വിദ്യാലയം അറിവ് കൈമാറുന്ന ഇടം മാത്രമല്ല. ഒരു തലമുറ അടുത്ത തലമുറയ്ക്ക് ശരിതെറ്റുകളുടെ അളവുകോൽ പകർന്നുകൊടുക്കുന്ന ഇടം കൂടിയാണത്. ഹൈദരാബാദ് വിനോദയാത്രയ്ക്കിടെ പ്രിൻസിപ്പലും പി.ടി.എ. പ്രസിഡന്റും മദ്യപിച്ചെന്ന ആരോപണം ഉയർന്നപ്പോൾ ചർച്ച എത്തിയത് ഒരു വ്യക്തിയുടെ പെരുമാറ്റത്തിലല്ല. അധ്യാപകൻ ആരാണ്, അയാൾക്ക് ആരോടാണ് ഉത്തരവാദിത്വം, വിദ്യാഭ്യാസം അറിവുപകരലോ മനുഷ്യനെ രൂപപ്പെടുത്തലോ എന്ന ചോദ്യങ്ങളിലാണ്.
മടക്കയാത്രയിൽ പി.ടി.എ. പ്രസിഡന്റിൽനിന്ന് മദ്യത്തിന്റെ ഗന്ധമുണ്ടെന്ന് വിദ്യാർഥികൾ പരാതിപ്പെട്ടു. ബസിനുള്ളിലെ തർക്കത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഇദ്ദേഹത്തെ ബസിൽനിന്ന് ഇറക്കിവിട്ടതായി പ്രിൻസിപ്പൽ സമ്മതിച്ചു. എന്നാൽ താൻ മദ്യപിച്ചെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. സ്കൂളിൽ തിരിച്ചെത്തിയപ്പോൾ രക്ഷിതാക്കളും നാട്ടുകാരും പ്രതിഷേധിച്ചു. പോലീസ് പ്രിൻസിപ്പലിനെ വൈദ്യപരിശോധനയ്ക്ക് അയച്ചു. ഹയർ സെക്കൻഡറി വിഭാഗം അന്വേഷണം തുടങ്ങി. അതായത്, ഇപ്പോഴുള്ളത് ആരോപണത്തിന്റെയും നിഷേധത്തിന്റെയും ഘട്ടമാണ്. കുറ്റം തെളിഞ്ഞിട്ടില്ല. ഗന്ധത്തിന്റെ പരാതിയും ദൃശ്യങ്ങളും സൂചനകളാണ്, വിധിയല്ല.
ഈ വ്യത്യാസം മറന്നാൽ വിമർശനം വിചാരണയാകും. അതേസമയം, അന്വേഷണം തീരുംവരെ ചോദ്യങ്ങൾ മാറ്റിവയ്ക്കണമെന്നും വരുന്നില്ല. കാരണം ചോദ്യം വ്യക്തിയെക്കുറിച്ചല്ല, അധ്യാപകവൃത്തിയെക്കുറിച്ചാണ്. ഒരു ഡോക്ടറുടെ തീരുമാനം രോഗിയുടെ ആരോഗ്യത്തെ ബാധിക്കുന്നതുപോലെ അധ്യാപകന്റെ വാക്കും പെരുമാറ്റവും കുട്ടിയുടെ ആത്മവിശ്വാസത്തെയും ലോകബോധത്തെയും ബാധിക്കുന്നു. രക്ഷിതാവ് കുട്ടിയെ സ്കൂളിലേക്ക് അയയ്ക്കുമ്പോൾ ഏൽപ്പിക്കുന്നത് പാഠം പഠിപ്പിക്കാനുള്ള ചുമതല മാത്രമല്ല. കുട്ടിയുടെ സുരക്ഷയും ക്ഷേമവും കൂടിയാണ്. വിനോദയാത്രയിൽ ആ ചുമതല ഇരട്ടിക്കുന്നു, കാരണം കുട്ടികൾ വീട്ടിൽനിന്നും ക്ലാസ്മുറിയിൽനിന്നും ഏറെ അകലെയാണ്.
ഇവിടെയാണ് സർക്കാർ ഉത്തരവ് കൂടി വായിക്കേണ്ടത്. വിനോദയാത്ര ഫലപ്രദവും ഉത്തരവാദിത്വത്തോടെയും നടക്കാനാണ് സർക്കാർ ഉത്തരവ്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ 31-12-2024-ലെ പുതുക്കിയ സർക്കുലർ, എം4/23350/2024/ഡി.ജി.ഇ., പഠനയാത്രയെ ഒരു സാധാരണ വിനോദമാക്കി കാണുന്നില്ല. യാത്രകൾ സ്കൂൾ മേധാവിയുടെ പൂർണ നിയന്ത്രണത്തിൽ ഒരു അധ്യാപക കൺവീനറുടെ ചുമതലയിലായിരിക്കണം എന്നാണ് അതു പറയുന്നത്. സ്കൂൾ പാർലമെന്റിൽനിന്നുള്ള ഒരു വിദ്യാർഥി കൺവീനറും രണ്ട് അധ്യാപക പ്രതിനിധികളും ഒരു പി.ടി.എ. പ്രതിനിധിയും ഉൾപ്പെട്ട ടൂർ കമ്മിറ്റി രൂപീകരിക്കണമെന്നും പറയുന്നു. സ്ഥലവും പരിപാടിയും താമസവും ചെലവും ടൂർ കമ്മിറ്റി രൂപരേഖ തയ്യാറാക്കി പി.ടി.എ. എക്സിക്യൂട്ടീവിൽ ചർച്ച ചെയ്ത് തീരുമാനിക്കണം. രക്ഷിതാക്കളുടെ പ്രതിനിധികളെ യാത്രയിൽ ഉൾപ്പെടുത്തുന്നത് അഭികാമ്യമാണെന്നും സർക്കുലർ പറയുന്നു.
പങ്കാളിത്തത്തെക്കുറിച്ചുള്ള ഈ വ്യവസ്ഥയോടൊപ്പം തന്നെ ഉത്തരവ് ഉത്തരവാദിത്വത്തിന്റെ അതിർവരമ്പും നിശ്ചയിക്കുന്നുണ്ട്. യാത്രയുടെ പൂർണ ഉത്തരവാദിത്വം സ്ഥാപനമേധാവിയിലും ടൂർ കൺവീനറിലുമായിരിക്കും. പി.ടി.എ. പ്രസിഡന്റിന്റെ സാന്നിധ്യം യാത്രയ്ക്ക് അംഗീകാരമോ മേൽനോട്ടാധികാരമോ നൽകുന്നില്ല. പങ്കെടുക്കാൻ അനുമതിയുണ്ടെന്നത് ചട്ടത്തിൽനിന്ന് ഒഴിവ് ലഭിക്കുന്നു എന്നർഥവുമില്ല. യാത്രാവേളയിൽ അധ്യാപകർ, കുട്ടികൾ, യാത്രയെ അനുഗമിക്കുന്നവർ പുകവലിക്കുന്നതും മറ്റ് ലഹരിപദാർഥങ്ങൾ ഉപയോഗിക്കുന്നതും ഗുരുതരമായ കൃത്യവിലോപമാണെന്ന് സർക്കുലർ തുറന്നു പറയുന്നു. ഇപ്രകാരമുള്ള വിവരം ലഭ്യമായാൽ കർശനമായ അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്നും പറയുന്നു. അതായത്, അധ്യാപകനായാലും പി.ടി.എ. പ്രസിഡന്റായാലും രക്ഷിതാവായാലും കുട്ടികളോടൊപ്പം യാത്ര ചെയ്യുമ്പോൾ പാലിക്കേണ്ട ലഹരിവിരുദ്ധ പെരുമാറ്റച്ചട്ടം ഒരുപോലെയാണ്.
ഈ പശ്ചാത്തലത്തിൽ ഒരു കടുത്ത ചോദ്യം കൂടി ചോദിക്കേണ്ടതുണ്ട്. ദീർഘയാത്രയുടെ സുഖവും മദ്യപാനം ഉൾപ്പെടെ അനാശാസ്യ പ്രവർത്തങ്ങളിൽ നിപുണരായ രക്ഷിതാക്കൾ കുട്ടികളുടെ കൂടെ യാത്ര ചെയ്താൽ, കുട്ടികളുടെ ധാർമിക നിലവാരവും വിനോദവും എന്താകും. യാത്ര വിനോദമാകുന്നത് സ്ഥലം കാണുന്നതുകൊണ്ട് മാത്രമല്ല. കൂടെയുള്ളവർ എങ്ങനെ പെരുമാറുന്നു എന്നതുകൊണ്ടുകൂടിയാണ്. ബസിലും താമസസ്ഥലത്തും ഭക്ഷണശാലയിലും മുതിർന്നവർ മദ്യപിക്കുന്നതും ഉച്ചത്തിൽ പെരുമാറുന്നതും അശ്ലീലം പറയുന്നതും കുട്ടി കാണുന്നു. അത് കുട്ടിക്ക് ഒരു സന്ദേശം നൽകുന്നു. വിനോദം എന്നാൽ നിയന്ത്രണം വിടലാണ് എന്ന സന്ദേശം. ലഹരി എന്നാൽ ആഘോഷത്തിന്റെ ഭാഗമാണ് എന്ന സന്ദേശം. ഈ സന്ദേശം ക്ലാസിൽ പഠിപ്പിക്കുന്ന പാഠത്തേക്കാൾ ശക്തമാണ്. കാരണം കുട്ടി പഠിക്കുന്നത് പുസ്തകത്തിൽനിന്ന് മാത്രമല്ല, കണ്ണുകൊണ്ടു കാണുന്ന മാതൃകയിൽനിന്നാണ്.
ഇതുകൊണ്ടാണ് യാത്രയ്ക്ക് മുമ്പുള്ള തിരഞ്ഞെടുപ്പ് തന്നെ നിർണായകമാകുന്നത്. പ്രിൻസിപ്പലും പി.ടി.എ. കമ്മിറ്റിയും ചേർന്ന്, കുട്ടികളുടെ കൂടെ വിനോദയാത്രയിൽ പങ്കെടുക്കുന്ന രക്ഷിതാവ് മദ്യപാനം ഉൾപ്പെടെയുള്ള ലഹരി ഒഴിവാക്കാനാകാത്ത വ്യക്തിയാണോ എന്ന് മനസ്സിലാക്കി വേണം കൂടെ കൊണ്ടുപോകാൻ. ഇത് ഒരാളുടെ സ്വകാര്യജീവിതത്തെ ചികയലല്ല. കുട്ടികളുടെ മുന്നിൽ ആരാണ് മാതൃകയായി നിൽക്കേണ്ടത് എന്നു തീരുമാനിക്കലാണ്. യാത്രയിൽ പങ്കെടുക്കുന്നവരെ തിരഞ്ഞെടുക്കുമ്പോൾ സാമ്പത്തിക ശേഷിയും സ്വാധീനവും സന്നദ്ധതയും മാത്രം നോക്കിയാൽ പോരാ. ദിവസങ്ങളോളം നീളുന്ന യാത്രയിൽ, അപരിചിതമായ സ്ഥലത്ത്, കുട്ടികളുടെ സുരക്ഷയും അച്ചടക്കവും ഏൽപ്പിക്കാൻ കഴിയുന്ന സ്വഭാവമുണ്ടോ എന്നു കൂടി നോക്കണം. ലഹരിയോടുള്ള ആസക്തി മറച്ചുവയ്ക്കാവുന്ന ഒന്നല്ല. നാട്ടിലും സ്കൂൾ പരിസരത്തും അതിന്റെ സൂചനകൾ പലപ്പോഴും അറിയപ്പെടുന്നതാണ്. അത് അവഗണിച്ച് കൂടെ കൂട്ടിയാൽ, പിന്നീട് സംഭവിക്കുന്നതിന്റെ ഉത്തരവാദിത്വം വ്യക്തിയിൽ മാത്രം ഒതുങ്ങില്ല. തിരഞ്ഞെടുത്തവരിലേക്കും കൂടി അത് നീളും. സർക്കുലർ പൂർണ ഉത്തരവാദിത്വം സ്ഥാപനമേധാവിയിലും ടൂർ കൺവീനറിലും നിക്ഷിപ്തമാക്കുന്നത് അതുകൊണ്ടുതന്നെയാണ്.
അധ്യാപകൻ പാഠപുസ്തകത്തിലെ അറിവ് പകരുന്നവൻ മാത്രമല്ലെന്ന് അന്താരാഷ്ട്ര വിദ്യാഭ്യാസചിന്ത ആവർത്തിച്ചു പറയുന്നു. ഹ്യൂ സോക്കറ്റ് അധ്യാപനത്തിന്റെ പ്രൊഫഷണലിസത്തിന് ധാർമികമായ അടിത്തറ വേണമെന്ന് വാദിച്ചു. നെൽ നോഡിങ്സ് മുന്നോട്ടുവച്ച കരുതലിന്റെ നീതിശാസ്ത്രത്തിൽ മാതൃക കാണിക്കൽ, സംവാദം, പരിശീലനം, സ്ഥിരീകരണം എന്നിവ അധ്യാപനത്തിന്റെ അടിസ്ഥാനമാണ്. ആൽബർട്ട് ബന്ദൂരയുടെ സാമൂഹിക പഠനസിദ്ധാന്തം പറയുന്നത്, കുട്ടികൾ മുതിർന്നവരുടെ പെരുമാറ്റം നിരീക്ഷിച്ചും അതിന്റെ ഫലം കണ്ടും പഠിക്കുന്നു എന്നാണ്. ഇതിനൊപ്പം വിദ്യാഭ്യാസഗവേഷണം പറയുന്ന മറഞ്ഞിരിക്കുന്ന പാഠ്യപദ്ധതി കൂടി ചേർത്തുവായിക്കണം. ഔപചാരികമായി പഠിപ്പിക്കുന്ന മൂല്യങ്ങളെക്കാൾ ശക്തമായി, അധികാരസ്ഥാനത്തുള്ളവരുടെ നിത്യപെരുമാറ്റം കുട്ടികളെ രൂപപ്പെടുത്തുന്നു. ക്ലാസിൽ ലഹരി ഒഴിവാക്കുക എന്ന് പഠിപ്പിക്കുകയും അതേ കുട്ടികളുടെ യാത്രയിൽ ചുമതലക്കാർ മദ്യപിച്ചുവെന്ന ധാരണ ബലപ്പെടുകയും ചെയ്താൽ പാഠവും അനുഭവവും തമ്മിൽ വിടവുണ്ടാകും. ആരോപണം തെളിഞ്ഞാലും ഇല്ലെങ്കിലും, ആ ധാരണ ഉണ്ടായതുതന്നെ സ്ഥാപനത്തിന്റെ ധാർമികാധികാരത്തെ ബാധിക്കുന്ന കാര്യമാണ്.
ഈ ധാരണ രക്ഷിതാക്കളുടെ കാര്യത്തിൽ കൂടുതൽ സങ്കീർണമാകുന്നു. രക്ഷിതാവ് വീട്ടിലെ മാതൃകയാണ്. സ്കൂൾ യാത്രയിൽ അയാൾ പി.ടി.എ. പ്രതിനിധിയുമാണ്. രണ്ട് വേഷവും ഒന്നിക്കുമ്പോൾ കുട്ടി കാണുന്നത് സ്വന്തം വീട്ടിലെ അധികാരിയും സ്കൂളിലെ അധികാരിയും ഒരേപോലെ ലഹരിയെ സാധാരണവൽക്കരിക്കുന്നു എന്നാണ്. അപ്പോൾ കുട്ടിയുടെ ചോദ്യം മാറുന്നു. ഇത് തെറ്റാണെന്ന് അധ്യാപകർ പറയുന്നത് സത്യമാണോ, അതോ യാത്രയിൽ കണ്ടതാണോ സത്യം എന്ന് കുട്ടി സംശയിക്കുന്നു. സംശയം വളരുന്നിടത്ത് ധാർമിക നിലവാരം തകരുന്നു. വിനോദം വെറും ആസ്വാദനമായി ചുരുങ്ങുന്നു. അതിന് പകരം യാത്ര കൂട്ടായ്മയുടെയും അച്ചടക്കത്തിന്റെയും സൗഹൃദത്തിന്റെയും അനുഭവമാകണം. അതാണ് സർക്കുലർ ലക്ഷ്യമിടുന്ന ഫലപ്രദമായ യാത്ര.
ഇന്ത്യയിലെ സ്കൂൾ അധ്യാപകർക്കുള്ള തൊഴിൽധാർമികതാ രേഖയും യുനെസ്കോയുടെ അധ്യാപകച്ചട്ടങ്ങളെക്കുറിച്ചുള്ള പഠനവും ഒരു കാര്യം ഓർമിപ്പിക്കുന്നു. ധാർമികത വ്യക്തിയുടെ നല്ല പെരുമാറ്റത്തെക്കുറിച്ചുള്ള ഉപദേശമല്ല. അതിന് വ്യക്തമായ മാനദണ്ഡങ്ങളും അവ നടപ്പാക്കാനുള്ള സംവിധാനവും വേണം. ഒ.ഇ.സി.ഡി.യുടെ പഠനം അധ്യാപകത്തൊഴിൽപരതയുടെ ആധാരമായി കാണുന്നത് അറിവിന്റെ അടിത്തറ, തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം, സഹപ്രവർത്തകരുടെ ശൃംഖല എന്നിവയെയാണ്. സ്വാതന്ത്ര്യവും ഉത്തരവാദിത്വവും ഒന്ന് മറ്റൊന്നിനെ ശക്തിപ്പെടുത്തണമെന്ന് യുനെസ്കോയുടെ വിദ്യാഭ്യാസത്തിനുള്ള സാമൂഹിക ഉടമ്പടി പുതുക്കൽ എന്ന രേഖയും സൂചിപ്പിക്കുന്നു. ഡെലോർസ് റിപ്പോർട്ടിലെ വിദ്യാഭ്യാസത്തിന്റെ നാല് സ്തംഭങ്ങൾ, അറിയാനും ചെയ്യാനും ഒന്നിച്ചു ജീവിക്കാനും ആയിത്തീരാനും പഠിക്കുക, ഇവിടെ പ്രസക്തമാണ്. അവസാനത്തെ രണ്ടെണ്ണം പഠിപ്പിക്കപ്പെടുന്നത് പ്രസംഗത്തിലൂടെയല്ല, കൂട്ടായ്മയിലൂടെയാണ്. വിനോദയാത്ര അത്തരം ഒരു കൂട്ടായ്മയാണ്.
ഇനി താരതമ്യത്തിന്റെ ഒരു ചോദ്യം. അറിവ് സ്വന്തം അനുഭവത്തിൽനിന്ന് വിദ്യാർഥി നിർമിക്കുന്നതാണെന്ന പിയാഷെ-വൈഗോട്സ്കി ധാരയും, വിദ്യാർഥിയെ അറിവ് നിറയ്ക്കാനുള്ള പാത്രമായി കാണുന്നതിനെ വിമർശിച്ച പൗലോ ഫ്രെയ്റെയുടെ വിമർശനാത്മക വിദ്യാഭ്യാസവും കേരളത്തിലെ ക്ലാസ്മുറികളിൽ എത്രത്തോളം എത്തിയിട്ടുണ്ട്. ഈ സംഭവത്തിൽ വിദ്യാർഥികൾ കണ്ടത് രേഖപ്പെടുത്തുകയും രക്ഷിതാക്കളെ അറിയിക്കുകയും ചെയ്തു. ഇത് അനുസരണക്കേടായി കാണേണ്ടതില്ല. ചോദ്യം ചോദിക്കാൻ ധൈര്യമുള്ള വിദ്യാർഥിയെ ഒരു വിദ്യാഭ്യാസവ്യവസ്ഥ ഭയപ്പെടേണ്ടതില്ല. എന്നാൽ ഫ്രെയ്റെയുടെ പാഠം ഇരുവശത്തേക്കും മൂർച്ചയുള്ളതാണ്. വിമർശനാത്മക ചിന്ത എന്നാൽ കേട്ടതെല്ലാം വിശ്വസിക്കലല്ല. ഒരു ദൃശ്യം എന്ത് തെളിയിക്കുന്നു, എന്ത് തെളിയിക്കുന്നില്ല, അതിനു മുമ്പും പിമ്പും എന്തു സംഭവിച്ചു എന്നൊക്കെ ചോദിക്കലാണ് അത്. വിദ്യാർഥികളുടെ ശബ്ദത്തെ ഗൗരവമായി എടുക്കുന്നതും ആരോപണവിധേയരെ മുൻകൂട്ടി കുറ്റക്കാരാക്കാതിരിക്കുന്നതും ഒരേ ജനാധിപത്യമൂല്യത്തിന്റെ രണ്ട് ഭാഗങ്ങളാണ്.
ഇവിടെ എന്റെ വിമർശനം മൂന്നിടത്താണ്. ഒന്ന്, സമൂഹമാധ്യമങ്ങളുടെ വിചാരണയോട്. ഗന്ധത്തെക്കുറിച്ചുള്ള പരാതിയും ഏതാനും വീഡിയോകളും കണ്ട് ഒരാളെ മദ്യപാനിയായി മുദ്രകുത്തുന്നത് നീതിയല്ല. കുട്ടികളുടെ മുഖവും സ്കൂൾ വിവരങ്ങളും പ്രചരിപ്പിക്കുന്നത് അവരുടെ സുരക്ഷയെക്കൂടി ബാധിക്കും. രണ്ട്, അധ്യാപകന്റെ സ്വകാര്യജീവിതം നിരന്തരം നിരീക്ഷിക്കുന്ന സദാചാരപ്പൊലീസിങ്ങിനോട്. അധ്യാപകനും സ്വകാര്യതയ്ക്കും വിശ്രമത്തിനും അവകാശമുണ്ട്. പക്ഷേ വിദ്യാർഥികളുടെ മേൽനോട്ടച്ചുമതല ഏറ്റെടുത്ത സന്ദർഭത്തിൽ ആ സ്വാതന്ത്ര്യം മറ്റുള്ളവരുടെ സുരക്ഷയ്ക്ക് വഴങ്ങണം. ഈ വ്യത്യാസം തിരിച്ചറിയാത്തവർ ധാർമികതയെ ഒന്നുകിൽ ചാരവൃത്തിയാക്കും, അല്ലെങ്കിൽ അവഗണിക്കും. മൂന്ന്, ആരോപണത്തെ സ്ഥാപനത്തിന്റെ പ്രതിച്ഛായയ്ക്കുള്ള ഭീഷണിയായി മാത്രം കാണുന്ന പ്രവണതയോട്. പ്രിൻസിപ്പലിനെ പിന്തുണച്ച് മറ്റ് അധ്യാപകർ രംഗത്തുവന്നതായി റിപ്പോർട്ടുണ്ട്. സഹപ്രവർത്തകരോടുള്ള കൂറ് മനസ്സിലാക്കാം. പക്ഷേ പദവിയുടെ പ്രാധാന്യം ആരോപണം തെളിയിക്കുന്നില്ലെന്നതുപോലെ, സ്ഥാപനത്തിന്റെ മികവ് അന്വേഷണത്തിന് പകരമാവുകയുമില്ല. പ്രിൻസിപ്പലിന്റെയും പി.ടി.എ. പ്രസിഡന്റിന്റെയും ഉത്തരവാദിത്വങ്ങൾ വ്യത്യസ്തമാണ്. ഒരാൾ അക്കാദമിക-ഭരണ നേതൃത്വമാണ്. മറ്റേയാൾ രക്ഷിതാക്കളുടെ പ്രതിനിധി. അവ രണ്ടും പ്രത്യേകം പരിശോധിക്കണം.
ഈ സംഭവത്തിൽനിന്ന് പഠിക്കേണ്ട പാഠങ്ങൾ വ്യക്തമാണ്. യാത്രകൾക്ക് ലിഖിതമായ പെരുമാറ്റച്ചട്ടവും ചുമതലക്രമവും വേണം. ഓരോ യാത്രയിലും ആര് എന്തിന് ഉത്തരവാദി എന്നും, ചുമതലക്കാരന്റെ പെരുമാറ്റം സുരക്ഷയെ ബാധിച്ചാൽ ആരെന്ത് ചെയ്യുമെന്നും മുൻകൂട്ടി നിശ്ചയിക്കണം. ടൂർ കമ്മിറ്റിയിൽ ഉൾപ്പെടുന്ന പി.ടി.എ. പ്രതിനിധി ഉൾപ്പെടെ എല്ലാ യാത്രാംഗങ്ങളും യാത്രയ്ക്ക് മുമ്പ് ഈ ചട്ടത്തിൽ ഒപ്പിടണം. ലഹരിവിരുദ്ധ വ്യവസ്ഥ കേവലം അച്ചടക്കനടപടിയായി കാണരുത്. അത് കുട്ടിയുടെ മുന്നിൽ മാതൃകയാകാനുള്ള ഉടമ്പടിയായി കാണണം. അതോടൊപ്പം, കൂടെ പോകുന്ന രക്ഷിതാക്കളെ തിരഞ്ഞെടുക്കുന്നതിൽ പ്രിൻസിപ്പലിനും പി.ടി.എ. കമ്മിറ്റിക്കും ജാഗ്രത വേണം. യാത്രയ്ക്ക് മുമ്പ് അവരുടെ പെരുമാറ്റശീലങ്ങളെക്കുറിച്ച് ആലോചിക്കാതെ, പരിചയവും സൗകര്യവും മാത്രം നോക്കി ആരെയും കൂടെ കൂട്ടരുത്. അധ്യാപകർക്കും പി.ടി.എ. ഭാരവാഹികൾക്കും ധാർമികതയിൽ തുടർപരിശീലനം വേണം, ചട്ടം മനഃപാഠമാക്കാനല്ല, സങ്കീർണ സാഹചര്യത്തിൽ തീരുമാനമെടുക്കാൻ. കുട്ടികൾക്ക് പ്രതികാരഭയമില്ലാതെ പരാതി പറയാവുന്ന ഒരു സംവിധാനം വേണം, അതേസമയം ആരോപണവിധേയന്റെ ന്യായമായ നടപടിക്രമത്തിനുള്ള അവകാശം സംരക്ഷിക്കുകയും വേണം. ഇവ രണ്ടും പരസ്പരവിരുദ്ധമല്ല. ഒടുവിൽ, മാധ്യമസാക്ഷരത പാഠ്യപദ്ധതിയുടെ ഭാഗമാകണം. നാളത്തെ ലോകം നിർമിതബുദ്ധിയുടെയും വ്യാജവിവരങ്ങളുടെയും ലോകമാണ്. തെളിവിനെ വിലയിരുത്താൻ പഠിക്കാത്ത തലമുറ ആ ലോകത്ത് ദുർബലരായിരിക്കും.
ഇതെല്ലാം ചേർത്തുനോക്കുമ്പോൾ ഈ സംഭവത്തിന്റെ യഥാർഥ പാഠം ആര് കുറ്റക്കാരൻ എന്ന ചോദ്യത്തിൽ ഒതുങ്ങുന്നില്ല. അന്വേഷണം വസ്തുതകൾ പുറത്തുകൊണ്ടുവരട്ടെ, ശിക്ഷയോ കുറ്റവിമുക്തിയോ അതിന്റെ അടിസ്ഥാനത്തിലാകട്ടെ. പക്ഷേ വിദ്യാലയം കുട്ടികളുടെ വിശ്വാസത്തിന് എങ്ങനെ മറുപടി നൽകുന്നു എന്നതാണ് അതിനപ്പുറമുള്ള ചോദ്യം. അധ്യാപകന്റെ മഹത്വം തെറ്റ് പറ്റാത്തവനാകുന്നതിലല്ല. തെറ്റുപറ്റാവുന്ന മനുഷ്യനായിരിക്കെത്തന്നെ ഉത്തരവാദിത്വത്തിൽനിന്ന് ഒഴിയാതിരിക്കുന്നതിലും തെളിവിനെ മാനിക്കുന്നതിലും സ്വന്തം പ്രവൃത്തിയെ വിമർശനബുദ്ധിയോടെ നോക്കുന്നതിലുമാണ്. കുട്ടികൾ ഭയന്ന് അനുസരിക്കുന്ന ഒരു സ്കൂളാണോ, ബഹുമാനിക്കുമ്പോഴും ചോദ്യം ചോദിക്കാൻ കഴിയുന്ന ഒരു സ്കൂളാണോ നമുക്ക് വേണ്ടത് എന്നതാണ് അന്തിമമായി ഉത്തരം തേടുന്ന ചോദ്യം. ഭാവിലോകത്തിന് വേണ്ടത് രണ്ടാമത്തേതാണ്.
