‘ഉൾ വേവുകളുടെ പരിഭാഷ… കീറി മുറിയുന്ന മൗനത്തിന്റെയും’

2014
ആഗസ്റ്റ്18
‘ഇന്ന് വെടിനിർത്തൽ അവസാനിക്കുകയാണ്.
എനിക്കെന്നും സമാധാനമായി ജീവിക്കാമെന്ന ഒരൊറ്റ വാർത്ത മാത്രമാണ് കിനാവ് കാണുന്നത്.
എല്ലാവരും റേഡിയോ മാറത്ത് ചേർത്ത് അടക്കിപ്പിടിച്ച് കാത്തിരിക്കകയാണ്.
ഓ…. വെടിനിർത്തൽ ഇരുപത്തിനാല് മണികൂർ കൂടി ദീർഘിപ്പിച്ചിരിക്കുന്നു.
ഈ സമാധാനം ലോകം മുഴുവൻ വ്യാപിച്ചിരുന്നെങ്കിൽ…? ഒരു ഗാസൻ കൗമാരക്കാരിയുടെ വ്യർത്ഥ മോഹം….
-ഫറാ ബക്കർ


അന്നൊരു വെള്ളിയാഴ്ച്ചയായിരുന്നു…
തുലാവർഷമഴ വീഴുന്ന ഒരു വൈകുന്നേരം.
തമ്പാന്നൂരിലെ ഇന്ത്യൻ കോഫി ഹൗസ്സിൽ ചായയും കഴിച്ച് സംസാരിച്ചിരിക്കയാണ് ഞാനും പത്രപ്രവർത്തകനും എഴുത്തുകാരനുമായ സുഹൃത്ത് ഷംസുദ്ദീൻ കുട്ടോത്തും. ഷംസു അന്ന് തിരുവനന്തപുരം ദേശാഭിമാനിയിൽ സബ്എഡിറ്ററായി ജോലി നോക്കുകയാണ്. ഞാൻ കുറച്ച് ദിവസ്സമായി തിരുവനന്തപുരത്തുണ്ട്. അവിടെ ഒരു ഹയർ സെക്കണ്ടറി സ്‌കൂളിന് വേണ്ടി അവരുടെ ആന്വൽ ഡേക്ക് ഒരു നാടകം ചെയ്യുന്നു. ‘സഡാക്കോ സമാധാനത്തിന്റെ മാലാഖ.’ മുന്നൂറിലേറെക്കുട്ടികളെ പങ്കെടുപ്പിച്ചുള്ള ഒരു മാസ് പ്രൊഡക്ഷൻ. അതിന്റെ എഴുത്തും റിഹേഴ്സ്സലുമായി ആഴ്ച്ചകൾ തന്നെ കടന്ന് പോയിരുന്നു. വീണ് കിട്ടിയ ഒരൊഴിവിൽ വീട്ടിലേക്കുള്ള യാത്ര….
ഭൂമി തകർക്കും മ്പോലെ ഇടിവെട്ടുന്നുണ്ട്…
ഭ്രാന്തെടുത്തത് പോലെ മഴ തിമിർത്താർക്കാൻ തുടങ്ങി…. സത്യത്തിൽ ഭ്രാന്തെടുത്ത പ്രകൃതിയെപ്പോലെ കുറെ നാളായി ഞാനാകെ പുകഞ്ഞമരുകയാണ്. പറഞ്ഞറിയിക്കാനാവാത്തൊരു സംഘർഷാവസ്ഥയുടെ കരിമ്പടം എനിയ്ക്ക് മേലെ വന്ന് വീണിരിക്കയാണ്. അതിനുള്ളിൽ ക്കിടന്ന് ശ്വാസം മുട്ടുകയാണ് ഞാൻ. അമേരിക്കൻ ബോംബേറ് വിമാനങ്ങൾ തകർത്ത് തരിപ്പണമാക്കിയ ഹിരോഷിമയും നാഗസാക്കിയും കൂറേ നാളായിട്ട് എന്റെ ഉറക്കം കെടുത്തുകയാണ്. യുദ്ധം അനാഥമാക്കിയ ഒരു നഗരവും, യുദ്ധം വിതച്ച മാറാരോഗത്തിന്റെ തീരാദുരിതവുമായി ആയിരക്കണക്കിന് മനുഷ്യരിൽ ഒരാളായിരുന്നു ”സഡാക്കോ സസാക്കി” എന്ന കൗമാരക്കാരി. രണ്ടാം ലോക മഹായുദ്ധത്തിന്റെ നടക്കുന്ന ഒരോർമയായി നമുക്കുമുമ്പിലുണ്ട് ഒരു ചോദ്യചിഹ്നം പോലെ. ഈ വിഷയമാണ് നാടകത്തിലൂടെ പറയാൻ ശ്രമിക്കുന്നത്. സമാധാനത്തിനായുള്ള നിലവിളികൾ അരങ്ങെഴുത്തിനിടെ സ്വയം വെന്തമരുന്ന ചില നിമിഷങ്ങൾ.
മഴ ഒന്ന് ശമിച്ച് ഞങ്ങൾ റെയിൽവേസ്‌റ്റേഷനിലേക്ക് നടക്കുമ്പോൾ ഷംസു എന്തോ ഓർത്തപോലെ പറഞ്ഞു ‘സതീശേട്ടാ നിങ്ങൾക്ക് നാടകം ആക്കാൻ പറ്റിയ ഒരു പുസ്തത്തെക്കുറിച്ച് ഞാൻ പറഞ്ഞിരുന്നില്ലേ…. ഇതാ ആ പുസ്തകം….’ ഷംസു ബാഗിൽ നിന്നും ആ പുസ്തമെടുത്ത് നീട്ടി. ഞാനാ പുസ്തകം വാങ്ങി മഴ നനയാതിരിക്കാൻ തിടുക്കത്തിൽ ബാഗിലേക്ക് വെച്ചു. ഇതുപോലെ ഇടവേളകളിൽ വീണുകിട്ടുന്ന സൗഹൃദങ്ങളാണ് വായനക്കും എഴുത്തിനും അവതരണത്തിനും കരുത്തേകുന്നത്.
ഷംസുവിനോട് യാത്ര പറഞ്ഞ് ഞാൻ ട്രെയിനിലേക്കു കയറി.
വണ്ടി പതിയെ നീങ്ങുയാണ്. കംപാർട്ട്‌മെന്റിൽ വലിയ തിരക്കില്ല. സഹയാത്രികരിൽ പലരും അവരവരുടെ കാതുകളിലേക്ക് ഇയർ ഫോൺ തിരുകി കുഞ്ഞു ചതുരങ്ങളുടെ കാഴ്ച്ചയിലേക്കും കേൾവിയിലേക്കും ആഴ്ന്നിറങ്ങി…. ഞാൻ പതിയെ ബാഗിൽ നിന്നും ഷംസു തന്ന പുസ്തകമെടുത്ത് ഏടുകൾ മറിച്ചുനോക്കി… മികച്ച നിർമ്മിതിയിൽ ഒരു പുസ്തകം.’ ”ഇന്ന് എന്റെ പേര് പലസ്തീൻ എന്നാകുന്നു ഫറാബക്കർ….” പുസ്തക കവറിലെ വെടിയുണ്ടകൾ തുളഞ്ഞ പാടുകളിലൂടെ തെളിഞ്ഞ ഫറാ ബക്കർ എന്ന കൗമാരക്കാരിയുടെ നിഷ്‌ക്കളങ്കമായ മുഖം. സ്വപ്നങ്ങൾ ഒളിപ്പിച്ച ഇളം നീല കണ്ണുകൾ…. ഒരു കൗമാരക്കാരിയുടെ ആത്മ നൊമ്പരങ്ങൾ…. സ്വാതന്ത്യത്തിനും സമാധാനത്തിനുമായുള്ള പ്രാർത്ഥനകൾ… യാത്രക്കിടെ ആ പുസ്തകം ഒറ്റയിരിപ്പിന് ഏതാനും മണിക്കൂറ് കൊണ്ട് ഞാൻ വായിച്ച് തീർക്കയായിരുന്നു…. ആയിരക്കണക്കിന് പാവം കുഞ്ഞുങ്ങളുടെ ചിതറിയ ചോരയും മാംസവും എന്നിലോക്ക് ചിതറി വീണു. അമ്മമാരുടെ നിലയ്ക്കാത്ത നിലവിളികൾ… ഒരു ജനതയുടെ സമാധാനത്തിനായുള്ള എങ്ങും മെത്താതെ പോകുന്ന നിലവിളികൾ….


”മൂന്ന് യുദ്ധങ്ങൾക്കും ഒരു ഇൻത്വി ഫദയ്ക്കും ഞാൻ സാക്ഷ്യം വഹിച്ചിട്ടുണ്ട്. സ്‌കൂളിൽ ഈ വർഷം ഞാൻ പന്ത്രണ്ടാം ക്ലാസിലെത്തും, യൂണിവേഴ്‌സിറ്റി തലത്തിൽ നിയമം പഠിക്കുവാനും തുടർന്ന് പലസ്തീൻ പ്രശ്‌നത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാനുമാണ് ആഗ്രഹം. 1948 മുതൽ സയണിസ്റ്റുകൾ അപഹരിച്ചെടുത്ത് ഞങ്ങളുടെ അവകാശങ്ങളിൽ അല്പമെങ്കിലും തിരിച്ചുപിടിക്കാൻ ഞാൻ പരിശ്രമിക്കും മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നുവെന്ന് അവകാശപ്പെടുകയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരപരാധികളായ മനുഷ്യർ അനവരതം കൊലചെയ്യപ്പെടുമ്പോൾ കയ്യുംകെട്ടി നോക്കി നിൽക്കുകയും ചെയ്യുന്ന മനുഷ്യാവകാശ സ്ഥാപനങ്ങളുടെ പൊള്ളത്തരങ്ങൾ തുറന്നുകാട്ടുവാനും ഞാൻ ആഗ്രഹിക്കുന്നു വെറുതെ നടക്കുക, നൃത്തം ചെയ്യുക, പാട്ട് പാടുക, ഇലക്ട്രോണിക് ഉപകരണങ്ങളുടെ കേടുപാടുകൾ തീർക്കുക, ഫോട്ടോയെടുക്കുക, ബ്രൗസ് ചെയ്യുക തുടങ്ങിയവയാണ് എന്റെ ഹോബികൾ. എനിക്ക് ഒരുപാട് സ്വപ്നങ്ങൾ ഉണ്ട്. സ്‌പെയിനിലേക്ക് പോവുകയും ഗിറ്റാർ പഠിക്കുകയും ചെയ്യുക എന്നതാണ് എന്റെ ഏറ്റവും വലിയ സ്വപ്നം. ഒരു നല്ല മനുഷ്യനായി വളർന്ന് ലോകത്ത് സൃഷ്ടിപരമായ പരിവർത്തനങ്ങൾ സാധ്യമാക്കാൻ ഞാൻ ഏറെ ആഗ്രഹിക്കുന്നു.”


തന്റെ കൊച്ച് കൊച്ച് സ്വപ്നങ്ങളൊടൊപ്പം പൂമ്പാറ്റച്ചിറകിൽ പറക്കാൻ മോഹിച്ച ആ പതിനാറ് കാരി പെൺക്കുട്ടി പിളരുന്ന ഗാസ്സയിലെ വീട്ടിലെ നാല് ചുമരുകൾക്കുള്ളിൽ ഒറ്റപ്പെട്ടുപോവുകയായിരുന്നു… അവൾ തന്റെ ഭീദിയെ ആശങ്കകളെ…. സങ്കടങ്ങളെ…. നടുക്കങ്ങളെ… ഉള്ളുരുക്കങ്ങളെ…. ട്വിറ്ററിലൂടെ ലോകത്തെ വിളിച്ചറിയിച്ചു…
ലോകം പിന്നീട് ഫറക്കായി കാതോർത്തു….
ഈ പുസ്തകത്തിന്റെ കവർച്ചിത്രം അത് കേവലമൊരു കവർ ചിത്രമാവാതെ എത്രമാത്രം അർത്ഥപൂർണ്ണമാണെന്നോ പരുപരുത്ത ചുമരിൽ തുളഞ്ഞു കയറിയ ഒട്ടേറെ വെടിയുണ്ടകൾ…. അവിടവിടെ ചിതറിയ ചോര പറ്റിപ്പിടിച്ച പാടുകൾ…. എത്രമാത്രം ആഴത്തിൽ ഒരു വിഷയത്തോട് ചേർന്ന് നിന്ന് കവർ ഡിസൈൻ ചെയ്തിരിക്കുന്നുവെന്ന് എന്നെ അൽഭുതപ്പെടുത്തി. അതോടൊപ്പം നമ്മളുടെ ഉള്ളിലേക്ക് തുളഞ്ഞു കയറുന്ന വെടിയുണ്ടകളെപ്പോലുള്ള ആ വാക്കുകളും. ”ഇവ വെറും സൂഷിരങ്ങളല്ല, ഒരു ജനതയുടെ ജീവിതം തുളച്ചു പോയ കറുത്ത കാലത്തിന്റെ അടയാളങ്ങളാണ്.
എത്ര പേരുടെ ഹൃദയത്തിലാണ്….
സ്വപ്നങ്ങളിലാണ് ഈ വെടിയുണ്ടകൾ തറച്ച് കയറിയത്….?”
കെ.സി ശൈജൽ എന്ന എഴുത്തുകാരൻ ഫറയുടെ ട്വീറ്റുകളുടെ നാൾ വഴികളെ എത്ര ആഴത്തിലാണ് ഈ പുസ്തകത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നത്…. അതൊരു അസഹ്യ നീറ്റലായി നമ്മേ കാർന്ന് തിന്നും… അമേരിക്കയിലെ ഏറ്റവും വലിയ പബ്ലിക് മീഡിയ കൊളാബറേഷനായ ഡെമോക്രസി നൗ ഗ്രൂപ്പിന്റെ അമരക്കാരിയും വിശുദ്ധ യുദ്ധവിരുദ്ധ മാധ്യമ പ്രവർത്തകയുമായ ആമി ഗുഡ് മാനും പ്രമുഖ അന്വേഷണാത്മക പത്രപ്രവർത്തകൻ വാൻസാലസും ഗാസ്സയിൽ ഇസ്രായേലിന്റെ ഭീകര യുദ്ധം തുടർന്നുകൊണ്ടിരിക്കെ 2014 ആഗസ്റ്റ് ഏഴിന് ആഗോള രാഷ്ട്രീയ ചിന്തകർ നടത്തിയ സുദീർഘ സംഭാഷണം ഈ പുസ്തകത്തിന്റെ രാഷ്ട്രീയ നിലപാടുകളെ അതിശക്തമായി പ്രതിഫലിപ്പിക്കുന്നുണ്ട്.


”യഹൂദ, െ്രെകസ്തവ, മുസ്ലിം സമുദായങ്ങളുടെ ചരിത്രവും വർത്താനവുമായി അഭേദ്യമായി ബന്ധപ്പെട്ട് കിടക്കുന്ന മേഖലയാണ് പലസ്തീൻ ഉൾപ്പെടുന്ന പശ്ചിമേഷ്യ. മെഡിറ്ററേനിയൻ സമുദ്രത്തിനും ജോർദാൻ നദിക്കുമിടയിലുള്ള ഒരു കൊച്ചു പശ്ചിമേഷ്യൻ ഭൂപ്രദേശമാണ് പലസ്തീൻ. വെങ്കല യുഗത്തിലെ ഈജിപ്ഷൻ കാനൽ നാഗരിതെയിൽ ആരംഭിക്കുന്ന 4,500 വർഷം പഴക്കമുള്ള പലസ്തീന്റെ അഗാധവും ബൃഹത്തുമായ ചരിത്രം മത സംസ്‌കാരിക രാഷ്ട്രീയ വാണിജ്യ താൽപര്യങ്ങളുടെ സംഘർഷഭൂരിതമായ സംഗമങ്ങളാൽ മുഖരിതമാണ്. പല സാമ്രാജ്യങ്ങളിലൂടെയും കൈമാറിഞ്ഞു വന്ന പലസ്തീൻ 1948 ൽ ബ്രിട്ടന്റെ കാർമികത്വത്തിലാണ് ഇസ്രായേലിന് അന്യായമായി തീറെഴുതി നൽകപ്പെട്ടത്. ഏഴുലക്ഷം പലസ്തീനികളുടെ ജന്മനാട്ടിൽ നിന്ന് ആട്ടിയോടിച്ചുകൊണ്ട് ആരംഭിച്ച സൈനിക അധിനിവേശം തുടർന്ന് വിവിധ വർഷങ്ങളിൽ നടന്ന കടന്നുകയറ്റങ്ങളിലൂടെ വിപുലീകൃതമാവുകയായിരുന്നു….”
അതിന്റെ ഭീദിതമായ പല ആവർത്തനങ്ങളാണ് ഇപ്പോഴും കണ്ടുപോരുന്നത്.


”അധിനിവേശത്തിന്റെ ഭീതികളേതുമില്ലാതെ സ്വതന്ത്രമായും സമാധാനമായും ജീവിക്കുക എന്നു പറഞ്ഞാൽ എങ്ങനയാണത്? ഞാൻ ജീവിതത്തിൽ ഒരിക്കലും അത് അറിഞ്ഞിട്ടില്ല. അത്രമേൽ മനോഹരമാണോ ആ അനുഭവം?”
-ഫറാ ബക്കർ


നാസി കൂട്ടക്കൊലയുടെ കാലത്ത്, ആൻഫ്രാങ്കിന്റെ ഡയറി അനുഷ്ഠിച്ച അതേ ധർമ്മം പുതിയ സാമൂഹ്യ മാധ്യമങ്ങളിൽ ഒന്നായ ട്വിറ്റർ ഉപയോഗിച്ച് ഫറാ ബക്കർ നിർവഹിക്കുന്നു. തന്റെ കൊച്ചുനാട് കശാപ്പ് ചെയ്യപ്പെടുന്നത് ഈ പതിനാറുകാരി രക്തം ഒലിക്കുന്ന ഹൃദയത്തോടെ കണ്ടുനിൽക്കുന്നു. കാണുന്നതെല്ലാം വേദനയോടെ, എന്നാൽ വിവേകവും വസ്തുനിഷ്ഠതയും നഷ്ടപ്പെടാതെ തന്റെ കൊച്ചു കുറിപ്പുകളിൽ രേഖപ്പെടുത്തുന്നു. കുഞ്ഞുങ്ങളുടെ നിലവിളികൊണ്ട് ഭൂമിയും ആകാശവും നിറയുന്നത്, നിരപരാധികളുടെ രക്തം വീണു മണ്ണ് ചുവക്കുന്നത്, ബോംബുകളുടെ വിഷപ്പുകയിൽ പക്ഷികളും വൃക്ഷങ്ങളും കരിഞ്ഞുപോകുന്നത്, വിദ്യാലയങ്ങളും പള്ളികളും തകർന്നുവീഴുന്നത്, സ്‌നേഹവും പ്രത്യാശയും നിറഞ്ഞ ഒരു രാജ്യം പതുക്കെ പതുക്കെ മരിക്കുന്നത്… എന്നിട്ടും കെട്ടുപോകാത്ത മനോവീര്യവുമായി അവിടുത്തെ ധീരരായ ജനങ്ങൾ ചെറുത്തുനിൽപ്പ് തുടരുന്നത് എല്ലാം സത്യസന്ധമായി ഫറ രേഖപ്പെടുത്തുന്നു. കൂടെയുള്ള ചിത്രങ്ങൾ ഈ സാക്ഷ്യത്തെ തെളിവുകളാൽ ബലപ്പെടുത്തുന്നു. പ്രശസ്തകവിയും എഴുത്തുകാരനുമായ സച്ചിദാനന്ദൻ ഈ പുസ്തകത്തിനെഴുതിയ അവതാരികയിൽ നിന്ന്.
ബിനോയ് വിശ്വം, എം.എ ബേബി, നൈനാൻ കോശി എന്നിവരുടെ അനുബന്ധ ലേഖനങ്ങൾ ആഴത്തിൽ മുറിവേറ്റ ഒരു ജനത കാലങ്ങളായി അനുഭവിച്ച് കൊണ്ടിരിക്കുന്ന അഗാധ സങ്കടങ്ങളെയും അവരുടെ സമാധാന സ്വപ്നങ്ങളെയും വിശകലനം ചെയ്യുന്നതോടൊപ്പം അധിനിവേശത്തിന്റെ ജീർണ്ണിച്ച രാഷ്ട്രീയാവസ്ഥയെ തുറന്ന് കാട്ടുകയും ചെയ്യുന്നുണ്ട്. എനിയ്ക്ക് ഈ പുസ്തകം പ്രിയപ്പെട്ടതാകുന്നത് ഒരു ജനതയുടെ നിശ്ശബ്ദ നിലവിളികളെ ഈ പുസ്തകം ഹൃദയത്തിൽ ഏറ്റുവാങ്ങുന്നത് കൊണ്ടാണ്….
വാക്കുകളുടെ പരിഭാഷ എളുപ്പമാണ്.
എന്നാൽ വാക്കുകൾക്കിടയിലെ നീളുന്ന മൗനമുണ്ട്
കണ്ണീരും ചോരയും ഒലിച്ചിറങ്ങുന്ന മൗനം….
കേൾക്കാതെ പോകുന്ന നിലവിളികളുടെ മൗനം….
ആ മൗനത്തെ പരിഭാഷപ്പെടുത്തുക എളുപ്പമല്ല,
ആത്മാവ് പോലും പിന്നിപ്പോയ ഒരു ജനതയെക്കുറിച്ചുള്ള തീരാ ആധിയിൽ നിന്നേ അത് സാധ്യമാവൂ. ആശ്രമകരമായ ദൗത്യമാണ് കെ.സി ശൈജൽ ഈ പുസ്തകത്തിലൂടെ സാധ്യമാക്കിയിരിക്കുന്നത്.
ഷംസു അന്ന് പറഞ്ഞത് പോലെ പിന്നീട് എപ്പോഴോ ഫറാ ബക്കർ എന്ന കൗമാരക്കാരിയുടെ ഉൾ വേദനകൾ ഞാൻ നാടകമാക്കി. ഒരു ലാവ പോലെ അരങ്ങിലേക്ക് ആ പെൺകുട്ടിയുടെ വിലാപങ്ങൾ പൊട്ടി ഒഴുകയായിരുന്നു. കോഴിക്കോട് നടക്കാവ് ഹയർ സെക്കണ്ടറി ഗേൾസ് സ്‌കൂളിന് വേണ്ടി ഞാനാക്കുട്ടിയുടെ തീരാ ആധികളെ അരങ്ങിലേക്ക് പരിഭാഷപ്പെടുത്തി…. ‘പലസ്തീൻ എന്നാണ് എന്റെ പേര്’ എന്നായിരുന്നു ആ നാടകത്തിന്റെ പേര്. നൂറുകണക്കിന് സ്‌കൂൾ കുട്ടികൾ ചിതറിത്തെറിക്കുന്നത് കാണേണ്ടി വന്ന ഒരു ടീച്ചറുടെയും കുടുംബത്തിന്റെയും തീവ്രാനുഭവങ്ങളിലൂടെ ലോക ഭൂപടത്തിൽ വിണ്ടുകീറുന്ന ഗാസ്സയെ ഞാൻ അരങ്ങെഴുത്തിലേക്ക് കൊണ്ടുവരികയായിരുന്നു.
അതെക്കുറിച്ചൊക്കെ ഏറെ പറയാനുണ്ട് അത് അടുത്ത് പോസ്റ്റിൽ… ഇപ്പോൾ ഇതൊക്കെ പിളരുന്ന മനസ്സോടെ ഓർക്കാനൊരു കാരണം…. ഇസ്രായലിന്റെയും അമേരിക്കയുടെയും വന്യമായ ആക്രമണങ്ങളിൽ പിളരുന്ന മണ്ണും മനുഷ്യരുമാണ്…. എത്രയെത്ര കുട്ടികളാണ് അവരുടെ ബോംബാക്രമണങ്ങളിൽ ചോരപ്പൂക്കളായി ചിതറിത്തെറിക്കുന്നത്….
എന്ത് തെറ്റാ ഈ കുഞ്ഞുങ്ങളാക്കെ ചെയ്ത് പോയത്….
ഈ ഭൂമിയിൽ പിറന്ന്‌പോയതോ….
എന്റെ മോളിപ്പോൾ യു.എ.ഇ യിലാണ് ഇന്നലെ വിളിച്ചപ്പോഴും വാക്കുകൾക്കിടയിലെ കനം വെക്കുന്ന ആ മൗനം ഞാൻ തിരിച്ചറിയുന്നു….
ഇങ്ങനെ എന്നെപ്പോലെ ആശങ്കകൾക്കിടയിലെ മുൾമുനയിലാണ് ഒരോ മനുഷ്യരും…. ലോകമെങ്ങുമുള്ള മനുഷ്യരുടെ ഉൾവേവുകളെയാണ് നീ വാക്കുകളിലേക്ക് പരിഭാഷപ്പെടുത്തുന്നത്. സമാധാനം എന്നത് നമുക്ക് മുമ്പിലൊരു കടംങ്കഥയായി മാറുകയാണോ…?

Share this:

Recently added