അദ്ധ്യായം 3
സ്റ്റിയറിംഗ് വീലിൽ കൈയുറപ്പിച്ചുകൊണ്ട് ട്രാഫിക്കിലെ ചുവന്ന വെളിച്ചത്തെ അൽപനേരം അനബെല്ല നോക്കിയിരുന്നു. സ്റ്റീരിയോയിൽ നിന്നുള്ള കുറഞ്ഞ വോളിയത്തിലുള്ള പാട്ട് കേട്ട് അവളുടെ വിരലുകൾ സ്റ്റിയറിങ്ങ് മേൽ താളം പിടിച്ചു.
പലവിധ ചിന്തകളാൽ അവളുടെ മനസ്സ് കലുഷിതമായി കൊണ്ടിരുന്നു—
തന്റെ വാക്കുകൾ അവനെ വേദനിപ്പിച്ചിട്ടുണ്ടാവുമോ?
അങ്ങനെ അറുത്തുമുറിച്ച് പറയേണ്ടിയിരുന്നില്ല. താൻ ചെയ്തത് തെറ്റാണോ?
എതിരെ വന്ന കാറിൽ ഡ്രൈവിംഗ് സീറ്റിൽ ഉണ്ടായിരുന്ന ആൾ അനബെല്ലയുടെ നേർക്ക് കൈ കാണിച്ച് അഭിവാദ്യം ചെയ്തു. അനബെല്ല ഒന്ന് പുഞ്ചിരിച്ചു. ഡോക്ടർ ഹാരിസ്—തന്റെ പപ്പയുടെ സുഹൃത്ത്.
“എന്താ മോളെ? ക്ലാസ്സ് കഴിഞ്ഞോ?”
“ഉം.” അവൾ പുഞ്ചിരിച്ചുകൊണ്ട് തലയാട്ടി.
“പപ്പ?”
“വീട്ടിലെത്തിയിട്ടുണ്ടോ എന്നറിയില്ല. ജോലി കഴിഞ്ഞ് വരുമ്പോൾ വൈകുന്നതാണ് പതിവ്. അങ്കിളിന്റെ ഫാമിലി ഒക്കെ? ഫെലിസയെ ഇന്ന് കോളേജിൽ കണ്ടതേ ഇല്ലല്ലോ?” അവൾ ചിരിച്ചുകൊണ്ട് ചോദിച്ചു.
“അവൾ ഇന്ന് രാവിലെ ഒരു സ്കൂട്ടി വാങ്ങാൻ പോയി,” ഹാരിസ് ചിരിച്ചു. “ഏറെ നാളായി പറയുന്നതായിരുന്നു. ഒടുവിൽ തീരുമാനിച്ചു.”
“അവൾക്ക് വണ്ടി ഓടിക്കാൻ അറിയുമോ?”
“അറിയാം. ഞാൻ തന്നെ പഠിപ്പിച്ചു. ഇനി അവൾക്ക് സ്വന്തമായി വണ്ടിയുണ്ട്.” അയാളുടെ മുഖത്ത് അഭിമാനത്തിന്റെ ഒരു ചെറു ചിരി.
കുറച്ച് നേരത്തെ കുശലാന്വേഷണത്തിനു ശേഷം അയാൾ വണ്ടി ഓടിച്ചു പോയി. മുന്നിലെ ട്രാഫിക് സിഗ്നലിൽ പച്ചവെളിച്ചം തെളിഞ്ഞപ്പോൾ അവളും കാർ മുന്നോട്ട് എടുത്തു.
നനഞ്ഞ തെരുവുകളിലൂടെ, കോരിച്ചൊരിയുന്ന മഴയത്ത് മൂന്നര കിലോമീറ്റർ യാത്ര. വൈപ്പറുകൾ അങ്ങോട്ടും ഇങ്ങോട്ടും ആഞ്ഞടിച്ചു. ഒരു മീഡിയം സ്പീഡിൽ ആയിരുന്നു അവൾ ഡ്രൈവ് ചെയ്തത്.
കാർ ഹൈവേയിൽ നിന്ന് വലത്തോട്ട് ഒരു ഇടവഴിയിലേക്ക് തിരിഞ്ഞു. അര കിലോമീറ്ററോളം യാത്ര ചെയ്തു വീടിന്റെ ഗേറ്റ് കടന്ന് കാർപോർച്ചിൽ നിർത്തി. സമയം അഞ്ചു മണി കഴിഞ്ഞതേയുള്ളൂവെങ്കിലും മഴ കാരണം നേരം ഇരുട്ടിയത് പോലെ.
അവൾ താക്കോൽ മേശപ്പുറത്തുള്ള ഒരു ചില്ലുപാത്രത്തിലേക്ക് ഇട്ടു. നിശബ്ദതയിൽ ആ ശബ്ദം വളരെ ഉച്ചത്തിൽ മുഴങ്ങി.
അവളും പപ്പയും ഉൾപ്പെടെ രണ്ടുപേർ മാത്രമേ ആ വീട്ടിൽ താമസിച്ചിരുന്നുള്ളൂ. ചില സമയങ്ങളിൽ പപ്പ നേരത്തെ വരും.
“പപ്പാ?” കോറിഡോറിലെത്തിയ ഉടനെ അവൾ വിളിച്ചു. പുറത്ത് നല്ല മഴ ആയിരുന്നിട്ടും അവളുടെ ശബ്ദം അവിടെയാകമാനം മുഴങ്ങി.
ഉത്തരമില്ല. വീട് ശൂന്യമായിരുന്നു. പപ്പ ജോലി കഴിഞ്ഞ് എത്തിയിരുന്നില്ല. അവൾ പാസ് വേർഡ് ഉപയോഗിച്ച് ഡോർ തുറന്ന് അകത്തേക്ക് കടന്നു.
വിശാലമായ മുറി. നല്ല അടുക്കും വൃത്തിയും വെടിപ്പുമായി സൂക്ഷിച്ചിരിക്കുന്നു. ഫ്ലവർ വാസിൽ എന്നും രാവിലെ വെക്കാറുള്ള ലവൻഡർ പൂക്കൾ. വലിയ ചില്ലു ജാലകത്തിലൂടെ നോക്കുമ്പോൾ പുറത്ത് പെയ്യുന്ന മഴ കാണാം. മഴയെ നോക്കി കുറച്ച് നേരം അവൾ സോഫയിൽ കിടന്നു.
അവിടം തളം കെട്ടിയ നിശബ്ദതയെ ചെറുക്കാൻ, അൽപസമയം കഴിഞ്ഞ് അവൾ എഴുന്നേറ്റ് ടിവി ഓൺ ചെയ്തു. ജനാലയിലെ മെറൂൺ കർട്ടൻ വലിച്ചിട്ടു.
എൽഎൻഎൻ ചാനൽ.
സ്ക്രീനിന്റെ അടിയിൽ ഒരു ചുവന്ന ബാനർ: “ബ്രേക്കിംഗ് ന്യൂസ്”.
“… പൊതുജനങ്ങൾ ജാഗ്രത പാലിക്കാൻ നിർദ്ദേശിക്കുന്നു. ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ട ഈ സൈക്കോ വളരെ അപകടകാരിയാണെന്ന് കണക്കാക്കപ്പെടുന്നു. … അക്രമവാസനയുള്ള ആളാണെന്ന് വൃത്തങ്ങൾ പറയുന്നു.”
അനബെല്ലയുടെ ശ്വാസം ഒരു നിമിഷം നിലച്ചു. പിന്നെയാണ് മനസ്സിലായത് അവിടുന്ന് ഏകദേശം പത്ത് കിലോമീറ്റർ അകലെയുള്ള സ്ഥലത്ത് നിന്ന് റിപ്പോർട്ട് ചെയ്ത വാർത്തയാണ്.
അവൾ ചാനൽ മാറ്റിയില്ല. നിശബ്ദമായ വീട്, എന്തെങ്കിലും ശബ്ദം കൊണ്ട് നിറയ്ക്കുക എന്നതായിരുന്നു തൽക്കാലത്തേക്കുള്ള അവളുടെ ഉദ്ദേശം.
കുറച്ചുസമയത്തേക്ക് വാർത്തകൾ കണ്ടു. പിന്നീട് ടിവി ഓഫ് ചെയ്ത് അവൾ അടുക്കളയിലേക്ക് നടന്നു. ഫ്രിഡ്ജ് തുറന്നു.
മേലത്തെ തട്ടിൽ തന്റെ പപ്പക്ക് സമയത്തിന് കൊടുക്കാനുള്ള മരുന്നുകൾ. താഴത്തെ തട്ടിൽ കുറച്ച് ടോസ്റ്റ് ചെയ്ത ബ്രെഡും ചിക്കനും. അവൾ ബ്രെഡ് മൈക്രോവേവിൽ വെച്ചു. അത് ചൂടാവുന്നത് വരെ കൗണ്ടറിൽ ചാരി നിന്നു, ഓരോന്നോർത്തു കൊണ്ട്.
ന്യൂകാസിൽ പാർക്കിലെ അന്നത്തെ അപരാഹ്നം. മാഗ്നസിന്റെ മുഖം അവളുടെ ഓർമ്മകളിലേക്ക് വീണ്ടും വന്നു. അവളെ ഭയപ്പെടുത്തുന്ന ഒരു പ്രതീക്ഷ നിറഞ്ഞ അവന്റെ സത്യസന്ധമായ കണ്ണുകൾ.
ഭക്ഷണം കഴിഞ്ഞ്, പാത്രം കഴുകിവെച്ച് മുകളിലെ ബെഡ്റൂമിലേക്ക് പോകുന്ന സ്റ്റെയർകേസിന്റെ പടിയിൽ ഇരുന്നു കൊണ്ട് അവൾ തന്റെ ബാഗ് തുറന്നു ഫോൺ പുറത്തെടുത്തു. മാഗ്നസുമായുള്ള വാട്സ്ആപ്പ് മെസ്സേജുകളിലൂടെ വെറുതെ സ്ക്രോൾ ചെയ്തു.
ഇന്ന് രാവിലെയും അവൻ മെസ്സേജ് അയച്ചിരുന്നു. ക്ലാസിന് മുമ്പ് കണ്ടുമുട്ടാനുള്ള ഒരു മെസ്സേജ്. ചില അസൈൻമെന്റുകളുടെ പീഡിയെഫ് കോപ്പികൾ.
കുറച്ച് ആഴ്ചകൾക്ക് മുമ്പ് വന്ന ഒരു മെസ്സേജ് അവൾ ശ്രദ്ധിച്ചു. ഒരു പൂച്ചയുടെ രസകരമായ ഒരു വീഡിയോ.
ബെല്ല, ഈ പൂച്ചയെ കാണുമ്പോൾ നിന്റെ ഇന്നോസൻസ് ഓർമ്മ വരുന്നു.
ഒരു നല്ല ദിവസം ആശംസിക്കുന്നു 🙂
പാവം. എപ്പോഴും വളരെ നന്നായി പെരുമാറുന്ന ഒരു പയ്യൻ. കളി തമാശകൾ നിരവധി ഉണ്ടായിരുന്നിട്ടും ഇതുവരെ ഒരു ചെറിയ വഴക്ക് പോലും കൂടിയിട്ടില്ല. പരസ്പര ബഹുമാനത്തോടെ മാത്രം സംസാരിക്കുന്ന ഒരു നല്ല കൂട്ടുകാരൻ.
ഫെയ്സ്ബുക്ക് ബ്രൗസ് ചെയ്യുന്നതിനിടയിൽ ഒന്നു രണ്ടു മണിക്കൂറുകൾ കടന്നുപോയത് അറിഞ്ഞില്ല. ഒരു കാർ ഡ്രൈവ്വേയിലേക്ക് നീങ്ങുന്ന ശബ്ദം കേട്ടപ്പോൾ പപ്പ വരുന്നുണ്ടെന്ന് മനസ്സിലായി. മുകളിലത്തെ നിലയിലേക്ക് കയറി ബെഡ്റൂമിന്റെ ജനാല തുറന്നു നോക്കിയപ്പോൾ പപ്പയുടെ കാർ പോർച്ചിലേക്ക് വരുന്നത് കണ്ടു.
7:20 pm—
വാതിലിൽ ഒരു മൃദുവായ മുട്ടൽ.
“ഡോർ ലോക്ക് ചെയ്തിട്ടില്ല പപ്പാ,” അവൾ ഉറക്കെ വിളിച്ചു പറഞ്ഞു.
വാതിൽ തുറന്നു, അവളുടെ അച്ഛൻ രണ്ട് ആവി പറക്കുന്ന മഗ്ഗുകളുമായി അവിടെ നിന്നു.
“ഹായ് ബെല്ല, നിനക്ക് എന്തെങ്കിലും സ്നാക്സ് മേടിക്കണമെന്ന് കരുതിയതായിരുന്നു. പക്ഷേ കടകളെല്ലാം അടച്ചിരുന്നു.” ചായയുടെ മഗ്ഗ് അവളുടെ കയ്യിൽ കൊടുത്തുകൊണ്ട് അയാൾ പറഞ്ഞു.
“ഇത്ര പെട്ടന്നോ? സമയം 7:30 അല്ലേ ആയുള്ളൂ?”
“അത് പറഞ്ഞിട്ട് കാര്യമില്ല. വാർത്തകളിൽ എന്തൊക്കെയോ കാണുന്നുണ്ട്. ആളുകൾ പെട്ടെന്ന് തന്നെ കടയൊക്കെ അടച്ചു.”
അയാൾ അവളുടെ മുറിക്ക് ചുറ്റും നോക്കി. പതിവിന് വിപരീതമായി പുസ്തകങ്ങളൊക്കെ അടുക്കും ചിട്ടയുമില്ലാതെ എവിടെയൊക്കെയോ വാരിവലിച്ചിരിക്കുന്നത് കണ്ടു. താൻ പോകുമ്പോൾ ഇങ്ങനെയൊന്നും ആയിരുന്നില്ലല്ലോ? കോളേജിൽ നിന്ന് വന്ന ഉടനെ ഇവൾക്ക് എന്താ സംഭവിച്ചത്?
“ഇന്നെന്തു പറ്റി? ക്ലാസ്സ് കഴിഞ്ഞ് വന്നപ്പോൾ തൊട്ട് ഫെയ്സ്ബുക്കിൽ തന്നെയാണോ?” അയാൾ അവളുടെ കട്ടിലിന്റെ അരികിൽ ഇരുന്നുകൊണ്ട് ചോദിച്ചു.
അവൾ മറുപടി പറയുന്നതിനു മുമ്പ് അയാളുടെ ഫോൺ ശബ്ദിച്ചു. അൽപനേരം കൊണ്ട് അയാളുടെ ഭാവം ‘അച്ഛൻ’ എന്നതിൽ നിന്ന് ‘ഡോക്ടർ’ എന്നതിലേക്ക് മാറി.
തന്റെ സുഹൃത്ത് ഡോക്ടർ ഹാരിസ് ആയിരുന്നു മറുവശത്ത്.
“ഹാരിസ്, ഹലോ… യെസ്, ഞാൻ കണ്ടു. ഇത് വെച്ചുകൊണ്ടിരിക്കാൻ കഴിയില്ല. ഇരുപത് മിനിറ്റിനുള്ളിൽ ഞാൻ ആശുപത്രിയിൽ എത്തും.” മഴ പെയ്യുന്ന ജനാലയിലൂടെ പുറത്തേക്ക് നോക്കി അയാൾ മറുപടി പറഞ്ഞു.
തെല്ലുനേരത്തേക്ക് അയാൾ മകളുടെ മുഖത്തേക്ക് നോക്കി, പിന്നീട് വീണ്ടും ഫോണിൽ പറഞ്ഞു: “അതേ, കാലാവസ്ഥ മോശമാണെന്ന് എനിക്കറിയാം. പക്ഷേ അയാൾക്ക് അതുപോലെ വിചിത്രമായ ചിന്തകൾ ഉണ്ടെങ്കിൽ, നമുക്ക് നേരം കളയാനാവില്ല. ഞാൻ പെട്ടന്ന് തന്നെ അങ്ങോട്ട് വരാം.”
ഫോൺ വെച്ചപ്പോൾ അയാളുടെ മുഖത്ത് ഒരു നേരിയ ആശങ്ക. ഒരു നിമിഷം എന്തോ ആലോചിച്ച ശേഷം അയാൾ അവളുടെ നേർക്ക് തിരിഞ്ഞു.
“അതിരിക്കട്ടെ, ഇന്ന് നിന്റെ ക്ലാസുകൾ എങ്ങനെയുണ്ടായിരുന്നു? പ്രൊഫസർ മാർട്ടിന് തന്റെ പൂച്ചയെക്കുറിച്ച് വീണ്ടും സംസാരിക്കാൻ ഒരു സിറ്റുവേഷൻ വന്നോ?” അയാൾ ചിരിച്ചു.
അനബെല്ല പുഞ്ചിരിച്ചു.
“ആദ്യത്തെ അഞ്ച് മിനിറ്റിനുള്ളിൽ, നമ്മളെല്ലാവരും പ്രതീക്ഷിച്ചതുപോലെ, അദ്ദേഹത്തിന്റെ പൂച്ച മഫിൻസ് ദുഃഖകരമായ പ്രണയകഥകളെക്കുറിച്ചുള്ള പാഠത്തിന്റെ ഭാഗമായി.” അവൾ ഒരു ചെറിയ ചിരി പുറപ്പെടുവിച്ചു.
“പുള്ളി എന്റെ ഒരു പഴയ സുഹൃത്താണ്. എന്തും പരസ്പരം കണക്ട് ചെയ്യാൻ ഒരു പ്രത്യേക സ്കിൽ ഉണ്ട് പുള്ളിക്ക്,” അവളെ നോക്കി ഒരു സിപ്പ് ചായ കുടിച്ചു കൊണ്ട് അയാൾ പറഞ്ഞു.
എന്നാൽ പൊടുന്നനെ അവളുടെ പുഞ്ചിരി മങ്ങുന്നത് അയാൾ കണ്ടു.
“നീ എന്തോ പെണ്ണേ, എന്തോ ആലോചനയിൽ ആണെന്ന് തോന്നുന്നു?” അയാൾ ഒരു ചിരിയോടെ തിരക്കി.
അവളുടെ കണ്ണുകൾ മുറിയിലെ അക്വേറിയത്തിലേക്ക് പതിഞ്ഞു. രണ്ട് ചെറിയ ശുദ്ധജല മത്സ്യങ്ങൾ, നിയോൺ ടെട്രകൾ, അങ്ങോട്ടും ഇങ്ങോട്ടും പായുന്നു. അവയുടെ ചലനങ്ങൾ അവളുടെ നെഞ്ചിലെ വികാരവുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് അവൾക്ക് തോന്നി.
“ഇന്ന് ഞാൻ മാഗ്നസുമായി ഒരു സംഭാഷണം നടത്തി,” അവൾ പറഞ്ഞു.
അത് കേട്ടപ്പോൾ അവളുടെ അച്ഛന്റെ ഭാവം കൂടുതൽ കരുതലോടെ ആയി.
“അവനുമായി നീയെന്നും സംസാരിക്കുന്നതല്ലേ? പിന്നെ ഇന്ന് മാത്രം എന്താണ് പ്രത്യേകത?”
“അതെ. പക്ഷേ ഇന്നാണവൻ എന്നെ സ്നേഹിക്കുന്നു എന്ന് പറഞ്ഞത്,” അവൾ മന്ത്രിച്ചു.
“അവൻ നിന്നെ സ്നേഹിക്കുന്നുണ്ടെന്നോ?” അയാൾ പുരികം ചുളിച്ചു.
“അവൻ നമ്മുടെ ഭാവിയെക്കുറിച്ച് എന്നോട് ചോദിച്ചു. വെറും നേരമ്പോക്കല്ല. ഒരു റിയൽ ഫ്യൂച്ചർ.” അവളുടെ ശബ്ദം വിറച്ചു.
“അപ്പോൾ നീ എന്താ പറഞ്ഞത്?”
“പപ്പാ, എനിക്ക് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു.”
“കഷ്ടം!” അയാൾ തന്റെ മഗ് താഴെ വെച്ച് അവളുടെ ചുമലിൽ തട്ടി.
“എനിക്ക് അവനെ ഇഷ്ടമാണ്,” അവൾ പറഞ്ഞു, അവളുടെ ശബ്ദം ഇടറാൻ തുടങ്ങി. “അവൻ ഒരു നല്ല വ്യക്തിയാണ്. പക്ഷേ അവൻ അത് പറഞ്ഞപ്പോൾ… എനിക്ക് പേടി തോന്നി.” അവളിൽ നിന്ന് ഒരു കണ്ണുനീർ ഒഴുകി, അവൾ അത് കൈയുടെ പിൻഭാഗം കൊണ്ട് വേഗത്തിൽ തുടച്ചു.
“പിന്നെ ഞാൻ പപ്പയെ കുറിച്ചാണ് ചിന്തിച്ചത്. അമ്മയുടെ മരണത്തോടെ എന്നെ വളർത്തി ഇവിടെ വരെ…” അവളുടെ കണ്ണുകൾ ഷെൽഫിലെ ഫോട്ടോയിലേക്ക് ഉയർന്നു.
അവളുടെ അമ്മ സാറ, ചുവരിലെ ഫോട്ടോ ഫ്രെയിമിനുള്ളിലൂടെ പുഞ്ചിരിച്ചു. ഫോട്ടോയിൽ ലാവെൻഡറിന്റെ മാലയിട്ട് കൊടുത്തിരുന്നു.
“എനിക്ക്…” അവൾക്ക് പൂർത്തിയാക്കാൻ കഴിഞ്ഞില്ല.
അവളുടെ അച്ഛന്റെ മുഖവും മാറി. നിശബ്ദമായ പലവിധ ഭാരങ്ങൾ ചുമക്കാൻ പഠിച്ച വേദനയാൽ അയാളുടെ കണ്ണുകൾ ചെറുതായി നിറഞ്ഞു.
അയാൾ ഭാര്യയുടെ ചിത്രത്തിലേക്ക് നോക്കി, പിന്നീട് മകളിലേക്ക് തിരിഞ്ഞു.
അവളുടെ കണ്ണുനീർ കണ്ടപ്പോൾ, അയാൾ അടുത്തേക്ക് നീങ്ങി അവളുടെ തലയിൽ കൈ വെച്ചു.
“അനബെല്ല, ഞാൻ പറയുന്നത് കേൾക്കൂ,” അയാൾ പറഞ്ഞു. അവൾ ഈറനണിഞ്ഞ കണ്ണുകളോടെ അയാളെ നോക്കി.
“എന്റെ ഏകാന്തതയെ കുറിച്ച് ഓർത്തുകൊണ്ടിരുന്നാൽ നിനക്ക് നിന്റെ ജീവിതം കെട്ടിപ്പടുക്കാൻ കഴിയില്ല. ഒരു അച്ഛനെന്ന നിലയിൽ എന്റെ ജോലി നിന്നെ കൂട്ടിനകത്ത് ഇട്ട് വളർത്തുകയല്ല. നിന്നെ പറക്കാൻ പ്രേരിപ്പിക്കുക എന്നതാണ്.”
അനബെല്ല കണ്ണുകൾ വിടർത്തി അയാളുടെ മുഖത്തേക്ക് നോക്കി. അവൾക്ക് സന്തോഷവും ആശ്വാസവുമേകുന്ന വാക്കുകൾ.
“എത്ര ഉയരത്തിലും എത്ര ദൂരത്തേക്കും പോകാനും നിനക്ക് ആഗ്രഹിക്കാം. നിന്റെ ആ ഒരു സന്തോഷമാണ് എന്റെ ജീവിതാഭിലാഷം.” അവളുടെ കവിളിൽ നിന്ന് അയാൾ കണ്ണുനീർ തുടച്ചു. “നിന്റെ സന്തോഷം… അത് മാത്രമാണ് എനിക്ക് പ്രധാനം. നിനക്ക് മനസ്സിലായോ? അതാണ് കാര്യം.”
അനബെല്ല ഒരു കരച്ചിൽ പുറപ്പെടുവിച്ചു, അത് ഭാഗികമായി വേദനയും ഭാഗികമായി ആശ്വാസവും നൽകി, അയാളുടെ ആലിംഗനത്തിലേക്ക് ചാഞ്ഞു.
അയാൾ അവളെ മുറുകെ പിടിച്ചു, ഒരു വാക്കുപോലും പറയാതെ, അവളെ കരയാൻ അനുവദിച്ചു. ഒടുവിൽ അവൾ പിന്നോട്ട് മാറിയപ്പോൾ, അവൾക്ക് ഭാരം കുറഞ്ഞതായി തോന്നി.
“താങ്ക്യൂ, പപ്പാ,” അവൾ മന്ത്രിച്ചു.
“ചായ തണുത്തിട്ടുണ്ടാവും. കുടിക്ക്.” അയാൾ അവളുടെ നെറ്റിയിൽ ചുംബിച്ചു.
“ഞാൻ പോട്ടെ. കഴിയുന്നത്ര പെട്ടന്ന് വരാം. അത്യാവശ്യ കാര്യമാണ്. എനിക്ക് പോയേ പറ്റൂ,” അയാൾ പറഞ്ഞു.
രണ്ടു മിനിറ്റിനുള്ളിൽ, അയാൾ റെഡിയായി പുറത്തേക്ക് പോയി. അൽപസമയം കൊണ്ട് കാർ സ്റ്റാർട്ട് ചെയ്ത് മുന്നോട്ട് എടുക്കുന്ന ശബ്ദം കേട്ടു. വീട് വീണ്ടും പഴയതു പോലെ നിശബ്ദമായി.
അനബെല്ല ചായ കപ്പ് താഴെ വെച്ചിട്ട് അവളുടെ ഇംഗ്ലീഷ് ലിറ്ററേച്ചർ പുസ്തകം നെഞ്ചോട് ചേർത്തു. അന്നെടുത്ത പാഠം ഒന്ന് ഓടിച്ചു നോക്കാനുള്ള മനസ്സ് വരുന്നില്ല. കുറച്ചുനേരം എന്തൊക്കെയോ വായിച്ചതിനുശേഷം അവൾ പുസ്തകം മടക്കിവെച്ച് ജനാലക്കരികിലേക്ക് നടന്നു. മെറൂൺ കർട്ടൻ നീക്കി ജനാല തുറന്ന് ആകാശത്തേക്ക് നോക്കി. ആ കണ്ണുകൾ ആകാശത്ത് ഏറ്റവും തിളക്കമുള്ള നക്ഷത്രം കണ്ടെത്തി.
“എന്ത് ചെയ്യണമെന്ന് എനിക്കറിയില്ല, അമ്മേ,” അവൾ നിശബ്ദതയിലേക്ക് മന്ത്രിച്ചു. “ഞാൻ തെറ്റായ തീരുമാനങ്ങൾ എടുക്കാനല്ല. സ്നേഹമുള്ള ഒരു തിരഞ്ഞെടുപ്പ് നടത്താനാണ് ആഗ്രഹിക്കുന്നത്.” അവൾ വിതുമ്പി. ഫോട്ടോയിലുള്ള അമ്മ അവളെ നോക്കി പുഞ്ചിരിച്ചു.
അനബെല്ലയുടെ കഥ അവസാനിച്ചിട്ടില്ല. അത് വ്യത്യസ്തമായ ഒരു പാതയിലൂടെ സഞ്ചരിക്കുകയാണ്—
അവളുടെ ഹൃദയത്തിന് സത്യമെന്ന് തോന്നുന്ന പാതയിലൂടെ!
(തുടരും)
