
ഒന്ന് :
വളരെ മുമ്പാണ്, പേർഷ്യയിലെ കടലോര ഗ്രാമത്തിൽ ദരിദ്രനായ ഒരു മുക്കുവൻ ജീവിച്ചിരുന്നു. നല്ലൊരു കാറ്റു വീശിയാൽ അടി പുഴകി വീഴുന്ന ചെറ്റക്കുടിലായിരുന്നു അയാളുടേത്. മീൻപിടുത്തമല്ലാതെ മറ്റൊരു തൊഴിലും അയാൾക്ക് വശമില്ലായിരുന്നു. കടലിൽ വലവീശിക്കിട്ടുന്ന മീൻ കൊണ്ട് ഭാര്യയെയും മക്കളെയും പോറ്റാൻ അയാൾ വിഷമിച്ചു. പലപ്പോഴും അരപ്പട്ടിണിയിലായിരുന്നു ആ കുടുംബത്തിന്റെ ജീവിതം. ചില ദിവസങ്ങളിൽ മുഴുപ്പട്ടിണിയും. മീൻകുട്ടയുമായി കടൽത്തീരത്തു നിന്നു തിരിച്ചെത്തുന്ന മുക്കുവനെക്കാത്ത് അവർ കണ്ണിലെണ്ണയൊഴിച്ചിരിക്കും. മീനൊന്നും കിട്ടാത്ത ദിവസങ്ങളും കുറവല്ല. എങ്കിലും അവർ പരസ്പരം പരാതിയോ പരിഭവമോ പറയുക പതിവില്ല. വയറുകായുമ്പോഴും അള്ളാഹുവിന്റെ നിശ്ചയം ഇതാണെന്ന് മുക്കുവൻ കുടുംബാംഗങ്ങളെ ഉപദേശിക്കും.
കിഴക്ക് വെള്ള കീറും മുമ്പേ മുക്കുവൻ ഉറക്കമുണരും. കുളിയും പ്രാർത്ഥനയും കഴിഞ്ഞ് വലയും മീൻകുട്ടയുമെടുത്ത് കുറച്ചകലെയുള്ള കടൽത്തീരത്തെത്തും. മീൻ കിട്ടിയാലും ഇല്ലെങ്കിലും നേരമിരുട്ടും വരെ വലവീശൽ തുടരും. തനിക്കു വിധിച്ചത് ഇതാണെന്ന്
സ്വയം പറഞ്ഞ് അയാൾ കുടിലിലേക്ക് മടങ്ങും. ഇതായിരുന്നു പതിവ്. നല്ല തണുപ്പുള്ള ഒരു പ്രഭാതത്തിൽ പതിവുപോലെ മുക്കുവൻ കടൽക്കരയിലെത്തി വലവീശാൻ തുടങ്ങി.
അള്ളാഹു
വിനെ മനസ്സിൽ വിചാരിച്ച് അയാൾ വലവീശി. കുറച്ചുകഴിഞ്ഞതും വലയ്ക്ക് നല്ല കനം തോന്നി. വലിയ മീനെന്തോ കുരുങ്ങിയെന്നു വിചാരിച്ച് വല വലിച്ചു. കടുത്ത നിരാശയായിരുന്നു ഫലം. ദിവസങ്ങൾക്കു മുമ്പേ ചത്തുമലച്ച ഏതോ കടൽജീവിയുടെ ചീഞ്ഞഴുകിയ ജഡമായിരുന്നു വലയിൽ. കനത്ത ദുർഗ്ഗന്ധം മൂക്കിലേക്ക് അടിച്ചുകയറിയപ്പോൾ അയാൾക്ക് ഛർദ്ദിക്കാൻ വന്നു. വളരെ ശ്രമപ്പെട്ട് അയാളാ ജഡം വലയിൽ നിന്നും വേർപെടുത്തി. പ്രതീക്ഷയോടെ വീണ്ടും വലയെറിഞ്ഞു. ഇക്കുറി അള്ളാഹു തന്നെ നിരാശനാക്കില്ലെന്ന് മുക്കുവൻ കണക്കുക്കൂട്ടി. എന്നാൽ ആ പ്രതീക്ഷയും അസ്ഥാനത്തായി. വല വലിച്ചു കയറ്റിയപ്പോൾ അതിനുള്ളിൽ കണ്ടത് പൊട്ടിയ മൺഭരണിയാണ്. അള്ളാഹുവിനെ പ്രാർത്ഥിച്ച് മൂന്നാം തവണ വലവീശിയപ്പോൾ അതിൽ കുറെ ചില്ലുകഷ്ണങ്ങൾ കുടുങ്ങി. ഇനിയും പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ലെന്ന് അയാൾക്കു തോന്നി. ഒരു തവണ കൂടി വലവീശിയ ശേഷം വീട്ടിലേക്ക് മടങ്ങിപ്പോകാം എന്നു കരുതി മുക്കുവൻ നാലാമതും വലയെറിഞ്ഞു.
അധികം വൈകാതെ വലയ്ക്ക് നല്ല ഭാരം അനുഭവപ്പെട്ടു. അതിനുള്ളിൽ എന്താണെന്നറിയാതെ സന്തോഷിക്കുന്നത് അബദ്ധമാവുമെന്ന് മുന്നനുഭവങ്ങളിൽ നിന്ന് അയാൾക്ക് ബോദ്ധ്യപ്പെട്ടതാണ്. അതുകൊണ്ടു തന്നെ നിർവികാരതയോടെ മുക്കുവൻ വല വലിച്ചു കയറ്റി. ഇക്കുറി വലയിൽ കുടുങ്ങിയത് സാമാന്യം വലിപ്പമുള്ള ഒരു ചെമ്പുകുടമായിരുന്നു! അതുകണ്ടിട്ടും വലിയ ആഹ്ലാദമൊന്നും അയാൾക്ക് തോന്നിയില്ല. ചെമ്പുകുടം കൊണ്ട് ഭാര്യയുടെയും മക്കളുടെയും വിശപ്പടക്കാൻ കഴിയില്ലെന്ന് അയാൾക്ക് നന്നായി അറിയാമായിരുന്നു.
ആ ചെമ്പുകുടം വലക്കണ്ണികളിൽ നിന്നടർത്തിമാറ്റി മണ്ണിൽ വെച്ചപ്പോഴാണ് മുക്കുവൻ അതു ശ്രദ്ധിക്കുന്നത്. അതിന്റെ വായ് ഭാഗം നന്നായി അടച്ചു കെട്ടിയിരിക്കുന്നു! കുടത്തിനുള്ളിലുള്ളതെല്ലാം കളഞ്ഞ്, കഴുകി വൃത്തിയാക്കി നഗരത്തിലെ ചന്തയിൽ കൊണ്ടുപോയി വിറ്റാൽ എന്തെങ്കിലും കിട്ടാതിരിക്കില്ലെന്ന് അയാൾ ക്കു തോന്നി. ആദ്യം ചെമ്പുകുടത്തിന്റെ കെട്ടഴിച്ചു നോക്കിയിട്ടു തന്നെ വേറെ കാര്യം മുക്കുവൻ മനസ്സിൽ പറഞ്ഞു. കുടത്തിന്റെ അസാധാരണമായ ഭാരം അയാളുടെ പ്രതീക്ഷകൾക്ക് തിളക്കമേറ്റി.
മുക്കുവൻ കുടത്തിന്റെ വായ്ഭാഗം മൂടിയ കസവുതുണി അഴിച്ചുമാറ്റി. അതിനകത്തേക്ക് നോക്കിയപ്പോൾ ഇരുട്ടുമാത്രമേ
കാണാനുണ്ടായിരുന്നുള്ളൂ. അയാൾ നിരാശനായി. കുടത്തി
നുള്ളിൽ നിന്നും കട്ടപിടിച്ച വെളുത്ത പുക ഉയരാൻ തുടങ്ങി!
മുക്കുവൻ ഭയത്തോടും പരിഭ്രമത്തോടും അതുതന്നെ നോക്കി നിന്നു. അയാളെ അമ്പരപ്പിച്ചു കൊണ്ട് ആ പുക ഭീമാകാരനായ ഒരു ഭൂതമായി മാറി!
ചോരയൊലിക്കുന്ന കൂർത്ത പല്ല്, തീ പാറുന്ന ഉണ്ടക്കണ്ണ്, ജടപിടിച്ച ചപ്രത്തലമുടി, വൈക്കോൽത്തുറു പോലുള്ള ദേഹവും കുടവയറും!
ഭൂതത്തിന്റെ ഭയാനക രൂപം കണ്ട് മുക്കുവൻ പേടിച്ചുവിറച്ചു. അയാളുടെ കാൽമുട്ടുകൾ കൂട്ടിയിടിച്ചു.
‘ങ്ഹും, നീയാരാണ്? എന്തിനാണിങ്ങനെ പേടിപ്പിക്കുന്നത്?’
മുക്കുവൻ വിക്കി വിക്കി ചോദിച്ചു
”ഹ!ഹ! ഞാനാരായാലും നിനക്കെന്താ? എന്തായാലും ഒന്നു നീയറിഞ്ഞോ. ഞാൻ നിന്നെ ഇപ്പോൾത്തന്നെ കൊന്നുതിന്നാൻ പോവുകയാണ്.” ഇടിവെട്ടും പോലെ ഭൂതം അലറി.
അതോടെ മുക്കുവന്റെ ഭയം ഇരട്ടിച്ചു.
”അതിന് ഞാൻ നിന്നോടൊരു തെറ്റും ചെയ്തിട്ടില്ലല്ലോ. ദൈവദോഷമാണ് നീ പറയുന്നത്. ചെമ്പുകുടത്തിനകത്ത് പെട്ടുപോയ നിന്നെ മോചിപ്പിച്ചതാണോ ഞാൻ ചെയ്ത തെറ്റ്? രക്ഷകനെ കൊല്ലുക എന്നത് അള്ളാഹു പൊറുക്കുന്ന പാപമല്ല.”
മുക്കുവൻ പറഞ്ഞു.
”ദൈവവിശ്വാസിയായ ഭൂതമല്ല ഞാനെന്ന് ആദ്യമേ നീയറിയുക. വിശ്വാസമില്ലാത്ത സ്ഥിതിക്ക് ദൈവദോഷത്തിന്റെ പ്രശ്‌നവും ഉദിക്കുന്നില്ല. നീതിയും ധർമ്മവുമൊന്നും ഭൂതങ്ങൾക്ക് പ്രശ്‌നമല്ല. അതുമിതും പറഞ്ഞ് എന്റെ സമയം കളയാതെ വേഗം എനിക്കു ഭക്ഷണമാവാൻ തയ്യാറായിക്കൊള്ളുക”
ഭൂതം തന്റെ നിലപാടിൽ നിന്ന് തെല്ലും പിന്മാറാൻ തയ്യാറായില്ല. കുറച്ചു നേരം ആലോചിച്ചു നിന്ന ശേഷം മുക്കുവൻ ധൈര്യം സംഭരിച്ച് ചോദിച്ചു:
”നിന്നെപ്പോലെ നികൃഷ്ടനായ ഒരു ഭൂതത്തിന്റെ കൈ കൊണ്ട് മരിക്കാനാണ് എന്റെ വിധിയെങ്കിൽ അങ്ങനെയാവട്ടെ. അമർത്തിത്തുടച്ചാൽ മായുന്നതല്ലല്ലോ ശിരോലിഖിതം. മരിക്കുന്നതിനു മുമ്പ് നീയെന്റെ ഒരാഗ്രഹം സാധിച്ചു തരണം. നീയെങ്ങനെ ഈ ചെമ്പുകുടത്തിൽ വന്നുപെട്ടു എന്നറിയാൻ എനിക്കാഗ്രഹമുണ്ട്.”
‘ഛേ, ഇതു വലിയ മെനക്കേടായല്ലോ! പട്ടിണിയിലൊക്കെ കഥ
പറയുക അത്ര സുഖമുള്ള കാര്യമല്ല. എന്നാലും, മരിക്കാൻ
പോകുന്ന നിന്റെ അവസാനത്തെ ആഗ്രഹമല്ലേ? അതു സാധിച്ചു തരാതെയും വയ്യ. അക്കഥ ഞാൻ ചുരുക്കിപ്പറയാം. കേട്ടോളൂ’
തുടരും…..
