തനിയാവർത്തനങ്ങൾ

സുന്ദരിയായ ആ പെൺകുട്ടി മാസത്തിലൊരിക്കൽ കയറി വന്നപ്പോഴൊക്കെ ഡോക്ടർ പേരറിയാത്തൊരു അസ്വസ്ഥതയിൽ മുങ്ങിത്താണു. സ്‌നേഹമുള്ള ഭർത്താവിന്റെ കൂടെയാണെങ്കിലും അവളുടെ മുഖത്തു ശോകവും ജാള്യതയും കലർന്നൊരു പേരറിയാ’ഭാവമായിരുന്നു എപ്പോഴും. തൂത്താലും തുടച്ചാലും പോകാത്തൊരു പഴയ പാപത്തിന്റെ കറ അവളുടെ കൂമ്പാളവയറിലും ഗർഭപാത്രത്തിലുമൊക്കെയുള്ളതായും അതു തന്റെ കൈകളിൽ പറ്റിപ്പിടിക്കുന്നതായും ഡോക്ടർ വെറുതെ ആശങ്കപ്പെട്ടു.
‘ഇവളുടേതു രണ്ടാം വിവാഹമാണ് ഡോക്ടർ. ആദ്യ ഭർത്താവ് ഒരു ആക്‌സിഡന്റിൽ മരിച്ചുപോയി. ആദ്യഗർഭം അതു കാരണം എം.ടി.പി. ചെയ്തു കളയേണ്ടിവന്നു.’
ചെറുപ്പക്കാരൻ തുറന്ന ഹൃദയമുള്ളവനും സ്‌നേഹവാനുമായിരിക്കണം. പെൺകുട്ടിയുടെ മുഖത്ത് അന്നാനിമിഷം കയറിക്കൂടിയതാണ് തൂത്താൽ പോവാത്ത ആ സങ്കീർണഭാവം.
ആദ്യം നടുക്കുന്ന വാർത്തയായി, പിന്നെ വെറുങ്ങലിപ്പിക്കു കാഴ്ചയായി അവളിലേക്കെത്തിയ മരണം. ആംബുലൻസിൽ നിന്ന് ഇറക്കിക്കിടത്തപ്പെട്ട, കീറിത്തുന്നിയ ഭർതൃശരീരം. എങ്ങനെയായിരിക്കും അവളാ കാഴ്ചയെ നേരിട്ടിട്ടുണ്ടായിരിക്കുക? എന്നിട്ടും….! നാളുകൾക്കകം ഉള്ളിൽ മുളപൊട്ടിയ കുഞ്ഞുജീവനെ കശക്കികളയാൻ തയ്യാറായി അവൾ ലിത്തോട്ടമിയിൽ…. പിന്നെയുമൊരു കല്യാണപ്പന്തൽ… ആദ്യ രാത്രി…! ഹോ, കടുപ്പക്കാരി തന്നെ.
ഡോക്ടറുടെ മനസ്സും രോഗിയുടെ മനസ്സും താദാത്മ്യപ്പെട്ടില്ലെങ്കിൽ രോഗം കൈവഴുക്കി തെന്നിപ്പോകുമോ? ഇവൾ പുതിയ ഭർത്താവിന്റെ കന്നിഗർഭം പേറുന്നവൾ. അഞ്ചാം മാസത്തിൽ വാർഡിലെ കട്ടിലിൽ രോഗിണിയായി, അശാന്തയായി. ത്രെട്ടൻഡ് അബോർഷൻ!
പതിനെട്ടാഴ്ച വളർച്ചയെത്തിയ കൈകാലിളക്കങ്ങളോട് അവൾ മനംനൊന്തു കെഞ്ചിയിരിക്കണം. ‘അമ്മയെ വിട്ടുപോകരുത് ഓമനേ…!’ ആ കെഞ്ചൽ പക്ഷേ, അതു കേൾക്കാൻ നിന്നില്ല. ‘ഞാൻ പോകുന്നു. എന്റെ ഏട്ടന്റെ… അല്ല, ഏച്ചിയുടെ പിന്നാലെ… ഏട്ടനായിരുന്നോ ഏച്ചിയായിരുന്നോ എന്നു തീരുമാനിക്കുന്നതിനു മുൻപേ, അമ്മേ, നിങ്ങളതിനെ ഇറക്കിവിട്ടതല്ലേ? നിങ്ങളുടെ സ്വാർത്ഥത.’
അവൾ കിടക്കുകയായിരുന്നു. മുഖം കിടക്കയിൽ പൂഴ്ത്തി. എനിക്കാരെയും കാണാൻ വയ്യ. ഈ പാപിനിയുടെ മുഖം, ശാപം പേറുന്നവളുടെ മുഖം ആരും കാണേണ്ട.
ഡോക്ടറുടെ മൃദുസ്പർശം അവളുടെ ചുമലിൽ. വിഷമിക്കേണ്ട. അബോർഷനൊക്കെ എത്ര പേർക്കുണ്ടാവുന്നു!”
‘ആദ്യത്തേത് കളഞ്ഞതോണ്ടാണോ ഡോക്ടറേ…? ഓളെത്ര കരഞ്ഞുപറഞ്ഞിന്….! പക്ഷേങ്കില്, കല്യാണത്തിന്റെ തിയ്യതിവരെ തീർപ്പാക്ക്യേനു ശേഷല്ലേ…!’ അടുത്തു നിന്ന മൂത്ത സഹോദരിയുടെ ആത്മഭാഷണത്തിനു കുറ്റബോധത്തിന്റെ വേവ്.
ഓളെത്ര പറഞ്ഞിന്! ഓ ദൈവമേ, അങ്ങനെയായിരുന്നോ? അപകടമരണം നടന്ന വീട്ടിൽ വിധവയുടെ ഹൃദയം പൊട്ടിക്കീറിക്കരച്ചിൽ. അവിടെയപ്പോൾ സജീവസാന്നധ്യമായിരുന്ന വെറുമൊരയൽക്കാരൻ മാത്രമായ വേറൊരാൾ. അയാൾ തന്റെ മനസ്സിന്റെ നടുമുറ്റത്ത് എന്നോ മുളച്ച മോഹമുല്ലയുടെ സാന്നിധ്യമറിഞ്ഞത് ആ അലമുറ ഉള്ളിന്റെ വാതിലുകൾ തള്ളിത്തുറന്നപ്പോഴായിരിക്കണം. ഞാനേൽക്കാമിവളെ, എന്റെ മോഹസുഗന്ധിയെ….
ഗൾഫ് വിസയുടെ ധൃതിയിൽ തിരക്കിട്ടൊരു വിവാഹാലോചന. അവൾക്കവനെ അിറയാം. ഇഷ്ടക്കേടില്ല.
എങ്കിലും…?
ഒരെങ്കിലുമില്ല. നല്ലൊരു ചെറുവാല്യക്കാരൻ. ഇങ്ങോട്ട് ആലോചനയുമായി വന്നിട്ട്! ഇപ്പോ നടന്നില്ലെങ്കിൽപ്പിന്നെ തീരെ നടന്നില്ലെന്നുവരും. നീയിവിടെ മുടക്കാച്ചരക്കായിരിക്കോനോ?”
മനസ്സു പതിയെപ്പതിയെ പാകപ്പെടുകയായിരുന്നു. മരിച്ചുപോയ ആളോട് മാപ്പിരന്ന്…
വിവാഹദിനം അടുത്തപ്പോഴാണ്, പറയാൻ പേടിച്ച, ദീർഘനാളത്തെ ആശങ്ക യാഥാർത്ഥ്യമെന്നറിഞ്ഞത്. മരണവുമായി ഊരാക്കുടുക്കു കെട്ടപ്പെട്ടതിന്റെ ഭീതിയിലായിരുന്നു ആദ്യം. പിന്നെയതു മനസ്സിലെ നൊമ്പരമായി, കുറ്റബോധമായി, ഉള്ളിലിരുന്ന് ഉറക്കെ നിലവിളിക്കുന്ന ഉത്തരവാദിത്തമായി. അതെ, ഇതെന്റെ ജീവിതം… ഇതാണെന്റെ ജീവിതം!
‘നെന്റെ തീരുമാനമതാണെങ്കിപ്പിന്നെ നെനക്കാരും കാണില്ല. ഓർത്തോ! അച്ഛനും അമ്മേം ആരും. നീ മാത്രല്ല. താഴെ രണ്ടെണ്ണം കൂട്യുണ്ട് ഞങ്ങക്ക്…’ രണ്ടാം വട്ട കല്യാണക്കുറിയും പിടിച്ചുനിന്ന് അച്ഛൻ വിറച്ചു.
‘മൂന്നുമാസല്ലേ ആയുള്ളൂ. ഒരു ബുദ്ധിമുട്ടുമുണ്ടാവില്ല. ഞാങ്കൊ ണ്ടു പോകാം.’ ചേച്ചിയാണ്.
കല്യാണരാത്രിയിൽ അവൻ പറഞ്ഞു: ഞാനറിഞ്ഞിരുന്നില്ല…വേണ്ടായിരുന്നൂന്നും ഞാമ്പറയില്ല. കാരണം ഞാനും വെറുമൊരു മനുഷ്യൻ തന്നെ. സാരല്ല്യ. നുക്കതൊക്കെ മറക്കാം. ഇതുവരെ കണ്ടതൊരു ദു:സ്വപ്നം.”
കണ്ടതും കാണാനിരിക്കുന്നതുമൊക്കെ ഇവൾക്ക് ദു:സ്വപ്നങ്ങൾ മാത്രമായിരിക്കുമോ? ഡോക്ടറുടെ ഹൃദയം അവളിലേക്ക് ആർദ്രമായി. ഇതു നിന്റെ ബലി. പാപപരിഹാരം. ആശ്വസിക്കൂ. കാത്തിരിപ്പിന്റെ അവകാശമൊന്നും എടുത്തുമാറ്റപ്പെട്ടിട്ടില്ലല്ലോ നിന്നിൽ നിന്ന്.
ആശ്വാസവാക്കുകൾക്കുപോലും അറംപറ്റിപ്പോയാലോ എന്നു ഡോക്ടറുടെ ഹൃദയം വിറച്ചു. അലംഘനീയതയുടെ വിസ്മയിപ്പിക്കുന്ന ആവർത്തനങ്ങൾക്കുമുൻപിൽ ദൈവത്തിന്റെ പ്രതിനിധികൾ എന്നുവിളിക്കപ്പെടുന്നവർ എത്ര നിസ്സഹായർ എന്നവർക്കറിമായിരുന്നല്ലോ.

Share this:

Recently added