അദ്ധ്യായം – 2
അമ്മിണിചേച്ചിയുടെ ദേഷ്യം
നീലനിറമുള്ള വാനിലാണ് ബാംഗ്ലൂരിൽ നിന്നും വിരുന്നുകാരു വന്നത്. കുറേ വലിയ പെട്ടികളും കൈനിറയെ സമ്മാനങ്ങളുമായാണ് അവർ അകത്തേക്ക് കയറിയത്. അവരെ കണ്ടപ്പോൾ മോനൂട്ടൻ ഓടിച്ചെന്നു. തടിച്ചുവെളുത്ത ഒരമ്മ അവനെ വാരിയെടുത്തു. സ്വർണ്ണനിറമുള്ള കവർ തുറന്ന് മിഠായികളും നല്ല ക്രീം മണമുള്ള ബിസ്‌കറ്റുകളും പുറത്തെടുത്തു. മോനൂട്ടൻ എല്ലാവർക്കും വിതരണം ചെയ്തു. എന്തു നല്ല സ്വാദ്. കൈനിറയെ കിട്ടിയിട്ടും മോനൂട്ടന്റെ കൈയ്യിൽ നിന്ന് ക്രീം ബിസ്‌കറ്റ് തട്ടിപറിച്ചോടാൻ അവന്റെ ഏട്ടൻ ആൽവിൻ മറന്നില്ല.
‘ഹായ് ഇതാണോ നിന്റെ സുന്ദരിപ്പൂച്ച’
അടുത്ത് വന്ന് തലോടിക്കൊണ്ട് കണ്ണടവെച്ച ഒരു ചേച്ചി.
‘ഇതിനെ നമ്മൾ ബാംഗ്ലൂരേക്ക് കൊണ്ടുപോയാലോ?
‘ഇല്ല. ഞാൻ തരൂല…’
ചേച്ചി മോനൂട്ടനെ പലതും പറഞ്ഞ് കുറുമ്പു പിടിപ്പിക്കുകയായിരുന്നു.
മനസ്സ് അടുക്കളയിലായിരുന്നു. അമ്മിണി ചേച്ചി കരിമീനിൽ ഉപ്പും മഞ്ഞളും കാശ്മീരി മുളകും ചേർത്ത് നല്ല വെളിച്ചെണ്ണയിൽ വറുത്തപ്പോഴുള്ള ആ നറുമണം….. പശുവിനെ കറുക്കുന്ന തള്ളയാണ് മീൻ വാങ്ങിക്കൊണ്ടുവരാറ്. ചൊവ്വാപുഴയിലെ കരിമീൻ വാങ്ങാൻ തലേദിവസം തന്നെ പണം കൊടുത്ത് തള്ളയെ ഏർപ്പാടാക്കിയിരുന്നു. വിരുന്നുകാർ വരുന്ന ദിവസം അമ്മിണി ചേച്ചി അങ്ങിനെയാണ്. വരുന്നവർക്ക് പുഴമീനാണ് വിളമ്പുക. പണം ചിലവാക്കാൻ ഒട്ടും മടിയില്ല.
എല്ലാവരും സ്വീകരണമുറിയിലാണ്. പറഞ്ഞാലും തീരാത്ത കഥകളുണ്ടവർക്ക്. മോനൂട്ടനെക്കൊണ്ട് റൈം ചൊല്ലിക്കുന്നുമുണ്ട്. ആൽവിൻ അവന്റെ സൈക്കിൾ തുടച്ചു വൃത്തിയാക്കുന്ന തിരക്കിലാണ്. പമ്മിപ്പമ്മി അടുക്കളയിലേക്കു കയറി. സംഗതി ഒപ്പിച്ചു. പക്ഷേ എന്തോ എടുക്കാൻ അടുക്കളയിലേക്ക് കയറിവന്ന അമ്മിണി ചേച്ചിയുടെ മുമ്പിൽപെട്ടുപോയി. അതോർക്കുമ്പോൾ ഇപ്പോഴും വിയർത്തുപോകുന്നു. കണ്ണിൽ ഇരുട്ടുകയറുന്നപോലെ. വീടുനിറയെ വിരുന്നുകാരുള്ളതുകൊണ്ടാവാം. അവർ ബഹളമുണ്ടാക്കുകയോ വേദനിപ്പിക്കുകയോ ചെയ്തില്ല. തിന്നു തീർന്ന പാത്രത്തിലേക്ക് നോക്കി തലക്കു കൈവെച്ച് സങ്കടപ്പെട്ടു. പിന്നെ ദഹിപ്പിക്കുന്ന ഒരു തുറിച്ചുനോട്ടവും. ‘ നിന്നെ പിന്നെ കണ്ടോളാം.’ എന്ന മുന്നറിയിപ്പ് ആ നോട്ടത്തിൽ തിളച്ചിരുന്നു. ആറു കരിമീൻ കഷണങ്ങളും വേഗത്തിൽ വെട്ടി വിഴുങ്ങുകയായിരുന്നു. പാത്രത്തിൽ പുരണ്ട ഇഞ്ചിക്കഷണങ്ങളും മുളകു മസാലയും നക്കിനുണക്കാൻ തുടങ്ങുമ്പോഴായിരുന്നു അമ്മിണിചേച്ചിയുടെ അപ്രതീക്ഷിതമായ വരവ്. പാവം അമ്മിണിചേച്ചി. വിരുന്നുകാർക്കു മുമ്പിൽ പുഴമീൻ വിളമ്പാനാവാതെ എത്രമാത്രം സങ്കടപ്പെട്ടിരിക്കും. അത്രക്കങ്ങ് തിന്നുതീർക്കരുതായിരുന്നു. ഒരു കഷ്ണം തിന്ന് വേഗം തടിതപ്പിയാൽ മതിയായിരുന്നു. പറഞ്ഞിട്ടെന്താ, വെന്ത വെളിച്ചെണ്ണയിൽ വറുത്തെടുത്ത കരിമീൻ തിന്നു തുടങ്ങിയാൽ ആർക്കാണ് മതിവരിക…
വിരുന്നുകാർ യാത്ര പറഞ്ഞു. നീലവാൻ മുറ്റത്തു നിന്ന് റോഡിലേക്കിറങ്ങി. ഗേറ്റു പൂട്ടിയ അമ്മിണിചേച്ചി വീടും പരിസരവും വിശാലമായി ഒന്നു കണ്ണോടിച്ചു. പിന്നെ ആൽവിനെ അരികിലേക്കു വിളിച്ച് ചെവിയിലെന്തോ സ്വകാര്യം പറഞ്ഞു. വിരുന്നുകാർ സമ്മാനിച്ച ഫുട്‌ബോളിന്റെ ഭംഗി നോക്കുകയായിരുന്നു അവൻ. പന്ത് വലിച്ചെറിഞ്ഞ് അവൻ അമ്മയ് ക്കൊപ്പം നടന്നു. കാര്യം ഗുരുതരം. ഏത് സമയവും ആക്രമം വരാം. ഇനി കരുതലോടെ നിൽക്കണം.
അവർ അരിച്ചുപെറുക്കാൻ തുടങ്ങി. ഭക്ഷണമേശക്കു കീഴെ തൂവിപടർന്ന ഇത്തിരി ഹോർലിക്‌സ് നക്കി നുണച്ചാലോ എന്ന് ആലോചിക്കുമ്പോഴായിരുന്നു. ‘എവിടെയൊളിച്ചാലും നിന്നെ കൊല്ലുമെടീ’ എന്ന കനത്ത സ്വരം മുഴങ്ങിയത്. എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങി. നിന്നു കൊടുത്താലോ? കുറ്റം ചെയ്തതല്ലേ. അതിനുള്ള ശിക്ഷ കിട്ടേണ്ടേ? ദേഷ്യം കൊണ്ട് പറയുകയാ. ഒരിക്കൽ മുറ്റത്തെ മഴയിൽ നിന്ന് വരാന്തയിലേക്കു ചാടിക്കയറിയ തവളക്കുഞ്ഞിനെ മോനൂട്ടൻ ചൂലുകൊണ്ട് അടിച്ചോടിക്കാൻ നോക്കിയപ്പോൾ ചേച്ചി ചൂല് പിടിച്ചു വാങ്ങിയ ശേഷം അവനെ ഉപദേശിക്കുന്നത് കേട്ടിരുന്നു.
‘ഒരു ജീവിയേയും ഉപദ്രവിക്കാൻ പാടില്ല മോനേ’
പക്ഷേ, ഇത് അങ്ങിനെയല്ല. ഉറഞ്ഞു തുള്ളിയാണ് വരവ്. കൈയിൽ നീണ്ട വടിയുണ്ട്. ഇനി ആലോചിച്ചു നിന്നിട്ടു കാര്യമില്ല. നേരെ തേങ്ങാകൂടയുടെ മുകളിലേക്ക് ഒറ്റച്ചാട്ടം. ഇനി ആർക്കും എളുപ്പത്തിൽ തൊടാൻ കിട്ടില്ല. അരിശം തീരാതെ അവർ വിറക്കാനും പിറുപിറുക്കാനും തുടങ്ങി. തേങ്ങാക്കൂടക്കു ചുറ്റിലും മണ്ടി നടന്നു. ഒടുവിൽ കൈയിൽ കിട്ടിയ ചിരട്ടയും ഓട്ടിൻകഷ്ണങ്ങളും എടുത്ത് എറിയാൻ തുടങ്ങി.
തലയും താഴ്ത്തി ഒറ്റക്കിടത്തം. ചത്തപോലെ. ഏറിന്റെ ശക്തി കൂടിയപ്പോൾ തേങ്ങകൾക്കിടയിലൂടെ എലിക്കുഞ്ഞുങ്ങൾ പരക്കം പായാൻ തുടങ്ങി. ഒന്നു രണ്ടു മുഴുത്തവരെയും കണ്ടു. അവർ ആലോചിക്കുന്നുണ്ടാകും സുന്ദരിപ്പൂച്ചക്ക് എലിയെ മടുപ്പായോ എന്ന്. ചേച്ചി തളർന്നു. പലതും വിളിച്ചു പറഞ്ഞു ഭീഷണിപ്പെടുത്താൻ തുടങ്ങി. കുറേനേരം കഴിഞ്ഞപ്പോൾ നേരെ തൊഴുത്തിലേക്കു പോയി.
നല്ല ക്ഷീണമുണ്ടായിരുന്നു. ഇത്തിരി നേരം മയങ്ങി. ഉണർന്നപ്പോൾ ആകാശം ചുവന്നിരുന്നു. അമ്മിണിച്ചേച്ചിയുടെ മത്തി മൊളേഷ്യത്തിന്റെ അതേ നിറം. ചിറകുകൾ ഉണ്ടായിരുന്നെങ്കിൽ പറന്നു ചെന്ന് കണ്ണും പൂട്ടിനക്കി കുടിക്കാമിയുരുന്നു.
മെല്ലെ താഴെയിറങ്ങി. വീടിനകത്തേക്കു തന്നെ അപകടം പതിയിരിക്കുന്ന നുഴഞ്ഞുകയറ്റം. മിക്‌സി മുരളുന്നുണ്ട്. അമ്മിണിച്ചേച്ചി അടുക്കളയിലാണ്. നല്ല നെല്ലുകുത്തരി ദോശയുടെ മണം. ചുവന്നുള്ളി ചമ്മന്തിയാവാം മിക്‌സിയിൽ.
സോഫയിൽ ഞെളിഞ്ഞിരിപ്പുണ്ട് മണികണ്ഠൻ. അവൻ ഇപ്പോൾ വലിയ നിലവാരമാണ്. ഇരുത്തം കണ്ടാൽ തോന്നും വീടിന്റെ ഉടമസ്ഥൻ അവനാണെന്ന്. അവന്റെ അടുത്തിരുന്ന് മോനൂട്ടൻ ചിത്ര പുസ്തകങ്ങളിൽ ചായം ഇടുന്നുണ്ട്. മോനൂട്ടനെ അവൻ വല്ലാതെ മയക്കിയെടുത്തു കഴിഞ്ഞു. നഷ്ടപ്പെട്ട ഇഷ്ടം തിരിച്ചു കൊണ്ടുവരാൻ എന്തുണ്ട് പോംവഴി?
മണികണ്ഠനെ വീട്ടിലേക്കു ക്ഷണിച്ചുകൊണ്ടു വന്നതു തന്നെ വലിയ തെറ്റായിപ്പോയെന്ന് ഇപ്പോൾ തോന്നുന്നു. അവൻ എത്ര പെട്ടെന്നായിരുന്നു തടിച്ചുരുണ്ട് സുന്ദരനായത്.
ഒരു വൈകുന്നേരമാണ് മണികണ്ഠനെ പരിചയപ്പെട്ടത്. അബൂക്കയുടെ തട്ടുകടക്കരികിലുള്ള ഓവുപാലത്തിൽ കരഞ്ഞിരിക്കുകയായിരുന്നു അവൻ. കുഞ്ഞുപ്രായം. മുഖത്തെ സങ്കടഭാവവും കണ്ണീരും കണ്ടപ്പോൾ മനസ്സലിഞ്ഞു. തലേദിവസം പാണ്ടി ലോറിക്കടിയിൽ പെട്ട് അവന്റെ അമ്മ മരിച്ചുപോയതാണത്രെ. മീൻകാരൻ എറിഞ്ഞു കൊടുത്ത മാന്ത തിന്നാൻ റോഡിലേക്കു ചാടിയതായിരുന്നു. അവസാനത്തെ ചാട്ടം. പാവം മണികണ്ഠൻ. അവനെയും കൂട്ടി നേരെ ഇങ്ങുപോന്നു. കുറച്ചു ദിവസം ഒളിവിൽ താമസിച്ചിരുന്നു. പിന്നെ പിന്നെ പകൽ നടത്തം തുടങ്ങി. വീട്ടുകാർക്ക് എതിർപ്പു കണ്ടില്ല. അവനെ ഇഷ്ടമായി. നാവെടുത്താൽ കള്ളമേ പറയൂ. അവന്റെ അമ്മ ലോറി കയറി മരിച്ചെന്ന് പറഞ്ഞതു തന്നെ മഹാതട്ടിപ്പായിരുന്നു. മീൻകാരൻ ചിണ്ടനു പിന്നാലെ വരാറുള്ള തടിച്ചി അവന്റെ അമ്മയാണെന്ന് ചിണ്ടൻ പറഞ്ഞിരുന്നു. മാത്രവുമല്ല മണികണ്ഠനൊപ്പം സുനിതാഹോട്ടലിന്റെ കോലായിൽ തങ്ങിയിരുന്നത്രെ. സ്വഭാവം ശരിയല്ലാത്തതിനാൽ അവിടെ നിന്നും മാറ്റിയോടിക്കുകയായിരുന്നു. അങ്ങനെയാവാം അന്ന് ഓവുപാലത്തിൽ വന്നിരുന്ന് കള്ളക്കണ്ണീർ വാർത്തത്. ഇനി ഈ വീട്ടിലെ സ്ഥാനം മണികണ്ഠന് സ്വന്തം. ഭാഗ്യം കയറി വരുന്ന ഓരോരോ വഴി നോക്കണേ.
ദോശ ചുടുന്നതിനിടയിൽ അമ്മിണിച്ചേച്ചി പാൽക്കാരി തള്ളയോട് വള്ളി പുള്ളി വിടാതെ നടന്ന കാര്യങ്ങൾ വിവരിക്കാൻ തുടങ്ങി.
‘ഭഗവാനെ, ഒരു കഷ്ണവും ബാക്കിവെക്കാതെ കട്ടു മുടിച്ചെന്നോ. അഞ്ഞൂറു രൂപയുടെ മീനല്ലേ?’ തള്ള തലയിൽ കൈവെച്ചു കൊണ്ടു പറഞ്ഞു.
തള്ള സംസാരിക്കാൻ തുടങ്ങിയാൽ പിന്നെ നിർത്തില്ല. നാട്ടിലെ എല്ലാ വാർത്തയും വീടുകളിൽ നടന്നെത്തിക്കുകയാണ് അവരുടെ പ്രധാന വിനോദം. സുന്ദരിപ്പൂച്ച അമ്മിണിച്ചേച്ചിയുടെ മീൻ കട്ടു തിന്ന വാർത്ത ഇന്ന് നാടുമുഴുവൻ അറിയും.
അമ്മിണി ചേച്ചിക്ക് നല്ല പിടുത്തമാണ് തള്ളയെ. ജോലി ചെയ്ത് സഹായിക്കാറുമുണ്ട്. അവർ മീൻ വൃത്തിയാക്കാൻ ഇരുന്നാൽ പിന്നെ നോക്കേണ്ട. അടുക്കാൻ സമ്മതിക്കില്ല. അവർക്ക് തിന്നാൻ എന്നോണം വേസ്റ്റ് കൂട്ടിവെക്കും. പിന്നെ വലിച്ചൊരേറ്. അയനിപ്ലാവിൽ തക്കം പാർത്തു കഴിയുന്ന കാക്കകൂട്ടത്തോട് പട വെട്ടി ജയിക്കാനാവാതെ പിൻവാങ്ങും.
‘നല്ല ചൂടുവെള്ളം തലയിലൂടെ ഒഴിച്ചാലേ ഇതിന്റെയൊക്കെ ശല്യം തീരൂ.’ തള്ളയുടെ വാക്കുകൾ കേട്ടപ്പോൾ ഉള്ളു പൊള്ളിയതു പോലെ തോന്നി.
‘പിടിച്ചു ചാക്കിൽ കെട്ടി തന്നാൽ മതി മൂരാട് പുഴയിൽ വലിച്ചെറിഞ്ഞാൽ പിന്നെ നോക്കണ്ടാ’
അയ്യോ! ഒരു ദയയുമില്ലാത്ത തള്ള.
പതുക്കെ തെക്കെപ്പുറത്ത് അട്ടിയിട്ട തടിമരത്തിലൂടെ ഒളിച്ചു ഒളിച്ചു ജാലകത്തിലേക്ക് അള്ളിപ്പിടിച്ചു കയറുകയായിരുന്നു.
‘പടേ’
കിടുങ്ങിപ്പോയി.
‘നിൽക്കടി കള്ളീ നിന്നെ ഞാൻ കൊല്ലും.’
ക്രിക്കറ്റ് ബാറ്റു കൊണ്ട് നടുവിന് കനത്തിലുള്ള ഒരു വീക്ക് കിട്ടി. ആൽവിൻ ബാറ്റുമായി കാത്തിരിക്കുകയായിരുന്നു. രണ്ടാമത്തെ തല്ലിൽ വീഴുന്നതിന് മുമ്പേ ജീവനും കൊണ്ടോടി. പിന്നാലെ അവനും. പക്ഷേ മഴ ചാറാൻ തുടങ്ങിയപ്പോൾ അവൻ വീട്ടിലേക്കു തന്നെ മടങ്ങിയോടി. ഭാഗ്യം! മഴയോട് നന്ദി പറയണം. നടുവിന് നല്ല വേദനയുണ്ട്.
ഇനി ഈ വീട്ടിൽ കഴിയാനാവില്ല. എല്ലാവരും വകവരുത്താൻ തക്കം നോക്കിയിരിപ്പാണ്. അവർക്കിനി മണികണ്ഠൻ മാത്രം മതി. പോകാൻ മറ്റൊരിടമില്ല. ഈ കുറ്റിക്കാട്ടിൽ നിന്ന് തിന്നാൻ എന്തു കിട്ടും. വേദന സഹിച്ച് വിശപ്പും സഹിച്ച് ഇനിയും ഈ കുറ്റിക്കാട്ടിൽ കഴിയാനാവും വിധി.
