കവിത
ഞങ്ങളിപ്പോഴും
ക്യൂവിലാണ് പ്രഭോ
ഞങ്ങളുടെ
കുഞ്ഞു കുഞ്ഞു
സമ്പാദ്യങ്ങൾ
അങ്ങയുടെ
ഔദാര്യത്തിൽ
സ്വന്തമാക്കാനുള്ള
ക്യൂവിൽ.
കഞ്ഞിക്കുള്ള അരി,
കുഞ്ഞിനൊരു
തേൻനിലാവ്,
അമ്മയ്ക്കുള്ള
മരുന്ന്…
ഞങ്ങളുടെ
ആവശ്യങ്ങൾ
ഇത്രമാത്രം
ലളിതമാണ് പ്രഭോ…
ലളിതമാണ്,
എങ്കിലും
അങ്ങിത്ര
ഉദരനായില്ലെങ്കിൽ
പട്ടിണി കൊണ്ട്
ദാരിദ്ര്യം കൊണ്ട്
പരസ്പരം
സ്‌നേഹം പോലുമില്ലാത്തവരായി
വെറും പുഴുക്കളെപോലെ
ഞങ്ങൾ നുരച്ചേനെ…
നിന്റെ വാൾത്തലയ്ക്കു താഴെ
നുരയ്ക്കുന്ന പുഴുക്കൾ
തന്നെയാണു ഞങ്ങൾ.
പ്രഭോ,
അങ്ങെത്ര ദയാലുവാണ,്
സ്‌നേഹംകൊണ്ടും,
ഉദാരത കൊണ്ടും,
ത്യാഗം കൊണ്ടും
അങ്ങു ഞങ്ങളെ
തോൽപ്പിക്കുന്നു.
ഞങ്ങളറിയുന്നു
അങ്ങ് ഞങ്ങളെ
സ്‌നേഹിക്കുകയാണ്
സ്‌നേഹിക്കുകയാണ്
സ്‌നേഹിക്കുകയാണ്.
