സന്ധ്യയ്ക്ക്തുടങ്ങിയതാണ് അതിശക്തമായ മഴയും കാറ്റും. ഭൂമി പിളരുന്ന പോലെ ഇടിയും മിന്നലും
നേരം ഏഴരയായതേയുള്ളൂ എങ്ങും കനത്ത ഇരുട്ട് മൂടിക്കിടക്കുന്നു. ഉമ്മറത്ത് ചെന്ന് പടിഞ്ഞാറെ പുറത്തേയ്ക്ക് നോക്കി. കൃഷ്‌ണേട്ടന്റെ വീട്ടിൽ ആളനക്കമോ വെളിച്ചമോയില്ല. പവർ കട്ടാവും. അല്ലെങ്കിലും മഴക്കാലത്ത് കരണ്ട് പോവാൻ പ്രത്യേകിച്ച് കാരണമൊന്നും വേണ്ടല്ലൊ…

മുറ്റത്തും ഇലകളും മരച്ചില്ലകളും വീണടിഞ്ഞു കിടക്കുന്നു.
ഉമ്മറവാതിൽ താഴിട്ടു പിന്നാമ്പുറത്തെ ഗ്രില്ല് കുറ്റിയിട്ടോ എന്ന് ഒന്നുകൂടി ഉറപ്പുവരുത്തി. തുറന്നിട്ട ഏതോ ജാലകപ്പാളികൾ കാറ്റിൽ അടയുന്നതിന്റെ വലിയ ശബ്ദം.
രാവിലെ മുതൽ മനസ്സ് വല്ലാതെ അസ്വസ്ഥമായിരുന്നു. ഇയ്യിടെയായി മഴക്കാല രാത്രികൾ വല്ലാതെ പേടിപ്പെടുത്തു. കുട്ടനോട് നാട്ടിലേക്ക് ട്രാൻസ്ഫർ വാങ്ങാൻ പറയണം.
രാവിലെ അവൻ വിളിച്ചപ്പോൾ പറഞ്ഞിരുന്നു ഇന്നച്ഛന്റെ ആണ്ടാണെന്ന്.
അത് കേട്ടതും അവൻ ഫോൺ വെച്ചു.
അവനെ കുറ്റം പറയാനാവില്ല. മുപ്പത് വർഷങ്ങൾക്ക് മുമ്പ് ഇങ്ങനെ ഒരിരുണ്ട സന്ധ്യയിലാണ് മഴയോടൊപ്പം ഒരു തോൾസഞ്ചിയുമായി ആരോടും ഒന്നും പറയാതെ അദ്ദേഹം ഇറങ്ങിപ്പോയത്. അന്ന് കുട്ടന് ഒന്നര വയസ്സ് പ്രായം.
പിന്നീടൊരിക്കൽ പോലും അവനച്ഛനെ കണ്ടിട്ടില്ല.കണ്ട ഓർമ്മ പോലുമില്ല.

പിന്നെ മുതിർന്നപ്പോൾ എപ്പഴോ അച്ഛന്റെ പേരിനു മുന്നിൽ ലേറ്റ് എന്നെഴുതിച്ചേർത്തു.

കഴിഞ്ഞ ജൂൺ പതിനെട്ട്,അന്നും ഇതുപോലെ കനത്ത മഴ പെയ്യുകയായിരുന്നു..
രാത്രി നനഞ്ഞൊലിച്ച്കനത്ത ഇരുട്ടിലാണദ്ദേഹം കയറി വന്നത്. വാതിൽ തുറന്നതും ഞെട്ടിത്തരിച്ച് പോയി. മുഷിഞ്ഞ വേഷം … നീട്ടിവളർത്തിയ നരച്ചതാടിയും മുടിയും
മെലിഞ്ഞു ശോഷിച്ച ശരീരം..പക്ഷെ ആ കണ്ണുകളിലപ്പോഴും പഴയ തിളക്കം മായാതെ നിൽക്കുന്നു.
മുപ്പതുവർഷങ്ങൾ… ഇനിയൊരിക്കലും ഒന്നു കാണുമെന്ന് കരുതിയതല്ല.

മാലിനീ… ഏതോ ഗഹ്വരങ്ങളിൽ നിന്നെന്ന പോലെ അദ്ദേഹത്തിന്റെ ശബ്ദം വന്നു തൊട്ടു. മനസ്സിൽ ഒരു കടലിരമ്പി… ആഞ്ഞു വീശുന്ന തിരമാലകളിൽ ഉലഞ്ഞു പോവാതിരിക്കാൻ കട്ടിളപ്പടിയിൽപിടിച്ചു നിന്നു. വർഷങ്ങളായി ഉള്ളിലുച്ചത്തിലാർത്ത ചോദ്യങ്ങൾ….
ഒരു വാക്കുപോലും പുറത്തുവരാതെ തൊണ്ടയിൽ വിങ്ങി ശ്വാസം പിടഞ്ഞു.

‘ഒരുയാത്രയുടെ ആരംഭത്തിലാണ്. നിന്നെ കാണണമെന്ന് തോന്നി. ‘
തളർന്നതെങ്കിലും ആ വാക്കുകൾ ദൃഢമായിരുന്നു.

അതുവരെ ഉള്ളിൽ കെട്ടിനിന്നതെന്തല്ലാമോ തകർന്ന്ചിറപൊട്ടിയൊഴുകി

‘എന്തിന്….! എന്തിനിപ്പോൾവന്നു….
ഞാനെന്ത് ചെയ്തിട്ടാ….
പറയൂ.. ഞാൻ ചെയ്ത തെറ്റെന്താണ്..?’
മേലാകെ ഒരു വിറ പാഞ്ഞു. തളർന്നു വീഴാതിരിക്കാൻ പണിപ്പെട്ടു.
പക്ഷെ, ആ കണ്ണുകളിലപ്പോഴും പരമ ശാന്തമായ ഒരലൗകികഭാവം… അതെന്നെ ഒരു തണുപ്പായി വന്നു പൊതിയുന്നു.

മാലിനീ… നീയോ ഞാനോ തെറ്റുകാരല്ല.
ഏതോ നിയോഗത്താൽ നമ്മൾ പരസ്പരം ബന്ധിതരായിരുന്നു. പക്ഷെ നമ്മുടെ വഴികൾ വ്യത്യസ്തമായിരുന്നു. കർമ്മബന്ധങ്ങളുടെ നൈരന്തര്യം ഒരിക്കലും അവസാനിക്കുന്നില്ല. ജന്മങ്ങൾ തുടർന്നുകൊണ്ടേയിരിക്കും. മറ്റൊരിക്കൽ,മറ്റൊരിടത്ത് നാമിനിയും കണ്ടുമുട്ടിയെന്നു വരാം. ഒരു യാത്രയും അവസാനിക്കുന്നില്ല. ഞാൻ പോകുന്നു.
മറുപടിയ്ക്കു കാത്തു നിൽക്കാതെ അദ്ദേഹം മഴയിലേയ്ക്കിറങ്ങി.

മരണത്തേക്കാൾ മരവിച്ച ഒരുശൂന്യതതയുടെ ആഴങ്ങളിലേയ്ക്ക് ഞാനാഴ്ന്നു കൊണ്ടിരുന്നു.

ഫോൺ നിർത്താതെ റിങ്ങ് ചെയ്യുന്നത് ഏതോ അബോധത്തിലെന്നപോലെ കേൾക്കുന്നുണ്ടായിരുന്നു. ദേഹത്തേതോ ഭാരം കയറ്റിവെച്ചപോലെ ശരീരം പെരുത്തിരുന്നു.
ഞാൻ എവിടെയാണ്…..!!
ഒന്നും മനസ്സിലാക്കാനാവുന്നില്ല.
ഞാൻ ഉറങ്ങുകയായിരുന്നോ…
അപ്പോൾ ഞാൻ കണ്ടത്? അല്ല. അത് സ്വപ്നമായിരുന്നില്ല. അദ്ദേഹം വന്നിരുന്നു. ഞാൻ കണ്ടതാണല്ലൊ…

വീണ്ടും ഫോണടിയ്ക്കുന്നു. പെട്ടന്ന് എഴുന്നേൽക്കാൻ ശ്രമിച്ചു. കാലുകൾ വേച്ചു പോകുന്നു. ലൈറ്റിട്ടു. സമയം പുലർച്ചെ അഞ്ച് മണി. ആരാണീ സമയം ലാൻഡ് ലൈനിൽ…? റിസീവർ എടുത്തു.
‘ഹലോ മാലിനി….’
‘അതെ.’. ഒച്ച പുറത്തുവന്നില്ല.
‘ഹലോ’……വീണ്ടും…. ഏതോ അപരിചിതമായ ശബ്ദം:
‘പറയൂ… ആരാണ്…’
‘ഞാൻ വരാണസിയിൽ ശ്രീശങ്കര മഠത്തിൽ നിന്നാണ്. ദയാനന്ദ സ്വാമി
നിങ്ങളുടെ ഭർത്താവ് ജയശീലൻ കഴിഞ്ഞ ഒരു വർഷമായി ഈ മഠത്തിലുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഡയറിയിൽ നിന്നാണ് നിങ്ങളുടെ അഡ്രസ്സും നമ്പറും കിട്ടിയത്.’

ഒന്നും പറയാനാവാതെ ഞാനയാളെ കേട്ടു.
‘ഇന്ന് പുലർച്ചെ മൂന്നുമണിയോടുകൂടി അദ്ദേഹം……’
പിന്നെ ഒന്നും കേട്ടില്ല. റിസീവർ കയ്യിൽ നിന്നു വീണു….

Share this:

Recently added