വിമൽ കുമാറും ബാബുവും പിന്നെ ഞാനും

എന്റെ പേര് കെ. ആർ. സുനിൽ കുമാർ എന്നാണ്. അതായത് കാഞ്ഞിരശ്ശേരി രാമകൃഷ്ണൻ സുനിൽ കുമാർ. ഇതിൽ കാഞ്ഞിരശ്ശേരി എന്നത് എന്റെ വീട്ടു പേരാണ്. രാമകൃഷ്ണൻ എന്നത് അച്ഛന്റെ പേര്.പേര് എങ്ങനെയാണെങ്കിലും കുറച്ച് പേർ എന്നെ സുനി എന്ന്‌ ചുരുക്കി വിളിയ്ക്കാറുണ്ട്.

എനിയ്ക്ക് എന്നെ സുനി എന്ന്‌ വിളിച്ചു കേൾക്കുന്നത് ഇഷ്ടമാണ്. അമ്മയാണ് അങ്ങനെ വിളിയ്ക്കാൻ ആരംഭിച്ചത്. അച്ഛൻ കുട്ടിയായ എന്നെ വിളിച്ചത് ബാബു എന്നായിരുന്നു. പട്ടാളത്തിൽ ആയിരുന്നു അച്ഛന് ജോലി. ഹിന്ദി പറയുന്ന ഉത്തരേന്ത്യയിൽ
ആളുകൾ കുട്ടികളെ സാധാരണയായി വിളിയ്ക്കുന്ന പേരാണ് ബാബു.
മഹാരാഷ്ട്ര സംസ്ഥാനത്തെ പൂനെയിൽ ആണ് ഞാൻ ജനിച്ചത്. ഒന്നര വയസ്സ് വരെ അവിടെ അടുത്തടുത്തു ഒരേ നിരയിൽ സ്ഥിതി ചെയ്യുന്ന മിലിട്ടറി ക്വോർട്ടേഴ്‌സിൽ ആയിരുന്നു വളർന്നതും. ആ ക്വോർട്ടേഴ്സുകളുടെ പിൻഭാഗം ഒരു നിഴലു പോലേ മനസ്സിൽ നില നിൽക്കുന്നുണ്ട് . എനിയ്ക്ക് അക്കാലത്ത് കുറച്ചു പൊണ്ണത്തടി ഉണ്ടായിരുന്നു.അക്കാലത്തെ മലർന്നു കിടക്കുന്ന എന്റെ ഫോട്ടോ ഞാൻ കണ്ടിട്ടുണ്ട്.
ആ പ്രായത്തിൽ രണ്ട് ചപ്പാത്തി വരെ പാലിൽ മുക്കി തന്നാൽ ഒറ്റയടിക്ക്
അകത്താക്കുമായിരുന്നു എന്ന്‌ അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്.എന്റെ ചേച്ചിയ്ക്ക് എന്നെ അല്പം പേടിയായിരുന്നു. ചേച്ചി അടുത്ത് വരുമ്പോൾ തട്ട്…. തട്ട് എന്ന്‌ പറഞ്ഞു തട്ടാൻ ശ്രമിയ്ക്കുമായിരുന്നുവത്രേ….
അത് കൊണ്ട് ചെക്കൻ, ചെക്കൻ
എന്നാണ് എന്നെ ചേച്ചി പറഞ്ഞിരുന്നത്.
ബാബു എന്ന പേരിന്റെ അർത്ഥം ഗംഭീരമാണ്. യജമാനൻ എന്നാണ് ആ വാക്കിന്റെ അർത്ഥം.എന്റെ അച്ഛൻ 1993 ൽ ആണ് മരിച്ചത്. നീണ്ട മുപ്പത്തി മൂന്ന് വർഷങ്ങൾ കഴിഞ്ഞു പോയിരിയ്ക്കുന്നു.
എന്നിട്ടും അച്ഛൻ എന്നെ അങ്ങനെ വിളിയ്ക്കുന്നത് കേട്ട് ഇപ്പോഴും എന്റെ പഴയ ചില അയൽക്കാർ എന്നെ ബാബു എന്ന്‌ വിളിയ്ക്കുന്നു. വടക്കാഞ്ചേരി മുനിസിപ്പാലിറ്റി ചെയർമാൻ ആയിരുന്ന ശ്രീ.
പി. എൻ. സുരേന്ദ്രൻ അവരിൽ ഒരാളാണ്. അദ്ദേഹം ഇപ്പോൾ
വടക്കാഞ്ചേരി മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ ആണ്. സുരേന്ദ്രനെ ഞങ്ങൾ അയൽക്കാർ രാജൻ എന്നാണ് വിളിയ്ക്കുന്നത്. ഇപ്പോളും പരസ്പരം അങ്ങനെ തന്നെയാണ്‌ വിളിയ്ക്കുന്നത്.
അമ്മയുടെ ഇഷ്ടപ്പെട്ട പേര് എന്ന നിലയിൽ ആണ് സുനിൽ കുമാർ എന്ന പേര് എനിയ്ക്ക് വരുന്നത്.. . അമ്മയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട പേര് വിമൽ എന്നായിരുന്നു. ‘വിലയ്ക്ക് വാങ്ങാം ‘ തുടങ്ങിയ നെടുങ്കൻ നോവലുകൾ എഴുതിയ പ്രശസ്ത ജനപ്രിയ ബംഗാളി സാഹിത്യകാരൻ വിമൽ ( ബിമൽ ) മിത്രയുടെ പേര് എനിയ്ക്ക് നൽകണം എന്നായിരുന്നു അമ്മയുടെ ആഗ്രഹം. ആ പേര് അച്ഛന് ഇഷ്ടമായില്ല. എന്റെ ചേച്ചിയ്ക്ക് അമ്മ ജയശ്രീ എന്ന്‌ പേരിട്ടത് ഗുരുവായൂരിൽ പോയി ചിത്ര എന്ന്‌ മാറ്റിയ കടും പിടുത്തക്കാരനായ പട്ടാളക്കാരൻ ആയിരുന്നു എന്റെ അച്ഛൻ. വിമൽ എന്ന പേരും അച്ഛൻ സമ്മതിച്ചില്ല. അങ്ങനെ അമ്മയുടെ മോഹം വീണ്ടും പൊലിഞ്ഞു. അങ്ങനെ അമ്മയ്ക്ക് ഇഷ്ടപ്പെട്ട അടുത്ത പേരിലേയ്ക്ക് പോകേണ്ടി വന്നു. അങ്ങനെയാണ്‌ സുനിൽ കുമാർ എന്ന ബീഹാറി ബംഗാളി പേരിൽ നാമകരണം കിട്ടിയത്. പ്രശസ്തനായ ഒരു സുനിൽ ഉള്ളത് സുനിൽ ചതോപാധ്യായ
എന്ന ബംഗാളി വിവർത്തകൻ ആണ്. എങ്കിലും നല്ല പേര് വിമൽ എന്ന്‌ തന്നെയായിരുന്നു. ചുണ്ടിനും കപ്പിനും ഇടയിൽ ആ പേര് പോലും തെന്നിപ്പോയത് കണ്ടില്ലേ…. അതാണ്‌ ജീവിതം. എല്ലാത്തിനും വേണം ഒരു യോഗം.
ഇന്ത്യ സൃഷ്ടിച്ച ലോകോത്തര ബാഡ്മിന്റൺ താരമാണ് പ്രകാശ് പാദുക്കോൺ ( അദ്ദേഹത്തിന്റെ മകൾ ആണല്ലോ ചലച്ചിത്ര താരം ദീപിക
പാദുക്കോൺ ) എന്ന ബാംഗ്ലൂർകാരൻ. ബാഡ്മിന്റണിൽ ഏറ്റവും പ്രയാസമേറിയ ഓൾ ഇംഗ്ലണ്ട് ഓപ്പൺ അടക്കം അദ്ദേഹത്തിന് മുന്നിൽ തല കുനിയ്ക്കാത്ത ലോക കിരീടങ്ങൾ ഒന്നുമില്ല.. അക്കാലത്ത് ഒരു ഇന്ത്യക്കാരൻ ലോക കായിക രംഗത്ത് നമ്പർ വൺ ആകുക എന്ന്‌ ചിന്തിയ്ക്കാൻ പോലും പ്രയാസമായിരുന്നു. പ്രകാശിന്റെ കാലത്ത് ഇന്ത്യയുടെ രണ്ടാം നമ്പർ ബാഡ്മിന്റൻ താരം ഒരു മലയാളി ആയിരുന്നു. വലിയ കീഴ്ത്താടിയെല്ലുള്ള യു. വിമൽ കുമാർ. പ്രകാശിനെപ്പോലെ ക്ലാസ്സ്‌ ഉള്ള മറ്റൊരു താരം. അദ്ദേഹത്തിനും അക്കാലത്ത് ലോക നിലവാരം ഉണ്ടായിരുന്നു.
എന്റെ കുട്ടിക്കാലത്ത് പുരുഷൻമാർക്ക് റെഡി മെയ്ഡ്
വസ്ത്രങ്ങൾ അധികം കിട്ടിയിരുന്നില്ല . അന്ന് തുണി എടുത്ത് സ്റ്റിച്ച് ചെയ്യുന്ന കാലമായിരുന്നു. അക്കാലത്ത്
പുരുഷൻമാരുടെ തുണിത്തരങ്ങൾക്ക് പ്രശസ്തവും ഏറ്റവും മുന്തിയതും ആയിരുന്ന ബ്രാൻഡ് ആയിരുന്നു
വിമൽ. വിമൽ എന്ന പേരിലുള്ള എക്സ്ക്ളൂസീവ് ഷോ റൂമുകൾ കേരളത്തിൽ ഉണ്ടായിരുന്നു. അല്ലാതെ റീട്ടെയിൽ ഷോ റൂമുകളിലും വിമൽ തുണിത്തരങ്ങൾ ലഭ്യമായിരുന്നു. ആ മികച്ച തുണിത്തരങ്ങൾക്ക് കൂടിയ വിലയായിരുന്നു.നൂസ്‌ലി വാഡിയയുടെ ബോംബെ ഡയിങ്ങ് ആയിരുന്നു വിമലിന്റെ ജനപ്രിയ എതിരാളികൾ. എറണാകുളത്തിന്റെ അന്നത്തെ ജീവ നാഡിയായിരുന്നു എം.ജി.
റോഡ് ( മഹാത്മാ ഗാന്ധി റോഡ് ).പഴയ പ്രതാപം ഇല്ലെങ്കിലും ഇപ്പോഴും
ഏതാണ്ട് അങ്ങനെത്തന്നെ.എം. ജി. റോഡിന്റെ തുടക്ക ഭാഗത്ത് തന്നെയായിരുന്നു വിമലിന്റെ ഷോ റൂം. അതിന് എതിർ വശത്താണ് ഇന്നും എറണാകുളത്ത് തല
ഉയർത്തിപ്പിടിച്ചു നിൽക്കുന്ന ശീമാട്ടി എന്ന വസ്ത്ര വ്യാപാര സ്ഥാപനം. അന്ന് ജയലക്ഷ്മി പ്രവർത്തനം തുടങ്ങിയിരുന്നതായി ഓർമ്മയില്ല. എം. ജി. റോഡിൽ ഉണ്ടായിരുന്ന ( ഇന്നും ഉള്ള )
ഷേണായീസ്, കവിത, പദ്മ എന്നീ വമ്പൻ സിനിമാ തിയറ്ററുകൾ കേരള ചരിത്രത്തിൽ തന്നെ ഇടം നേടിയതാണ്. അന്ന് എറണാകുളത്ത് 7 നിലകളിൽ പ്രവർത്തിച്ചിരുന്ന തിരക്ക് പിടിച്ച ഒരു ടൈലറിങ്ങ് സ്ഥാപനം ഉണ്ടായിരുന്നു. ജോസ് ടൈലേഴ്‌സ്. അവിടെ തുന്നിച്ച വസ്ത്രമാണ് എന്ന്‌ പറയുന്നത് തന്നെ ഒരു അന്തസ്സ് ആയിരുന്നു. ആ സ്ഥാപനം നിന്നിരുന്ന
ജങ്ങ്ഷൻ ജോസ് ജങ്ങ്ഷൻ എന്ന്‌ അറിയപ്പെട്ടു. ജോസ് ടൈലേഴ്‌സ് പ്രവർത്തനം നിർത്തിയിട്ട് നിരവധി വർഷങ്ങൾ ആയി. പക്ഷേ ജനമനസ്സുകളിൽ ഇടം പിടിച്ച ആ ജങ്ങ്ഷന്റെ പേരിന് മാത്രം ഇന്നത്തെ റെഡി മെയ്ഡ് ന്യൂ ജൻ യുഗത്തിലും മാറ്റമില്ല. ഇന്നും ആ ജംങ്ങ്ഷനിൽ ജോസ് എലെക്ട്രിക്കൽസ് പഴയ പ്രൗഡിയും പേറിക്കൊണ്ട് നിലനിൽക്കുന്നുണ്ട്.
വൻവിജയം കൈവരിച്ച ഒരു മലയാളം ചലച്ചിത്രമാണ്
` കുഞ്ഞിക്കൂനൻ ‘. അതിൽ നായകനായ കൂനന്റെ വേഷം അവതരിപ്പിച്ചത് ദിലീപ് ആയിരുന്നു..ആ കഥാപാത്രം
അഭിമാനപൂർവ്വം പറയുന്ന ഒരു കാര്യമുണ്ട്. തന്റെ ശരിയ്ക്കുള്ള പേര് വിമൽ കുമാർ ആണ് എന്നുള്ളത്. വൈക്കം മുഹമ്മദ്‌ ബഷീറിന്റെ മതിലുകൾ എന്ന ചലച്ചിത്രത്തിലെ നായകനായ
ജയിൽപ്പുള്ളി ഒരു മതിലിനപ്പുറം തനിയ്ക്ക് കാണാൻ കഴിയാതെ ജീവിയ്ക്കുന്ന പ്രണയിനി ആയ സഹ തടവുകാരി പേര് നാരായണി എന്നാണെന്ന് പറയുമ്പോൾ എത്ര സുന്ദരമായ പേര് എന്ന്‌ പറയുന്നുണ്ട്. അത് പോലെ സുന്ദരമായ പേരായി വിമൽ കുമാർ എനിയ്ക്ക് അനുഭവപ്പെടുന്നു.
ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രത്തിൽ ഗാന്ധിജിയ്ക്കും നെഹ്‌റുവിനും ശേഷം വരുന്ന വലിയ നേതാവ് നേതാജി സുഭാഷ് ചന്ദ്ര ബോസ് ആണല്ലോ.ഗാന്ധിജിയുടെ അഹിംസാ തത്വ
ശാസ്ത്രത്തിന്റെ നേരേ എതിർ
ധ്രുവത്തിൽ ആയിരുന്ന ധീരനായ പടയാളി ആയിരുന്നു അദ്ദേഹം. ഒരു വിമാനാപകടത്തിൽ കൊല്ലപ്പെട്ടു എന്നാണ്
പരക്കേയുള്ള വിശ്വാസം. എന്നാൽ അദ്ദേഹം മരിച്ചിട്ടില്ലെന്നും എവിടെയൊക്കെയോ ജീവിച്ചിരിപ്പുണ്ട് എന്നുമുള്ള വാദങ്ങൾ നിരവധി വർഷങ്ങൾ ഇന്ത്യയിൽ നില നിന്നിരുന്നു.
ജനമനസ്സുകളിൽ ഇടം നേടിയ മലയാളം ചലച്ചിത്ര നടൻ ആയിരുന്നു ജയൻ. എന്നാൽ കോളിളക്കം എന്ന ചിത്രത്തിൽ ഒരു സാഹസിക രംഗത്തിൽ
അഭിനയിയ്ക്കുമ്പോൾ ഹെലികോപ്റ്ററിൽ നിന്നും താഴേയ്ക്ക് വീണ് 1980 നവംബർ 16 ന് അദ്ദേഹം മരണമടഞ്ഞു. എന്നിട്ടും തുടർന്നുള്ള കുറേ മാസങ്ങൾ അദ്ദേഹം ആ അപകടത്തിൽ മരിച്ചില്ലെന്നും എവിടെയോ അദ്ദേഹം ജീവിച്ചിരിപ്പുണ്ട് എന്നുമുള്ള വ്യാജ വാർത്തകൾ കേരളത്തിൽ സുലഭമായിരുന്നു. ആയിടെ ഇറങ്ങിയ ഒരു മലയാളം ചലച്ചിത്ര ആനുകാലികം അതിന്റെ മുഖചിത്രത്തിൽ തന്നെ ജയൻ ഇപ്പോഴും ജീവിച്ചിരിയ്ക്കുന്നു എന്ന്‌ അച്ച് നിരത്തി. ആകാംക്ഷയോടെ
ഉൾപേജുകളിൽ പരതിയ വായനക്കാർക്ക് കൃത്യമായി തന്നെ ഉത്തരം കിട്ടി. ജയൻ ഇപ്പോഴും ജീവിയ്ക്കുന്നു, മലയാളികളുടെ മനസ്സിൽ ജയൻ ഇപ്പോഴും ജീവിയ്ക്കുന്നു.
വിമൽ കുമാർ എന്ന പേര്
കിട്ടാനുള്ള സൗഭാഗ്യം എനിയ്ക്കുണ്ടായില്ല. നടക്കാതെ പോയ ഒരു വലിയ ഒരു ആഗ്രഹമായി ആ പേര് എന്റെ മനസ്സിൽ ഇപ്പോഴും നിലനിൽക്കുന്നു

Share this:

Recently added