ഭൂമിയുടെ കാവൽക്കാർ

പരിസ്ഥിതി രംഗത്തെ പ്രശസ്തരായ പ്രവർത്തകർ


റേച്ചൽ കാഴ്‌സൺ:


പരിസ്ഥിതി സംരക്ഷണ പ്രസ്ഥാനത്തിലെ ‘വിശുദ്ധവനിത’. റേച്ചൽ കാഴ്‌സൺ അറിയപ്പെടുന്നത് ഇങ്ങനെയാണ്. അമേരിക്കൻ സമുദ്രജീവി ശാസ്ത്രജ്ഞയായിരുന്ന റേച്ചൽ കാഴ്‌സന്റെ സൈലന്റ്‌സ്പ്രിങ് എന്ന പുസ്തകമാണ് ലോകമെങ്ങുമുള്ള ജനങ്ങൾക്കിടയിൽ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ബോധ്യമുണ്ടാക്കിയത്.


അമേരിക്കയിൽ 1907-ൽ ജനിച്ച റേച്ചൽ കാഴ്‌സൺ 1962ലാണ് ഏറെ പ്രശസ്തമായ ”സൈലന്റ് സ്പ്രിങ്’ എന്ന ഗ്രന്ഥം രചിച്ചത്. കീടനാശിനികളുടെ വ്യാപകമായ ഉപയോഗം, വന്യജീവികളേയും അവയുടെ ആവാസ വ്യവസ്ഥയേയും തകർക്കുമെന്ന് അവർ ഈ പുസ്തകത്തിലൂടെ വ്യക്തമാക്കി. കീടനാശിനി കമ്പനികളും മറ്റും കാഴ്‌സനെതിരെ രംഗത്ത് വന്നെങ്കിലും അവർ പിൻമാറിയില്ല. കാഴ്‌സന്റെ കണ്ടെത്തലുകൾ പരിശോധിച്ച അമേരിക്കൻ ഗവൺമെന്റ് സത്യാവസ്ഥ ബോധ്യപ്പെടുകയും പരിസ്ഥിതി സംരക്ഷണത്തിന് നിയമം പാസാക്കുകയും ചെയ്തു. കാഴ്‌സന്റെ പ്രവർത്തന ഫലമായിട്ടാണ് അമേരിക്കയിൽ ഡി.ഡി.റ്റി. എന്ന കീടനാശിനി നിരോധിച്ചത്.


ഒരു അമേരിക്കൻ സമുദ്ര ജൈവശാസ്ത്രജ്ഞയും ഹരിത സാഹിത്യകാരിയുമാണ് റെയ്ച്ചൽ ലൂയിസ് കാഴ്‌സൺ (മേയ് 27, 1907 ഏപ്രിൽ 14, 1964). സൈലന്റ് സ്പ്രിങ്ങ് (Silent Spring) എന്ന കൃതി, അമേരിക്കയിലെ ജനങ്ങൾക്കിടയിൽ പരിസ്ഥിതിയെക്കുറിച്ച് അവബോധം വളർത്തുകയും ഡി.ഡി.ടി തുടങ്ങിയ കീടനാശിനികളുടെ നിരോധനത്തിന് വഴിതെളിക്കുകയും ചെയ്തു. മരണാനന്തരം അവർക്ക് അമേരിക്കയിലെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയിലൊന്നായ പ്രസിഡൻഷ്യൽ മെഡൽ ഒഫ് ഫ്രീഡം നൽകപ്പെട്ടു. ലിൻഡാ ലിയർ എഴുതിയ Rachel Carson:’Witness of Nature’ എന്നതാണ് ഇവരെക്കുറിച്ചുള്ള ഏറ്റവും പ്രശസ്തമായ ജീവചരിത്രപുസ്തകം.


ജീവിതരേഖ
1907 മേയ് 27 ന് മരിയ ഫ്രേസിയറുടേയും റോബർട്ട് വാർഡൻ കാഴ്‌സന്റേയും മൂന്നു മക്കളിൽ ഇളയവളായി പെൻസിൽവാനിയയിലാണ് ഇവർ ജനിച്ചത്. നന്നെ ചെറുപ്പത്തിൽ തന്നെ വീടിനു ചുറ്റുമുള്ള തൊടിയിൽ ചുറ്റിനടക്കുവാനും ചെടികളേയും കിളികളേയുമൊക്കെ തിരിച്ചറിയുവാനും ഉള്ള താത്പര്യം അവർ പ്രകടിപ്പിച്ചിരുന്നു. മാതാവുമായി വളരെയേറെ ആത്മബന്ധം പുലർത്തിയിരുന്ന റെയ്ച്ചലിനെ വായനയുടെ ലോകത്തേക്കു കൂട്ടിക്കൊണ്ടുവന്നതും അമ്മ തന്നെയായിരുന്നു.


വിദ്യാഭ്യാസം
സ്പ്രിംഗ്ഡല് സ്മാൾ സ്‌കൂളിൽ നിന്ന് പത്താം തരവും 1925ഇൽ ഹൈസ്‌കൂൾ വിദ്യാഭാസം പെൻസിൽവാനിയയിലെ തന്നെ പർനാസസ് എന്ന സ്ഥലത്ത് നിന്നും പൂർത്തിയാക്കി. 45 വിദ്യാർഥികൾ ഉണ്ടായിരുന്ന ക്ലാസ്സിൽ ഒന്നാമതായിരുന്നു ഇവർ. പെൻസിൽവാനിയ കോളേജ് ഓഫ് വിമൻസിൽ (ഇന്നത്തെ ചാത്തം യൂണിവേർസിറ്റി) ബിരുദം എടുക്കാൻ പോയ ഇവർ പൊതുവേ ആരോടും സംസാരിക്കാതെ ഒറ്റയ്കിരിക്കുന്ന ഒരു പ്രകൃതക്കാരിയായിരുന്നു. പെൻസിൽവാനിയയിൽ അക്കാലത്ത് പ്രസിദ്ധീകരിച്ചിരുന്ന സെന്റ് നിക്കോളാസ് എന്ന ബാലമാസിക റേയ്ച്ചലിന് വളരെ പ്രിയപ്പെട്ടതായിരുന്നു. അവരുടെ ആദ്യകാല രചനകൾ പ്രസിദ്ധീകരിക്കപ്പെട്ടതും ഈ മാസികയിൽ തന്നെയായിരുന്നു. 1918ൽ സെന്റ് നിക്കോളാസ് ലീഗ് (മാസികയോടനുബന്ധിച്ച് രൂപം കൊടുക്കപ്പെട്ട ബാലജനസഖ്യം) നടത്തിയ ബാലരചനാ മത്സരത്തിൽ റേച്ചലിന്റെ “A battle in the clouds’ എന്ന കഥ സമ്മാനാർഹമായി. തുടർച്ചയായി എഴുതുവാൻ ഈ പ്രോത്സാഹനം റെയ്ച്ചലിന് പ്രേരണയായി. സ്‌കൂൾ പഠന കാലത്ത് പൊതുവിൽ അന്തർമുഖിയായിരുന്നു ഇവർ. ഇതിന്റെ പ്രധാനകാരണം കുടുംബത്തിന്റെ കെട്ടുറപ്പില്ലായ്മയും സാമ്പത്തികഞെരുക്കങ്ങളും ആയിരുന്നു.
1964 ഏപ്രിൽ 14 ന് അർബുദബാധയാൽ ഇവർ അന്തരിച്ചു.


രചനകൾ
ഹൗഗ്ടൺ മിഫ്‌ലിൻ പ്രസിദ്ധീകരിച്ച സൈലന്റ് സ്പ്രിങ്ങ് (Silent Spring) എന്ന പുസ്തകത്തിന്റെ ആദ്യപ്രതി പുറത്തുവന്നത് 1962 സെപ്തംബർ 27നായിരുന്നു. ഡി.ഡി.റ്റി പോലുള്ള മാരകകീടനാശിനികൾ പരിസ്ഥിതിയിലുണ്ടാക്കുന്ന മാരകഫലങ്ങളെക്കുറിച്ച്, പക്ഷികൾ പാടാതാവുന്ന ഒരു കാലത്തെക്കുറിച്ച് മുന്നറിയിപ്പുതരുന്നത്ര ലളിതമായി പറഞ്ഞത് ഈ പുസ്തകത്തിലായിരുന്നു. ഇൻസെക്ട് ബോംബ് എന്ന വിളിപ്പേരുമായി അമേരിക്കയിലെത്തിയ ഡി.ഡി.റ്റി 1945 കളിൽ വിമാനമാർഗ്ഗം ജനവാസകേന്ദ്രങ്ങളുൾപ്പെടെയുള്ള പ്രദേശങ്ങളിൽ തളിക്കാൻ ഗവൺമെന്റ് തീരുമാനിച്ചു. ഇത് പരിസ്ഥിതിയുടെ നാശത്തിന് ആക്കംകൂട്ടി. ഇതിനെതിരായ കോടതി വ്യവഹാരങ്ങൾ ഒന്നൊന്നായി പരാജയപ്പെട്ടപ്പോൾ 1958 ജനുവരിയിൽ ദ ബോസ്റ്റൺ ഹെറാൾഡ് എന്ന ദിനപത്രത്തിൽ അച്ചടിച്ചുവന്ന പ്രശ്‌നസംബന്ധിയായ ഒരു കത്തിന്റെ കോപ്പി ഓൾഗാ ഓവൻസ് ഹക്കിൻസ് എന്നയാൾ കാഴ്‌സണ് അയച്ചുകൊടുത്തു. ഇത് സൈലന്റ് സ്പ്രിംഗ് എഴുതുന്നതിന് അവർക്ക് പ്രചോദനമായി. ഇതിന്റെ ഫലമായി 1972 ൽ ഡി.ഡി.റ്റി ഉൾപ്പെടെയുള്ള കീടനാശിനികൾ അമേരിക്കയിൽ നിരോധിക്കപ്പെട്ടു.

Share this:
About Author
പ്രശസ്ത പരിസ്ഥിതി എഴുത്തുകാരൻ, നാന്നൂറിലധികം ലേഖനങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 140 ലധികം പുസ്തകങ്ങളുടെ രചയിതാവാണ്. അക്ഷരം എന്ന തൂലികാനാമത്തിലും അറിയപ്പെടും

Recently added