പേസ് മേക്കർ

കഥ

നാലുനിലകളാണ് ഈ വൃദ്ധ മന്ദിരത്തിന്.
ആളൊഴിഞ്ഞ നാലാം നിലമുറിയിലൊരു കോണിലെ മുറിയിൽ ഒറ്റയ്ക്ക് താമസിക്കുന്ന ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയാണ് ഞാൻ.
പുതുതായി തുടങ്ങിയ തൊഴിലധിഷ്ഠിത കോഴ്‌സുകളുടെ കുത്തൊഴുക്കിൽ നഗരത്തിലെ ഹോസ്റ്റലുകളെല്ലാം നിറഞ്ഞപ്പോൾ താൽക്കാലികമായെങ്കിലും ഇവിടെ ഒരു മുറിയൊപ്പിക്കാൻ ഏറെ പാടുപെടേണ്ടി വന്നു.
താക്കോൽ തന്നു തിരിഞ്ഞു നടക്കുമ്പോൾ ഇവിടുത്തെ ഫാദർ പറഞ്ഞ വാക്കുകൾ ഇപ്പോഴും മനസ്സിലുണ്ട്:
‘ഇതൊരു ഹോസ്റ്റലല്ലെന്ന് അറിയാമല്ലോ. കുഞ്ഞിനിവിടത്തെ രീതികളൊക്കെ ഇഷ്ടപ്പെടുമോന്ന് അറിയില്ല’
സത്യത്തിൽ ഈ വൃദ്ധമന്ദിര അനുഭവങ്ങൾ എനിക്കേറെ വിചിത്രമായാണ് തോന്നുന്നത്. ഇവിടുത്തെ ഓരോ പ്രഭാതവും സന്ധ്യയും എന്നിൽ ആഴത്തിൽ പതിയുന്ന ഓർമ്മകളായി രൂപം കൊള്ളുകയാണ്.
നഗരത്തിൽ നിന്ന് അല്പം മാറി കുന്നിൽ മുകളിൽ ഈ കെട്ടിടത്തിന് തന്നെ ഒരു തലയെടുപ്പുണ്ട്
മട്ടുപ്പാവിൽ നിന്നാൽ എനിക്ക് ആകാശം തൊടാം.
നക്ഷത്രങ്ങളോട് കിന്നാരം പറയാം.
വൈകുന്നേരങ്ങളിൽ വേണമെങ്കിൽ അപ്പൂപ്പന്മാരുടെയും അമ്മൂമ്മമാരുടെയും നാട്ടു വർത്തമാനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാം.
ഡൽഹിയിലും മറ്റു നഗരങ്ങളിലുമൊക്കെ പ്രധാന ജോലികളിൽ നിന്നു നല്ല നിലയിൽ വിരമിച്ചവരാണ് ഏറെയും. ഏറ്റവും താഴെ നിലയിൽ പൊടികുഞ്ഞുങ്ങളുടെ ഡേ കെയർ. എന്നും ഞാനിറങ്ങുമ്പോൾ കവിളുകളിൽ കുഞ്ഞുമ്മകൾ…
എല്ലാ വിളക്കുകളും തെളിഞ്ഞുകഴിഞ്ഞ സന്ധ്യയിൽ ദൂരെ നിന്ന് നോക്കണം ഈ വെള്ളിക്കൊട്ടാരം.
ഞാനിപ്പോൾ ജീവിത സായാഹ്നത്തെ കുറിച്ച് കൂടുതൽ ചിന്തിക്കുന്നു. ഈ ഒറ്റപ്പെടലിന്റെ അനിവാര്യതയെക്കുറിച്ച്, ഒഴിവാക്കാമായിരുന്ന ഇത്തരം അവസ്ഥകളെക്കുറിച്ച് ഒരേ സമയം ഓർമ്മിച്ചുകൂട്ടി തലപെരുപ്പിക്കുന്നു.
എന്റെ മനസ്സിനെയും വാർദ്ധക്യം ബാധിച്ചു എന്ന് തോന്നുന്നൂ ചിലപ്പോൾ.
പരീക്ഷ കഴിയുന്ന ദിവസങ്ങളിൽ സാധാരണ എനിക്ക് ഉറങ്ങാൻ കഴിയാറില്ല. ഇന്നും ഗൃഹാതിരചിന്തകളോ ഏറെ ദിവസത്തെ ഉറക്ക ക്ഷീണമോ കലക്കി മറിക്കുകയാണ് മനസ്സിനെ. ഒരു കവിത എടുത്തിട്ടുണ്ട്. വായിക്കാൻ കഴിയും എന്ന് തോന്നുന്നില്ല.
നാളെ വെളുപ്പിന് ഞാൻ വീട്ടിലേക്ക്.
ഇപ്പോൾ എനിക്ക് ആകെ ചെയ്യാൻ കഴിയുന്നത് ടെറസിൽ പോയി നിന്ന് അസ്തമയ സൂര്യന്റെ വർണ്ണ വിസ്മയങ്ങൾ വെറുതെ നോക്കിയങ്ങനെ സ്വയം മറക്കുക എന്നത് മാത്രമാണ്. പടികൾ കയറുമ്പോളായിരുന്നു മൂന്നാം നിലയിലെ അപ്പൂപ്പൻ പണിക്കാരികളിലാരോ എന്ന് തെറ്റിദ്ധരിച്ച് കണ്ണിൽ മരുന്നൊഴിക്കാൻ എന്നെ വിളിച്ചത്. മരുന്നൊഴിച്ച് തിടുക്കത്തിൽ ഞാനെന്റെ സ്വകാര്യ സ്വപ്നത്തിലേക്ക് പടി കയറുകയായിരുന്നു.
‘കുഞ്ഞേ എന്നെയൊന്ന് മുറിയിലാക്കിത്തര്വോ…?
ബാൽക്കണിയിലെ കൈപ്പിടിയിൽപ്പിടിച്ച് മറു കൈ കാൽമുട്ടിൽ ഊന്നി ആയാസപ്പെട്ട് എഴുന്നേൽക്കാൻ ശ്രമിക്കുന്ന അമ്മച്ചിക്കും ആളു തെറ്റിക്കാണും.
‘ചൂട് വെള്ളം പറഞ്ഞിട്ട് എത്ര നേരമായീന്നറിയാമോ?’ ഞാൻ ചെന്ന് കൈ പിടിക്കുമ്പോൾ
ആൾ പരിഭവിച്ചു.
കാണുമ്പോഴൊക്കെ, മുറിയുടെ മൂലയിൽ, കണ്ണിനോട് ചേർത്തുപിടിച്ച് ബൈബിൾ വായിക്കുന്ന അമ്മച്ചിക്ക് ആകാവുന്നതിലേറെ വണ്ണം ഉണ്ട്. എനിക്ക് പിടിച്ചെഴുന്നേൽപ്പിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. എങ്കിലും ശ്രമിച്ചു.
‘യ്യോ കുഞ്ഞായിരുന്നോ? ഇവിടുത്തെ പണിക്കാരി പെങ്കൊച്ചുങ്ങൾ ആരെങ്കിലുമാണെന്നാ കരുതിയത്. ഞാനവറ്റുങ്ങളെ വിളിച്ചോളാം. കുഞ്ഞുവിട്ടോ.’
ഞാൻ വിട്ടാൽ അമ്മച്ചി വീഴും. ‘ഏയ് സാരമില്ല ഞാനാക്കിത്തരാം മുറിയില്. അമ്മച്ചിയുടെ കാൽ വിറക്കുന്നു ഞങ്ങൾ രണ്ടുപേരുംകൂടി മറിഞ്ഞുവീഴാനും മതി.’ താങ്ങി അടുത്തൊരു കസേരയിൽ ഇരുത്തി. അവർ മാലയിലെ കുരിശു രൂപത്തിൽ മുറുകെ പിടിച്ചു. ‘അപ്പുറത്തെ കട്ടിലിൽ എപ്പോഴും ചുമക്കുന്ന തള്ളയി ല്ലേ എനിക്കത് പകരുമോ ?’ കൊച്ചു കുഞ്ഞുങ്ങളെ പോലെ ചുണ്ട് കൂർപ്പിച്ചു.
‘ഹേയ് അത് വെറും ചുമയല്ലേ? അമ്മച്ചിക്ക് എങ്ങനെ പകരാനാണ്?’ ആ കണ്ണുകളിൽ ആശ്വാസം.
‘എന്റെ ഉള്ളിലേ ഒരു യന്ത്രാ, അതിന്റെ ഓട്ടം നിന്നാൽ അമ്മച്ചിയുടെ കാര്യവും തീരും.’ ഹൃദയത്തിന്റെ സ്ഥാനത്ത് ഒരു പേസ്‌മേക്കർ ത്രസിക്കുന്നത് ഞാനറിഞ്ഞു.
‘ഞാനൊരിക്കൽ മരിച്ചതാ കുഞ്ഞേ.’
‘അമ്മച്ചി മരിക്ക്യേ, എന്താ ഈ പറയണേ?’
‘അമേരിക്കയിലായിരുന്നൂ രണ്ടാമത്തെ മകന്റെ കൂടെ. നാട്ടിൽ കിടന്നു മരിക്കാൻ പറ്റിയില്ലല്ലോ എന്നായിരുന്നു സങ്കടം. എല്ലാം ഈശോമിശിഹായുടെ…..’
മുൻപെപ്പോഴോ വന്ന അസുഖത്തെക്കുറിച്ചാവും അമ്മച്ചി പറയുന്നത്.
‘ഒരു ദിവസം അമ്മച്ചി മരിച്ചു. മോനും മരുമോളും കുട്ടികളും പിന്നെ സാറാദ്യം കല്യാണം കഴിച്ചതല്ലായിരുന്നോ, അതിലെ മോളും ഭർത്താവും ചേർന്ന് ശവത്തിന് അടുത്ത് നിന്ന് ഫോട്ടോ ഒക്കെ എടുത്തു. പിന്നെ വീഡിയോ,.. കുഞ്ഞിനു കാണണോ? അമ്മച്ചിയുടെ മുറിയിലേ ഇപ്പോഴും ഒരു ഫോട്ടോ തൂക്കിയിട്ടുണ്ട്.’
മുറിയിലേക്ക് നോക്കിയപ്പോൾ ശരിക്കും ഞെട്ടി. അമ്മച്ചി മരിച്ചു കിടക്കുന്നു ചുറ്റും ആരൊക്കെയോ.
മാല ചാർത്തിയ ആ ചിത്രം ഒരു മിന്നൽ പിണർ പോലെ മനസ്സ് പൊളിച്ചു.
ആ മോൾടെ ഭർത്താവില്ലേ ഡോക്ടറാ. അവനാ ആദ്യം പറഞ്ഞേ ഇനിയും ജീവിപ്പിക്കാംന്ന്. അമേരിക്ക അല്ലേ ഇവിടുത്തെ പോലൊന്നുമല്ലല്ലോ. അവരൊരു യന്ത്രം വെച്ച് പിന്നെയും ജീവിപ്പിച്ചു. അമ്മച്ചി എന്റെ കൈയെടുത്ത് മാറിടം തടവിച്ചു ‘കുഞ്ഞിന് അറിയാൻ പറ്റുന്നില്ലേ ദാ ഇവിടെ…’
‘ഹേയ് മരിച്ചതൊന്നും ആവില്ല.’ ഹൃദയസ്തംഭനത്തെ കുറിച്ച് വിവരിച്ചു കൊടുക്കാൻ ഞാൻ വാക്കുകൾ തേടി. പേസ്‌മേക്കർ എന്താണെന്നും…
‘കുഞ്ഞിനു അറിയേണ്ടേ അമ്മച്ചി എങ്ങനാ മരിച്ചേന്ന്? ‘
‘പിന്നേ?’ എനിക്ക് രസം കയറി.
‘കണ്ണടച്ചു കിടക്കുകയായിരുന്നു. മിശിഹാ താഴ്ന്നു പറന്നുവന്നു. ആകാശങ്ങളിലൂടെ ഞങ്ങൾ ഒഴുകിയൊഴുകി. വെറുതെ ഒരു വരമ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂ ആകാശത്തിന്. ചുറ്റും മുള്ളും പറക്കാരയും ഒന്നുമില്ലായിരുന്നു.’
‘പറക്കാരാന്ന് വച്ചാ?’
‘പറക്കാരാന്ന് വെച്ചാലേ, നമ്മളീ പടവലോം പാവലോമൊക്കെ നടൂല്ലേ പാടത്ത്. അതൊന്നുമില്ലായിരുന്നു. വെറും വരമ്പ് മാത്രമുള്ള ആകാശം അതിലൂടെ അമ്മച്ചി.’
‘അമ്മച്ചി നടക്കുവായിരുന്നോ?’
‘കുഞ്ഞൊന്നും കേൾക്കുന്നില്ല. പ്ലെയിനിലാ ഞങ്ങൾ പോയത്.’
‘അപ്പോ പൈലറ്റാ മിശിഹാ?’
‘പൈലറ്റ് ഒന്ന്വല്ല മിശിഹാ. വയലറ്റ് പുകയായിരുന്നു ചുറ്റിലും.’
ആദ്യവും അവസാനവും തമ്മിൽ കൂട്ടി യോജിപ്പിക്കാൻ അമ്മച്ചിക്ക് ആവുന്നില്ല ഒരുപക്ഷേ ആദ്യത്തെ അമേരിക്കൻ യാത്രയാകുമോ മനസ്സിൽ?
അമ്മച്ചി കൊച്ചുകുട്ടിയെ പോലെ വാശിപിടിക്കുകയാണ്.
‘അന്ത്യക്രിസ്തുവാ വന്നത്?’
ആൾക്ക് പിന്നെയും ദേഷ്യം വന്നു.
‘മിശിഹായുടെ ലോകത്ത് ഞങ്ങൾ ഇറങ്ങി. എന്തു രസായിരുന്നൂന്നറിയോ. പെട്ടെന്നാ യന്ത്രം വെച്ച് എന്നെ ജീവിപ്പിച്ചത്.’
കാലടിയിലെ സ്തൂപത്തിൽ മാതാവിനെ വൈകുണ്ഠത്തിലേക്ക് അയക്കുന്ന ചിത്രം മനസ്സിൽ പാഞ്ഞെത്തി.
അതുപോലൊരു രഥത്തിൽ…..
‘ജീവിതഗ്രന്ഥത്തിൽ അമ്മച്ചിയുടെ പേരുണ്ടായിരുന്നോ?അമ്മച്ചി അഗ്‌നിത്തടാകം കണ്ടുവോ?’
ഉത്തരം മുട്ടുമ്പോഴാണ് പുറം വേദനിക്കുന്നത്.ഞാൻ തടവിക്കൊടുത്തു. പുഴക്കരയിലെ പുല്ലുമേയുന്ന കൊഴുത്ത പശുക്കളെ മെലിഞ്ഞ പശുക്കൾ വന്ന് തിന്നുന്നത് കാണുവാൻ ഞാൻ കണ്ണടച്ചു.
‘അമേരിക്കയിലെ താമസം ഒക്കെ എങ്ങനെ?’
അമ്മച്ചിക്ക് ശ്വാസംമുട്ടി.
‘എന്തൊരു കഷ്ടമായിരുന്നെന്നറിയുവോ?’
പുറത്തുനിന്നു പൂട്ടിയ ഫ്‌ലാറ്റിലെ മുറിയിൽ തനിച്ച്… ആ ഒരു പകൽ ഞാൻ മനസ്സിൽ കണ്ടു.
ഒച്ചകളിൽ നിന്നും ബഹളങ്ങളിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചിട്ടും ഒന്നും ഓഫാക്കാൻ ആകാതെ കൈകൾ വിറക്കുന്നത്…. സ്വിച്ചുകൾ മാറിപ്പോകുന്നത്…. വിചിത്ര വെളിച്ചങ്ങളും ശബ്ദങ്ങളും മുറിയിൽ നിറയുന്നത്….ഇലക്ട്രിക് ചെയിനിലൂടെ വീട്ടുപകരണങ്ങൾ സ്ഥാനം മാറുന്നത്….ടിവി ചാനലുകളിൽ സർപ്പങ്ങൾ പോലെ എന്തൊക്കെയോ കെട്ടിമറിയുന്നത്…. മുറി തുറന്നു കൊച്ചുമകൻ കട്ടിലിലേക്ക് വന്നു മറിയുന്നത്…കണ്ണുകൾ മലർക്കെ തുറന്നിരുന്നെങ്കിലും അവൻ ഒന്നും കാണാതെ പോകുന്നത്….. തൂണുകളിൽ കെട്ടിപ്പിടിച്ച് അമ്മച്ചി കരയുയുന്നത്…
വൃദ്ധ മന്ദിരത്തിന് മുന്നിൽ ഒരു കാർ വന്നു നിന്നു. അമ്മച്ചിയുടെ ഉത്സാഹം കണ്ടപ്പോൾ ആരെയോ കാത്തിരിക്കുകയായിരുന്നു എന്ന് തോന്നി.
രണ്ടുമൂന്നു പേർ അമ്മച്ചിയുടെ അടുത്തേക്ക് വന്നു.ഞാൻ ദൂരെ മാറിനിന്നു. വെറും അഞ്ചോ പത്തോ മിനിറ്റുകൾ. വീഡിയോ വെളിച്ച ങ്ങൾ.അവർ തിരിച്ചുപോയി.
‘അതെന്റെ ഇളയ മകളായിരുന്നു.’ അമ്മച്ചി എനിക്ക് നീട്ടിയ മുന്തിരിക്കുല താഴെ വീണു വീണു ചിതറുന്നത് ഞാനറിഞ്ഞു.
‘അവരും നാളെ അമേരിക്കയിലേക്ക്…’ കാൽക്കൽ വീണു കിടക്കുന്ന അമ്മച്ചിയെ പിടിച്ചിട്ടും എഴുന്നേൽപ്പിക്കാൻ ആവാതെ വിഷമിക്കുമ്പോൾ വർഷങ്ങൾക്ക് ശേഷമുണ്ടായേക്കാവുന്ന ഇതുപോലൊരു ഒറ്റപ്പെടൽ മനസ്സിലേക്ക് ഇരമ്പി എത്തി.
ഇപ്പോഴെനിക്ക് അസ്തമയ സൂര്യനെപ്പോലും നോക്കാൻ ആവുന്നില്ലല്ലോ.

Share this:

Recently added