കമ്പിയും കഴുത്തും വാൽക്കമ്പിയും തുടങ്ങിയ പ്രാസവ്യവസ്ഥയിൽ ആരംഭിച്ച് പരമാവധി ഇശൽവടിവുവരെ പോയി, വിശേഷിച്ച് ഏറെദൂരമൊന്നും പറക്കാനാവാതെ തുടങ്ങിയേടത്തുതന്നെ തിരിച്ചെത്തുന്ന പേലവമായ കിളിച്ചിറകുകളാണ് മലയാളത്തിലെ മാപ്പിളപ്പാട്ടുവിചാരങ്ങളിൽ പലതിനും ഇപ്പോഴുമുള്ളത്. അതിൽനിന്നും വ്യത്യസ്തമായ ഒരു കൃതിയാണ് മാപ്പിളപ്പാട്ടിലെ പെണ്ണടയാളങ്ങൾ
മലയാളകവിതയുടെ ഉൾപ്പിരിവുകളിലൊന്നായ അറബിമലയാള സാഹിത്യത്തെ ഒന്നടങ്കം വംശീയാധിക്ഷേപസ്വരത്തിൽ കൊളോണിയൽ യജമാനന്മാർ വിളിച്ചത് മോപ്ല സോങ്ങ് എന്നായിരുന്നു. അതിൻ്റെ അട്ടിമറിശേഷിയാണ് ആദ്യം അവരുടെശ്രദ്ധയിൽപ്പെട്ടത്; അതിൽ ഉൾ ച്ചേർന്ന പ്രണയമുൾപ്പെടെയുള്ള മനുഷ്യഭാവങ്ങളുടെ സമ്മേളനം പിന്നീടും. മോപ്ല സോങ്ങ് എന്ന പ്രയോഗത്തിൻ്റെ വിവർത്തനംതന്നെ പിന്നീട് മലയാളത്തിൽ ആ സാഹിത്യപന്ഥാവിനെ സൂചിപ്പിക്കുന്ന പേരായിത്തീർന്നു. ഗ്രാമഫോൺ റെക്കോഡുകളിൽ ആലേഖനം ചെയ്യപ്പെട്ട 1920-കൾ മുതൽ അത് ജനാധിപത്യവത്കരിക്കപ്പെട്ടു. (ഏതൊക്കെ പാട്ടുകൾ, ഏതു റെക്കോഡുകൾ, ഏതു കമ്പനി എന്നതിനെ സംബന്ധിച്ച് ഇന്നും വ്യക്തമായ ധാരണയില്ല എന്നത് വേറെ കാര്യം.) 1940-കളിൽ മദ്രാസ് ആകാശവാണിയും (അന്നത്തെ Indian Listener ) തുടർന്ന് തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് നിലയങ്ങളും മാപ്പിളപ്പാട്ടുകൾ പ്രക്ഷേപണം ചെയ്തുതുടങ്ങിയതോടെ, അത് മാപ്പിളമാരല്ലാത്തവരുടെയും കലയായി മാറി. ( മാപ്പിളപ്പാട്ടിൻ്റെ ആകാശവാണി / Indian Listener ചരിത്രവും ലഭ്യമല്ല.) 1950- കളിൽ പുറത്തിറങ്ങിയ രണ്ടു സിനിമകൾ അതിനെ കൂടുതൽ ജനകീയമാക്കി. രണ്ടു സിനിമയിലും പാട്ടെഴുതിയതും ഈണംപകർന്നതും പാടിയതും മാപ്പിളമാരായിരുന്നില്ല. മാപ്പിളപ്പാട്ട് അങ്ങനെ, മറ്റെല്ലാ കലകളും എന്നപോലെ, ജനാധിപത്യവത്കരിക്കപ്പെട്ടു. റേഡിയോയും സിനിമയും ഗ്രാമഫോണും ടേപ്പ്റെക്കോഡറും ചേർന്ന സാങ്കേതികവിപ്ലവം മാപ്പിളപ്പാട്ടുകളെ പല്ലവി,അനുപല്ലവി, ചരണം എന്ന രൂപത്തിലും നാലു മിനിറ്റിൽ താഴെ എന്ന സമയക്ലിപ്തതയിലും സാമാന്യമായി കൊണ്ടുചെന്നെത്തിച്ചു. അതോടെ പാരമ്പര്യവും നവീനതയും എന്ന് (ദേശിയും മാർഗിയും പോലെ) മാപ്പിളപ്പാട്ടുസാഹിത്യം രണ്ടായി വേർപിരിഞ്ഞു.
പരമ്പരാഗത മാപ്പിളസാഹിത്യത്തിൻ്റെ ചരിത്രം രേഖപ്പെടുത്താനുള്ള സർഗാത്മകശ്രമം മലയാളത്തിൽ ആദ്യമുണ്ടായത് 1978-ലാണ്: സി. എൻ. അഹമ്മദ് മൗലവിയും കെ.കെ. മുഹമ്മദ് അബ്ദുൾകരീമും ചേർന്നെഴുതിയ “മഹത്തായ മാപ്പിളസാഹിത്യ പാരമ്പര്യം” എന്ന ഗ്രന്ഥം. (പരിഷ്ക്കരിച്ച പതിപ്പ് 2023. ഒരു ഗ്രന്ഥം പരിഷ്ക്കരിക്കുമ്പോൾ അവശ്യം കാണിക്കേണ്ട അടിക്കുറിപ്പുകൾ ഒന്നുപോലുമില്ലാതെ; എന്താണ് എവിടെയാണ് പരിഷ്ക്കരിച്ചത് എന്നറിയാൻ ഒരു മാർഗവുമില്ലാതെയാണ് പരിഷ്ക്കരിച്ച പതിപ്പ് പുറത്തിറങ്ങിയത് എങ്കിലും.) ആ വഴിക്ക് സാർത്ഥകമായ ഒടുവിലത്തെ ശ്രമം ഉണ്ടായത് 2024-ലാണ്: അബ്ദുറഹ്മാൻ മങ്ങാട്, ടി.പി. സൽമാനുൽ ഫാരിസ്, കെ. അബൂബക്കർ എന്നിവർ ചേർന്നു തയ്യാറാക്കിയ “അറബിമലയാളം വിവരണാത്മക ഗ്രന്ഥസൂചി” എന്ന ഗ്രന്ഥം.
പക്ഷേ, അപ്പോഴും, മാപ്പിളപ്പാട്ടിൻ്റെ ജനകീയധാരയുടെ ചരിത്രം സമ്പൂർണ്ണമായോ സമഗ്രമായോ രേഖപ്പെടുത്താനുള്ള ശ്രമങ്ങൾ കാര്യമായി ഉണ്ടായില്ല. അവിടവിടെയായി വന്ന ഒറ്റലേഖനങ്ങളോ ലേഖനസമാഹാരങ്ങളോ ഇല്ലെന്നല്ല; ഒരു സംഗീത/സാഹിത്യപന്ഥാവിൻ്റെ ചരിത്രരചന എന്ന വലിയ ഉത്തരവാദിത്തം ഏറ്റെടുക്കാൻ മാപ്പിളപ്പാട്ടുനിരൂപകർ മുന്നോട്ടുവന്നതായി കാണുന്നില്ല. (ചിലപ്പോൾ, എൻ്റെ അറിവില്ലായ്മയാകാം. അറിവുള്ളവർ തിരുത്തിയാൽ സന്തോഷം.) ആ ഒഴിവിടത്തിലേക്കു പ്രവേശിക്കുന്ന നിരൂപണഗ്രന്ഥമാണ് “മാപ്പിളപ്പാട്ടിലെ പെണ്ണടയാളങ്ങൾ”. നോവലിസ്റ്റും പാട്ടെഴുത്തുകാരിയുമായ സാബി തെക്കേപ്പുറമാണ് ഈ പുസ്തകത്തിൻ്റെ രചയിതാവ്. മാപ്പിളപ്പാട്ടിലെ പരമ്പരാഗതധാരയുടെ സ്വാംശീകരണവും അതിൽനിന്നുള്ള കുതറലും എഴുത്തുകാരികളിൽ എങ്ങനെ പ്രകടമാകുന്നു എന്ന അന്വേഷണമാണിത്.
മാപ്പിളപ്പാട്ടെഴുത്തുകാരികളായ പതിനാറുപേരുടെ കൃതികളിലൂടെയുള്ള സാമാന്യം സമഗ്രമായ അന്വേഷണമാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. ഒപ്പം, സ്ത്രീകളെ പാട്ടെഴുത്തുമായി അടുപ്പിച്ച സമം പദ്ധതിയെക്കുറിച്ചും ഇശൽ കൂട്ടായ്മകളെക്കുറിച്ചുമുള്ള രണ്ടു നിബന്ധങ്ങളും. എസ്. എം. ജമീലബീവി, പി. കെ. ഹലീമബീവി, നടുത്തോപ്പിൽ വി. ആയിഷക്കുട്ടി, പുത്തൂർ ആമിന, ബി. ആയിഷക്കുട്ടി, സി.എച്ച്. കുഞ്ഞായിഷ , കെ. ആമിനക്കുട്ടി, തോട്ടുമുഖം ശരീഫബീവി, കെ.ടി.ആസ്യ തിരൂരങ്ങാടി, കെ. ടി. സൈനബ, ആയിഷ വി.ടി. കുറ്റ്യാടി, സൗദ സാജിദ് കരുവൻ പൊയിൽ, റഹ്മത്ത് ശെയ്ഖ് ചെത്ത്ലത്ത്, ഷാഹിദ എം.ടി വാഴ ക്കാട്, റസിയ ടീച്ചർ കൊട്ടൂക്കര, സബിത മൂഴിക്കൽ എന്നിവരുടെ കാവ്യലോകമാണ് കൃതിയുടെ നോട്ടപ്പാടിലുള്ളത്.
“ചന്ദിരത്വാഹാനബിയ്ക്ക് സുന്ദരിരാജ സ്വരൂപി ” എന്ന ഒപ്പനപ്പാട്ടിൽ “ചെറുപ്പമക്കുളർ തങ്ങൾക്കിണയാവുമോ / ചിന്തയിൽ ശരിയായ നിനവൊക്കുമോ” എന്നെഴുതാൻ ധൈര്യം കാണിച്ച പി.കെ. ഹലീമാബീവിയെ ( 1909-1959) നമ്മുടെ പെണ്ണെഴുത്തു വിചിന്തകർ കാണാതെ പോയെങ്കിൽ അത് ആരുടെ കുറ്റമാണ് എന്ന് ഈ കൃതി ചോദ്യമുനയുയർത്തുന്നു. ധീരമാനിതരായ പുരുഷന്മാരോട് “മട്ടിൽകിട്ടുംവരേയ്ക്കും മാനേ തേനേ വിളിക്കും / മറ്റു ലോഗിയം ഉറ്റിടും /പലേ ചക്കര വാക്കും ഒരുപടി / മക്കളങ്ങു കണക്കിലായാൽ അടുക്കളേലാക്കും” എന്നു പാട്ടിലൂടെ ഗർജ്ജിച്ച പുത്തൂർ ആമിന നമ്മുടെ സാഹിത്യചരിത്രത്തിൽ ഉൾപ്പെടാതെ പോയതെന്ത്? കാതുതുളച്ച് ചിറ്റിടുന്നതാണ് ഇസ്ലാംമുറ എന്നു പറയുന്നവരോട്
” കാതുതുളച്ച് ചിറ്റിടുകൽ യേന്നേ / കർമം എവിടുന്നോ നമിൽ കടന്നേ ” എന്ന് മുറയുടെ പ്രമാണം ചോദിച്ച സി. എച്ച്. കുഞ്ഞായിഷയെ നമ്മുടെ നവോത്ഥാനചരിത്രത്തിൻ്റെ മാർജിനിൽപോലും അടയാളപ്പെടുത്താതിരുന്നത് എന്തുകൊണ്ട്? വിശകലനങ്ങളുടെയും വിമർശനങ്ങളുടയും ഒരു ശരധിയാണ് ഈ കൃതി.
മാപ്പിളപ്പാട്ടുരംഗത്തെ എഴുത്തുകാരികളുടെ ജീവചരിത്രവും കലയും സാഹിതീയവ്യക്തിത്വവും രചനാവൈഭവവും വിലയിരുത്തിപ്പോകുന്ന ഈ കൃതി അഭിനന്ദനാർഹമായ ഗവേഷണത്താലും അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. വ്യക്തമായ ആസൂത്രണവും കൃത്യമായ അവതരണവും ഈ കൃതിയുടെപ്രത്യേകതകളാണ്. ജീവചരിത്രവും പാട്ടു ചരിത്രവും ഒരു കഥ വായിക്കുന്നതുപോലെ വായിച്ചുപോകാം. മാപ്പിളപ്പാട്ടിലും സംസ്കാരപഠനത്തിലും നവോത്ഥാനചരിത്രത്തിലും സ്ത്രീവാദചരിത്രത്തിലും സാഹിത്യ ചരിത്രത്തിലും താല്പര്യമുള്ളവർ സാബി തെക്കേപ്പുറത്തിൻ്റെ ഈ കൃതി കാണാതെപോകരുത്.
പ്രസാധനം: ട്രെൻഡ് ബുക്സ്, കോഴിക്കോട് ഫോൺ :7994322272
രചയിതാവ് : സാബി തെക്കേപ്പുറം
വില:180 രൂപ
