ജനാധിപത്യത്തിന്റെ മുറിവേറ്റ ചൂണ്ടുവിരലുകൾ:

തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കുന്ന വർത്തമാനകാല ഇന്ത്യയിൽ, ഹരിത സാവിത്രിയുടെ ‘ചൂണ്ടുവിരൽ’ എന്ന കഥ കേവലം ഒരു സാഹിത്യസൃഷ്ടി എന്നതിലുപരി വിട്ടുവീഴ്ചയില്ലാത്ത ഒരു രാഷ്ട്രീയ പ്രകടനപത്രികയായി വായിക്കാവുന്നതാണ്. ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ആഘോഷമെന്ന് വിശേഷിപ്പിക്കപ്പെടുന്ന തിരഞ്ഞെടുപ്പ് പ്രക്രിയ എങ്ങനെയാണ് പാർശ്വവൽക്കരിക്കപ്പെട്ടവന്റെ ശരീരത്തെയും സ്വത്വത്തെയും കാർന്നുതിന്നുന്നതെന്ന് ഈ കഥ നമ്മെ ഓർമ്മിപ്പിക്കുന്നു.

ദാരിദ്ര്യത്തിലും അദൃശ്യജീവിതത്തിലും കുടുങ്ങിയ ഒരു മനുഷ്യന്റെ ശരീരത്തിലൂടെ ജനാധിപത്യ സംവിധാനത്തിന്റെ നിഷ്ഠുരമായ യാഥാർത്ഥ്യം വെളിപ്പെടുത്തുന്ന ഈ രചന, സമകാലീന രാഷ്ട്രീയത്തിന്റെ ഇരുണ്ട അന്തർഘടനകളെയാണ് തുറന്നുകാട്ടുന്നത്. ഇത് വെറുമൊരു തിരഞ്ഞെടുപ്പ് അട്ടിമറിയുടെ വിവരണമല്ല, മറിച്ച് ആധുനിക ഭരണകൂടങ്ങൾ എങ്ങനെ മനുഷ്യരെ കേവലം ‘ഡാറ്റ’യായും ‘വോട്ട്’ എന്ന സംഖ്യയായും ചുരുക്കി ഉപയോഗിക്കുന്നു എന്നതിന്റെ ഭീകരമായ പ്രതീകാത്മക അവതരണമാണ്

പുലർച്ചെ മൂന്നു മണിക്ക് തെരുവിൽ ഉറങ്ങുന്നവരെ കറുത്ത ജാക്കറ്റിട്ടവർ വാനിൽ കയറ്റിക്കൊണ്ടുപോകുന്ന ഭീതിജനകമായ ദൃശ്യത്തോടെയാണ് കഥ ആരംഭിക്കുന്നത്. നഗരത്തിന്റെ ഓരങ്ങളിൽ അശരണരായി കഴിയുന്നവരെ പിടികൂടി ഒരു രഹസ്യകേന്ദ്രത്തിൽ എത്തിക്കുന്നു. അവിടെ വച്ച് ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ അവർക്ക് വ്യാജ തിരിച്ചറിയൽ രേഖകൾ നിർമ്മിച്ചു നൽകുന്നു. കഥയിലെ നായകൻ പല പേരുകളിലും വിലാസങ്ങളിലും നാല് വ്യത്യസ്ത ബൂത്തുകളിൽ പോയി വോട്ട് ചെയ്യാൻ നിർബന്ധിതനാകുന്നു. ഓരോ വോട്ടിന് ശേഷവും വിരലിലെ മഷി രാസദ്രാവകം ഉപയോഗിച്ച് മായ്ച്ചു കളയുന്നു. ഒടുവിൽ, മുറിവേറ്റ വിരലുമായി തെരുവിലേക്ക് തിരിച്ചെത്തുന്ന നായകൻ, ടിവിയിൽ തിരഞ്ഞെടുപ്പ് വിജയത്തെക്കുറിച്ചുള്ള പ്രസംഗം കേൾക്കുമ്പോൾ തന്റെ വേദനയേക്കാൾ വലിയൊരു രാഷ്ട്രീയ തട്ടിപ്പിന്റെ ഇരയായി സ്വയം തിരിച്ചറിയുന്നിടത്താണ് കഥ അവസാനിക്കുന്നത്.
കഥയിലെ ‘രാത്രി’ കേവലം ഒരു സമയമല്ല, മറിച്ച് ജനാധിപത്യത്തിന്റെ സുതാര്യതയ്ക്ക് മേൽ അധികാരം പുതച്ചിരിക്കുന്ന മറയാണ്. പകൽവെളിച്ചത്തിൽ നീതിയെക്കുറിച്ച് സംസാരിക്കുന്ന ഭരണകൂടം രാത്രിയുടെ ഇരുട്ടിൽ പൗരന്റെ സ്വകാര്യതയിലേക്കും ജീവനിലേക്കും അതിക്രമിച്ചു കയറുന്നു. ഇതിനായി ഉപയോഗിക്കുന്ന ‘വാൻ’ എന്ന പ്രതീകം ഭരണകൂടത്തിന്റെ ചലനാത്മകമായ അടിച്ചമർത്തൽ യന്ത്രത്തെ സൂചിപ്പിക്കുന്നു. തെരുവിൽ അശരണരായി കിടക്കുന്നവർക്ക് ഈ വാൻ ഒരു രക്ഷാകവചമല്ല, മറിച്ച് അവരെ അവരുടെ ആവാസവ്യവസ്ഥയിൽ നിന്ന് അന്യവൽക്കരിച്ച് അധികാരത്തിന്റെ തടവറകളിലേക്ക് എത്തിക്കുന്ന വാഹനമാണ്.

കഥയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രതീകം അതിന്റെ പേരുപോലെ തന്നെ ‘ചൂണ്ടുവിരൽ’ ആണ്. ജനാധിപത്യത്തിൽ ചൂണ്ടുവിരൽ അധികാരത്തിന്റെയല്ല, മറിച്ച് അവകാശത്തിന്റെ അടയാളമാണ്. ഒരാൾ തന്റെ ഭരണാധികാരിയെ നിശ്ചയിക്കുന്ന നിർണ്ണായകമായ ശക്തി ആ വിരലിലാണ് കേന്ദ്രീകരിക്കുന്നത്. ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ തിരഞ്ഞെടുപ്പിന് ശേഷം വിരലിൽ പുരട്ടുന്ന വയലറ്റ് മഷി ജനാധിപത്യ പങ്കാളിത്തത്തിന്റെ വിശുദ്ധ മുദ്രയായിട്ടാണ് കരുതപ്പെടുന്നത്. എന്നാൽ ഈ കഥയിൽ അതേ ചൂണ്ടുവിരൽ പീഡനത്തിന്റെയും ചൂഷണത്തിന്റെയും വേദിയായി മാറുന്നു. ഓരോ തവണ വ്യാജമായി വോട്ട് ചെയ്യിക്കുമ്പോഴും വിരലിലെ മഷി മായ്ക്കാൻ ഉപയോഗിക്കുന്ന ‘രാസദ്രാവകം’ അധികാരത്തിന്റെ നിഷ്ഠുരതയെയാണ് അടയാളപ്പെടുത്തുന്നത്. പൗരന്റെ സ്വത്വത്തെയും അവകാശത്തെയും മായ്ച്ചുകളയാൻ ഉപയോഗിക്കുന്ന ഈ ദ്രാവകം തൊലി ഉരിഞ്ഞെടുക്കുകയും മാംസം പുറത്തുകാണിക്കുകയും ചെയ്യുന്നു. പൗരാവകാശം ചിലർക്ക് ആഘോഷമാകുമ്പോൾ മറ്റു ചിലർക്ക് അത് രാസദ്രാവകത്തിൽ വെന്തുരുകുന്ന ശരീരപീഡനമായി മാറുന്ന വൈരുദ്ധ്യം ഇവിടെ തെളിയുന്നു.
ഭരണസംവിധാനങ്ങൾ മനുഷ്യനെ ഒരു വ്യക്തിയായിട്ടല്ല, മറിച്ച് വിവരങ്ങൾ ശേഖരിക്കാനുള്ള ഒരു ശരീരമായി മാത്രമാണ് കാണുന്നത്. നായകൻ പല പേരുകളിലായി നാല് തവണ വോട്ട് ചെയ്യേണ്ടി വരുമ്പോൾ അവന്റെ സ്വത്വം പൂർണ്ണമായും ഇല്ലാതാകുന്നു. അവൻ ഒരു മനുഷ്യനല്ല, മറിച്ച് മെഷീനിലെ ബട്ടൺ അമർത്താനുള്ള ഒരു ഉപകരണം മാത്രമായി മാറുകയാണ്. ഇതിനെ രാജ്യസ്‌നേഹമായി വ്യാഖ്യാനിക്കുന്ന കോർഡിനേറ്ററുടെ വാക്കുകൾ സമകാലിക ഇന്ത്യൻ രാഷ്ട്രീയ സാഹചര്യങ്ങളോട് ചേർത്തു വായിക്കേണ്ടതാണ്.

ചൂഷണത്തെയും അനീതിയെയും ‘ദേശസേവനം’ എന്ന പേരിൽ ന്യായീകരിക്കുന്ന ഫാസിസ്റ്റ് തന്ത്രമാണ് ഇവിടെ വെളിപ്പെടുന്നത്. അധികാരശ്രേണിയുടെ മുകളിൽ രാഷ്ട്രീയ പാർട്ടികളും താഴെ ഇരകളാക്കപ്പെടുന്ന പാവപ്പെട്ടവരും നിലകൊള്ളുന്ന ഈ പിരമിഡ് ഘടനയിൽ അധികാരം ഒരു വശത്ത് കേന്ദ്രീകരിക്കപ്പെടുമ്പോൾ മറുവശത്ത് സാധാരണക്കാരൻ വെറും കാഴ്ചക്കാരനോ ഇരയോ ആയി മാറുന്നു.
സാമൂഹിക അസമത്വത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ് ഈ വോട്ടിംഗ് തട്ടിപ്പിന് ഇരയാകുന്നവരുടെ തിരഞ്ഞെടുപ്പ്. തെരുവിൽ ഉറങ്ങുന്നവർ, കുടിയേറ്റ തൊഴിലാളികൾ, ഭിക്ഷാടകർ എന്നിങ്ങനെ സമൂഹത്തിന്റെ അതിരുകളിൽ ജീവിക്കുന്ന ‘അദൃശ്യ പൗരന്മാരെ’യാണ് ഭരണകൂടം തങ്ങളുടെ ആവശ്യത്തിനായി ദൃശ്യമാക്കുന്നത്. ഇതിനായി കമ്പ്യൂട്ടറും സ്‌കാനറും ഉൾപ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നത് ഡിജിറ്റൽ സംവിധാനങ്ങൾ എങ്ങനെ മനുഷ്യന്റെ സ്വാതന്ത്ര്യത്തെ ഹനിക്കാൻ ഉപയോഗിക്കാം എന്നതിന്റെ ഉദാഹരണമാണ്.

ലോകമെമ്പാടുമുള്ള തിരഞ്ഞെടുപ്പ് അട്ടിമറികളുടെ ചരിത്രത്തെ ഓർമ്മിപ്പിക്കുന്ന ഈ പ്രക്രിയ, ജനാധിപത്യത്തിന്റെ ഉള്ളടക്കം എത്രത്തോളം ശൂന്യമാണെന്ന് കാണിച്ചുതുന്നു. പുറമെ ആഘോഷവും അകമെ ക്രൂരമായ അടിച്ചമർത്തലും എന്നതാണ് ഈ വ്യവസ്ഥയുടെ രീതി.
കഥയുടെ അന്ത്യം ഇന്ത്യൻ ജനാധിപത്യത്തിന്റെ ഇരട്ടമുഖത്തെ ഏറ്റവും ശക്തമായി അടയാളപ്പെടുത്തുന്നു. ടിവിയിൽ നേതാക്കൾ വോട്ടിംഗിലെ വൻ പങ്കാളിത്തത്തെക്കുറിച്ച് വാചാലരാകുമ്പോൾ, നായകൻ തന്റെ മുറിവേറ്റ വിരലിൽ അഞ്ഞൂറു രൂപയുടെ നോട്ടു വെച്ച് വേദന കടിച്ചുപിടിക്കുകയാണ്. ഗാന്ധിജിയുടെ ചിത്രം ആലേഖനം ചെയ്ത ആ കറൻസി നോട്ട് വിരലിലെ രക്തവും മശിയും കുടിച്ചുതീർക്കുന്ന ദൃശ്യം ഒരു വലിയ രാഷ്ട്രീയ സത്യത്തെ വിളിച്ചുപറയുന്നു: പാവപ്പെട്ടവന്റെ രക്തത്തിന്മേലാണ് ഈ രാഷ്ട്രീയ വ്യവസ്ഥിതി പടുത്തുയർത്തിയിരിക്കുന്നത്. വോട്ട്, വിരൽമഷി, തിരിച്ചറിയൽ കാർഡ് തുടങ്ങിയ പൗരത്വത്തിന്റെ ചിഹ്നങ്ങൾ എങ്ങനെയാണ് ചൂഷണത്തിന്റെ ആയുധങ്ങളായി മാറുന്നതെന്ന് ഈ കഥ നമ്മെ ബോധ്യപ്പെടുത്തുന്നു.
ജനാധിപത്യം ഒരു മഹത്തായ ആശയമായി നിലനിൽക്കുമ്പോഴും അതിന്റെ പ്രയോഗം പണവും അധികാരവും നിയന്ത്രിക്കുന്ന ക്രൂരമായ വിനോദമായി മാറുമ്പോൾ, മുറിവേറ്റ ആ ചൂണ്ടുവിരൽ ഈ വ്യവസ്ഥിതിയുടെ നേർക്കുള്ള നിശ്ശബ്ദമായ ഒരു വിചാരണയായി അവശേഷിക്കുന്നു.

ഹരിത സാവിത്രി

Share this:

Recently added