പതുക്കെ
ഒരു വഴിയിലേക്ക്
ഞാൻ മുളയ്ക്കുകയാണ്.
മുൻപ്
അവിടമാകെ
പൊന്തയായിരുന്നു
അഴുക്കും ചവറും
ഉപേക്ഷിച്ച കരിങ്കല്ലുകളും,
വഴിയേ ഉണ്ടായിരുന്നില്ല.
ഒരു ഭിക്ഷക്കാരൻ
അതിലേ ആദ്യം നടന്നു,
പൊന്ത വകഞ്ഞു
കല്ലിൽ തട്ടി വീണു.
മറ്റൊരാൾ
കല്ല് ദൂരേക്ക് തള്ളി.
വേറൊരാൾ
ചവറുകൾ കത്തിച്ചു.
വഴി
വഴിയല്ലാതെ തെളിഞ്ഞു.
എത്രയോ പേർ
വഴിക്ക് കാല്പാടുകളിട്ടു
വഴി തെളിച്ചു.
വഴി വഴിയായപ്പോൾ
ഞാൻ അവിടെ മുളച്ചു
വഴിക്ക് എൻ്റെ പേരിട്ടു
എൻ്റെ വഴിയായി
പതുക്കെ പതുക്കെ
ഞാൻ മാത്രം ഓർമ്മിക്കപ്പെട്ടു.
