ ശ്രമിക്കുമ്പോൾ വിഡ്ഢിത്തം മനസ്സിലായവരുടെ പിൻവാങ്ങലുകൾ… പിടിച്ചുനിൽക്കലുകൾ. കൂട്ടുകാർ തമ്മിലും തർക്കങ്ങൾ. വാനിൽ ഒരു ശാസ്ത്ര സദസ്സ് തന്നെ സജീവമായി.

പ്രോട്ടീൻ മോളികൾക്ക് ജനിതക വാഹകരാകാൻ കഴിഞ്ഞിരുന്നെങ്കിൽ….

നല്ല തണുപ്പുണ്ടായിരുന്നു മഞ്ഞിൽ പൊതിഞ്ഞ പോലെ നേർത്ത നിലാവ്. ചന്ദ്രബിംബം. കമ്പിളി എടുത്തു തലമൂടി പുതച്ച് ഞാൻ പിന്നെയും ചുരുണ്ടുകൂടി.
മുന്നിലെ വൃത്തത്തിന് വെളിയിലാണ് ഞാൻ. ചുള്ളിക്കാടിന്റെ ഒരു കാസറ്റ് എടുത്ത് ചെവിയിൽ തിരുകി. കരിപുരണ്ടൊരീ ജനിതകഗോവണി പടികയറുന്നു രാസസന്ദേശങ്ങൾ….എന്റെ മാത്രം കാതിൽ കവിത മുഴുകി. ജനിതക തന്മാത്രകളുടെ വാട്‌സൺ ക്രിക് മോഡലും സൂപ്പർ കോയിലിങ്ങുമൊക്കെ പഠിച്ചിട്ടും എനിക്ക് ഇങ്ങനെ യൊന്നും തോന്നിയിരുന്നില്ലല്ലോ.എന്റെ എന്റെ ഉള്ളിലെ കമ്പ്യൂട്ടർ സ്‌ക്രീനിലും ഒരു ഡിഎൻഎ പിരിയൻ ഗോവണി ചുറ്റിത്തിരിയുകയാണ്.ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ മോളിക്കുലാർ ബയോളജി സെക്ഷനിൽ ഇന്നലെ കണ്ട അതേ പാറ്റേൺ.
ജീൻ ബാങ്കുകളിൽ എങ്ങനെയാണ് ജീനുകൾ സൂക്ഷിച്ചുവയ്ക്കുന്നതെന്ന് മനു എന്നോട് ഒരിക്കൽ രഹസ്യമായി ചോദിച്ചിരുന്നു ഉത്തരങ്ങൾ കൊണ്ട് അവന്റെ മുഖം വിടർത്തിയെടുക്കാൻ കഴിഞ്ഞത് വീണ്ടും ഓർമ്മിച്ചു. മനു കൊച്ചു കുട്ടിയാണ്.

നോക്കിനോക്കിയിരിക്കെ ഞാനിതുപോലൊരു പിരിയൻ ഗോവണിയിലൂടെ താഴേക്കിറങ്ങുന്നു.ഇപ്പോൾഞാൻ നിന്നു കിതയ്ക്കുന്നത് ഏതോ പുരാതന നടുമുറ്റത്ത്.

കൽത്തൂണുകൾക്കപ്പുറം വളകിലുക്കം. ചിതറിയ ചിരി. ഒളിഞ്ഞുനിന്നു നോക്കി. ഒരു കൊച്ചു സുന്ദരി. പാദസരങ്ങളുടെ കിലുക്കം.എനിക്കവരെ രുഗ്മ എന്നു വിളിക്കാൻ തോന്നി. എത്രയോ തലമുറകൾക്ക് അപ്പുറമുള്ള ഏതോ മുത്തശ്ശിയുടെ മുന്നിലാണെന്ന തിരിച്ചറിവിൽ ഞാൻ വീണ്ടും കിതച്ചു. എനിക്കവരെ മുത്തശ്ശി എന്ന് വിളിക്കാൻ പക്ഷേ കഴിഞ്ഞില്ല.

എന്റെ സങ്കല്പത്തിലേത് പോലെ തന്നെ കുടുമ്മ കെട്ടിയ, ഭസ്മം വാരി പൂശിയ ഒരു കാരണവർ ഇറങ്ങിവന്ന് നടുമുറ്റത്ത് നിന്ന് ഉറക്കെ ആക്രോശിക്കു ന്നു. പിന്നിൽ മറഞ്ഞു നിന്ന് ഞാൻ കിതപ്പാറ്റി. തൊണ്ട വരളുന്നു.

രുഗ്മ കരയുകയാവമെന്നു കരുതി. കാരണവരുടെ അട്ടഹാസത്തിൽ ഒരു പ്രണയകഥയുടെ ചുരുൾ നിവർന്നു. കിഴക്കേ നടയിലൂടെ ഒരു ‘നിഷേധി’യുടെ ഇറങ്ങിപ്പോക്ക് ഞാൻ കണ്ടു. കൂടെ എന്റെ രുഗ്മയും.

പിറ്റേന്ന്, പാടത്തിനരികിൽ വെച്ചു കെട്ടിയ കൊച്ചു കുടിലിന്റെ ഉമ്മറത്തിരുന്ന് പ്ലാവിലകൊണ്ട് ഞാൻ കഞ്ഞി കോരിക്കുടിച്ചു. എന്റെ നീളൻ മുടിയഴകൾ തലോടിക്കൊണ്ട് രുഗ്മ ഒരായിരം കഥകൾ പറഞ്ഞു തന്നു.

‘ കുടിയാന്മാർക്ക് വേണ്ടി വാദിച്ച……ധീരനായ…… ഇപ്പോൾ ഞാൻ കേൾക്കുന്നത് എത്രയോ തലമുറകൾക്ക് പിന്നിലുള്ള എന്റെ മുത്തച്ഛനെ ക്കുറിച്ചാണ്.

‘ബീനാ…. നമുക്കൊരു കോംപ്ലിമെന്ററി സ്ട്രാൻഡ് ഉണ്ടെങ്കിൽ പ്രോട്ടീൻ മോളിക്യൂസിനെ ചിലപ്പോൾ….. ബാബു എന്നെ തട്ടി ഉണർത്തി. ഞാൻ കഴിഞ്ഞേക്കും എന്ന് തലയാട്ടി.

കൂട്ടുകാരെല്ലാം വീണ്ടും ഒരു തൊട്ടിലാട്ടത്തിന്റെ സുഖദ സ്വപ്നങ്ങളിലേക്ക്….

എനിക്ക് വല്ലാതെ ഗൃഹാതുരത്വം തോന്നി. ബാബുവിനോട് ഉറങ്ങിക്കൊള്ളാൻ പറഞ്ഞ് ഞാനുറങ്ങാതെ….. സ്വപ്നം പോലും കാണുവാനാകാതെ…..

Share this:

Recently added