ന്യൂകാസിൽ യൂണിവേഴ്സിറ്റി, യു.കെ.

അദ്ധ്യായം — 2

വെള്ളിയാഴ്ച, ജൂലൈ 13, 2012, രാവിലെ 10:45—

ഒരു തണുത്ത പ്രഭാതം. തവിട്ടു നിറത്തിലുള്ള ഇലകൾ ഇളം കാറ്റേറ്റ് മുകളിലേക്ക് പറന്നുയർന്നു. സ്കൂൾ യൂണിഫോം ധരിച്ച വിദ്യാർത്ഥികൾ അവരുടെ ക്ലാസുകളിലേക്ക് നടന്നു നീങ്ങി.

വലിയൊരു ലെക്ചർ ഹാളിനുള്ളിൽ, അനബെല്ല തന്റെ സുഹൃത്തുക്കളോടൊപ്പം ഇരുന്നു കൊണ്ട് ഫോണിലെ മെസ്സേജുകൾ വായിച്ചു കൊണ്ടിരിക്കുകയായിരുന്നു. സീലിംഗ് ഫാനിൽ നിന്നുള്ള കാറ്റേറ്റ് അവളുടെ നീണ്ട, തിളക്കമുള്ള, ചുവന്ന മുടി ചുറ്റിത്തിരിഞ്ഞു. നീല മിഡിയും കറുത്ത ടോപ് ആയിരുന്നു അവളുടെ യൂണിഫോം.

“എപ്പോഴും ഈ പ്രണയകഥകൾ ദുഃഖം നിറഞ്ഞത് മാത്രമാകാൻ കാരണമെന്താണ്? ഷെയക്സ്പിയറിന്റെ ലിറ്ററേച്ചർ തൊട്ട് ഒരുവിധം എല്ലാം ഇങ്ങനെയാണല്ലോ…?” സാൻഡ്ര ചോദിച്ചു. തന്റെ ബാഗ് മേശപ്പുറത്ത് വെച്ചതിനു ശേഷം അവൾ അനബെല്ലയുടെ നേർക്ക് തിരിഞ്ഞു.

“നീ അതൊക്കെ പറയും എന്നിട്ട് പരീക്ഷ വരുമ്പോൾ നീ തന്നെ ആയിരിക്കും ടോപ്സ്കോറർ.” അനബെല്ല പുഞ്ചിരിച്ചു.

“അത് ഞാൻ ഇതുപോലുള്ള പൈങ്കിളി കഥകൾ ആസ്വദിക്കുന്നത് കൊണ്ടൊന്നുമല്ല മൈ ഡിയർ ഷെർലക്ക് ഹോംസ്. ഞാൻ കഷ്ടപ്പെട്ട് പഠിക്കുന്നത് കൊണ്ട് തന്നെയാണ്.”

“കഷ്ടപ്പെട്ട് പഠിക്കാനോ? ആര് നീയോ?” എന്തോ അസൈൻമെന്റ് എഴുതിക്കൊണ്ടിരുന്ന ഫ്രേസർ, തന്റെ ഫയലിൽ നിന്നും മുകളിലേക്ക് ദൃഷ്ടി പായിച്ചു.

മറ്റൊരു സുഹൃത്ത്, ഏഥൻ, തന്റെ ബാഗ് ഒരു കസേരയിൽ ഇട്ടുകൊണ്ട് അവരോടൊപ്പം ചേർന്നു.

“ഫെലിസ ഇന്ന് വന്നില്ലേ?” സാൻഡ്ര ചുറ്റും നോക്കി.

“അവൾക്ക് എവിടെയോ പോകാനുണ്ടത്രെ. ഇന്നലെ പറഞ്ഞിരുന്നു.” ഏഥൻ പറഞ്ഞു. അവൻ അനബെല്ലയെ നോക്കി പുഞ്ചിരിച്ചു.

“എടോ ബെല്ല, ഇന്നലെ രാത്രി താൻ മാഗ്നസിനൊപ്പം ലൈബ്രറിയിലായിരുന്നില്ലേ?”

“ഏഥൻ, വേണ്ട. ആവശ്യമില്ലാത്ത വിഷയങ്ങൾ ഒന്നും ഇവിടെ എടുത്തിടല്ലേ… തന്റെ ഒരു കുറവേ ഇവിടെയുണ്ടായിരുന്നുള്ളൂ.”

“സത്യം പറയൂ മിസ് ഷെർലക്ക് ഹോംസ്, നിങ്ങൾ രണ്ടുപേരും ശരിക്കും പഠിക്കുകയായിരുന്നോ?” അവൾ പറഞ്ഞത് ശ്രദ്ധിക്കാതെ ഏഥൻ അവളെ തമാശയാക്കി ചോദിച്ചു.

“രാത്രിയിലോ? രാത്രി എന്തിനാണ് ഇവര് രണ്ടുപേരും ലൈബ്രറിയിലേക്ക് വന്നത്?” സാൻഡ്ര ഇരുവരെയും നോക്കിക്കൊണ്ട് ചോദിച്ചു.

“ഒരു ബുക്ക് റഫറൻസിന് എടുക്കാൻ വേണ്ടി വന്നതായിരുന്നു. ഞാൻ നോക്കുമ്പോൾ അവൻ മുമ്പേ അവിടെ തന്നെ ഉണ്ടായിരുന്നു. അതിപ്പോ എന്റെ കുഴപ്പമാണോ?” അനബെല്ല ചോദിച്ചു.

“രണ്ടുപേരും പ്ലാൻ ചെയ്തു വന്നതാണെന്ന് ആർക്കാ അറിയാൻ പാടില്ലാത്തത്?” ഫ്രേസർ ചിരിച്ചു.

“അതേടോ, റഫറൻസ് ബുക്കിന് തന്നെയാണ് ലൈബ്രറിയിലേക്ക് വന്നത്. അതങ്ങനെയാ. അല്ലാതെ എപ്പോഴും ക്ലാസിൽ ഇരുന്ന് ഉറങ്ങുന്ന തനിക്കൊന്നും അത് പറഞ്ഞാൽ മനസ്സിലാകില്ല.” അനബെല്ല ചിരിച്ചു.

“അല്ല എന്നിട്ട് അവൻ എവിടെ കണ്ടില്ലല്ലോ?”

“ക്ലാസ്സ് കഴിഞ്ഞ് പത്ത് മിനിറ്റ് ശേഷമേ അവൻ വരുള്ളൂ. അവൻ എവിടെയോ പാർട്ട് ടൈം ജോലിക്ക് പോകുന്നുണ്ട് എന്നാണ് അറിഞ്ഞത്.”

അപ്പോഴേക്കും പ്രൊഫസർ മാർട്ടിൻ അകത്തേക്ക് കയറി വന്നു, മുറി നിശബ്ദമായി.

“ഗുഡ് മോർണിംഗ്,” അദ്ദേഹം ശാന്തമായ സ്വരത്തിൽ പറഞ്ഞു. “നമുക്ക് തുടങ്ങാം. ഇന്ന് നമ്മൾ സംസാരിക്കുന്നത് ‘പിരാമസിനെയും തിസ്ബെയെയും’ കുറിച്ചാണ്.”

ക്ലാസ് നിശബ്ദമായി. പ്രൊഫസർ തുടർന്നു. “പ്രണയത്തെക്കുറിച്ചുള്ള ഒരു പഴയ കഥ, ഒരു ചുവരിലെ ഒരു രഹസ്യ ദ്വാരം, വളരെ വലിയ, എന്നാൽ ദുഃഖകരമായ ഒരു തെറ്റ്.”

അദ്ദേഹം വൈറ്റ്ബോർഡിലേക്ക് തിരിഞ്ഞു. “ഇത് പറഞ്ഞപ്പോഴാണ് ഞാൻ എന്റെ പൂച്ച മഫിൻസിനെ ഓർമിക്കുന്നത്. ഇന്ന് രാവിലെ അവൻ ഗ്ലാസ് ഡോറിലെ സ്വന്തം പ്രതിബിംബത്തെ നോക്കി മണിക്കൂറുകളോളമാണ് ചിലവഴിച്ചത്.”

ക്ലാസ് മുഴുവൻ ചിരിച്ചു. പ്രൊഫസർ മാർട്ടിൻ പുഞ്ചിരിച്ചു.

“അപ്പോൾ,” അദ്ദേഹം തുടർന്നു, “പ്രണയത്തിലായ രണ്ട് ചെറുപ്പക്കാർക്ക് ഉണ്ടാകാവുന്ന ബുദ്ധിമുട്ട് സങ്കൽപ്പിക്കുക. ഇനി, ഈ മതിലിനെക്കുറിച്ച് സംസാരിക്കാം. അതിന്റെ അർത്ഥമെന്താണ്?”

ക്ലാസ് സജീവമായ ഒരു ചർച്ച ആരംഭിച്ചു. അനബെല്ല ശ്രദ്ധയോടെ കേട്ടു, അവളുടെ ഇരുണ്ട കണ്ണുകൾ പ്രൊഫസറിൽ തന്നെ കേന്ദ്രീകരിച്ചു.

“മേ ഐ കമിൻ സർ?”

ശബ്ദം കേട്ട് പ്രൊഫസർ വാതിൽക്കലേക്ക് നോക്കി. മാഗ്നസ് ആയിരുന്നു അത്.


ക്ലാസ് കഴിഞ്ഞ് മണിക്കൂറുകൾക്ക് ശേഷം, തിരക്കേറിയ കാന്റീനിൽ—

പാസ്ത സാലഡ് കഴിക്കുമ്പോഴാണ് അനബെല്ല മാഗ്നസിനെ കണ്ടത്. അവൻ അവളെ കണ്ടതും അവളുടെ അരികിലേക്ക് നീങ്ങി, മുൻവശത്തെ കസേരയിൽ ഇരുന്നു.

“ഗുഡ് ആഫ്റ്റർനൂൺ മിസ് ഷെർലക്ക് ഹോംസ്,” മാഗ്നസ് പറഞ്ഞു. അവൾ ലഞ്ചു ബോക്സിൽ നിന്നും മുഖമുയർത്തി നോക്കി.

“അല്ല, ആരിത് മാഗ്നസോ? താൻ ഇവിടെ ഉണ്ടായിരുന്നോ… കണ്ടില്ലല്ലോ… അല്ല, ഒന്നും ഓർഡർ ചെയ്തില്ലേ? ഒരു പാസ്ത കഴിക്കുന്നോ?”

“എനിക്കൊന്നും വേണ്ട.”

“കഴിക്കടോ,” അനബെല്ല ഒരു സ്പൂണിൽ നിന്നും പാസ്ത എടുത്ത് അവന്റെ വായിലേക്ക് വെച്ച് കൊടുത്തു. അവൻ അത് ഉള്ളംകയ്യിലേക്ക് വാങ്ങി വായിലിട്ടു.

“താനെന്താ ഈ സമയത്ത് ഇവിടെ? ഉച്ചക്കുള്ള പോയട്രി ക്ലാസ്സ് കട്ട് ചെയ്യാനുള്ള ഐഡിയ ഉണ്ടോ?” അനബെല്ല ചിരിച്ചു.

“അതേയ്, ബെല്ല… നമുക്ക് ഈ ബഹളമുള്ള സ്ഥലത്ത് നിന്ന് പുറത്ത് മാറിയിരുന്നാലോ?” അവൻ ചോദിച്ചു. അവന്റെ മുഖത്ത് എന്തോ ഒരു ടെൻഷൻ ഉണ്ടെന്ന് അനബെല്ല മനസ്സിലാക്കി.

അവൾ ഭക്ഷണത്തിന്റെ ബോക്സ് എടുത്ത് അവന്റെ കൂടെ പുറത്തേക്ക് നടന്നു.

പഴയ മരങ്ങൾക്കിടയിലൂടെ അവർ നടന്ന് ഒരു ചെറിയ കുളത്തിനരികിലെത്തി. രണ്ട് താറാവുകൾ വെള്ളത്തിൽ നീന്തുന്നുണ്ടായിരുന്നു. അടുത്തുള്ള സിമന്റ് ബെഞ്ചിൽ അവർ ഇരുന്നു.

“മാഗ്നസ്, എന്ത് പ്രശ്നമാണ് തന്നെ അലട്ടുന്നത്?” അനബെല്ല കളിയായി ചോദിച്ചു. “അല്ല തന്റെ മൊബൈൽ ഫോൺ എവിടെ? ഈ ബ്യൂട്ടി ഒക്കെ ക്യാപ്ച്ചർ ചെയ്യേണ്ട?” അവൾ ചിരിച്ചു.

മാഗ്നസ് അവളുടെ മുഖത്തേക്ക് നോക്കി. ഉച്ച വെയിലിന്റെ തീക്ഷ്ണതയേറ്റ് അവളുടെ ചുവന്ന മുടി തീ പോലെ ജ്വലിക്കുന്നതായി അവന് തോന്നി.

“ഒരു കാര്യം ഡിസ്കസ് ചെയ്യാനുണ്ടായിരുന്നു. എങ്ങനെ പറഞ്ഞു തുടങ്ങണമെന്ന് അറിയില്ല,” മാഗ്നസ് പറഞ്ഞു.

“സാരമില്ല. എന്നോട് പറഞ്ഞോളൂ.”

മാഗ്നസ് അവളുടെ മുഖത്തേക്ക് നോക്കി. അവർക്ക് പരസ്പരം എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു.

“എന്റെ അച്ഛൻ ഒരു വീട് വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടെന്ന് പറഞ്ഞല്ലോ.” മാഗ്നസ് അവളുടെ ചുവന്ന മുടിയിലേക്ക് നോക്കി. അവളുടെ സൗന്ദര്യം ആ മുടിയിലാണെന്ന് അവന് തോന്നി.

“ഉവ്വ്. ഈ കോഴ്സ് കഴിഞ്ഞ് നല്ല ജോലിയൊക്കെ കിട്ടി നീ ഇവിടെ തന്നെ സെറ്റിൽ ആവുന്ന കാര്യമൊക്കെ എനിക്ക് അറിയാവുന്നതല്ലേ? ഇതാണോ താൻ പറയാൻ വന്നത്?”

“നിനക്കറിയാലോ, എന്റെ പാഷനാണ് സിനിമ ഷൂട്ടിംഗ്. എവിടെയെങ്കിലും എന്റെ കഴിവ് വിനിയോഗിക്കാനുള്ള അവസരം കിട്ടിയാലോ എന്ന് ഞാൻ വെറുതെ ആഗ്രഹിച്ചു പോവുകയാണ്. അതിനു വേണ്ടുന്ന എക്യുപ്പ്മെൻസ് ഒക്കെ ഞാൻ ഇന്നലെ മേടിച്ചു.”

“അത് കൊള്ളാലോ. സ്വന്തം പാഷനുവേണ്ടി പണം ഇൻവെസ്റ്റ് ചെയ്യുന്നത്, അതൊരിക്കലും വേസ്റ്റ് ആവുകയില്ല.”

“അതിനോട് ഞാനും യോജിക്കുന്നു.”

“നിന്റെ ഫേസ്ബുക്ക്‌ ഫോട്ടോസും വീഡിയോസും ഒക്കെ ഞാൻ കാണാറുള്ളതല്ലേ. നിന്റെ എഡിറ്റിംഗ് സ്കില്ലിനെ പറ്റി ഞാൻ എത്ര തവണ കമന്റ് ചെയ്തിട്ടുണ്ട്…” അനബെല്ല ചോദിച്ചു.

“പക്ഷേ ഇത് വെറും രസത്തിനു വേണ്ടിയല്ല, ബെല്ല. ഞാൻ പഠിത്തത്തോടൊപ്പം ചെറിയൊരു ജോലി ചെയ്യുന്നുണ്ട്. പണം സേവ് ചെയ്യുകയാണ്, ഇനിയും ഉപകരണങ്ങൾ വാങ്ങണം… ഞാൻ ഇവിടെ ഒരു യഥാർത്ഥ ജീവിതം കെട്ടിപ്പടുക്കാൻ ശ്രമിക്കുകയാണ്.”

“അതിനെന്താ മാഗ്നസ്, അത് നല്ല കാര്യമല്ലേ? നിന്നെപ്പോലെ ദീർഘവീക്ഷണമുള്ള ഒരു വിദ്യാർത്ഥിയും ഈ ക്യാമ്പസിനകത്ത് ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല. മാഗ്നസിന് എന്റെ എല്ലാ സപ്പോർട്ടും ഉണ്ട്. പറയൂ എന്നിൽ നിന്നും എന്ത് സഹായമാണ് വേണ്ടത്?”

“എന്നെ സഹായിക്കാനുള്ള മനസ്സ് ഒക്കെ നിനക്ക് ഉണ്ടാകുമെന്ന് എനിക്കറിയാം, ബെല്ല. പക്ഷേ അതല്ല കാര്യം. പരീക്ഷയൊക്കെ അടുക്കാറാവുകയല്ലേ… പെട്ടെന്ന് എനിക്കൊരു… ഒരു ചിന്ത.”

“എന്ത്?”

“നീ ഈ ക്യാമ്പസ് വിട്ടുപോകും എന്നൊരു ചിന്ത എന്നെ വല്ലാതെ അലട്ടുന്നു, ബെല്ല.”

“ഞാൻ ഈ ക്യാമ്പസ് വിട്ടു പോകാനോ?” അനബെല്ല നെറ്റി ചുളിച്ചു. അവളുടെ ശബ്ദം താഴ്ന്നു.

“പരീക്ഷ അടുക്കാറായില്ലേ? പരീക്ഷ കഴിഞ്ഞു നമ്മൾ വ്യത്യസ്ത വഴികളിലൂടെ പോകുകയാണോ, നമ്മുടെ ഈ സൗഹൃദം അവസാനിക്കുമോ എന്നൊക്കെ ഞാൻ ചിന്തിച്ചു കൂട്ടി.” മാഗ്നസ് അവളുടെ മുഖത്ത് നോക്കി. അവൾ അമ്പരന്നു കേൾക്കുകയായിരുന്നു.

“തനിക്ക് എന്തുപറ്റി മാഗ്നസ് അങ്ങനെയൊക്കെ തോന്നാൻ? ഇതുവരെ ഞാൻ അങ്ങനെയൊന്നും ചിന്തിച്ചിട്ടില്ല. നീ എന്തിനാ ഇങ്ങനെ കാടുകയറുന്നത്?”

“കാരണം… എന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളെക്കുറിച്ചും ഞാൻ സംസാരിക്കുന്നത് നിന്നോടാണ്. നീയില്ലാതെ ഇവിടെ ഒരു ഭാവി കെട്ടിപ്പടുക്കുക എന്ന ചിന്ത… അത് പ്രായോഗികമല്ല എന്ന് തോന്നി. ഏറ്റവും പ്രധാനപ്പെട്ടതെന്തോ, അത് നഷ്ടപ്പെടുന്നത് പോലെ.” മാഗ്നസ് പറഞ്ഞു.

ഒരു നിമിഷത്തെ നിശബ്ദത. അനബെല്ല ചിന്താകുഴപ്പത്തിലായി തന്റെ കൈയിലെ ഭക്ഷണപ്പൊതിയിലേക്ക് നോക്കി.

“ഞാൻ നിന്നെ സ്നേഹിക്കുന്നു, ബെല്ല. ഐ ലവ് യൂ.” അവൻ മൃദുവായി പറഞ്ഞു.

ഐ ലവ് യൂ…

നിശബ്ദതയിൽ ആ വാക്കുകൾ എവിടെയോ തട്ടി ഒരുപാട് തവണ പ്രതിധ്വനിക്കുന്നത് പോലെ അവളുടെ കാതുകളിൽ മുഴങ്ങി. ആ മൂന്ന് വാക്കുകൾ അവർക്കിടയിൽ എവിടെയോ തങ്ങിനിന്നു.

“എനിക്ക് വളരെക്കാലമായി തോന്നുന്നു നിന്നോട് ഇത്. നിനക്ക്… നിനക്കെന്നെ അങ്ങനെ കാണാൻ കഴിയുമോ എന്ന് എനിക്കറിയണം.” മാഗ്നസ് അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു.

അനബെല്ല ഒന്നും മിണ്ടിയില്ല. അവൾ കുളത്തിലെ താറാവുകളെ നോക്കി കുറച്ചുനേരം ഒന്നും സംസാരിക്കാതെ അവിടെത്തന്നെ ഇരുന്നു. കുറച്ചു നിമിഷങ്ങൾ അവർക്കിടയിലൂടെ നിശബ്ദമായി കടന്നുപോയി.

“ബെല്ല ഒന്നും പറഞ്ഞില്ല?” ഒടുവിൽ മാഗ്നസ് മൗനം ഭജിച്ചു.

“മാഗ്നസ്…” അവൾ പറഞ്ഞു തുടങ്ങി. അവളുടെ ശബ്ദം മൃദുവും ആശങ്ക നിറഞ്ഞതും ആയിരുന്നു.

“ഞാൻ തീരെ പ്രതീക്ഷിച്ചില്ല താൻ ഇങ്ങനെയൊക്കെ പറയുമെന്ന്. എന്നെ ആകപ്പാടെ കൺഫ്യൂഷനിൽ ആക്കിയല്ലോ.” അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി.

വീണ്ടും നിശബ്ദത. തണുക്കുന്നതു പോലെ അവൾ സ്വന്തം കൈകൾ അമർത്തി പിടിച്ചു.

“എനിക്ക് നിന്നെ ഇഷ്ടമാണ്,” അവൾ ഓരോ വാക്കും ശ്രദ്ധയോടെ പറഞ്ഞു. “പക്ഷേ നീ അത് പറയുമ്പോൾ… എനിക്ക് തോന്നുന്നത് സന്തോഷമോ എക്സൈറ്റ്മെന്റോ ഒന്നുമല്ല. ഞാൻ പറഞ്ഞല്ലോ… ഒരുതരം, ഒരുതരം കൺഫ്യൂഷനാണ്…”

“ഒരു നല്ല മറുപടി എനിക്ക് പ്രതീക്ഷിക്കാമോ?”

“ഞാൻ എന്താണ് തന്നോട് റിപ്ലൈ ചെയ്യേണ്ടത്? വല്ലാത്ത ഒരു ഡിലമ്മയിലാണ് ഞാൻ.”

“എന്തിന്? ഞാൻ സീരിയസ് ആയിട്ടാണ് ചോദിച്ചത്. നിന്നെ ഞാൻ ഫോഴ്സ് ചെയ്തിട്ട് ഒന്നുമില്ല. നിനക്ക് ഇഷ്ടമല്ലെങ്കിൽ ഇഷ്ടമില്ല എന്ന് തന്നെ പറയാം.”

“മാഗ്നസ് ആദ്യം ജോലിയെ കുറിച്ച് സംസാരിച്ചു. ഇവിടത്തെ കോഴ്സ് കഴിഞ്ഞതിനു ശേഷം എന്ത് ചെയ്യണം എന്നുള്ള ഉൾക്കാഴ്ചയോടെ കുറച്ച് കാര്യങ്ങൾ സംസാരിച്ചു. നല്ല ദീർഘവീക്ഷണമുള്ള ഒരു ചെറുപ്പക്കാരനാണ് താൻ. പക്ഷേ എന്നെ അലട്ടുന്നതായ കുറച്ചു കാര്യങ്ങളുണ്ട്, മാഗ്നസ്.”

“ബെല്ല പറഞ്ഞോളൂ.”

“നോക്കൂ മാഗ്നസ്, ഞാൻ ചിന്തിക്കുന്നത് ഫ്യൂച്ചറിനെ കുറിച്ച് ഒന്നുമല്ല. പരീക്ഷയെ കുറിച്ച് പോലുമല്ല. ഇപ്പോഴുള്ള കാര്യങ്ങളാണ്. ശരിക്കും പറഞ്ഞാൽ എന്റെ പപ്പയെ കുറിച്ച്.”

മാഗ്നസ് അവളുടെ മുഖത്തേക്ക് തന്നെ നോക്കി. അവൾ എന്താണ് പറയുന്നത് എന്ന് കേൾക്കാനുള്ള ആകാംക്ഷയോടെ.

“എന്റെ അമ്മയെ കുറിച്ചുള്ള എല്ലാ ഓർമ്മകളും പേറി പപ്പ ഒറ്റയ്ക്ക് വീട്ടിൽ താമസിക്കുകയാണ്. ചിലപ്പോൾ ഞാൻ കാണാറുണ്ട്. തനിച്ചിരിക്കുന്ന പപ്പയുടെ വിഷമം ഞാൻ അറിയാറുണ്ട്. എന്റെ കോഴ്സ് കഴിഞ്ഞാലും ഞാൻ പപ്പയുടെ കൂടെ തന്നെ ഇരിക്കണം എന്നാണ് എന്റെ ആഗ്രഹം. പപ്പയെ തനിച്ചാക്കി ഒരിടത്തേക്കും വരാൻ എനിക്ക് പറ്റില്ല, മാഗ്നസ്.”

“ഇപ്പൊ തോന്നുന്നു തന്നോട് ഇങ്ങനെ ഒരു പ്രൊപ്പോസൽ നടത്തേണ്ടിയിരുന്നില്ല എന്ന്.” ഒരു ചെറിയ ചിരി വരുത്തി, അതിൽ ഒരല്പം വിഷാദം ഉണ്ടായിരുന്നു.

“ഞാൻ മാഗ്നസിനെ കുറ്റപ്പെടുത്തിയതല്ല. എന്റെ കാര്യം പറഞ്ഞെന്നേയുള്ളൂ.”

“ബെല്ലക്ക് തോന്നുന്നുണ്ടോ എന്റെ പ്രൊപ്പോസൽ റിജക്ട് ചെയ്യാൻ ഇത് ഒരു കാരണമാണെന്ന്?”

“അറിയില്ല, മാഗ്നസ്. പക്ഷേ എനിക്ക് മാഗ്നസിനോട് ഒരു ‘എസ്’ പറയാൻ പറ്റില്ല.”

“കാരണം?”

“മാഗ്നസിന്റെ മുന്നിൽ നല്ലൊരു ഫ്യൂച്ചറുണ്ട്. തന്റെ നല്ല മനസ്സ് മനസ്സിലാക്കുന്ന ഒരുപാട് പെൺകുട്ടികൾ ഉണ്ടാകും. മാഗ്നസ് ആരെയെങ്കിലും അന്വേഷിക്കൂ. ഒരു ഉറപ്പും തരാൻ പറ്റാത്ത എന്നെ വെയിറ്റ് ചെയ്യുന്നതിനെക്കാളും എത്രയോ നല്ലതാണത്.” അനബെല്ല ഒരു ദീർഘനിശ്വാസം ഉതിർത്തു.

“അപ്പോ ബെല്ല തീരുമാനിച്ചു കഴിഞ്ഞു എന്നെ ഒഴിവാക്കാൻ വേണ്ടി. ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ.”

“ഞാൻ അങ്ങനെയല്ലല്ലോ പറഞ്ഞത്?”

“പിന്നല്ലാതെ… പിന്നെ നീ പറയുന്നതിന് എന്ത് അർത്ഥമാണുള്ളത്?”

“എനിക്ക് വേണ്ടി കാത്തിരിക്കേണ്ട കാര്യമില്ല എന്നല്ലേ ഞാൻ പറഞ്ഞത്? അവോയ്ഡ് ചെയ്യുന്നതെന്തിന്… നമ്മൾ നല്ല സുഹൃത്തുക്കൾ തന്നെയല്ലേ?” അവൾ ചോദിച്ചു.

“ശരി. എത്ര കാലമാണ് തനിക്ക് ആലോചിക്കാൻ വേണ്ടത്?” ഒരു ചെറിയ ചുവടുവെപ്പ് മുന്നോട്ട് വെച്ച് മാഗ്നസ് ചോദിച്ചു. “ഒരു വർഷമോ? രണ്ട് വർഷമോ? ഞാൻ കാത്തിരിക്കാം. പിന്നെ പപ്പ തനിച്ചാവും എന്നതാണ് നിന്നെ അലട്ടുന്ന പ്രശ്നമെങ്കിൽ നമുക്ക് അത് ഒരുമിച്ച് പരിഹരിക്കാൻ കഴിയും.”

“എങ്ങനെ?” അനബെല്ല ആകാംക്ഷയോടെ അവന്റെ മുഖത്ത് നോക്കി.

“നിന്റെ പ്രശ്നങ്ങൾ ഒരിക്കലും നിന്റേത് മാത്രമായിരിക്കില്ല, ബെല്ല. എന്നെ അങ്ങനെ ഒരാളായി നീ കാണേണ്ടതുമില്ല.”

“നീ വളരെ ദയാലുവാണ്, മാഗ്നസ്. നിന്റെ വാക്കുകൾ ഒക്കെ എനിക്ക് ഏറെ പ്രതീക്ഷ നൽകുന്നതും ആണ്. നീ ചിന്തിക്കുന്നത് ഭാവിയെക്കുറിച്ചാണെങ്കിൽ ഞാൻ ചിന്തിക്കുന്നത് ഇപ്പോഴുള്ള ലൈഫിനെ കുറിച്ചാണ്.”

“പരിഹരിക്കാൻ ആവാത്ത പ്രശ്നം ഒന്നുമല്ലല്ലോ നീ പറയുന്നത്… ഇത് കാരണം ഒരു റിജക്ഷൻ… നോ. എനിക്ക് തോന്നുന്നില്ല… നീ എന്തോ ഒളിക്കുന്നുണ്ട്.”

“ഇതാണ് നിനക്ക് മനസ്സിലാകാത്തത്, മാഗ്നസ്… പരിഹരിക്കേണ്ട ഒരു പ്രശ്നമല്ല എനിക്കുള്ളത്. ഐ റിപ്പീറ്റ്… ഞാൻ പറഞ്ഞത് എന്റെ ഇപ്പോഴത്തെ ജീവിതത്തെ കുറിച്ചാണ്.”

മാഗ്നസ് ഒന്നും മിണ്ടാതെ അവളുടെ മുഖത്തേക്ക് നോക്കി. നേരിയ പ്രതീക്ഷയോടെ. എന്നാൽ അവളുടെ അടുത്ത വാചകങ്ങൾ അവനെ നിരാശനാക്കി.

“ഇപ്പോൾ, ഒരു നല്ല മകളായിരിക്കുക എന്നതാണ് എന്റെ ഏറ്റവും പ്രധാനപ്പെട്ട ജോലി. മറ്റൊന്നിനും ഇടമില്ല, അധികകാലം ഉണ്ടാകില്ല. എനിക്കുവേണ്ടി കാത്തിരുന്ന് തന്റെ നല്ല സമയം നഷ്ടപ്പെടുത്തണ്ട എന്നാണ് പറഞ്ഞത്.”

അവളുടെ ശബ്ദത്തിലെ അർത്ഥം വ്യക്തമായിരുന്നു. അവന്റെ കണ്ണുകളിലെ പ്രതീക്ഷ ഒടുവിൽ അപ്രത്യക്ഷമായി. അവന് മനസ്സിലായി. അത് പരിഹരിക്കേണ്ട ഒന്നല്ല; അവൾ സ്വയം നടക്കേണ്ട ഒരു പാതയായിരുന്നു അത്.

അവൻ ഒരു ചെറിയ, സങ്കടകരമായ പുഞ്ചിരി നൽകി.

“ശരി. എനിക്ക് മനസ്സിലായി.” വഴി തെറ്റിയതു പോലെ അവൻ തലയാട്ടി.

പിന്നെ കൈ നീട്ടി അവളുടെ കൈകളിൽ നിന്ന് ഫുഡ് ബോക്സ് വാങ്ങി.

“ശരി, ഇപ്പോൾ നമ്മൾ സംസാരിച്ചതൊക്കെ മറന്നേക്കു. സോറി ഫോർ ഓൾ. നീ ഭക്ഷണം കഴിക്ക്,” അവൻ പറഞ്ഞു. ബോക്സിൽ നിന്ന് അല്പം പാസ്ത എടുത്ത് അവളുടെ വായിലേക്ക് വെച്ച് കൊടുത്തു.

“അനബെല്ല…”

“ഉം…?”

“നിനക്കെന്നോട് ദേഷ്യം ഒന്നും ഇല്ലല്ലോ? നമ്മൾ ഫ്രണ്ട്സ് തന്നെയല്ലേ?” അവൻ ചോദിച്ചു.

“എപ്പോഴും,” അവൾ പറഞ്ഞു, അവളുടെ ശബ്ദം ഇടറി. “ഐ ആം സോറി, മാഗ്നസ്. ഐ റിജക്റ്റ് യുവർ പ്രൊപ്പോസൽ. ഞാൻ നിന്നെ ഡിസർവ് ചെയ്യുന്നില്ല. നീ എന്നെ തെറ്റിദ്ധരിക്കില്ല എന്ന് തന്നെ വിചാരിക്കുന്നു.” അവൾ പറഞ്ഞു.

“ബൈ.” ഒട്ടും ആലോചിക്കാതെ അവനും പറഞ്ഞു.

പാർക്കിന് മുന്നിലെ നീണ്ട വഴിയിലൂടെ അവൻ പതുക്കെ നടന്നകലുന്നത് അവൾ നോക്കി നിന്നു. സിമന്റ് ബെഞ്ചിൽ നിന്നുള്ള തണുപ്പ് അവളുടെ വസ്ത്രങ്ങളിലൂടെ ദേഹത്തേക്ക് ഇരച്ചു കയറി.

മാഗ്നസ് — അവന്റെ ജീവിതത്തെക്കുറിച്ച് അവന് ഒരു പദ്ധതി ഉണ്ടായിരുന്നു.

അനബെല്ല — സ്വന്തം വീട്ടിലേക്കും പ്രശ്നങ്ങൾക്കും നേരെ വിരൽ ചൂണ്ടുന്ന ഒരു കടമ അവൾക്കുമുണ്ടായിരുന്നു.

അത് കൊണ്ടാവാം, ഇപ്പോൾ അവർ രണ്ട് വ്യത്യസ്ത ദിശകളിലേക്കാണ് യാത്ര ചെയ്തത്.

(തുടരും)

Like this:
Share this:

വായനക്കാരുടെ അഭിപ്രായങ്ങൾ അവരുടേത് മാത്രമാണ്; Readers Trend-ന്റെ നിലപാടല്ല. വിദ്വേഷം, അധിക്ഷേപം, അശ്ലീലം, സ്പർധ വളർത്തുന്ന പ്രതികരണങ്ങൾ എന്നിവ ഒഴിവാക്കുക.

0 0 votes
Article Rating
0 Comments

Recently added