സ്‌നേഹത്തിന്റെ കൂട്ടുകാരി :

ഇത് പോലെ സ്‌നേഹത്തെ സ്‌നേഹിച്ച,അതിന് വേണ്ടി വാദിച്ച,, സ്‌നേഹത്തിനു മോഹിച്ച ഒരാളെ
മലയാളം കണ്ടിട്ടുണ്ടോ? സംശയമാണ്. സ്‌നേഹത്തിനു വേർതിരിച്ചു അളന്നു കൊടുക്കുവാവുന്ന ഭാഗങ്ങൾ ഇല്ലെന്നും അതാണ് സ്‌നേഹത്തിന്റെ
ഭംഗിയെന്നും കണ്ടെത്തിയ മാധവിക്കുട്ടി. പാതിവ്രത്യത്തിന്റെ
തടവറകൾക്ക് പ്രണയത്തെ വിട്ടു കൊടുക്കാതിരുന്ന ആദർശ ധീരതയിൽ അഭിരമിച്ചിരുന്ന അമേയയായിരുന്നു ആമി എന്ന മാധവിക്കുട്ടി. സ്വന്തം മനസ്സിന്റെ അപ്പുറമുള്ള ലോകത്തിന്റെ
കാപട്യത്തിനു നേരേ വാതിൽ കൊട്ടിയടച്ച മാധവിക്കുട്ടി. വർണ്ണങ്ങളുടെ വാചാലതയിൽ നിന്നും വ്യതിചലിയ്ക്കാതിരുന്ന ലോകത്തിൽ വിഹരിച്ചിരുന്ന ഒരേയൊരു മാധവിക്കുട്ടി. പറയുന്നതൊന്നും പ്രവർത്തിയ്ക്കുന്നത് വേറെയൊന്നുമായ പരിഷ്‌കൃത ലോകത്തിന്റെ പതിവുകൾക്ക് പുറം തിരിഞ്ഞു നിന്ന മാധവിക്കുട്ടി. കൊൽക്കൊത്തയിലെയും പുന്നയൂർക്കുളത്തിന്റെയും ജീവിത വൈരുധ്യങ്ങളെ നീർമാതളം പോലെ മധുരവും ചെഞ്ചായക്കൂട്ടും നിറഞ്ഞതാക്കിയ മാധവിക്കുട്ടി. ഇങ്ങനെ എഴുതിയാൽ തീരില്ല ഒരിയ്ക്കലും വായിച്ച് തീർക്കുവാൻ കഴിയാത്ത പുസ്തകം ആയിരുന്നു മാധവിക്കുട്ടിയെക്കുറിച്ച്.
മാധവിക്കുട്ടിയ്ക്ക് തുല്യമായി വേറെ ആരെങ്കിലും വസുന്ധരയെ അലങ്കരിച്ചിട്ടുണ്ടോ! എക്കാലത്തെയും ഏറ്റവും മികച്ച വസു തന്നെ ആയിരുന്നല്ലോ അവർ. ആന്ധ്യം ബാധിച്ച നയനങ്ങളുമായി ആ വനിതയെ അടുത്ത് കാണാൻ നോക്കുന്നവരുടെ മുന്നിൽ ഇരുളിന്റെ ലോകത്തിന് കൂടുതൽ കറുപ്പാണ് മാധവിക്കുട്ടി. അതേ സമയം കണ്ണാടിയുമായി കാത്തിരുന്നവർക്ക് പൂർണ്ണമായും പ്രതിഫലിച്ചു കാണാം ആ മനസ്സ്.ശരിയായിരുന്നിരിയ്ക്കാം. വൈക്കം മുഹമ്മദ് ബഷീറിനെപ്പോലെ, ഏർനെസ്റ്റ് ഹെമിംഗ്വേയെപ്പോലെ ഉന്മാദത്തിന്റ
പൂക്കുടയുമായിരുന്നിരിയ്ക്കാം മാധവിക്കുട്ടിയുടേയും ജീവിതം. പക്ഷേ അനന്യയായിരുന്നു മാധവിക്കുട്ടി. വിലാസവതിയായിരുന്നു മാധവിക്കുട്ടി. കുതിച്ചൊഴുകുന്ന പുഴയായിരുന്നു മാധവിക്കുട്ടി. ആ കുത്തൊഴുക്കിൽ കടപുഴകി വീണ വ്യാജമായ വൻ മരങ്ങളെത്ര. നെയ്പായസം പോലെ പകർന്നു തന്ന വികാരങ്ങളുടെ
പഞ്ചാമൃതക്കൂട്ടുകളുമെത്ര!
കണ്ടിട്ടുണ്ട് മാധവിക്കുട്ടിയെ ഒരിയ്ക്കൽ. എറണാകുളത്ത് നിന്നും
പ്രശസ്ത സാഹിത്യകാരൻ ശ്രീ.സേതുവിനൊപ്പം ഞങ്ങളുടെ വടക്കാഞ്ചേരിയിൽ ഒരു യോഗത്തിന് ക്ഷണിയ്ക്കുമ്പോൾ. യോഗസ്ഥലത്തേയ്ക്ക് കൂട്ടിക്കൊണ്ട് വരാൻ താമസസ്ഥലത്ത് ശ്രീ.സേതു തന്നെ ചെന്നപ്പോൾ തീരേ വയ്യ എന്ന് പറഞ്ഞു അവർ.ആർക്കും അത്ഭുതമോ നിരാശയോ തോന്നിയില്ല. കാരണം മാധവിക്കുട്ടി അങ്ങനെ ആയിരുന്നല്ലോ. നക്ഷത്രങ്ങളുടെ ലോകത്തായിരുന്നു എന്നും മാധവിക്കുട്ടി. ഭൂമിയിലെ
നിയമങ്ങളും നിശ്ചയങ്ങളും അന്യമായിരുന്നു അവർക്ക്.

Like this:
Share this:

വായനക്കാരുടെ അഭിപ്രായങ്ങൾ അവരുടേത് മാത്രമാണ്; Readers Trend-ന്റെ നിലപാടല്ല. വിദ്വേഷം, അധിക്ഷേപം, അശ്ലീലം, സ്പർധ വളർത്തുന്ന പ്രതികരണങ്ങൾ എന്നിവ ഒഴിവാക്കുക.

0 0 votes
Article Rating
0 Comments

Recently added