പരിചിതമെനിക്ക് കോഴിക്കോട്ടെ രാത്രികൾ”
എന്ന സച്ചിദാനന്ദൻ വരികൾ മാത്രമേ കോഴിക്കോട് എത്തുമ്പോൾ എനിക്കു പരിചയമുണ്ടായിരുന്നുള്ളു.
കോഴിക്കോട് ചെലവൂരിലെ ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിൽ ഗവേഷണ വിദ്യാർത്ഥിനി ആയി ചേർന്ന ആദ്യ നാളുകളിൽ കോഴിക്കോടൻ ഭാഷ പോലും എനിക്കപരിചിതം.വളരെ വേഗത്തിലാ യിരുന്നൂ പക്ഷേ കോഴിക്കോടൻ പെരുമ എനിക്കു വശപ്പെട്ടത്.
ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലി (ICAR) ന്റെ കീഴിലുള്ള ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിൽ ജോലി ചെയ്യാൻ കിട്ടിയ അവസരം ജീവിതത്തിലെ ഏറ്റവും നിറമുള്ള കാലമായിരുന്നു. ICAR (IISR)National Agriculture Technology ന്റെയും Programme (NATP) ന്റെയും ഗവേഷണ ഫെല്ലോഷിപ്പുകൾ നേടിയതും ദേശീയവും അന്തർദേശീയവുമായ നിരവധി ഗവേഷണ സമ്മേളന ങ്ങളിൽ പങ്കെടുക്കാനായതും നിരവധി പ്രസിദ്ധീകരങ്ങളും ദേശീയ അഗീകാരങ്ങളും മുതൽക്കൂട്ടായതും….
ആർട്ടിസ്റ്റ് മദനൻ വരച്ചിട്ട നാട്ടിടവഴികളിലൂടെ വിസ്മയത്തോടെ ഒറ്റയ്ക്ക് അലഞ്ഞു നടന്ന കാലം. മിഠായി തെരുവിൽ, സരോവരത്തിൽ, കളിപ്പൊയ്കയിൽ, കല്ലായിക്കടവത്തും ലോകനാർക്കാവിലും അഴകൊടിയിലും കാപ്പാട്ടെ ഉള്ളുപൊള്ളുന്ന നട്ടുച്ചയിലും പ്രിയ സുൽത്താന്റെ ബേപ്പൂരും…. ജോൺ എബ്രഹാമിനെ ഓർമ്മിക്കാതെ കടന്നുപോകുവാൻ പറ്റാത്ത ഇടവഴി, കാതോർത്താൽ ബാബുക്കയുടെ നേർത്ത സ്വരം കേൾക്കാവുന്ന ബീച്ച് റോഡ്…
സ്വപ്നച്ചിത്രങ്ങളുടെ ആർട്ട് ഗാലറി, കച്ചേരികളും ഗസലുകളും കേൾപ്പിച്ചു കോരിത്തരിപ്പിച്ച ടൗൺ ഹാളും, ടാഗോർ തിയറ്ററും…. ഹോളിവുഡ് ഇംഗ്ലീഷ് സിനിമകൾ മാത്രം പ്രദർശിപ്പിച്ചിരുന്ന ക്രൗൺ തിയറ്ററും, രാധയും, കോർണേഷനും, ഡേവിസണും, ബ്ലൂ ഡയമണ്ടും കാണിച്ച് തന്ന എത്രയെത്ര സിനിമകൾ.
കലന്തൻസിലെ കട്‌ലറ്റ്, രുചിയിലെ, ദക്ഷിണിലെ, സാഗറിലെ, പാരഗണിലെ, റഹ്മത്തിലെ എണ്ണമറ്റ രുചിക്കൂട്ടുകൾ…
കയിച്ചിലാവുക എന്നാൽ ആകെ കഷ്ടത്തിലാവുക എന്ന് തെറ്റിദ്ധരിച്ച ആദ്യ നാളുകൾ. പെരുവണ്ണാമുഴിയിലെ കാന്റീനിൽ നിന്ന് ഊണ് കഴിച്ചിറങ്ങിയപ്പോൾ ‘ഇലയെടുത്ത് ചാടിക്കള…’ താഴെ ഇലകൾ വീണു കിടക്കുന്ന കുഴി കണ്ടു പകച്ചുനിന്ന എന്നെ നോക്കി കോയക്ക ചിരിച്ച ഒരു ചിരിയുണ്ട്… ഇപ്പോഴും ഓർത്തോർത്തു ചിരി വരുത്തുന്ന ഒരു ചിരി..
‘എന്നോട് ടെസ്റ്റ് ട്യൂബ് പൊട്ടിപ്പോയിനി’ എന്നു ഗീതേച്ചി. ഞാനൊരു ടെസ്റ്റ് ട്യൂബ് പൊട്ടിച്ചു എന്നിങ്ങനെയും പറയാം! ഒരു പെണ്ണുങ്ങൾ എന്നു സ്ത്രീയെ ബഹുമാനിക്കുന്ന കോഴിക്കോടൻ ഭാഷാ ചന്തം എനിക്കും വഴങ്ങി വന്നു. എന്തിനെയ്‌നും, ഏഡ്തൂ, ഇല്ല്യേൻനോ, നിക്ക്ച്ചംല്യാ… ആ പറച്ചിലുകളൊക്കെ പതിയെ പതിയെ എന്നിലേക്കും കടന്നുവരുകയായിരുന്നു. മറയും കറയുമില്ലാത്ത പെരുമാറ്റം കൊണ്ട് കോഴിക്കോട്ടുകാർ നമ്മളെ അവരിലൊരാളാക്കിക്കളയും. അധികം വൈകാതെ ഞാനും ഒരു കോഴിക്കോട്ടുകാരിയായി മാറുകയായിരുന്നു. അതെ. എന്നിൽ കോഴിക്കോടൻ സ്‌നേഹത്തിന്റെ നിറമുള്ള മഴ നിറഞ്ഞു പെയ്തകാലങ്ങൾ. അന്ന് കോഴിക്കോടൻ മണ്ണിൽ ആദ്യമായി എന്റെ കാലടികൾ പതിയുമ്പോൾ. ഒരു മഴ തങ്ങിനിന്നിരുന്നുവെന്ന് അവ്യക്തമായ ഒരോർമ്മ.
ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിൽ റിസർച്ച് ഫെലോ ആയി നിയമന ഉത്തരവ് കയ്യിൽ കിട്ടിയ നാൾ മുതൽ വലിയ സന്തോഷത്തിലായിരുന്നു ഞാൻ. അക്ഷരങ്ങളിലൂടെ അടുത്തറിഞ്ഞ ചില സൗഹൃദങ്ങൾ കോഴിക്കോട് ഉണ്ടായിരുന്നു. അവർക്ക് കോഴിക്കോടിനെകുറിച്ച് പറയുമ്പോൾ നൂറ് നാവായിരുന്നു. ആ നന്മയുടെ മണ്ണിലേക്കാണ് ഞാൻ വന്നെത്തിയിരിക്കുന്നത്.
അച്ഛനോടൊപ്പം കോഴിക്കോടേക്ക് പുറപ്പെട്ട ആ ദിവസമാണ് ജീവിതത്തിലെ വലിയൊരു വേദനയും എന്നെ തേടിയെത്തിയത്. അച്ഛന്റെ അധ്യാപകനും ലളിതാംബിക അന്തർജ്ജനത്തിന്റെ മകനുമായ ശ്രീ എൻ മോഹനൻവല്യച്ഛന്റെ പെട്ടെന്നുള്ള വിയോഗവാർത്ത ഏറെ തളർത്തി കളഞ്ഞു.
സാഹിത്യ അക്കാദമി ക്യാമ്പിൽ ഭയാശങ്കകളുടെ അദ്ദേഹത്തെ കാണാൻ എത്തിയ എന്നെ ഭാസ്‌കരന്റെ മകളാണല്ലേ എന്ന് ചേർത്തു നിർത്തി. പിന്നീട് എന്റെ കഥകളൊക്കെ വായിച്ചിട്ട് നിന്റെ കഥയിൽ മുഴങ്ങുന്നൊരു ധ്വനി ഉണ്ട് അടിത്തറയും ശില്പചാതുരിയും ഉണ്ട് എന്നെ കരുതലും സ്‌നേഹവും ഉപദേശങ്ങളും ഒക്കെ തന്ന് വല്ല്യച്ചൻ എന്നു വിളിക്കാൻ സ്വാതന്ത്ര്യം പോലും തന്ന് ഇടയിൽ വീട്ടിൽ വന്ന, എന്നെ വീട്ടിൽ കൊണ്ടുപോയ ആ വലിയ ആൾ പോയ ശൂന്യതയിൽ ആണ് ഞാൻ കോഴിക്കോട് കാലുകുത്തിയത്.
മുൻകൂട്ട കോഴിക്കോട്ടെ പാളയം ബസ്സ്റ്റാന്റിൽ വിഷാദം മൂടി നിൽക്കു മ്പോൾ സതീഷേട്ടൻ (സതീഷ് കെ സതീഷ്) ഓടി വന്നു. ഞങ്ങൾ കോഴിക്കോട് വരുന്ന കാര്യം നേരത്തെ വിളിച്ചറിയിച്ചിരുന്നു. ഇനി നിങ്ങളാണ് ഇവളുടെ ലോക്കൽ ഗാർഡിയൻ എന്നെന്നെ അച്ഛൻ ഏൽപ്പിക്കുമ്പോൾ ഞാൻ കരുതിയിരുന്നില്ല സ്‌നേഹവും കരുതലും ഇത്രമേൽ കോഴിക്കോട് നഗരം എനിക്ക് വാരിക്കോരി തരുമെന്ന്

പിന്നീട് മിഠായി തെരുവിന്റെ തിരക്കുകളിലേക്ക് ഞാനെന്നെ ഒഴുകാൻ വിട്ടു. മാനാഞ്ചിറയുടെ സ്വച്ഛതയിൽ ഞാനെന്നെ സന്ധ്യാ വെയിൽ കായാനിരുത്തി…
പ്രണയസരോവര തീരം… ആദ്യമായി കേട്ട ബാങ്ക് റോഡിലെ വലിയ മരച്ചുവട്… നിറ വിസ്മയം തീർത്ത ‘മിഠായിത്തെരുവ്’ എന്ന കോഴിക്കോടിന്റെ ഹൃദയമായ മധുരത്തെരുവ്. ഗസലും മൈലാഞ്ചി മൊഞ്ചും മാപ്പിളപ്പാട്ടും നിറച്ച നിരവധി കോഴിക്കോടൻ സന്ധ്യകൾ.
ഏതൊരു നഗരത്തിലെത്തിയാലും ചെയ്യാറുള്ള പോലെ കൊച്ചുകൊച്ച് ഇടവഴികളിലൂടെ കോഴിക്കോടിന്റെ ഉള്ളകങ്ങളിലേക്ക് ഭയമേതുമില്ലാതെ ഒറ്റയ്ക്ക് ഞാനും അലഞ്ഞു നടന്നു. എതിരെ വരുന്ന സുന്ദരന്മാരോട് ‘അല്ല മാഷേ ഈ കോർപ്പറേഷൻ ബാങ്ക് എവിഡേയ്‌നു ന്ന് ഒരു ആവശ്യവുമില്ലാതെ ചോദിച്ചും അവരുടെ പെട്ടെന്നുള്ള അന്ധാളിപ്പിൽ ഊറിചിരിച്ചും ഞാനങ്ങനെ നടന്നു നടന്നേ പോയ ഇടവഴികൾ…
ഒറ്റ യാത്രികയായി ആനക്കാംപൊയിൽ ബസ്സിൽ രസിച്ചങ്ങനെ പോകുമ്പോൾ ‘ങ്ങള് സ്‌പെസല് വിളിച്ചു പോകുവാല്ലേ’ എന്ന് സ്‌നേഹത്തോടെ ചോദിക്കുന്ന കണ്ടക്ടർ സാർ മുതൽ ബസ്സിറങ്ങി ഹോസ്റ്റലിലേക്ക് നടക്കുമ്പോൾ ഇരുട്ട് വീണു എന്ന് തോന്നിയാൽ ‘ഞാൻ ആക്കി തരാം ‘എന്ന് പീടികയിലെ തിരക്ക് പോലും വകവയ്ക്കാതെ കൂടെ വരാറുള്ള മൂസാക്ക വരെ… ഒരിക്കൽ പരിചയപ്പെട്ടാൽ പോലും ദീർഘ സൗഹൃദത്തിലെന്ന പോലെ പെരുമാറാനുള്ള അസംഖ്യം ആളുകൾ… അവരൊക്കെ എനിക്ക് ആരായിരുന്നു? സാഹിത്യത്തിലും സിനിമയിലും നിറയെ സൗഹൃദങ്ങൾ… ചലച്ചിത്ര മേളയ്ക്ക് ഡെലിഗേറ്റ് പാസ്സൊക്കെ കിട്ടുമായിരുന്നു…
ഞാനെന്നെ ഒളിപ്പിച്ച, പട്ടംപോലെ പറത്തി വിട്ട, ഉരുകി ഒലിക്കാൻ വച്ച, പൂത്തുലയുവാൻ നട്ടുവച്ച കോഴിക്കോടൻ മണ്ണ്, മഴ, നിലാവ് ഒക്കെയും വീണ്ടും ഓർമിച്ചു. കോഴിക്കോട് യേശുദാസ് സാറിന്റെ പ്രിയശിഷ്യ എന്റെ സഹമുറിയത്തിയായി. ഞാൻ വരുമ്പോഴും കസ്തൂരി മണമുള്ള പാട്ടുകൾ കൂടെ വന്നു. നിറ സൗഹൃദങ്ങളുടെ സുഗന്ധം വിളയുന്ന സുഗന്ധവിള ഗവേഷണകേന്ദ്രത്തിൽ ഗവേഷണത്തിനൊപ്പം സാഹിത്യവും സൗഹൃദവും സ്‌നേഹവും ഒക്കെ ഒഴുകി പരന്നു
ഒരു ദിവസം ഓഫീസിൽ ഡോക്ടർ പ്രസാദ് എന്നെ കാണാൻ എത്തിയത് ടിവി കൊച്ചുബാവയെ കണ്ടു മടങ്ങുമ്പോഴാണ്. എന്നെക്കുറിച്ചും സംസാരിച്ചിരുന്നുവെന്നും അടുത്ത ദിവസം തന്നെ കൊച്ചു ബാവയുടെ വീട്ടിൽ എന്നെ കൊണ്ടുപോകാമെന്നും വലിയ സ്വപ്ന സാക്ഷത്കാരത്തിന്റെ സ്വപ്നത്തിന്റെ ചിറകിലങ്ങനെ… കൊച്ചു ബാവയെന്ന വലിയൊരു മനുഷ്യൻ തൊട്ടടുത്തു ജീവിക്കുന്നുവെന്നും ഞാൻ അദ്ദേഹത്തെ കാണാൻ പോകുന്നൂ എന്നും… സ്വപനത്തിലോ ഉന്മാദത്തിലോ എന്നു ഞാനെന്നെത്തന്നെ നുള്ളി നോക്കി. പിറ്റേന്നാണ് വെറും നാൽപ്പത്തിനാലു വയസ്സിന്റെ ചെറുപ്പത്തിൽ അദ്ദേഹം ഈ ലോകം വിട്ട് പൊടുന്നനെ പോയത്. ഹൃദയം കീറിപ്പറിക്കുന്ന നൊമ്പരത്തോടെ അല്ലാതെ അതൊന്നും ഇപ്പോഴും ഓർക്കാൻ വയ്യ.
ലൈബ്രറി കോംപ്ലക്കിനു താഴെ ഡിസി ബുക്‌സ് ന്റെ ഓഫീസിൽ പലപ്പോഴും പോയിരുന്നത് പുസ്തകം വാങ്ങാൻ മാത്രമായിരുന്നില്ല. നിറയെ സൗഹൃദങ്ങൾ ചർച്ചകൾ, എത്തിച്ചേർന്ന പുസ്തകങ്ങളെ ക്കുറിച്ച്, വരുവാനുള്ള പുസ്തകങ്ങളെക്കുറിച്ച് ശശിയേട്ടൻ വിസ്തരിച്ച ങ്ങനെ പറഞ്ഞു തരും.
കഥയിലോ ജീവിതത്തിലോ ആരുമല്ലാതിരുന്ന എന്നെപ്പോലെ ചെറിയ ഒരുവളെ പോലും ശശിയേട്ടൻ അത്രമേൽ പരിഗണിച്ചിരുന്നൂ എന്നത് ഇന്നും ആശ്ചര്യമായി തോന്നിപ്പോകുകയാണ്. അന്ന് കടയിൽ വരുന്ന ഏതെങ്കിലും സാഹിത്യകാരന്മാരെക്കൊണ്ട് ഈ ചെറിയവളുടെ കഥയൊക്കെ വായിപ്പിച്ചിട്ട് ‘ദേശാഭിമാനീല് വന്ന അന്റെ കഥയില്ലേ അതു വായിച്ചിട്ട് മൂപ്പര്ക്കിഷ്ടപ്പെട്ടൂട്ടോന്ന്’ എന്നെ വിളിച്ചു പറയും…. സുഗന്ധ വിള ഗവേഷണ കേന്ദ്രത്തില് ങ്ങനെ ഒരു കക്ഷി ഒണ്ട്‌ട്ടോ ങ്ങള് പരിചയപ്പെട്ടോളീ ന്ന് പലരോടും പറയേം ചെയ്യും…
കോഴിക്കോട് ഉണ്ടായിരുന്ന കാലമത്രയും ഞാൻ നിരന്തരം എഴുതിയിരുന്നു, നിറയെ പ്രസിദ്ധീകരിച്ചിരുന്നു, കെ പി കേശവൻ റോഡിലൂടെ, കോൺവെൻറ് റോഡിലൂടെ ഒക്കെ അഭിമാനത്തോടെ അങ്ങനെ നടന്നിരുന്നു.
ജീവിതം പലവട്ടം എന്നെ പറിച്ചു നട്ടു. ഇടുക്കിയിൽ എറണാകുളത്ത്, കോട്ടയത്ത് തിരുവനന്തപുരത്ത് പിന്നെ കോഴിക്കോട് വേരുകൾമറിഞ്ഞും കിളിർത്തും.. ഏറ്റവും ആഴത്തിൽ വേരോടിയത് കോഴിക്കോട്ടെ മണ്ണിലാണ്.
കല്യാണം കഴിഞ്ഞ് ആദ്യമായി ഒരുമിച്ചു താമസിച്ച മൂഴിക്കലിലെ ഒറ്റ മുറി സ്വർഗ്ഗത്തിലേക്കും നിരന്തരം കൂട്ടുകാർ വന്നു. കോഴിക്കോടൻ സ്‌നേഹത്തിന്റെ ചാകരയായിരുന്നു അവിടെ. ‘മൂപ്പർക്കും അന്റെ അതേ ഹൃദയ താളമെന്ന്’ കൂട്ടുകാർ. പാട്ടും കവിതയും പാചകവുമായി അങ്ങനെ… അങ്ങനെ..
20 വർഷങ്ങൾക്കിപ്പുറം ഞാനിതൊക്കെ ഓർത്തു നോക്കുവാൻ പ്രത്യേക കാരണം ഉണ്ടായി. കഴിഞ്ഞ ദിവസമാണ് സുഗന്ധവിള ഗവേഷണകേന്ദ്രത്തിൽ ഒപ്പം ഉണ്ടായിരുന്ന ഡോക്ടർ ബി. ശശികുമാർ എന്ന കാർഷികശാസ്ത്രജ്ഞന്റെ ‘തിരിയും ചുമടും’ എന്ന ഓർമ്മപ്പുസ്തകം ഒറ്റയിരിപ്പിന് വായിച്ചുതീർത്തത്. സത്യത്തിൽ ഞാൻ എന്നിലേക്ക് തിരിഞ്ഞു നടക്കുകയായിരുന്നു.
ശശികുമാർ സാറിനെ അറിയാത്തവർ പോലും സാറിന്റെ കണ്ടുപിടിത്തങ്ങളെ കുറിച്ച് അറിയും. 400 ലേറെ ലേഖനങ്ങൾ, അതും തനത് ശൈലിയിൽ, ഫലിതോപ്തിയിൽ, നാടൻ ഭാഷയുടെ, കാർഷിക പൈതൃകത്തിന്റെ കൈവഴക്കത്തിൽ… ദേശീയവും അന്തർദേശീയവുമായ നിരവധി പുരസ്‌കാരങ്ങൾ, സ്റ്റാൻസ് ഫോർഡ് യൂണിവേഴ്‌സിറ്റി എണ്ണിപ്പെറക്കിയെടുത്ത രണ്ട് ശതമാനം അഗ്രഗണ്യരായ ശാസ്ത്രജ്ഞ രിൽ ഒരാൾ, പന്ത്രണ്ടോളം തനത് വെറൈറ്റികൾ റിലീസ് ചെയ്ത ഒരാൾ.. അവയൊക്കെ നമ്മൾ അറിയും.. പ്രതിഭ എന്ന അത്യുഗ്രൻ മഞ്ഞൾ, വരദ എന്ന ഇഞ്ചിയിലെ വരദാനം…
മഞ്ഞക്കൂവ എന്ന അടിയുറച്ച അന്ധവിശ്വാസത്തിൽ നിന്നും യഥാർത്ഥ കസ്തൂരിമഞ്ഞളിനെ ജനങ്ങളിലേക്ക് എത്തിക്കുവാൻ, അത്ഭുത സിദ്ധികളുടെ മൂട് പടത്തിൽ നിന്ന് പാവം കരിമഞ്ഞളിനെ രക്ഷിക്കുവാൻ സാറ് നടത്തിയ നീണ്ട സപര്യകൾ, ഒക്കെയും ഒക്കെയും നമ്മൾ അറിയും.
സാറിന്റെ വനയാത്രകൾ എന്നെ സന്തോഷ് ഈപ്പൻ സാറിനോടൊപ്പമുള്ള മുള്ളൻകൊല്ലി യാത്രകളിലേക്ക് തിരികെ കൊണ്ടുപോയി. കോയക്ക പറിച്ചു തരാറുള്ള ഓർക്കിഡുകളുടെ വന സൗന്ദര്യത്തിലേക്ക് കൊണ്ടുപോയി. പി വത്സലയേയും ഡി. വിനയചന്ദ്രനെയും തിരികെ കൊണ്ടുവന്നു. കാട്ടിൽ നിലാവുണ്ട് നട്ടുച്ച നേരവും…
ഏലയ്ക്ക മണമുള്ള മഞ്ഞിൽ മൂടിയ കുടകോർമ്മകൾ.. നിസർഗ്ഗ ദാമാ… ശശികുമാർ സാറിന്റെ പെരുവണ്ണാമൂഴി യാത്രകൾക്കൊപ്പം വീണ്ടും ഞാനും പോയി. കാർഷിക ഗവേഷണമെന്നാൽ വെറും കടലാസ് റിപ്പോർട്ടുകളല്ല എന്ന് തിരിച്ചറിഞ്ഞ പരീക്ഷണ കാലം. പുനർ യൗവനം വരുത്തിയ എന്റെ കുരുമുളക് വള്ളികൾ തളിരിട്ടു നിൽക്കുന്നതു കണ്ടപ്പോൾ തോന്നിയ പഴയ ചാരിതാർത്ഥ്യം. മങ്കോസ്റ്റിനും പേരക്കയും ചാമ്പയും മാമ്പഴവും കരിക്കുമൊക്കെ ചേർന്ന രുചിയുടെ പെരുംകാലം.
തിരികെ ഞാൻ ലാബിലെത്തി. നിമറ്റോളജിയുടെ ഒറ്റക്കുട്ടിപ്പെ രുമയിൽ ഞാൻ വീണ്ടും. ചന്ദനമരങ്ങളെ തഴുകിയെത്തിയ ചെറുകാറ്റെന്നെ ചുറ്റിപ്പറ്റിനിന്നു.
നേർത്തശബ്ദത്തിൽ മുൻപെന്നപോലെ ലാബിലാകെ ഗസലുകൾ ഒഴുകിപ്പരന്നു. പഴയ ചെടികളൊക്കെ തലയെടുപ്പ് കാട്ടി,ഇലയനക്കി എന്നെ വിളിച്ചു.
നിമാറ്റോളജി ലാബ് വീണ്ടും എന്റേതായി. രമണസാറും സന്തോഷ് ഈപ്പൻ സാറും കോയാക്കയും ശശിധരൻ സാറുമൊക്കെ എന്നെ സ്വന്തമെന്നപോലെ ചേർത്തു നിറുത്തി. ആർട്ട് സിനിമയ്ക്കു സെറ്റിട്ടു വച്ചപ്പോലെ നിറച്ചും ബൾബുകൾ തെളിച്ചു പഠിക്കുവാൻ സന്തോഷ് സാറൊരുക്കി വച്ച വർണ്ണവിസ്മയരാക്കാഴ്ച എന്നെ ഉല്ലാസവതിയാക്കി.
‘യാരിത് ബീനാവാ’ അനന്തരാജ് സാറും കുമാർ സാറും ദേവസഹായംസാറും ശ്രീനിവാസൻ സാറുമൊക്കെ ഗവേഷണ ചർച്ചകൾക്കിടയിലും എന്നെ സ്‌നേഹത്തോടെ വിളിക്കും പോലെ..
ഇപ്പോൾ ജോലി ചെയ്യുന്നിടത്ത് നിന്നും പഠന ആവശ്യത്തിനു single day പോലും ലീവ് തരില്ല എന്ന പരുക്കൻ യാഥാർത്ഥ്യത്തിനു മുമ്പിൽ വെറുങ്ങലിച്ചു നിന്ന ദുരിത സങ്കടകാലം. വെറുമൊരു നാലഞ്ച് ദിവസത്തെ ലീവ് പോലും കിട്ടാതെ പി എച്ച് ഡി സബ്മിറ്റ് ചെയ്യുവാൻ നാലു വർഷങ്ങൾ കാത്തിരിക്കേണ്ടി വന്ന കറുത്ത, വാക്കിനാൽ വരച്ചിടാൻ പോലും പറ്റാത്തത്ര വേദനാ ദിനങ്ങൾ., ശനിയും ഞായറും ഒരുമിച്ച് അവധി കിട്ടി ഞാൻ ഓടിയെത്തുമ്പോൾ രാവു വെളുക്കുവോളം സയന്റിസ്റ്റ് ഹോസ്റ്റലിൽ എന്റെ ഗവേഷണ പ്രബന്ധം തെറ്റ് തിരുത്തി തന്ന, പൊടിക്കുഞ്ഞുമായി യാത്ര ചെയ്യുന്നതാണ് സൂക്ഷിച്ചു പോകണം എന്ന് പിന്നെയും ഉറങ്ങാതിരുന്ന് കൂടെക്കൂടെ വിളിച്ച് ചോദിച്ച രീ ഗൈഡ് അനന്തരാജ് സാറിന്റെ കരുതലിനെ , എന്റെ ഗവേഷണ ഗൈഡ് ആയിരുന്ന രമണ സാർ എന്നിൽ അർപ്പിച്ച വിശ്വാസത്തെ,എനിക്ക് തന്ന സ്വാതന്ത്ര്യത്തെ, വാത്സല്യത്തെ, എപ്പോഴും ഒപ്പമുണ്ടായിരുന്ന സന്തോഷ് ഈപ്പൻസാറിന്റെ സ്‌നേഹത്തെ ഒക്കെയും എന്തു പേരിട്ടാണ് വിളിക്കേണ്ടത് എന്നെനിക്കറിയില്ല. സന്തോഷ് സാറെന്ന നിമാറ്റോളജി വിദഗ്ധനു കഠ യുടെ മായാ ജാലികകൾ ഇത്ര വേഗം കയ്യൊതുങ്ങുന്നത് കണ്ട് അത്ഭുതപെട്ടിട്ടുണ്ട്.
സന്തോഷ് സാർ റിട്ടയർ ആയപ്പോൾ, ഡയറക്ടർ സ്ഥാനത്ത് ഒക്കെ ഇരുന്ന ആളല്ലേ തിരക്കൊക്കെ ഒഴിഞ്ഞിട്ട് സാവകാശം വിളിക്കാം എന്ന് കരുതിയിരുന്ന എന്നെ ഞെട്ടിച്ചുകൊണ്ട് ‘നിങ്ങൾ എന്തൊരു മനുഷ്യസ്ത്രീയാണ് ഇവിടെ ഒരാൾ റിട്ടയർ ആയിട്ട് ഒന്നു വിളിച്ചുവോ’ എന്നെന്നെ തേടി വന്ന ആ വിളി, എന്റെ ജീവിതത്തിലെ ഏറ്റവും ധന്യമായ നിമിഷങ്ങളിൽ ഒന്നായത്., ഇരുപത് വർഷങ്ങൾക്കിപ്പുറവും ഞാൻ ആരോ ആണെന്ന് തിരിച്ചറിഞ്ഞത് ഇപ്പോഴത്തെ ജോലിയുടെ ഏറ്റവും ദുരിതപൂർണ്ണമായിരുന്ന, വെറുപ്പിന്റെ പടുകുഴിയിലേക്ക് വീണുപോയ രണ്ടു വർഷങ്ങളിലൊരു ദിനമായിരുന്നു എന്നത്,.. ഔദ്യോഗിക ദുരിതങ്ങളുടെ ആത്മസംഘർഷങ്ങൾ ആകെ പങ്കു വയ്ക്കാറുള്ളത് സാറിനോട് മാത്രമായിരുന്നു. നിനക്ക് എന്തൊക്കെ കഴിവുകളുള്ളതാടോ എന്നെന്നെ മറ്റു മേഖലകളിലേക്ക് തിരിച്ചുവിടാൻ ആത്മബലം തന്നത് ഒരിക്കലും ഒരിക്കലും മറക്കാനാകില്ല
വായനാ ലഹരിയിൽ ഞാൻ വീണ്ടും.
നിറ സൗഹൃദങ്ങളുടെ സുഗന്ധം വിരിയുന്ന സുഗന്ധവിള ഗവേഷണ കേന്ദ്രം…ഞങ്ങൾ കൂട്ടുകാർ ജോലികളിൽ പരസ്പരം സഹായിച്ചും ഭക്ഷണം ഉണ്ടാക്കിയും പങ്കുവെച്ചു കഴിച്ചും ഗവേഷണകൗതുകങ്ങളുടെ ആത്മനിർവൃതികളിൽ… സൗഗന്ധികത്തിലെ രാത്രികൾ, കസേരയിലെ ടർക്കി വിരിച്ചിട്ട് ലാബിന്റെ നിലത്തു കിടന്ന പണിതീരാത്ത രാത്രികൾ.ജിഷയും ഗംഗയും അനു ചേച്ചിയും മായേച്ചിയും വിജയയും നിമയും ഡിബിയും അരുണും സന്ദീപും സ്റ്റീഫനും ബോസ്‌കോയും രാജേഷും……
രാത്രിയും പകലും ഞങ്ങൾ ഗവേഷണ വിദ്യാർത്ഥികൾക്ക് ഭീതിയേതുമില്ലാതെ ജോലി ചെയ്യുവാൻ സ്വാതന്ത്ര്യം തന്ന ഡയറക്ടർ ശർമ്മാജി എന്ന Dr Y. R ശർമ്മ സാർ.ഒരു കൃഷി ശാസ്ത്രജ്ഞൻ എങ്ങനെയാണ് കർഷകർക്ക് കൺകണ്ട ദൈവമാകുന്നത് എന്നു ഞാൻ വിസ്മയത്തോടെ കണ്ടു. ചേമ്പിലയിൽ പൊതിഞ്ഞെടുത്ത മണ്ണും വേരുകളുമൊക്കയായി ചേറുപുരണ്ട കാലുകളുമായി അവർ ശർമ്മാജിയുടെ മുറിയിൽ നിന്നും സന്തോഷത്തോടെ തിരിച്ചിറങ്ങി പോകുന്നത് നിരന്തരം കാണാറുണ്ട്.
ചെമ്പകപ്പൂവിന്റെ നൈർമല്യത്തോടെ,നിറഞ്ഞ ചിരിയോടെ, സ്‌നേഹത്തോടെ ചെമ്പക മാഡം എന്റെ ആദ്യത്തെ ഗർഭാലസ്യങ്ങളെ, ആശങ്കകളെ അമ്മക്കരുതലിൽ അലിയിച്ചുകളഞ്ഞത്…രമ മാഡം തങ്കമണി മാഡം.സുശീല മാഡം, വീണാ മാഡം….
ശശികുമാർ സാറിന്റെ കൃഷ്ണമൂർത്തി ഫലിതങ്ങളിൽ ഞാൻ നിറഞ്ഞു ചിരിച്ചു. വാല ന്റൈൻ അമളി ളയ യിൽ വായിച്ചപ്പോൾ അരികത്തുണ്ടായിരുന്നിട്ടും പ്രണയോപനിഷത്തിലെ കൈയക്ഷരങ്ങൾ ഞാൻ മാത്രം തിരിച്ചറിഞ്ഞില്ലല്ലോ എന്നു പരിഭവിച്ചു. ശാസ്ത്രത്തിന്റെ കടു കട്ടി ചോദ്യങ്ങൾക്കൊപ്പം അജീത് കൗറിന്റ ആത്മ കഥ ഏത്? സുഗന്ധവിളയുടെ പേരിൽ തുടങ്ങുന്ന ചലച്ചിത്ര ഗാനമേത് തുടങ്ങിയ ചോദ്യങ്ങൾ കൊണ്ട് ഞങ്ങളുടെ തങ്കക്കിനാവിൻ താഴ്വരയിൽ കുങ്കുമപ്പൂക്കൾ വിരിയിക്കാറുള്ള പ്രശ്‌നോത്തരിക്കാരൻ.
ഒരു വൈകുന്നേരം ടൗണിൽ ആക്കി തരാമോ എന്നു വണ്ടിയിൽ ഓടിക്കയറിയ എന്നെ നേരെ വീട്ടിലേക്കാണ് കൊണ്ടുപോയത്. നാട്ടിൽ നിന്നും ഭാര്യയും കുഞ്ഞും വന്നിട്ടുണ്ട് എന്ന സന്തോഷത്തിൽ. ചെന്നപാടേ പിച്ച നടക്കുന്ന, അക്ഷരമുറയ്ക്കാത്ത കുഞ്ഞിക്കുറുമ്പൻ ന്യൂസ് പേപ്പറുമായി സാറിന്റെ മടിയിൽ ചാടിക്കയറി. ആനയുടെ ചിത്രത്തിൽ വിരൽ തൊട്ട് ‘അമ്പട ആനേ അച്ഛനോട് കളിക്കല്ലേ ‘. അമ്പട അച്ഛാ’ ഞാൻ സാറിനെ ഒളികണ്ണിട്ടു നോക്കി. ലോകം മുഴുവൻ നഷ്ടപ്പെട്ട ഒരുവന്റെ വേദനയോടെ മോൻ എന്നെ നോക്കി വായന തുടരുകയാണ്. ‘ പാമ്പു വേലായുധൻ മരിച്ചു പോയീ’. അക്ഷരങ്ങൾ സത്യത്തിൽ എന്തിനാണ്? മാഡത്തിന്റെ സ്‌നേഹാതിഥ്യങ്ങൾ ഏറ്റുവാ ങ്ങിയാണന്ന് തിരിച്ചു പോയത്.
മുറുക്കി ചുവപ്പിച്ച്, എന്തും വെട്ടി തുറന്നുപറയുന്ന കുഞ്ഞിക്കണാരേട്ടൻ മുതൽ ടെസ്റ്റ് ട്യൂബുകൾ കഴുകി വെക്കുന്ന പ്രബിതയും സുനോജും മുതൽ മനസ്സിന്റെ നേർത്ത നൂൽപ്പാലത്തിലൂടെ എന്റെ കല്യാണത്തിന് ഓടിയെത്തി ആഴത്തിൽ എന്നെ സ്‌നേഹിച്ച പുരുഷുവേട്ടൻ മുതൽ അർപ്പണബോധത്തിന്റെ പര്യായമായിരുന്ന സന്ധ്യ മുതൽ, വരയിൽ വിസ്മയങ്ങൾ തീർക്കുന്ന സുധാകരൻ സാർ മുതൽ എപ്പോഴും കലപില കൂട്ടി ഓടി നടക്കുന്ന സീമയുടെ ‘ബീനേച്ചി ഇങ്ങള് വീണ്ടും വന്നിനോ’ വരെ…
‘ഏകാധികേന പൂർവ്വേണ ‘ നേരം കിട്ടുമ്പോഴൊക്കെ ഞങ്ങളെ ചേർത്തിരുത്തി വേദഗണിതത്തിന്റെ വിസ്മയ പാഠങ്ങൾ പറഞ്ഞു തന്നിരുന്ന, സ്റ്റാറ്റിസ്റ്റിക്‌സ് നീളൻ സമസ്യകളുടെ കുരുക്കഴിച്ച് തന്നിരുന്ന കുറുപ്പ് സാർ, നമ്മൾ മോണിംഗ് വാക്ക് എന്നു പറയുന്നത്ര ലാഘവത്തോടെ ജീൻ വാക്കും ജീൻ ജമ്പും വിവരിച്ച് തന്നിരുന്ന നിർമ്മൽ ബാബുസാർ…ലീവ് കിട്ടാതെ അലഞ്ഞ കാലത്തു ഞാനെത്തുന്ന വൈകുന്നേരങ്ങളിൽ പോലും പിസി ആറും മോളിക്യുലർ ബയോളജി ടെസ്റ്റുകളും ഒക്കെ ചെയ്യുവാൻ എന്ന സഹായിച്ച പ്രിയ ജോയൽ, നിങ്ങൾ എന്റെ കുഞ്ഞനുജനായിരുന്നുവോ, ശശികുമാർ സാർ വരച്ചിട്ട ഔദ്യോഗിക അവഗണനകൾ, ചരടുവലികൾ, അടിയൊഴുക്കുകൾ, കുതികാൽ വെട്ടലുകൾ, നീതി നിഷേധങ്ങൾ, ഒന്നും തന്നെ അതിന്റ ആഴത്തിലുള്ള വേദന തിരിച്ചറിയുമ്പോളും ഞാൻ മനസ്സിലേക്കെടുത്തില്ല.internal politics ഒരിക്കലും അത്ര രസമുള്ള നാടകമല്ലല്ലോ.
എന്നുള്ളിലിപ്പോഴും നിറമുള്ള ഓർമയായി, അറിവ് വിനയാ ന്വിതരാക്കിയ ഒരു പറ്റം വലിയ ആളുകളുടെ കൂട്ടായ്മയായി, ആരുമല്ലാതായിരുന്ന ഞങ്ങൾ കുട്ടികളെ ഭാരിച്ച ഉത്തരവാദിത്തവും പരിഗണനയും തന്ന് ഒരുപാടുയർത്തിപ്പിടിച്ച ഗവേഷണ സ്ഥാപനമായി കോഴിക്കോട് ചെലവൂരിലെ IISR നിൽക്കട്ടെ. ഞങ്ങൾക്ക് കിട്ടിയ പരിഗണനകൾ, അംഗീകാരങ്ങൾ ഒക്കെയും രാപ്പകൽ സന്തോഷത്തോടെ ജോലി ചെയ്യുവാൻ പ്രചോദനമായിരുന്നു. അവഗണനയുടെ വേദന അതനുഭവിച്ചവർക്കേ ആഴത്തിൽ മനസ്സിൽ ആകൂ.
ഇവിടെ, നീണ്ട ഇരുപതു വർഷങ്ങൾ തിരിഞ്ഞു നിന്നെന്നെ കൊഞ്ഞനം കുത്തിയ, ആത്മനിന്ദയുടെ ഇരുൾക്കയത്തിലേക്ക് ചവിട്ടിയരക്കപ്പെട്ട, എന്റേതായിരുന്നൂ എന്ന സ്വകാര്യ അഹങ്കാരത്തിൽ നിന്നു ആരുമായിരുന്നില്ല എന്ന തിരിച്ചറിവിലേക്ക് എത്തിചേർന്ന ഈ നീറുന്ന വേളയിൽ ഞാനെങ്ങാനുമൊരു സർവീസ് സ്റ്റോറി എഴുതിപ്പോ യിരുന്നെങ്കിൽ…. ഗീതാ ഹിരണ്യനെപ്പോലെങ്ങാനും ഹൃദയപരമാർത്ഥി ആയിപ്പോയിരുന്നുവെങ്കിൽ…. ഈശ്വരാ!
കാലമെത്ര പെട്ടെന്നാണ് കടന്നു പോകുന്നത്.
അവിടം വിട്ടപ്പോൾ കഥ മറന്നു…
കവിത മറന്നു….
വായന മുറിഞ്ഞു…
ഇരുപതു വർഷങ്ങൾക്കു മുൻപ് തിരികെ പോന്നത്
സ്വന്തം വീട്ടിലേക്കാണ്…
നാട്ടിലേക്കാണ്.
എന്നിട്ടുമെന്തേ
കോഴിക്കോടെന്നെ ഇപ്പോഴും
സ്‌നേഹവിശ്വാസങ്ങളുടെ കൈകളാൽ
മാടി വിളിക്കുന്നത്?

വര – രാപ്രസാദ്
