കോഴിക്കോടൻ ദം ബിരിയാണിയും കടൽക്കാറ്റും കാത്തിരിക്കുന്നു…

ചിലർക്ക് പ്രണയം വരുന്നത് കവിത പോലെയാണ്, മറ്റുചിലർക്ക് മഴ പോലെയും. എന്നാൽ എന്നിലേക്ക് പ്രണയം വന്നത് ഒരു അന്താരാഷ്ട്ര ക്രിമിനലിനിൻ്റെ രൂപത്തിലാണ്!

ആദ്യത്തെ കൂടിക്കാഴ്ച 2013-ൽ ആയിരുന്നു. ഇടത്തെ ബ്രെസ്റ്റിൽ വന്ന് ഒളിച്ചിരുന്ന് എന്നെയങ്ങ് ജീവനായി പ്രേമിക്കുകയാണെന്ന് അവൻ പ്രഖ്യാപിച്ചു. ഒന്നാമതേ പക്കാ സൈക്കോ .. ഒരു വില്ലൻ ലുക്കും… ഞാൻ വിടുമോ’

മിടുക്കരായ ക്രിമിനൽ ലോയേഴ്സിനെ കൂട്ടുപിടിച്ചു, കുടിയൊഴിപ്പിക്കൽ നിയമം, രാസായുധ പ്രയോഗം, ലുക്ക് ഔട്ട് നോട്ടീസ് റെയ്ഡ്, കൃത്യമായ ക്രോസ് വിസ്‌താരം എന്നിങ്ങനെ എല്ലാ ശക്തമായ വകുപ്പുകളുമായി അവനിട്ട് നല്ല താങ്ങു കൊടുത്തു.

അതോടെ എന്റെ ഹൃദയവും കവർന്ന് ഇവിടെ തമ്പടിക്കാമെന്ന അവന്റെ മോഹം തകർന്നു തരിപ്പണമായി. ഇനിയൊരു ജന്മമുണ്ടെങ്കിൽ പോലും തമ്മിൽ കണ്ടുമുട്ടരുത് എന്ന പ്രാർത്ഥനയോടെയായിരുന്നു ഞാൻ അവനെ പടിയിറക്കിയത്.

എങ്കിലും എന്റെ ഉള്ളിലെവിടെയോ ഒരു ചെറിയ ഭയമുണ്ടായിരുന്നു. ഈ പഹയൻ ഏത് ഇരുട്ടിലാണ് ഒളിഞ്ഞിരിക്കുന്നത്? ഓർക്കാപ്പുറത്ത് വീണ്ടുമൊരു ഒളിയാക്രമണത്തിന് കോപ്പുകൂട്ടുന്നുണ്ടാകുമോ…. വഴിയിലെങ്ങാനും ആസിഡുമായി കാത്തു നിൽക്കുന്നുണ്ടാവുമോ എന്നൊരു പേടി ഉള്ളിൽ ഒളിഞ്ഞു കിടപ്പുണ്ടായിരുന്നു …

കാലം കുറേ കടന്നുപോയി…

ഒടുവിൽ ആ പേടി സത്യമായി! ഈ ചങ്ങായിക്ക് എന്നോടുള്ള ‘കടുംപ്രാന്തൻ പ്രേമം’ അവിടം കൊണ്ടും തീർന്നിരുന്നില്ല.

നീണ്ട 12 വർഷത്തെ കാത്തിരിപ്പിന് ശേഷം, 2025-ൽ അവൻ വീണ്ടും അവതരിച്ചു! അതും ഇത്തവണ റൂട്ട് മാറ്റി, ഇടത്തെ ബ്രെസ്റ്റിൽ!

വല്ലാത്തൊരു സൈക്കോ തന്നെ! തന്റെ സാന്നിധ്യം കൊണ്ട് എന്നെ വീണ്ടും ഭയപ്പെടുത്താം എന്ന ഭാവത്തിലായിരുന്നു അവന്റെ വരവ്. ഞാൻ മനസ്സിലുറപ്പിച്ചു..

“നീ റൂട്ട് മാറ്റിപ്പിടിച്ചെങ്കിൽ, നിന്നെ തകർക്കാനുള്ള എന്റെ ആത്മവിശ്വാസത്തിന്റെ മൂർച്ച ഞാൻ കൂട്ടിയിട്ടേയുള്ളൂ ” ..

വീണുപോകുമെന്ന് അവൻ കരുതിക്കാണും. എന്നാൽ ഇടയ്ക്കെപ്പോഴോ എന്റെ കണ്ണൊന്ന് നിറഞ്ഞപ്പോൾ എനിക്ക് മുമ്പേ എന്റെ ആത്മധൈര്യം അവനെതിരെ വാളെടുത്തു പൊരുതാൻ തുടങ്ങി.. രണ്ടാം വരവിലും അവന് നിശ്ശബ്‌ദം പടിയിറങ്ങേണ്ടി വന്നു..

എന്നാലും, ആ ‘ബല്ലാത്ത പഹയനെ’ക്കൊണ്ട് എനിക്ക് ഒരുപാട് നേട്ടങ്ങളുണ്ടായി…..അവനെൻ്റെ ജീവിതത്തിലേക്ക് വന്നതുകൊണ്ടാണ് എത്രയോ നല്ല മനുഷ്യരെ അടുത്തറിയാൻ പറ്റിയത്. കോടതി വരാന്തകളിൽ വെച്ച് കണ്ടുമുട്ടിയ, ഒരേ വേദന പങ്കുവെച്ച ആ മനുഷ്യരിലൂടെയാണ് ജീവിതത്തിന്റെ യഥാർത്ഥ മുഖം ഞാൻ കണ്ടത്..

പലരുടെയും കണ്ണീരും പോരാട്ടങ്ങളിലും വെച്ച്, എന്റെ വേദനകൾ എത്ര ചെറുതാണെന്ന് തോന്നി. ഇവനെപ്പോലുള്ള ക്രിമിനലുകൾ ഓരോ ശരീരത്തിലും കാട്ടിക്കൂട്ടിവെച്ച പാടുകളും വേദനകളും … എന്നെന്നേയ്ക്കുമായി ഇല്ലാതാക്കിയ ഓരോ കുടുംബത്തിൻ്റെയും കളിചിരികൾ. അങ്ങിനെയങ്ങിനെ….

മാത്രമല്ല ജീവനം എന്ന ഈ വലിയ കുടുംബത്തിന്റെ സ്നേഹത്തിലേക്ക്, അതിന്റെ ആഴങ്ങളിലേക്ക് എന്നെ എത്തിച്ചതും ഈ വില്ലന്റെ വരവോടെയാണ്.

ഒരേ മനഛായയുള്ള ഒരുപാട് മനുഷ്യർ .ഇനി അവൻ വീണ്ടും ഒളിഞ്ഞിരിക്കാൻ വന്നാലും എനിക്ക് പേടിയില്ല. വില്ലന്മാർ എത്ര വട്ടം വന്നാലും എന്റെ സ്നേഹസമ്പന്നമായ ഈ വലിയ സാമ്രാജ്യത്തിൽ ഞാൻ എപ്പോഴും സുരക്ഷിതയായിരിക്കും.

ജീവിതം സുന്ദരമാണ്, അതിനെ സ്നേഹിച്ചുകൊണ്ടേയിരിക്കുക.. ജീവിതത്തിൻ്റെ സായം സന്ധ്യയിലേക്കാണ് ,ഇനിയും ആ കള്ള ബടുക്കൂസ് എന്നെ തേടി വരുന്നതെങ്കിൽ ഞാനവനുമായി കൂട്ടാകും.

“നട്ടുച്ചക്കെഴുന്നേറ്റ് കോഴിക്കോടൻ ദം ബിരിയാണി കഴിച്ചു, കടാപ്പുറത്ത് തിരമാലകളെയും, അസ്തമന സൂര്യനേയും ആസ്വദിച്ചു തണുത്ത കോഴിക്കോടൻ കാറ്റേറ്റ് ഒരുമിച്ചിരിക്കുമ്പോൾ അവിടെ വെച്ചു ഞാൻ നിനക്കെൻ്റെ പ്രേമം തരും !”

ഈ ജീവിത സിനിമയിലെ നായിക ഞാൻ തന്നെയാണ്,

വിജയിയും ഞാൻ തന്നെ!

പിക്ച്ചർ അഭി ഭി ബാക്കി ഹേ ഭായ്…

Share this:

Recently added