ഇഖാസ് നാട്ടോർമകളുടെ സൂക്ഷിപ്പുകാരനാണ്. പഴയ കുറുമ്പ്രനാട് താലൂക്കിന്റെ അതിർത്തി ഗ്രാമമായ കാന്തപുരത്ത് ഇഖാസ് എന്നു പേരായ ഒരാൾ ജീവിച്ചിരുന്നു. ഒരുപാട് സവിശേഷതകളുള്ള ഒരു പരോപകാരി. തികച്ചും വ്യത്യസ്തനായ മനുഷ്യൻ. അറിയുന്തോറും എനിയ്ക്കയാൾ കടങ്കഥയിലെ ഭൂതം പോലെ അപരിചിതനായി മാറിക്കൊണ്ടിരുന്നു. ആളുകളുടെ മുഖലക്ഷണം നോക്കി കുടുംബവൃത്താന്തങ്ങൾ ഓർമിച്ചു പറയലായിരുന്നു ഇഖാസിന്റെ വിനോദം. ജാതിമത ഭേദമന്യേ കാന്തപുരത്തുകാരുടെ മൂന്നു തലമുറക്കൾക്കപ്പുറത്തുള്ള തറവാട്ടുബന്ധങ്ങളും കുടുംബ വേരുകളും പറയാൻ ഇഖാസിന് കഴിഞ്ഞിരുന്നു. അസാമാന്യമായ ഓർമശേഷി പ്രകടിപ്പിച്ചിരുന്ന അയാൾക്ക് അറിയാത്തതൊന്നും ഗ്രാമത്തിന്റെ ആകാശരേഖയിൽ ഉണ്ടായിരുന്നില്ല. 2021 ജനുവരിയിൽ, നൂറ്റിനാലാമത്തെ വയസ്സിലാണ് ഇഖാസിന്റെ മരണം. തലേന്നാൾവരെ, ഇഖാസ് ഞങ്ങളുടെ ഗ്രാമവഴികളിലൂടെ സഞ്ചരിച്ച് തലമുറകളുടെ അന്തരം ഇല്ലാതാക്കുവാൻ പഴമ്പുരാണങ്ങൾ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. ഇഖാസിനെ കഥാപാത്രമാക്കിയുള്ള ഗ്രാമസ്മൃതികളാണ് ഇഖാസ് കഥകൾ. തനി നാട്ടിൻപുറങ്ങളിലെ പച്ചയായ ജീവിതത്തിന്റെ കുതിപ്പും കിതപ്പും നിശ്വാസവും ഇതിൽ കാണാൻ കഴിയും. ജൈവ പരിസരത്തോട് ചേർന്നുനിന്ന് പുതിയ കാലത്തിന്റെ സമവാക്യങ്ങളെ താരതമ്യം ചെയ്യാനുള്ള എളിയ ശ്രമം.

കാലാൾപട
നാട്ടുവഴികൾ നടന്നു താണ്ടി നാട്ടറിവുകൾ കോർത്തുവെക്കുന്ന ഒരാൾ കാന്തപുരത്തുണ്ട്.
നർമ്മത്തിൽ പൊതിഞ്ഞ സൂചി കൊണ്ട് സൗഹൃദത്തിന്റെ പട്ടുകുപ്പായം തുന്നിച്ചേർക്കുന്ന ഒരാൾ
ഇഖാസ്
ദേശത്തിന്റെ ചരിത്ര സൂക്ഷിപ്പുകാരൻ.
കൺമുൻപിൽ എത്തിപ്പെടുന്നവരോടൊക്കെ പഴമ്പുരാണങ്ങൾ പങ്കുവെച്ച് തലമുറകളുടെ അന്തരം ഇല്ലാതാക്കുവാൻ വിനിയോഗിക്കപ്പെട്ടവൻ.
ഇഖാസിന്റെ ഓർമ്മകളിലാണ് കാന്തപുരത്തിന്റെ വാമൊഴി ചരിത്രമത്രയും. ദേശസഞ്ചാരങ്ങൾക്കിടയിൽ കൊട്ടിപ്പാടാനുള്ള തറവാട്ടു മഹിമകളാണ് അയാൾക്ക് നാട്ടുചരിതം.
ഭൂതകാലവും വർത്തമാനകാലവും തമ്മിൽ നടക്കുന്ന അവിരാമമായ സംഭാഷമാണ് ചരിത്രം – എന്ന് ചരിത്രത്തെ നിർവഹിച്ചത് ആരാണ്? ആരായാലും ഒരു കാര്യം ഉറപ്പാണ്; ആ ചരിത്രകാരന്റെ ചിന്തയുടെ നടുമുറ്റത്തിരുന്ന് ഇഖാസ് എന്ന പരോപകാരിയും കാന്തപുരം ദേശവും കുത്തും തൊളാരവും പങ്കുവെച്ചിട്ടുണ്ടാവും.
തമാശരൂപത്തിൽ, അപൂർവം ചിലപ്പോൾ കാര്യഗൗരവത്തിലും ഇഖാസ് വിളിച്ചു പറയുന്നത് കേട്ടാൽ നിങ്ങളും അറിയാതെ തറവാട്ടുമുറ്റത്ത് എത്തിപ്പെടും. പൂർവികരെ മുഖദാവിൽ കണ്ടുമുട്ടും. പിരിശവും കിറുവവും ഉറഞ്ഞുകൂടുന്ന കളിമുറ്റത്തു കൂടി പിച്ചവെക്കും. പാതാളത്തോളം ആഴമുള്ള വീട്ടുകിണറ്റിൽ നിന്ന് പച്ചവെള്ളം കോരിക്കുടിച്ചതായി അനുഭവപ്പെടും. കൈവിട്ടുപോയ ബാല്യം ഉള്ളം കൈയിൽ കിടന്നു ചിരിക്കും. ജീവിത പ്രാരാബ്ധങ്ങളുടെ ഭാണ്ഡവും പേറി മലയടിവാരങ്ങളിലേക്കു കുടിയേറിപ്പാർത്തവർ.. തൊഴിൽ തേടി അന്യ നാടുകളിലേക്ക് പലായനം ചെയ്തവർ… കാലത്തിന്റെ കാഴ്ചപ്പലകയിൽ അടുക്കി വെക്കാൻ കഴിയാതിരുന്ന നാട്ടുവഴക്കങ്ങളത്രയും ഇഖാസ് ഓർമ്മിച്ചെടുത്തു പറയുമ്പോൾ നിങ്ങളുടെ കണ്ണുകളും അറിയാതെ നിറയും…
മുഖലക്ഷണം നോക്കി കുടുംബവേരുകൾ പറഞ്ഞുകൊടുക്കലാണ് ഇഖാസിന്റെ വിനോദം.
‘മോച്ചായിത്തം കണ്ടിട്ട് മൂത്തേടത്തുകാരനാ… മൂത്തേടത്തബൂന്റെ മോനല്ലേ നിയ്യ്? നെന്റെ ബല്യാപ്പ ചെറുവങ്ങാരി അയമ്മദാജി കത്തറമ്മലംശത്തുകാരനാ… നിങ്ങള് കൂടുന്ന പറമ്പ് അയാള് നമ്പൂതിരിമാരോട് ചുളുവിലക്ക് കൈക്കലാക്കിയതാ.. വെളമ്പിവച്ച ചോറ് തിന്നാൻ സമ്മതിക്കാണ്ടാ നമ്പൂരിശ്ശന്മാരെ ആ പറമ്പീന്ന് മണ്ടിച്ചത്. ശാപം കിട്ടിയ പറമ്പാണത്…. ആർക്കും ഒതകൂല.
നെന്റെ ഉമ്മ നബീസ പാലങ്ങാട്ടുകാരിയാ… തിരുവനച്ചംകണ്ടി തറുവേയിക്കുട്ടി വൈച്യരെ മോള്… ആ വൈച്യര് മാറ്റാത്ത ദീനം ദുന്യാവില് ഉണ്ടാകൂല… നൂറ് തെകഞ്ഞാ മൂപ്പര് മരിച്ചത്. നെന്റെ മൂത്ത അമ്മോൻ സൂപ്പി കമ്യൂണിസ്റ്റാ – എളയ അമ്മോൻ കോയക്കുട്ടി മുജാഹിദാ, മൗലൂദും നേർച്ചയും ഹറാമായോൻ…. വേണ്ട മോനെ കളി ഇക്കാസിനോട് വേണ്ട….’
വഴിക്കെവിടെയെങ്കിലും വെച്ച് എന്നെ കണ്ടുമുട്ടിയാൽ അങ്ങനെ പോകും ഇഖാസിന്റെ ലക്ഷണം പറച്ചിൽ.
ജാതിമത ഭേദമന്യേ കാന്തപുരത്തുകാരുടെ മൂന്നു തലമുറകൾക്കപ്പുറത്തുള്ള കഥകൾ ഇഖാസിന്റെ സഞ്ചിയിലുണ്ട്. അതിൽ തറവാടുകൾ തമ്മിലുള്ള കുടിപ്പകയുടെയും നാട്ടുപോക്കിരികളുടെ സുജായിത്തരത്തിന്റെയും കൈയൂക്കും ആൾബലവും കൊണ്ട് സ്വത്തും മുതലും വെട്ടിപ്പിടിച്ചവരുടെയും യുവ കോമളന്മാരുടെ അവിഹിത ബന്ധങ്ങളുടെയും മാനിച്ചങ്ങളുടെ അതിജീവനത്തിന്റെയും കഥകളുണ്ടാകും. തന്റേടികളും ആരെയും വകവെക്കാത്തവരുമായ ഗജപോക്കിരിമാരാണ് ഇഖാസിന്റെ ഇതിഹാസ കഥാപാത്രങ്ങൾ.
അമരാട്ട് മലയിൽ നായാട്ടിനു പോയപ്പോൾ നിറതോക്ക് ചാരിപ്പിടിച്ച് നരിമടയിൽ കിടന്നുറങ്ങിപ്പോയ വെടിക്കാരൻ കൊല്ലി ഹാജി, മുറിച്ചു കൊണ്ടിരിക്കുന്ന തടിമരം ദേഹത്തേക്ക് വീഴാനൊരുങ്ങിയപ്പോൾ ഒറ്റത്തോളിൽ താങ്ങി നിർത്തിയ വെട്ടുകാരൻ വല്യാത്തൻ, കാൽനടയായി മക്കത്തു ചെന്ന് ഹജ്ജ് കർമ്മം ചെയ്ത് മടങ്ങിയെത്തിയ നെരോത്ത് മമ്മി മൂസ്‌ലിയാർ, രണ്ടേര് മൂരികളെ ആത്തിക്കണ്ടെത്തിലൂടെ കാളോട്ടു നടത്തിയ ഒറ്റപ്പിലാക്കിൽ അമ്മദുകോയ, ആവുപ്പാട്ടു നേർച്ച തുടങ്ങാൻ രണ്ടു ചാക്ക് അരി ദാനം ചെയ്ത കുന്നത്ത് വലിയ ചന്തുനായർ, ഏഡും പോലീസും പിടിക്കാൻ വന്നപ്പോൾ മുള്ളുമരത്തിൽ മണ്ടിക്കയറിയ ഓട്ടക്കള്ളൻ കിട്ടുണ്ണി, വെട്ടാൻ വന്ന പോത്തിനെ മന്ത്രം ചൊല്ലി ഓടിച്ച കുട്ടൂസ്സ മൊല്ലാക്ക, ഇരുവഴിഞ്ഞിപ്പുഴയിൽ കടത്തുതോണി മറിഞ്ഞപ്പോൾ ആളുകളെ രക്ഷപ്പെടുത്തുന്നതിന്നിടയിൽ കയത്തിൽ ആണ്ടുപോയ ബി.പി മൊയ്തീൻ-ഇഖാസിന്റെ നായക കഥാപാത്രങ്ങളുടെ നിര അങ്ങനെ നീണ്ടു പോകുന്നു.
ഏതു പ്രദേശത്തു ചെന്നാലും കാന്തപുരത്തുകാരുടെ പോരിശ പറയാതെ ഇഖാസിന് നടത്തം ഉറക്കാറില്ല.
ഒരു ദിവസം എളേറ്റിൽ വട്ടോളി അങ്ങാടിയിലെ ജീവരക്ഷാ മണി വൈദ്യശാലയുടെ കോലായിൽ വർത്തമാനം പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു ഇഖാസ്. സൈതൂട്ടി വൈദ്യർ നൽകിയ രാസ്‌നാദിപ്പൊടി മൂർദ്ദാവിൽ തിരുമ്മി, മരുന്ന് തറച്ചു കൊണ്ടിരിക്കുന്ന ഉണ്യാമൻ വൈദ്യരോട് തമാശകൾ പറഞ്ഞ് അങ്ങനെ..
അപ്പോൾ നിരത്തിന് അക്കരെ കോമള വിലാസം ചായക്കട നടത്തുന്ന കോമപ്പൻ നായർ അങ്ങോട്ട് കയറി വന്നു.
നാട്ടുകാർ ബഹുമാനപൂർവ്വം ‘തമ്പ്രാ’ന്നു വിളിക്കുന്ന കോമപ്പൻ നായർ സഹൃദയനും എല്ലാ വിഭാഗം ജനങ്ങൾക്കും പ്രിയങ്കരനുമായിരുന്നു. നായർ തറവാട്ടിൽ പിറന്ന അദ്ദേഹം ഹോട്ടൽ നടത്തുന്നത് അക്കാലത്തൊക്കെ വലിയ സംസാര വിഷയമായിരുന്നു. നായരുടെ കോമള വിലാസം ഹോട്ടലിൽ കയറി കപ്പയും മീൻകറിയും വാങ്ങിക്കഴിച്ച ശേഷം കടം പറഞ്ഞു പോകാത്ത ഒറ്റ വട്ടോളിക്കാരനും ഉണ്ടായിരുന്നില്ല.
‘അസ്സലാമു അലൈക്കും നായരെ’
കോമപ്പൻ നായരെ കണ്ടപ്പോൾ ഇഖാസ് ലോഗ്യം പുതുക്കി. അതാണ് ഇഖാസിന്റെ രീതി. വലിപ്പമോ ചെറുപ്പമോ നോക്കാതെ ഇനമോ തരമോ നോക്കാതെ നേരമോ കാലമോ നോക്കാതെ കണ്ടുമുട്ടുന്നരോടൊക്കെ സലാം പറയും. തന്റെ ചുറ്റുപാടുമുള്ള എല്ലാവർക്കും എല്ലായിപ്പോഴും പടച്ചതമ്പുരാന്റെ കാവൽ ഉണ്ടാകട്ടെ എന്നതാണ് അയാളുടെ തേട്ടം…. മനമുരുകിയുള്ള പ്രാർത്ഥന.
ഇഖാസിനെ ഒന്നു ചൊടിപ്പിച്ചാലോ? കാന്തപുരത്തുകാരെ ഒന്നികഴ്ത്തിപ്പറഞ്ഞാൽ അയാളുടെ ഹാലിളക്കം കാണാം. കോമപ്പൻ നായർ മനസ്സിൽ കണക്കു കൂട്ടി
‘എളേറ്റ്ക്കാർ എളകിയാ കാന്തോരത്തുകാർ കാളും…..
ചെറ്റക്കടവിലെ ആത്തിക്കണ്ടം വഴി വാലും മടക്കി മണ്ടും.’
പ്രത്യേകിച്ച് ആരുടെയും മുഖത്തേക്കു നോക്കാതെ തമ്പ്രാൻ കാടടക്കിയൊരു വെടിവെച്ചു.
കേൾക്കേണ്ട താമസം.
ഇഖാസ് ബഞ്ചിൽ നിന്ന് ചാടി എണീറ്റു.
തമ്പ്രാനെ കണ്ണുരുട്ടി നോക്കിക്കൊണ്ട് അയാൾ പൊട്ടിത്തെറിച്ചു.
‘അടങ്ങിക്കോളി നായരെ നിങ്ങള്…
കാന്തോരത്തുകാരെ വെല്ലാൻ എളേറ്റിലെ ഒരു ശുജായിയും വളർന്നിട്ടില്ല… പോക്കിരിയമ്മദിന്റെ കൊമ്പൻ മീശ കണ്ടാൽ ഒക്കത്തിനും മുട്ട് വിറയ്ക്കും…. രോമൻ ചന്തൂന്റെ പിച്ചാത്തി കണ്ടാൽ പോയ വഴിക്ക് പുല്ല് മുളയ്ക്കൂല…..
കാന്തോരത്തെ ബാല്യക്കാരെ പന്ത് കളിയിൽ തോൽപിക്കാൻ എളേറ്റ്ക്കാർക്ക് ഇതുവരേ കഴിഞ്ഞിട്ട്‌ണ്ടോ?
എടച്ചേര്യ ശേഖരനാനക്ക് ഒക്ക്ണ ഒരു കൊമ്പനാന നിങ്ങളെ നാട്ടിലുണ്ടോ…. കുന്നത്തെ ചന്തുനായരെ മൈലമ്മൂരികൾക്ക് പകരം വെക്കാൻ ഒരേര് മൂരികൾ ഏത് എളേറ്റ്ക്കാരനാ ഉള്ളത്?
വേണ്ട മോനേ….. കളി കാന്തേരത്തുകാരോട് വേണ്ട….’
കോമപ്പൻ നായർ ചെവി പൊത്തിപ്പിടിച്ച് തോൽവി സമ്മതിച്ചു.
ഇഖാസ് സാധുബീഡിയെടുത്ത് തീ പിടിപ്പിച്ചു. പിന്നെ തലേക്കെട്ട് അഴിച്ചു കുടഞ്ഞ് വീണ്ടും തലയിൽ വട്ടത്തിൽ കെട്ടി.
അവിടെ നിന്നിറങ്ങിയ അയാൾ ചന്തത്തലക്കലേക്ക് വച്ചുപിടിച്ചു. മീൻചാപ്പയിലെ പതിവുകാരോട് ലോഗ്യം പുതുക്കാൻ.
ചന്തക്കവാടത്തിലേക്ക് എത്തിയതും മഴ പെയ്യാൻ തുടങ്ങി. മഴക്കാറ് മൂടിക്കെട്ടിക്കിടന്ന് ഏത് നിമിഷവും തുലാവർഷം എടുത്തു ചൊരിയുമെന്ന അവസ്ഥയിലായിരുന്നു അന്തരീക്ഷം.
ഇഖാസ് ഓടി ചന്തപ്പുരയിലേക്കു കയറി നിന്നു. ആഴ്ചച്ചന്ത ദിവസമല്ലാതിരുന്നത്‌കൊണ്ട് മീൻചാപ്പയിലും പതിവായി മരച്ചീനിക്കച്ചവടക്കാർ ഇരിക്കുന്ന പുറംചേതിയിലും മാത്രമെ ആൾത്തിരക്കുണ്ടായിരുന്നുള്ളൂ. തമ്പൊര ചായ്ച്ചു കെട്ടി കള്ളിനീണ്ടിപോലെ നീളത്തിൽക്കിടക്കുന്ന ചന്തപ്പുര മിക്കവാറും കാലിയാണ്. തെക്കേ അറ്റത്ത് ചന്ത ദിവസം പറച്ചിപ്പെണ്ണുങ്ങൾ കൊട്ടയും വട്ടിയും വിൽക്കാൻ ഇരിക്കാറുള്ളിടത്ത് അഞ്ചാറ് നായ്ക്കൾ ചുരുണ്ടുകൂടി കിടക്കുന്നു.
മഴക്കു ശക്തി കൂടിയപ്പോൾ മീൻകൊട്ടകൾ വട്ടംവളഞ്ഞു നിൽക്കുകയായിരുന്ന പലരും നനയാതിരിക്കാൻ ചന്തപ്പുരയിലേക്ക് കയറിനിന്നു. ഓല മേഞ്ഞ് ചുറ്റും അത്താറും മുളയും വെച്ചുകെട്ടി മറച്ചുണ്ടാക്കിയ ചന്തപ്പുരയിലേക്ക് രണ്ടുഭാഗത്തു നിന്നും കയറാം.
ഓലപ്പുറത്ത് മഴ വീഴുന്ന ഒച്ചയും കേട്ട്, എറേച്ചിയിലൂടെ കലക്കുവെള്ളം ചാലിട്ടൊഴുകുന്നതും നോക്കി ഇഖാസ് നിന്നു. കാറ്റടിക്കുമ്പോൾ മുഖത്തും കുപ്പായത്തിലും ചിമ്മാനി പറ്റിപ്പിടിച്ചു.
മോന്തായത്ത് നിന്ന് ഒന്ന് രണ്ട് തുള്ളി വെള്ളം മൂർദ്ധാവിൽ വീണപ്പോൾ അയാൾ തല ഉയർത്തി നോക്കി.
എടോല വലിച്ചിട്ടില്ലേ?
തെങ്ങോലകൾക്കിടയിലൂടെ പനയോല തിരുകാതെയാണോ മേഞ്ഞത്?
ഇഖാസ് ചെവിക്കുറ്റിയിൽ നിന്ന് ബീഡിക്കുറ്റി തപ്പിയെടുത്തു.
തീപ്പിടിപ്പിക്കാൻ നോക്കിയപ്പോൾ തീപ്പെട്ടിയിൽ കൊള്ളിയില്ല.
തൊട്ടടുത്ത് നിൽക്കുന്ന പനയൻ ചെക്കിണിയോട് സിഗർലൈറ്റ് വാങ്ങി തീ പിടിപ്പിക്കാൻ നോക്കി.
സിഗർലൈറ്റ് കെട്ടതല്ലാതെ ബീഡിക്കുറ്റി കത്തുന്നില്ല.
‘നെനക്കെന്താണ്ക്കാസ്സേ? പ്രാന്ത്‌ണ്ടോ?
മഴപ്പാറ്റല് കൊണ്ട് നനഞ്ഞ ബീഡിക്കുറ്റി എങ്ങനെ കത്താനാ?
അത് മിററത്തേക്കെറിഞ്ഞ് ട്രൗസർക്കീശയിലെ ബീഡിപ്പാക്കറ്റ്ന്ന് ഒന്നെട്ത്ത് തീ പിടിപ്പിച്ചൊ…. എന്തിനാണിങ്ങനെ ഈറ്റ പിടിക്കണത്?’
പനയൻ ചെക്കിണി ഇഖാസിനെ കളിയാക്കി.
ഇഖാസ് തലേക്കെട്ട് അഴിച്ച് കുടഞ്ഞ് വീണ്ടും തലയിൽ വട്ടത്തിൽ കെട്ടി.
‘ഇപ്പറയ്ണത് കേട്ടാൽ തോന്നും മൂപ്പര് മുന്ത്യ ധാരാളിത്തക്കാരനാന്ന്…
എന്നിട്ടാ എള്ളിൻതണ്ട് പോലെ തടി മെലിഞ്ഞൊട്ടി നിക്ക്ണത്!
പനമ്പൊടി വിറ്റ് കിട്ട്ണ പൈസ്സയൊക്കെ ഏത് ഗുദാമിൽ കൊണ്ടുപോയാ അമക്കണത്? പൂപ്പല് തട്ടി കേട്‌വന്ന് പോകൂലേ… തുണിയും മുറുക്കിയുട്ത്ത് പുത്തൻ സമ്പാദിച്ചിട്ട് കാര്യമില്ല ചെക്കണിയേ… തിന്നതിന്റെയും കുടിച്ചതിന്റെയും ബാക്കി മെച്ചംപിടിച്ചാ മതി… ഒരുത്തന്റെ തടിയാണ് ഓന്റെ മൊതല്…. തടിയോകരമില്ലേല് മറ്റെന്തുണ്ടായിട്ടെന്താ കാര്യം….’
ചെക്കിണിയുടെ എല്ലുന്തിയ ശരീരത്തിലേക്ക് ഇഖാസ് കണ്ണുതട്ടി നോക്കി.
‘നിന്റെ മൂത്തകാരണോര് ആണ്ടിക്കുട്ടി നല്ല ഒത്ത തടിയുള്ള തിയ്യനാ…
ചൊമടെടുത്തും ഉന്തുവണ്ടി തള്ളിയും ചന്തേല് കാണ്ഡക്കാരനായി നിന്നും ഓൻ നല്ലോണം പൈസ്സയുണ്ടാക്കും. തൊള്ളക്കു രുചിയുള്ള സാധനങ്ങൾ മൂക്കറ്റം തിന്നുകയും ചെയ്യും. നയിക്കുന്നേയിന്റെ ഇരട്ടി തീറ്റ…. തിന്നതിന്റെ ഇരട്ടി അധ്വാനം- അതാ ആണ്ടിക്കുട്ടീന്റെ കണക്ക്.’
ഇഖാസ് ഉറക്കെ ചിരിച്ചു.
ചെക്കിണി അരയിൽ ചുറച്ചു കെട്ടിയ തോർത്തുമുണ്ടഴിച്ച് നെഞ്ചിൻ കൂട് പുതച്ചു.
ചന്തപ്പുര ചോർന്ന് മഴവെള്ളം അവരുടെ ദേഹത്തും തറയിലും പതിച്ചു കൊണ്ടിരുന്നു. അങ്ങോട്ടുമിങ്ങോട്ടും മാറി നിന്നിട്ടും രക്ഷയില്ല.
ഇഖാസ് കൈ നെറ്റിയിൽ വെച്ച് മോന്തായത്തേക്കു നോക്കി.
‘വെറ്‌തെയല്ല ചോര്ണത്…. മോന്തായം കെട്ടി മേഞ്ഞത് ശരിയായിട്ടില്ല. കണ്ടില്ലേ ഓല കള്ളി വിട്ട് പോയത്….? അറിഞ്ഞു കൂടാത്തോര് കോടികൂട്ടിയാൽ ചോർച്ചയുണ്ടാകും.’
അയാൾ ചന്തപ്പുര കെട്ടിമേഞ്ഞവനെ പിടിപ്പത് കുറ്റപ്പെടുത്തി.
‘അതിനൊക്കെ ഞമ്മളെ ചെറിയാമൻ.
വല്ലാത്ത കൈത്തയക്കമാ ഓന്… മൂപ്പര് കെട്ടി മേഞ്ഞ ഒറ്റ ഓലപ്പുരയും ചോരൂല്ല… അത്ത്‌റക്കും മുന്തിയ പൊരകെട്ട്കാരനാ…. പക്കേങ്കല് ഓനെ പണിക്ക് കിട്ടണമെങ്കൽ മുൻകൂട്ടി പറഞ്ഞൊറപ്പിക്കണം… തെരക്കോട് തെരക്കാ….’
ഒച്ചയനക്കവുമായി ഇഖാസ് നടന്നിട്ടില്ലെങ്കിൽ ഞങ്ങളുടെ ഗ്രാമത്തിലെ കുണ്ടനിടവഴികൾ ഉറങ്ങിപ്പോകും.
ചോയിമഠം സ്രാമ്പ്യക്കരികിലൂടെ അതിരിട്ടൊഴുകുന്ന പൂനൂർ പുഴ കളകളാരവം മുഴക്കാതെ പിണക്കം നടിക്കും.
ഇളം തലമുറയോട് നാട്ടുപെരുമകൾ വിളിച്ചു പറഞ്ഞ് കലഹിക്കുന്ന ഇങ്ങനെ ഒരാൾ ഏതു ദേശത്തും കാണുമോ?
