രണ്ട്
നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം.
സമയം രാത്രി രണ്ട് മുപ്പത് കഴിഞ്ഞിരുന്നു.
ടെർമിനലിൽ പറന്നിറങ്ങുന്ന ഗൾഫ് എമറൈറ്റ്‌സിന്റെ ഫ്‌ളൈറ്റ് റൺവേയെ വലംവെച്ചുകൊണ്ട് പാർക്കിംഗ് ലോബിയിൽ നിന്നു. അതിലുണ്ടായിരുന്ന യാത്രക്കാരെല്ലാവരും ഇറങ്ങി കസ്റ്റംസ് ക്ലിയറൻസിനായി മുന്നോട്ട് നീങ്ങി. ട്രോളിബാഗുമായി ഡോ: നന്ദകുമാർ കസ്റ്റംസ് ക്ലിയറൻസ് കഴിഞ്ഞ് തിരക്കിനിടയിലൂടെ പുറത്തേക്ക് വന്നു. ആരെയും ആകർഷിക്കുന്ന ഒരു വ്യക്തിത്വം അയാൾ ക്കുണ്ടായിരുന്നു. നന്ദകുമാർ നേരെ ടാക്‌സി ബേയിലേക്ക് നീങ്ങി. മുൻപിലായി നിർത്തിയിട്ട ഒരു കാറിന്റെ സമീപത്തേക്ക് വരുന്ന നന്ദകുമാറിനെ കണ്ട് കാറിൽ നിന്നും തല വെളിയിലേക്കിട്ടുകൊണ്ട് ഡ്രൈവർ ചോദിച്ചു.
”സാർ. എവിടെക്കാണ്… ഞാൻ കൊണ്ട് പോയി വിടാം”
‘നമുക്ക് കോഴിക്കോട് ബാലുശ്ശേരി വരെ ഒന്നു പോണം’
ഈ സമയം അതിശക്തമായ ഒരു ഇടിവെട്ടി. തുടർന്ന് ശക്തിയായി മഴ പെയ്യാനും തുടങ്ങി. നന്ദകുമാർ മഴ നനയാതിരിക്കാനായി ഓടി വണ്ടിയുടെ മറുവശത്തേക്ക് വന്ന് ഡോർ തുറന്ന് അതിനുള്ളിലേക്ക് കയറി. അപ്പോൾ നന്ദകുമാർ ഷർട്ടിൽ പറ്റിപ്പിടിച്ചിരിക്കുന്ന മഴയുടെ നനവ് പതിയെ തുടച്ചു.
”എന്താ… അത്രയും ദൂരം വരാൻ പ്രയാസമുണ്ടോ…?”
”ഹേയ്… എന്തു പ്രയാസം സാർ…? നമ്മുടെ തൊഴിലല്ലേ ഇത്…”
അത് പറഞ്ഞ് വണ്ടി സ്റ്റാർട്ടു ചെയ്തു. ബേയിൽ നിന്നും തിരിഞ്ഞ് കാർ ടെർമിനലിന്റെ ഗെയിറ്റ് കടന്ന് മെയിൻ റോഡിലേക്ക് കയറി. ഇരുട്ടിനെ കീറിമുറിച്ച് കൊണ്ട് ആ കാർ അതിവേഗം പാഞ്ഞുകൊണ്ടിരുന്നു. ഡ്രൈവിങ്ങിനിടയിൽ കാറിന്റെ ഫ്രണ്ട് ഗ്ലാസിൽ പറ്റിപ്പിടിച്ചിരുന്ന നനവ് ഡ്രൈവർ ടർക്കി കൊണ്ട് തുടക്കുന്നത് നന്ദൻ ശ്രദ്ധിച്ചു.
”ആ… ഏസി ഓൺ ചെയ്‌തോളൂ… അപ്പോൾ ഈ പ്രോബ്ലം ഉണ്ടാവില്ല…”
”അത് അറിയാഞ്ഞിട്ടല്ല സാർ… സാറാകെ നനഞ്ഞതുകൊണ്ട്.. ഒരസൗകര്യമാവേണ്ടെന്ന് കരുതിയാ…”
”ഹേയ്… അത് കുഴപ്പമില്ല… നിങ്ങൾ ഏസി ഓൺ ചെയ്‌തോളൂ…’
ഡ്രൈവർ ഏസി ഓൺചെയ്യുന്നതിനിടയിൽ നന്ദൻ ഡ്രൈവ റുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. എന്തോ ഒരു പ്രത്യേകത നല്ല കരുത്തനും സുന്ദരനുമായ ആ ചെറുപ്പക്കാരനിൽ തോന്നി. അയാളുടെ മുഖത്ത് എന്തോ ദിവ്യമായ ഒരു ചൈതന്യം തെളിഞ്ഞു നിന്നിരുന്നു.
‘ങ്ഹ…. നിങ്ങളുടെ പേര് ചോദിക്കാൻ ഞാൻ മറന്നു…”
”ഞാൻ… ഹരിപ്രസാദ്… ഹരിയെന്നാ എല്ലാവരും വിളിക്കാറ്.”
”ഞാൻ… ഡോക്ടർ നന്ദകുമാർ… അമേരിക്കയിലാണ് റിസർച്ചും മറ്റുമായിക്കഴിയുന്നു… നീണ്ട അഞ്ചുവർഷത്തിനുശേഷം നാട്ടിലേക്ക് വരികയാണ്…. ആട്ടെ ഹരിയുടെ വീട് എവിടെയാ…?”
”സ്വദേശം… അങ്ങ് പത്മനാഭന്റെ മണ്ണിലാ സാറെ… തിരുവനന്ത പുരത്ത്…”
ഒരു കണ്ടയ്‌നർ ലോറിക്ക് സൈഡ് കൊടുത്തുകൊണ്ട് ഹരി പറഞ്ഞു. ശേഷം ഗിയർ ഡൗൺ ചെയ്തുകൊണ്ട് തുടർന്നു.
”പിന്നെ ഞാനെങ്ങനെ കൊച്ചിയിലെത്തി എന്നാവും… അല്ലേ സാർ…?”
”അതെ… അതെ…. ഞാനത് ചോദിക്കാൻ വരികയായിരുന്നു…”
വണ്ടിക്കകത്തെ കണ്ണാടി ഒന്നു ശരിയാക്കിവെച്ച് കൊണ്ട് ഹരി തുടർന്നു.
”അതൊരു വലിയ കഥയാ സാറെ…. എന്റെ അച്ഛൻ കൊച്ചു നാളിലെ മരിച്ചുപോയതാ… ഞാനൊറ്റ മോനായിരുന്നു. അമ്മ ഒരു മ്യൂസിക് സ്‌കൂളിലെ ടീച്ചറായിരുന്നു. ഒരു പഴയ തറവാടായിരുന്നു എന്റേത്… അച്ഛൻ മരിച്ചശേഷം അമ്മ വളരെ കഷ്ടപ്പെട്ടാ എന്നെ വളർത്തിയത്. ഏറെ പ്രയാസപ്പെട്ട് പഠിച്ച് ഞാനൊരു ഡിഗ്രി സ്വന്തമാക്കി… എല്ലാവരേയുംപോലെ ഒരു സർക്കാർ ജോലിയാ യിരുന്നു… എന്റെയും മോഹം. പക്ഷെ ദൈവാധീനംകൊണ്ട് അത് നടന്നില്ല… ആയിടക്ക് ഞാൻ ഡ്രൈവിംഗ് പഠിച്ച് ഒരു ലൈസൻസ് എടുത്തു.
സംസാരം ഇടയ്ക്ക് നിർത്തി ഹരി ഒരു ഗ്യാസ് ട്രക്കറിനെ ഓവർടേക്ക് ചെയ്തു.
”എന്റെ കഥകേട്ട് സാറിനു ബോറടിക്കുന്നുണ്ടോ… ”അവനെ കൂടുതൽ പറയാൻ പ്രലോഭിപ്പിച്ചുകൊണ്ട് നന്ദകുമാർ:
”ഏയ്, ഇല്ലില്ല… ഇറ്റീസ് വെരി ഇൻട്രസ്റ്റിംഗ്… താൻ ബാക്കി കൂടെ പറ…”
അതിനിടയിൽ… ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട ഒരു പെൺകുട്ടിയുമായി ഞാൻ ഇഷ്ടത്തിലായി… കൊച്ചിക്കാരി ആയിരുന്നു അവൾ. അവളെ അമ്മക്കും ഇഷ്ടമായിരുന്നു. അങ്ങനെ എന്റെ കല്യാണം ഉറപ്പിച്ചു… അന്ന് ഞാൻ നാട്ടിലെ ഒരു സെയിൽ വണ്ടിയിലെ ഡ്രൈവറായിരുന്നു… എന്റെ കല്ല്യാണം കഴിഞ്ഞ് ആറുമാസം കഴിയുമ്പോഴേക്കും അമ്മ മരിച്ചു… അതൊരു വാഹനാ പകടമായിരുന്നു. പിന്നെ തറവാട്ടിൽ പുതുപെണ്ണിന്റെ കാൽവർക്ക ത്തിനെക്കുറിച്ച് കുറ്റപ്പെടുത്തലുകളായി… പിന്നീട് ഞാനധികം അവിടെ നിന്നില്ല.. അമ്മക്ക് ഇൻഷൂറൻസ്സായി കിട്ടിയ പണവുമായി ഞാനിങ്ങ് കൊച്ചിക്ക് പോന്നു…”
”ഒരു വലിയ കഥയാണല്ലോ ഹരീ താൻ….”
അതുകേട്ട് ഹരി ഒരു ചമ്മലോടെ ചിരിച്ചു.
”ഞാനെങ്ങനെയാണ്… പറഞ്ഞ് തുടങ്ങിയാൽ അങ്ങ് കാട് കയറിപ്പോവും…ആട്ടെ.. സാറിനെക്കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ…?”
കൈകൾ പിറകിലേക്ക് ചേർത്തുപിടിച്ച് സീറ്റിലേക്ക് ചാരിക്കൊണ്ട് നന്ദകുമാർ പറഞ്ഞു.
‘തന്റെ കഥയോളം വലുപ്പമില്ലെങ്കിലും ഒരു ചെറിയ കഥ എനിക്കും പറയാനുണ്ട്. പരമ്പരാഗതമായി ഒരു വൈദ്യ കുടുംബമാ എന്റേത്. ആ തലമുറയിലെ ഇപ്പോഴത്തെ കാരണവർ… എന്റെ അച്ഛനാ.. അദ്ദേഹം ഒരു ആയുർവേദ ഡോക്ടറാണ്… പിന്നെ അമ്മ പ്രത്യേകിച്ച് ജോലിയൊന്നുമില്ല കുടുംബത്തിന്റെ കാര്യവും നോക്കി അങ്ങനെ കഴിഞ്ഞ് പോണു… എനിക്ക് താഴെ ഒരനുജത്തി ഉണ്ട്. അവൾ അവസാന വർഷ ഗവേഷണ വിദ്യാർത്ഥിയാണ്… ഇതാണ് ഹരീ എന്റെ കഥയുടെ ഒരാമുഖം…”
നന്ദകുമാർ നേർത്ത ചിരിയോടെ അത് പറഞ്ഞു നിർത്തി. ഇതിനിടയിൽ കാറിന്റെ വേഗത അൽപ്പമൊന്നു കുറച്ചു ഹരി അകത്തെ കണ്ണാടിയിൽ ശ്രദ്ധിച്ചശേഷം തല വെളിയിലേക്കിട്ടു പുറകോട്ട് തിരിഞ്ഞു നോക്കി. അത് ശ്രദ്ധിക്കുന്ന നന്ദകുമാർ.
”എന്താ ഹരി… പിറകിലെന്തെങ്കിലും പ്രോബ്ലം…?”
വീണ്ടും റിയർവ്യു മിററിലൂടെ ശ്രദ്ധിച്ച് കൊണ്ട് ഹരി.
”ഏയ്… കുഴപ്പമൊന്നുമില്ല സാർ… കുറച്ച് നേരമായി ഒരു വണ്ടി നമ്മളെ ഫോളോ ചെയ്യുന്നപോലെ…”
അപ്പോഴും പുറത്ത് നേർത്ത മഴ പെയ്യുന്നുണ്ടായിരുന്നു. നന്ദകുമാറിന് എന്തോ ഒരു ആശങ്ക തോന്നി. പിറക് വശത്തേക്കു തിരിഞ്ഞു നോക്കിയെങ്കിലും മഴത്തുള്ളികൾ വീണ് ഗ്ലാസ് മറഞ്ഞതിനാൽ അയാൾക്ക് ഒന്നും വ്യക്തമായി കാണാൻ സാധിച്ചില്ല.
”ഹരി… വണ്ടി ഒതുക്കിക്കൊടുക്കൂ… അവർ ഓവർടേക്ക് ചെയ്ത് പോകുന്നെങ്കിൽ പോവട്ടെ…”
ഹരി വണ്ടി ഒതുക്കി ആ വാഹനത്തിനു കടന്നുപോവാൻ വഴിയൊരുക്കി. പക്ഷേ ആ വാഹനം അവരെ കടന്ന് മുന്നോട്ടു പോവാതെ അവർക്ക് പിറകിലായി തന്നെ പതിയെ വന്നു കൊണ്ടിരുന്നു. വീണ്ടും ഹരി കണ്ണാടിയിൽ ശ്രദ്ധിച്ചു കൊണ്ട് വണ്ടിയുടെ വേഗത നന്നേ കുറച്ച് അവർക്ക് പോകാനുള്ള വഴി ഒരുക്കി. അപ്പോൾ പിന്നിൽ വരുന്ന വാഹനവും വേഗത കുറച്ച് അവർക്ക് പിറകെ സഞ്ചരിച്ചു.
”സാർ.. അവർ പാസ് ചെയ്യുന്ന ലക്ഷണം കാണുന്നില്ല… എന്തിനായിരിക്കും അവർ നമ്മളെ പിൻതുടരുന്നത്… ഞാൻ ചോദിക്കുന്നതിൽ സാറിന് വിഷമം തോന്നരുത്. സാറിന് ശത്രു ക്കളാരെങ്കിലുമുണ്ടോ?”
അത് പറഞ്ഞ് കാർ അതിവേഗം മുന്നോട്ട് എടുത്തു ഹരി പ്രസാദ്.
‘ശത്രുക്കളോ… എനിക്കോ… വർഷങ്ങളായി നാട്ടിലില്ലാത്ത എനിക്ക് ഏത് ശത്രുക്കളുണ്ടാവാനാ… അവർ നമ്മളെത്തന്നെയാണ് പിൻതുടരുന്നതെന്ന് ഹരിക്ക് വെറുതേ തോന്നുന്നതാവും…”
”അല്ല സാർ… എയർപോർട്ട് റോഡ് കഴിഞ്ഞ് നമ്മൾ ഹൈവേയിൽ കയറിയതു മുതൽ ആ വണ്ടി നമ്മുടെ പിറകെ ഉണ്ട്…”
പറഞ്ഞ് നിർത്തി നന്ദകുമാറിനെ ഒന്ന് സംശയത്തോടെ നോക്കിക്കൊണ്ട് ഹരി തുടർന്നു.
”ഇനി… സാറിന്റെ കൈയിൽ വിലപിടിപ്പുള്ള എന്തെങ്കിലു മുണ്ടോ…?”
ഹരി പ്രസാദിൽ നിന്ന് അതു കേട്ടപ്പോൾ നന്ദകുമാറിന്റെ മനസ്സിൽ അകാരണമായി ഒരു ഞെട്ടലുണ്ടായി. അയാൾ പെട്ടെന്ന് തന്നെ പിറകോട്ട് തിരിഞ്ഞ് സീറ്റിൽ നിന്നും തന്റെ ട്രോളി ബാഗ് എടുത്ത് മടിയിൽവെച്ച് തുറന്നു പരിശോധിച്ചു. അത് ശ്രദ്ധിച്ചിരുന്ന ഹരി കാറിനകത്തെ ലൈറ്റ് ഓൺ ചെയ്തു. ആ വെളിച്ചത്തിൽ വ്യക്തമായി തിരഞ്ഞ് നന്ദൻ തന്റെ ലാപ്‌ടോപ്പ് കണ്ടെത്തി ഒരു ദീർഘനിശ്വാസം ഉതിർത്തു.
”വല്ലതും നഷ്ടപ്പെട്ടിട്ടുണ്ടോ സാർ…?”
മനസ്സമാധാനത്തോടെ ബാഗിന്റെ സിബുകൾ അടച്ചുകൊണ്ട് നന്ദൻ ആ ബാഗ് പിറകിലേക്ക് വച്ചു.
”ഏയ്… ഇല്ല എന്റെ ജീവനേക്കാൾ വിലയുള്ളതാണിത്. എന്റെ അഞ്ചുവർഷത്തെ പ്രയത്‌നം. അതൊരിക്കലും നഷ്ടപ്പെട്ട് കൂടാ…’
പുറത്ത് മഴ ചോർന്ന് തുടങ്ങിയിരുന്നു. ഹരി വിന്റോ ഗ്ലാസ് നല്ലപോലെ താഴ്ത്തി പിറകിലേക്ക് തിരിഞ്ഞു നോക്കി.
”ഇപ്പോൾ ആ വണ്ടി കാണുന്നില്ല സാർ…”
”അവർ നമ്മളെ പിൻതുടരുന്നതാണെന്ന് ഹരിക്ക് വെറുതേ തോന്നിയതാവും…”
നന്ദന് നല്ല ക്ഷീണം തോന്നി. ഉറക്കം വരുന്നത്‌പോലെ.
അപ്പോൾ സമയം മൂന്ന് മുപ്പതിനോടടുത്തിരുന്നു.
”ഹരി… നീ ഏതെങ്കിലുമൊരു തട്ടുകടയുടെ മുൻപിൽ നിർത്ത്. നമുക്കോരോ ചായ കഴിക്കാം…”
‘കുറച്ചു മുമ്പോട്ടുപോയി അടുത്ത കവല കഴിഞ്ഞാൽ ഒരു തട്ടുകടയുണ്ട് സാർ.. അവിടെ നിർത്താം.”
ഒന്നു നിർത്തി വീണ്ടും സംശയത്തോടെ ഹരി തുടർന്നു.
”എങ്കിലും… ആരായിരിക്കും… നമ്മളെ പിൻതുടർന്നത്.”
”ങ്ഹാ… താനിതുവരെ അത് വിട്ടില്ലേ… അത് വെറുതേ തോന്നിയതായിരിക്കും.
നന്ദകുമാറിന്റെ സെൽഫോണിലെ മെസേജ് ടോൺ മുഴങ്ങി. അയാൾ പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് നോക്കി മെസേജ് വായിച്ചു. അപരിചിതമായ ഒരു നമ്പറിൽ നിന്നായിരുന്നു ആ മെസേജ്.
‘സൂക്ഷിക്കുക മുന്നിൽ അപകടം പതിയിരിക്കുന്നു’ എന്നാ യിരുന്നു മെസേജ്. അത് വായിച്ച നന്ദന്റെ മുഖം വല്ലാത്തൊരു ഭീതിയോടെ വലിഞ്ഞ് മുറുകി. അപ്പോഴേക്കും കാർ തട്ടുകടയുടെ മുമ്പിലെത്തിയിരുന്നു. കാർ ഒരുവശത്തേക്ക് ഒതുക്കി നിർത്തി അവർ രണ്ടുപേരും തട്ടുകടക്കകത്തേക്ക് നടന്നു.
ചായക്ക് പറഞ്ഞശേഷം ഹരി വാഷ്‌ബേസിനടുത്തേക്ക് നീങ്ങി. നന്ദൻ ഒരൊഴിഞ്ഞ ടേബിളിനരികിലെ ചെയറിൽ ചെന്നിരുന്നു. എങ്കിലും ആരായിരിക്കും ആ മെസേജ് അയച്ചത്? എന്ത് അപകടമാണ് തന്നെ കാത്തിരിക്കുന്നത്. ജീവിതത്തിൽ ഇന്നുവരെ ഒരു ശത്രു പോലും തനിക്കും തന്റെ കുടുംബത്തിനുള്ളതായി ഒരറിവും ഇല്ല. ശത്രുത സമ്പാദിക്കാൻ മാത്രം താനും തന്റെ കുടുംബവും ആരോടും ഇതുവരെ ഒന്നും പ്രവർത്തിച്ചിട്ടില്ല. അത്തര ത്തിലുള്ള എന്തെല്ലാമോ ചിന്തകൾ നന്ദന്റെ മനസ്സിനെ മദിച്ചു കൊണ്ടിരുന്നു. ഹരി തന്റെ സമീപത്തേക്കു വന്നതും ചായ കഴിച്ച് കഴിഞ്ഞതുമൊന്നും അയാൾ അറിഞ്ഞിരുന്നില്ല. ഹരി ചുമലിൽ തട്ടുമ്പോഴാണ് നന്ദൻ ഉണർന്നത്.
”സാർ…. ആ ചായ തണുത്തുപോവും… വേഗം കുടിച്ചാട്ടെ…”
അതുകേട്ട് ചിന്തയിൽ നിന്നും ഉണർന്ന നന്ദൻ ഒറ്റ വലിക്ക് തന്നെ ചായ കുടിച്ചു. എഴുന്നേറ്റ് പണം നൽകാനായി പേഴ്‌സ് എടുത്ത് കൗണ്ടറിലേക്ക് നീങ്ങി.
”വേണ്ട സാർ… പണം ഞാൻ കൊടുത്തു… സാറ് വാ നമുക്ക് പോവാം…”
അവർ രണ്ടുപേരും കാറിനരികിലേക്ക് നടന്നു.
ഇരുട്ടിനെ ഭേദിച്ചുകൊണ്ട് ആ കാർ ഹൈവേയിലൂടെ അതി വേഗം മുമ്പോട്ട് കുതിച്ചു. ഹരി ഒരു മൂളിപ്പാട്ടോടെ തന്റെ ഡ്രൈവിംഗ് ആസ്വദിച്ച് കൊണ്ടിരുന്നു. നന്ദകുമാർ തന്റെ ഫോണിൽ എന്തെ ല്ലാമോ നോക്കിക്കൊണ്ടിരിക്കുകയാണ്.
വീണ്ടും നന്ദന്റെ ഫോണിലെ മെസേജ് ടോൺ മുഴുങ്ങി. ‘മനസ്സിനെ ഏകാഗ്രമാക്കുക. അപകടം അരികെ’ അതായിരുന്നു ആ മെസേജ്. അത് വായിച്ച നന്ദകുമാറിന്റെ മുഖം അകാരണമായ ഭയത്താൽ വീണ്ടും വലിഞ്ഞു മുറുകി. മനസ്സിനുള്ളിലിരുന്ന് ആരോ ദേവീ മന്ത്രം ജപിക്കാൻ പറുയന്നതായി അയാൾക്ക് തോന്നി. ഉടൻ തന്നെ മനസ്സിനെ ഏകാഗ്രമാക്കി കണ്ണുകളടച്ച് ധ്യാനനിരതനായി.
നന്ദന്റെ ചുണ്ടിൽ നിന്നും ധ്യാനശ്ലോകങ്ങൾ നിശബ്ദമായി പൊഴിഞ്ഞുകൊണ്ടിരുന്നു.
